വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൊളീവിയയിലെ ഒറ്റപ്പെട്ട പട്ടണങ്ങൾ സുവാർത്ത കേൾക്കുന്നു

ബൊളീവിയയിലെ ഒറ്റപ്പെട്ട പട്ടണങ്ങൾ സുവാർത്ത കേൾക്കുന്നു

ബൊളീവിയയിലെ ഒറ്റപ്പെട്ട പട്ടണങ്ങൾ സുവാർത്ത കേൾക്കുന്നു

നദിക്കരയിൽ ഞങ്ങൾ ഏകദേശം 20 പേരുണ്ട്‌. കൊച്ചുപട്ടണങ്ങളെ തൊട്ടുതലോടി ഒഴുകുന്ന നദിയിലൂടെ അതിന്റെ മേൽഭാഗത്തേക്കൊരു യാത്ര, അതാണ്‌ ലക്ഷ്യം. ആൻഡീസിന്റെ അടിവാരത്തിലാണു ഞങ്ങളിപ്പോൾ. ബെനിനദി ആമസോൺ നദീതടത്തിന്റെ വിശാല സമതലങ്ങളെ സ്‌പർശിക്കുന്നത്‌ ഇവിടെയാണ്‌. ഇവിടെ പ്രകൃതിയുടെ മുഖം എത്ര സുന്ദരമാണെന്നോ!

ഞങ്ങൾ പക്ഷേ വിനോദസഞ്ചാരികളല്ല കേട്ടോ. ഞങ്ങളിൽ ചിലർ ഇവിടെ റൂറെനാബാക്കിയിൽത്തന്നെയുള്ളവരാണ്‌. വിദൂരനഗരങ്ങളിൽനിന്ന്‌ ഇവിടേക്കു ചേക്കേറിയവരാണു മറ്റു ചിലർ. പൂമരങ്ങളും പുല്ലുമേഞ്ഞ വീടുകളും പ്രശാന്തത നിറഞ്ഞ തെരുവുകളുമൊക്കെയുള്ള ഈ കൊച്ചുപട്ടണം അതിമനോഹരമാണ്‌. വല്ലപ്പോഴും മാത്രം വന്നുപോകുന്ന മോട്ടോർവാഹനങ്ങളാണ്‌ ആകെയുള്ള ശല്യക്കാർ. ആകട്ടെ, ഞങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം എന്താണെന്നു പറഞ്ഞില്ലല്ലോ.

ബൊളീവിയയുടെ മറ്റു പല ഭാഗങ്ങളിലും ക്രമീകരിക്കപ്പെടുന്ന യാത്രകളുടെ ഒരു ചെറിയ പതിപ്പാണ്‌ ഞങ്ങളുടെ ഈ യാത്രയും. നഗരങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമുള്ള യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത കൊച്ചുകൊച്ചു പട്ടണങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്‌.​—⁠മത്തായി 24:⁠14.

തെക്കേ അമേരിക്കയുടെ ഹൃദയഭാഗത്തായാണു ബൊളീവിയയുടെ സ്ഥാനം. ഫ്രാൻസിന്റെ ഇരട്ടി വലുപ്പമുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ പക്ഷേ, അവിടത്തേതിന്റെ ഏകദേശം പത്തിലൊന്നു മാത്രമാണ്‌. ബൊളീവിയയിലെ നിവാസികളിൽ അധികവും അങ്ങ്‌ ഉയരത്തിൽ സ്ഥിതിചെയ്യുന്ന നഗരങ്ങളിലോ ഖനനം നടക്കുന്ന പട്ടണങ്ങളിലോ അല്ലെങ്കിൽ താഴ്‌വാരങ്ങളിലെ കാർഷികകേന്ദ്രങ്ങളിലോ ആണു താമസിക്കുന്നത്‌. ഉഷ്‌ണമേഖലാ നിമ്‌നപ്രദേശങ്ങളിലെ പട്ടണങ്ങൾ വിശാലമായ വനഭൂമിയിൽ ഒറ്റപ്പെട്ടു കിടക്കുന്നു.

