വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്യഭാഷാ സഭയോടൊത്തു സേവിക്കൽ

അന്യഭാഷാ സഭയോടൊത്തു സേവിക്കൽ

അന്യഭാഷാ സഭയോടൊത്തു സേവിക്കൽ

അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.” (വെളിപ്പാടു 14:6) ഈ പ്രാവചനിക ദർശനത്തിന്റെ നിവൃത്തിയെന്ന നിലയിൽ ലോകവ്യാപകമായി വ്യത്യസ്‌ത ഭാഷകളിൽ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ ഭാഷകളിൽ അനേകവും തങ്ങളുടെ മാതൃദേശത്തുനിന്ന്‌ അകലെ താമസിക്കുന്ന കുടിയേറ്റക്കാരുടേതാണ്‌. അവരും തങ്ങളുടേതല്ലാത്ത ഒരു ഭാഷ പഠിച്ചിരിക്കുന്ന യഹോവയുടെ സാക്ഷികളിൽനിന്ന്‌ സുവാർത്ത കേട്ടുകൊണ്ടിരിക്കുന്നു.

ഒരു അന്യഭാഷാസഭയോടൊത്തു സേവിക്കുന്ന സാക്ഷിയാണോ നിങ്ങൾ? അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുകയാണോ? നിങ്ങളുടെ ശ്രമം വിജയിക്കുന്നതിന്‌ നിസ്സ്വാർഥമായ ആന്തരവും ശരിയായ മനോഭാവവും ആവശ്യമാണ്‌. നിങ്ങളുടെ ലക്ഷ്യം ദൈവവചനത്തിൽനിന്നുള്ള സത്യം പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുക എന്നതായതിനാൽ ഏറ്റവും നല്ല ആന്തരമാണ്‌ നിങ്ങൾക്കുള്ളത്‌, അതായത്‌ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്‌നേഹം. (മത്തായി 22:37-39; 1 കൊരിന്ത്യർ 13:1) മറ്റൊരു രാജ്യക്കാരോടോ കൂട്ടത്തോടോ ഒപ്പം സഹവാസം, ഭക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങൾ കേവലം ആസ്വദിക്കുക എന്നതിലുപരി ദൈവത്തെക്കുറിച്ച്‌ അറിയാൻ അവരെ സഹായിക്കാനുള്ള ആഗ്രഹമായിരിക്കണം ഏറെ ശക്തമായ പ്രേരകഘടകമായി വർത്തിക്കേണ്ടത്‌. മറ്റൊരു ഭാഷ പഠിക്കുക എന്നത്‌ അസാധ്യമാണെന്നു തോന്നുന്നുണ്ടോ? എങ്കിൽ ശരിയായ വീക്ഷണം ഉണ്ടായിരിക്കുന്നത്‌ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും. “നിങ്ങളെ അധൈര്യപ്പെടുത്താൻ ഭാഷയെ ഒരിക്കലും അനുവദിക്കരുത്‌” എന്നു ജാപ്പനീസ്‌ ഭാഷ പഠിച്ച ജെയിംസ്‌ പറയുന്നു. നിങ്ങൾക്കു മുമ്പ്‌ പലരും അതിൽ വിജയിച്ചിട്ടുണ്ടെന്ന തിരിച്ചറിവ്‌ ശ്രമം തുടരാനും ക്രിയാത്മകമായ ഒരു മനോഭാവം നിലനിറുത്താനും നിങ്ങളെ സഹായിക്കും. എന്നാൽ എങ്ങനെയാണ്‌ ഒരു പുതിയ ഭാഷ പഠിക്കാനാകുക? പ്രസ്‌തുത ഭാഷ ഉപയോഗിക്കുന്ന സഭയുമായി പൊരുത്തപ്പെട്ടുപോകാൻ നിങ്ങളെ എന്തു സഹായിക്കും? ആത്മീയ ബലം നിലനിറുത്താൻ നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

