വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ ക്രിസ്‌ത്യാനികൾ ആരാണ്‌ ?

യഥാർഥ ക്രിസ്‌ത്യാനികൾ ആരാണ്‌ ?

യഥാർഥ ക്രിസ്‌ത്യാനികൾ ആരാണ്‌ ?

“യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവ്‌ ആളുകളുടെ പഠിപ്പിക്കലിലും പ്രവർത്തനത്തിലും പ്രഭാവം ചെലുത്തുന്നിടത്തു മാത്രമേ ക്രിസ്‌ത്യാനിത്വം കുടികൊള്ളുന്നുള്ളൂ.” (ഒരു ക്രിസ്‌ത്യാനി ആയിരിക്കുന്നതിനെക്കുറിച്ച്‌ [ഇംഗ്ലീഷ്‌]). ഈ വാക്കുകളിലൂടെ സ്വിസ്സ്‌ ദൈവശാസ്‌ത്രജ്ഞനായ ഹാൻസ്‌ ക്യൂങ്‌ സുവ്യക്തമായ ഒരു സത്യം പ്രസ്‌താവിച്ചു: ആത്മാർഥരായ വ്യക്തികൾ യേശുവിന്റെ ഉപദേശങ്ങൾ പ്രാവർത്തികമാക്കുന്നിടത്തു മാത്രമേ യഥാർഥ ക്രിസ്‌ത്യാനിത്വം കുടികൊള്ളുന്നുള്ളൂ.

അങ്ങനെയെങ്കിൽ, ക്രിസ്‌തുവിനെ അനുഗമിക്കുന്നെന്ന്‌ അവകാശപ്പെടുകയും വാസ്‌തവത്തിൽ യേശുവിന്റെ ഉപദേശങ്ങൾ പിൻപറ്റാതിരിക്കയും ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിച്ചെന്ത്‌? അനേകരും തങ്ങൾ ക്രിസ്‌ത്യാനികളാണെന്ന്‌ അവകാശപ്പെടുമെന്ന്‌ യേശുതന്നെ പറഞ്ഞു. അവർ അവനെ സേവിച്ചിരുന്നുവെന്നു സമർഥിക്കാൻ പല പ്രവർത്തനങ്ങളിലേക്കും വിരൽചൂണ്ടിക്കൊണ്ട്‌ ഇപ്രകാരം പറയും: “നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്‌തില്ലയോ?” എന്നാൽ യേശു എങ്ങനെ പ്രതികരിക്കും? യേശുവിന്റെ പിൻവരുന്ന ശക്തമായ വാക്കുകൾ അവന്റെ ന്യായവിധി എന്തായിരിക്കുമെന്ന്‌ വ്യക്തമാക്കുന്നു: “ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ.”​—മത്തായി 7:​22, 23.

യേശുവിനെ അനുഗമിക്കുന്നു എന്നു അവകാശപ്പെടുന്ന “അധർമ്മം പ്രവർത്തിക്കുന്നവ”ർക്കുള്ള എത്ര ശക്തമായ മുന്നറിയിപ്പ്‌! അധർമം പ്രവർത്തിക്കുന്നവരായി തള്ളിക്കളയപ്പെടുന്നതിനു പകരം, യഥാർഥ ക്രിസ്‌ത്യാനികളായി അംഗീകരിക്കപ്പെടുവാൻ യേശു വെക്കുന്ന രണ്ടു മുഖ്യ നിബന്ധനകൾ പരിചിന്തിക്കുക.

“നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ”

യേശു വെക്കുന്ന ഒരു നിബന്ധന ഇതാണ്‌: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന്‌ എല്ലാവരും അറിയും.”​—യോഹന്നാൻ 13:​34, 35.

പരസ്‌പരവും ശേഷം മനുഷ്യവർഗത്തോടും യഥാർഥ സ്‌നേഹം ഉണ്ടായിരിക്കാൻ യേശു തന്റെ അനുഗാമികളോട്‌ ആവശ്യപ്പെടുന്നു. യേശു ഭൂമിയിൽ ജീവിച്ചിരുന്നതിനെത്തുടർന്നുള്ള നൂറ്റാണ്ടുകളിൽ ക്രിസ്‌ത്യാനികളായ പല വ്യക്തികളും ഈ നിബന്ധനയ്‌ക്കൊത്തു ജീവിച്ചിട്ടുണ്ട്‌. എന്നാൽ ക്രിസ്‌തുവിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന്‌ അവകാശപ്പെട്ടിരിക്കുന്ന ഭൂരിഭാഗം മതസംഘടനകളെയും സംബന്ധിച്ചെന്ത്‌? സ്‌നേഹം എന്നത്‌ അവരുടെ ഒരു സവിശേഷതയായിരുന്നിട്ടുണ്ടോ? തീർച്ചയായും ചരിത്രം അങ്ങനെ സൂചിപ്പിക്കുന്നില്ല. മറിച്ച്‌, നിഷ്‌കളങ്ക രക്തം ചൊരിയപ്പെട്ട എണ്ണമറ്റ യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും മുന്നണിയിൽത്തന്നെ അവർ ഉണ്ടായിരുന്നു.​—⁠വെളിപ്പാടു 18:24.

