വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ കാനോന്‌ ഒരു ആദ്യകാല സാക്ഷ്യം

ബൈബിൾ കാനോന്‌ ഒരു ആദ്യകാല സാക്ഷ്യം

ബൈബിൾ കാനോന്‌ ഒരു ആദ്യകാല സാക്ഷ്യം

“ആദിമ ക്രിസ്‌തീയ ചരിത്രത്തിൽ താത്‌പര്യമുള്ളവരുടെ കൗതുകത്തെ തൊട്ടുണർത്തുന്നതിനായിത്തന്നെ എഴുതപ്പെട്ടതാണെന്നുതോന്നും ഓരോ വരിയും.” ഒരു പുരാതന രേഖയെ വർണിച്ചിരിക്കുന്നതാണ്‌ ഈ വാക്കുകൾ. ഏതു രേഖയാണ്‌ അതെന്നു നിങ്ങൾക്ക്‌ ഊഹിക്കാൻ കഴിയുമോ?

അതാണ്‌ മുറേറ്റോറിയൻ ശകലം. നിങ്ങൾ ഇതിനെക്കുറിച്ചു കേട്ടിട്ടുണ്ടായിരിക്കും, അല്ലെങ്കിൽ ആദ്യമായിട്ടായിരിക്കാം കേൾക്കുന്നത്‌. എന്തുമായിക്കൊള്ളട്ടെ, ‘മുറേറ്റോറിയൻ ശകലത്തിന്‌ എന്താണിത്ര പ്രത്യേകത?’ എന്ന്‌ നിങ്ങൾ ചിന്തിക്കാനിടയുണ്ട്‌. നിലവിലുള്ള ഏറ്റവും പഴക്കംചെന്ന കാനോൻ അതായത്‌ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു ആധികാരിക പട്ടികയാണത്‌.

ബൈബിൾ പുസ്‌തകങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ നിങ്ങൾക്കു സംശയമൊന്നും ഉണ്ടായിരിക്കില്ല. എന്നാൽ ആ പട്ടികയിൽ ഏതൊക്കെ പുസ്‌തകങ്ങളെ ഉൾപ്പെടുത്തണമെന്ന്‌ ഒരുകാലത്ത്‌ സംശയിച്ചിരുന്നതായി നിങ്ങൾക്കറിയാമായിരുന്നോ? മുറേറ്റോറിയൻ ശകലത്തിൽ അഥവാ കാനോനിൽ ദിവ്യനിശ്വസ്‌തമെന്നു കരുതപ്പെടുന്ന ലിഖിതങ്ങളുടെ ഒരു പട്ടിക കൊടുക്കുന്നുണ്ട്‌. നിങ്ങൾക്കറിയാവുന്നതുപോലെ ബൈബിളിന്റെ കൃത്യമായ ഉള്ളടക്കം അതീവ പ്രാധാന്യമർഹിക്കുന്നതാണ്‌. ഇന്ന്‌ ക്രിസ്‌തീയ തിരുവെഴുത്തിന്റെ ഭാഗമായ പുസ്‌തകങ്ങളെക്കുറിച്ച്‌ ഈ രേഖയ്‌ക്ക്‌ പറയാനുള്ളത്‌ എന്താണ്‌? ആദ്യം നമുക്ക്‌ ഈ രേഖയുടെ പശ്ചാത്തലത്തെക്കുറിച്ച്‌ അൽപ്പമൊന്നു പരിചിന്തിക്കാം.

കണ്ടെത്തൽ

മുറേറ്റോറിയൻ ശകലം 76 ചർമപത്ര താളുകളുള്ള ഒരു കോഡക്‌സിന്റെ അഥവാ കൈയെഴുത്തു പുസ്‌തകത്തിന്റെ ഭാഗമാണ്‌. ഓരോ താളിനും 27 സെന്റിമീറ്റർ നീളവും 17 സെന്റിമീറ്റർ വീതിയുമുണ്ട്‌. ഇറ്റലിയിലെ മിലാനിലുള്ള ആംബ്രോസിയൻ ലൈബ്രറിയിൽ ലൂഡോവിക്കോ ആന്റൊണിയോ മുറേറ്റോറി എന്ന പ്രശസ്‌തനായ ഒരു ഇറ്റാലിയൻ ചരിത്രകാരനാണ്‌ (1672-1750) ഇതു കണ്ടെത്തിയത്‌. 1740-ൽ മുറേറ്റോറി തന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു, അങ്ങനെ അതിന്‌ മുറേറ്റോറിയൻ ശകലം എന്നു പേരുകിട്ടി. ആ കൈയെഴുത്തു പുസ്‌തകം, ഇറ്റലിക്കു വടക്ക്‌ പിയാചെൻസായ്‌ക്ക്‌ അടുത്തുള്ള പുരാതന ബൊബിയോ ആശ്രമത്തിൽ എട്ടാം നൂറ്റാണ്ടിലാണു തയ്യാറാക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. തുടർന്ന്‌ 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അത്‌ ആംബ്രോസിയൻ ലൈബ്രറിയിലേക്കു മാറ്റി.