ഭാഷ വശമാക്കൽ

ഒരു ഭാഷ പഠിക്കാൻ നിരവധി മാർഗങ്ങളുണ്ട്‌. ഇക്കാര്യത്തിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഇഷ്ടങ്ങൾ വ്യത്യസ്‌തമായിരുന്നേക്കാം. എന്നാൽ മിക്ക വിദ്യാർഥികളുടെയും കാര്യത്തിൽ, യോഗ്യനായ ഒരു അധ്യാപകന്റെ ഏതാനും ക്ലാസ്സുകളിൽ സംബന്ധിക്കുന്നത്‌ വേഗത്തിലും എളുപ്പത്തിലും പഠിക്കുന്നതിനു സഹായിക്കും. പുതിയ ഭാഷയിലുള്ള ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുന്നതും ലഭ്യമായ റെക്കോർഡിങ്ങുകളൊക്കെ ശ്രദ്ധിക്കുന്നതും നിങ്ങളുടെ പദസമ്പത്തു വർധിപ്പിക്കുകയും ദിവ്യാധിപത്യ പദപ്രയോഗങ്ങൾ സംബന്ധിച്ച നിങ്ങളുടെ അറിവു വിശാലമാക്കുകയും ചെയ്യും. ഭാഷയും സംസ്‌കാരവുമായി പരിചയത്തിലാകാൻ നല്ലനല്ല ടിവി, വീഡിയോ പരിപാടികളും നിങ്ങളെ സഹായിക്കും. പഠിക്കുന്ന സമയത്തിന്റെ ദൈർഘ്യത്തിന്റെ കാര്യത്തിൽ, വല്ലപ്പോഴും ദീർഘനേരമിരുന്നു ധാരാളം പഠിക്കുന്നതിനെക്കാൾ ദിവസവും അൽപ്പാൽപ്പം പഠിക്കുന്നതാണ്‌ ഏറെ ഫലപ്രദം.

ഭാഷാപഠനം നീന്തൽ പഠിക്കുന്നതുപോലെയാണ്‌. ഒരു പുസ്‌തകം വായിച്ചതുകൊണ്ടുമാത്രം നിങ്ങൾക്കു നീന്തൽ പഠിക്കാനാവില്ല. മറിച്ച്‌, വെള്ളത്തിൽ ഇറങ്ങി കൈകാലുകൾ ചലിപ്പിക്കേണ്ടതുണ്ട്‌. ഭാഷ പഠിക്കുന്ന കാര്യത്തിലും ഇതു സത്യമാണ്‌. പുസ്‌തകങ്ങളുടെ സഹായത്താൽ മാത്രമുള്ള ഭാഷാപഠനംകൊണ്ടു ഭാഷയെ മെരുക്കാനാവില്ല. സാധ്യമാകുമ്പോഴെല്ലാം നിങ്ങൾ ആളുകളുമായി ആശയവിനിമയം നടത്തണം. അതായത്‌, അവരുടെ സംഭാഷണം ശ്രദ്ധിക്കുകയും അവരുമായി ഇടപഴകുകയും അവരോടു സംസാരിക്കുകയും വേണം. ഇതിനെല്ലാം പറ്റിയ അവസരങ്ങളാണ്‌ ക്രിസ്‌തീയ പ്രവർത്തനങ്ങൾ തുറന്നുതരുന്നത്‌. വയൽ ശുശ്രൂഷയിൽ ആയിരിക്കെ, പഠിച്ച കാര്യങ്ങൾ ഉടൻതന്നെ ഉപയുക്തമാക്കാൻ നിങ്ങൾക്കു സാധിച്ചേക്കും. ചൈനീസ്‌ പഠിച്ചുകൊണ്ടിരിക്കുന്ന മീഡോറി ഇങ്ങനെ പറയുന്നു: “അതു ഭയപ്പെടുത്തുന്ന ഒരു കാര്യമായി നമുക്കു തോന്നിയേക്കാമെങ്കിലും സാക്ഷികൾ നല്ല ശ്രമം നടത്തുന്നതായി വീട്ടുകാരൻ ശ്രദ്ധിക്കാൻ ഇടയാകുന്നു. ഇത്‌ നമ്മുടെ ദൂത്‌ ശ്രദ്ധിക്കാൻ അവരെ പ്രചോദിപ്പിച്ചേക്കാം. ‘നിങ്ങളെ കണ്ടതിൽ സന്തോഷം’ എന്ന്‌ അവരുടെ ഭാഷയിൽ പറയുകയേ വേണ്ടൂ, നിങ്ങളോട്‌ സംസാരിക്കാനുള്ള മനസ്സൊരുക്കം അവരുടെ മുഖത്തു പ്രകടമാകും!”

