വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വിലയേറിയ രക്ത”ത്താലുള്ള വിമോചനം

“വിലയേറിയ രക്ത”ത്താലുള്ള വിമോചനം

“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു”

“വിലയേറിയ രക്ത”ത്താലുള്ള വിമോചനം

യഹോവയുടെ സ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനം, പൂർണ മനുഷ്യജീവൻ ഒരു മറുവിലയായി അർപ്പിക്കാൻ തക്കവണ്ണം തന്റെ ഏകജാതനായ പുത്രനെ അയച്ചതാണ്‌. “സഹോദരൻ . . . എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ” അപൂർണ മനുഷ്യരിൽ ആർക്കും സാധ്യമല്ലാത്തതിനാൽ പാപികളായ മനുഷ്യവർഗം അത്തരമൊരു വിടുതലിനായി കേഴുകയായിരുന്നു. (സങ്കീർത്തനം 49:6-9) “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ” മനസ്സൊരുക്കം കാണിച്ചതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!​—⁠യോഹന്നാൻ 3:16.

മറുവില നമുക്കു വിമോചനം നൽകുന്നത്‌ എങ്ങനെയാണ്‌? യഹോവയുടെ ഭാഗത്തുനിന്നുള്ള ഏറ്റവും ഉത്‌കൃഷ്ടമായ ഈ സ്‌നേഹപ്രകടനത്തിൽനിന്ന്‌ നമുക്കു സ്വാതന്ത്ര്യം കൈവരുന്ന നാലു വിധങ്ങളെക്കുറിച്ച്‌ ഇപ്പോൾ പരിചിന്തിക്കാം.

മറുവിലയാലുള്ള വിടുതൽ

ഒന്നാമതായി, കൈമാറിക്കിട്ടിയ പാപത്തിൽനിന്ന്‌ യേശുവിന്റെ ബലിക്കു നമ്മെ മോചിപ്പിക്കാൻ കഴിയും. നാമെല്ലാം പാപത്തിൽ ജനിച്ചവരാണ്‌. യഹോവയുടെ നിയമം ലംഘിക്കാറാകുന്നതിനു മുമ്പുപോലും നാം പാപികളാണ്‌. അതെങ്ങനെ? റോമർ 5:12 പറയുന്നു: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു.” പാപിയായ ആദാമിന്റെ മക്കളെന്നനിലയിൽ നമുക്ക്‌ അവന്റെ അപൂർണത കൈമാറിക്കിട്ടി. എന്നാൽ, മറുവില നാം അവകാശപ്പെടുത്തിയ പാപത്തിന്റെ പിടിയിൽനിന്നുള്ള മോചനം സാധ്യമാക്കുന്നു. (റോമർ 5:16) ആദാമിന്റെ സന്തതികൾക്കുവേണ്ടി പാപത്തിന്റെ അനന്തരഫലങ്ങൾ വഹിച്ചുകൊണ്ട്‌ യേശു “എല്ലാവർക്കും വേണ്ടി മരണം ആസ്വദി”ച്ചു.​—⁠എബ്രായർ 2:9; 2 കൊരിന്ത്യർ 5:21; 1 പത്രൊസ്‌ 2:24.

രണ്ടാമതായി, മറുവിലയ്‌ക്ക്‌ പാപത്തിന്റെ മാരകമായ അനന്തരഫലങ്ങളിൽനിന്നു നമ്മെ സ്വതന്ത്രരാക്കാൻ കഴിയും. “പാപത്തിന്റെ ശമ്പളം മരണമത്രേ.” (റോമർ 6:23) പാപത്തിനുള്ള ശിക്ഷ മരണമാണ്‌. തന്റെ ബലിമരണം മുഖാന്തരം ദൈവപുത്രൻ അനുസരണമുള്ള മനുഷ്യവർഗത്തിനു നിത്യജീവൻ സാധ്യമാക്കിത്തീർത്തു. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല.”​—⁠യോഹന്നാൻ 3:36.

എന്നാൽ ദൈവപുത്രനിൽ വിശ്വസിച്ചാൽമാത്രമേ പാപത്തിന്റെ ഫലങ്ങളിൽനിന്നു നമുക്കു മോചനം സാധ്യമാകൂ എന്നതു ശ്രദ്ധിക്കുക. നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾവരുത്തുന്നതും ജീവിതം ദൈവേഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവരുന്നതും ഇതിലുൾപ്പെടുന്നു. നാം പിന്തുടരുന്നതായ ഏതു തെറ്റായ ഗതിയും പരിത്യജിച്ചിട്ട്‌ ദൈവത്തിനു പ്രസാദമുള്ള കാര്യങ്ങൾ ചെയ്യാൻ നടപടി സ്വീകരിക്കുകയും വേണം. നമ്മുടെ “പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞു”കൊള്ളേണ്ടതുണ്ടെന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു.​—⁠പ്രവൃത്തികൾ 3:19.