ഈ ആധുനിക കാലം വരെയും അതു സത്യമായിരിക്കുന്നു. ക്രിസ്‌തീയമെന്ന്‌ അവകാശപ്പെടുന്ന രാഷ്‌ട്രങ്ങളാണ്‌ ഇരുപതാം നൂറ്റാണ്ടിലെ രണ്ടു ലോകയുദ്ധങ്ങളുടെയും സവിശേഷതയായ കൂട്ടക്കൊലയിൽ നേതൃത്വം വഹിച്ചത്‌. കുറെക്കൂടെ അടുത്തകാലത്ത്‌, ക്രിസ്‌തീയ സഭകളെന്ന്‌ വിളിക്കപ്പെടുന്നവയിലെ അംഗങ്ങളാണ്‌ റുവാണ്ടയിൽ 1994-ൽ നടമാടിയ നിഷ്‌ഠൂരമായ കൊടുംക്രൂരതകൾക്കും വംശഹത്യക്കുള്ള ഉദ്യമങ്ങൾക്കും മുൻനിരയിൽ നിന്നത്‌. “രക്തദാഹംപൂണ്ട്‌ പരസ്‌പരം ഏറ്റുമുട്ടിയവർ . . . ഒരേ മതവിശ്വാസത്തെ പിന്തുണച്ചവരാണ്‌. അധികവും ക്രിസ്‌ത്യാനികൾ ആയിരുന്നു” എന്ന്‌ മുൻ ആംഗ്ലിക്കൻ ആർച്ചുബിഷപ്പായ ഡെസ്‌മൊൺഡ്‌ ടൂട്ടൂ എഴുതുന്നു.

“എന്റെ വചനത്തിൽ നിലനില്‌ക്കുന്നു എങ്കിൽ”

യഥാർഥ ക്രിസ്‌ത്യാനിത്വം പാലിക്കേണ്ട രണ്ടാമത്തെ മുഖ്യ നിബന്ധന ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു പ്രഖ്യാപിച്ചു: “എന്റെ വചനത്തിൽ നിലനില്‌ക്കുന്നു എങ്കിൽ നിങ്ങൾ വാസ്‌തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”​—യോഹന്നാൻ 8:​31, 32.

അവന്റെ വചനത്തിൽ നിലനിൽക്കാനാണ്‌ യേശു തന്റെ അനുഗാമികളിൽനിന്നു പ്രതീക്ഷിക്കുന്നത്‌, അതായത്‌ അവന്റെ ഉപദേശങ്ങളോടു പറ്റിനിൽക്കാൻ. എന്നാൽ ക്രിസ്‌തുവിനെ അനുഗമിക്കുന്നെന്ന്‌ അവകാശപ്പെടുന്ന മതോപദേഷ്ടാക്കൾ “ഗ്രീക്കു സങ്കൽപ്പങ്ങൾ ധാരാളമായി സ്വീകരിച്ചിരിക്കുന്നു” എന്ന്‌ ദൈവശാസ്‌ത്രജ്ഞനായ ക്യൂങ്‌ പ്രസ്‌താവിക്കുന്നു. അവർ യേശുവിന്റെ ഉപദേശങ്ങളെ നീക്കി തത്‌സ്ഥാനത്ത്‌ ആത്മാവിന്റെ അമർത്യത, ശുദ്ധീകരണസ്ഥലത്തിലുള്ള വിശ്വാസം, മറിയ ആരാധന, വൈദികവർഗം, മുതലായ പല ആശയങ്ങളും പ്രതിഷ്‌ഠിച്ചിരിക്കുന്നു. പുറജാതീയ മതങ്ങളിൽനിന്നും തത്ത്വചിന്തകരിൽനിന്നും കടമെടുത്ത ആശയങ്ങളാണിവ.​—⁠1 കൊരിന്ത്യർ 1:19-21; 3:18-20.

