വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വ്യാജാരാധനയിൽനിന്ന്‌ വിട്ടുനിൽക്കുക!

വ്യാജാരാധനയിൽനിന്ന്‌ വിട്ടുനിൽക്കുക!

വ്യാജാരാധനയിൽനിന്ന്‌ വിട്ടുനിൽക്കുക!

“അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുത്‌.”​—⁠2 കൊരിന്ത്യർ 6:16.

1. ആത്മാർഥ ഹൃദയരായ നിരവധി ആളുകൾ എന്തു സംബന്ധിച്ചുള്ള സത്യം അടിയന്തിരമായി അറിയേണ്ടിയിരിക്കുന്നു?

ആത്മാർഥ ഹൃദയരായ പലർക്കും ദൈവത്തെയും മനുഷ്യവർഗത്തിന്റെ ഭാവിയെയും കുറിച്ചുള്ള സത്യം അറിയില്ല. അറിയാൻ അങ്ങേയറ്റം ആഗ്രഹിക്കുന്നെങ്കിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കാത്ത അവർ ആശയക്കുഴപ്പത്തിലും അനിശ്ചിതത്വത്തിലുമാണ്‌. കോടിക്കണക്കിന്‌ ആളുകൾ അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നമ്മുടെ സ്രഷ്ടാവിന്‌ അപ്രീതികരമായ ആഘോഷങ്ങളുടെയും കെട്ടുപാടുകൾക്കുള്ളിലാണ്‌. നരകാഗ്നി, ത്രിയേക ദൈവം, ആത്മാവിന്റെ അമർത്യത എന്നിവയിലോ മറ്റേതെങ്കിലും വ്യാജോപദേശങ്ങളിലോ വിശ്വസിക്കുന്ന അയൽക്കാരും ബന്ധുക്കളും ഒരുപക്ഷേ നിങ്ങൾക്കുണ്ടാകാം.

2. മതനേതാക്കൾ എന്തു ചെയ്‌തിരിക്കുന്നു, അതിന്റെ ഫലമെന്ത്‌?

2 എങ്ങും വ്യാപിച്ചിരിക്കുന്ന ഈ ആത്മീയ അന്ധകാരത്തിനു കാരണം എന്താണ്‌? വൈരുദ്ധ്യമെന്നു തോന്നാമെങ്കിലും അതിനു കാരണം മതങ്ങളാണ്‌, പ്രത്യേകിച്ച്‌ ദൈവം പറയുന്നതിനു വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്ന മത സംഘടനകളും നേതാക്കളും. (മർക്കൊസ്‌ 7:7, 8) ഫലമോ? അനേകർ തങ്ങൾ സത്യദൈവത്തെയാണ്‌ ആരാധിക്കുന്നതെന്നു വിശ്വസിച്ചുകൊണ്ടു വഞ്ചിക്കപ്പെട്ടിരിക്കുകയാണ്‌. അവർ ദൈവത്തെ വ്രണപ്പെടുത്തുന്നു എന്നതാണു യാഥാർഥ്യം. ഇന്നത്തെ പരിതാപകരമായ ഈ അവസ്ഥയ്‌ക്കു കാരണം വ്യാജമതങ്ങളാണ്‌.

3. വ്യാജമതങ്ങളെ വളർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നതാര്‌, ബൈബിൾ അവനെ എങ്ങനെ വർണിക്കുന്നു?

