വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു നല്ല സുഹൃത്തുക്കളെ വേണോ?

നിങ്ങൾക്കു നല്ല സുഹൃത്തുക്കളെ വേണോ?

നിങ്ങൾക്കു നല്ല സുഹൃത്തുക്കളെ വേണോ?

നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കാൻ ആഗ്രഹമില്ലാത്ത ആരുംതന്നെ കാണില്ല. അടുത്ത സുഹൃത്തുക്കളുമായി അനുഭവങ്ങൾ പങ്കുവെക്കാനാകുന്നത്‌ ജീവിതം ഏറെ ആസ്വാദ്യമാക്കുന്നു. എന്നാൽ യഥാർഥ സുഹൃത്തുക്കളെ നിങ്ങൾക്ക്‌ എങ്ങനെ കണ്ടെത്താം? വിജയപ്രദമായ സകല മനുഷ്യബന്ധങ്ങളുടെയും ആണിക്കല്ല്‌ നിസ്സ്വാർഥ സ്‌നേഹമാണെന്ന്‌ ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ യേശുക്രിസ്‌തു വ്യക്തമാക്കുകയുണ്ടായി. അവൻ ഇപ്രകാരം പഠിപ്പിച്ചു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.” (ലൂക്കൊസ്‌ 6:31) സുവർണ നിയമമെന്നു പൊതുവേ അറിയപ്പെടുന്ന ഈ പ്രസ്‌താവന, സുഹൃത്തുക്കൾ ഉണ്ടായിരിക്കണമെങ്കിൽ നിങ്ങൾ നിസ്സ്വാർഥരും ഉദാരമതികളും ആയിരിക്കണമെന്നു പ്രകടമാക്കുന്നു. ലളിതമായി പറഞ്ഞാൽ, ഒരു സുഹൃത്തുണ്ടായിരിക്കണമെങ്കിൽ നിങ്ങൾതന്നെ ഒരു സുഹൃത്തായിരിക്കണം. എങ്ങനെ?

ഊഷ്‌മളത നിറഞ്ഞ ഒരു അടുത്ത സുഹൃദ്‌ബന്ധം പെട്ടെന്നു പൊട്ടിമുളയ്‌ക്കുന്നതല്ല. സുഹൃത്തുക്കൾ കേവലം പരിചയക്കാരല്ലല്ലോ. നിങ്ങൾക്ക്‌ വൈകാരികമായ അടുപ്പം തോന്നുന്നവരാണ്‌ അവർ. അത്തരം അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിനും നിലനിറുത്തുന്നതിനും ശ്രമം ആവശ്യമാണ്‌. ഒരു സുഹൃദ്‌ബന്ധത്തിൽ നിങ്ങൾ മറ്റേ ആളുടെ ആവശ്യങ്ങൾ മിക്കപ്പോഴും നിങ്ങളുടേതിനു മുകളിൽ പ്രതിഷ്‌ഠിക്കേണ്ടിവരും. സന്തോഷം മാത്രമല്ല സന്താപവും പങ്കിടുന്നവരാണ്‌ സുഹൃത്തുക്കൾ.

സഹായം ആവശ്യമുള്ള ഒരു വ്യക്തിക്ക്‌ പ്രത്യേകാൽ വൈകാരികവും പ്രായോഗികവുമായ പിന്തുണ നൽകിക്കൊണ്ട്‌ നിങ്ങൾക്ക്‌ യഥാർഥ സൗഹൃദം പ്രകടിപ്പിക്കാവുന്നതാണ്‌. സദൃശവാക്യങ്ങൾ 17:17 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.” സുഹൃദ്‌ബന്ധം ചില കുടുംബബന്ധങ്ങളെക്കാൾപോലും ശക്തമായിരിക്കാം. “സ്‌നേഹിതരെന്നു നടിക്കുന്ന സ്‌നേഹിതരുണ്ട്‌; എന്നാൽ, സഹോദരനെക്കാൾ പറ്റിച്ചേർന്നു നില്‌ക്കുന്ന സ്‌നേഹിതനുമുണ്ട്‌” എന്ന്‌ സദൃശവാക്യങ്ങൾ 18:24 [ഓശാന ബൈബിൾ] പറയുന്നു. അത്തരത്തിലുള്ള അടുത്ത സുഹൃദ്‌ബന്ധം എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾക്കു താത്‌പര്യമുണ്ടോ? പരസ്‌പരം സ്‌നേഹിക്കുന്നവരെന്നു പേരുകേട്ട ഒരു കൂട്ടത്തിന്റെ ഭാഗമായിത്തീരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (യോഹന്നാൻ 13:35) എങ്കിൽ യഥാർഥ സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താമെന്നു നിങ്ങളോടു പറയാൻ നിങ്ങളുടെ പ്രദേശത്തുതന്നെയുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌.