വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു’

‘ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു’

‘ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു’

‘ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു.’ “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകൻമാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു.” ഒന്നാം നൂറ്റാണ്ടിലെ ദൈവഭക്തരായ രണ്ട്‌ യഹൂദന്മാരാണ്‌ പുളകംകൊള്ളിക്കുന്ന ആ വാർത്ത അറിയിച്ചത്‌. ഒടുവിലിതാ, ഏറെ നാൾ കാത്തിരുന്ന മിശിഹാ വന്നിരിക്കുന്നു. അവർക്കത്‌ ഉറപ്പായിരുന്നു!​—⁠യോഹന്നാൻ 1:35-45.

ആ കാലത്തെ സാമൂഹിക-മത പശ്ചാത്തലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ അവരുടെ ആ ബോധ്യം എത്രയധികം പ്രാധാന്യമേറിയതായിരുന്നെന്ന്‌ നിങ്ങൾക്കു മനസ്സിലാകും. അക്കാലത്ത്‌ വാഗ്‌ദാനങ്ങൾ ചൊരിഞ്ഞ്‌, വലിയ കോലാഹലത്തോടെ നിരവധിപ്പേർ വിമോചകന്മാരായി രംഗപ്രവേശം ചെയ്‌തിരുന്നു. എന്നാൽ യഹൂദജനതയെ റോമക്കാരുടെ നുകത്തിൽനിന്നു മോചിപ്പിക്കാൻ ആ പുരുഷന്മാർ അമ്പേ പരാജയപ്പെട്ടപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾ പെട്ടെന്നുതന്നെ അസ്‌തമിച്ചു.​—⁠പ്രവൃത്തികൾ 5:34-37.

എന്നിരുന്നാലും, അന്ത്രെയാസ്‌ എന്നും ഫിലിപ്പൊസ്‌ എന്നും പേരുള്ള ആ രണ്ട്‌ യഹൂദന്മാർക്ക്‌ തങ്ങൾ കണ്ടെത്തിയതു യഥാർഥ മിശിഹായെ ആണെന്നുള്ളതിൽ തെല്ലും സംശയമില്ലായിരുന്നു. തുടർന്നുവന്ന വർഷങ്ങളിൽ ആ മനുഷ്യൻ മിശിഹായെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞിരുന്ന കാര്യങ്ങൾ നിവർത്തിച്ചുകൊണ്ട്‌ വളരെ അതിശയപ്രവൃത്തികൾ ചെയ്‌തു. അതിനു ദൃക്‌സാക്ഷികളായപ്പോൾ അവരുടെ ബോധ്യം ഒന്നുകൂടെ ദൃഢമാകുകയായിരുന്നു.

അവനെ, മറ്റൊരു വ്യാജ മിശിഹായെന്നോ വഞ്ചകനെന്നോ മുദ്രകുത്താതെ ഈ പുരുഷന്മാരും ഒപ്പം മറ്റ്‌ അനേകരും പൂർണബോധ്യത്തോടെ വിശ്വസിച്ചത്‌ എന്തുകൊണ്ടാണ്‌? യഥാർഥ മിശിഹായായി അവനെ വ്യക്തമായി തിരിച്ചറിയിച്ച ആധികാരികമായ തെളിവുകൾ എന്തൊക്കെയായിരുന്നു?

മരപ്പണിചെയ്‌തുവന്ന നസറെത്തുകാരനായ യേശുവിനെ അന്ത്രെയാസും ഫിലിപ്പൊസും കണ്ടപ്പോൾ ദീർഘനാളായി ആളുകൾ കാത്തിരുന്ന മിശിഹാ അവനാണെന്ന്‌ അവർ തിരിച്ചറിഞ്ഞതായി ചരിത്രരേഖ പറയുന്നു. (യോഹന്നാൻ 1:45) വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിൽ അതീവ ശ്രദ്ധകൊടുത്ത ആ കാലത്തെ ഒരു ചരിത്രകാരനായ ലൂക്കൊസ്‌ പറയുന്നതനുസരിച്ച്‌ മിശിഹാ വന്നത്‌ “തീബെര്യൊസ്‌കൈസരുടെ വാഴ്‌ചയുടെ പതിനഞ്ചാം ആണ്ടിൽ” ആയിരുന്നു. (ലൂക്കൊസ്‌ 3:1-3) തീബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം ആണ്ടു തുടങ്ങിയത്‌ പൊതുയുഗം 28 സെപ്‌റ്റംബറിലാണ്‌, അവസാനിച്ചത്‌ 29 സെപ്‌റ്റംബറിലും. അക്കാലത്തെ യഹൂദന്മാർ മിശിഹായുടെ വരവിനായി “കാത്തുനിന്നു” എന്നു ലൂക്കൊസ്‌ പിന്നീട്‌ പറയുകയുണ്ടായി. (ലൂക്കൊസ്‌ 3:15) ആ കാലഘട്ടത്തിൽ അവർ മിശിഹായെ പ്രതീക്ഷിച്ചത്‌ എന്തുകൊണ്ടായിരുന്നു? നമുക്കു നോക്കാം.

മിശിഹാ ആണെന്നുള്ളതിന്റെ തെളിവുകൾ

മിശിഹാ അത്യന്തം പ്രധാനമായ ഒരു പങ്കു വഹിക്കാനിരുന്ന സ്ഥിതിക്ക്‌ വാഗ്‌ദത്ത മിശിഹാ ആരാണെന്നുള്ളതു വ്യക്തമാക്കുന്ന സ്‌പഷ്ടമായ തെളിവുകൾ സ്രഷ്ടാവായ യഹോവ, വിശ്വസ്‌തരായ ആളുകൾക്കു നൽകുമെന്നു ചിന്തിക്കുന്നത്‌ ന്യായയുക്തമാണ്‌. എന്തുകൊണ്ട്‌? ആത്മാർഥമായി മിശിഹായെ കാത്തിരിക്കുന്ന ഇവർ മറ്റനേകരെപ്പോലെ വഞ്ചകന്മാരാൽ കബളിപ്പിക്കപ്പെടാതിരിക്കാൻവേണ്ടിയായിരുന്നു അത്‌.

ഒരു രാജ്യത്തെ പ്രതിനിധാനം ചെയ്‌ത്‌ മറ്റൊരു രാജ്യത്തെത്തുന്ന സ്ഥാനപതി അവിടത്തെ ഗവൺമെന്റിന്റെ മുമ്പാകെ, തന്റെ നിയമിതസ്ഥാനത്തിനുള്ള യോഗ്യതകൾ രേഖാമൂലം തെളിയിക്കേണ്ടതുണ്ട്‌. സമാനമായി, ഒരു മിശിഹാ നിവർത്തിക്കേണ്ട കാര്യങ്ങൾ കാലങ്ങൾക്കു മുമ്പേ യഹോവ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അങ്ങനെ, ‘നായകൻ’ ആയ മിശിഹാ വരുമ്പോൾ, താൻ ആരാണെന്നു വ്യക്തമായി തിരിച്ചറിയിക്കുന്ന യോഗ്യതാപത്രവുമായി അവൻ ഹാജരാകുന്നതുപോലെ ആയിരിക്കുമായിരുന്നു അത്‌.​—⁠എബ്രായർ 12:⁠2.

