വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധികാരം പ്രയോഗിക്കുമ്പോൾ ക്രിസ്‌തുവിനെ അനുകരിക്കുക

അധികാരം പ്രയോഗിക്കുമ്പോൾ ക്രിസ്‌തുവിനെ അനുകരിക്കുക

അധികാരം പ്രയോഗിക്കുമ്പോൾ ക്രിസ്‌തുവിനെ അനുകരിക്കുക

ഏതാനും വർഷംമുമ്പ്‌, മനുഷ്യ സ്വഭാവത്തെക്കുറിച്ച്‌ ഒരു പരീക്ഷണം നടന്നു. അതിന്റെ ഫലങ്ങൾ രസകരമായിരുന്നു. അതിൽ പങ്കെടുത്തവരെ രണ്ടായി തിരിച്ചു. ഒരു കൂട്ടരെ കാവൽക്കാരും മറ്റേ കൂട്ടരെ തടവുകാരും ആക്കി. എന്നിട്ടു തടവുകാരുടെ ചുമതല കാവൽക്കാരെ ഏൽപ്പിച്ചു. തുടർന്ന്‌ എന്തു സംഭവിച്ചു?

“ഏതാനും ദിവസങ്ങൾക്കകം മിക്ക [കാവൽക്കാരും], തടവുകാരെ അധിക്ഷേപിക്കുന്നവരും ഉപദ്രവിക്കുന്നവരും കൂടെക്കൂടെ ശിക്ഷിക്കുന്നവരും ആയിത്തീർന്നു. തടവുകാരാകട്ടെ പേടിച്ചൊതുങ്ങിക്കൂടുന്നവരും ദാസ്യമനോഭാവം പുലർത്തുന്നവരുമായി മാറി” എന്നു റിപ്പോർട്ടു ചെയ്യപ്പെട്ടു. ഗവേഷകർ എത്തിച്ചേർന്ന നിഗമനം ഇതാണ്‌: മിക്കവാറും എല്ലാവരുംതന്നെ അധികാര ദുർവിനിയോഗം എന്ന കെണിയിൽ വീണുപോകാൻ സാധ്യതയുണ്ട്‌.

ഉചിതവും അനുചിതവുമായ അധികാരവിനിയോഗം

അധികാരം ഉചിതമായി പ്രയോഗിക്കുമ്പോൾ അതിനു തീർച്ചയായും ഗുണകരമായ ഒരു സ്വാധീനശക്തിയായി വർത്തിക്കാൻ സാധിക്കും. ശരിയായ മാർഗനിർദേശം പ്രദാനം ചെയ്യാനും ശാരീരികവും വൈകാരികവും ആത്മീയവുമായ പ്രയോജനങ്ങൾ കൈവരുത്താനും അതിനു കഴിയും. (സദൃശവാക്യങ്ങൾ 1:5; യെശയ്യാവു 48:17, 18) എന്നിരുന്നാലും, മുകളിൽ പരാമർശിച്ച പരീക്ഷണം തെളിയിച്ചതു പോലെ, അധികാര ദുർവിനിയോഗം എന്ന അപകടം എപ്പോഴും നിലനിൽക്കുന്നു. ബൈബിൾ ഈ അപകടത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഇപ്രകാരം പറയുന്നു: “ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.”​—സദൃശവാക്യങ്ങൾ 29:2; സഭാപ്രസംഗി 8:9.