1950-കളിലും 1960-കളിലും ബെറ്റി ജാക്‌സൺ, എൽസി മ്യാൻബർഗ്‌, പമല മോസ്‌ലി, ഷാർലൊറ്റ്‌ റ്റോമാഷാഫ്‌സ്‌കി തുടങ്ങിയ ധൈര്യശാലികളായ മിഷനറിമാർ, ഒറ്റപ്പെട്ടു കിടക്കുന്ന പല പട്ടണങ്ങളിലും വേലയ്‌ക്കു നേതൃത്വം വഹിച്ചു. ആത്മാർഥതയുള്ള ആളുകളെ അവർ ബൈബിൾസത്യം പഠിപ്പിച്ചു, ചെറിയ സഭകൾ രൂപീകരിക്കുന്നതിലും സഹായിച്ചു. 1980, 1990 കാലഘട്ടങ്ങളിൽ, പ്രത്യേകിച്ചു നഗരങ്ങളിൽ, യഹോവയുടെ സാക്ഷികളുടെ എണ്ണത്തിൽ ആറിരട്ടി വർധനയുണ്ടായി. ഇന്ന്‌ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സഭകളുണ്ട്‌. അംബരചുംബികളായ ഓഫീസുകളും പ്രൗഢിയുള്ള മണിമാളികകളും വലിയ സൂപ്പർമാർക്കറ്റുകളും ഒക്കെയുള്ള സമ്പദ്‌സമൃദ്ധമായ ജില്ലകളിൽ മാത്രമല്ല സഭകളുള്ളത്‌; ചുടുകട്ടകൾകൊണ്ടു കെട്ടിയെടുത്ത കുടിലുകളും തുറസ്സായ ചന്തകളും വർണാഭമായ നാടൻവസ്‌ത്രങ്ങളണിഞ്ഞു നടക്കുന്ന ആളുകളും ഉള്ള നാട്ടിൻപുറങ്ങളിലും നിങ്ങൾക്കു സഭകൾ കാണാനാകും. എന്നിരുന്നാലും യഹോവയെക്കുറിച്ച്‌ അറിയാൻ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള കൂടുതൽ ആളുകളെ സഹായിക്കുന്നതിന്‌ എന്തു ചെയ്യാൻ കഴിയും?

നഗരത്തിന്റെ സുഖങ്ങൾ ഉപേക്ഷിച്ച്‌

കഴിഞ്ഞ രണ്ടു ദശകങ്ങളായി ബൊളീവിയയിലെ നാട്ടിൻപുറങ്ങളിൽനിന്നും ഖനനം നടക്കുന്ന പട്ടണങ്ങളിൽനിന്നും ആളുകൾ നഗരങ്ങളിലേക്ക്‌ ഒഴുകുകയാണ്‌. വിപരീതദിശയിലുള്ള, അതായത്‌ നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കുള്ള ഒരു മാറ്റം അസാധാരണമായ ഒന്നാണ്‌. ഒരേയൊരു ടെലിഫോൺ, ദിവസം ഏതാനും മണിക്കൂറുകൾമാത്രം സന്ദർശിച്ചു മടങ്ങുന്ന വൈദ്യുതി​—⁠ഇതാണ്‌ ഈ കൊച്ചുപട്ടണങ്ങളിൽ പലതിന്റെയും അവസ്ഥ. ഇവിടെ താമസിക്കുന്ന യഹോവയുടെ സാക്ഷികൾക്ക്‌ തങ്ങളുടെ സഹവിശ്വാസികളെ കാണണമെങ്കിൽ പലപ്പോഴും വാർഷിക കൺവെൻഷനുകൾവരെ കാത്തിരിക്കണം. കൺവെൻഷൻ സ്ഥലങ്ങളിലേക്കുള്ള യാത്രയാകട്ടെ, പൊതുവേ ചെലവേറിയതും ദുർഘടവും ക്ഷീണിപ്പിക്കുന്നതും ആണ്‌. ഇവിടത്തെ സ്‌കൂളുകളാണെങ്കിൽ അടിസ്ഥാന വിദ്യാഭ്യാസം മാത്രമേ നൽകുന്നുള്ളൂ. ആ സ്ഥിതിക്ക്‌, നഗരങ്ങളിൽനിന്ന്‌ ഇവിടങ്ങളിലേക്കു താമസം മാറാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട പലരെയും പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