3 വ്യാജമതങ്ങൾക്കു പിന്നിൽ ഒരു അദൃശ്യവ്യക്തിയുണ്ട്‌. അവനെ പരാമർശിച്ചുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം പറഞ്ഞു: “ദൈവപ്രതിമയായ ക്രിസ്‌തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.” (2 കൊരിന്ത്യർ 4:4) “ഈ ലോകത്തിന്റെ ദൈവം” പിശാചായ സാത്താനല്ലാതെ മറ്റാരുമല്ല. വ്യാജമതങ്ങളെ വളർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത്‌ അവനാണ്‌. “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല” എന്ന്‌ പൗലൊസ്‌ എഴുതുകയുണ്ടായി. (2 കൊരിന്ത്യർ 11:14, 15) സാത്താൻ മോശമായ കാര്യങ്ങളെ നല്ലതാക്കി കാണിക്കുകയും ആളുകളെ വഞ്ചിച്ച്‌ അവരെ നുണകൾ വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

4. പുരാതന ഇസ്രായേലിനു ദൈവം കൊടുത്ത ന്യായപ്രമാണം വ്യാജപ്രവാചകന്മാരെക്കുറിച്ച്‌ എന്തു പറഞ്ഞു?

4 വ്യാജമതങ്ങളെ ബൈബിൾ ശക്തമായി കുറ്റംവിധിക്കുന്നതിൽ അതിശയിക്കാനില്ല. ഉദാഹരണത്തിന്‌, മോശൈക ന്യായപ്രമാണം വ്യാജപ്രവാചകന്മാർക്കെതിരെ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‌ പ്രത്യേക മുന്നറിയിപ്പു നൽകി. വ്യാജോപദേശങ്ങളെയും വ്യാജദൈവങ്ങളുടെ ആരാധനയെയും ഉന്നമിപ്പിക്കുന്ന ഏതൊരാളെയും “യഹോവെക്കു വിരോധമായി ദ്രോഹം സംസാരി”ക്കുന്നതു നിമിത്തം കൊന്നുകളയണമായിരുന്നു. “ആ തിന്മ” അവരുടെ “ഇടയിൽനിന്നു നീക്കിക്കളയണം.” (പി.ഒ.സി. ബൈബിൾ) എന്ന്‌ ഇസ്രായേല്യർക്ക്‌ കൽപ്പന ലഭിച്ചിരുന്നു. (ആവർത്തനപുസ്‌തകം 13:1-6) വ്യക്തമായും യഹോവ വ്യാജമതത്തെ തിന്മയായാണ്‌ വീക്ഷിക്കുന്നത്‌.​—⁠യെഹെസ്‌കേൽ 13:⁠3.

5. ഇക്കാലത്തു നാം ഏതു മുന്നറിയിപ്പുകൾക്കു ശ്രദ്ധനൽകണം?

5 വ്യാജമതത്തെക്കുറിച്ച്‌ യഹോവയ്‌ക്കുള്ള അതേ ശക്തമായ വികാരങ്ങൾതന്നെയാണ്‌ യേശുക്രിസ്‌തുവിനും അപ്പൊസ്‌തലന്മാർക്കും ഉണ്ടായിരുന്നത്‌. ശിഷ്യന്മാർക്ക്‌ യേശു ഈ മുന്നറിയിപ്പു നൽകി: “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്‌ക്കൾ ആകുന്നു.” (മത്തായി 7:15; മർക്കൊസ്‌ 13:22, 23) “അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു” എന്നു പൗലൊസ്‌ എഴുതുകയുണ്ടായി. (റോമർ 1:18) സത്യക്രിസ്‌ത്യാനികൾ ഈ മുന്നറിയിപ്പുകൾക്കു ചെവികൊടുക്കുകയും ദൈവവചനത്തിലെ സത്യത്തെ തടുക്കുകയോ വ്യാജോപദേശങ്ങളെ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരുവനിൽനിന്നും അകന്നുനിൽക്കുകയും ചെയ്യേണ്ടത്‌ എത്ര അനിവാര്യമാണ്‌!​—⁠1 യോഹന്നാൻ 4:⁠1.

“മഹതിയാം ബാബിലോൻ”​—⁠അവളെ വിട്ടോടുക

6. “മഹതിയാം ബാബിലോ”നെ ബൈബിൾ വർണിക്കുന്നതെങ്ങനെ?

