വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ”

“ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ”

“ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ”

“നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.”​—⁠റോമർ 14:12.

1. ഏത്‌ ഉത്തരവാദിത്വമാണ്‌ മൂന്ന്‌ എബ്രായർ വിശ്വസ്‌തതയോടെ വഹിച്ചത്‌?

ബാബിലോണിൽ കഴിയുന്ന മൂന്ന്‌ എബ്രായ യുവാക്കൾ ഒരു ജീവന്മരണ തീരുമാനത്തെ അഭിമുഖീകരിക്കുകയാണ്‌. ആ രാജ്യത്തെ നിയമത്തിനു ചേർച്ചയിൽ അവർ ഒരു കൂറ്റൻ പ്രതിമയുടെ മുമ്പാകെ കുമ്പിടണമോ? അതോ അതിനെ ആരാധിക്കാൻ വിസമ്മതിക്കുകയും എരിയുന്ന തീച്ചൂളയിലേക്ക്‌ എറിയപ്പെടുകയും ചെയ്യണമോ? ആരോടെങ്കിലും അഭിപ്രായം ചോദിക്കാൻ ശദ്രക്കിനും മേശക്കിനും അബേദ്‌നെഗോവിനും സമയമില്ല, അവർക്ക്‌ അതിന്റെ ആവശ്യവും ഇല്ല. യാതൊരു മടിയും കൂടാതെ അവർ ഇങ്ങനെ തുറന്നുപറയുന്നു: “ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്‌കരിക്കയുമില്ല എന്നു അറിഞ്ഞാലും.” (ദാനീയേൽ 3:1-18) ആ മൂന്ന്‌ എബ്രായർ ഉത്തരവാദിത്വമാകുന്ന ചുമട്‌ സ്വയം വഹിക്കുകയാണു ചെയ്‌തത്‌.

2. യേശുക്രിസ്‌തുവിന്റെ കാര്യത്തിൽ പീലാത്തൊസിന്റെ തീരുമാനം എടുത്തത്‌ ഫലത്തിൽ ആരാണ്‌, അത്‌ ആ റോമൻ ഗവർണറെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിവുള്ളവനാക്കിയോ?

2 ഈ സംഭവത്തിന്‌ ഏതാണ്ട്‌ അറുന്നൂറു വർഷത്തിനു ശേഷം നടന്ന ഒരു വിചാരണരംഗത്തേക്ക്‌ നമുക്കു ശ്രദ്ധതിരിക്കാം. ഗവർണർ ഇപ്പോൾ ആ മനുഷ്യനെതിരായ ആരോപണങ്ങൾ കേട്ടുകഴിഞ്ഞിരിക്കുകയാണ്‌. കുറ്റാരോപിതൻ നിരപരാധിയാണെന്ന്‌ വിചാരണ കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു ബോധ്യമായി. എന്നാൽ ആ മനുഷ്യനെ വധിക്കാനാണ്‌ ജനം മുറവിളികൂട്ടുന്നത്‌. അത്‌ ഒഴിവാക്കാൻ ചെറിയൊരു ശ്രമം നടത്തിയെങ്കിലും ഉത്തരവാദിത്വമാകുന്ന ചുമടു വഹിക്കാൻ അദ്ദേഹം വിമുഖത കാട്ടുകയും സമ്മർദത്തിനു വഴങ്ങുകയും ചെയ്യുന്നു. തുടർന്ന്‌ കൈകൾ കഴുകിക്കൊണ്ട്‌ അദ്ദേഹം പറയുന്നു: “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല.” പിന്നെ ആ മനുഷ്യനെ ക്രൂശിക്കാനായി ഏൽപ്പിച്ചുകൊടുക്കുന്നു. യേശുക്രിസ്‌തുവിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാനുള്ള തന്റെ ഉത്തരവാദിത്വം പൊന്തിയൊസ്‌ പീലാത്തൊസ്‌ മറ്റുള്ളവർക്കു വിട്ടുകൊടുക്കുന്നു. എത്രതവണ കൈകഴുകിയാലും യേശുവിന്‌ അന്യായമായി ശിക്ഷ നൽകിയതിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ അദ്ദേഹത്തിന്‌ ഒഴിയാനാവില്ല.​—⁠മത്തായി 27:11-26; ലൂക്കൊസ്‌ 23:13-25.