യേശു ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്ത ഒരു സ്ഥാനത്തേക്ക്‌ അവനെ ഉയർത്തുന്ന ദുർഗ്രഹമായ ത്രിത്വോപദേശവും മതോപദേഷ്ടാക്കൾ അവതരിപ്പിച്ചു. തത്‌ഫലമായി, യേശു എല്ലായ്‌പോഴും ശ്രദ്ധതിരിച്ചുവിട്ടിട്ടുള്ള ഒരുവനെ​—⁠അവന്റെ പിതാവായ യഹോവയെ—ആരാധിക്കുന്നതിൽനിന്ന്‌ അവർ ആളുകളെ വ്യതിചലിപ്പിച്ചിരിക്കുന്നു. (മത്തായി 5:16; 6:9; യോഹന്നാൻ 14:28; 20:17) “യേശു ദൈവത്തെപ്പറ്റി സംസാരിക്കുമ്പോൾ അർഥമാക്കുന്നത്‌ ഗോത്രപിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെയും പുരാതന ദൈവമായ യാഹ്‌വേയെ ആണ്‌ . . . , അവനെ സംബന്ധിച്ചിടത്തോളം യാഹ്‌വേയാണ്‌ ഒരേയൊരു ദൈവം,” ഹാൻസ്‌ ക്യൂങ്‌ എഴുതുന്നു. ഇന്ന്‌ എത്രപേർ യേശുവിന്റെ ദൈവവും പിതാവും ആയവനെ യാഹ്‌വേയുമായി​—⁠അല്ലെങ്കിൽ മലയാളത്തിൽ സാധാരണ എഴുതുന്നപ്രകാരം ‘യഹോവ’യുമായി​—⁠പെട്ടെന്ന്‌ ബന്ധപ്പെടുത്തും?

രാഷ്‌ട്രീയ കാര്യാദികളിൽ നിഷ്‌പക്ഷരായി നിലകൊള്ളാനുള്ള യേശുവിന്റെ കൽപ്പന മതനേതാക്കന്മാർ പാടേ അവഗണിച്ചിരിക്കുന്നു. യേശുവിന്റെ നാളിൽ “വംശീയ ദേശീയത്വത്തിന്റെ സിരാകേന്ദ്രം ആയിരുന്നു” ഗലീല എന്ന്‌ എഴുത്തുകാരനായ ട്രെവർ മോറോ പ്രസ്‌താവിക്കുന്നു. മത-രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടുന്നതിനായി പല യഹൂദ ദേശസ്‌നേഹികളും ആയുധങ്ങൾ കൈയിലെടുത്തു. യേശു തന്റെ ശിഷ്യന്മാരോട്‌ അത്തരം പോരാട്ടങ്ങളിൽ ഏർപ്പെടാൻ പറഞ്ഞോ? ഇല്ല. മറിച്ച്‌, ‘നിങ്ങൾ ലോകക്കാരല്ല’ അഥവാ ലോകത്തിന്റെ ഭാഗമല്ല എന്നാണ്‌ അവൻ പറഞ്ഞത്‌. (യോഹന്നാൻ 15:19; 17:14) എന്നാൽ നിഷ്‌പക്ഷരായി നിലകൊള്ളുന്നതിനു പകരം ഐറിഷ്‌ എഴുത്തുകാരനായ ഹ്യൂബർട്ട്‌ ബട്ട്‌ലർ വർണിക്കുന്ന പ്രകാരം സഭാനേതാക്കന്മാർ “സമരാസക്തവും രാഷ്‌ട്രീയവുമായ സഭോപദേശങ്ങൾ”ക്കു രൂപം നൽകി. അദ്ദേഹം തുടർന്ന്‌ എഴുതുന്നു: “രാഷ്‌ട്രീയ ക്രിസ്‌ത്യാനിത്വം എല്ലായ്‌പോഴുംതന്നെ സൈനിക ചിന്താഗതിയെ തീക്ഷ്‌ണമായി പിന്തുണയ്‌ക്കുന്ന ക്രിസ്‌ത്യാനിത്വം കൂടിയാണ്‌. രാജ്യതന്ത്രജ്ഞരും മതമേധാവികളും ധാരണയിലെത്തുമ്പോഴെല്ലാം, ലഭിക്കുന്ന ചില ആനുകൂല്യങ്ങൾക്കു പകരമായി സഭ രാഷ്‌ട്രത്തിന്റെ സേനയെ അനുഗ്രഹിക്കുന്നു.”