6 വെളിപ്പാടു പുസ്‌തകം വ്യാജമതത്തെ എങ്ങനെയാണു വർണിക്കുന്നതെന്നു നോക്കുക. അനേകം രാജ്യങ്ങളുടെയും അവയുടെ ജനതകളുടെയുംമേൽ സ്വാധീനമുള്ള കുടിച്ചുമത്തയായ ഒരു വേശ്യയായിട്ടാണ്‌ അതിനെ ചിത്രീകരിച്ചിരിക്കുന്നത്‌. ഈ പ്രതീകാത്മക സ്‌ത്രീ അനേക രാജാക്കന്മാരുമായി പരസംഗത്തിലേർപ്പെടുന്നുവെന്നു മാത്രമല്ല ദൈവത്തിന്റെ സത്യാരാധകരുടെ രക്തം കുടിച്ചു ലഹരിപിടിച്ചിരിക്കുകയുമാണ്‌. (വെളിപ്പാടു 17:1, 2, 6, 18) അറപ്പും വെറുപ്പും ഉളവാക്കുന്ന അവളുടെ പെരുമാറ്റത്തിനു ചേരുന്ന ഒരു പേരും അവളുടെ നെറ്റിയിൽ എഴുതിയിട്ടുണ്ട്‌: “മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ്‌.”​—⁠വെളിപ്പാടു 17:⁠5.

7, 8. വ്യാജമതം വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്‌ എങ്ങനെ, അതിന്റെ ഫലങ്ങൾ എന്തെല്ലാം?

7 മഹതിയാം ബാബിലോനെക്കുറിച്ചുള്ള തിരുവെഴുത്തു വർണന ലോകത്തിലുള്ള മുഴു വ്യാജമതങ്ങൾക്കും നന്നായി ചേരുന്നതാണ്‌. ലോകത്തിലെ ആയിരക്കണക്കിനു മതങ്ങൾ ഔദ്യോഗികമായി ഒറ്റ സംഘടനയെന്ന നിലയിൽ ഏകീകരിക്കപ്പെട്ടിട്ടില്ലെങ്കിലും അവ തങ്ങളുടെ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും വളരെ യോജിപ്പിലാണ്‌. വെളിപ്പാടു പുസ്‌തകത്തിലെ അധാർമിക സ്‌ത്രീയാൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതുപോലെ, വ്യാജമതങ്ങൾക്കു ഗവൺമെന്റുകളുടെമേൽ ശക്തമായ സ്വാധീനമുണ്ട്‌. തന്റെ വിവാഹപ്രതിജ്ഞയോടു വിശ്വസ്‌തയല്ലാത്ത ഒരു സ്‌ത്രീയെപ്പോലെ വ്യാജമതം നിരവധി രാഷ്‌ട്രീയ ഗവൺമെന്റുകളുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ടു വ്യഭിചാരം ചെയ്‌തിരിക്കുന്നു. ശിഷ്യനായ യാക്കോബ്‌ ഇപ്രകാരം എഴുതി: “വ്യഭിചാരിണികളായുള്ളോരേ, ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്‌നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.”​—⁠യാക്കോബ്‌ 4:⁠4.