കോഡക്‌സിന്റെ 10, 11 താളുകളിലായി 85 വരികൾ അടങ്ങുന്ന പാഠമാണ്‌ മുറേറ്റോറിയൻ ശകലം. അത്‌ എഴുതിയിരിക്കുന്നതു ലത്തീനിലാണ്‌. അത്ര കൃത്യത പാലിക്കാതിരുന്ന ഒരു പകർപ്പെഴുത്തുകാരനാണ്‌ അത്‌ പകർത്തിയെഴുതിയതെന്നു തോന്നുന്നു. എന്നാൽ അദ്ദേഹം വരുത്തിയ ചില പിശകുകൾ 11, 12 നൂറ്റാണ്ടുകളിലെ നാല്‌ കൈയെഴുത്തുപ്രതികളിൽ കണ്ടെത്തിയ ഇതേ പാഠവുമായി ഒത്തുനോക്കിയപ്പോൾ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.

എപ്പോൾ എഴുതി?

അങ്ങനെയാണെങ്കിൽ മുറേറ്റോറിയൻ ശകലത്തിലെ വിവരങ്ങൾ ആദ്യമായി എഴുതപ്പെട്ടത്‌ എപ്പോഴാണെന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഗ്രീക്കിൽനിന്നു ലത്തീനിലേക്കു പരിഭാഷപ്പെടുത്തിയതിനു നൂറ്റാണ്ടുകൾക്കു മുമ്പായിരുന്നിരിക്കണം ഇതിന്റെ ആദ്യ രചന. ഗ്രീക്കിലുള്ള ആദ്യ രചനയുടെ തീയതി കൃത്യമായി അറിയില്ലെങ്കിലും അതു കണ്ടുപിടിക്കുന്നതിനു സഹായിക്കുന്ന ചില സൂചനകൾ കിട്ടിയിട്ടുണ്ട്‌. ഈ ശകലത്തിൽ ആട്ടിടയൻ (ഷെപ്പേർഡ്‌) എന്ന ഒരു ബൈബിളേതര പുസ്‌തകത്തെക്കുറിച്ചു പരാമർശിക്കുന്നുണ്ട്‌. ഹെർമാസ്‌ എന്നു പേരുള്ള ഒരാൾ ഇത്‌ “വളരെ അടുത്തകാലത്ത്‌, ഞങ്ങളുടെ കാലത്ത്‌, റോമാനഗരത്തിൽ”വെച്ച്‌ എഴുതിയതാണെന്നും പറഞ്ഞിരിക്കുന്നു. ഹെർമാസ്‌ ആട്ടിടയൻ എഴുതിത്തീർന്നത്‌ പൊതുയുഗം 140-നും 155-നും ഇടയ്‌ക്കാണെന്നാണു പണ്ഡിതന്മാർ കണക്കാക്കുന്നത്‌. അങ്ങനെ നോക്കുമ്പോൾ ലത്തീനിലുള്ള ഈ മുറേറ്റോറിയൻ ശകലത്തിന്റെ ആദിമ ഗ്രീക്ക്‌ രചന നടന്നത്‌ പൊ.യു. 170-നും 200-നും ഇടയ്‌ക്കാണെന്ന കണക്കുകൂട്ടൽ ശരിയാണെന്നു പറയാൻ കഴിയും.