3. നമുക്കുവേണ്ടി തീരുമാനങ്ങൾ എടുക്കാൻ നാം മറ്റുള്ളവരെ അനുവദിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

3 നിങ്ങളെ സംബന്ധിച്ചോ? തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നിങ്ങൾ ആ മൂന്ന്‌ എബ്രായരെപ്പോലെയാണോ അതോ നിങ്ങൾ അതു മറ്റുള്ളവർക്കു വിട്ടുകൊടുക്കുന്നുവോ? തീരുമാനം എടുക്കുക എന്നത്‌ എളുപ്പമുള്ള ഒരു കാര്യമല്ല. ശരിയായ തീരുമാനങ്ങൾ എടുക്കാൻ പക്വത ആവശ്യമാണ്‌. ഉദാഹരണത്തിന്‌, മൈനറായ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അവർക്കു പ്രയോജനപ്രദമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്‌. കാര്യങ്ങൾ സങ്കീർണമായിരിക്കുന്ന, വ്യത്യസ്‌ത ഘടകങ്ങൾ ശ്രദ്ധാപൂർവം കണക്കിലെടുക്കേണ്ട ഒരു സാഹചര്യത്തിൽ തീരുമാനം എടുക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടാണ്‌. എന്നാൽ, “ആത്മികരായ”വർ നമുക്കുവേണ്ടി വഹിച്ചേക്കാവുന്ന “ഭാര”ങ്ങളുടെ അത്രയും ഘനമേറിയതല്ല ആ ഉത്തരവാദിത്വം. (ഗലാത്യർ 6:1, 2) മറിച്ച്‌, “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരു”ന്ന ഒരു ചുമടാണ്‌ അത്‌. (റോമർ 14:12) “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (ഗലാത്യർ 6:5) ആ സ്ഥിതിക്ക്‌ ജീവിതത്തിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ഒന്നാമതായി, നാം നമ്മുടെ മാനുഷിക പരിമിതികൾ തിരിച്ചറിയുകയും ആ പോരായ്‌മ നികത്താൻ എന്താണ്‌ ആവശ്യമായിരിക്കുന്നതെന്നു മനസ്സിലാക്കുകയും വേണം.

ഒരു സുപ്രധാന ഘടകം

4. ആദ്യ മനുഷ്യജോടികളുടെ അനുസരണക്കേടിൽനിന്ന്‌ തീരുമാനങ്ങൾ എടുക്കുന്നതു സംബന്ധിച്ച്‌ ഏതു സുപ്രധാന പാഠം നാം പഠിക്കണം?

4 വിപത്‌കരമായ അനന്തരഫലങ്ങൾ ഉളവാക്കിയ ഒരു തീരുമാനമാണ്‌ മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ ആദ്യദമ്പതികൾ എടുത്തത്‌. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം അവർ തിന്നു. (ഉല്‌പത്തി 2:16, 17) എന്തിന്റെ അടിസ്ഥാനത്തിലാണ്‌ അവർ ആ തീരുമാനം എടുത്തത്‌? ബൈബിൾ ഇപ്രകാരം പറയുന്നു: “ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്‌ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.” (ഉല്‌പത്തി 3:6) ഹവ്വായുടെ തീരുമാനം സ്വാർഥപരമായ ആഗ്രഹത്തിൽ അധിഷ്‌ഠിതമായിരുന്നു. അവളുടെ ആ പ്രവൃത്തി, അതേഗതി പിന്തുടരാൻ ആദാമിനെ പ്രേരിപ്പിച്ചു. തത്‌ഫലമായി പാപവും മരണവും “സകലമനുഷ്യരിലും പര”ന്നു. (റോമർ 5:12) ആദാമിന്റെയും ഹവ്വായുടെയും അനുസരണക്കേട്‌ മനുഷ്യന്റെ പരിമിതികൾ സംബന്ധിച്ചു സുപ്രധാനമായ ഈ പാഠം നമ്മെ പഠിപ്പിക്കുന്നു: ദിവ്യ മാർഗനിർദേശത്തോടു പറ്റിനിൽക്കാത്തപക്ഷം മനുഷ്യൻ തെറ്റായ തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യത ഏറെയാണ്‌.

5. യഹോവ നമുക്ക്‌ ഏതു മാർഗനിർദേശം പ്രദാനം ചെയ്‌തിരിക്കുന്നു, അതിൽനിന്നു പ്രയോജനം നേടാൻ നാം എന്തു ചെയ്യണം?