നൂറ്റാണ്ടുകൾക്കു മുമ്പേ രേഖപ്പെടുത്തിയ നിരവധി ബൈബിൾ പ്രവചനങ്ങളിൽ മിശിഹായെ വ്യക്തമായി തിരിച്ചറിയിക്കുന്ന തെളിവുകൾ അടങ്ങിയിരുന്നു. മിശിഹാ വരുന്നവിധം, അവന്റെ ശുശ്രൂഷയുടെ പ്രകൃതം, മറ്റുള്ളവരുടെ കയ്യാൽ അവനു സഹിക്കേണ്ടിവരുന്ന യാതനകൾ, അവൻ മരിക്കുന്ന വിധം എന്നിവ സംബന്ധിച്ച സൂക്ഷ്‌മവിവരങ്ങൾപോലും മുന്നമേ എഴുതപ്പെട്ടിരുന്നു. ഇതിനുപുറമേ ആശ്രയയോഗ്യമായ ആ പ്രവചനങ്ങളിൽ അവന്റെ പുനരുത്ഥാനം, ദൈവത്തിന്റെ വലതുഭാഗത്തേക്ക്‌ അവൻ ഉയർത്തപ്പെടുന്നത്‌, ഭാവിയിൽ അവന്റെ രാജ്യം കൊണ്ടുവരാനിരിക്കുന്ന അനുഗ്രഹങ്ങൾ എന്നിവയെക്കുറിച്ചും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഈ വിധത്തിൽ ബൈബിൾ പ്രവചനങ്ങൾ ഒരു അനുപമ രൂപരേഖയായി—ഒരു വിരലടയാളം പോലെ—വർത്തിക്കുന്നു. ഒരു വിരലടയാളംകൊണ്ട്‌ തിരിച്ചറിയപ്പെടുന്നത്‌ ഒരേ ഒരാൾ മാത്രമായിരിക്കും.

യേശു ജനങ്ങളാൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങുന്നത്‌ പൊതുയുഗം 29-ലാണ്‌. എന്നാൽ മിശിഹായെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും ആ സമയത്തുതന്നെ നിവൃത്തിയേറിയില്ല. ഉദാഹരണത്തിന്‌, അപ്പോൾ അവൻ വധിക്കപ്പെടുകയോ പുനരുത്ഥാനം ചെയ്യപ്പെടുകയോ ചെയ്‌തില്ല. എന്നാൽ അന്ത്രെയാസും ഫിലിപ്പൊസും മറ്റ്‌ അനേകരും അവനിൽ വിശ്വാസമർപ്പിച്ചത്‌ അവൻ പഠിപ്പിക്കുകയും ചെയ്യുകയും ചെയ്‌ത കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌. അവൻതന്നെയാണു മിശിഹാ എന്നതിന്‌ അവർക്കു മുമ്പിൽ തെളിവുകളുടെ ഒരു കൂമ്പാരംതന്നെ ഉണ്ടായിരുന്നു. നിങ്ങൾ ആ കാലത്തു ജീവിച്ചിരിക്കുകയും ഒരു തുറന്ന മനസ്സോടെ നേരിട്ടുള്ള തെളിവുകൾ അവലോകനം ചെയ്യുകയും ചെയ്‌തിരുന്നെങ്കിൽ സാധ്യതയനുസരിച്ച്‌ നിങ്ങൾക്കും യേശുവാണ്‌ മിശിഹായെന്ന്‌ ബോധ്യപ്പെടുമായിരുന്നു.