“ലാപാസ്‌ നഗരത്തിൽ ഒരു ജോലിക്കുള്ള അവസരമുണ്ടായിരുന്നു എനിക്ക്‌,” അടുത്തകാലത്ത്‌ ലൂയിസ്‌ എന്ന വ്യക്തി പറഞ്ഞു. “എന്നാൽ ഏറ്റവും നല്ല പ്രവർത്തനമേഖലയായി എന്നും എന്റെ മാതാപിതാക്കൾ ചൂണ്ടിക്കാണിച്ചുതന്നിരുന്നത്‌ ശിഷ്യരാക്കൽ വേല ആയിരുന്നു. അതുകൊണ്ടുതന്നെ, കുറച്ചുകാലത്തേക്കുള്ള ഒരു കോഴ്‌സിനു ചേർന്നാൽ മതിയെന്നു ഞാൻ തീരുമാനിച്ചു, നിർമാണ പ്രവർത്തനങ്ങളോടു ബന്ധപ്പെട്ട ഒരു കോഴ്‌സിനു ചേരുകയും ചെയ്‌തു. റൂറെനാബാക്കിയിൽ ഒരു അവധിക്കാലം ചെലവഴിക്കവേ, സുവാർത്ത കേൾക്കാനുള്ള ആളുകളുടെ താത്‌പര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. അവിടെ സഹോദരങ്ങളുടെ എണ്ണം തീരെ കുറവാണെന്നു കണ്ടപ്പോൾ ചെന്ന്‌ അവരെ സഹായിക്കണമെന്ന്‌ എനിക്കു തോന്നി. ഇപ്പോൾ എനിക്കിവിടെ 12 ഭവന ബൈബിളധ്യയനങ്ങളുണ്ട്‌. നാലു കുട്ടികളുള്ള ഒരു ചെറുപ്പക്കാരനും ഭാര്യക്കും ഞാൻ അധ്യയനം നടത്തുന്നുണ്ട്‌. അദ്ദേഹം കണക്കറ്റു മദ്യപിക്കുകയും ചൂതാട്ടത്തിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ അതെല്ലാം ഉപേക്ഷിച്ച അദ്ദേഹം യഹോവയെക്കുറിച്ചു താൻ പഠിക്കുന്ന കാര്യങ്ങൾ കൂട്ടുകാരോടു പറയാൻ തുടങ്ങിയിരിക്കുന്നു. അദ്ദേഹം പാഠഭാഗം നന്നായി തയ്യാറാകുന്നു. ചിലപ്പോഴൊക്കെ, മരംവെട്ടാനായി കാട്ടിൽ പോയാൽ മൂന്നോ നാലോ ദിവസം കഴിഞ്ഞേ മടങ്ങിവരാനാകൂ. അപ്പോഴൊക്കെ അദ്ദേഹത്തിനു വലിയ വിഷമമാണ്‌, കാരണം ക്രിസ്‌തീയ പ്രവർത്തനങ്ങൾ ഒന്നും നഷ്ടപ്പെടുത്തുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമല്ല. അവരെല്ലാവരും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതു കാണുമ്പോൾ, ഇവിടെ വരാനായി ഞാൻ ചെയ്‌ത ത്യാഗം തക്കമൂല്യമുള്ളതാണെന്ന്‌ എനിക്കു തോന്നുന്നു.”

ഇനി ഹ്വാനായുടെ കാര്യമെടുക്കുക. ഒറ്റയ്‌ക്കുള്ള മാതാവാണ്‌ അവർ. “ലാപാസിൽ വീട്ടുവേല ചെയ്യുകയായിരുന്നു ഞാൻ. എന്റെ മകൻ കുഞ്ഞായിരുന്നപ്പോൾ ഞാൻ നഗരത്തിൽ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. ഒരിക്കൽ ഞാൻ റൂറെനാബാക്കിയിൽ വരാനിടയായി. ഇങ്ങോട്ടു മാറിത്താമസിച്ചാൽ ശുശ്രൂഷയിൽ എത്രയധികം നേട്ടങ്ങൾ കൈവരിക്കാനാകുമെന്നു ഞാൻ ചിന്തിച്ചു. അങ്ങനെയാണ്‌ ഞങ്ങൾ ഇവിടെയെത്തിയത്‌, എനിക്ക്‌ ഒരു പരിചാരികയുടെ ജോലിയും കിട്ടി. ആദ്യമൊക്കെ, ഇവിടത്തെ ചൂടുള്ള കാലാവസ്ഥയും പ്രാണികളും മറ്റും എനിക്കു വളരെ അസഹ്യമായിത്തോന്നി. പക്ഷേ ഇപ്പോൾ ഏഴു വർഷമായി ഞങ്ങൾ ഇവിടെയാണ്‌. ഓരോ ആഴ്‌ചയും അനേകം ബൈബിളധ്യയനങ്ങൾ നടത്താൻ എനിക്കു കഴിയുന്നുണ്ട്‌. വിദ്യാർഥികളിൽ അനേകരും യോഗങ്ങൾക്കു ഹാജരായിക്കൊണ്ട്‌ വിലമതിപ്പു പ്രകടിപ്പിക്കുന്നു.” പുറപ്പെടാൻ ഒരുങ്ങിനിൽക്കുന്ന ബോട്ടിൽ ഹ്വാനായും മകനുമുണ്ട്‌. നിങ്ങളും ഒപ്പം കൂടിക്കോളൂ.