റോമിനെക്കുറിച്ച്‌ നേരിട്ടും അല്ലാതെയും ഉള്ള പരാമർശം, അത്‌ എഴുതപ്പെട്ടത്‌ ആ നഗരത്തിൽ വെച്ചായിരിക്കാം എന്നതിനു സൂചന തരുന്നു. എന്നാൽ എഴുത്തുകാരൻ ആരാണെന്നതു സംബന്ധിച്ച്‌ തർക്കമുണ്ട്‌. അലക്‌സാൻഡ്രിയയിലെ ക്ലെമന്റ്‌, സർദ്ദിസിലെ മെലിറ്റോ, എഫെസൊസിലെ പോളിക്രേറ്റസ്‌ എന്നീ പേരുകൾ ഇതിന്റെ രചനയോടു ബന്ധപ്പെട്ടു പറഞ്ഞുകേൾക്കുന്നുണ്ട്‌. എന്നിരുന്നാലും മിക്ക പണ്ഡിതന്മാരും നിർദേശിക്കുന്നത്‌ ഹിപോലിറ്റസ്‌ എന്ന പേരാണ്‌. മുറേറ്റോറിയൻ ശകലത്തിന്റെ ഉള്ളടക്ക വിവരങ്ങൾ എഴുതപ്പെട്ടെന്നു കരുതുന്ന കാലഘട്ടത്തിൽ റോമിൽ ജീവിച്ചിരുന്ന, ഗ്രീക്കു ഭാഷയിൽ ധാരാളം രചനകൾ നടത്തിയിട്ടുള്ള ഒരാളായിരുന്നു ഹിപോലിറ്റസ്‌. എഴുതിയത്‌ ആരുമായിക്കൊള്ളട്ടെ അതിന്റെ ഉള്ളടക്കം എന്താണെന്ന്‌ അറിയാനായിരിക്കും നിങ്ങളിപ്പോൾ ആഗ്രഹിക്കുന്നത്‌, അതാണല്ലോ പ്രധാനം.

ഉള്ളടക്കം

ഈ പാഠം ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഭാഗമായ പുസ്‌തകങ്ങളുടെ ഒരു പട്ടിക മാത്രമല്ല. മറിച്ച്‌ പുസ്‌തകങ്ങളെക്കുറിച്ചും അവയുടെ എഴുത്തുകാരെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്‌. നിങ്ങൾ ഈ പാഠം വായിച്ചുനോക്കുന്നെങ്കിൽ കൈയെഴുത്തുപ്രതിയിലെ ആദ്യത്തെ വരികൾ നഷ്ടപ്പെട്ടിരിക്കുന്നതു നിങ്ങളുടെ ശ്രദ്ധയിൽപ്പെടും. അതുപോലെ, വിവരണങ്ങൾക്ക്‌ പൊടുന്നനെ ഒരു വിരാമമിട്ടിരിക്കുന്നതുപോലെ തോന്നുകയും ചെയ്യും. ലൂക്കൊസിന്റെ സുവിശേഷത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ്‌ ഇതിന്റെ തുടക്കം. ഈ ബൈബിൾ പുസ്‌തകത്തിന്റെ എഴുത്തുകാരൻ ഒരു വൈദ്യനായിരുന്നെന്ന്‌ രേഖ പറയുന്നു. (കൊലൊസ്സ്യർ 4:14) കൂടാതെ, ലൂക്കൊസിന്റേത്‌ മൂന്നാമത്തെ സുവിശേഷമായി ഇതു തിരിച്ചറിയിക്കുന്നു. അതുകൊണ്ട്‌ നഷ്ടപ്പെട്ടുപോയിരിക്കുന്ന ആദ്യഭാഗം മത്തായിയുടെയും മർക്കൊസിന്റെയും സുവിശേഷങ്ങളെക്കുറിച്ചുള്ള പരാമർശമായിരിക്കാനാണു സാധ്യത. നിങ്ങളുടെ നിഗമനം അതാണെങ്കിൽ നാലാമത്തേത്‌ യോഹന്നാന്റെ സുവിശേഷമാണെന്നുള്ള വസ്‌തുതയ്‌ക്കും മുറേറ്റോറിയൻ ശകലത്തിൽ നിങ്ങൾക്ക്‌ ആധാരം കണ്ടെത്താൻ കഴിയും.

