വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നവോന്മേഷദായകവും പരിപുഷ്ടിപ്പെടുത്തുന്നതുമായ വിനോദം

നവോന്മേഷദായകവും പരിപുഷ്ടിപ്പെടുത്തുന്നതുമായ വിനോദം

നവോന്മേഷദായകവും പരിപുഷ്ടിപ്പെടുത്തുന്നതുമായ വിനോദം

“നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.”​—⁠1 കൊരിന്ത്യർ 10:31.

1, 2. ഉല്ലാസ പ്രവർത്തനങ്ങൾ “ദൈവത്തിന്റെ ദാനം” ആണെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌, എങ്കിൽപ്പോലും ബൈബിൾ വ്യക്തമായ എന്തു മുന്നറിയിപ്പു നൽകുന്നു?

സന്തോഷം പ്രദാനംചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ആഗ്രഹം സ്വാഭാവികമാണ്‌. നാം ജീവിതം ആസ്വദിക്കണമെന്നാണ്‌ ധന്യനായ അഥവാ സന്തുഷ്ടനായ നമ്മുടെ ദൈവത്തിന്റെ ആഗ്രഹവും. അതിനായി അവൻ ധാരാളം കാര്യങ്ങൾ ചെയ്‌തിരിക്കുന്നു. (1 തിമൊഥെയൊസ്‌ 1:11; 6:17) ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇങ്ങനെ എഴുതി: “സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും . . . ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.”​—⁠സഭാപ്രസംഗി 3:12, 13.

2 ഒരുവൻ തന്റെ പ്രയത്‌നഫലം ആസ്വദിച്ചുകൊണ്ടു ചെലവഴിക്കുന്ന സന്തോഷകരമായ അത്തരം അവസരങ്ങൾ നിശ്ചയമായും നവോന്മേഷദായകമാണ്‌​—⁠പ്രത്യേകിച്ച്‌, അതിൽ പങ്കുചേരാൻ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ കൂടെയുള്ളപ്പോൾ. അതു “ദൈവത്തിന്റെ ദാനം” ആണെന്നു കരുതുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ, സ്രഷ്ടാവ്‌ ഈ ദാനം സമൃദ്ധമായി നൽകിത്തന്നിരിക്കുന്നു എന്നത്‌, അനിയന്ത്രിതമായ ഉല്ലാസങ്ങളിൽ ഏർപ്പെടാൻ നമുക്ക്‌ അനുമതി നൽകുന്നില്ല. അമിത മദ്യപാനം, അതിഭക്ഷണം, അധാർമികത എന്നിവയെ ബൈബിൾ കുറ്റംവിധിക്കുകയും അത്തരം കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു മുന്നറിയിക്കുകയും ചെയ്യുന്നു.​—⁠1 കൊരിന്ത്യർ 6:9, 10; സദൃശവാക്യങ്ങൾ 23:20, 21; 1 പത്രൊസ്‌ 4:1-4.

3. ആത്മീയമായി ഉണർന്നിരിക്കാനും യഹോവയുടെ മഹാദിവസം മനസ്സിൽ അടുപ്പിച്ചുനിറുത്താനും നമ്മെ എന്തു സഹായിക്കും?

3 ദുർഘടമായ ഈ അന്ത്യനാളുകളിൽ, ലോകത്തിന്റെ ദുഷിച്ച വഴികൾക്ക്‌ അനുരൂപരാകാതെ സുബോധത്തോടെ ജീവിക്കുകയെന്നത്‌ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം മുമ്പെന്നത്തേതിലും ശക്തമായ ഒരു വെല്ലുവിളി ആയിത്തീർന്നിരിക്കുന്നു. (യോഹന്നാൻ 17:15, 16) മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ ഈ തലമുറയിലെ ആളുകൾ, “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി” അഥവാ ഉല്ലാസപ്രിയരായി തീർന്നിരിക്കുന്നു, “വലിയ കഷ്ടം” തൊട്ടടുത്തെത്തിയിരിക്കുന്നു എന്നതിനുള്ള തെളിവുകൾ അവഗണിക്കുന്ന അളവോളം അവർ ഈ ഗതി പിന്തുടർന്നിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:4, 5; മത്തായി 24:21, 37-39) യേശു തന്റെ അനുഗാമികൾക്ക്‌ ഇങ്ങനെ മുന്നറിയിപ്പു നൽകി: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ്‌ 21:34) ദൈവദാസരായ നാം യേശുവിന്റെ ആ മുന്നറിയിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ദൃഢനിശ്ചയമുള്ളവരാണ്‌. ചുറ്റുമുള്ള അഭക്ത ലോകത്തിലെ ആളുകളിൽനിന്നു വ്യത്യസ്‌തമായി ആത്മീയമായി ഉണർന്നിരിക്കാനും യഹോവയുടെ മഹാദിവസം മനസ്സിൽ അടുപ്പിച്ചുനിറുത്താനും നാം പരിശ്രമിക്കുന്നു.​—⁠സെഫന്യാവു 3:8; ലൂക്കൊസ്‌ 21:36.