ക്രിസ്‌തീയ യോഗങ്ങളും നല്ലൊരു സഹായമാണ്‌. ഓരോ യോഗത്തിലും ഒരു ഉത്തരമെങ്കിലും പറയാൻ ശ്രമിക്കുക. തുടക്കത്തിൽ അത്‌ എത്രമാത്രം സംഭ്രമജനകമായിരുന്നാലും വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ശ്രമം വിജയിച്ചുകാണാനാണു സഭാംഗങ്ങൾ ആഗ്രഹിക്കുന്നത്‌! കൊറിയൻ ഭാഷ പഠിച്ചുകൊണ്ടിരിക്കുന്ന മോണിഫ പറയുന്നു: “യോഗസമയത്ത്‌ എന്റെ അടുത്തുവന്നിരുന്ന്‌ ചില വാക്കുകളുടെ അർഥം എഴുതിത്തരുന്ന സഹോദരിയോട്‌ എനിക്കു വളരെ നന്ദിയുണ്ട്‌. സ്‌നേഹത്തോടെയും ക്ഷമയോടെയുമുള്ള അവരുടെ പിന്തുണ എനിക്കു ശരിക്കും ഒരു സഹായമാണ്‌.” പദസമ്പത്തു വർധിക്കുന്നതോടെ നിങ്ങൾക്കു പുതിയ ഭാഷയിൽ ചിന്തിച്ചുതുടങ്ങാവുന്നതാണ്‌. അതിനർഥം, ഓരോ വാക്കും മനസ്സിൽ പരിഭാഷ ചെയ്യുന്നതിനു പകരം അവ എന്തിനെ പ്രതിനിധീകരിക്കുന്നുവോ അവയുമായി നേരിട്ടു ബന്ധപ്പെടുത്തുക എന്നാണ്‌.

ഭാഷയോടനുബന്ധിച്ചുള്ള നിങ്ങളുടെ പ്രഥമലക്ഷ്യം ‘തെളിവായ വാക്ക്‌ ഉച്ചരിക്കുക’ എന്നതായിരിക്കണം. (1 കൊരിന്ത്യർ 14:8-11) ആളുകൾ നിങ്ങളുടെ ശ്രമം മനസ്സിലാക്കുമെങ്കിലും തെറ്റുകളും ഉച്ചാരണവൈകല്യങ്ങളും സന്ദേശത്തിൽനിന്ന്‌ അവരുടെ ശ്രദ്ധ തിരിച്ചുകളഞ്ഞേക്കാം. തുടക്കംമുതൽ ശരിയായ ഉച്ചാരണത്തിനും വ്യാകരണത്തിനും ശ്രദ്ധ നൽകിയാൽ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ള മോശമായ ശീലങ്ങൾ നിങ്ങൾ വളർത്തിയെടുക്കുകയില്ല. സ്വാഹിലി ഭാഷ പഠിച്ച മാർക്ക്‌ ഈ നിർദേശം നൽകുന്നു: “നിങ്ങളുടെ ഏറ്റവും മോശമായ തെറ്റുകൾ തിരുത്തിത്തരാൻ ഭാഷ നന്നായി അറിയാവുന്നരോടു ചോദിക്കുകയും അവരോട്‌ അതിനു നന്ദി പറയുകയും ചെയ്യുക.” എന്നിരുന്നാലും ഇങ്ങനെ നിങ്ങളെ സഹായിക്കുന്നവർ ചെലവിടുന്ന സമയവും ഊർജവും സംബന്ധിച്ചു ചിന്തയുള്ളവരായിരിക്കുക. നിങ്ങളുടെ നോട്ടുകൾ പരിശോധിക്കാൻ ആരോടെങ്കിലും ആവശ്യപ്പെടാമെങ്കിലും, നിങ്ങൾക്ക്‌ അറിയാവുന്നതോ അർഥം ഉറപ്പുവരുത്തിയിട്ടുള്ളതോ ആയ വാക്കുകൾ മാത്രം ഉപയോഗിച്ചു പ്രസംഗങ്ങളും ഉത്തരങ്ങളും തയ്യാറാക്കാൻ ശ്രമിക്കുക. ഇത്‌ പഠനപ്രക്രിയയുടെ വേഗം വർധിപ്പിക്കുകയും ആത്മവിശ്വാസത്തോടെ സംസാരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