5 യഹോവയാം ദൈവം നമുക്കു മാർഗനിർദേശം നൽകിയിരിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്‌! തിരുവെഴുത്തുകൾ നമ്മോട്‌ ഇപ്രകാരം പറയുന്നു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശയ്യാവു 30:21) യഹോവ തന്റെ നിശ്വസ്‌ത വചനമായ ബൈബിളിലൂടെയാണ്‌ നമ്മോടു സംസാരിക്കുന്നത്‌. അതുകൊണ്ട്‌ നാം തിരുവെഴുത്തുകൾ പഠിച്ചു സൂക്ഷ്‌മപരിജ്ഞാനം നേടണം. ശരിയായ തീരുമാനങ്ങളെടുക്കുന്നതിന്‌ നാം “പ്രായം തികഞ്ഞ”വർക്കുള്ള “കട്ടിയായുള്ള ആഹാരം” കഴിക്കണം. മാത്രമല്ല, “നന്മതിന്മകളെ തിരിച്ചറിവാൻ” തക്കവണ്ണം നമ്മുടെ ഗ്രഹണപ്രാപ്‌തികളെ അഥവാ “ഇന്ദ്രിയങ്ങളെ” “തഴക്കത്താൽ അഭ്യസി”പ്പിക്കുകയും വേണം. (എബ്രായർ 5:14) ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട്‌ നമുക്കു ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കാവുന്നതാണ്‌.

6. മനസ്സാക്ഷി ഉചിതമായി പ്രവർത്തിക്കണമെങ്കിൽ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

6 തീരുമാനങ്ങൾ എടുക്കുന്നതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌ സ്വതഃസിദ്ധമായി നമുക്കുള്ള മനസ്സാക്ഷി. ന്യായം വിധിക്കാനുള്ള പ്രാപ്‌തി അതിനുണ്ട്‌. അതു നമ്മെ “കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ” ചെയ്യും. (റോമർ 2:14, 15, പി.ഒ.സി. ബൈബിൾ) എന്നാൽ മനസ്സാക്ഷി ഉചിതമായി പ്രവർത്തിക്കണമെങ്കിൽ, ദൈവവചനത്തിലെ സൂക്ഷ്‌മപരിജ്ഞാനംകൊണ്ട്‌ അതിനെ പ്രബുദ്ധമാക്കുകയും ആ വചനം ബാധകമാക്കിക്കൊണ്ട്‌ അതിനെ സംവേദകത്വമുള്ളതാക്കുകയും വേണം. പരിശീലനം ലഭിച്ചിട്ടില്ലാത്ത മനസ്സാക്ഷിയെ പ്രാദേശിക ആചാരങ്ങളും രീതികളും എളുപ്പത്തിൽ സ്വാധീനിക്കും. നമ്മുടെ ചുറ്റുപാടുകൾക്കും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും നമ്മെ വഴിതെറ്റിക്കാനും കഴിയും. മനസ്സാക്ഷിയുടെ സ്വരത്തെ കൂടെക്കൂടെ അവഗണിക്കുകയും ദിവ്യ നിലവാരങ്ങൾ ലംഘിക്കുകയും ചെയ്‌താൽ എന്താണു സംഭവിക്കുക? കാലക്രമത്തിൽ അത്‌ ‘ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട്‌’ പൊള്ളിച്ച ശരീരഭാഗത്തു നിർജീവകലകൾ വന്നുമൂടി ഉണ്ടാകുന്ന തഴമ്പുപോലെ ആയിത്തീരും. മറ്റുവാക്കുകളിൽ പറഞ്ഞാൽ അതിന്റെ സംവേദകത്വവും പ്രതികരണശേഷിയും നഷ്ടമാകും. (1 തിമൊഥെയൊസ്‌ 4:​2, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) അതേസമയം, ദൈവവചനത്താൽ പരിശീലിതമായ മനസ്സാക്ഷി ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണ്‌.

7. ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ ആവശ്യമായ മുഖ്യസംഗതി എന്ത്‌?

7 ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ ആവശ്യമായ മുഖ്യസംഗതി തിരുവെഴുത്തുകളെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനവും അത്‌ ബാധകമാക്കാനുള്ള പ്രാപ്‌തിയുമാണെന്നു മേൽപ്പറഞ്ഞവ തെളിയിക്കുന്നു. തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ എടുത്തുചാടി പ്രവർത്തിക്കുന്നതിനു പകരം, ദൈവിക തത്ത്വങ്ങൾ കണ്ടെത്തുകയും അവ ബാധകമാക്കാൻ ചിന്താപ്രാപ്‌തി ഉപയോഗിക്കുകയുമാണു വേണ്ടത്‌. നമുക്കു സൂക്ഷ്‌മപരിജ്ഞാനം ഉണ്ടായിരിക്കുകയും നമ്മുടെ മനസ്സാക്ഷി അതിനാൽ പരിശീലിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്‌നെഗോവിന്റെയും കാര്യത്തിലെന്നപോലെ പെട്ടെന്നു തീരുമാനം എടുക്കേണ്ടിവരുന്ന ഒരു സാഹചര്യത്തിൽപ്പോലും നാം സുസ്സജ്ജരായിരിക്കും. പക്വതയിലേക്കു വളരുന്നതോടൊപ്പം തീരുമാനം എടുക്കാനുള്ള നമ്മുടെ പ്രാപ്‌തിയുടെ മൂർച്ച വർധിക്കുന്നത്‌ എങ്ങനെയെന്നു കാണാൻ ജീവിതത്തിലെ രണ്ടു മേഖലകൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

നമ്മുടെ സുഹൃത്തുക്കൾ ആരായിരിക്കണം?