വ്യാജോപദേഷ്ടാക്കൾ യേശുവിനെ നിഷേധിക്കുന്നു

യഥാർഥ ക്രിസ്‌ത്യാനിത്വത്തിൽനിന്നുള്ള ഒരു വീഴ്‌ചയെപ്പറ്റി അപ്പൊസ്‌തലനായ പൗലൊസ്‌ മുന്നറിയിപ്പു നൽകി. തന്റെ മരണശേഷം, ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്നവരുടെ ഇടയിൽനിന്നു വരുന്ന “കൊടിയ ചെന്നായ്‌ക്കൾ . . . ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്‌താവി”ക്കും എന്ന്‌ അവൻ പറഞ്ഞു. (പ്രവൃത്തികൾ 20:​29, 30) “അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും” വാസ്‌തവത്തിൽ അവർ തങ്ങളുടെ “പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു.” (തീത്തൊസ്‌ 1:16) അങ്ങനെതന്നെ അപ്പൊസ്‌തലനായ പത്രൊസും, വ്യാജോപദേഷ്ടാക്കന്മാർ “നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറ”യും എന്നു മുന്നറിയിപ്പു നൽകി. അവരുടെ മോശമായ നടത്ത നിമിത്തം ആളുകൾ “സത്യമാർഗ്ഗം ദുഷി”ച്ചുപറയുമെന്ന്‌ അവൻ പറഞ്ഞു. (2 പത്രൊസ്‌ 2:​1, 2) ഇപ്രകാരം ക്രിസ്‌തുവിനെ തള്ളിപ്പറയുന്നതിന്റെ അർഥം “വിശ്വാസം ത്യജിച്ചും അങ്ങേയറ്റം ദോഷകരമായ ഉപദേശങ്ങൾ പ്രചരിപ്പിച്ചും കൊണ്ട്‌ പിതാവിനെയും പുത്രനെയും നിഷേധിക്കുക” എന്നതാണെന്ന്‌ ഗ്രീക്കു പണ്ഡിതനായ ഡബ്ലിയു. ഇ. വൈൻ പറയുന്നു.

യേശുവിന്റെ ശിഷ്യന്മാരെന്ന്‌ അവകാശപ്പെടുന്നവർ അവന്റെ “വചനത്തിൽ നിലനില്‌ക്കുന്ന”തിലും അവൻ വെച്ച മറ്റു നിബന്ധനകൾ പാലിക്കുന്നതിലും മനപ്പൂർവം പരാജയപ്പെട്ടാൽ യേശു എങ്ങനെ പ്രതികരിക്കും? അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും.” (മത്തായി 10:33) നിസ്സംശയമായും, വിശ്വസ്‌തനായി നിലകൊള്ളാൻ ആത്മാർഥമായി ആഗ്രഹിച്ചിട്ടും തെറ്റുപറ്റുന്ന ഒരു വ്യക്തിയെ യേശു തള്ളിക്കളയുകയില്ല. ഉദാഹരണത്തിന്‌, അപ്പൊസ്‌തലനായ പത്രൊസ്‌ യേശുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞെങ്കിലും പത്രൊസ്‌ അനുതപിക്കുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്‌തു. (മത്തായി 26:69-75) എന്നുവരികിലും, ക്രിസ്‌തുവിനെ അനുഗമിക്കുന്നെന്നു നടിക്കുന്ന, എന്നാൽ മനസ്സോടെയും ശാഠ്യപൂർവവും അവന്റെ ഉപദേശങ്ങളെ തിരസ്‌കരിക്കുന്ന, ആടുകളുടെ വേഷം അണിഞ്ഞ ചെന്നായ്‌ക്കളെപ്പോലെയുള്ള വ്യക്തികളെയും സംഘടനകളെയും യേശു തള്ളിപ്പറയുകതന്നെ ചെയ്യുന്നു. അത്തരം വ്യാജോപദേഷ്ടാക്കളെപ്പറ്റി യേശു പറഞ്ഞു: “അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.”​—⁠മത്തായി 7:15-20.