കൊച്ചുപട്ടണങ്ങളിലേക്ക്‌

ഇരുവശങ്ങളിലും നദിക്ക്‌ അതിരുചമയ്‌ക്കുന്ന പർവതങ്ങൾക്കിടയിലൂടെ ഞങ്ങളുടെ ബോട്ട്‌ മുന്നോട്ടു പായവേ എഞ്ചിന്റെ ശബ്ദം അന്തരീക്ഷത്തെ മുഖരിതമാക്കുന്നു. അതാ, ഒരു കൂട്ടം തത്തകൾ നിറുത്താതെ ചിലയ്‌ക്കുന്നു, ഞങ്ങളുടെ വരവിലുള്ള അനിഷ്ടം പ്രകടിപ്പിക്കുകയാണവർ. പർവതങ്ങളിൽനിന്നുള്ള ചെളിവെള്ളം ഞങ്ങളുടെ ദേഹത്തു വീഴാതിരിക്കാനായി വളരെ വിദഗ്‌ധമായി ബോട്ട്‌ വെട്ടിച്ചുമാറ്റുകയാണ്‌ ഞങ്ങളുടെ ഡ്രൈവർ. ഉച്ചയാകാൻ ഇനിയും സമയമുണ്ട്‌, ഞങ്ങൾ ഒരു കൊച്ചുപട്ടണത്തിൽ എത്തിച്ചേർന്നു. അവിടെ റൂറെനാബാക്കി സഭയിലെ ഒരു മേൽവിചാരകനെ ഞങ്ങൾ കണ്ടുമുട്ടുന്നു. പ്രസംഗിക്കേണ്ട സ്ഥലം അദ്ദേഹം ഞങ്ങളെ കാണിച്ചുതന്നു.

ആളുകൾ അതിഥിപ്രിയത്തോടെ ഞങ്ങളെ സ്വീകരിച്ചിരുത്തുന്നു, ചിലർ മരത്തണലിലും മറ്റുചിലർ മുളകൊണ്ടു പണിത, പനയോല മേഞ്ഞ വീടുകളിലും. അവിടെയതാ, ചെറുപ്പക്കാരായ ഒരു ദമ്പതി മരംകൊണ്ടുണ്ടാക്കിയ ഒരു ചക്കിൽ കരിമ്പ്‌ ആട്ടുന്നു. ചെമ്പുകൊണ്ടുള്ള ഒരു പാത്രത്തിലാണ്‌ കരിമ്പിൻനീര്‌ വന്നുവീഴുന്നത്‌. പിന്നീട്‌, അവർ അതു തിളപ്പിക്കും, കറുത്തിരുണ്ട ശർക്കരപ്പാവായി മാറുന്നതുവരെ. തുടർന്ന്‌ പട്ടണത്തിൽ കൊണ്ടുപോയി വിൽക്കും. അവർ ഞങ്ങളെ വീട്ടിലേക്കു ക്ഷണിക്കുന്നു, ബൈബിളിനെക്കുറിച്ച്‌ അവർക്കു ധാരാളം ചോദ്യങ്ങളുണ്ട്‌.

കൊച്ചുപട്ടണങ്ങൾതോറും പ്രസംഗിച്ചുകൊണ്ട്‌ ഞങ്ങൾ നദിയിലൂടെയുള്ള യാത്ര തുടരുകയാണ്‌. രോഗവും മരണവും നീങ്ങിപ്പോകുന്നതു സംബന്ധിച്ച ബൈബിൾ സന്ദേശം പലരും വളരെ സന്തോഷത്തോടെയാണു കേൾക്കുന്നത്‌. (യെശയ്യാവു 25:8; 33:24) വൈദ്യപരിചരണം പേരിനേയുള്ളൂ ഇവിടെ; മിക്ക കുടുംബങ്ങൾക്കും പറയാനുണ്ട്‌ തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ട, കണ്ണീരിൽ കുതിർന്ന ഒരു കഥ. നട്ടുണ്ടാക്കുന്നതുകൊണ്ട്‌ വയറുനിറയ്‌ക്കാൻ പാടുപെടുന്ന കർഷകരുടെയും മത്സ്യബന്ധനം നടത്തിക്കിട്ടുന്നതുകൊണ്ട്‌ കഷ്ടിച്ചു കഴിഞ്ഞുകൂടുന്ന മുക്കുവരുടെയും ജീവിതം പരിതാപകരമാണ്‌, ജീവിതഭദ്രത എന്നൊന്നില്ല ഇവർക്ക്‌. അതുകൊണ്ടുതന്നെ ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യുന്ന ഒരു ഗവൺമെന്റിനെക്കുറിച്ച്‌ 72-ാം സങ്കീർത്തനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ വാഗ്‌ദാനത്തിൽ പലരും അതീവ താത്‌പര്യം പ്രകടമാക്കുന്നു. പക്ഷേ ഇത്ര ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന താത്‌പര്യക്കാർ ശ്രമംചെയ്‌ത്‌ ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അതുതന്നെയായിരുന്നു എറിക്‌-വിക്കി ദമ്പതിയുടെയും സംശയം. സാന്റാറോസായിൽ മുഴുസമയ സുവിശേഷകരാണ്‌ അവർ​—⁠സാന്റാറോസായിൽനിന്ന്‌ മൂന്നു മണിക്കൂർ വാഹനത്തിൽ യാത്രചെയ്‌താൽ ആമസോൺ നദീതടപ്രദേശത്ത്‌ എത്താം.

താത്‌പര്യക്കാർ വരുമോ?