4. (എ) പരിപുഷ്ടിപ്പെടുത്തുന്ന വിനോദം കണ്ടെത്തുക പ്രയാസമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) എഫെസ്യർ 5:15, 16-ലെ ഏതു ബുദ്ധിയുപദേശം പിൻപറ്റാൻ നാം ആഗ്രഹിക്കുന്നു?

4 പിശാച്‌ ഈ ലോകത്തിന്റെ ദുഷിച്ച നടപടികളെ അങ്ങേയറ്റം ആകർഷകവും സുലഭവും ആക്കിത്തീർത്തിരിക്കുന്നതിനാൽ അവയിൽനിന്ന്‌ ഒഴിവുള്ളവരായിരിക്കുക എളുപ്പമല്ല. വിനോദം തേടുമ്പോൾ അതു പ്രത്യേകിച്ചും പ്രയാസമാണ്‌. ലോകം വാഗ്‌ദാനം ചെയ്യുന്ന മിക്ക കാര്യങ്ങളും “ജഡമോഹങ്ങളെ” ഉണർത്താൻ രൂപകൽപ്പന ചെയ്യപ്പെട്ടവയാണ്‌. (1 പത്രൊസ്‌ 2:11) ദോഷകരമായ വിനോദങ്ങൾക്കു പൊതുസ്ഥലങ്ങളിൽ യാതൊരു പഞ്ഞവുമില്ല. പ്രസിദ്ധീകരണങ്ങൾ, ടിവി, ഇന്റർനെറ്റ്‌, വീഡിയോകൾ എന്നിവയിലൂടെ നമ്മുടെ വീടുകളിലേക്ക്‌ അതിക്രമിച്ചുകടക്കാനും അവയ്‌ക്കു കഴിയും. അതുകൊണ്ട്‌ ദൈവവചനം ക്രിസ്‌ത്യാനികൾക്ക്‌ ജ്ഞാനപൂർവകമായ ഈ ബുദ്ധിയുപദേശം നൽകുന്നു: “സൂക്ഷ്‌മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്‌കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.” (എഫെസ്യർ 5:15, 16) ഈ ബുദ്ധിയുപദേശം അടുത്തു പിൻപറ്റുന്നെങ്കിൽമാത്രമേ, നാം ദോഷകരമായ വിനോദങ്ങളിൽ ആമഗ്നരാകുകയില്ലെന്നും അങ്ങനെ യഹോവയുമായുള്ള നമ്മുടെ ബന്ധം തകർന്ന്‌ നാം നശിച്ചുപോകുകയില്ലെന്നും ഉറപ്പുവരുത്താൻ നമുക്കു കഴിയൂ!​—⁠യാക്കോബ്‌ 1:14, 15.

5. എന്തു ചെയ്യുന്നതിലൂടെയാണ്‌ നമുക്ക്‌ ഏറ്റവുമധികം നവോന്മേഷം ലഭിക്കുന്നത്‌?

5 ക്രിസ്‌ത്യാനികൾ തിരക്കേറിയ ജീവിതം നയിക്കുന്നവരാണ്‌. അതുകൊണ്ടുതന്നെ ഇടയ്‌ക്കൊക്കെ എന്തെങ്കിലും വിനോദപരിപാടികളിൽ ഏർപ്പെടാൻ സ്വാഭാവികമായും അവർ ആഗ്രഹിക്കുന്നു. എന്തിന്‌, ‘ചിരിക്കാനും’ ‘നൃത്തംചെയ്യാനും’ “ഒരു കാലം” ഉണ്ടെന്ന്‌ സഭാപ്രസംഗി 3:4 പറയുന്നു. അതുകൊണ്ട്‌ വെറും സമയംപാഴാക്കൽ ആയിട്ടല്ല ബൈബിൾ വിനോദത്തെ കണക്കാക്കുന്നത്‌. എന്നിരുന്നാലും, ഉല്ലാസപ്രവർത്തനങ്ങൾ നമുക്കു നവോന്മേഷം പകരുന്നതായിരിക്കണം, നമ്മുടെ ആത്മീയത അപകടത്തിലാക്കുകയോ ആത്മീയപ്രവർത്തനങ്ങൾക്കു വിഘ്‌നം സൃഷ്ടിക്കുകയോ ചെയ്യരുത്‌. കൊടുക്കൽ വർധിച്ച സന്തോഷത്തിനിടയാക്കുന്നെന്ന്‌ പക്വതയുള്ള ക്രിസ്‌ത്യാനികൾ അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നു. യഹോവയുടെ ഇഷ്ടം ചെയ്യുക എന്നതാണ്‌ അവർക്കു ജീവിതത്തിൽ ഏറ്റവും പ്രധാനം. യേശുവിന്റെ മൃദുവായ നുകം ഏറ്റുകൊണ്ട്‌ അവർ യഥാർഥ “ആശ്വാസം” അഥവാ നവോന്മേഷം “കണ്ടെത്തു”കയും ചെയ്യുന്നു.​—⁠മത്തായി 11:29, 30; പ്രവൃത്തികൾ 20:35.