8 വ്യാജമതവും ഗവൺമെന്റുകളും തമ്മിലുള്ള ഈ അവിഹിത കൂട്ടുകെട്ടിന്റെ ഫലമായി മനുഷ്യർ അനുഭവിക്കുന്ന ദുരിതം കുറച്ചൊന്നുമല്ല. “മതവും രാഷ്‌ട്രീയവും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമായി നടന്ന കൂട്ടക്കൊലകളുടെ നിരവധി ദൃഷ്ടാന്തങ്ങൾ ലോകചരിത്രത്തിൽ കാണാം” എന്ന്‌ ആഫ്രിക്കൻ രാഷ്‌ട്രീയ വിശകലനകർത്താവായ ഡോക്ടർ ഒനേന മാങ്‌ഗു പറയുന്നു. ഒരു വർത്തമാനപത്രം അടുത്തകാലത്ത്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇന്നത്തെ ഏറ്റവും അപകടകരവും രക്തരൂക്ഷിതവുമായ സംഘർഷങ്ങൾ . . . മതത്തെ കേന്ദ്രീകരിച്ചാണു നടക്കുന്നത്‌.” മതങ്ങളുടെ പിന്തുണയോടെ നടത്തപ്പെട്ടിട്ടുള്ള പോരാട്ടങ്ങളിൽ കോടിക്കണക്കിനാളുകൾക്കു ജീവൻ നഷ്ടമായിരിക്കുന്നു. മഹതിയാം ബാബിലോൺ ദൈവത്തിന്റെ യഥാർഥ ദാസന്മാരെ പീഡിപ്പിക്കുകയും കൊല്ലുകയുംപോലും ചെയ്‌തിരിക്കുന്നു. പ്രതീകാത്മകമായി പറഞ്ഞാൽ, അവരുടെ രക്തം കുടിച്ചു സ്‌ത്രീക്കു മത്തുപിടിച്ചിരിക്കുകയാണ്‌.​—⁠വെളിപ്പാടു 18:24.

9. വ്യാജാരാധനയോടുള്ള യഹോവയുടെ വെറുപ്പ്‌ വെളിപ്പാടു പുസ്‌തകം പ്രകടമാക്കുന്നത്‌ എങ്ങനെ?

9 മഹതിയാം ബാബിലോണിന്‌ സംഭവിക്കാനിരിക്കുന്നത്‌ എന്താണെന്നു പരിശോധിച്ചാൽ യഹോവ വ്യാജാരാധനയെ വെറുക്കുന്നുവെന്നു വ്യക്തമാകും. വെളിപ്പാടു 17:16 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.” ആദ്യം ഒരു വലിയ മൃഗം അവളെ കടിച്ചുകീറുകയും അവളുടെ മാംസളഭാഗങ്ങൾ തിന്നുകളയുകയും ചെയ്യുന്നു. തുടർന്ന്‌ അവളുടെ അവശേഷിക്കുന്ന ഭാഗങ്ങൾ പൂർണമായും അഗ്നിക്കിരയാക്കുന്നു. സമാനമായി, വ്യാജമതത്തിനെതിരെ ലോകഗവൺമെന്റുകൾ പെട്ടെന്നുതന്നെ അത്തരമൊരു നടപടി സ്വീകരിക്കും. അങ്ങനെ ചെയ്യാൻ ദൈവം അവരെ പ്രേരിപ്പിക്കും. (വെളിപ്പാടു 17:17) വ്യാജമത ലോകസാമ്രാജ്യമായ മഹതിയാം ബാബിലോൺ നാശത്തിനു വിധിക്കപ്പെട്ടിരിക്കുകയാണ്‌. “ഇനി അതിനെ കാണുകയില്ല.”​—⁠വെളിപ്പാടു 18:21.

10. വ്യാജമതത്തോടുള്ള ബന്ധത്തിൽ നമ്മുടെ നിലപാട്‌ എന്തായിരിക്കണം?

10 മഹതിയാം ബാബിലോണോടുള്ള ബന്ധത്തിൽ സത്യാരാധകരുടെ നിലപാട്‌ എന്തായിരിക്കണം? ശക്തവും വ്യക്തവുമായ ഭാഷയിൽ ബൈബിൾ ഇപ്രകാരം കൽപ്പിക്കുന്നു: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.” (വെളിപ്പാടു 18:4) രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ വൈകിപ്പോകുന്നതിനുമുമ്പേ വ്യാജമതത്തിൽനിന്നു പുറത്തുകടക്കണം. തന്നെ അനുസരിക്കുന്നുവെന്ന്‌ അവസാനനാളിൽ പലരും അവകാശപ്പെടുമെന്നു ഭൂമിയിലായിരിക്കെ യേശുക്രിസ്‌തു മുൻകൂട്ടിപ്പറയുകയുണ്ടായി. (മത്തായി 24:3-5) അത്തരക്കാരോടായി യേശു പറയുന്നു: “ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ.” (മത്തായി 7:23) ഇപ്പോൾ സിംഹാസനസ്ഥനായിരിക്കുന്ന രാജാവായ യേശുക്രിസ്‌തു വ്യാജമതത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്‌.