പുരോഗമിച്ചുകൊണ്ടിരിക്കുക

മോണിഫ പറയുന്നു: “മറ്റൊരു ഭാഷ പഠിക്കുക എന്നതാണ്‌ ഞാൻ ചെയ്‌തിട്ടുള്ള ഏറ്റവും വിഷമംപിടിച്ച പണി. ശ്രമം ഉപേക്ഷിച്ചാലോ എന്ന്‌ എനിക്കു ചിലപ്പോഴൊക്കെ തോന്നിപ്പോയിട്ടുണ്ട്‌. എന്നാൽ എന്റെ ലളിതമായ കൊറിയൻ ഭാഷയിൽ ആഴമേറിയ ആത്മീയ സത്യങ്ങൾ കേൾക്കുന്നത്‌ ബൈബിൾ വിദ്യാർഥിക്ക്‌ എത്രമാത്രം ഇഷ്ടമാണെന്നും ഞാൻ കുറച്ചെങ്കിലും പുരോഗമിക്കുമ്പോൾ സഹോദരങ്ങൾ എത്ര സന്തോഷിക്കുന്നുവെന്നും ഞാൻ ഓർക്കാറുണ്ട്‌.” അതിന്റെ അർഥം, ശ്രമം പെട്ടെന്ന്‌ ഉപേക്ഷിച്ചുകളയരുതെന്നാണ്‌. ജീവദായകമായ തിരുവെഴുത്തുസത്യം മറ്റുള്ളവരെ പഠിപ്പിക്കാൻ പ്രാപ്‌തരായിത്തീരുക എന്നതാണ്‌ നിങ്ങളുടെ ലക്ഷ്യം. (1 കൊരിന്ത്യർ 2:10) അതിനാൽ ദീർഘകാലത്തെ, ശ്രദ്ധയോടെയുള്ള ശ്രമമുണ്ടെങ്കിൽ മാത്രമേ മറ്റൊരു ഭാഷയിൽ ബൈബിൾ പഠിപ്പിക്കാൻ നിങ്ങൾക്കു കഴിയുകയുള്ളൂ. പുരോഗമിച്ചുകൊണ്ടിരിക്കവേ, മറ്റുള്ളവരുമായി നിങ്ങളെ വിപരീത താരതമ്യം ചെയ്യാതിരിക്കുക. പുതിയ ഭാഷ പഠിക്കുന്നവരുടെ പുരോഗതി വ്യത്യസ്‌ത തോതിലും വേഗതയിലുമാണ്‌. എന്നാൽ സ്വന്തം പുരോഗതിയെക്കുറിച്ചു ചിന്തയുള്ളവരായിരിക്കുന്നതു ഗുണകരമാണ്‌. (ഗലാത്യർ 6:4) ചൈനീസ്‌ പഠിച്ച ജൂൺ ഇങ്ങനെ പറയുന്നു: “ഭാഷാപഠനം ഏറെയും ഗോവണിപ്പടികൾ കയറുന്നതുപോലെയാണ്‌. പുരോഗമിക്കുന്നില്ലെന്നു തോന്നുമ്പോൾപ്പോലും നിങ്ങൾ പുരോഗമിച്ചിരിക്കുന്നതായി പെട്ടെന്നുതന്നെ തിരിച്ചറിയും.”

പുതിയ ഭാഷ പഠിക്കുക എന്നത്‌ ഒരു ആജീവനാന്ത ഉദ്യമമാണ്‌. അക്കാരണത്താൽ അതിൽ ആസ്വാദനം കണ്ടെത്തുക, ഒരിക്കലും പൂർണത പ്രതീക്ഷിക്കരുത്‌. (സങ്കീർത്തനം 100:2) തെറ്റുകൾ ഉണ്ടാകും. അവ പഠനത്തിന്റെ ഭാഗമാണ്‌. ഇറ്റാലിയനിൽ സുവാർത്ത പ്രസംഗിക്കാൻ ശ്രമിച്ചപ്പോൾ ഒരു ക്രിസ്‌ത്യാനി ഒരു വീട്ടുകാരനോട്‌, “ജീവിതത്തിന്റെ ചൂല്‌ നിങ്ങൾക്കറിയാമോ?” എന്നു ചോദിച്ചു. “ജീവിതത്തിന്റെ ഉദ്ദേശ്യം” എന്നാണ്‌ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌. പോളീഷ്‌ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സാക്ഷി ഗീതത്തിനു പകരം നായ്‌ ആലപിക്കാൻ സഭയെ ക്ഷണിച്ചു. ചൈനീസ്‌ പഠിക്കുന്ന ഒരാൾ യേശുവിന്റെ ബുക്‌ഷെൽഫിൽ വിശ്വാസമുണ്ടായിരിക്കാൻ സഭയെ പ്രോത്സാഹിപ്പിച്ചു. മറുവില എന്നാണ്‌ അദ്ദേഹം ഉദ്ദേശിച്ചത്‌, ഉച്ചാരണത്തിലെ ഒരു നേരിയ വ്യത്യാസമായിരുന്നു അതിനു കാരണം. ശരിയായ പദം വീണ്ടും ഒരിക്കലും മറന്നുപോകില്ല എന്നതാണ്‌ തെറ്റുകൾ വരുത്തുന്നതിന്റെ പ്രയോജനം.