വിവിധ ഭാഗങ്ങൾ ചേർത്തുവെച്ച ഒരു സമ്പൂർണ ചിത്രം

ആ നിഗമനത്തിലെത്താൻ നിങ്ങളെ സഹായിക്കുമായിരുന്നത്‌ എന്താണ്‌? നൂറ്റാണ്ടുകളിലുടനീളം ബൈബിളിലെ പ്രവാചകന്മാർ, സംശയത്തിന്റെ കണികപോലുമില്ലാതെ മിശിഹായെ തിരിച്ചറിയാൻ ഉതകുന്ന, അവൻ പാലിക്കേണ്ട വ്യവസ്ഥകളുടെ വ്യതിരിക്തമായ രേഖകൾ നൽകിയിട്ടുണ്ടായിരുന്നു. അവർ നൽകിയ ഈ വിശദാംശങ്ങൾ ചേർത്തുവെച്ചപ്പോൾ മിശിഹാ ആരായിരിക്കും എന്നതിന്റെ ഒരു ചിത്രം ഉരുത്തിരിഞ്ഞു. ഹെൻറി എച്ച്‌. ഹാലി ഇങ്ങനെ പറഞ്ഞു: “പല രാജ്യങ്ങളിൽനിന്നെത്തിയ കുറെ പുരുഷന്മാർ ഒരിക്കലും തമ്മിൽ കണ്ടിട്ടുമില്ല, ഒരുവിധത്തിലും സംസാരിച്ചിട്ടുമില്ല എന്നിരിക്കട്ടെ. അവർ ഒരു മുറിയിലേക്കു ചെല്ലുന്നു എന്നിട്ട്‌ ഓരോരുത്തരും തങ്ങളുടെ പക്കലുള്ള കൊത്തുപണിചെയ്‌ത മാർബിൾ കഷണങ്ങൾ നിലത്തുവെക്കുന്നു. എല്ലാംകൂടി ചേർത്തുവെച്ചപ്പോൾ ഇതാ ഒരു സമ്പൂർണ രൂപം. ഏതോ ഒരാൾ ഇതിന്റെ വിശദാംശങ്ങളെല്ലാം വരച്ച്‌ ഓരോരുത്തർക്കും ഓരോ ഭാഗങ്ങൾ അയച്ചുകൊടുത്തിട്ടുണ്ടാവണം; അല്ലാതെ ഇതെങ്ങനെ ഒത്തുവരും, വേറെ എന്തു വിശദീകരണമാണ്‌ ഇതിനുള്ളത്‌?” തുടർന്ന്‌ അദ്ദേഹം ചോദിക്കുന്നു: “യേശു വരുന്നതിനു യുഗങ്ങൾക്കു മുമ്പേ, പല നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന വിവിധ ലേഖകർവഴി യേശുവിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ള ഈ വിസ്‌മയിപ്പിക്കുന്ന ചിത്രത്തിന്‌ വേറെ എന്തു വിശദീകരണം നൽകും? അവയെല്ലാം രേഖപ്പെടുത്തുന്നതിൽ മേൽനോട്ടംവഹിച്ചത്‌ ഒരു അമാനുഷ മഹാപ്രതിഭയാണ്‌ എന്ന വിശദീകരണമല്ലാതെ.” ഹാലി ഇതിനെ “യുഗങ്ങളുടെ അത്ഭുതം!” എന്നു വിളിക്കുന്നു.

ഈ “അത്ഭുതം” തുടങ്ങുന്നത്‌ ബൈബിളിന്റെ ഒന്നാമത്തെ പുസ്‌തകത്തിൽനിന്നാണ്‌. മിശിഹായുടെ പങ്കിലേക്കു വിരൽചൂണ്ടുന്ന ആദ്യ ബൈബിൾ പ്രവചനം രേഖപ്പെടുത്തിയതു കൂടാതെ അവൻ അബ്രാഹാമിന്റെ വംശപരമ്പരയിൽ വരുമെന്നും ഉല്‌പത്തിയുടെ എഴുത്തുകാരൻ രേഖപ്പെടുത്തി. (ഉല്‌പത്തി 3:15; 22:15-18) മിശിഹാ യഹൂദാ ഗോത്രത്തിലൂടെ വരുമെന്നായിരുന്നു മറ്റൊരു വെളിപ്പെടുത്തൽ. (ഉല്‌പത്തി 49:10) തുടർന്ന്‌ മിശിഹാ മോശെയെക്കാളും വലിയ ഒരു വക്താവും വിമോചകനും ആയിരിക്കുമെന്ന്‌ ദൈവം മോശെയിലൂടെ ഇസ്രായേല്യരോടു പറഞ്ഞു.​—⁠ആവർത്തനപുസ്‌തകം 18:18.