8, 9. (എ) മോശമായ സഹവാസങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന തത്ത്വങ്ങൾ ഏവ? (ബി) മോശമായ സഹവാസം എന്നു പറഞ്ഞാൽ വഴിവിട്ട ജീവിതം നയിക്കുന്നവരുമായുള്ള കൂട്ടുകെട്ടിനെ മാത്രമേ ഉദ്ദേശിക്കുന്നുള്ളോ? വിശദീകരിക്കുക.

8 പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “വഴിതെറ്റിക്കപ്പെടരുത്‌. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:​33, NW) “നിങ്ങൾ ലോകക്കാര”ല്ല എന്ന്‌ യേശു തന്റെ ശിഷ്യന്മാരോടു പറയുകയുണ്ടായി. (യോഹന്നാൻ 15:19) ഈ തത്ത്വങ്ങൾ മനസ്സിലാക്കുമ്പോൾ ദുർന്നടപ്പുകാർ, വ്യഭിചാരികൾ, കള്ളന്മാർ, മദ്യപന്മാർ തുടങ്ങിയവരുമായുള്ള കൂട്ടുകെട്ട്‌ ഒഴിവാക്കേണ്ടതിന്റെ ആവശ്യം നമുക്കു പെട്ടെന്നു വ്യക്തമാകുന്നു. (1 കൊരിന്ത്യർ 6:9, 10) എന്നാൽ, ചലച്ചിത്രങ്ങൾ, ടെലിവിഷൻ, കമ്പ്യൂട്ടർ എന്നിവയിലൂടെ അവരെ വീക്ഷിച്ചുകൊണ്ടോ അവരെക്കുറിച്ചുള്ള പുസ്‌തകങ്ങൾ വായിച്ചുകൊണ്ടോ അത്തരക്കാരുമായി സമയം ചെലവിടുന്നതും മേൽപ്പറഞ്ഞതുപോലെതന്നെ ഹാനികരമാണെന്ന്‌ ബൈബിൾസത്യങ്ങളുടെ പരിജ്ഞാനത്തിൽ വളരുമ്പോൾ നാം തിരിച്ചറിയും. “കപടക്കാരു”മായി അഥവാ തങ്ങൾ ആരാണെന്നതു മറച്ചുവെക്കുന്നവരുമായി ഇന്റർനെറ്റ്‌ ചാറ്റ്‌ റൂമുകളിലൂടെ സഹവസിക്കുന്ന കാര്യത്തിലും ഇതുതന്നെ സത്യമാണ്‌.​—⁠സങ്കീർത്തനം 26:⁠4.

9 ധാർമിക ശുദ്ധി ഉള്ളവരെങ്കിലും സത്യദൈവത്തിൽ വിശ്വാസമില്ലാത്തവരുമായി അടുത്തു സഹവസിക്കുന്നതു സംബന്ധിച്ചോ? “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നു തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. (1 യോഹന്നാൻ 5:19) വഴിവിട്ട ജീവിതം നയിക്കുന്ന, ധാർമികമായി അധഃപതിച്ച ആളുകളുമായുള്ള സഹവാസം മാത്രമല്ല മോശമായ സഹവാസം എന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. അതിനാൽ യഹോവയെ സ്‌നേഹിക്കുന്നവരുമായി മാത്രം സൗഹൃദം നട്ടുവളർത്തുന്നതാണ്‌ നമ്മുടെ ഭാഗത്തു ജ്ഞാനം.

10. ലോകവുമായി സമ്പർക്കം പുലർത്തുന്ന കാര്യത്തിൽ പക്വതയോടുകൂടിയ തീരുമാനം കൈക്കൊള്ളാൻ നമ്മെ എന്തു സഹായിക്കുന്നു?