എത്രതന്നെ നല്ല ഉദ്ദേശ്യത്തോടെ ആണെങ്കിലും അധികാരം പ്രയോഗിക്കുന്നത്‌ തെറ്റായവിധത്തിലായാൽ അതു ഹാനികരമാണ്‌. ഉദാഹരണത്തിന്‌, ചില അധ്യാപകർ തങ്ങളുടെ സംരക്ഷണയിലുള്ള കുട്ടികളുടെമേൽ അനുചിതമായി അധികാരം പ്രയോഗിച്ചതിന്‌, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അയർലൻഡിലെ ഒരു മതസമൂഹം അടുത്തയിടെ പരസ്യമായി ക്ഷമാപണം നടത്തി. വ്യക്തമായും, ഈ അധ്യാപകരിൽ പലരുടെയും ലക്ഷ്യങ്ങൾ ഉദാത്തമായിരുന്നു, എന്നാൽ ചിലർ ഉപയോഗിച്ച രീതികൾ അങ്ങേയറ്റം ദോഷകരമായിരുന്നു. “അധ്യാപകരായ പല സഹോദരന്മാരുടെയും അങ്ങേയറ്റം ക്രൂരവും പരുഷവുമായ സമീപനം കുട്ടികളിൽ പലരെയും ഏതെങ്കിലുമൊക്കെ വിധത്തിൽ വൈകാരികമായി വ്രണപ്പെടുത്തി” എന്ന്‌ ഒരു പത്രം റിപ്പോർട്ടു ചെയ്‌തു. (ദി ഐറിഷ്‌ ടൈംസ്‌) അങ്ങനെയെങ്കിൽ, വാക്കോ പ്രവൃത്തിയോകൊണ്ട്‌ മറ്റുള്ളവരെ നിങ്ങളിൽനിന്ന്‌ അകറ്റുകയോ മുറിപ്പെടുത്തുകയോ ചെയ്യുന്നതിനു പകരം, ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാൻ അവരെ സഹായിക്കാൻ തക്കവണ്ണം നിങ്ങൾക്ക്‌ അധികാരം എങ്ങനെ പ്രയോഗിക്കാം?​—സദൃശവാക്യങ്ങൾ 12:18.

“സകല അധികാരവും” യേശുക്രിസ്‌തുവിനു നൽകപ്പെട്ടിരിക്കുന്നു

യേശുക്രിസ്‌തുവിന്റെ ഉദാഹരണം പരിചിന്തിക്കുക. സ്വർഗാരോഹണം ചെയ്യുന്നതിന്‌ അൽപ്പം മുമ്പ്‌, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു.” (മത്തായി 28:18) ആ പ്രസ്‌താവന ശിഷ്യന്മാരെ ഭയവിഹ്വലരാക്കിയോ? പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയിരുന്ന റോമിലെ കൈസർമാരുടെ അതേ മനോഭാവം യേശുവും പ്രകടമാക്കുമെന്ന്‌ അവർക്കു തോന്നിയോ?

ഇല്ല എന്നു ബൈബിൾ സംശയലേശമെന്യേ വ്യക്തമാക്കുന്നു! അധികാരം പ്രയോഗിക്കുന്ന കാര്യത്തിൽ യേശു തന്റെ പിതാവിനെ അതേപടി അനുകരിച്ചു. ന്യായയുക്തമായും യഹോവ സർവശക്തനായ അഖിലാണ്ഡ പരമാധികാരിയാണ്‌, എങ്കിലും തന്റെ ജനത്തിൽനിന്ന്‌ അവൻ ആഗ്രഹിക്കുന്നത്‌ സ്വമേധയായുള്ള സേവനമാണ്‌ അല്ലാതെ മനസ്സില്ലാമനസ്സോടെയോ ഭയന്നിട്ടോ അല്ലെങ്കിൽ ദാസ്യമനോഭാവത്തോടെയോ ഉള്ള അനുസരണമല്ല. (മത്തായി 22:37) യഹോവ ഒരിക്കലും തന്റെ അധികാരം ദുർവിനിയോഗം ചെയ്യുന്നില്ല. യെഹെസ്‌കേൽ പ്രവാചകനു നൽകപ്പെട്ട ശ്രദ്ധേയമായ ഒരു ദർശനം ഇതു വ്യക്തമാക്കുന്നു.

യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിച്ച നാലു ദൂതസൃഷ്ടികളെ യെഹെസ്‌കേൽ ഈ ദർശനത്തിൽ കണ്ടു. ഓരോരുത്തർക്കും നാലു മുഖങ്ങളുണ്ടായിരുന്നു. യെഹെസ്‌കേൽ എഴുതുന്നു, “അവയുടെ മുഖരൂപമോ; അവെക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.” (യെഹെസ്‌കേൽ 1:10) ഈ നാലു മുഖങ്ങൾ പ്രതീകപ്പെടുത്തുന്നതു ദൈവത്തിന്റെ പൂർണമായി സന്തുലിതമായ നാലു പ്രമുഖ ഗുണങ്ങളെയാണ്‌. ദൈവത്തിന്റെ വചനം ഈ ഗുണങ്ങളെ തിരിച്ചറിയിക്കുന്നു: മനുഷ്യന്റെ മുഖം സ്‌നേഹത്തെയും സിംഹത്തിന്റെ മുഖം നീതിയെയും കഴുകന്റെ മുഖം ജ്ഞാനത്തെയും കാളയുടെ മുഖം ശക്തിയെയും പ്രതീകപ്പെടുത്തുന്നു. ആദ്യത്തെ മൂന്നു ഗുണങ്ങൾ നാലാമത്തെ ഗുണമായ ശക്തിയുമായി ചേർന്നു പ്രവർത്തിക്കുന്നു. ഇതെല്ലാം എന്താണ്‌ അർഥമാക്കുന്നത്‌? മറ്റു പ്രമുഖ ഗുണങ്ങൾക്കു ചേർച്ചയിൽമാത്രമേ യഹോവ എല്ലായ്‌പോഴും തന്റെ അപരിമിത ശക്തിയും അധികാരവും ഉപയോഗിക്കുകയുള്ളുവെന്ന്‌ ഈ ദർശനം വെളിപ്പെടുത്തുന്നു.

യേശുക്രിസ്‌തു തന്റെ പിതാവിനെ അനുകരിച്ചു. സ്‌നേഹം, ജ്ഞാനം, നീതി എന്നിവയുമായി പൂർണ യോജിപ്പിലാണ്‌ അവൻ എല്ലായ്‌പോഴും തന്റെ അധികാരം ഉപയോഗിച്ചത്‌. യേശുവിന്റെ അധികാരത്തിൻ കീഴിൽ സേവിക്കവേ അവന്റെ ശിഷ്യന്മാർ വലിയ ആശ്വാസം അല്ലെങ്കിൽ നവോന്മേഷം കണ്ടെത്തി. (മത്തായി 11:28-30) യഹോവയുടെയും യേശുക്രിസ്‌തുവിന്റെയും ഏറ്റവും ശ്രദ്ധേയമായ ഗുണം ശക്തിയോ അധികാരമോ അല്ല മറിച്ച്‌ സ്‌നേഹമാണ്‌!​—1 കൊരിന്ത്യർ 13:13; 1 യോഹന്നാൻ 4:⁠8.

നിങ്ങൾ എങ്ങനെ അധികാരം പ്രയോഗിക്കുന്നു?

നിങ്ങൾ എങ്ങനെയാണ്‌ അധികാരം പ്രയോഗിക്കുന്നത്‌? ഉദാഹരണത്തിന്‌, കുടുംബത്തിലെ കാര്യമെടുക്കാം. അധികാരമുണ്ട്‌ എന്നതിനാൽ സ്വന്തം ഇഷ്ടപ്രകാരംതന്നെ എല്ലാം നടക്കണമെന്നു നിങ്ങൾ വാശിപിടിക്കാറുണ്ടോ? കുടുംബാംഗങ്ങൾ നിങ്ങളുടെ തീരുമാനങ്ങൾ അംഗീകരിക്കുന്നത്‌ പേടിച്ചിട്ടാണോ അതോ സ്‌നേഹം മൂലമാണോ? നിങ്ങൾക്കു കൂടുതൽ അധികാരം ഉള്ളതുകൊണ്ടാണോ കുടുംബാംഗങ്ങൾ നിങ്ങൾക്കു കീഴ്‌പെടുന്നത്‌? ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നത്‌, കുടുംബ ക്രമീകരണത്തിൽ ദിവ്യാധിപത്യക്രമം നിലനിറുത്താൻ കുടുംബനാഥന്മാരെ സഹായിക്കും.​—1 കൊരിന്ത്യർ 11:⁠3.

