വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ബാക്കികൂടെ പറയൂ!”

“ബാക്കികൂടെ പറയൂ!”

“ബാക്കികൂടെ പറയൂ!”

റഷ്യയിലെ നിസ്‌ലോബ്‌നായയിലെ ഒരു ഹൈസ്‌കൂളിലുള്ള ഒരു കൂട്ടം വിദ്യാർഥികൾ സാഹിത്യ ക്ലാസ്സിൽ റഷ്യൻ എഴുത്തുകാരനായ മ്യിഖയിൽ ബൂൾഗാകഫിന്റെ കൃതികൾ പഠിക്കുകയായിരുന്നു. അവയുടെ കൂട്ടത്തിൽ യേശുക്രിസ്‌തുവിനെ മോശമായി വർണിക്കുകയും അതേസമയം സാത്താനെ ഒരു ഹീറോയായി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു നോവലുണ്ടായിരുന്നു. ക്ലാസ്സിലെ ചർച്ചയ്‌ക്കുശേഷം, ഈ നോവലിന്റെ അടിസ്ഥാനത്തിലുള്ള ഒരു എഴുത്തുപരീക്ഷ നടത്താൻ അധ്യാപിക തീരുമാനിച്ചു. എന്നാൽ, യഹോവയുടെ സാക്ഷികളിൽ ഒരുവനായ 16 വയസ്സുള്ള അൻഡ്രേ, ഇതുപോലുള്ള സാഹിത്യം പഠിക്കാൻ മനസ്സാക്ഷി അനുവദിക്കാത്തതിനാൽ ഈ പരീക്ഷയിൽനിന്ന്‌ തന്നെ ഒഴിവാക്കണമെന്ന്‌ അധ്യാപികയോടു താഴ്‌മയോടെ ആവശ്യപ്പെട്ടു. അതിനു പകരമായി, താൻ യേശുക്രിസ്‌തുവിനെ വീക്ഷിക്കുന്ന വിധം വ്യക്തമാക്കുന്ന ഒരു ഉപന്യാസം എഴുതാമെന്ന്‌ അവൻ അധ്യാപികയോടു പറഞ്ഞു. അവർ അതു സമ്മതിച്ചു.

മറ്റുള്ളവരുടെ അഭിപ്രായത്തെ താൻ മാനിക്കുന്നെങ്കിലും യേശുവിനെക്കുറിച്ചു പഠിക്കാനുള്ള ഏറ്റവും നല്ല വിധം നാലു സുവിശേഷങ്ങളിൽ ഏതെങ്കിലുമൊന്നു വായിക്കുന്നതാണെന്നു താൻ മനസ്സിലാക്കുന്നതായി ഉപന്യാസത്തിൽ അവൻ വിശദീകരിച്ചു. അങ്ങനെ ചെയ്യുന്നതു മുഖാന്തരം “ദൃക്‌സാക്ഷിവിവരണങ്ങളുടെ അടിസ്ഥാനത്തിൽ യേശുവിന്റെ ജീവിതത്തെയും പഠിപ്പിക്കലുകളെയും കുറിച്ചു മനസ്സിലാക്കാൻ നിങ്ങൾക്കു സാധിക്കും.” അൻഡ്രേ തുടർന്ന്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “സാത്താനെ എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നതാണു പരിചിന്തനീയമായ മറ്റൊരു കാര്യം. സാത്താനെ ഒരു ഹീറോയായി ചിത്രീകരിക്കുന്ന ഒരു പുസ്‌തകം ചിലരെ രസിപ്പിച്ചേക്കാം. എന്നാൽ എന്റെ കാര്യത്തിൽ അങ്ങനെയല്ല.” ദൈവത്തിൽനിന്ന്‌ അകന്നുപോയ, മനുഷ്യവർഗത്തിന്മേൽ ദുഷ്ടതയും കഷ്ടപ്പാടും ദുരിതവും വരുത്തിവെക്കുന്ന ശക്തനായ ഒരു ദുഷ്ടാത്മ ജീവിയാണ്‌ വാസ്‌തവത്തിൽ സാത്താൻ എന്ന്‌ അവൻ വിശദീകരിച്ചു. അതിന്റെ ഉപസംഹാരം ഇങ്ങനെയായിരുന്നു: “ഈ നോവൽ വായിക്കുന്നത്‌ എനിക്കു ഗുണം ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക്‌ ബൂൾഗാകഫിനോടു വിരോധമൊന്നുമില്ല. പക്ഷേ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള ചരിത്രസത്യം മനസ്സിലാക്കാൻ ഞാൻ ബൈബിളേ വായിക്കുകയുള്ളൂ.”

