വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അർഥസമ്പുഷ്ടമായ “ഒരു പ്രതീകാത്മക നാടകം”

അർഥസമ്പുഷ്ടമായ “ഒരു പ്രതീകാത്മക നാടകം”

അർഥസമ്പുഷ്ടമായ “ഒരു പ്രതീകാത്മക നാടകം”

ചില തിരുവെഴുത്തു ഭാഗങ്ങളിലേക്ക്‌ ബൈബിളിന്റെതന്നെ മറ്റു ഭാഗങ്ങൾ വെളിച്ചംവീശുന്നില്ലെങ്കിൽ അവയുടെ മുഴുപ്രാധാന്യവും ഗ്രഹിക്കുക എത്ര ദുഷ്‌കരമാണ്‌! ദൈവവചനത്തിൽ അടങ്ങിയിട്ടുള്ള ചരിത്രവിവരണങ്ങൾ പൊതുവേ അങ്ങനെതന്നെ വായിച്ചുപോകാൻ കഴിയുന്നവയാണ്‌. എന്നാൽ ഇത്തരം ചില വിവരണങ്ങളിൽ പുറമേ അത്ര പ്രകടമല്ലാത്ത, ഗഹനമേറിയ സത്യങ്ങൾ അടങ്ങിയിട്ടുണ്ട്‌. അത്തരമൊന്നാണ്‌ ഗോത്രപിതാവായ അബ്രാഹാമിന്റെ ഭവനത്തിലെ രണ്ടു സ്‌ത്രീകളെക്കുറിച്ചുള്ള വിവരണം. “ഇതു സാദൃശ്യമാകുന്നു” അല്ലെങ്കിൽ “ഒരു പ്രതീകാത്മക നാടകം” (NW) ആകുന്നു എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ അതിനെക്കുറിച്ചു പറഞ്ഞു.​—⁠ഗലാത്യർ 4:​24.

ഈ നാടകം നമ്മുടെ ശ്രദ്ധയർഹിക്കുന്നു. കാരണം ഇതു ചിത്രീകരിക്കുന്ന യാഥാർഥ്യങ്ങൾ യഹോവയുടെ അനുഗ്രഹം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സംബന്ധിച്ച്‌ അതീവപ്രാധാന്യമുള്ളവയാണ്‌. അത്‌ എന്തുകൊണ്ടെന്നു പരിശോധിക്കുന്നതിനു മുമ്പ്‌ ഈ നാടകത്തിന്റെ പ്രാധാന്യത്തിലേക്കു വെളിച്ചംവീശാൻ പൗലൊസിനെ പ്രേരിപ്പിച്ച സാഹചര്യമെന്തായിരുന്നെന്നു നമുക്കു നോക്കാം.

ഒന്നാം നൂറ്റാണ്ടിൽ ഗലാത്യയിലെ ക്രിസ്‌ത്യാനികൾക്കിടയിൽ ഒരു പ്രശ്‌നം നിലനിന്നിരുന്നു. അവരിൽ ചിലർ വളരെ കൃത്യതയോടെ “ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു”ണ്ടായിരുന്നു, ഇതെല്ലാം മോശൈക ന്യായപ്രമാണം അനുശാസിച്ചവയായിരുന്നു. ദൈവത്തിന്റെ പ്രീതി സമ്പാദിക്കാൻ വിശ്വാസികൾ ന്യായപ്രമാണം അനുസരിക്കേണ്ടതാണെന്ന്‌ ഈ വ്യക്തികൾ അവകാശപ്പെട്ടു. (ഗലാത്യർ 4:10; 5:2, 3) എന്നാൽ ക്രിസ്‌ത്യാനികൾ അത്തരം കാര്യങ്ങൾ ആചരിക്കേണ്ടതില്ലെന്ന്‌ പൗലൊസിന്‌ അറിയാമായിരുന്നു. ഇതു തെളിയിക്കുന്നതിന്‌ പൗലൊസ്‌ യഹൂദ പശ്ചാത്തലമുള്ള ഏതൊരാൾക്കും സുപരിചിതമായ ഒരു വിവരണം പരാമർശിച്ചു.