വിട്ടുനിൽക്കുക​—⁠എങ്ങനെ?

11. വ്യാജാരാധനയിൽനിന്നു വിട്ടുനിൽക്കാൻ നാം എന്തു ചെയ്യണം?

11 വ്യാജമതോപദേശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്‌ സത്യക്രിസ്‌ത്യാനികൾ വ്യാജാരാധനയിൽനിന്നു വിട്ടുനിൽക്കുന്നു. ഇതിന്റെ അർഥം, ദൈവത്തെയും അവന്റെ വചനത്തെയും കുറിച്ചു നുണകൾ പ്രചരിപ്പിക്കുന്ന മതപരമായ റേഡിയോ-ടിവി പരിപാടികളും സാഹിത്യങ്ങളും നാം ഒഴിവാക്കുന്നു എന്നാണ്‌. (സങ്കീർത്തനം 119:37) വ്യാജമതവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടന നടത്തുന്ന സാമൂഹിക കൂടിവരവുകളിലോ വിനോദ പരിപാടികളിലോ പങ്കെടുക്കാതെയും നാം ജ്ഞാനപൂർവം ഒഴിഞ്ഞുനിൽക്കുന്നു. വ്യാജാരാധനയെ നാം യാതൊരു പ്രകാരത്തിലും പിന്താങ്ങുകയുമില്ല. (1 കൊരിന്ത്യർ 10:21) അങ്ങനെ ചെയ്യുന്നതിലൂടെ, “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു” ആരെങ്കിലും നമ്മെ “കവർന്നുകള”യുന്നതിൽനിന്നു നാം സംരക്ഷിക്കപ്പെടുന്നു. “അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്‌തുവിന്നു ഒത്തവണ്ണമുള്ളതല്ല.”​—⁠കൊലൊസ്സ്യർ 2:⁠8.

12. വ്യാജമതസംഘടനകളുമായുള്ള സകല ബന്ധവും വിച്ഛേദിക്കാൻ ഒരുവന്‌ എങ്ങനെ കഴിയും?

12 യഹോവയുടെ സാക്ഷിയായിത്തീരാൻ ആഗ്രഹിക്കുന്ന ഒരാൾക്ക്‌ ഇപ്പോൾ വ്യാജമത അംഗത്വം ഉണ്ടെങ്കിലോ? പ്രസ്‌തുത മതത്തിന്റെ ഭാഗമായി മേലാൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നു കാണിക്കാൻ സാധാരണഗതിയിൽ ഒരു രാജിക്കത്തു മതിയാകും. വ്യാജമതത്തിൽനിന്നുള്ള ഏതൊരു ആത്മീയ ദുഷിപ്പും പൂർണമായി ഒഴിവാക്കാൻ ആവശ്യമായ നിർണായക പടികൾ അദ്ദേഹം സ്വീകരിക്കേണ്ടതു വിശേഷാൽ പ്രധാനമാണ്‌. താൻ പ്രസ്‌തുത മതവുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന്‌ ആ മതസംഘടനയ്‌ക്കും പൊതുജനത്തിനും അദ്ദേഹത്തിന്റെ പ്രവർത്തങ്ങളിൽനിന്നു വ്യക്തമായി കാണാൻ കഴിയണം.

13. വ്യാജമതത്തിൽനിന്നു വിട്ടുനിൽക്കേണ്ടതു സംബന്ധിച്ച്‌ ബൈബിൾ ഏതു ബുദ്ധിയുപദേശം നൽകുന്നു?