യു.എ⁠സ്‌.എ.-യിലെ കാലിഫോർണിയയിൽനിന്ന്‌ 12 വർഷം മുമ്പ്‌ ബൊളീവിയയിൽ എത്തിയതാണ്‌ എറിക്കും വിക്കിയും. ഒരു സഞ്ചാര മേൽവിചാരകനാണ്‌ സാന്റാറോസായിലേക്കു മാറുന്നതിനെക്കുറിച്ച്‌ അവരോടു പറഞ്ഞത്‌. “പട്ടണത്തിൽ ആകെയുള്ളത്‌ രണ്ടു ടെലിഫോണാണ്‌, ഇന്റർനെറ്റ്‌ സൗകര്യവുമില്ല,” വിക്കി പറയുന്നു. “വന്യജീവികൾ ധാരാളമുണ്ട്‌ ഇവിടെ. നാട്ടിൻപുറങ്ങളിലേക്ക്‌ മോട്ടോർസൈക്കിളിൽ പോകുമ്പോൾ മിക്കപ്പോഴും ഞങ്ങൾ ചീങ്കണ്ണികളെയും ഒട്ടകപ്പക്ഷികളെയും പെരുമ്പാമ്പുകളെയും കാണാറുണ്ട്‌. ജീവികളെക്കാൾ രസമാണ്‌ പക്ഷേ ഇവിടത്തെ മനുഷ്യരുടെ കാര്യം. ചെറുപ്പക്കാരായ വാക്കാ ദമ്പതിയോടൊപ്പം ഞങ്ങൾ ബൈബിൾ പഠിക്കുന്നുണ്ട്‌. നാല്‌ ചെറിയ കുട്ടികളുണ്ട്‌ ഇവർക്ക്‌. പട്ടണത്തിൽനിന്ന്‌ 26 കിലോമീറ്റർ അകലെയാണ്‌ ഈ കുടുംബം താമസിക്കുന്നത്‌. കുടുംബനാഥൻ ഒരു മദ്യപാനിയായിരുന്നു, പക്ഷേ ഇപ്പോൾ കുടിയൊക്കെ നിറുത്തി. എല്ലാ ആഴ്‌ചയും മുഴുകുടുംബത്തെയും തന്റെ ഇളയ സഹോദരിയെയും കൂട്ടി അദ്ദേഹം രാജ്യഹാളിൽ വരും. ഭാര്യയെയും ഒരു കുട്ടിയെയും അദ്ദേഹം തന്റെ സൈക്കിളിലിരുത്തും. ഒമ്പതു വയസ്സുള്ള മകൻ തന്റെ കുഞ്ഞുപെങ്ങളെയും കൂട്ടി ഒരു സൈക്കിളിൽ, എട്ടു വയസ്സുകാരൻ മറ്റൊരു സൈക്കിളിൽ. 3 മണിക്കൂർ അങ്ങനെ യാത്രചെയ്‌തുവേണം അവർക്കു രാജ്യഹാളിലെത്താൻ.” യഹോവയോടു യഥാർഥ സ്‌നേഹമുള്ള ആ കുടുംബം സഭയുമായി സഹവസിക്കാൻ സകല ശ്രമവും ചെയ്യുന്നു.

സാന്റാറോസായിൽ വെറും 18 മാസംകൊണ്ട്‌ 3 പേർ സ്‌നാപനത്തിനു യോഗ്യത നേടിയിരിക്കുന്നു. പുതിയ രാജ്യഹാളിൽ ഏകദേശം 25 പേർ കൂടിവരുന്നുണ്ട്‌. അനേകർക്കും ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും യഹോവയെ സേവിക്കുന്നതിനു പലർക്കും വലിയ തടസ്സങ്ങൾ മറികടക്കേണ്ടതുണ്ട്‌.

വിവാഹം നിയമപരമാക്കുകയെന്ന വെല്ലുവിളി

ബൊളീവിയ-ബ്രസീൽ അതിർത്തിക്കടുത്തു സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ഒരു പട്ടണത്തിൽ മിഷനറിമാരായി സേവിക്കുകയാണ്‌ മരീന-ഓസ്‌നി ദമ്പതി. ഇവിടെ മിക്കവരും വിവാഹത്തെ ഒരു ആജീവനാന്ത ബന്ധമായി കാണുന്നില്ലെന്ന്‌ ഈ മിഷനറിമാർ പറയുന്നു. ഒരു ഇണയെവിട്ട്‌ മറ്റൊരാളെ തേടിപ്പോകുന്നത്‌ ഒരു പതിവാണിവിടെ. “ആത്മീയ വളർച്ചയ്‌ക്ക്‌ അതൊരു വിലങ്ങുതടിയാണ്‌,” ഓസ്‌നി പറയുന്നു. “യഥാർഥ ക്രിസ്‌ത്യാനികളായിത്തീരുന്നത്‌ ആളുകളെ സംബന്ധിച്ചിടത്തോളം സങ്കീർണവും ചെലവുള്ളതുമായ ഒരു സംഗതിയാണ്‌. ചിലർക്ക്‌ നിലവിലുള്ള ബന്ധങ്ങൾ അവസാനിപ്പിച്ച്‌ നിയമപരമായി വിവാഹിതരാകേണ്ടിവരും. എന്നിരുന്നാലും, വിവാഹം ഉചിതമായി രജിസ്റ്റർ ചെയ്യണമെന്നത്‌ ഒരു തിരുവെഴുത്തു വ്യവസ്ഥയാണെന്നു തിരിച്ചറിഞ്ഞുകൊണ്ട്‌ നിയമനടപടികൾക്ക്‌ ആവശ്യമായ പണം സമ്പാദിക്കാൻ ചിലർ ശരിക്കും കഠിനാധ്വാനം ചെയ്‌തിരിക്കുന്നു.”​—⁠റോമർ 13:​1, 2; എബ്രായർ 13:⁠4.