ഉചിതമായ വിനോദം തിരഞ്ഞെടുക്കുന്ന വിധം

6, 7. സ്വീകാര്യവും അസ്വീകാര്യവുമായ വിനോദങ്ങൾ തിരിച്ചറിയാൻ നിങ്ങളെ എന്തു സഹായിക്കും?

6 ഒരു പ്രത്യേക വിനോദം ക്രിസ്‌ത്യാനികൾക്കു യോജിച്ചതാണോയെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പുവരുത്താം? മാതാപിതാക്കൾ മക്കൾക്കു മാർഗനിർദേശം കൊടുക്കുന്നു. കൂടാതെ ആവശ്യമായിവരുമ്പോഴെല്ലാം മൂപ്പന്മാരും സഹായം നൽകുന്നു. എങ്കിൽപ്പോലും, ഒരു പ്രത്യേക പുസ്‌തകമോ സിനിമയോ കളിയോ നൃത്തമോ സംഗീതമോ സ്വീകാര്യമല്ലെന്ന്‌ മറ്റുള്ളവർ നമുക്കു പറഞ്ഞുതരേണ്ട ആവശ്യം ഉണ്ടായിരിക്കരുത്‌. “പ്രായം തികഞ്ഞവർ,” അഥവാ പക്വതയുള്ളവർ “നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരാ”ണെന്ന്‌ പൗലൊസ്‌ പറയുകയുണ്ടായി. (എബ്രായർ 5:14; 1 കൊരിന്ത്യർ 14:20) ആവശ്യമായ മാർഗനിർദേശക തത്ത്വങ്ങൾ ദൈവവചനത്തിലുണ്ട്‌. അതിനാൽ പരിശീലിപ്പിക്കപ്പെട്ട നിങ്ങളുടെ മനസ്സാക്ഷിയുടെ ശബ്ദത്തിനു ശ്രദ്ധകൊടുക്കുന്നപക്ഷം അതു നിങ്ങളെ പിന്തുണയ്‌ക്കും.​—⁠1 തിമൊഥെയൊസ്‌ 1:19.

7 “ഫലംകൊണ്ടല്ലോ വൃക്ഷം അറിയുന്നത്‌” എന്ന്‌ യേശു പ്രസ്‌താവിച്ചു. (മത്തായി 12:33) ഏതെങ്കിലുമൊരു വിനോദപ്രവർത്തനം അക്രമം, അധാർമികത, ആത്മവിദ്യ എന്നിങ്ങനെയുള്ള സംഗതികളിലേക്കു നമ്മെ വശീകരിച്ചുകൊണ്ട്‌ മോശമായ ഫലങ്ങൾ ഉത്‌പാദിപ്പിക്കുന്നെങ്കിൽ നാം അതു നിശ്ചയമായും ഒഴിവാക്കണം. അത്‌ ഒരു വ്യക്തിയുടെ ജീവനോ ആരോഗ്യമോ അപകടത്തിലാക്കുകയോ സാമ്പത്തിക ഞെരുക്കത്തിനോ നിരുത്സാഹത്തിനോ ഇടവരുത്തുകയോ മറ്റുള്ളവരെ ഇടറിക്കുകയോ ചെയ്യുന്നെങ്കിലും അതു നമുക്ക്‌ അസ്വീകാര്യമായിരിക്കും. ഒരു സഹോദരന്റെ മനസ്സാക്ഷി മുറിപ്പെടുത്തുന്നതു പാപമാണെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ നമുക്കു മുന്നറിയിപ്പു നൽകുന്നു. അവൻ ഇങ്ങനെ എഴുതി: “സഹോദരന്മാരുടെ നേരെ പാപം ചെയ്‌തു, അവരുടെ ബലഹീനമനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോൾ നിങ്ങൾ ക്രിസ്‌തുവിനോടു പാപം ചെയ്യുന്നു. ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരു നാളും മാംസം തിന്നുകയില്ല.”​—⁠1 കൊരിന്ത്യർ 8:12, 13.

8. ഇലക്‌ട്രോണിക്‌ ഗെയിമുകളുടെയും വീഡിയോകളുടെയും ഉപയോഗത്തിൽ ഏത്‌ അപകടങ്ങൾ ഉൾപ്പെട്ടിരിക്കുന്നു?