അപ്പൊസ്‌തലന്മാർ മരിക്കുന്നു, വിശ്വാസത്യാഗം വികാസംപ്രാപിക്കുന്നു

വ്യാജക്രിസ്‌ത്യാനികൾ എന്നാണ്‌ ക്രിസ്‌തുവിനെ തള്ളിപ്പറയാൻ തുടങ്ങിയത്‌? യേശു മരിച്ച്‌ വൈകാതെതന്നെ. യേശു തന്റെ ശുശ്രൂഷക്കാലത്തു നട്ട ‘നല്ല വിത്ത്‌’ ആകുന്ന യഥാർഥ ക്രിസ്‌ത്യാനികളുടെ ഇടയിൽ ക്ഷണത്തിൽ പിശാചായ സാത്താൻ “കള” ആകുന്ന വ്യാജക്രിസ്‌ത്യാനികളെ വിതയ്‌ക്കുമെന്ന്‌ യേശുതന്നെ മുന്നറിയിപ്പുനൽകി. (മത്തായി 13:24, 25, 37-39) തന്റെ കാലത്തുതന്നെ വഞ്ചകരായ ഉപദേഷ്ടാക്കൾ അവരുടെ തൊഴിലിൽ സജീവരാണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ മുന്നറിയിപ്പു നൽകി. യേശുക്രിസ്‌തുവിന്റെ ഉപദേശങ്ങളിൽനിന്നു വ്യതിചലിക്കാനുള്ള മുഖ്യ കാരണം അവർ “സത്യത്തെ” യഥാർഥമായി “സ്‌നേഹി”ക്കാതിരുന്നതാണ്‌ എന്ന്‌ അവൻ പറഞ്ഞു.​—⁠2 തെസ്സലൊനീക്യർ 2:​9, 10​.

യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാർ ജീവിച്ചിരുന്നിടത്തോളം കാലം അവർ ഈ വിശ്വാസത്യാഗത്തിന്‌ ഒരു പ്രതിരോധമായി വർത്തിച്ചു. എന്നാൽ അപ്പൊസ്‌തലന്മാരുടെ മരണശേഷം, ‘വ്യാജമായ സകലശക്തിയും അടയാളങ്ങളും അത്ഭുതങ്ങളും അനീതിയുടെ സകലവഞ്ചനയും’ ഉപയോഗിച്ച്‌ പലരെയും വഴിതെറ്റിച്ചുകൊണ്ടിരുന്ന മതനേതാക്കന്മാർ അധികമധികം പേരെ യേശുവും അവന്റെ അപ്പൊസ്‌തലന്മാരും പഠിപ്പിച്ച സത്യത്തിൽനിന്നു തിരിച്ചുകളഞ്ഞു. (2 തെസ്സലൊനീക്യർ 2:3, 6-12) താമസിയാതെ ആദിമ ക്രിസ്‌തീയ സഭ “യേശുവിനെയും, പൗലൊസിനെയും പോലും അത്ഭുതസ്‌തബ്ധരാക്കുന്ന” ഒരു മത സംഘടനയായി മാറിയെന്ന്‌ ഇംഗ്ലീഷ്‌ തത്ത്വചിന്തകനായ ബർട്രൻഡ്‌ റസ്സൽ എഴുതുന്നു.

യഥാർഥ ക്രിസ്‌ത്യാനിത്വം പുനഃസ്ഥാപിക്കപ്പെടുന്നു

സംഭവിച്ചത്‌ എന്താണെന്നു വ്യക്തമാണ്‌. അപ്പൊസ്‌തലന്മാരുടെ മരണശേഷം ക്രിസ്‌ത്യാനിത്വത്തിന്റെ പേരിൽ നടന്ന ഒട്ടനവധി സംഭവങ്ങളിലും ക്രിസ്‌തു ഉണ്ടായിരുന്നിട്ടില്ല. എന്നാൽ “ലോകാവസാനത്തോളം എല്ലാനാളും” തന്റെ അനുഗാമികളോടുകൂടെ ഉണ്ടായിരിക്കും എന്ന വാഗ്‌ദാനം പാലിക്കാൻ യേശു പരാജയപ്പെട്ടെന്ന്‌ അതർഥമാക്കുന്നില്ല. (മത്തായി 28:20) യേശു ആ വാക്കുകൾ പറഞ്ഞതുമുതൽ “യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവ്‌ [സ്വന്തം] പഠിപ്പിക്കലിലും പ്രവർത്തനത്തിലും പ്രഭാവം ചെലു”ത്താൻ അനുവദിക്കുന്ന വിശ്വസ്‌തരായ വ്യക്തികൾ ഉണ്ടായിരുന്നിട്ടുണ്ടെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവർ സത്യക്രിസ്‌ത്യാനികളുടെ മുഖമുദ്രയായ സ്‌നേഹം പ്രദർശിപ്പിക്കാനും യേശു പഠിപ്പിച്ച സത്യത്തോട്‌ വിശ്വസ്‌തമായി പറ്റിനിൽക്കാനും പ്രയത്‌നിക്കവേ അത്തരത്തിലുള്ളവരെ പിന്തുണയ്‌ക്കുമെന്ന തന്റെ വാഗ്‌ദാനം യേശുക്രിസ്‌തു പാലിച്ചിരിക്കുന്നു.