സഭയോടൊത്തു പ്രവർത്തിക്കൽ

ഭാഷ മാത്രമല്ല ആളുകളെ വിഭജിച്ചു നിറുത്തുന്നത്‌. സാംസ്‌കാരികവും വർഗീയവും ദേശീയവുമായ അന്തരങ്ങളും മനുഷ്യവർഗത്തെ വീണ്ടും വിഭജിക്കുന്നു. എങ്കിലും ഈ തടസ്സങ്ങൾ മറികടക്കുക സാധ്യമാണ്‌. യൂറോപ്പിൽ ചൈനീസ്‌ ഭാഷ ഉപയോഗിക്കുന്ന മതവിഭാഗങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ഒരു പണ്ഡിതൻ, യഹോവയുടെ സാക്ഷികൾ ‘ദേശാതിർത്തികൾ ഇല്ലാത്ത’വരാണെന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി. അവർക്കിടയിൽ “വർഗീയതയ്‌ക്ക്‌ തെല്ലും സ്ഥാനമില്ലെന്നും ദൈവവചനം മനസ്സിലാക്കാനുള്ള ഒരു ഉപാധി മാത്രമാണു ഭാഷയെന്നും” അദ്ദേഹം പ്രസ്‌താവിച്ചു. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതു നിമിത്തമാണ്‌ ദേശീയമായ അതിർവരമ്പുകൾ മറികടക്കാൻ സത്യക്രിസ്‌ത്യാനികൾക്കു സാധിക്കുന്നത്‌. ‘പുതിയ മനുഷ്യനെ’ അഥവാ പുതിയ വ്യക്തിത്വം ‘ധരിക്കുന്നവർക്ക്‌ യവനനെന്നോ യഹൂദനെന്നോ ഇല്ല.’​—⁠കൊലൊസ്സ്യർ 3:10, 11.

ഇക്കാരണത്താൽ, സഭയിലുള്ള എല്ലാവരും ഐക്യം ഉന്നമിപ്പിക്കാനായി പ്രവർത്തിക്കണം. ചിന്ത, വികാരങ്ങൾ, പ്രവർത്തനവിധം എന്നിവയോടുള്ള ബന്ധത്തിൽ ഒരു പുതിയ സമീപനം കൈക്കൊള്ളാൻ ഓരോ വ്യക്തിയും തയ്യാറായാൽ മാത്രമേ ഇതു സാധ്യമാകൂ. വ്യക്തിപരമായ ഇഷ്ടങ്ങൾക്ക്‌ അനാവശ്യശ്രദ്ധ നൽകാതിരിക്കുന്നത്‌ ദേശീയവും വർഗീയവുമായ അന്തരങ്ങൾ മൂലമുള്ള വിഭാഗീയത ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. (1 കൊരിന്ത്യർ 1:10; 9:19-23) മറ്റു സംസ്‌കാരങ്ങളുടെ നല്ല വശങ്ങളിൽനിന്നു പ്രയോജനം നേടാൻ പഠിക്കുക. ഓർക്കുക: ഈടുറ്റ ബന്ധങ്ങളുടെയും യഥാർഥ ഐക്യത്തിന്റെയും താക്കോൽ നിസ്സ്വാർഥ സ്‌നേഹമാണ്‌.