8 ഇലക്‌ട്രോണിക്‌ ഗെയിമുകളും വീഡിയോകളും ഇന്നു വിപണിയിൽ സുലഭമാണ്‌. അവയിൽ ചിലത്‌ ദോഷരഹിതമായ ഉല്ലാസവും നേരമ്പോക്കും പ്രദാനംചെയ്‌തേക്കാമെങ്കിലും, ബൈബിൾ കുറ്റംവിധിക്കുന്ന കാര്യങ്ങളുടെ അളവ്‌ അവയിൽ പൊതുവേ കൂടിവരുകയാണ്‌. ഒരു കമ്പ്യൂട്ടർ ഗെയിമിൽ ഏർപ്പെടുന്നവർക്ക്‌ അതിലെ കഥാപാത്രങ്ങളിലൂടെ മറ്റുള്ളവരെ മുറിവേൽപ്പിച്ചു കൊല്ലുകയോ ധാർമികതയ്‌ക്ക്‌ ഒട്ടും നിരക്കാത്ത വിധത്തിൽ പ്രവർത്തിക്കുകയോ ചെയ്യേണ്ടിവരുമ്പോൾ അതിനെ വെറും നിർദോഷമായ നേരമ്പോക്കായി വീക്ഷിക്കുക അസാധ്യമാണ്‌! “അക്രമം ഇഷ്ടപ്പെടുന്നവനെ” യഹോവ വെറുക്കുന്നു. (സങ്കീർത്തനം 11:​5, പി.ഒ.സി. ബൈബിൾ; സദൃശവാക്യങ്ങൾ 3:31; കൊലൊസ്സ്യർ 3:5, 6) ഒരു കളിയിൽ ഏർപ്പെടുന്നതിലൂടെ അത്യാഗ്രഹവും അക്രമവാസനയും നിങ്ങളിൽ വേരുപിടിക്കുകയോ വൈകാരികമായി നിങ്ങളെ തളർത്തിക്കളയുകയോ നിങ്ങളുടെ വിലയേറിയ സമയം പാഴാകുകയോ ചെയ്യുന്നെങ്കിൽ അതു വരുത്തിവെക്കുന്ന ആത്മീയ ഹാനി തിരിച്ചറിഞ്ഞ്‌ എത്രയും പെട്ടെന്ന്‌ ആവശ്യമായ നടപടികൾ കൈക്കൊള്ളുക.​—⁠മത്തായി 18:8, 9.

വിനോദപരമായ ആവശ്യങ്ങൾ പരിപുഷ്ടിപ്പെടുത്തുന്ന വിധങ്ങളിൽ നിറവേറ്റുന്നു

9, 10. വിനോദത്തിനുള്ള ആവശ്യം നിറവേറ്റാൻ വിവേചനാപൂർവം എന്തു ചെയ്യാൻ കഴിയും?

9 ക്രിസ്‌ത്യാനികൾ ഇങ്ങനെ ചോദിച്ചേക്കാം: “ലോകം വെച്ചുനീട്ടുന്ന മിക്ക കാര്യങ്ങളും ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിലല്ലാത്ത സ്ഥിതിക്ക്‌ സ്വീകാര്യമായ വിനോദം എന്താണ്‌?” സംതൃപ്‌തിദായകമായ വിനോദം കണ്ടെത്തുക സാധ്യമാണ്‌ എന്ന കാര്യത്തിൽ നിങ്ങൾക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും, എന്നാൽ അതിനു ശ്രമവും ദീർഘവീക്ഷണവും ആസൂത്രണവും ആവശ്യമാണ്‌, പ്രത്യേകിച്ച്‌ മാതാപിതാക്കളുടെ ഭാഗത്ത്‌. അനേകർ കുടുംബത്തിലും സഭയിലും ഉള്ളവർക്കിടയിൽ സംതൃപ്‌തിദായകമായ ഉല്ലാസം കണ്ടെത്തുന്നു. പകൽ നടന്ന സംഭവങ്ങളെയോ ഒരു ബൈബിൾ വിഷയത്തെയോ കുറിച്ചു സംസാരിച്ചുകൊണ്ട്‌ ഒരുമിച്ചിരുന്ന്‌ സ്വസ്ഥമായി ഭക്ഷണം കഴിക്കുന്നത്‌ ഉല്ലാസപ്രദവും നവോന്മേഷദായകവുമായ അനുഭവമാണ്‌. കൂടാതെ, പിക്‌നിക്കും ഉചിതമായ കളികളും ക്രമീകരിക്കാവുന്നതാണ്‌. ക്രിയാത്മകമായ അത്തരം വിനോദവേളകൾ ഉല്ലാസവും ഉന്മേഷവും പ്രദാനംചെയ്യും.