10 ലോകക്കാരുമായുള്ള സമ്പർക്കം പാടേ ഒഴിവാക്കുക സാധ്യമല്ല, അതിന്റെ ആവശ്യവുമില്ല. (യോഹന്നാൻ 17:15) ക്രിസ്‌തീയ ശുശ്രൂഷ, സ്‌കൂൾ, തൊഴിൽ എന്നീ മേഖലകളിലെല്ലാം ലോകക്കാരുമായി നമുക്ക്‌ സമ്പർക്കം പുലർത്തേണ്ടിവരുന്നു. അവിശ്വാസിയായ ഇണയുള്ള ഒരു വ്യക്തി മറ്റുള്ളവരെക്കാൾ അധികം ലോകവുമായി ഇടപെടേണ്ടിവന്നേക്കാം. ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിൽ, ലോകവുമായി പരിമിത സമ്പർക്കം ഉണ്ടായിരിക്കുന്നതും അതുമായി അടുത്ത സമ്പർക്കം പുലർത്തുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നു നാം മനസ്സിലാക്കും. (യാക്കോബ്‌ 4:4) അതുകൊണ്ട്‌ സ്‌പോർട്‌സ്‌, ഡാൻസ്‌ തുടങ്ങി സ്‌കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിലും സഹജോലിക്കാരുമൊത്തുള്ള പാർട്ടികളിലും വിരുന്നുകളിലും മറ്റും പങ്കെടുക്കണമോ എന്നതു സംബന്ധിച്ച്‌ പക്വതയോടുകൂടിയ തീരുമാനം കൈക്കൊള്ളാൻ നമുക്കു കഴിയുന്നു.

തൊഴിൽ തിരഞ്ഞെടുക്കൽ

11. തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ആദ്യം ചിന്തിക്കേണ്ടതെന്ത്‌?

11 ബൈബിൾ തത്ത്വങ്ങൾ പക്വതയോടെ ബാധകമാക്കുന്നത്‌, “സ്വന്തകുടുംബക്കാർക്കു” വേണ്ടി കരുതാനുള്ള കടപ്പാടു നിറവേറ്റുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ നമ്മെ സഹായിക്കുന്നു. (1 തിമൊഥെയൊസ്‌ 5:8) ഇതിനോടുള്ള ബന്ധത്തിൽ ഏറ്റവും ആദ്യം ചിന്തിക്കേണ്ടത്‌, ജോലി ഏതു തരത്തിലുള്ളതാണ്‌ അതായത്‌ അതിൽ നമ്മുടെ പങ്ക്‌ എന്താണ്‌ എന്നതാണ്‌. ബൈബിൾ നേരിട്ടു കുറ്റംവിധിച്ചിരിക്കുന്ന ഒരു കാര്യത്തെ ഉന്നമിപ്പിക്കുന്ന തരം ജോലി തിരഞ്ഞെടുക്കുന്നതു തീർച്ചയായും തെറ്റാണ്‌. അക്കാരണത്താൽ വിഗ്രഹാരാധന, മോഷണം, രക്തത്തിന്റെ ദുരുപയോഗം, തിരുവെഴുത്തുവിരുദ്ധമായ മറ്റുകാര്യങ്ങൾ എന്നിവ ഉൾപ്പെട്ടേക്കാവുന്ന ജോലികൾ സത്യക്രിസ്‌ത്യാനികൾ സ്വീകരിക്കുന്നില്ല. തൊഴിലുടമ ആവശ്യപ്പെട്ടാൽപ്പോലും നാം നുണപറയുകയോ വഞ്ചിക്കുകയോ ചെയ്യില്ല.​—⁠പ്രവൃത്തികൾ 15:​28, 29; വെളിപ്പാടു 21:⁠8.

12, 13. തൊഴിൽ സംബന്ധിച്ച തിരഞ്ഞെടുപ്പു നടത്തുമ്പോൾ, ജോലി ഏതു തരത്തിലുള്ളതാണ്‌ എന്നതിനു പുറമേ നാം പരിചിന്തിക്കേണ്ട ചില സുപ്രധാന ഘടകങ്ങൾ ഏവ?

12 ദിവ്യവ്യവസ്ഥകളുടെ ലംഘനമൊന്നും ഉൾപ്പെട്ടിട്ടില്ലാത്ത ഒരു ജോലിയാണെങ്കിലോ? സത്യത്തിന്റെ പരിജ്ഞാനത്തിൽ വളരുകയും നമ്മുടെ ഗ്രഹണപ്രാപ്‌തികൾ മെച്ചപ്പെടുകയും ചെയ്യവേ, പരിഗണിക്കേണ്ട മറ്റു മാനദണ്ഡങ്ങളും നാം അറിയാൻ ഇടയാകും. ഒരു ചൂതാട്ട കേന്ദ്രത്തിൽ ടെലിഫോൺ കോളുകൾക്ക്‌ മറുപടി നൽകുന്നതുപോലെയുള്ള തിരുവെഴുത്തുവിരുദ്ധമായ കാര്യങ്ങളിൽ ഉൾപ്പെടേണ്ടിവരുന്ന ഒരു ജോലിയാണ്‌ ചെയ്യേണ്ടതെങ്കിലോ? നാം കണക്കിലെടുക്കേണ്ട മറ്റു ഘടകങ്ങളാണ്‌ ശമ്പളത്തിന്റെ ഉറവിടം, തൊഴിൽ സ്ഥലം എന്നിവ. ഉദാഹരണത്തിന്‌, ഒരു കോൺട്രാക്‌റ്റർ എന്ന നിലയിൽ, നമ്മിൽ ആരെങ്കിലും ക്രൈസ്‌തവലോകത്തിലെ ഒരു പള്ളിയുടെ പെയിന്റിങ്‌ ഉൾപ്പെടുന്ന ഒരു ജോലി ഏറ്റെടുക്കുകയും അങ്ങനെ വ്യാജമതത്തിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്യുമോ?​—⁠2 കൊരിന്ത്യർ 6:14-16.