ദാവീദിന്റെ കാലമായപ്പോൾ, മിശിഹാ ദാവീദിന്റെ പരമ്പരയിലെ രാജ്യാവകാശികളുടെ പട്ടികയിൽ വരുമെന്നും അവന്റെ രാജ്യം “എന്നേക്കും ഉറെച്ചിരിക്കും” എന്നും പ്രവചനം വെളിപ്പെടുത്തി. (2 ശമൂവേൽ 7:13-16) മീഖാ എന്ന പുസ്‌തകത്തിലൂടെ മിശിഹാ ദാവീദിന്റെ പട്ടണമായ ബേത്ത്‌ലേഹെമിൽ ജനിക്കുമെന്ന വിവരം വെളിപ്പെടുത്തപ്പെട്ടു. (മീഖാ 5:2) അവൻ ഒരു കന്യകയിൽ ജനിക്കുമെന്ന്‌ യെശയ്യാവ്‌ മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 7:14) ഏലീയാവിനെപ്പോലുള്ള ഒരുവൻ അവന്റെ വരവിനെ ഉദ്‌ഘോഷിക്കുമെന്ന്‌ മലാഖി പ്രവാചകൻ വെളിപ്പെടുത്തി.​—⁠മലാഖി 4:5, 6.

മിശിഹായെക്കുറിച്ചുള്ള വ്യതിരിക്തമായ കൂടുതൽ വിശദാംശങ്ങൾ ദാനീയേൽ പുസ്‌തകത്തിൽ കാണാം. അവൻ പ്രത്യക്ഷനാകുന്ന വർഷം ഏതാണെന്നു വ്യക്തമാക്കുന്ന പ്രവചനം ഇങ്ങനെ പറയുന്നു: “അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്‌പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്‌ചവട്ടം; അറുപത്തുരണ്ടു ആഴ്‌ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.”​—⁠ദാനീയേൽ 9:25.

പേർഷ്യൻ രാജാവായ അർത്ഥഹ്‌ശഷ്ടാവ്‌ തന്റെ വാഴ്‌ചയുടെ 20-ാം ആണ്ടിൽ യെരൂശലേം യഥാസ്ഥാനപ്പെടുത്തുന്നതിനും പുനർനിർമിക്കുന്നതിനും ഉള്ള “കല്‌പന” പുറപ്പെടുവിച്ചു. അദ്ദേഹത്തിന്റെ ഭരണം തുടങ്ങിയത്‌ പൊതുയുഗത്തിനു മുമ്പ്‌ 474-ൽ ആയിരുന്നു, അപ്പോൾ ഭരണത്തിന്റെ 20-ാം വർഷം പൊ.യു.മു. 455 ആണ്‌. (നെഹെമ്യാവു 2:1-8) അങ്ങനെ, 69 പ്രാവചനിക ആഴ്‌ചകളിൽ (7+62) യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുന്നതിനും പുനർനിർമിക്കുന്നതിനും ഉള്ള കൽപ്പന പുറപ്പെടുന്നതും മിശിഹാ പ്രത്യക്ഷപ്പെടുന്നതും ഉൾപ്പെടുന്നു. അറുപത്തൊമ്പത്‌ അക്ഷരീയ ആഴ്‌ചകൾ 483 ദിവസത്തിനു തുല്യമായിരുന്നു, രണ്ടുവർഷത്തെ കാലയളവുപോലുമില്ല. എന്നാൽ “ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം” എന്ന പ്രാവചനിക നിയമം വെച്ചുനോക്കുമ്പോൾ മിശിഹാ 483 വർഷം കഴിഞ്ഞ്‌ പൊതുയുഗം 29-ൽ പ്രത്യക്ഷപ്പെടുമെന്നു വ്യക്തമായിരുന്നു.​—⁠യെഹെസ്‌കേൽ 4:⁠6. *

മിശിഹാ ആണെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ വിവിധ വർഷങ്ങളിൽ അനേകർ രംഗപ്രവേശം ചെയ്‌തെങ്കിലും മിശിഹായെന്ന നിലയിൽ പൊ.യു. 29-ൽ ലോകരംഗത്തു പ്രത്യക്ഷപ്പെട്ടത്‌ നസറായനായ യേശുവായിരുന്നു. (ലൂക്കൊസ്‌ 3:1, 2) കൃത്യമായും ആ വർഷമാണ്‌ യേശു യോഹന്നാൻ സ്‌നാപകന്റെ അടുക്കൽ ചെല്ലുന്നതും വെള്ളത്തിൽ സ്‌നാപനമേൽക്കുന്നതും. അപ്പോൾ യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട്‌ മിശിഹായായി. പിന്നീട്‌, യേശുവിനു മുമ്പായി വരുന്ന ഏലീയാവിനെപ്പോലെയുള്ളവൻ എന്നു മുൻകൂട്ടിപ്പറയപ്പെട്ട യോഹന്നാൻ, “ഇതാ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” എന്ന്‌ വിളിച്ചുകൊണ്ട്‌ അന്ത്രെയാസിനും മറ്റൊരു ശിഷ്യനും യേശുവിനെ പരിചയപ്പെടുത്തുകയുണ്ടായി.​—⁠യോഹന്നാൻ 1:29; ലൂക്കൊസ്‌ 1:13-17; 3:21-23.