10 മൂന്നു മക്കളുള്ള ഒരു മൂപ്പനും ഭാര്യയും റിപ്പോർട്ടു ചെയ്യുന്നു: “അവധിക്കാലം ചെലവഴിക്കേണ്ട സ്ഥലം തിരഞ്ഞെടുക്കുന്നതിൽ ചെറുപ്പംമുതൽതന്നെ ഞങ്ങൾ മക്കളെയും ഉൾപ്പെടുത്തുമായിരുന്നു. ചിലപ്പോഴൊക്കെ ഓരോ സുഹൃത്തിനെവീതം ക്ഷണിക്കാൻ അവർ ഓരോരുത്തരെയും ഞങ്ങൾ അനുവദിച്ചിരുന്നു, അത്തരം അവസരങ്ങൾ കൂടുതൽ ആസ്വാദ്യമാക്കാൻ അതു സഹായിച്ചു. എന്നാൽ സുഹൃത്തുക്കൾ നല്ലവരാണെന്ന്‌ ഞങ്ങൾ ഉറപ്പുവരുത്തി. മക്കളുടെ ജീവിതത്തിലെ ചില നിർണായക സംഭവങ്ങൾ ഞങ്ങൾ ആഘോഷിച്ചിരുന്നു. കുടുംബാംഗങ്ങളെയും സഭയിലുള്ള സുഹൃത്തുക്കളെയും ഞങ്ങൾ ഇടയ്‌ക്കിടയ്‌ക്ക്‌ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. കൂടാതെ ഞങ്ങൾ വെളിമ്പ്രദേശങ്ങളിൽ ഭക്ഷണം പാകംചെയ്‌തു കഴിക്കുകയും കളികളിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു. ചിലപ്പോഴൊക്കെ ഞങ്ങൾ പർവതപ്രദേശങ്ങൾ സന്ദർശിച്ച്‌ കുന്നിൻപുറങ്ങളിലൂടെ നടക്കുമായിരുന്നു, യഹോവയുടെ സൃഷ്ടികളെക്കുറിച്ചു പഠിക്കാൻ അത്തരം അവസരങ്ങൾ ഞങ്ങൾ ഉപയോഗപ്പെടുത്തി.”

11, 12. (എ) വിനോദവേളകൾക്കായി ആസൂത്രണം ചെയ്യുമ്പോൾ മറ്റുള്ളവരെ ഉൾപ്പെടുത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? (ബി) ഏതു വിധത്തിലുള്ള കൂടിവരവുകൾ പലർക്കും അവിസ്‌മരണീയ ഓർമകൾ സമ്മാനിച്ചിരിക്കുന്നു?

11 വിനോദവേളകൾ ആസൂത്രണം ചെയ്യുമ്പോൾ മറ്റുള്ളവരെയും അതിൽ ഉൾപ്പെടുത്താൻ തക്കവണ്ണം വ്യക്തിപരമായോ കുടുംബമെന്ന നിലയിലോ വിശാല മനഃസ്ഥിതി പ്രകടിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? വിധവകൾ, ഏകാകികൾ, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിലെ അംഗങ്ങൾ എന്നിങ്ങനെയുള്ള ചിലർക്കു പ്രോത്സാഹനം ആവശ്യമായിരുന്നേക്കാം. (ലൂക്കൊസ്‌ 14:12-14) പുതിയവരായ ചിലരെയും അക്കൂട്ടത്തിൽ ഉൾപ്പെടുത്താൻ നിങ്ങൾക്കു കഴിഞ്ഞേക്കും, എന്നാൽ അതു മറ്റുള്ളവർക്ക്‌ ഒരു ദുഷിച്ച സ്വാധീനം ആയിത്തീരാതിരിക്കാൻ ശ്രദ്ധിക്കണം. (2 തിമൊഥെയൊസ്‌ 2:20, 21) മോശമായ ആരോഗ്യസ്ഥിതി നിമിത്തം യാത്രചെയ്യാൻ കഴിയാത്തവരുണ്ടെങ്കിൽ ഒരു നേരത്തെ ആഹാരവുമായി അവരുടെ വീട്ടിൽച്ചെന്ന്‌ ഒരുമിച്ചിരുന്നു ഭക്ഷിക്കാൻ കഴിഞ്ഞേക്കും.​—⁠എബ്രായർ 13:1, 2.

12 മറ്റുള്ളവർ സാക്ഷികളായിത്തീർന്നതു സംബന്ധിച്ച അനുഭവങ്ങളും ദൈവത്തോടു വിശ്വസ്‌തരായി നിലകൊള്ളാൻ അവരെ സഹായിച്ച കാര്യങ്ങളും കേൾക്കാനും ലഘുഭക്ഷണം ആസ്വദിക്കാനും അവസരമൊരുക്കുന്ന കൂടിവരവുകൾ പലർക്കും അവിസ്‌മരണീയ ഓർമകൾ സമ്മാനിച്ചിരിക്കുന്നു. കുട്ടികൾ ഉൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട്‌ ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യാവുന്നതാണ്‌. ആർക്കും വിഷമമോ അപകർഷബോധമോ തോന്നാതവണ്ണം പ്രയോജനപ്രദവും അന്യോന്യം പ്രോത്സാഹജനകവുമായ ഒരു വിധത്തിൽ ആയിരിക്കണം അതു നിർവഹിക്കേണ്ടത്‌.

13. ആതിഥ്യം സ്വീകരിക്കുകയും നൽകുകയും ചെയ്യുന്നതിൽ യേശുവും പൗലൊസും എങ്ങനെ മാതൃകവെച്ചു?