13 നമ്മുടെ തൊഴിലുടമ വ്യാജാരാധന നടക്കുന്ന ഒരു സ്ഥലം പെയിന്റു ചെയ്യാനുള്ള ഒരു കോൺട്രാക്‌റ്റ്‌ എടുത്തുവെന്നിരിക്കട്ടെ. അപ്പോഴോ? ചെയ്യപ്പെടുന്ന കാര്യങ്ങളുടെമേൽ നമുക്ക്‌ എത്രത്തോളം അധികാരമുണ്ട്‌, നാം അതിൽ ഏതളവോളം ഉൾപ്പെടേണ്ടിവരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രസ്‌തുത സാഹചര്യത്തിൽ പരിഗണിക്കേണ്ടിയിരിക്കുന്നു. തെറ്റായ നടപടികൾ ഉന്നമിപ്പിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ പ്രദേശത്തെല്ലായിടത്തും തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്നതുപോലുള്ള നിയമപരമായ ഒരു സേവനം ചെയ്യുന്നതു സംബന്ധിച്ചോ? മത്തായി 5:​45-ലെ തത്ത്വം നമ്മുടെ തീരുമാനത്തെ സ്വാധീനിക്കുകയില്ലേ? ജോലി തുടർച്ചയായി ചെയ്യുന്നത്‌ മനസ്സാക്ഷിയെ എപ്രകാരം ബാധിച്ചേക്കാമെന്നതു നാം അവഗണിച്ചുകളയരുത്‌. (എബ്രായർ 13:18) അതേ, ഗ്രഹണപ്രാപ്‌തികളെ സൂക്ഷ്‌മതയുള്ളതാക്കുകയും ദൈവദത്ത മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയും ചെയ്‌താൽ മാത്രമേ തൊഴിൽ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച്‌ പക്വതയുള്ള തീരുമാനം എടുക്കുന്നതിൽ ഉത്തരവാദിത്വമാകുന്ന ചുമടു വഹിക്കാൻ നമുക്കു സാധിക്കുകയുള്ളൂ.

“നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക”

14. തീരുമാനം എടുക്കേണ്ടിവരുമ്പോൾ എല്ലായ്‌പോഴും നാം എന്തു ചെയ്യണം?

14 ലൗകിക വിദ്യാഭ്യാസം, ചിലതരം ചികിത്സ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യൽ തുടങ്ങിയ മറ്റുചില സംഗതികളോടുള്ള ബന്ധത്തിൽ നാം നടത്തുന്ന തിരഞ്ഞെടുപ്പുകളുടെ കാര്യമോ? ഏതൊരു തീരുമാനം എടുക്കേണ്ടിവരുമ്പോഴും നാം ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങൾ കൃത്യമായി തിട്ടപ്പെടുത്തുകയും അവ ബാധകമാക്കാൻ നമ്മുടെ മാനസിക പ്രാപ്‌തികൾ ഉപയോഗിക്കുകയും വേണം. പുരാതന ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”​—⁠സദൃശവാക്യങ്ങൾ 3:5, 6.

15. തീരുമാനങ്ങൾ എടുക്കുന്നതു സംബന്ധിച്ച്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളിൽനിന്നു നാം എന്തു പഠിക്കുന്നു?