മിക്ക അന്യഭാഷാസഭകളും തുടങ്ങുന്നത്‌ ചെറിയ കൂട്ടങ്ങളായാണ്‌. അതിൽ ഭൂരിഭാഗവും പുതിയ ഭാഷ പഠിക്കുന്നവരായിരിക്കും. അത്തരം കൂട്ടങ്ങളിൽ ബൈബിൾ തത്ത്വങ്ങൾ പഠിക്കാൻ തുടങ്ങിയിട്ട്‌ അധികകാലം ആയിട്ടില്ലാത്ത കുറെപ്പേരും ഉണ്ടാകും. അതുകൊണ്ട്‌ കെട്ടുറപ്പുള്ള വലിയ സഭകളെ അപേക്ഷിച്ച്‌ ഇത്തരം കൂട്ടങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. അതിനാൽ പക്വതയുള്ള ക്രിസ്‌ത്യാനികൾ ബലപ്പെടുത്തുന്ന ഒരു സ്വാധീനമായി വർത്തിക്കണം. വാക്കിലും പ്രവൃത്തിയിലും സ്‌നേഹവും ദയയും കാണിക്കുന്നത്‌ സഭയിൽ നല്ലൊരു അന്തരീക്ഷം ഉണ്ടായിരിക്കാൻ സഹായിക്കും. അത്തരമൊരു അന്തരീക്ഷത്തിൽ പുതിയവർ ആത്മീയമായി വളരുകയും ചെയ്യും.

വിദേശഭാഷയിലുള്ള ഒരു സഭയെ സഹായിക്കുന്നവർ മറ്റുള്ളവരിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ സമനിലയുള്ളവരും ആയിരിക്കണം. അത്തരമൊരു സഭയിൽ പ്രവർത്തിക്കുന്ന റിക്‌ പറയുന്നു: “പുതിയവരായ ചില സാക്ഷികൾ പ്രാദേശിക ഭാഷാസഭകളിലുള്ളവരുടെ അത്രയും സംഘാടന പ്രാപ്‌തിയിൽ പരിശീലനം നേടിയവർ ആയിരിക്കില്ല. എന്നാൽ അവരുടെ സ്‌നേഹവും ഉത്സാഹവും ആ കുറവ്‌ നികത്തുന്നു. നിരവധി താത്‌പര്യക്കാർ സത്യത്തിലേക്കു വരുന്നുമുണ്ട്‌.” ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ക്രമമുള്ളവരും സാധ്യമാകുന്നത്ര വിധങ്ങളിൽ സ്വയം വിട്ടുകൊടുക്കുന്നവരും ആണെങ്കിൽ, ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സഭയ്‌ക്ക്‌ യഥാർഥ പ്രയോജനം ചെയ്യുന്നവരായിരിക്കാൻ നിങ്ങൾക്കു കഴിയും. ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ട്‌ സഭയെ ആത്മീയ പുരോഗതിയിലേക്കു നയിക്കുന്നതിൽ എല്ലാവർക്കും പങ്കുപറ്റാവുന്നതാണ്‌.

ആത്മീയ ബലം നിലനിറുത്തൽ

ഒരു അന്യഭാഷാസഭയോടൊത്തു താരതമ്യേന പുതുതായി സഹവസിച്ചുതുടങ്ങിയ ഒരു സഹോദരൻ, ഒരമ്മ തന്റെ കുട്ടിയെ ഉത്തരം തയ്യാറാകാൻ സഹായിക്കുന്നതു കേൾക്കാൻ ഇടയായി. “മമ്മീ, എനിക്കു ചെറിയ ഒരു ഉത്തരം പറഞ്ഞുതരില്ലേ?” എന്നു കുട്ടി ചോദിച്ചപ്പോൾ “ചെറിയ ഉത്തരങ്ങൾ ഭാഷ പഠിക്കുന്നവർക്കായി വിട്ടുകൊടുക്കണം” എന്നായിരുന്നു അമ്മയുടെ മറുപടി.