നോർബെർട്ടോ എന്ന വ്യക്തിയെക്കുറിച്ച്‌ മരീന പറയുന്നതു കേൾക്കൂ. “അദ്ദേഹം പല സ്‌ത്രീകളോടൊപ്പം ജീവിച്ചു. അവസാനം ഒരു ബേക്കറിപ്പണിക്കാരിയോടൊപ്പം കൂടി. അദ്ദേഹത്തെക്കാൾ ഏകദേശം 35 വയസ്സു കുറവായിരുന്നു അവർക്ക്‌. അവരുടെ മകനെ നോർബെർട്ടോ സ്വന്തം മകനായി സ്വീകരിച്ചു. കുട്ടി വളർന്നുവരവേ, അവന്‌ താനൊരു നല്ല മാതൃകയായിരിക്കണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ട്‌ തങ്ങളുടെ ബേക്കറി സന്ദർശിച്ച ഒരു സാക്ഷി സൗജന്യ ഭവന ബൈബിളധ്യയനം വാഗ്‌ദാനം ചെയ്‌തപ്പോൾ, വായിക്കാൻ അറിയില്ലായിരുന്നിട്ടും 70-നുമേൽ പ്രായമുണ്ടായിരുന്ന നോർബെർട്ടോ അതിനു സമ്മതിച്ചു. യഹോവയുടെ വ്യവസ്ഥകളെക്കുറിച്ച്‌ അറിഞ്ഞപ്പോൾ നോർബെർട്ടോയും കൂടെ താമസിച്ചിരുന്ന സ്‌ത്രീയും നിയമപരമായി വിവാഹിതരായി, പിന്നീടവർ സ്‌നാപനമേറ്റു. ആ കുട്ടി വളർന്നപ്പോൾ അവന്റെ രണ്ടാനപ്പൻ ആഗ്രഹിച്ചതുപോലെതന്നെ ഉത്തരവാദിത്വമുള്ള ഒരു ക്രിസ്‌ത്യാനിയായിത്തീർന്നു. നോർബെർട്ടോ വായിക്കാൻ പഠിച്ചു. എന്തിന്‌, അദ്ദേഹം ക്രിസ്‌തീയ യോഗങ്ങളിൽ പ്രസംഗങ്ങൾ നടത്തുകപോലും ചെയ്‌തു. പ്രായാധിക്യത്തിന്റേതായ ബലക്ഷയമുണ്ടെങ്കിലും തീക്ഷ്‌ണതയുള്ള ഒരു സുവാർത്താഘോഷകനാണ്‌ അദ്ദേഹം.”

യഹോവയുടെ ആത്മാവിന്റെ ശക്തിയാൽ

യേശു ആദിമ അനുഗാമികളോട്‌ ഇപ്രകാരം പറഞ്ഞു: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു . . . ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃത്തികൾ 1:⁠8) വിദൂരസ്ഥലങ്ങളിലേക്കു മാറിത്താമസിക്കാൻ ക്രിസ്‌തീയ സ്‌ത്രീകളെയും പുരുഷന്മാരെയും ദൈവാത്മാവ്‌ പ്രചോദിപ്പിക്കുന്നതു കാണുന്നത്‌ എത്ര പ്രോത്സാഹജനകമാണ്‌! ഉദാഹരണത്തിന്‌ 2004-ൽ ഇവിടെ, തീക്ഷ്‌ണതയുള്ള 30 ക്രിസ്‌ത്യാനികൾ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേക പയനിയർമാരായി സേവിക്കുന്നതിനുള്ള താത്‌കാലിക നിയമനം ഏറ്റെടുത്തു. പയനിയർമാരായോ സർക്കിട്ട്‌ മേൽവിചാരകന്മാരായോ ബെഥേലംഗങ്ങളായോ മിഷനറിമാരായോ സേവിക്കുന്നതിനുവേണ്ടി മറ്റു രാജ്യങ്ങളിൽനിന്ന്‌ ബൊളീവിയയിലെത്തിയ ഏകദേശം 180 സഹോദരങ്ങളുടെ മാതൃക അവർ അങ്ങേയറ്റം വിലമതിക്കുന്നു. ബൊളീവിയയിലെ 17,000 വരുന്ന രാജ്യപ്രസാധകർ, ഏകദേശം 22,000 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്‌.