13 ആതിഥ്യം സ്വീകരിക്കുകയും നൽകുകയും ചെയ്യുന്നതിൽ യേശു മികച്ച മാതൃകവെച്ചു. അത്തരം എല്ലാ സന്ദർഭങ്ങളും മറ്റുള്ളവരുമായി ആത്മീയ കാര്യങ്ങൾ പങ്കുവെക്കാൻ അവൻ വിനിയോഗിച്ചു. (ലൂക്കൊസ്‌ 5:27-39; 10:42; 19:1-10; 24:28-32) അവന്റെ ആദിമ ശിഷ്യർ ആ മാതൃക പിൻപറ്റി. (പ്രവൃത്തികൾ 2:​46, 47) പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്‌കേണ്ടതിന്നു, അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്‌ഛിക്കുന്നു.” (റോമർ 1:11, 12) സമാനമായി, നമ്മുടെ കൂടിവരവുകളും പ്രോത്സാഹന കൈമാറ്റത്തിനു കളമൊരുക്കണം.​—⁠റോമർ 12:13; 15:1, 2.

ചില ഓർമിപ്പിക്കലുകളും മുന്നറിയിപ്പുകളും

14. വലിയ സാമൂഹിക കൂടിവരവുകൾ നടത്തുന്നത്‌ അനഭികാമ്യം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 വലിയ സാമൂഹിക കൂടിവരവുകൾ നടത്താതിരിക്കുന്നതാണു നല്ലത്‌, കാരണം അവയ്‌ക്കു മേൽനോട്ടം വഹിക്കുക മിക്കപ്പോഴും പ്രയാസമാണ്‌. ആത്മീയ പ്രവർത്തനങ്ങൾക്കു തടസ്സമാകാത്ത ഒരു സമയത്ത്‌ ഒരു പിക്‌നിക്കിനു പോകാനോ അമിത മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയില്ലാത്ത ഒരു കളിയിൽ ഏർപ്പെടാനോ ഏതാനും ചില കുടുംബങ്ങൾ ഒത്തുകൂടി തീരുമാനിച്ചേക്കാം. സാമൂഹിക കൂടിവരവുകളുടെ സമയത്ത്‌ ഏതാനും മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ പക്വതയുള്ള മറ്റുള്ളവരോ സന്നിഹിതരായിരിക്കുന്നത്‌ ഒരു ആത്മീയ സംരക്ഷണമാണ്‌. അത്‌ അത്തരം സന്ദർഭങ്ങളെ കൂടുതൽ നവോന്മേഷപ്രദമാക്കുകയും ചെയ്യും.

15. കൂടിവരവുകൾ സംഘടിപ്പിക്കുമ്പോൾ ആതിഥേയർ ഉചിതമായ മേൽനോട്ടംവഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 സാമൂഹിക കൂടിവരവുകൾ ആസൂത്രണം ചെയ്യുന്നവർ, അവയ്‌ക്ക്‌ ഉചിതമായ മേൽനോട്ടം ആവശ്യമാണെന്ന കാര്യം വിസ്‌മരിക്കരുത്‌. അതിഥിസത്‌കാരം നിങ്ങൾക്ക്‌ ഇഷ്ടമുള്ള കാര്യമാണെങ്കിലും, നിങ്ങളുടെ ശ്രദ്ധക്കുറവു നിമിത്തം നിങ്ങളുടെ വീട്ടിൽവെച്ചു സംഭവിക്കുന്ന ഒരു കാര്യം ഒരു അതിഥിക്ക്‌ ഇടർച്ചവരുത്തിയെന്നറിഞ്ഞാൽ അതു നിങ്ങളെ ദുഃഖിപ്പിക്കില്ലേ? ആവർത്തനപുസ്‌തകം 22:​8-ലെ തത്ത്വം ഓർക്കുക. ഒരു ഇസ്രായേല്യൻ ഒരു പുതിയ വീടു പണിയുമ്പോൾ, പലപ്പോഴും അതിഥിസത്‌കാരം നടത്തുന്ന സ്ഥലമായ ടെറസിൽ ചുറ്റും കൈമതിൽ കെട്ടണമായിരുന്നു. എന്തുകൊണ്ട്‌? “വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു”തന്നെ. സമാനമായി, കൂടിവരവുകൾ ക്രമീകരിക്കുമ്പോൾ അതിഥികളുടെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തിലുള്ള ആത്മാർഥ താത്‌പര്യത്തോടെ ന്യായമായ നിയന്ത്രണങ്ങൾ വെക്കണം.

16. ഒരു സാമൂഹിക കൂടിവരവിൽ മദ്യം വിളമ്പുന്നപക്ഷം എന്തു ജാഗ്രത പാലിക്കണം?