യഹൂദ ജനതയുടെ പിതാവായ അബ്രാഹാം യിശ്‌മായേലിനെയും യിസ്‌ഹാക്കിനെയും ജനിപ്പിച്ച കാര്യം പൗലൊസ്‌ ഗലാത്യരെ ഓർമപ്പെടുത്തി. ആദ്യത്തവനായ യിശ്‌മായേൽ അവന്‌ ഹാഗാർ എന്ന ഒരു ദാസിയിൽ ജനിച്ചു. രണ്ടാമത്തവൻ യിസ്‌ഹാക്ക്‌ ആകട്ടെ സ്വതന്ത്രസ്‌ത്രീയായ സാറായിലും. മോശൈകനിയമം അനുസരിക്കണമെന്ന അഭിപ്രായക്കാരായ ഗലാത്യയിലുള്ളവർക്ക്‌, സാറാ ആദ്യം മച്ചിയായിരുന്നെന്നും ഒരു കുട്ടിയെ ജനിപ്പിക്കാൻ തന്റെ സ്ഥാനത്ത്‌ അവൾ ദാസിയായ ഹാഗാറിനെ അബ്രാഹാമിന്‌ കൊടുത്തുവെന്നുമുള്ള വിവരണം പരിചിതമായിരുന്നു എന്നതിൽ സംശയമില്ല. ഹാഗാർ യിശ്‌മായേലിനെ ഗർഭംധരിച്ചപ്പോൾ അവൾ തന്റെ യജമാനത്തിയായ സാറായെ നിന്ദിക്കാൻ തുടങ്ങിയെന്നും കൂടെ അവർക്ക്‌ അറിയാമായിരുന്നിരിക്കണം. എന്നാൽ ദൈവം വാഗ്‌ദാനം ചെയ്‌തിരുന്നതുപോലെ തന്റെ വാർധക്യത്തിൽ സാറാ യിസ്‌ഹാക്കിനെ പ്രസവിച്ചു. പിന്നീട്‌, യിശ്‌മായേൽ യിസ്‌ഹാക്കിനെ ഉപദ്രവിച്ചതിനാൽ അബ്രാഹാം ഹാഗാറിനെയും യിശ്‌മായേലിനെയും വീട്ടിൽനിന്നു പറഞ്ഞുവിട്ടു.​—⁠ഉല്‌പത്തി 16:1-4; 17:15-17; 21:1-14; ഗലാത്യർ 4:22, 23.

രണ്ടു സ്‌ത്രീകൾ, രണ്ട്‌ ഉടമ്പടികൾ

ഈ “പ്രതീകാത്മക നാടക”ത്തിലെ കഥാപാത്രങ്ങളെക്കുറിച്ചു പൗലൊസ്‌ വിശദീകരിച്ചു. അവൻ ഇപ്രകാരം എഴുതി: “ഈ സ്‌ത്രീകൾ രണ്ടു നിയമങ്ങൾ” അഥവാ രണ്ട്‌ ഉടമ്പടികൾ “അത്രേ; ഒന്നു സീനായ്‌മലയിൽനിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗാർ. . . . അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.” (ഗലാത്യർ 4:24, 25) ഹാഗാർ ചിത്രീകരിച്ചത്‌ യെരൂശലേം തലസ്ഥാനമായുള്ള അക്ഷരീയ ഇസ്രായേലിനെ ആണ്‌. സീനായ്‌ മലയിങ്കൽവെച്ചു നൽകപ്പെട്ട ന്യായപ്രമാണ ഉടമ്പടിയിലൂടെ യഹൂദജനത യഹോവയുമായി ഒരു കടപ്പാടിൻകീഴിൽ വന്നിരുന്നു. തങ്ങൾ പാപത്തിന്‌ അടിമകളാണെന്നും വിമോചനത്തിന്റെ ആവശ്യമുള്ളവരാണെന്നും ന്യായപ്രമാണ ഉടമ്പടിയിലൂടെ ഇസ്രായേല്യർ നിരന്തരം ഓർമിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു.​—⁠യിരെമ്യാവു 31:31, 32; റോമർ 7:14-24.

അങ്ങനെയെങ്കിൽ “സ്വതന്ത്ര”യായ സാറായും അവളുടെ പുത്രൻ യിസ്‌ഹാക്കും ആരെയൊക്കെ ചിത്രീകരിച്ചു? “മച്ചി”യായിരുന്ന സാറാ, ദൈവത്തിന്റെ ഭാര്യയെ, അവന്റെ സംഘടനയുടെ സ്വർഗീയ ഭാഗത്തെ ആണ്‌ ചിത്രീകരിക്കുന്നതെന്നു പൗലൊസ്‌ സൂചിപ്പിച്ചു. ഈ സ്വർഗീയ സ്‌ത്രീക്ക്‌ യേശുക്രിസ്‌തു വരുന്നതിനു മുമ്പ്‌ ഭൂമിയിൽ ആത്മാഭിഷിക്തരായ “മക്കൾ” ഇല്ലായിരുന്നു എന്ന അർഥത്തിൽ അവൾ മച്ചിയായിരുന്നു. (ഗലാത്യർ 4:27; യെശയ്യാവു 54:1-6) എന്നാൽ പൊതുയുഗം 33-ലെ പെന്തെക്കൊസ്‌തിൽ ഒരുകൂട്ടം സ്‌ത്രീപുരുഷന്മാരുടെമേൽ പരിശുദ്ധാത്മാവു പകരപ്പെട്ടപ്പോൾ അവർ വീണ്ടും ജനിച്ച്‌ ഈ സ്വർഗീയ സ്‌ത്രീയുടെ മക്കളായിത്തീർന്നു. ഈ സംഘടനയാൽ ഉത്‌പാദിതമായ മക്കൾ ദൈവത്തിന്റെ പുത്രന്മാരായി അംഗീകരിക്കപ്പെട്ടു. അവർ ഒരു പുതിയ ഉടമ്പടിയിൻ കീഴിൽ യേശുക്രിസ്‌തുവിനോടൊപ്പം കൂട്ടവകാശികളായിത്തീരുകയും ചെയ്‌തു. (റോമർ 8:15-17) ഈ മക്കളിൽ ഒരാളായ പൗലൊസ്‌ അപ്പൊസ്‌തലന്‌ ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾ തന്നേ നമ്മുടെ അമ്മ.”​—⁠ഗലാത്യർ 4:26.