അപ്പൊസ്‌തലന്മാരുടെ പ്രവൃത്തികൾ എന്ന പുസ്‌തകം എഴുതിയത്‌ ലൂക്കൊസാണെന്നും “ശ്രീമാനായ തെയോഫിലോ”സിന്‌ എഴുതിയതാണെന്നും ഈ ശകലം സാക്ഷ്യപ്പെടുത്തുന്നു. (ലൂക്കൊസ്‌ 1:1-3; പ്രവൃത്തികൾ 1:1) തുടർന്ന്‌ ഈ രേഖ പൗലൊസ്‌ അപ്പൊസ്‌തലന്റെ ലേഖനങ്ങളിലേക്കു കടക്കുന്നു. കൊരിന്ത്യർക്ക്‌ (രണ്ട്‌), എഫെസ്യർക്ക്‌, ഫിലിപ്പിയർക്ക്‌, കൊലൊസ്സ്യർക്ക്‌, ഗലാത്യർക്ക്‌, തെസ്സലൊനീക്യർക്ക്‌ (രണ്ട്‌), റോമർക്ക്‌, ഫിലേമോന്‌, തീത്തൊസിന്‌, തിമൊഥെയൊസിന്‌ (രണ്ട്‌) എന്നിങ്ങനെ അവ പട്ടികപ്പെടുത്തിയിരിക്കുന്നു. യൂദായ്‌ക്കുള്ള ലേഖനവും യോഹന്നാന്റെ രണ്ടു ലേഖനങ്ങളും ദിവ്യനിശ്വസ്‌ത പുസ്‌തകങ്ങളാണെന്നു പ്രസ്‌താവിച്ചിട്ടുണ്ട്‌. യോഹന്നാൻ അപ്പൊസ്‌തലന്റെ ആദ്യത്തെ ലേഖനത്തെ അവന്റെ സുവിശേഷത്തിന്റെ കൂടെയാണ്‌ കണക്കാക്കിയിരിക്കുന്നത്‌ എന്നതിനു സൂചനയുണ്ട്‌. ദിവ്യനിശ്വസ്‌ത ബൈബിൾ പുസ്‌തകങ്ങളുടെ പട്ടികയിൽ അവസാനത്തേത്‌ അപ്പൊക്കാലിപ്‌സ്‌ അഥവാ വെളിപ്പാട്‌ ആണ്‌.

എന്നാൽ ശ്രദ്ധേയമെന്നു പറയട്ടെ, ഈ ശകലത്തിൽ പത്രൊസിന്റെ ഒരു അപ്പൊക്കാലിപ്‌സിനെക്കുറിച്ചു പരാമർശമുണ്ട്‌, പക്ഷേ അത്‌ ക്രിസ്‌ത്യാനികൾ വായിക്കരുതെന്നു ചിലർ കരുതുന്നതായും പറഞ്ഞിട്ടുണ്ട്‌. ഈ ശകലത്തിന്റെ എഴുത്തുകാരൻ തന്റെ കാലത്തു പ്രചാരത്തിലുണ്ടായിരുന്ന വ്യാജ ലേഖനങ്ങളെക്കുറിച്ചു മുന്നറിയിപ്പു തരുന്നുണ്ട്‌. ഈ വ്യാജ കൃതികൾ സ്വീകരിക്കരുതെന്നും “പിത്തരസവും തേനും തമ്മിൽ കൂട്ടിക്കലർത്തുന്നത്‌ നന്നല്ലെന്നും” മുറേറ്റോറിയൻ ശകലം വിശദമാക്കുന്നു. വിശുദ്ധ ലിഖിതങ്ങളിൽപ്പെടുത്താൻ പറ്റാത്ത മറ്റു ലിഖിതങ്ങളെക്കുറിച്ചും ഈ രേഖ പറയുന്നുണ്ട്‌. അതിന്റെ കാരണം അവ എഴുതപ്പെട്ടത്‌ ഹെർമാസിന്റെ ആട്ടിടയൻ എന്ന കൃതിയുടെ കാര്യത്തിലെന്നപോലെ അപ്പൊസ്‌തലന്മാരുടെ കാലത്തിനു ശേഷമായതുകൊണ്ടോ അല്ലെങ്കിൽ പാഷണ്ഡതയെ പിന്താങ്ങുന്നതിനായി എഴുതപ്പെട്ടതുകൊണ്ടോ ആണ്‌.