നിങ്ങൾക്ക്‌ ക്രിസ്‌തീയ സഭയിൽ ഒരു പരിധിവരെയുള്ള അധികാരം ഉണ്ടെങ്കിലെന്ത്‌? ഉചിതമായാണോ നിങ്ങൾ അതു കൈകാര്യം ചെയ്യുന്നതെന്ന്‌ ഉറപ്പുവരുത്താൻ, പിൻവരുന്ന തത്ത്വങ്ങൾ ബാധകമാക്കുന്നുണ്ടോ എന്നു സ്വയം ചോദിക്കുക. ഈ തത്ത്വങ്ങൾ യഹോവയാൽ നിശ്വസ്‌തമാണ്‌, മാത്രമല്ല യേശുക്രിസ്‌തു അവ പിൻപറ്റിക്കൊണ്ടു മാതൃകവെക്കുകയും ചെയ്‌തു.

“കർത്താവിന്റെ ദാസൻ . . . എല്ലാവരോടും ശാന്തനും . . . ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. . . . സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.”​—2 തിമൊഥെയൊസ്‌ 2:​24-26.

ആദിമ ക്രിസ്‌തീയ സഭയിലെ ചില വ്യക്തികൾക്കു ഗണ്യമായ അധികാരമുണ്ടായിരുന്നു. ഉദാഹരണത്തിന്‌, തിമൊഥെയൊസിന്‌, “അന്യഥാ ഉപദേശിക്കരുതെന്നു . . . ചിലരോടു ആജ്ഞാപി”ക്കാൻപോലും കഴിഞ്ഞു. (1 തിമൊഥെയൊസ്‌ 1:3) എന്നിരുന്നാലും, എല്ലാ കാര്യങ്ങളിലും അവൻ ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിച്ചുവെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും, കാരണം ക്രിസ്‌തീയ മേൽവിചാരണ നടത്തുമ്പോൾ “സൗമ്യതയോടെ” പഠിപ്പിക്കണമെന്നും “എല്ലാവരോടും ശാന്ത”നായിരിക്കണമെന്നുമുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ അവൻ പ്രവർത്തിച്ചിരുന്നു എന്നതിനു സംശയമില്ല. താരതമ്യേന ചെറുപ്പമായിരുന്നതിനാൽ, മൂത്തവരോട്‌ ആദരവുള്ള ഒരു മകനെപ്പോലെയും ഇളയവരോടു കരുതലുള്ള ഒരു സഹോദരനെപ്പോലെയും അവൻ പെരുമാറേണ്ടിയിരുന്നു. (1 തിമൊഥെയൊസ്‌ 5:1, 2) അത്തരം സ്‌നേഹനിർഭരമായ കരുതലുണ്ടായിരിക്കുമ്പോൾ, സ്‌നേഹവും ഊഷ്‌മളതയും നിറഞ്ഞുനിൽക്കുന്ന ഒരു കുടുംബാന്തരീക്ഷം ആയിരിക്കും ക്രിസ്‌തീയ സഭയിൽ നിലനിൽക്കുന്നത്‌; അല്ലാതെ ഒരു ബിസിനസ്‌ കോർപ്പറേഷനിലുള്ള നിർവികാരവും ഹൃദയശൂന്യവുമായ അന്തരീക്ഷമായിരിക്കില്ല.​—1 കൊരിന്ത്യർ 4:14; 1 തെസ്സലൊനീക്യർ 2:7, 8.

“ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.”​—മത്തായി 20:25, 26.