13 അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്‌മ? ക്രിസ്‌തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? . . . അതുകൊണ്ടു അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു.” (2 കൊരിന്ത്യർ 6:14-17) വ്യാജമതത്തിൽനിന്നു വിട്ടുനിന്നുകൊണ്ടു നാം ഈ വാക്കുകൾ അനുസരിക്കുന്നു. എന്നാൽ നാം വ്യാജമത വിശ്വാസികളിൽനിന്നുകൂടി അകന്നുനിൽക്കണമെന്ന്‌ പൗലൊസിന്റെ ബുദ്ധിയുപദേശം അർഥമാക്കുന്നുണ്ടോ?

“ജ്ഞാനത്തോടെ പെരുമാറുവിൻ”

14. വ്യാജാരാധനയിൽ ഏർപ്പെടുന്നവരെ നാം പൂർണമായും ഒഴിവാക്കണമോ? വിശദീകരിക്കുക.

14 വ്യാജാരാധകരുമായുള്ള സകല സമ്പർക്കവും സത്യാരാധകർ ഒഴിവാക്കണമോ? അന്യമതസ്ഥരിൽനിന്നു നാം നമ്മെത്തന്നെ പൂർണമായും അകറ്റിനിറുത്തണമോ? വേണ്ട. ഏറ്റവും വലിയ കൽപ്പനകളിൽ രണ്ടാമത്തേത്‌ ഇതാണ്‌: “നിന്നെപ്പോലെ നിന്റെ അയല്‌ക്കാരനെയും സ്‌നേഹിക്കുക.” (മത്തായി 22:​39, പി.ഒ.സി. ബൈബിൾ) രാജ്യത്തിന്റെ സുവാർത്ത അയൽക്കാരുമായി പങ്കുവെക്കുമ്പോൾ നാം തീർച്ചയായും അവരോടു സ്‌നേഹം പ്രകടമാക്കുകയാണു ചെയ്യുന്നത്‌. അവരെ ബൈബിൾ പഠിപ്പിക്കുകയും വ്യാജമതത്തിൽനിന്നു വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ചു ബോധവാന്മാരാക്കുകയും ചെയ്യുന്നതിലൂടെയും നാം അവരോടു സ്‌നേഹം പ്രകടമാക്കുന്നു.

15. ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കുക’ എന്നതിന്റെ അർഥമെന്ത്‌?

15 അയൽക്കാരോടു സുവാർത്ത പ്രസംഗിക്കുന്നുണ്ടെങ്കിലും യേശുവിന്റെ അനുഗാമികളെന്ന നിലയിൽ നാം “ലോകക്കാർ” അല്ല അഥവാ ലോകത്തിന്റെ ഭാഗമല്ല. (യോഹന്നാൻ 15:​19) ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട മനുഷ്യസമുദായത്തെയാണ്‌ ഇവിടെ ‘ലോകം’ എന്ന പദം അർഥമാക്കുന്നത്‌. (എഫെസ്യർ 4:17-19; 1 യോഹന്നാൻ 5:19) യഹോവയെ വ്രണപ്പെടുത്തുന്ന മനോഭാവങ്ങളും സംസാരവും നടത്തയും തള്ളിക്കളഞ്ഞുകൊണ്ടു നാം ലോകത്തിൽനിന്നു വിട്ടുനിൽക്കുന്നു. (1 യോഹന്നാൻ 2:15-17) മാത്രമല്ല, “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു”വെന്ന തത്ത്വം പിൻപറ്റിക്കൊണ്ട്‌, ക്രിസ്‌തീയ നിലവാരങ്ങളനുസരിച്ചു ജീവിക്കാത്തവരുമായുള്ള സൗഹൃദവും നാം ഒഴിവാക്കുന്നു. (1 കൊരിന്ത്യർ 15:​33, NW) ലോകത്തിന്റെ ഭാഗമല്ലാതിരിക്കുകയെന്നാൽ “ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം” സൂക്ഷിക്കുകയെന്നാണ്‌. (യാക്കോബ്‌ 1:27) അതിനാൽ, ലോകത്തിൽനിന്നു വേർപെട്ടിരിക്കണമെന്നു പറയുമ്പോൾ നാം മറ്റാളുകളുമായുള്ള സകല ബന്ധങ്ങളും അക്ഷരാർഥത്തിൽ ഉപേക്ഷിക്കണമെന്ന്‌ അർഥമില്ല.​—⁠യോഹന്നാൻ 17:15, 16; 1 കൊരിന്ത്യർ 5:9, 10.

