വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മത്തായി 5:​22-ൽ ഏതു മൂന്ന്‌ അപകടങ്ങൾക്കെതിരെയാണ്‌ യേശു മുന്നറിയിപ്പു നൽകിയത്‌?

ഗിരിപ്രഭാഷണത്തിൽ യേശു അനുഗാമികൾക്ക്‌ പിൻവരുന്ന ബുദ്ധിയുപദേശം നൽകി: “ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും [“നീതിന്യായ കോടതിയോടു കണക്കുബോധിപ്പിക്കേണ്ടി വരും,” NW]; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ [“പരമോന്നത കോടതിയുടെ,” NW] മുമ്പിൽ നില്‌ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിന്നു [“എരിയുന്ന ഗീഹെന്നയ്‌ക്കു,” NW] യോഗ്യനാകും.”​—⁠മത്തായി 5:⁠22.

പാപത്തിന്റെ ഗൗരവം കൂടുന്നതനുസരിച്ച്‌ ശിക്ഷയുടെ കാഠിന്യവും കൂടുമെന്ന കാര്യം യഹൂദന്മാർക്കു വ്യക്തമാക്കിക്കൊടുക്കാൻ അവർക്കു പരിചിതമായ സംഗതികൾ യേശു ഉപയോഗിച്ചു, നീതിന്യായ കോടതി, പരമോന്നത കോടതി, എരിയുന്ന ഗീഹെന്ന എന്നിങ്ങനെ.

ആദ്യംതന്നെ, സഹോദരനോടു കോപിക്കുന്നവൻ, പുതിയലോക ഭാഷാന്തരത്തിൽ കാണുന്നതുപോലെ ക്രോധം വെച്ചുകൊണ്ടിരിക്കുന്നവൻ, പ്രാദേശിക കോടതിയായ “നീതിന്യായ കോടതി”യോടു കണക്കുബോധിപ്പിക്കേണ്ടിവരുമെന്ന്‌ യേശു പറഞ്ഞു. പരമ്പരാഗതമായി നഗരങ്ങളിൽ സ്ഥിതിചെയ്‌തിരുന്ന ഇത്തരം കോടതികൾ 120-ഓ അതിലധികമോ പുരുഷന്മാർ അടങ്ങിയതായിരുന്നു. (മത്തായി 10:​17, NW; മർക്കൊസ്‌ 13:​9, NW) അത്തരം കോടതികളിലെ ന്യായാധിപന്മാർക്ക്‌, കൊലപാതകം ഉൾപ്പെട്ടിട്ടുള്ള കേസുകളിൽപ്പോലും ന്യായവിധി നടത്തുന്നതിനുള്ള അധികാരം ഉണ്ടായിരുന്നു. (ആവർത്തനപുസ്‌തകം 16:18; 19:12; 21:​1, 2) അങ്ങനെ, തന്റെ സഹോദരനോട്‌ കടുത്ത ക്രോധം വെച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഗുരുതരമായ ഒരു പാപമാണു ചെയ്യുന്നതെന്നു കാണിക്കുകയായിരുന്നു യേശു.

അടുത്തതായി, “സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ” “പരമോന്നത കോടതിയുടെ” “മുമ്പിൽ നിൽക്കേണ്ടിവരും” എന്ന്‌ യേശു പറയുന്നു. “നിസ്സാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന റാക്കാ (NW, അടിക്കുറിപ്പ്‌) എന്ന ഗ്രീക്കുപദത്തിന്റെ അർഥം “വിവരമില്ലാത്തവൻ” അഥവാ “മണ്ടൻ” എന്നാണ്‌. ദ ന്യൂ തായേഴ്‌സ്‌ ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സിക്കൻ ഓഫ്‌ ദ ന്യൂ ടെസ്റ്റമെന്റ്‌ പറയുന്നതനുസരിച്ച്‌ അത്‌ “ക്രിസ്‌തുവിന്റെ കാലത്തെ യഹൂദന്മാർ നിന്ദയെ കുറിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പദം” ആണ്‌. പുച്ഛം നിഴലിക്കുന്ന, അനാദരസൂചകമായ ഒരു വാക്ക്‌ ഉപയോഗിച്ചുകൊണ്ട്‌ തന്റെ സഹോദരനോടു വെറുപ്പു പ്രകടിപ്പിക്കുന്നതിന്റെ ഗൗരവത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുകയാണു യേശു ചെയ്‌തത്‌. അത്തരത്തിലൊരു വാക്ക്‌ ഉപയോഗിക്കുന്ന വ്യക്തി പ്രാദേശിക കോടതിയാലല്ല, പരമോന്നത കോടതിയാൽ അതായത്‌ മുഴുസൻഹെദ്രിമിനാലും ന്യായംവിധിക്കപ്പെടുമെന്നാണ്‌ യേശു പറഞ്ഞത്‌; പ്രായമുള്ള പുരുഷന്മാരും ശാസ്‌ത്രിമാരും ഉൾപ്പെടെ 70 പേരും മഹാപുരോഹിതനും അടങ്ങുന്ന ന്യായാധിപസംഘമാണ്‌ സൻഹെദ്രിം, യെരൂശലേമിലാണ്‌ അതു സ്ഥിതിചെയ്‌തിരുന്നത്‌.​—⁠മർക്കൊസ്‌ 15:⁠1.

