നമുക്ക് ഒരു മിശിഹായെ ആവശ്യമുണ്ടോ?
നമുക്ക് ഒരു മിശിഹായെ ആവശ്യമുണ്ടോ?
“നമുക്ക് ഒരു മിശിഹായെ ആവശ്യമുണ്ടോ?” നിങ്ങളുടെ മനസ്സിൽ ഉയർന്നുവന്നിട്ടുള്ള ഒരു ചോദ്യമായിരിക്കാം അത്. ഒരു മിശിഹായ്‌ക്ക് നിങ്ങളുടെമേൽ യഥാർഥ പ്രഭാവം ചെലുത്താൻ കഴിയുമോയെന്നു ചിന്തിക്കുന്നത് ന്യായയുക്തമാണ്.
മറ്റെല്ലാവരെയുംപോലെ നിങ്ങൾക്കും നിശ്ചയമായും ഒരു മിശിഹായെ ആവശ്യമുണ്ടെന്ന് നിങ്ങൾ ആദരിക്കുന്ന ചില വ്യക്തികൾ പറയുന്നു. യഹൂദ നിയമത്തിൽ നിപുണനായ, ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരാൾ മിശിഹായെക്കുറിച്ച് ഇങ്ങനെ എഴുതി: “ദൈവത്തിന്റെ വാഗ്‌ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ.” ഭൂമിയിലെ സകല ജനതകളെയും അനുഗ്രഹിക്കാനുള്ള നമ്മുടെ സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തിൽ മിശിഹാ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചാണ് ഈ വാക്കുകളിലൂടെ അദ്ദേഹം ഊന്നിപ്പറഞ്ഞത്. (2 കൊരിന്ത്യർ 1:20) മിശിഹായുടെ പങ്ക് അതിപ്രധാനമാകയാൽ, ബൈബിൾ പ്രവചനങ്ങളുടെ കേന്ദ്രബിന്ദുതന്നെ അവന്റെ ആഗമനവും ജീവിതവും ആണെന്നു പറയാൻ കഴിയും. ദശലക്ഷക്കണക്കിന് ആളുകൾ കഴിഞ്ഞ 70-ലേറെ വർഷങ്ങളായി ഉപയോഗിക്കുന്ന ഒരു കൈപ്പുസ്‌തകത്തിൽ ഹെൻറി എച്ച്. ഹാലി ഇങ്ങനെ ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു: “വരാനിരിക്കുന്ന [മിശിഹായെ] ആകാംക്ഷയോടെ കാത്തിരിക്കാനും അവനു വഴിയൊരുക്കാനും വേണ്ടിയാണ് പഴയ നിയമം എഴുതപ്പെട്ടത്.” എന്നാൽ അവൻ വരേണ്ടത് ആവശ്യമാണോ? അതിൽ നിങ്ങൾ എന്തുകൊണ്ട് തത്‌പരരായിരിക്കണം?
“മിശിഹാ” എന്നതിന്റെ യഥാർഥ അർഥം “അഭിഷേകം ചെയ്യപ്പെട്ടവൻ” എന്നാണ്. അതിന്റെ തത്തുല്യവും പരക്കെ അറിയപ്പെടുന്നതുമായ മറ്റൊരു പദമാണ് “ക്രിസ്‌തു.” എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 1970-ലെ പതിപ്പിൽ “ഏറ്റവും മഹാനായ വീണ്ടെടുപ്പുകാരൻ” എന്നാണ് ഈ അഭിഷിക്തനെ പരാമർശിച്ചിരിക്കുന്നത്. ആദ്യ മനുഷ്യ ജോടിയായ ആദാമും ഹവ്വായും അനാദരവോടെ പ്രവർത്തിച്ചതുകൊണ്ടാണ് മിശിഹാ വരേണ്ടിവന്നത്. ആദാമും ഹവ്വായും പൂർണരായി സൃഷ്ടിക്കപ്പെട്ടു, പറുദീസയിൽ അനന്തമായ ജീവിതം ആസ്വദിക്കുന്നതിനുള്ള ശോഭനമായ പ്രത്യാശ അവർക്കുണ്ടായിരുന്നു, പക്ഷേ അവർ അതു കളഞ്ഞുകുളിച്ചു. സ്രഷ്ടാവ് അവരുടെ സ്വാതന്ത്ര്യത്തിൽ അമിതമായി കൈകടത്തുകയാണെന്നും നന്മയും തിന്മയും സ്വന്തമായി തീരുമാനിക്കാൻ പറ്റുകയാണെങ്കിൽ ജീവിതം കുറെക്കൂടെ മെച്ചമായിരിക്കുമെന്നും പിശാചായ സാത്താൻ എന്ന് അറിയപ്പെടാനിടയായ മത്സരിയായ ഒരു ദൂതൻ അവരോടു നിർദേശിച്ചു.—ഉല്‌പത്തി 3:1-5.