ഒരു മുതിർന്നയാളെ സംബന്ധിച്ചിടത്തോളം മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷംപോലും ഒഴുക്കോടെ ആശയവിനിമയം ചെയ്യാൻ കഴിയാതെ വരുന്നത്‌ മാനസികവും വൈകാരികവും ആത്മീയവുമായി തളർത്തുന്ന ഒരു അനുഭവമാണ്‌. “സ്വന്തം പരിമിതികൾ എന്നെ നിരാശയിലാഴ്‌ത്തിക്കളഞ്ഞു” എന്ന്‌ ഇപ്പോൾ സ്‌പാനീഷ്‌ ഒഴുക്കോടെ സംസാരിക്കുന്ന ജാനറ്റ്‌ പറയുന്നു. ഇംഗ്ലീഷ്‌ പഠിച്ച ഹിറോക്കോ എന്ന സ്‌ത്രീയുടെ അഭിപ്രായം ശ്രദ്ധിക്കുക: ‘ഇവിടെയുള്ള പട്ടിക്കും പൂച്ചയ്‌ക്കുംവരെ എന്നെക്കാൾ ഇംഗ്ലീഷ്‌ അറിയാം.’ കാത്തി ഇങ്ങനെ പറയുന്നു: “നിരവധി ബൈബിളധ്യയനങ്ങളും ധാരാളം മടക്കസന്ദർശനങ്ങളും വിട്ടിട്ട്‌ ഒരു സ്‌പാനീഷ്‌ ഭാഷാസഭയിലേക്കു മാറിയ എനിക്ക്‌ ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോയെന്നു തോന്നിപ്പോയി.”

ഇത്തരം സാഹചര്യങ്ങളിലാണ്‌ ക്രിയാത്മക മനോഭാവം ആവശ്യമായിരിക്കുന്നത്‌. ഹിറോക്കോ ഇപ്രകാരം ചിന്തിച്ചു: “മറ്റുള്ളവർക്ക്‌ അതിനു കഴിയുമെങ്കിൽ എനിക്കും കഴിയും.” കാത്തി പറയുന്നു: “നല്ല പുരോഗതി വരുത്തുകയും സഭയിൽ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ ഭർത്താവിനെക്കുറിച്ചു ഞാൻ ഓർത്തു. അതാണ്‌ തടസ്സം മറികടക്കാൻ എന്നെ സഹായിച്ചത്‌. ഇനിയും ധാരാളം പഠിക്കാനുണ്ടെങ്കിലും, പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള പ്രാപ്‌തി ഞാൻ അൽപ്പാൽപ്പമായി നേടിക്കൊണ്ടിരിക്കുകയാണ്‌. അത്‌ എനിക്കു സന്തോഷം പകരുന്നു.” അവരുടെ ഭർത്താവായ ജെഫ്‌ പറയുന്നു: “അറിയിപ്പുകളിലും മൂപ്പന്മാരുടെ യോഗങ്ങളിലും കേൾക്കുന്ന എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയാതെ വരുന്നത്‌ നിരാശാജനകമാണ്‌. ചില സന്ദർഭങ്ങളിൽ സത്യസന്ധതയോടും താഴ്‌മയോടുംകൂടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കേണ്ടിവരാറുണ്ട്‌. സഹായിക്കാൻ സഹോദരങ്ങൾ സന്നദ്ധരുമാണ്‌.”

ഒരു അന്യഭാഷാസഭയിൽ സേവിക്കുമ്പോൾ ഉണ്ടാകുന്ന ആത്മീയ ക്ഷീണം അകറ്റാൻ നിങ്ങൾ സ്വന്തം ആത്മീയ ആരോഗ്യത്തിനു മുൻഗണന നൽകേണ്ടതുണ്ട്‌. (മത്തായി 5:3) പോർച്ചുഗീസ്‌ വയലിൽ നിരവധി വർഷങ്ങളായി സേവിക്കുന്ന കാസൂയൂകി പറയുന്നു: “നാം വേണ്ടത്ര ആത്മീയ പോഷണം നേടേണ്ടതു പ്രധാനമാണ്‌. അതുകൊണ്ടാണ്‌ ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ സ്വന്തം ഭാഷയിലും പോർച്ചുഗീസിലും യോഗങ്ങൾക്കു പഠിക്കുകയും തയ്യാറാകുകയും ചെയ്യുന്നത്‌.” ചിലർ ഇടയ്‌ക്കൊക്കെ മാതൃഭാഷയിലുള്ള യോഗങ്ങൾക്കു സംബന്ധിക്കാറുണ്ട്‌. വേണ്ടത്ര വിശ്രമവും പ്രധാനമാണ്‌.​—⁠മർക്കൊസ്‌ 6:31.