16 ഒരു സാമൂഹിക കൂടിവരവിൽ മദ്യം വിളമ്പുന്നപക്ഷം വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്‌. അതിഥികൾക്ക്‌ എത്രമാത്രം മദ്യം വിളമ്പുന്നു അല്ലെങ്കിൽ അവർ എത്രമാത്രം കുടിക്കുന്നു എന്നതിനു വ്യക്തിപരമായി മേൽനോട്ടം വഹിക്കാൻ കഴിയുമെങ്കിൽമാത്രമേ മദ്യം വിളമ്പൂ എന്ന്‌ ആതിഥ്യമരുളുന്ന അനേകം ക്രിസ്‌ത്യാനികൾ തീരുമാനിക്കുന്നു. മറ്റുള്ളവരെ ഇടറിക്കുകയോ അമിതമായി മദ്യപിക്കാൻ ആരെയെങ്കിലും പ്രലോഭിപ്പിക്കുകയോ ചെയ്‌തേക്കാവുന്ന യാതൊന്നും അനുവദിക്കരുത്‌. (എഫെസ്യർ 5:18, 19) പല കാരണങ്ങളാൽ, മദ്യം കഴിക്കാതിരിക്കാൻ ചില അതിഥികൾ തീരുമാനിച്ചേക്കാം. പല സ്ഥലങ്ങളിലും, ഒരു നിശ്ചിത പ്രായത്തിനു താഴെയുള്ളവർ മദ്യപിക്കുന്നതു നിയമവിരുദ്ധമാണ്‌. അത്തരം നിയന്ത്രണങ്ങൾ അതിരുകടന്നതായി തോന്നിയേക്കാമെങ്കിലും ക്രിസ്‌ത്യാനികൾ കൈസരുടെ നിയമങ്ങൾ അനുസരിക്കുന്നു.​—⁠റോമർ 13:⁠5.

17. (എ) സാമൂഹിക കൂടിവരവിൽ ഏതുതരം സംഗീതം ഉൾപ്പെടുത്തുന്നുവെന്ന കാര്യത്തിൽ ആതിഥേയൻ ശ്രദ്ധിക്കേണ്ടതു പ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) പരിപാടിയിൽ നൃത്തം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഏതു വിധത്തിൽ മിതത്വം പ്രകടമാക്കണം?

17 സംഗീതമോ നൃത്തമോ മറ്റു വിനോദപരിപാടികളോ ക്രമീകരിക്കുന്നപക്ഷം, അവ ക്രിസ്‌തീയ തത്ത്വങ്ങൾക്കു ചേർച്ചയിൽ ഉള്ളവയാണെന്ന്‌ ആതിഥേയൻ ഉറപ്പുവരുത്തണം. പലർക്കും പലതരത്തിലുള്ള സംഗീതമാണ്‌ ഇഷ്ടം, വൈവിധ്യമാർന്ന തരത്തിലുള്ള സംഗീതം ഇന്നു ലഭ്യവുമാണ്‌. എന്നാൽ അവയിലേറെയും, മത്സരത്തിനും അധാർമികതയ്‌ക്കും അക്രമത്തിനും പ്രചോദനമേകുന്നവയാണ്‌. അതിനാൽ സംഗീതം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ട ആവശ്യമുണ്ട്‌. ലളിതഗാനമാണ്‌ സ്വീകാര്യമായ സംഗീതം എന്നൊന്നുമില്ല. എന്നാൽ അത്‌, കാതടപ്പിക്കുന്ന ശബ്ദവും ഉച്ചത്തിലുള്ള കൊട്ടും സഹിതമുള്ള, അശ്ലീലച്ചുവയുള്ളതോ അധാർമികമോ ആയ സംഗീതമായിരിക്കാനും പാടില്ല. സംഗീതം മിതമായ ശബ്ദത്തിൽ വെക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ചു ഗ്രാഹ്യമില്ലാത്തവരെ സംഗീതത്തിന്റെ ചുമതല ഏൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ലൈംഗികാഭിനിവേശം ഉണർത്തുന്ന വിധത്തിൽ അരക്കെട്ടും മാറും ചലിപ്പിച്ചുകൊണ്ടുള്ള നൃത്തങ്ങൾ വ്യക്തമായും ക്രിസ്‌ത്യാനികൾക്കു സ്വീകാര്യമല്ല.​—⁠1 തിമൊഥെയൊസ്‌ 2:8-10.

18. മക്കൾ പങ്കെടുക്കുന്ന കൂടിവരവുകളുടെ കാര്യത്തിൽ ശ്രദ്ധ പാലിക്കുന്നതിലൂടെ മാതാപിതാക്കൾക്ക്‌ അവരെ എങ്ങനെ സംരക്ഷിക്കാം?

18 പങ്കെടുക്കാൻ മക്കൾക്കു ക്ഷണം ലഭിച്ചിട്ടുള്ള സാമൂഹിക കൂടിവരവുകളിൽ എന്തെല്ലാം പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന്‌ കണ്ടുപിടിക്കാൻ ക്രിസ്‌തീയ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിക്കണം​—⁠മിക്കപ്പോഴും അവരോടൊപ്പം പോകുന്നതും ജ്ഞാനമായിരിക്കും. സങ്കടകരമെന്നു പറയട്ടെ, മേൽനോട്ടം വഹിക്കാൻ ആരുമില്ലാത്തതും കൂടിവരുന്നവരിൽ പലരും അധാർമികതയിലോ മറ്റു മോശമായ പ്രവർത്തനങ്ങളിലോ ഏർപ്പെടാൻ പ്രലോഭിപ്പിക്കപ്പെട്ടിരിക്കുന്നതുമായ പാർട്ടികളിൽ പങ്കെടുക്കാൻ ചില മാതാപിതാക്കൾ മക്കളെ അനുവദിച്ചിരിക്കുന്നു. (എഫെസ്യർ 6:1-4) മക്കൾ കൗമാരത്തിന്റെ അവസാനദശയിൽ എത്തിയവരും ആശ്രയയോഗ്യരെന്നു തെളിയിച്ചിട്ടുള്ളവരും ആണെങ്കിൽപ്പോലും, ‘യൗവനമോഹങ്ങൾ വിട്ടോടാൻ’ അവരെ തുടർന്നും സഹായിക്കേണ്ടതുണ്ട്‌.​—⁠2 തിമൊഥെയൊസ്‌ 2:22.