ഹവ്വാ വഞ്ചിക്കപ്പെട്ട് ആ നുണ വിശ്വസിച്ചു. ആദാം, ദൈവത്തോടുള്ള വിശ്വസ്‌തതയെക്കാൾ അധികം ഹവ്വായുടെ സാമീപ്യം കാംക്ഷിച്ചിട്ടാവണം സാത്താന്യപ്രേരിതമായ ആ മത്സരത്തിൽ കൂട്ടുചേരുകയും ചെയ്‌തു. (ഉല്‌പത്തി 3:6; 1 തിമൊഥെയൊസ് 2:14) മനോഹരമായ പറുദീസയിലെ നിത്യജീവന്റെ പ്രത്യാശ അവർ നഷ്ടമാക്കി എന്നതു മാത്രമായിരുന്നില്ല അതിന്റെ ഫലം, പാപവും അതിന്റെ പരിണതഫലമായ മരണവും തങ്ങളുടെ ജനിക്കാനിരുന്ന സകല സന്തതികൾക്കും ഒരു അവകാശമായി കൈമാറുകയും ചെയ്‌തു.—റോമർ 5:12.
ആ മത്സരം നിമിത്തം അന്നുമുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുഷ്‌ഫലങ്ങൾ ഇല്ലായ്‌മ ചെയ്യുന്നതിന് എന്തു ചെയ്യണമെന്ന് നമ്മുടെ സ്രഷ്ടാവായ യഹോവ അപ്പോൾത്തന്നെ തീരുമാനിച്ചു. പിൽക്കാലത്ത് മോശൈക ന്യായപ്രമാണത്തിൽ ഒരു നിയമാനുസൃത തത്ത്വമെന്ന നിലയിൽ വർത്തിക്കുമായിരുന്ന, ‘തുല്യത്തിനു തുല്യം’ എന്ന ഒരു വ്യവസ്ഥ മുഖാന്തരം മനുഷ്യർ താനുമായി അനുരജ്ഞനത്തിൽ ദൈവം വഴിയൊരുക്കുമായിരുന്നു. (ആവർത്തനപുസ്‌തകം 19:21; 1 യോഹന്നാൻ 3:8) മനുഷ്യകുടുംബത്തെ സംബന്ധിച്ച ദൈവോദ്ദേശ്യപ്രകാരം ഒരു പറുദീസാഭൂമിയിൽ നിത്യജീവൻ പ്രാപിക്കുന്നതിന് ആദാമിന്റെയും ഹവ്വായുടെയും ഹതഭാഗ്യരായ സന്തതികൾക്ക് ആർക്കെങ്കിലും എന്നെങ്കിലും യോഗ്യതയുണ്ടാകണമെങ്കിൽ നിയമാനുസൃതമായ ഈ തത്ത്വം പാലിക്കപ്പെട്ടേ മതിയാകുമായിരുന്നുള്ളൂ. മിശിഹായിലേക്കു നമ്മെ കൊണ്ടെത്തിക്കുന്ന സംഗതി ഇതാണ്.
പിശാചിന്റെമേൽ ന്യായവിധി പ്രഖ്യാപിക്കവേ, യഹോവയാം ദൈവം ബൈബിളിലെ ആദ്യ പ്രവചനം ഉച്ചരിച്ചു: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്‌പത്തി 3:15) ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു: “തിരുവെഴുത്തുകളിൽ കാണുന്ന മിശിഹൈക വാഗ്‌ദാനങ്ങളുടെ തിരശ്ശീല ഉയരുന്നത് [ഈ] പ്രസ്‌താവനയോടെയാണ്.” മറ്റൊരു പണ്ഡിതന്റെ അഭിപ്രായത്തിൽ ആദ്യ മനുഷ്യ ജോടിയുടെ “വീഴ്‌ചയുടെ മുഴു ദുരന്തഫലങ്ങളും നിഷ്‌ഫലമാക്കി” മനുഷ്യവർഗത്തിന്മേൽ അനുഗ്രഹങ്ങൾ ചൊരിയാനുള്ള ദൈവത്തിന്റെ ഉപാധിയാണ് മിശിഹാ.—എബ്രായർ 2:14, 15.
പക്ഷേ, ഇപ്പോൾ മനുഷ്യവർഗം അനുഗൃഹീതമായ ഒരു അവസ്ഥയിലല്ലല്ലോയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കാം. അതേ, മാനവരാശി ഇന്നു കണ്ണീരും കയ്യുമായി കഴിഞ്ഞുകൂടുകയാണ്. അതുകൊണ്ട് “ഒരു മിശിഹാ വരും” എന്നും അവൻ “എല്ലാം നേരെയാക്കി ശത്രുക്കളെ നിലംപരിചാക്കും” എന്നും “ഒട്ടേറെ യഹൂദന്മാർ ഇന്നും വിശ്വസിക്കു”ന്നതായി ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. എന്നാൽ മിശിഹാ വന്നുകഴിഞ്ഞെന്ന് ബൈബിൾ പറയുന്നു. ബൈബിൾ പറയുന്നതു വിശ്വസിക്കാൻ തക്ക കാരണങ്ങളുണ്ടോ? അടുത്ത ലേഖനം ഉത്തരം നൽകും.