16, 17. ബൈബിൾ സത്യം അറിയില്ലാത്തവരോടു ക്രിസ്‌ത്യാനികൾ എങ്ങനെ പെരുമാറണം?

16 അങ്ങനെയെങ്കിൽ, ബൈബിൾ സത്യം അറിയില്ലാത്തവരോടു നാം എങ്ങനെ പെരുമാറണം? കൊലൊസ്സ്യയിലെ സഭയ്‌ക്ക്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:5, 6) അപ്പൊസ്‌തലനായ പത്രൊസ്‌ പിൻവരുംവിധം പ്രസ്‌താവിച്ചു: “ക്രിസ്‌തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും [“ആഴമായ ബഹുമാനം,” NW] പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊസ്‌ 3:​14, 15) ‘ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാൻ’ പൗലൊസും ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു.​—⁠തീത്തൊസ്‌ 3:⁠2.

17 യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം മറ്റുള്ളവരോടു പരുക്കൻ രീതിയിലോ അഹംഭാവത്തോടെയോ പെരുമാറുന്നില്ല. അന്യമതസ്ഥരെക്കുറിച്ചു സംസാരിക്കുമ്പോൾ നാം ഒരിക്കലും തരംതാണ പദങ്ങൾ ഉപയോഗിക്കുകയില്ല. പകരം, അയൽക്കാരോ സഹജോലിക്കാരോ ശുശ്രൂഷയിലായിരിക്കെ കണ്ടുമുട്ടുന്ന വീട്ടുകാരോ നമ്മോടു ദയാരഹിതമായി ഇടപെടുകയോ ദുഷിച്ചു സംസാരിക്കുകയോ ചെയ്യുമ്പോൾപ്പോലും നാം നയം പ്രകടമാക്കുന്നു.​—⁠കൊലൊസ്സ്യർ 4:6; 2 തിമൊഥെയൊസ്‌ 2:24.

പത്ഥ്യവചനം മാതൃകയാക്കിക്കൊൾക

18. വ്യാജാരാധനയിലേക്കു തിരികെപ്പോകുന്നവർക്ക്‌ പരിതാപകരമായ ഏത്‌ ആത്മീയ അവസ്ഥയാണ്‌ ഉണ്ടാകുക?

18 ബൈബിൾസത്യം പഠിച്ച ഒരു വ്യക്തി വ്യാജാരാധനയിലേക്കു തിരികെപ്പോകുന്നത്‌ എത്ര ദാരുണമാണ്‌! അങ്ങനെ ചെയ്യുന്നതിന്റെ അനന്തരഫലങ്ങൾ പിൻവരുംവിധം പറഞ്ഞുകൊണ്ട്‌ ബൈബിൾ വർണിക്കുന്നു: “കർത്താവും രക്ഷിതാവുമായ യേശുക്രിസ്‌തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി. . . . എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.”​—⁠2 പത്രൊസ്‌ 2:20-22.