എന്നാൽ ബൈബിൾ പുസ്‌തകങ്ങളുടെ മേൽപ്പറഞ്ഞ ആധികാരിക നാമാവലിയിൽ എബ്രായർക്കുള്ള ലേഖനം, പത്രൊസിന്റെ രണ്ടു ലേഖനങ്ങൾ, യാക്കോബിന്റെ ലേഖനം എന്നിവയൊന്നും ഉൾപ്പെടുത്തിയിട്ടില്ലല്ലോയെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചുകാണും. എന്നിരുന്നാലും, ഇതു പകർത്തിയെഴുതിയ എഴുത്തുകാരന്റെ കഴിവ്‌ വിശകലനം ചെയ്‌തശേഷം ഡോ. ജോഫ്രി മാർക്ക്‌ ഹോനെമോൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്ന മറ്റു പരാമർശങ്ങൾ പലതും ഈ ശകലത്തിൽ ഉണ്ടായിരുന്നിരിക്കാമെന്നു ചിന്തിക്കുന്നതു ന്യായയുക്തമാണ്‌. യാക്കോബ്‌, എബ്രായർ (1 പത്രൊസ്‌) എന്നിവ അതിൽപ്പെടുന്നതായിരിക്കാം.”​—⁠മുറേറ്റോറിയൻ ശകലവും കാനോൻ രൂപപ്പെട്ട വിധവും (ഇംഗ്ലീഷ്‌).

അതുകൊണ്ട്‌ ഇപ്പോൾ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഭാഗമായി കരുതപ്പെടുന്ന മിക്ക പുസ്‌തകങ്ങളും പൊ.യു. രണ്ടാം നൂറ്റാണ്ടിൽത്തന്നെ കാനോന്റെ ഭാഗമായി കരുതപ്പെട്ടിരുന്നുവെന്ന വസ്‌തുതയ്‌ക്ക്‌ മുറേറ്റോറിയൻ ശകലം അടിവരയിടുന്നു. ബൈബിൾ പുസ്‌തകങ്ങളുടെ കാനോനികത്വം അതായത്‌ ദിവ്യ ഗ്രന്ഥശാലയായ ബൈബിളിന്റെ ഭാഗമായിരിക്കാനുള്ള അവയുടെ അവകാശം ഏതെങ്കിലുമൊരു പുരാതന രേഖയിൽ അവയുടെ പേരുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലല്ല. അവ പരിശുദ്ധാത്മാവിന്റെ ഉത്‌പന്നമാണോ എന്നതിനു തെളിവുനൽകുന്നത്‌ അവയുടെ ഉള്ളടക്കമാണ്‌. അവയെല്ലാം ഗ്രന്ഥകാരനെന്ന നിലയിൽ യഹോവയാം ദൈവത്തിലേക്കു ശ്രദ്ധതിരിക്കുകയും പൂർവാപര യോജിപ്പിൽ ആയിരിക്കുകയും ചെയ്യുന്നു. ബൈബിളിന്റെ ഭാഗമായ 66 കാനോനിക പുസ്‌തകങ്ങളുടെ പരസ്‌പര പൊരുത്തം അവയുടെ ഐക്യത്തിനും അവ സമ്പൂർണമാണ്‌ എന്നതിനും സാക്ഷ്യംനൽകുന്നു. അതുകൊണ്ട്‌ ഈ പുസ്‌തകങ്ങളെ നമ്മുടെ കാലംവരെയും സംരക്ഷിക്കപ്പെട്ട, യഹോവയുടെ വചനമായ നിശ്വസ്‌ത സത്യമെന്ന നിലയിൽ നിങ്ങൾ അംഗീകരിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും പ്രയോജനംനേടും.​—⁠1 തെസ്സലൊനീക്യർ 2:13; 2 തിമൊഥെയൊസ്‌ 3:16, 17.

[13-ാം പേജിലെ ചിത്രം]

ലൂഡോവിക്കോ ആന്റൊണിയോ മുറേറ്റോറി

[14-ാം പേജിലെ ചിത്രം]

ആംബ്രോസിയൻ ലൈബ്രറി

[15-ാം പേജിലെ ചിത്രം]

മുറേറ്റോറിയൻ ശകലം

[കടപ്പാട്‌]

Diritti Biblioteca Ambrosiana. Vietata la riproduzione. Aut. No. F 157 / 05

[13-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ശകലങ്ങൾ: Diritti Biblioteca Ambrosiana. Vietata la riproduzione. Aut. No. F 157 / 05; Muratori, based on line art: © 2005 Brown Brothers