19. ജീവിതത്തിൽ ‘ഒന്നാമത്‌ അന്വേഷിക്കേണ്ട’തായ കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഏതു യാഥാർഥ്യം നമ്മെ സഹായിക്കും?

19 പരിപുഷ്ടിപ്പെടുത്തുന്നതും നവോന്മേഷപ്രദവുമായ വിനോദവും നേരമ്പോക്കും ഇടയ്‌ക്കൊക്കെ ആസ്വദിക്കുന്നത്‌ ജീവിതത്തിനു നിറംപകരുന്നു. അത്തരം ഉല്ലാസങ്ങൾ യഹോവ നമുക്കു വിലക്കുന്നുമില്ല. എന്നിരുന്നാലും നമുക്കറിയാവുന്നതുപോലെ, സ്വർഗത്തിൽ ആത്മീയ നിക്ഷേപങ്ങൾ സ്വരുക്കൂട്ടാൻ അവ നമ്മെ സഹായിക്കുന്നില്ലെന്നതാണു യാഥാർഥ്യം. (മത്തായി 6:19-21) തിന്നാനും കുടിക്കാനും ഉടുക്കാനുമുള്ള കാര്യങ്ങൾക്കായി “ജാതി”കളെപ്പോലെ വ്യഗ്രതയോടെ “അന്വേഷിക്കുന്ന”തല്ല, മറിച്ച്‌ ദൈവത്തിന്റെ “രാജ്യവും നീതിയും” ഒന്നാമത്‌ “അന്വേഷി”ക്കുന്നതാണ്‌ ജീവിതത്തിൽ പരമപ്രധാനമെന്നു മനസ്സിലാക്കാൻ യേശു തന്റെ ശിഷ്യന്മാരെ സഹായിച്ചു.​—⁠മത്തായി 6:31-34.

20. യഹോവയുടെ വിശ്വസ്‌ത ദാസർക്ക്‌ മഹാദാതാവായ അവനിൽനിന്ന്‌ എന്തു വിശിഷ്ട ദാനങ്ങൾ പ്രതീക്ഷിക്കാം?

20 അതേ, “തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും” നമുക്ക്‌ “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി” ചെയ്യാം. (1 കൊരിന്ത്യർ 10:31) നമുക്കായി അവൻ നൽകിയിരിക്കുന്ന വിശിഷ്ടദാനങ്ങൾ മിതമായ അളവിൽ ആസ്വദിക്കവേ, അതിനെല്ലാം ആ മഹാദാതാവിനു നന്ദി പ്രകാശിപ്പിക്കുകയും ചെയ്യാം. യഹോവ പെട്ടെന്നുതന്നെ കൊണ്ടുവരാനിരിക്കുന്ന പറുദീസാ ഭൂമിയിൽ, ദൈവത്തിന്റെ നീതിയുള്ള നിബന്ധനകൾ പാലിക്കുന്ന ഏവരോടുമൊപ്പം പരിപുഷ്ടിപ്പെടുത്തുന്ന സഹവാസം ആസ്വദിച്ചുകൊണ്ട്‌ അവന്റെ ഔദാര്യം പൂർണമായ അളവിൽ അനുഭവിക്കുന്നതിനുള്ള അനന്തമായ അവസരം നമുക്കുണ്ടായിരിക്കും.​—⁠സങ്കീർത്തനം 145:16; യെശയ്യാവു 25:6; 2 കൊരിന്ത്യർ 7:⁠1.

നിങ്ങൾ ഓർമിക്കുന്നുവോ?

• പരിപുഷ്ടിപ്പെടുത്തുന്ന വിനോദം കണ്ടെത്തുന്നത്‌ ക്രിസ്‌ത്യാനികൾക്ക്‌ ഇന്നു പ്രയാസമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ക്രിസ്‌തീയ കുടുംബങ്ങൾക്കു ചാരിതാർഥ്യം കൈവരുത്തുന്ന ചിലതരം വിനോദങ്ങൾ ഏവ?

• പരിപുഷ്ടിപ്പെടുത്തുന്ന വിനോദം ആസ്വദിക്കവേ ഒരുവൻ ഏത്‌ ഓർമിപ്പിക്കലുകളും മുന്നറിയിപ്പുകളും മനസ്സിൽപ്പിടിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

സത്‌ഫലം ഉളവാക്കുന്ന വിനോദം തിരഞ്ഞെടുക്കുക

[19-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌ത്യാനികൾ ഏതുതരം വിനോദങ്ങൾ ഒഴിവാക്കുന്നു?