യഹോവയുടെ ആത്മാവിനാൽ വഴിനയിക്കപ്പെടുന്നുവെന്ന അറിവ്‌ ഈ സഹോദരങ്ങൾക്കു വലിയ സന്തോഷം പകരുന്നു. ഉദാഹരണത്തിന്‌ റാബർട്ട്‌-കാത്തി ദമ്പതി കാമിരി പട്ടണത്തിൽ മിഷനറിമാരായി സേവിക്കുന്നതിനുള്ള നിയമനം സ്വീകരിച്ചു. ഒരു നദിയോടു ചേർന്ന്‌ പച്ചപുതച്ചു നിൽക്കുന്ന കൊച്ചുകുന്നുകൾക്കിടയിലായി സ്ഥിതിചെയ്യുന്ന കാമിരി എന്നും ഒറ്റപ്പെട്ടാണുകിടന്നിരുന്നത്‌. “ഞങ്ങൾ കൃത്യസമയത്താണു വന്നതെന്നു തോന്നുന്നു,” റാബർട്ട്‌ പറയുന്നു. “രണ്ടു വർഷംകൊണ്ട്‌ 40-ഓളം പേരാണ്‌ സുവാർത്തയുടെ പ്രസാധകരായിത്തീർന്നത്‌.”

മദ്യപനായ ഒരു ചൂതാട്ടക്കാരൻ ശ്രദ്ധിക്കുന്നു

ബൈബിൾപഠനം ആളുകളിൽ ഉണ്ടാക്കിയ മാറ്റം പല പട്ടണവാസികളിലും മതിപ്പുളവാക്കിയിരിക്കുന്നു. ഉദാഹരണത്തിന്‌ മദ്യപനായ എരീയലിന്റെ കാര്യമെടുക്കുക. ചൂതാട്ടത്തിനു പേരുകേട്ട ആളായിരുന്നെങ്കിലും കുന്നുകൂടിക്കൊണ്ടിരുന്ന കടം, ദാമ്പത്യത്തിലെ അപസ്വരങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പെൺമക്കളെ നന്നായി പരിപാലിക്കാൻ കഴിയുന്നില്ലല്ലോ എന്ന ചിന്തയും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. ഏകദേശം നാലു വർഷം മുമ്പ്‌ ഒരു ദിവസം, മദ്യത്തിന്റെ ലഹരി വിട്ടുമാറാതെ കിടക്കയിൽത്തന്നെ കിടക്കുകയായിരുന്നു എരീയൽ. അപ്പോൾ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു വ്യക്തി അദ്ദേഹത്തെ സന്ദർശിച്ചു. സഹോദരൻ തിരുവെഴുത്തുകൾ വിശദീകരിച്ചു കൊടുത്തപ്പോൾ അതീവ താത്‌പര്യത്തോടെ എരീയൽ ശ്രദ്ധിച്ചു. അധികം കഴിയും മുമ്പേ അദ്ദേഹം സന്തുഷ്ട കുടുംബജീവിതത്തെയും പറുദീസയെയും യഹോവയെ സേവിക്കുന്നതിനെയും കുറിച്ചുള്ള വായനയിൽ മുഴുകി, പിന്നീട്‌ ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്‌തു.

മിഷനറിമാർ കാമിരിയിൽ എത്തിയപ്പോഴേക്കും എരീയലിന്റെ ഭാര്യ ആർമിൻഡയും പഠിക്കാൻ തുടങ്ങിയിരുന്നു, വലിയ താത്‌പര്യത്തോടെ അല്ലായിരുന്നെങ്കിലും. “അദ്ദേഹത്തിന്റെ കുടിയൊന്നു മാറിക്കിട്ടാൻ ഞാനെന്തും ചെയ്യും,” അവൾ പറഞ്ഞു. “പക്ഷേ അതു നടക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്കൊരു പ്രതീക്ഷയുമില്ല.” ബൈബിളധ്യയനം പക്ഷേ അവൾ പ്രതീക്ഷിച്ചതിലും രസകരമായിരുന്നു. ഒരു വർഷത്തിനുള്ളിൽ അവൾ സ്‌നാപനമേൽക്കുകയും കുടുംബാംഗങ്ങളോടു സാക്ഷീകരിക്കുകയും ചെയ്‌തു. പെട്ടെന്നുതന്നെ അവളുടെ ബന്ധുക്കളിൽ പലരും അവരുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു.