സ്‌ത്രീകളുടെ മക്കൾ

യിശ്‌മായേൽ യിസ്‌ഹാക്കിനെ ഉപദ്രവിച്ചുവെന്ന്‌ ബൈബിൾ വിവരണം പറയുന്നു. സമാനമായി പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ, അടിമത്തത്തിലായിരുന്ന യെരൂശലേമിന്റെ മക്കൾ മീതെയുള്ള യെരൂശലേമിന്റെ മക്കളെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തു. “അന്നു ജഡപ്രകാരം ജനിച്ചവൻ [യിശ്‌മായേൽ] ആത്മപ്രകാരം ജനിച്ചവനെ [യിസ്‌ഹാക്ക്‌] ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു” എന്ന്‌ പൗലൊസ്‌ വിവരിക്കുകയുണ്ടായി. (ഗലാത്യർ 4:29) യേശുക്രിസ്‌തു ഭൂമിയിൽ വന്ന്‌ രാജ്യത്തെക്കുറിച്ചു ഘോഷിക്കാൻ തുടങ്ങിയപ്പോൾ അവനോടുള്ള യെഹൂദ മതനേതാക്കളുടെ പെരുമാറ്റം അബ്രാഹാമിന്റെ യഥാർഥ അവകാശിയായ യിസ്‌ഹാക്കിനോട്‌ ഹാഗാറിന്റെ മകൻ യിശ്‌മായേൽ പെരുമാറിയതുപോലെതന്നെയായിരുന്നു. അവർ യേശുക്രിസ്‌തുവിനെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തു. അബ്രാഹാമിന്റെ നിയമപരമായ അവകാശികൾ തങ്ങളാണെന്നും യേശു അതിക്രമിച്ചു കടന്നവനാണെന്നും അവർ വിചാരിച്ചിരിക്കണം.

സ്വാഭാവിക ഇസ്രായേലിന്റെ ഭരണാധികാരികൾ യേശുവിനെ വധിക്കാൻ ഏൽപ്പിച്ചുകൊടുക്കുന്നതിന്‌ തൊട്ടുമുമ്പ്‌ അവൻ ഇങ്ങനെ പറഞ്ഞു: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്‌തീരും.”​—⁠മത്തായി 23:37, 38.

എന്നാൽ, ഹാഗാറിനാൽ ചിത്രീകരിക്കപ്പെട്ട ജഡിക ഇസ്രായേലിന്‌ അക്ഷരീയ പിന്തുടർച്ച ഒന്നുകൊണ്ടുമാത്രം, യേശുവിന്റെ കൂട്ടവകാശികളാകാനുള്ള പുത്രന്മാരെ ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞില്ലെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ സംഭവവികാസങ്ങളുടെ ദിവ്യനിശ്വസ്‌തരേഖ വ്യക്തമാക്കുന്നു. ജന്മംകൊണ്ടുതന്നെ അത്തരമൊരു അവകാശം തങ്ങൾക്കുണ്ടെന്നു ധിക്കാരത്തോടെ വിശ്വസിച്ചുനടന്ന യെഹൂദരെ യഹോവ തിരസ്‌കരിച്ചു. എന്നാൽ സ്വാഭാവിക ഇസ്രായേലിൽനിന്നുള്ള ചിലർ ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശികൾ ആയിത്തീരുകതന്നെ ചെയ്‌തു. പക്ഷേ ആ പദവി അവർക്കു കിട്ടിയത്‌ അവരുടെ ജഡിക പിന്തുടർച്ചകൊണ്ടല്ല മറിച്ച്‌ യേശുവിൽ അവർ പ്രകടമാക്കിയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

യേശുവിന്റെ കൂട്ടവകാശികൾ ആകാനുള്ള കുറെയാളുകൾ തിരിച്ചറിയിക്കപ്പെട്ടത്‌ പൊതുയുഗം 33-ലെ പെന്തെക്കൊസ്‌തിലായിരുന്നു. കാലാന്തരത്തിൽ, മീതേയുള്ള യെരൂശലേമിന്റെ പുത്രന്മാരായി യഹോവ മറ്റുള്ളവരെയും അഭിഷേകം ചെയ്‌തു.