15 നമ്മുടെ തീരുമാനങ്ങൾ പലപ്പോഴും മറ്റുള്ളവരെയും ബാധിക്കുന്നതിനാൽ നാം അതും കണക്കിലെടുക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, ഭക്ഷണകാര്യങ്ങൾ സംബന്ധിച്ച മോശൈക ന്യായപ്രമാണത്തിലെ പല കാര്യങ്ങളും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്കു ബാധകമല്ലായിരുന്നു. ന്യായപ്രമാണത്തിൻ കീഴിൽ അശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നതും മറ്റുവിധങ്ങളിൽ കുഴപ്പമില്ലാതിരുന്നതുമായ ചില ആഹാരപദാർഥങ്ങൾ അവർക്കു കഴിക്കാമായിരുന്നു. എന്നാൽ ക്ഷേത്രവുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നേക്കാവുന്ന മൃഗമാംസം സംബന്ധിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “ആഹാരം എന്റെ സഹോദരന്നു ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരു നാളും മാംസം തിന്നുകയില്ല.” (1 കൊരിന്ത്യർ 8:11-13) മറ്റുള്ളവരെ ഇടറിക്കാതിരിക്കേണ്ടതിന്‌ അവരുടെ മനസ്സാക്ഷിയെ കണക്കിലെടുക്കാൻ പൗലൊസ്‌ ആദിമ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. നമ്മുടെ തീരുമാനങ്ങൾ “ഇടർച്ച”യ്‌ക്കു കാരണമാകരുത്‌.​—⁠1 കൊരിന്ത്യർ 10:29, 32.

ദൈവിക ജ്ഞാനം തേടുക

16. തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാർഥന നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

16 തീരുമാനം കൈക്കൊള്ളുന്നതിലെ വിലയേറിയ ഒരു സഹായമാണു പ്രാർഥന. ശിഷ്യനായ യാക്കോബ്‌ എഴുതി: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.” (യാക്കോബ്‌ 1:5) ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ജ്ഞാനത്തിനായി നമുക്കു പൂർണ വിശ്വാസത്തോടെ പ്രാർഥനയിൽ യഹോവയിലേക്കു തിരിയാവുന്നതാണ്‌. നമ്മുടെ പ്രശ്‌നങ്ങൾ സത്യദൈവത്തിന്റെ മുമ്പാകെ അവതരിപ്പിക്കുകയും അവന്റെ മാർഗനിർദേശം തേടുകയും ചെയ്യുമ്പോൾ, നാം പരിചിന്തിച്ചുകൊണ്ടിരിക്കുന്ന തിരുവെഴുത്തുകൾ ഏറെ മെച്ചമായി മനസ്സിലാക്കാനും ഒരുപക്ഷേ നമ്മുടെ ശ്രദ്ധയിൽപ്പെടാതിരുന്ന ചില തിരുവെഴുത്തുകൾ ഓർമയിലേക്കു കൊണ്ടുവരാനും പരിശുദ്ധാത്മാവ്‌ നമ്മെ സഹായിച്ചേക്കാം.

17. തീരുമാനം എടുക്കുന്ന കാര്യത്തിൽ നമ്മെ സഹായിക്കാൻ മറ്റുള്ളവർക്കു കഴിയുന്നതെങ്ങനെ?

17 തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ മറ്റുള്ളവർക്കു നമ്മെ സഹായിക്കാൻ കഴിയുമോ? കഴിയും. സഭയിൽ പക്വതയുള്ള വ്യക്തികളെ യഹോവ പ്രദാനം ചെയ്‌തിട്ടുണ്ട്‌. (എഫെസ്യർ 4:​11-13) നമുക്ക്‌ അവരോടു ചോദിക്കാവുന്നതാണ്‌, പ്രത്യേകിച്ച്‌ തീരുമാനം പ്രാധാന്യമേറിയ ഒന്നാണെങ്കിൽ. ജീവിതാനുഭവവും തിരുവെഴുത്തുകൾ സംബന്ധിച്ച്‌ ആഴമായ ഉൾക്കാഴ്‌ചയും ഉള്ള വ്യക്തികൾക്ക്‌, നമ്മുടെ തീരുമാനത്തിന്മേൽ പ്രഭാവം ചെലുത്താൻ കഴിഞ്ഞേക്കാവുന്ന കൂടുതലായ ബൈബിൾതത്ത്വങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടുത്താനും “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്താ”ൻ നമ്മെ സഹായിക്കാനും കഴിയും. (ഫിലിപ്പിയർ 1:9, 10, NW) എങ്കിലും, ഇക്കാര്യത്തിൽ ഒരു മുന്നറിയിപ്പുണ്ട്‌: നമുക്കുവേണ്ടി തീരുമാനമെടുക്കാൻ നാം മറ്റുള്ളവരെ അനുവദിക്കരുത്‌. ഉത്തരവാദിത്വമാകുന്ന ചുമട്‌ നാംതന്നെയാണു ചുമക്കേണ്ടത്‌.

എല്ലായ്‌പോഴും സദ്‌ഫലമാണോ ലഭിക്കുക?