വംശാവലിരേഖയും മിശിഹായെ തിരിച്ചറിയിക്കുന്നു

ദിവ്യനിശ്വസ്‌തമായ പ്രവചനങ്ങൾ മിശിഹായെ ചില പ്രത്യേക യഹൂദ കുടുംബങ്ങളുമായും ബന്ധപ്പെടുത്തിയിരുന്നു. അതുകൊണ്ട്‌ സർവജ്ഞാനിയായ സ്രഷ്ടാവ്‌ ന്യായമായും, മിശിഹായുടെ പ്രത്യക്ഷപ്പെടൽ വംശാവലി രേഖകൾ ലഭ്യമായിരുന്ന ഒരു കാലയളവിൽ ആയിരിക്കത്തക്കവിധം കാര്യങ്ങൾ ക്രമീകരിക്കുമായിരുന്നു. അങ്ങനെയാകുമ്പോൾ ആ രേഖകൾ പരിശോധിച്ച്‌ അവന്റെ വംശാവലി കൃത്യമായി ഉറപ്പാക്കാനാകുമായിരുന്നു.

മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു: “യഹൂദ ഗോത്രങ്ങളുടെയും കുടുംബങ്ങളുടെയും വംശാവലി രേഖകൾ നശിപ്പിക്കപ്പെട്ടത്‌ നിസ്സംശയമായും [പൊ.യു. 70-ലെ] യെരൂശലേമിന്റെ നാശത്തിലാണ്‌ അല്ലാതെ അതിനു മുമ്പ്‌ അല്ല.” മത്തായിയും ലൂക്കൊസും സുവിശേഷങ്ങൾ എഴുതിയത്‌ പൊ.യു. 70-നു മുമ്പാണ്‌ എന്നതിനു വ്യക്തമായ തെളിവുകളുണ്ട്‌. അതുകൊണ്ട്‌ അവർ തങ്ങളുടെ വിവരണങ്ങൾ രേഖപ്പെടുത്തുന്നതിനു മുമ്പ്‌ ഈ രേഖകൾ പരിശോധിച്ച്‌ യേശുവിന്റെ വംശാവലി തിട്ടപ്പെടുത്തിയിരിക്കണം. (മത്തായി 1:1-16; ലൂക്കൊസ്‌ 3:23-38) ഇത്രമാത്രം പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാകുമ്പോൾ അവരുടെ സമകാലീനരായ പലരും യേശുവിന്റെ വംശാവലി മറ്റാരെയും ആശ്രയിക്കാതെ നേരിട്ടു തിട്ടപ്പെടുത്താൻ ആഗ്രഹിച്ചിരുന്നിരിക്കാം.

യേശുവിൽ യാദൃശ്ചികമായി നിവൃത്തിയേറിയതോ?

മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയേറിയത്‌ യാദൃശ്ചികമായി സംഭവിച്ചതാണെന്നു പറയാൻ കഴിയുമോ? ഒരു അഭിമുഖത്തിൽ ഒരു പണ്ഡിതൻ ഇങ്ങനെ പറഞ്ഞു: “അത്‌ യാദൃശ്ചികമായി സംഭവിച്ചതല്ല. ഇനി ഏതെങ്കിലും സാധ്യതയുണ്ടെങ്കിൽത്തന്നെ അങ്ങനെ സംഭവിക്കാതിരിക്കാനുള്ള സാധ്യതകൾ അനന്തമായിരിക്കുന്നതിനാൽ അത്‌ തള്ളിപ്പോകുന്നു. ഒരാൾ കണക്കുകൂട്ടി പറഞ്ഞത്‌, വെറും എട്ടു പ്രവചനങ്ങൾ യാദൃശ്ചികമായി നിവൃത്തിയേറാനുള്ള സാധ്യത 1,000 കോടി കോടിയിൽ ഒന്ന്‌ എന്നാണ്‌.” ഇത്രയധികം എതിർസാധ്യതകളെക്കുറിച്ചു കൂടുതലായി അദ്ദേഹം പറഞ്ഞു: “ഈ ഭീമമായ സംഖ്യക്കുള്ള ഡോളർ നിങ്ങൾ നാണയത്തുട്ടുകളാക്കി മാറ്റിയെന്നിരിക്കട്ടെ. അവ ടെക്‌സാസ്‌ സംസ്ഥാനം അപ്പാടെ [6,90,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ] രണ്ട്‌ അടി താഴ്‌ചയിൽ മൂടാൻ പര്യാപ്‌തമാണ്‌. അതിൽ ഒരു നാണയം നിങ്ങൾ അടയാളപ്പെടുത്തുന്നു. കണ്ണുമൂടിക്കെട്ടിയ ഒരാൾ ആ സംസ്ഥാനത്ത്‌ ആകമാനം നടന്നിട്ട്‌ കുനിഞ്ഞെടുക്കുന്ന നാണയം നിങ്ങൾ അടയാളപ്പെടുത്തിയതായിരിക്കാൻ എത്രമാത്രം സാധ്യതയുണ്ട്‌?” “അതേ സാധ്യതയാണ്‌ ചരിത്രത്തിൽ ആരെങ്കിലും എട്ടു [മിശിഹൈക] പ്രവചനങ്ങൾ യാദൃശ്ചികമായി നിവർത്തിക്കുന്നതിന്റെ കാര്യത്തിലും,” അദ്ദേഹം പ്രസ്‌താവിച്ചു.

എന്നാൽ മൂന്നര വർഷക്കാലത്തെ യേശുവിന്റെ ശുശ്രൂഷയിൽ അവൻ വെറും എട്ടു പ്രവചനങ്ങളല്ല നിവർത്തിച്ചത്‌, മറിച്ച്‌ ഒട്ടനവധി പ്രവചനങ്ങളാണ്‌. തെളിവുകൾ ഇങ്ങനെ കുന്നുകൂടുന്നതിന്റെ വെളിച്ചത്തിൽ പ്രവചന നിവൃത്തിയെക്കുറിച്ച്‌ ആ പണ്ഡിതൻ പറഞ്ഞു: “യേശുവിന്‌, അതേ, ചരിത്രത്തിലുടനീളം യേശുവിനു മാത്രമേ അതു ചെയ്യാൻ കഴിഞ്ഞുള്ളൂ.”

മിശിഹാ ‘വരുന്നു’

മിശിഹാ വന്നത്‌ പൊ.യു. 29-ലായിരുന്നു. നസറെത്തിലെ യേശു എന്ന മനുഷ്യനായിരുന്നു അത്‌. അവൻ എളിയവനായിവന്ന്‌ യാതനകൾ സഹിച്ച്‌ വീണ്ടെടുപ്പുകാരനായിത്തീർന്നു. റോമാക്കാരുടെ അടിച്ചമർത്തൽ നുകം തകർക്കാൻ സകലതും കീഴടക്കി മുന്നേറുന്ന ഒരു രാജാവായിട്ടല്ല അവൻ വന്നത്‌. അന്നത്തെ യഹൂദരും എന്തിന്‌ അവന്റെ അനുഗാമികൾപോലും അവനെക്കുറിച്ച്‌ അങ്ങനെയൊരു പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നതായി കാണപ്പെടുന്നു. (യെശയ്യാവു 53-ാം അധ്യായം; സെഖര്യാവു 9:9; പ്രവൃത്തികൾ 1:6-8) എന്നാൽ അവന്റെ ഭാവിയിലെ വരവ്‌ ശക്തിയോടും വലിയ അധികാരത്തോടും കൂടെയായിരിക്കുമെന്ന്‌ മുൻകൂട്ടിപ്പറയപ്പെട്ടിട്ടുണ്ട്‌.​—⁠ദാനീയേൽ 2:44; 7:13, 14.