മോശെയുടെ മധ്യസ്ഥതയിൽ നൽകിയ ന്യായപ്രമാണത്തെക്കാൾ പുതിയ ഉടമ്പടി എത്ര ശ്രേഷ്‌ഠമാണെന്നു വ്യക്തമാക്കാനായിരുന്നു പൗലൊസ്‌ ഈ “പ്രതീകാത്മക നാടകം” വിശദീകരിച്ചത്‌. മോശൈക ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ ചെയ്‌തുകൊണ്ട്‌ ആർക്കും ദൈവത്തിന്റെ പ്രീതി നേടിയെടുക്കാൻ കഴിയുമായിരുന്നില്ല. കാരണം സകല മനുഷ്യരും അപൂർണരാണ്‌, പാപത്തിന്‌ അടിമകളാണ്‌ എന്ന്‌ ഊന്നിപ്പറയുക മാത്രമാണ്‌ ന്യായപ്രമാണം ചെയ്‌തത്‌. എന്നാൽ പൗലൊസ്‌ വിവരിക്കുന്നതുപോലെ യേശു വന്ന്‌ “ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു”വാങ്ങി. (ഗലാത്യർ 4:4, 5) അതുകൊണ്ട്‌ ക്രിസ്‌തുവിന്റെ ബലിയുടെ മൂല്യത്തിലുള്ള വിശ്വാസം ന്യായപ്രമാണത്തിന്റെ ശിക്ഷാവിധിയിൽനിന്നുള്ള മോചനത്തിലേക്കു നയിച്ചു.​—⁠ഗലാത്യർ 5:1-6.

നമുക്കുള്ള പ്രയോജനം

ഈ നാടകത്തെക്കുറിച്ചുള്ള പൗലൊസിന്റെ ദിവ്യനിശ്വസ്‌ത വിശദീകരണത്തിൽ നാം തത്‌പരരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? ഒരു കാരണം, ഈ വിശദീകരണം പ്രസ്‌തുത നാടകത്തിന്റെ തിരുവെഴുത്തുപരമായ അർഥം ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു എന്നതാണ്‌, അല്ലാത്തപക്ഷം അത്‌ മറവായിത്തന്നെ ഇരിക്കുമായിരുന്നു. കൂടാതെ ഈ വിശദീകരണം ബൈബിൾ പൂർവാപരയോജിപ്പും ഐക്യവും ഉള്ളതാണെന്ന നമ്മുടെ ബോധ്യത്തെ അരക്കിട്ടുറപ്പിക്കുന്നു.​—⁠1 തെസ്സലൊനീക്യർ 2:13.

മാത്രമല്ല, ഈ നാടകത്താൽ ചിത്രീകരിക്കപ്പെട്ട യാഥാർഥ്യങ്ങൾ നമ്മുടെ ഭാവി സന്തോഷത്തിന്‌ അനിവാര്യമാണ്‌. ദൈവം വാഗ്‌ദാനം ചെയ്‌തിരുന്നപ്രകാരം, “പുത്രന്മാരുടെ” വെളിപ്പെടൽ നടന്നില്ലായിരുന്നെങ്കിൽ പാപവും മരണവും എന്നും നമ്മെ അടക്കി വാഴുമായിരുന്നു. അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്‌ദാനംപോലെ, യേശുക്രിസ്‌തുവിന്റെയും അവന്റെ കൂട്ടവകാശികളുടെയും സ്‌നേഹനിർഭരമായ മേൽനോട്ടത്തിൻകീഴിൽ “ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്‌പത്തി 22:18) അവർ പാപത്തിന്റെയും അപൂർണതയുടെയും ദുഃഖത്തിന്റെയും മരണത്തിന്റെയും ഫലങ്ങളിൽനിന്ന്‌ എന്നേക്കുമായി മോചിതരാകുമ്പോഴായിരിക്കും ഇതു സംഭവിക്കുക. (യെശയ്യാവു 25:8, 9) അത്‌ എത്ര ആഹ്ലാദഭരിതമായ ഒരു കാലമായിരിക്കും!

[11-ാം പേജിലെ ചിത്രം]

ന്യായപ്രമാണ ഉടമ്പടി സീനായ്‌മലയിങ്കൽ വെച്ച്‌ പ്രാബല്യത്തിൽവന്നു

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

[12-ാം പേജിലെ ചിത്രങ്ങൾ]

പൗലൊസ്‌ അപ്പൊസ്‌തലൻ പരാമർശിച്ച “പ്രതീകാത്മക നാടക”ത്തിന്റെ പ്രാധാന്യമെന്ത്‌?