അവസാനമായി, ഒരു വ്യക്തി മറ്റൊരുവനെ “മൂഢാ” എന്നു വിളിച്ചാൽ അയാൾ എരിയുന്ന ഗീഹെന്നയ്‌ക്കു യോഗ്യനാകുമെന്നു യേശു വിശദമാക്കി. “ഹിന്നോം താഴ്‌വര” എന്നർഥം വരുന്ന ഗേ ഹിന്നോം എന്നീ എബ്രായ വാക്കുകളിൽനിന്നാണ്‌ “ഗീഹെന്ന” എന്ന പദത്തിന്റെ ഉത്ഭവം. പുരാതന യെരൂശലേമിന്റെ തെക്കുപടിഞ്ഞാറായാണ്‌ ഹിന്നോം താഴ്‌വര സ്ഥിതിചെയ്‌തിരുന്നത്‌. യേശുവിന്റെ നാളിൽ, ഈ താഴ്‌വര ചപ്പുചവറുകളും മറ്റും കത്തിച്ചുകളയുന്ന ഒരു സ്ഥലമായിത്തീർന്നിരുന്നു. മാന്യമായ ശവസംസ്‌കാരത്തിന്‌ അർഹതയില്ലാത്തതായി കണക്കാക്കപ്പെട്ടിരുന്ന ഹീനരായ കുറ്റവാളികളുടെ മൃതദേഹങ്ങളും ഇവിടെ ദഹിപ്പിക്കുമായിരുന്നു. അതുകൊണ്ട്‌ “ഗീഹെന്ന” എന്ന വാക്ക്‌ സമ്പൂർണനാശത്തിന്റെ അനുയോജ്യമായ ഒരു പ്രതീകമായിരുന്നു.

“മൂഢൻ” എന്ന പ്രയോഗം അങ്ങനെയെങ്കിൽ എന്താണ്‌ അർഥമാക്കിയത്‌? “മത്സരമനോഭാവമുള്ള” അഥവാ “ധിക്കാരസ്വഭാവമുള്ള” എന്നർഥം വരുന്ന എബ്രായപദത്തിന്റേതിനു സമാനമായ ധ്വനിയുള്ള ഒരു പദമാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. ഒരു വ്യക്തി ധാർമികമായി വിലകെട്ടവൻ, വിശ്വാസത്യാഗി, ദൈവത്തിനെതിരെ മത്സരിക്കുന്നവൻ ആണെന്നു സൂചിപ്പിക്കുന്ന ഒരു പദമാണ്‌ അത്‌. അതുകൊണ്ട്‌ സഹമനുഷ്യനെ ഇത്തരത്തിലുള്ള ഒരു പദം ഉപയോഗിച്ച്‌ പരാമർശിക്കുന്ന വ്യക്തി, തന്റെ സഹോദരന്‌ ദൈവത്തോടു മത്സരിക്കുന്നവർ അർഹിക്കുന്ന ഒരു ശിക്ഷ അതായത്‌ നിത്യനാശം കിട്ടണമെന്നു പറയുകയായിരിക്കും ചെയ്യുന്നത്‌. ദൈവത്തിന്റെ കാഴ്‌ചപ്പാടിൽനിന്നു നോക്കുമ്പോൾ, മറ്റൊരാൾക്കെതിരെ അത്തരത്തിലുള്ള ഒരു കുറ്റവിധി ഉച്ചരിക്കുന്ന വ്യക്തി തന്നെത്തന്നെ ആ കടുത്ത ശിക്ഷാവിധിക്ക്‌​—⁠നിത്യനാശത്തിന്‌​—⁠അർഹനാക്കുകയാണ്‌.​—⁠ആവർത്തനപുസ്‌തകം 19:​17-19.

അങ്ങനെ, യേശു തന്റെ അനുഗാമികൾക്കായി മോശൈക ന്യായപ്രമാണത്തിൽ ഉൾപ്പെട്ടിരുന്ന തത്ത്വങ്ങളെക്കാൾ ഉന്നതമായ ഒരു നിലവാരം വെക്കുകയായിരുന്നു. ഒരു കൊലപാതകി “നീതിന്യായ കോടതിയോടു കണക്കുബോധിപ്പിക്കേണ്ടി വരും” (NW) എന്ന്‌ ആളുകൾ വിശ്വസിച്ചിരുന്നെങ്കിലും യേശു ഒരു പടികൂടി മുന്നോട്ടുപോയി. സഹോദരങ്ങൾക്കെതിരെ ശത്രുത വെച്ചുകൊണ്ടിരിക്കുന്നതുപോലും ഒഴിവാക്കണമെന്ന്‌ അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു.​—⁠മത്തായി 5:​21, 22.