തങ്ങളുടെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിച്ചുകൊണ്ടും ഒരു നിശ്ചിത രീതിയിൽത്തന്നെ കാര്യങ്ങൾ നടക്കണമെന്നു നിഷ്‌കർഷിച്ചുകൊണ്ടും ഇനി, അതുപോലെ ചെയ്‌തില്ലെങ്കിൽ ശിക്ഷിക്കപ്പെടുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടും ലൗകിക സ്വേച്ഛാധിപതികൾ മറ്റുള്ളവരുടെമേൽ “കർത്തൃത്വം” നടത്തുന്നു. എന്നിരുന്നാലും, യേശുക്രിസ്‌തു ഊന്നൽ കൊടുത്തത്‌ മറ്റുള്ളവരെ സേവിക്കുന്നതിനാണ്‌ അല്ലാതെ അവരെ ഭാരപ്പെടുത്തുന്നതിനല്ല. (മത്തായി 20:27, 28) അവൻ എല്ലായ്‌പോഴും തന്റെ ശിഷ്യന്മാരോടു സ്‌നേഹത്തോടും കരുതലോടും കൂടെയാണ്‌ ഇടപെട്ടത്‌. നിങ്ങൾ യേശുവിന്റെ മാതൃക പിൻപറ്റുമ്പോൾ, മറ്റുള്ളവർക്കു നിങ്ങളുമായി സഹകരിക്കാൻ വളരെയേറെ എളുപ്പമാണ്‌. (എബ്രായർ 13:7, 17) സാധിക്കുമെങ്കിൽ ‘ഒരു നാഴിക കൂടെ പോകാൻ’ അതായത്‌ തങ്ങളിൽനിന്ന്‌ ആവശ്യപ്പെടുന്നതിലും അധികം ചെയ്യാൻപോലും അവർ തയ്യാറാകുന്നു, ഏതെങ്കിലും തരത്തിലുള്ള നിർബന്ധം നിമിത്തമല്ല മറിച്ച്‌ മനസ്സോടെ.​—മത്തായി 5:41.

“നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. . . . ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ.”​—1 പത്രൊസ്‌ 5:2, 3.

സഭയിലുള്ള എല്ലാവരുടെയും ആത്മീയക്ഷേമം സംബന്ധിച്ച്‌ തങ്ങൾ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന്‌ ഇന്നത്തെ മേൽവിചാരകന്മാർ തിരിച്ചറിയുന്നു. അവർ ഈ ഉത്തരവാദിത്വം ഗൗരവമായെടുക്കുന്നു. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കവേ അവർ അതു മനസ്സോടെയും ഉത്സാഹത്തോടെയും സ്‌നേഹനിർഭരമായ വിധത്തിലും ചെയ്യാൻ പ്രയത്‌നിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെ, മേൽവിചാരണയിലുള്ളവരുടെ വിശ്വാസത്തിന്മേൽ കർത്തൃത്വം നടത്താതെ, അവരുടെ വിശ്വാസത്തെ കെട്ടുപണി ചെയ്യാനും ബലപ്പെടുത്താനും മേൽവിചാരകന്മാർ കഠിനമായി യത്‌നിക്കുന്നു.​—2 കൊരിന്ത്യർ 1:24.

ഉചിതമായ ബുദ്ധിയുപദേശം നൽകേണ്ടത്‌ ആവശ്യമായി വരുമ്പോൾ, സൗമ്യതയുടെ ആത്മാവിൽ മൂപ്പന്മാർ അങ്ങനെ ചെയ്യുന്നു. തെറ്റു ചെയ്യുന്ന ഒരാളെ യഥാസ്ഥാനപ്പെടുത്താനോ ആത്മീയമായി പുരോഗമിക്കാൻ തക്കവണ്ണം ഒരു സഹക്രിസ്‌ത്യാനിയെ സഹായിക്കാനോ ആയിരിക്കാം അത്‌. അപ്പൊസ്‌തലനായ പൗലൊസിന്റെ ഓർമിപ്പിക്കൽ അവർ മനസ്സിൽപ്പിടിക്കുന്നു: “സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.”​—ഗലാത്യർ 6:1; എബ്രായർ 6:1, 2, 9-12.

“അന്യോന്യം പൊറുക്കയും . . . തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; . . . എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.”​—കൊലൊസ്സ്യർ 3:13, 14.