19. ആത്മീയതയെ അപകടപ്പെടുത്തിയേക്കാവുന്ന ഏതു കാര്യം സംബന്ധിച്ചും നാം ജാഗ്രത പാലിക്കേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ആത്മീയതയെ അപകടപ്പെടുത്തിയേക്കാവുന്ന ഏതു കാര്യം സംബന്ധിച്ചും നാം ജാഗ്രതയുള്ളവരായിരിക്കണം. അപകടങ്ങൾ എപ്പോഴും നമ്മുടെ മുമ്പിലുണ്ട്‌! അപ്പൊസ്‌തലനായ പൗലൊസ്‌ ഈ മുന്നറിയിപ്പു നൽകി: “എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്‌കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.” (1 തിമൊഥെയൊസ്‌ 4:1) ആ “ഭാവികാല”ത്താണു നാം ജീവിക്കുന്നത്‌. വ്യാജാരാധനയിൽനിന്നു വിട്ടുനിൽക്കാത്തവർ “മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന”വർ ആയിരിക്കും.​—⁠എഫെസ്യർ 4:13, 14.

20. വ്യാജമതത്തിന്റെ ഹാനികരമായ സ്വാധീനത്തിൽനിന്നു നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാം?

20 വ്യാജമതത്തിന്റെ ഹാനികരമായ സ്വാധീനത്തിൽനിന്നു നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാം? യഹോവ എന്തെല്ലാമാണു പ്രദാനം ചെയ്‌തിരിക്കുന്നതെന്നു നോക്കുക. ദൈവവചനമായ ബൈബിൾ നമുക്കുണ്ട്‌. (2 തിമൊഥെയൊസ്‌ 3:16, 17) “വിശ്വസ്‌തനും ബുദ്ധിമാനും ആയ ദാസൻ” മുഖാന്തരവും യഹോവ നമുക്ക്‌ ആത്മീയ ഭക്ഷണം സമൃദ്ധമായി നൽകിക്കൊണ്ടിരിക്കുന്നു. (മത്തായി 24:45) സത്യത്തിന്റെ പാതയിൽ പുരോഗമിക്കവേ, ‘പ്രായം തികഞ്ഞവർക്കുള്ള കട്ടിയായുള്ള ആഹാര’ത്തോടു താത്‌പര്യവും ആത്മീയ സത്യങ്ങൾ പഠിക്കുന്നിടത്തു കൂടിവരാനുള്ള ആഗ്രഹവും നാം വളർത്തിയെടുക്കേണ്ടതല്ലേ? (എബ്രായർ 5:13, 14; സങ്കീർത്തനം 26:8) യഹോവ പ്രദാനം ചെയ്‌തിരിക്കുന്ന കരുതലുകൾ പൂർണമായി പ്രയോജനപ്പെടുത്താനും അങ്ങനെ നാം കേട്ട “പത്ഥ്യവചനം. . . മാതൃക”യാക്കാനും നമുക്കു ദൃഢനിശ്ചയം ചെയ്യാം. (2 തിമൊഥെയൊസ്‌ 1:13) ഈ വിധത്തിൽ നമുക്കു വ്യാജാരാധനയിൽനിന്നു വിട്ടുനിൽക്കാം.

നിങ്ങൾ എന്തു പഠിച്ചു?

• എന്താണ്‌ “മഹതിയാം ബാബിലോ”ൻ?

• വ്യാജമതത്തിൽനിന്നു വിട്ടുനിൽക്കാൻ നാം എന്തു ചെയ്യണം?

• ആത്മീയതയെ അപകടപ്പെടുത്തിയേക്കാവുന്ന ഏതെല്ലാം കാര്യങ്ങൾ നാം ഒഴിവാക്കണം?

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

“മഹതിയാം ബാബിലോ”നെ ഒരു വേശ്യയായി ചിത്രീകരിച്ചിരിക്കുന്നതിന്റെ കാരണം നിങ്ങൾക്കറിയാമോ?

[29-ാം പേജിലെ ചിത്രം]

“മഹതിയാം ബാബിലോൻ” നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നു

[31-ാം പേജിലെ ചിത്രം]

അന്യമതസ്ഥരോടു നാം ‘സൗമ്യതയോടും ആഴമായ ബഹുമാനത്തോടും’ കൂടെ ഇടപെടുന്നു