18. നല്ല തീരുമാനത്തിന്റെ ഫലം സംബന്ധിച്ച്‌ എന്തു പറയാവുന്നതാണ്‌?

18 ബൈബിൾ തത്ത്വങ്ങളിൽ അധിഷ്‌ഠിതവും മനസ്സാക്ഷിപരവും ആയ തീരുമാനങ്ങൾ എല്ലായ്‌പോഴും സത്‌ഫലങ്ങളിലാണോ കലാശിക്കുന്നത്‌? അതേ, ഒടുവിൽ അത്‌ സത്‌ഫലങ്ങളിൽ കലാശിക്കും. എന്നാൽ ചിലപ്പോഴൊക്കെ കുറച്ചു സമയത്തേക്ക്‌ അതു വിപരീത ഫലം ഉളവായേക്കാം. കൂറ്റൻ പ്രതിമയെ ആരാധിക്കുകയില്ല എന്ന തങ്ങളുടെ തീരുമാനത്തിന്റെ ഫലം മരണം ആയിരിക്കുമെന്നു ശദ്രക്കിനും മേശക്കിനും അബേദ്‌നെഗോവിനും അറിയാമായിരുന്നു. (ദാനീയേൽ 3:16-19) സമാനമായി, തങ്ങൾ മനുഷ്യരെക്കാളധികം ദൈവത്തെ അനുസരിക്കേണ്ടതാണെന്നു യഹൂദ ന്യായാധിപസഭയോടു പറഞ്ഞ അപ്പൊസ്‌തലന്മാർക്ക്‌ വിട്ടയയ്‌ക്കപ്പെടുന്നതിനു മുമ്പ്‌ അടിയേൽക്കേണ്ടിവന്നു. (പ്രവൃത്തികൾ 5:27-29, 40) അതു മാത്രമല്ല, ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ ഏതു തീരുമാനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. (സഭാപ്രസംഗി 9:​11NW) ശരിയായ തീരുമാനം എടുത്തശേഷം നമുക്ക്‌ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടു നേരിടുന്നെങ്കിൽ, സഹിച്ചുനിൽക്കാൻ യഹോവ നമ്മെ സഹായിക്കുമെന്നും ഭാവിയിൽ നമ്മെ അനുഗ്രഹിക്കുമെന്നും നമുക്ക്‌ പൂർണ ബോധ്യമുള്ളവരായിരിക്കാം.​—⁠2 കൊരിന്ത്യർ 4:⁠7.

19. തീരുമാനങ്ങൾ എടുക്കുകയെന്ന സ്വന്തം ചുമട്‌ നമുക്കു ധൈര്യപൂർവം ചുമക്കാൻ സാധിക്കുന്നത്‌ എങ്ങനെ?

19 ആയതിനാൽ, തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നാം തിരുവെഴുത്തു തത്ത്വങ്ങൾ തിരഞ്ഞു കണ്ടുപിടിക്കുകയും അവ ബാധകമാക്കാൻ മാനസിക പ്രാപ്‌തികൾ ഉപയോഗിക്കുകയും വേണം. യഹോവ തന്റെ പരിശുദ്ധാത്മാവിലൂടെയും സഭയിലെ പക്വമതികളായ വ്യക്തികളിലൂടെയും നൽകിയിരിക്കുന്ന സഹായത്തിന്‌ നാം എത്രയോ നന്ദിയുള്ളവരാണ്‌! അത്തരം മാർഗനിർദേശവും സഹായവും ഉള്ളതിനാൽ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്വമാകുന്ന സ്വന്തം ചുമട്‌ നമുക്കു ധൈര്യപൂർവം ചുമക്കാം.

നിങ്ങൾ എന്തു പഠിച്ചു?

• ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള ഒരു സുപ്രധാന ഘടകമേത്‌?

• പക്വതയിലേക്കു മുന്നേറുന്നത്‌, സഹവാസം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നമ്മെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

• തൊഴിലിനോടുള്ള ബന്ധത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നാം പരിചിന്തിക്കേണ്ട ചില സുപ്രധാന ഘടകങ്ങളേവ?

• തീരുമാനങ്ങൾ എടുക്കുന്നതിൽ ഏതു സഹായം ലഭ്യമാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചിത്രം]

ആദാമിന്റെയും ഹവ്വായുടെയും അനുസരണക്കേട്‌ നമ്മെ ഒരു സുപ്രധാന പാഠം പഠിപ്പിക്കുന്നു

[24-ാം പേജിലെ ചിത്രം]

സുപ്രധാനമായ ഏതൊരു തീരുമാനത്തിനും മുമ്പു ബൈബിൾ തത്ത്വങ്ങൾ തിരഞ്ഞു കണ്ടുപിടിക്കുക