ബൈബിൾ പ്രവചനങ്ങളുടെ ശ്രദ്ധാപൂർവമുള്ള ഒരു പഠനം ഗോളത്തിനു ചുറ്റുമുള്ള ന്യായയുക്തരായ ആളുകളെ, മിശിഹാ ഒന്നാം നൂറ്റാണ്ടിൽ വന്നുവെന്നും അവൻ വീണ്ടും വരേണ്ടതുണ്ടായിരുന്നെന്നും ഉള്ള വസ്‌തുത ബോധ്യപ്പെടുത്തിയിരിക്കുന്നു. മുൻകൂട്ടിപ്പറയപ്പെട്ട ആ മടങ്ങിവരവിന്റെ അതായത്‌ ആ “സാന്നിധ്യ”ത്തിന്റെ (NW) ആരംഭം 1914-ൽ ആയിരുന്നെന്ന്‌ തെളിവുകൾ സമർഥിക്കുന്നു. * (മത്തായി 24:3-14) ആ വർഷം യേശു ദൈവരാജ്യത്തിന്റെ രാജാവായി സ്വർഗത്തിൽ അദൃശ്യമായി അവരോധിതനായി. ഏദെനിലെ മത്സരത്തിന്റെ പരിണതഫലങ്ങളിൽനിന്നു ഭൂമിയെ വിമുക്തമാക്കാൻ അവൻ പെട്ടെന്നുതന്നെ നടപടിയെടുക്കുന്നതായിരിക്കും. തുടർന്നുള്ള അവന്റെ ആയിരംവർഷ ഭരണകാലത്ത്‌ “ലോകത്തിന്റെ പാപം നീക്കിക്കളയുന്ന” വാഗ്‌ദത്ത സന്തതിയായ മിശിഹായെന്ന നിലയിൽ തന്നിൽ വിശ്വാസം പ്രകടമാക്കുന്ന ഏവരുടെയുംമേൽ അവൻ അനുഗ്രഹങ്ങൾ ചൊരിയും.​—⁠യോഹന്നാൻ 1:​29, ഓശാന ബൈബിൾ; വെളിപ്പാടു 21:​3-5.

ഇതിനുള്ള തെളിവുകൾ ചർച്ചചെയ്യാനും മിശിഹായുടെ ഭരണം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും എന്ത്‌ അർഥമാക്കുന്നെന്നു ബൈബിളിൽനിന്നു കാണിച്ചുതരാനും യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.

[അടിക്കുറിപ്പുകൾ]

^ ഖ. 17 ദാനീയേൽ 9:​25-ന്റെ കൂടുതൽ വിശദാംശങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), വാല്യം 2, പേജുകൾ 899-904 കാണുക.

^ ഖ. 27 കൂടുതൽ വിശദാംശങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 10, 11 അധ്യായങ്ങൾ കാണുക.

[6, 7 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]

പൊ.യു.മു. 455, പൊ.യു. 29, 1914-ൽ, മിശിഹാ

“യെരൂശലേമിനെ മിശിഹാ വരുന്നു മിശിഹാ പെട്ടെന്നുതന്നെ

യഥാസ്ഥാനപ്പെടുത്തി സ്വർഗത്തിൽ ദുഷ്ടതയ്‌ക്ക്‌

പണിവാൻ കല്‌പന സിംഹാസനസ്ഥനായി അറുതിവരുത്തി

പുറപ്പെടു”ന്നു ഭൂമിയെ ഒരു പറുദീസയാക്കും

483 വർഷങ്ങൾ

(69 പ്രാവചനിക ആഴ്‌ചകൾ)

​—⁠ദാനീയേൽ 9:25