അധ്യാപികയ്‌ക്ക്‌ ആ ഉപന്യാസം വളരെ ഇഷ്ടമായതിനാൽ യേശുക്രിസ്‌തുവിനെക്കുറിച്ച്‌ ഒരു റിപ്പോർട്ട്‌ തയ്യാറാക്കാമോയെന്ന്‌ അവർ അൻഡ്രേയോടു ചോദിച്ചു. അവൻ ഉടനടി സമ്മതിച്ചു. അടുത്ത സാഹിത്യ ക്ലാസ്സിൽ അവൻ തന്റെ റിപ്പോർട്ട്‌ മുഴു വിദ്യാർഥികളുടെയും മുമ്പാകെ വായിച്ചു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ യേശുവാണെന്നു താൻ വിശ്വസിക്കുന്നതിന്റെ കാരണം അവൻ വിശദീകരിച്ചു. തുടർന്ന്‌ ബൈബിളിലെ മത്തായി എന്ന പുസ്‌തകത്തിൽനിന്നും യേശുവിന്റെ മരണത്തെക്കുറിച്ചു പറയുന്ന ഒരധ്യായം അവൻ വായിച്ചു. അനുവദിച്ചിരുന്ന സമയം തീരാറായതിനാൽ, അൻഡ്രേ തന്റെ റിപ്പോർട്ട്‌ ഉപസംഹരിക്കാൻ ആഗ്രഹിച്ചു. പക്ഷേ, സഹപാഠികൾ പിൻവരുംവിധം ചോദിച്ചുകൊണ്ടിരുന്നു: “ബാക്കികൂടെ പറയൂ! പിന്നെ എന്താണ്‌ നടന്നത്‌?” അതുകൊണ്ട്‌ അവൻ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണം തുടർന്നു വായിച്ചു.

അൻഡ്രേ റിപ്പോർട്ട്‌ അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ, സഹപാഠികൾ യേശുവിനെയും യഹോവയെയുംകുറിച്ച്‌ നിരവധി ചോദ്യങ്ങൾ അവനോടു ചോദിച്ചു. അൻഡ്രേ പറയുന്നു: “ജ്ഞാനത്തിനുവേണ്ടി ഞാൻ യഹോവയോടു പ്രാർഥിച്ചിരുന്നു, അവൻ എനിക്കതു നൽകി. അവരുടെ മുഴു ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ എനിക്കു കഴിഞ്ഞു!” ക്ലാസ്സ്‌ അവസാനിച്ചശേഷം അവൻ തന്റെ അധ്യാപികയ്‌ക്ക്‌ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ * എന്ന പുസ്‌തകം നൽകി, അവർ അത്‌ അതീവ താത്‌പര്യത്തോടെ സ്വീകരിച്ചു. അൻഡ്രേ ഇങ്ങനെ പറഞ്ഞു: “ആ റിപ്പോർട്ടിന്‌ അധ്യാപിക നല്ല മാർക്കു നൽകുകയും സ്വന്തം ബോധ്യങ്ങൾ ഉള്ളതിലും അതേക്കുറിച്ച്‌ ലജ്ജിക്കാത്തതിലും എന്നെ അഭിനന്ദിക്കുകയും ചെയ്‌തു. ഞാൻ വിശ്വസിക്കുന്ന ചില കാര്യങ്ങളോട്‌ താൻ യോജിക്കുന്നുവെന്നും അധ്യാപിക പറഞ്ഞു.”

യഹോവയെയും പുത്രനായ യേശുക്രിസ്‌തുവിനെയും അപമാനിക്കുന്ന വിവരങ്ങൾ വായിക്കാതിരുന്നുകൊണ്ട്‌ തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി പിൻപറ്റാൻ തീരുമാനിച്ചതിൽ അൻഡ്രേയ്‌ക്കു സന്തോഷമുണ്ട്‌. അത്തരമൊരു നിലപാട്‌ അവനെ തിരുവെഴുത്തുവിരുദ്ധ വീക്ഷണങ്ങളിൽനിന്നു സംരക്ഷിച്ചുവെന്നു മാത്രമല്ല മറ്റുള്ളവരോട്‌ ജീവത്‌പ്രധാനമായ ബൈബിൾ സത്യങ്ങൾ പങ്കുവെക്കാനുള്ള ഉത്തമ അവസരം അവനു തുറന്നുകൊടുക്കുകയും ചെയ്‌തു.

[അടിക്കുറിപ്പ്‌]

^ ഖ. 5 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.