മൂന്നാമതായി, യേശുവിന്റെ ബലിമരണം കുറ്റബോധത്താൽ ഭാരപ്പെട്ട ഒരു മനസ്സാക്ഷിയുടെ പിടിയിൽനിന്നു നമ്മെ സ്വതന്ത്രരാക്കുന്നു. യഹോവയ്‌ക്കു സമർപ്പിക്കുകയും സ്‌നാപനമേറ്റ്‌ അവന്റെ പുത്രന്റെ ശിഷ്യരായിത്തീരുകയും ചെയ്‌തവർക്ക്‌ ആശ്വാസം ലഭിക്കുന്നു. (മത്തായി 11:28-30) അപൂർണരായിരിക്കെത്തന്നെ നാം ദൈവത്തെ ഒരു ശുദ്ധമനസ്സാക്ഷിയോടെ സേവിക്കുന്നതിന്റെ അളവറ്റ സന്തോഷം ആസ്വദിക്കുന്നുണ്ട്‌. (1 തിമൊഥെയൊസ്‌ 3:9; 1 പത്രൊസ്‌ 3:21) നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും അത്‌ ആവർത്തിക്കാതിരിക്കുകയും ചെയ്യുമ്പോൾ നമുക്കു കരുണ ലഭിക്കും; ഒപ്പം പ്രക്ഷുബ്ധമായ ഒരു മനസ്സാക്ഷിയുടെ അസ്വസ്ഥതകളിൽനിന്നു മോചനംനേടാനും കഴിയും.​—⁠സദൃശവാക്യങ്ങൾ 28:13.

മറുവില നൽകുന്ന സഹായവും പ്രത്യാശയും

നാലാമതായി, മറുവിലയിൽ വിശ്വാസം അർപ്പിക്കുകവഴി ദൈവമുമ്പാകെയുള്ള നമ്മുടെ നില സംബന്ധിച്ച ഭയത്തിൽനിന്നു നാം മോചിതരാകും. യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി: “ഒരുത്തൻ പാപം ചെയ്‌തു എങ്കിലോ, . . . യേശുക്രിസ്‌തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1 യോഹന്നാൻ 2:1) കാര്യസ്ഥൻ അഥവാ സഹായി എന്ന നിലയിലുള്ള യേശുവിന്റെ പങ്കിനെക്കുറിച്ചു പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്‌തനാകുന്നു.” (എബ്രായർ 7:25) നമ്മിൽ പാപം അവശേഷിക്കുന്നിടത്തോളം കാലം നമുക്കു മഹാപുരോഹിതനായ യേശുക്രിസ്‌തുവിന്റെ സഹായം ആവശ്യമുണ്ടായിരിക്കും, ദൈവമുമ്പാകെ ഒരു നീതിനിഷ്‌ഠമായ നിലയുണ്ടായിരിക്കാൻ അവൻ നമ്മെ സഹായിക്കും. യേശു നമുക്കുവേണ്ടി ഒരു മഹാപുരോഹിതനായി വർത്തിച്ചത്‌ എങ്ങനെയാണ്‌?

പൊതുയുഗം 33-ൽ പുനരുത്ഥാനം ചെയ്‌തശേഷം 40 ദിവസം കഴിഞ്ഞ്‌ യേശു സ്വർഗാരോഹണം ചെയ്‌തു, അവിടെ അവൻ തന്റെ “വിലയേറിയ രക്ത”ത്തിന്റെ മൂല്യം ദൈവമുമ്പാകെ സമർപ്പിച്ചു. തത്‌ഫലമായി, യേശു വളരെ പെട്ടെന്നുതന്നെ അനുസരണമുള്ള മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും സ്വതന്ത്രരാക്കും. * (1 പത്രൊസ്‌ 1:18, 19) ഇക്കാരണത്താൽ യേശുക്രിസ്‌തു നമ്മുടെ സ്‌നേഹവും അനുസരണവും അർഹിക്കുന്നുണ്ട്‌ എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?

യഹോവയാം ദൈവവും നമ്മുടെ സ്‌നേഹത്തിനും അനുസരണത്തിനും അർഹനാണ്‌. നമുക്ക്‌ മറുവിലയാലുള്ള “വീണ്ടെടുപ്പു” സാധ്യമാക്കുന്നതിന്‌ സ്‌നേഹപൂർവം ക്രമീകരണം ചെയ്‌തത്‌ അവനാണ്‌. (1 കൊരിന്ത്യർ 1:30) നമ്മുടെ ഇപ്പോഴത്തെ ജീവനുവേണ്ടി മാത്രമല്ല മറിച്ച്‌ നിത്യജീവന്റെ ഏതൊരു പ്രത്യാശയ്‌ക്കായും നാം അവനോടു കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരി”ക്കുന്നതിനു നമുക്കു സകലകാരണവുമുണ്ട്‌.​—⁠പ്രവൃത്തികൾ 5:29.

[അടിക്കുറിപ്പ്‌]

^ ഖ. 12 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2006, മാർച്ച്‌/ഏപ്രിൽ കാണുക.

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങൾക്ക്‌ അറിയാമോ?

• യേശു സ്വർഗാരോഹണം ചെയ്‌തത്‌ ഒലിവുമലയിൽനിന്നാണ്‌.​—⁠പ്രവൃത്തികൾ 1:⁠9, 12.

• യേശുവിന്റെ സ്വർഗാരോഹണം കാണാൻ കഴിഞ്ഞത്‌ അവന്റെ വിശ്വസ്‌തരായ അപ്പൊസ്‌തലന്മാർക്കു മാത്രമാണ്‌.​—⁠പ്രവൃത്തികൾ 1:2-3, 11-13.