എരീയലിന്റെ കാര്യമോ? മദ്യപാനവും പുകവലിയും ചൂതാട്ടവും ഒക്കെ നിറുത്തുന്നത്‌ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായിത്തീർന്ന ഒരു സംഭവം ഉണ്ടായി. സുഹൃത്തുക്കളെയെല്ലാം യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാൻ അദ്ദേഹം ക്ഷണിച്ചു. “വരാത്തവരുമായുള്ള സകല ബന്ധവും ഞാൻ അവസാനിപ്പിക്കും. എന്നാൽ സ്‌മാരകത്തിനു വരുന്നവരോടൊപ്പം ഞാൻ ബൈബിൾ പഠിക്കും,” അതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെ അദ്ദേഹം മൂന്നു ബൈബിളധ്യയനം ആരംഭിച്ചു. സഭയിൽ അംഗമാകുന്നതിനു മുമ്പുതന്നെ എരീയൽ തന്റെ ഒരു ബന്ധുവിന്‌ ബൈബിളധ്യയനം നടത്തിയിരുന്നു. നന്നായി പുരോഗമിച്ച ആ വ്യക്തി എരീയലിനോടൊപ്പംതന്നെ സ്‌നാപനമേറ്റു. “എരീയൽ ഇപ്പോൾ ആ പഴയ ആളേയല്ല” എന്നാണ്‌ ആർമിൻഡയുടെ അഭിപ്രായം.

റാബർട്ട്‌ ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു: “ഏറ്റവും പുതിയ കണക്കനുസരിച്ച്‌, ഈ കുടുംബത്തിലെ 24 പേർ ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌. പത്തുപേർ സ്‌നാപനമേറ്റു. എട്ടുപേർ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായി സേവിക്കുന്നു. അവരുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട്‌ ചിലർ ബൈബിൾ പഠിക്കാൻ തുടങ്ങി. അവർ ഇപ്പോൾ യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌. മൊത്തം ഹാജർ 100-ൽനിന്ന്‌ 190 ആയി വർധിച്ചിരിക്കുന്നു. കാത്തിയും ഞാനുംകൂടെ ഏകദേശം 30 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്‌. അവരെല്ലാവരും യോഗങ്ങൾക്കു ഹാജരാകുന്നുമുണ്ട്‌. ഇവിടെ ആയിരിക്കുന്നതിൽ ഞങ്ങൾക്കു വലിയ സംതൃപ്‌തി തോന്നുന്നു.”

ബൊളീവിയയിലെ ഒറ്റപ്പെട്ട പട്ടണങ്ങളിൽ നാം കാണുന്നത്‌, വെളിപ്പാടു 7-ാം അധ്യായത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ലോകവ്യാപകമായ കൂട്ടിച്ചേർക്കലിന്റെ ഒരു ചെറിയ പതിപ്പു മാത്രമാണ്‌. “കർത്തൃദിവസത്തിൽ” നടക്കുന്ന ഒരു കൂട്ടിച്ചേർക്കലിനെക്കുറിച്ച്‌ അവിടെ പറയുന്നു. അപ്രകാരം കൂട്ടിച്ചേർക്കപ്പെടുന്നവരായിരിക്കും മഹോപദ്രവത്തെ അതിജീവിക്കുക. (വെളിപ്പാടു 1:10; 7:​9-14) മനുഷ്യചരിത്രത്തിൽ ഇന്നോളം സകല രാഷ്‌ട്രങ്ങളിൽനിന്നുമായി ലക്ഷക്കണക്കിനുവരുന്ന ഇത്രയധികം ആളുകൾ ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകരിക്കപ്പെട്ടിട്ടില്ല. ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തി സമീപിച്ചിരിക്കുന്നു എന്നതിന്റെ എത്ര പുളകപ്രദമായ തെളിവ്‌!

[9-ാം പേജിലെ ചിത്രം]

ബെറ്റി ജാക്‌സൺ

[9-ാം പേജിലെ ചിത്രം]

പമല മോസ്‌ലി

[9-ാം പേജിലെ ചിത്രം]

എൽസി മ്യാൻബർഗ്‌

[9-ാം പേജിലെ ചിത്രം]

ഷാർലൊറ്റ്‌ റ്റോമാഷാഫ്‌സ്‌കി, വലത്തേയറ്റത്ത്‌

[10-ാം പേജിലെ ചിത്രം]

കൂടുതൽ രാജ്യപ്രസാധകരെ ആവശ്യമുള്ളിടത്തു സേവിക്കാനായി വന്ന എറിക്കും വിക്കിയും

[10-ാം പേജിലെ ചിത്രം]

ഓരോ ആഴ്‌ചയും 3 മണിക്കൂർ സൈക്കിളിൽ യാത്ര ചെയ്‌താണ്‌ വാക്കാ കുടുംബം രാജ്യഹാളിലെത്തുന്നത്‌

[11-ാം പേജിലെ ചിത്രം]

ബെനിനദിക്കു സമീപമുള്ള പട്ടണത്തിലുള്ളവർ താത്‌പര്യപൂർവം സുവാർത്ത ശ്രദ്ധിക്കുന്നു

[12-ാം പേജിലെ ചിത്രം]

കാമിരിയിൽ മിഷനറിമാരായി സേവിക്കുന്ന റാബർട്ടും കാത്തിയും