ക്രിസ്‌തീയ നിലവാരങ്ങൾ പൂർണമായി പിൻപറ്റാൻ പരാജയപ്പെട്ടേക്കാവുന്ന ഒരാളോടു നിങ്ങൾ എങ്ങനെയാണ്‌ ഇടപെടുന്നത്‌? യഹോവയും യേശുക്രിസ്‌തുവും ചെയ്യുന്നതുപോലെ അവരുടെ അപൂർണതകൾ നിങ്ങൾ കണക്കിലെടുക്കാറുണ്ടോ? (യെശയ്യാവു 42:2-4) അതോ എല്ലാ കാര്യത്തിലും ദൈവത്തിന്റെ നിയമം അക്ഷരംപ്രതി കർശനമായി പാലിക്കണമെന്നു നിങ്ങൾ നിഷ്‌കർഷിക്കാറുണ്ടോ? (സങ്കീർത്തനം 130:3) സാധ്യമായിരിക്കുന്നിടത്ത്‌ സൗമ്യത പ്രകടമാക്കുകയും ആവശ്യമായിരിക്കുമ്പോൾ മാത്രം ദൃഢതയുള്ളവരായിരിക്കുകയും ചെയ്യുന്നതാണ്‌ ഉചിതമെന്ന്‌ ഓർമിക്കുക. സ്‌നേഹത്തോടെ ഇടപെടുന്നത്‌ നിങ്ങളുടെയും നിങ്ങളുടെ അധികാരത്തിൻ കീഴിലുള്ളവരുടെയും ഇടയിൽ പരസ്‌പര വിശ്വാസത്തിന്റെയും ആശ്രയത്വത്തിന്റെയും സുദൃഢ ബന്ധങ്ങൾ രൂപംകൊള്ളാൻ സഹായിക്കും.

നിങ്ങളുടെമേൽ ഏതെങ്കിലും തരത്തിലുള്ള അധികാരം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നെങ്കിൽ, അതു പ്രയോഗിക്കുന്നതിൽ യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും അനുകരിക്കാൻ കഠിനശ്രമം ചെയ്യുവിൻ. യഹോവ തന്റെ ജനത്തിന്മേൽ അധികാരം പ്രയോഗിക്കുന്ന വിധത്തെക്കുറിച്ചുള്ള സങ്കീർത്തനക്കാരന്റെ മനോഹരമായ വർണന ഓർമിക്കുക. ദാവീദ്‌ പാടി: “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്‌പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.” സമാനമായി, യേശുവിനെക്കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.” സ്‌നേഹപൂർവം അധികാരം പ്രയോഗിക്കുന്ന കാര്യത്തിൽ ഇവരെക്കാൾ മെച്ചമായി നമുക്കു മാതൃക വെക്കുന്ന മറ്റാരാണുള്ളത്‌?​—സങ്കീർത്തനം 23:1-3; യോഹന്നാൻ 10:14, 15.

[18-ാം പേജിലെ ആകർഷകവാക്യം]

യഹോവ എല്ലായ്‌പോഴും നീതിയോടെയും ജ്ഞാനത്തോടെയും സ്‌നേഹത്തോടെയും ശക്തിയും അധികാരവും പ്രയോഗിക്കുന്നു

[18-ാം പേജിലെ ചിത്രം]

ആവശ്യമായിരിക്കുമ്പോൾ, തെറ്റുചെയ്യുന്നവർക്ക്‌ മൂപ്പന്മാർ സ്‌നേഹപൂർവകമായ ബുദ്ധിയുപദേശം നൽകണം

[19-ാം പേജിലെ ചിത്രം]

ആദരവുള്ള മകനെപ്പോലെയും കരുതലുള്ള സഹോദരനെപ്പോലെയും പെരുമാറാൻ പൗലൊസ്‌ തിമൊഥെയൊസിനെ ബുദ്ധിയുപദേശിച്ചു

[20-ാം പേജിലെ ചിത്രം]

യേശുക്രിസ്‌തു ജ്ഞാനത്തോടെയും നീതിയോടെയും സ്‌നേഹത്തോടെയും തന്റെ അധികാരം പ്രയോഗിക്കുന്നു