ചെലവു കണക്കാക്കുക

ഒരു അന്യഭാഷാസഭയിലേക്കു മാറുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, അതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്കു നിങ്ങൾ ഗൗരവമായ ശ്രദ്ധ നൽകേണ്ടതുണ്ട്‌. (ലൂക്കൊസ്‌ 14:28) ഇക്കാര്യത്തിൽ പരിചിന്തനാർഹമായ സുപ്രധാന ഘടകങ്ങൾ നിങ്ങളുടെ ആത്മീയതയും യഹോവയുമായുള്ള ബന്ധവുമാണ്‌. നിങ്ങളുടെ സാഹചര്യം പ്രാർഥനാപൂർവം തൂക്കിനോക്കുകയും ഇണയെയും കുട്ടികളെയും കണക്കിലെടുക്കുകയും ചെയ്യുക. നിങ്ങൾ സ്വയം ഇങ്ങനെ ചോദിക്കുന്നതു നന്നായിരിക്കും: ‘ഇത്തരമൊരു ദീർഘകാല പദ്ധതി ഏറ്റെടുക്കാൻ ഉതകുന്ന സാഹചര്യങ്ങളും അതിന്‌ ആവശ്യമായ ആത്മീയവും വൈകാരികവുമായ ബലവും എനിക്കുണ്ടോ?’ നിങ്ങൾക്കും കുടുംബത്തിനും ആത്മീയമായി ഏറ്റവും മെച്ചമായതു ചെയ്യുന്നതായിരിക്കും ജ്ഞാനമാർഗം. ഒരു രാജ്യഘോഷകൻ എന്ന നിലയിൽ എവിടെ സേവിച്ചാലും നിങ്ങൾക്കു ധാരാളം ചെയ്യാനുണ്ടാകും, അതിനനുസരിച്ചു നിങ്ങൾക്കു സന്തോഷവും ലഭിക്കും.

അന്യഭാഷാസഭകളിൽ സേവിക്കുന്നവർക്ക്‌ വലിയ അനുഗ്രഹങ്ങളും ലഭിക്കുന്നുണ്ട്‌. ഒരു സ്‌പാനീഷ്‌ സഭയിലേക്കു പോയി അവിടെ ഭർത്താവിനോടൊപ്പം സേവിക്കുന്ന ബാർബറ പറയുന്നു: “ഇത്‌ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിലൊന്നാണ്‌. വീണ്ടും സത്യത്തിലേക്കു വരുന്നതുപോലെയാണിത്‌. മറ്റൊരു രാജ്യത്ത്‌ മിഷനറിമാരായി സേവിക്കാൻ ഞങ്ങൾക്കു കഴിയില്ലാത്തതിനാൽ, ഇത്തരമൊരു അവസരം ലഭിച്ചതിൽ ഞാൻ പ്രത്യേകാൽ നന്ദിയുള്ളവളാണ്‌.”

ലോകമെമ്പാടുമുള്ള നാനാപ്രായക്കാരായ നിരവധി സാധാരണക്കാർ സുവാർത്തയുടെ ഉന്നമനാർഥം പുതിയൊരു ഭാഷ പഠിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്‌. നിങ്ങൾ അവരിൽ ഒരാളാണെങ്കിൽ നിങ്ങളുടെ ആന്തരം ശുദ്ധമായും മനോഭാവം ക്രിയാത്മകമായും നിലനിറുത്തുക. സർവോപരി, നിങ്ങളുടെ ശ്രമങ്ങളുടെമേലുള്ള അനുഗ്രഹത്തിനായി യഹോവയിൽ ആശ്രയിക്കുക.​—⁠2 കൊരിന്ത്യർ 4:⁠7.

[18-ാം പേജിലെ ചിത്രം]

യോഗ്യനായ ഒരു അധ്യാപകന്റെ കീഴിലുള്ള ഏതാനും ക്ലാസ്സുകളിൽ സംബന്ധിക്കുന്നത്‌ വേഗത്തിലും എളുപ്പത്തിലും പഠിക്കുന്നതിനു സഹായിക്കും

[20-ാം പേജിലെ ചിത്രം]

ഭാഷാ പഠനം നിങ്ങളുടെ ആത്മീയ ആരോഗ്യത്തെ അപകടത്തിലാക്കരുത്‌