“പർപ്പിൾ ട്രയാംഗിൾ എന്തിനെയാണ് അർഥമാക്കുന്നത്?”
“പർപ്പിൾ ട്രയാംഗിൾ എന്തിനെയാണ് അർഥമാക്കുന്നത്?”
“ഏതാനും ദിവസങ്ങൾക്കുമുമ്പ് യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു സ്‌ത്രീയുടെ പക്കൽനിന്ന് എനിക്കൊരു വീക്ഷാഗോപുരം കിട്ടി,” കൊറിയൻ റിപ്പബ്ലിക്കിലെ സോളിൽ നീതിന്യായ മന്ത്രാലയത്തിൽ ജോലിചെയ്യുന്ന ഒരു സിവിൽ ഉദ്യോഗസ്ഥൻ എഴുതുകയുണ്ടായി. അദ്ദേഹം ഇങ്ങനെ തുടർന്നു: “നാസി, കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ യഹോവയുടെ സാക്ഷികൾ അനുഭവിച്ച പീഡനത്തെക്കുറിച്ചു ചില വസ്‌തുതകൾ അതു വായിച്ചപ്പോൾ എനിക്കു മനസ്സിലായി. പക്ഷേ എനിക്ക് ഒരു ചോദ്യമുണ്ട്. കവർ ചിത്രത്തിൽ കാണിച്ചിരുന്ന യഹോവയുടെ സാക്ഷികൾ, അവരുടെ പുറങ്കുപ്പായത്തിന്റെ ഇടതുവശത്തായി ഒരു പർപ്പിൾ ട്രയാംഗിൾ തലകീഴായി തുന്നിച്ചേർത്തിട്ടുണ്ട്. ആ പർപ്പിൾ ട്രയാംഗിൾ എന്തിനെയാണ് അർഥമാക്കുന്നത്?”
ജർമനിയിൽ നാസി ഭരണകാലത്ത് യഹോവയുടെ സാക്ഷികൾ ഹിറ്റ്‌ലറെ സ്‌തുതിക്കാൻ വിസമ്മതിച്ചു. രാഷ്‌ട്രീയവും സൈനികവുമായ കാര്യങ്ങളിൽ അവർ നിഷ്‌പക്ഷത പാലിച്ചു. അതുകൊണ്ട് നാസികൾ അവരെ ക്രൂരമായി പീഡിപ്പിച്ചു. ഏകദേശം 12,000 സാക്ഷികളെ—ഇവരുടെ ശിക്ഷാവിധിയുടെ കാലയളവുകൾ വ്യത്യസ്‌തമായിരുന്നു—ജയിലുകളിലും തടങ്കൽപ്പാളയങ്ങളിലുമായി പാർപ്പിച്ചു. അവരിൽ രണ്ടായിരത്തോളം പേർ മരണമടഞ്ഞു. നൂറുകണക്കിനു പേർ വധിക്കപ്പെട്ടു.
അവരുടെ യൂണിഫോമിൽ ഉണ്ടായിരുന്ന പർപ്പിൾ ട്രയാംഗിൾ എന്തിനെയാണ് അർഥമാക്കിയത്? “[നാസി] ക്യാമ്പുകളിലെ തടവുകാരുടെ ഓരോ കൂട്ടവും തങ്ങളെ തിരിച്ചറിയിക്കുന്ന പ്രത്യേകം അടയാളങ്ങൾ ധരിച്ചിരുന്നു,” അനാറ്റമി ഓഫ് ദ എസ്‌എസ് സ്റ്റേറ്റ് വിശദീകരിക്കുന്നു. “യുദ്ധത്തിനു മുമ്പ് നിലവിൽവന്ന അടയാളമിടൽ സമ്പ്രദായത്തിന്റെ മുഖ്യ സവിശേഷത ഓരോ തടവുകാരന്റെയും യൂണിഫോമിൽ” ട്രയാംഗിളിന്റെ അതായത്, “ത്രികോണത്തിന്റെ ആകൃതിയിലുള്ള ഒരു തുണിക്കഷണം തുന്നിച്ചേർക്കുന്നതായിരുന്നു. അയാൾ ഏതു കൂട്ടത്തിൽപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു നിറം നിശ്ചയിച്ചിരുന്നത്: രാഷ്‌ട്രീയ തടവുകാർക്ക് ചുവപ്പ്; യഹോവയുടെ സാക്ഷികൾക്ക് പർപ്പിൾ; സാമൂഹികവിരുദ്ധർക്ക് കറുപ്പ്; കുറ്റവാളികൾക്ക് പച്ച; സ്വവർഗസംഭോഗികൾക്ക് പിങ്ക്; കുടിയേറ്റക്കാർക്ക് നീല എന്നിങ്ങനെ. യഹൂദ തടവുകാർ അവരുടെ വർണ ത്രികോണത്തിന്റെ പുറത്ത് ഒരു മഞ്ഞ ത്രികോണംകൂടെ തുന്നിപ്പിടിപ്പിക്കണമായിരുന്നു; ആറു ഭുജങ്ങളുള്ള, ‘ദാവീദിന്റെ നക്ഷത്ര’ത്തിന്റെ ആകൃതി വരത്തക്കവിധമായിരുന്നു അതു തുന്നിച്ചേർക്കേണ്ടിയിരുന്നത്.”
പ്രൊഫസർ ജോൺ കെ. റോഥ് കൂട്ടക്കുരുതി രാഷ്‌ട്രതന്ത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്‌തകത്തിൽ ഇപ്രകാരം എഴുതി: “പർപ്പിൾ ട്രയാംഗിളിന്റെ ധാർമിക പ്രാധാന്യം ഭാവിയിൽ സ്‌മരിക്കപ്പെടുമെങ്കിൽ, ഇനിയൊരു ദുരന്തം ഉണ്ടാകുന്നതു തടയാൻ അതിനു കഴിയും. ആ ത്രികോണത്തിന്റെ ഭുജങ്ങൾ, മനുഷ്യന്റെ അങ്ങേയറ്റത്തെ ആദരവ് അർഹിക്കുന്ന നന്മയിലേക്ക് നമ്മുടെ ശ്രദ്ധയെയും പ്രതിബദ്ധതയെയും തിരിച്ചുവിടും.” യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്നപേരിൽ യഹോവയുടെ സാക്ഷികൾ ഇംഗ്ലീഷിൽ ഒരു ഡോക്യുമെന്ററി പുറത്തിറക്കി. അതിന് അവാർഡ് ലഭിക്കുകയുണ്ടായി. ഈ വീഡിയോ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ക്രമീകരണം ചെയ്യാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട ആരോടെങ്കിലും നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്.