അതിലുപരിയായി, ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ, വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന ഒരു ക്രിസ്‌തീയ സഭയിലേക്ക്‌ അവൻ തന്റെ വിശ്വസ്‌ത ശിഷ്യന്മാരെ കൂട്ടിച്ചേർക്കുമെന്ന്‌ യേശു വാഗ്‌ദാനം ചെയ്‌തു, തന്റെ ഇഷ്ടം നിറവേറ്റാനായി അവൻ ഉപയോഗിക്കുമായിരുന്ന ഒരു സഭയിലേക്ക്‌. (മത്തായി 24:​14, 45-47) അവൻ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു” സ്‌ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങുന്ന “ഒരു മഹാപുരുഷാര”ത്തെ കൂട്ടിച്ചേർക്കാനായി ഇപ്പോൾ ആ സഭയെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്‌. ‘ഒരിടയന്റെ’ കീഴിലെ “ഒരാട്ടിൻകൂട്ട”മായി അവരെ തന്റെ ശിരഃസ്ഥാനത്തിൻകീഴിൽ അവൻ ഒന്നിപ്പിക്കുകയും ചെയ്യുന്നു.​—⁠വെളിപ്പാടു 7:​9, 14-17; യോഹന്നാൻ 10:16; എഫെസ്യർ 4:11-16.

അതുകൊണ്ട്‌, കഴിഞ്ഞ രണ്ടായിരത്തോളം വർഷങ്ങളായി ക്രിസ്‌തുവിന്റെ പേരിനു കളങ്കംവരുത്തുകയും ക്രിസ്‌ത്യാനിത്വത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തിരിക്കുന്ന ഏതൊരു സ്ഥാപനവും സംഘടനയും ആയുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കുക. അല്ലാത്തപക്ഷം, യേശുക്രിസ്‌തു അപ്പൊസ്‌തലനായ യോഹന്നാനോടു പറഞ്ഞതുപോലെ, ദൈവം സമീപഭാവിയിൽ അവരുടെമേൽ തന്റെ ന്യായവിധി നിർവഹിക്കുമ്പോൾ നിങ്ങളും അവരുടെ “ബാധകളിൽ ഓഹരിക്കാരാ”യേക്കാം. (വെളിപ്പാടു 1:1; 18:4, 5) “അന്ത്യകാലത്തു” ദിവ്യ നിർദേശങ്ങൾക്കു ചെവികൊടുക്കുകയും പുനഃസ്ഥാപിക്കപ്പെട്ട നിർമലാരാധനയാകുന്ന “അവന്റെ പാതകളിൽ നടക്കയും ചെയ്യും” എന്ന്‌ മീഖാ പ്രവാചകൻ പറഞ്ഞ സത്യാരാധകരോടൊപ്പം​—⁠സത്യക്രിസ്‌ത്യാനിത്വത്തെ പിന്തുണയ്‌ക്കുന്നവരോടൊപ്പം​—⁠ആയിരിക്കാൻ ദൃഢനിശ്ചയം ചെയ്യുക. (മീഖാ 4:1-4) ആ സത്യാരാധകരെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിന്‌ ഈ മാസികയുടെ പ്രസാധകർ സന്തോഷമുള്ളവർ ആയിരിക്കും.

[5-ാം പേജിലെ ചിത്രങ്ങൾ]

യഥാർഥ ക്രിസ്‌ത്യാനികൾ യുദ്ധത്തിൽ ഏർപ്പെടാത്തത്‌ എന്തുകൊണ്ട്‌?

[കടപ്പാട്‌]

Soldiers, left: U.S. National Archives photo; flamethrower, right: U.S. Army Photo

[7-ാം പേജിലെ ചിത്രം]

“തമ്മിൽ തമ്മിൽ സ്‌നേഹം” ഉണ്ടായിരി ക്കണം എന്നതും “എന്റെ വചനത്തിൽ നിലനില്‌ക്ക”ണം എന്നതും യഥാർഥ ക്രിസ്‌ത്യാനികൾക്കായി യേശു വെച്ച മുഖ്യ നിബന്ധനകളാണ്‌