വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തീയ സ്‌നാപനത്തിനു യോഗ്യത പ്രാപിക്കുന്ന വിധം

ക്രിസ്‌തീയ സ്‌നാപനത്തിനു യോഗ്യത പ്രാപിക്കുന്ന വിധം

ക്രിസ്‌തീയ സ്‌നാപനത്തിനു യോഗ്യത പ്രാപിക്കുന്ന വിധം

‘ഞാൻ സ്‌നാനം ഏൽക്കുന്നതിന്‌ എന്തു വിരോധം?’​—⁠പ്രവൃത്തികൾ 8:36.

1, 2. എത്യോപ്യൻ അധികാരിയുമായി ഫിലിപ്പൊസ്‌ സംഭാഷണം ആരംഭിച്ചത്‌ എങ്ങനെ, അദ്ദേഹം ആത്മീയ മനസ്‌കനായിരുന്നുവെന്ന്‌ എന്തു തെളിയിക്കുന്നു?

യേശു മരിച്ച്‌ ഒന്നോ രണ്ടോ വർഷത്തിനുശേഷം ഭരണതലത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ യെരൂശലേമിൽനിന്ന്‌ തെക്കുള്ള ഗസ്സയിലേക്ക്‌ ഒരു രഥത്തിൽ സഞ്ചരിക്കുകയായിരുന്നു. ഏകദേശം 1,500 കിലോമീറ്റർ കൂടി ഇനിയും യാത്ര ചെയ്യേണ്ടതുണ്ട്‌. ദൈവഭക്തനായ ആ വ്യക്തി അങ്ങ്‌ എത്യോപ്യയിൽനിന്ന്‌ യെരൂശലേമിലേക്കു പോയത്‌ യഹോവയെ ആരാധിക്കാൻ വേണ്ടിയായിരുന്നു. യെരൂശലേമിൽനിന്നുള്ള ദൈർഘ്യമേറിയ മടക്കയാത്രയിൽ ദൈവവചനം വായിച്ചുകൊണ്ട്‌ അദ്ദേഹം സമയം ജ്ഞാനപൂർവം ചെലവഴിച്ചു​—⁠അത്രയ്‌ക്കു വിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്‌. ആത്മാർഥഹൃദയമുള്ള ആ വ്യക്തിയെ യഹോവ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സുവിശേഷം അറിയിക്കാൻ യേശുവിന്റെ ശിഷ്യനായ ഫിലിപ്പൊസിനെ ഒരു ദൂതന്റെ സഹായത്താൽ ദൈവം അദ്ദേഹത്തിന്റെ അടുക്കലേക്ക്‌ അയച്ചു.​—⁠പ്രവൃത്തികൾ 8:26-28.

2 ആ എത്യോപ്യൻ അധികാരിയുമായി സംഭാഷണത്തിൽ ഏർപ്പെടാൻ ഫിലിപ്പൊസിന്‌ എളുപ്പമായിരുന്നു. കാരണം, അക്കാലത്തെ രീതിക്കു ചേർച്ചയിൽ ഉച്ചത്തിലായിരുന്നു അദ്ദേഹം വായിച്ചുകൊണ്ടിരുന്നത്‌. അതുകൊണ്ടുതന്നെ അദ്ദേഹം വായിക്കുന്നത്‌ യെശയ്യാവിന്റെ ചുരുളിൽനിന്നാണെന്നു ഫിലിപ്പൊസ്‌ മനസ്സിലാക്കി. “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ” എന്ന ലളിതമായ ചോദ്യം ആ വ്യക്തിയുടെ താത്‌പര്യം ഉണർത്തി. അത്‌ യെശയ്യാവു 53:7, 8-ന്റെ ഒരു ചർച്ചയിലേക്കു നയിച്ചു. ഒടുവിൽ ഫിലിപ്പൊസ്‌, “യേശുവിനെക്കുറിച്ചുള്ള സുവിശേഷം” അദ്ദേഹത്തെ അറിയിച്ചു.​—⁠പ്രവൃത്തികൾ 8:29-35.

3, 4. (എ) ഫിലിപ്പൊസ്‌ താമസംകൂടാതെ എത്യോപ്യനെ സ്‌നാപനപ്പെടുത്തിയത്‌ എന്തുകൊണ്ട്‌? (ബി) നാം ഇപ്പോൾ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?

3 ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള പങ്കിനെക്കുറിച്ചും സ്‌നാപനമേറ്റ ഒരു ക്രിസ്‌തുശിഷ്യൻ ആയിത്തീരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ചുരുങ്ങിയ സമയത്തിനുള്ളിൽ ആ എത്യോപ്യൻ മനസ്സിലാക്കി. യാത്രാമധ്യേ വെള്ളമുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ “ഞാൻ സ്‌നാനം ഏല്‌ക്കുന്നതിന്നു എന്തു വിരോധം” എന്ന്‌ അദ്ദേഹം ഫിലിപ്പൊസിനോടു ചോദിച്ചു. ഇത്‌ തികച്ചും വ്യത്യസ്‌തമായ ഒരു സാഹചര്യമായിരുന്നു എന്നതു മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌. യഹൂദ മതപരിവർത്തിതനെന്ന നിലയിൽ ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്ന വിശ്വാസമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സാധ്യതയനുസരിച്ച്‌, സ്‌നാപനമേൽക്കാനുള്ള മറ്റൊരു അവസരം അടുത്ത കാലത്തൊന്നും അദ്ദേഹത്തിനു ലഭിക്കുമായിരുന്നില്ല. സർവോപരി, ദൈവം ആവശ്യപ്പെടുന്നത്‌ എന്താണെന്ന്‌ അദ്ദേഹം തിരിച്ചറിയുകയും പൂർണമനസ്സോടെ അനുകൂലമായി പ്രതികരിക്കാൻ ആഗ്രഹിക്കുകയും ചെയ്‌തു. ഫിലിപ്പൊസ്‌ സസന്തോഷം അദ്ദേഹത്തിന്റെ അഭ്യർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിച്ചു. സ്‌നാപനമേറ്റശേഷം ആ എത്യോപ്യൻ “സന്തോഷിച്ചുംകൊണ്ടു തന്റെ വഴിക്കു പോയി.” നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഉത്സാഹപൂർവം സുവാർത്താ പ്രസംഗം ഏറ്റെടുത്തുവെന്നതിനു സംശയമില്ല.​—⁠പ്രവൃത്തികൾ 8:36-39.

4 സമർപ്പണവും സ്‌നാപനവും തയ്യാറെടുപ്പൊന്നും കൂടാതെ പെട്ടെന്നു സ്വീകരിക്കാവുന്ന പടികൾ അല്ലെങ്കിലും, ദൈവവചനത്തിലെ സത്യം കേട്ടശേഷം അധികം താമസിയാതെതന്നെ വ്യക്തികൾ സ്‌നാപനമേറ്റ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ ആ എത്യോപ്യൻ അധികാരിയുടെ ദൃഷ്ടാന്തം പ്രകടമാക്കുന്നു. * അതുകൊണ്ട്‌ പിൻവരുന്ന ചോദ്യങ്ങൾ പ്രസക്തമാണ്‌: സ്‌നാപനത്തിനായി ഒരു വ്യക്തി എങ്ങനെ തയ്യാറാകണം? ഇക്കാര്യത്തിൽ പ്രായത്തിന്‌ എത്രത്തോളം പ്രാധാന്യമുണ്ട്‌? സ്‌നാപനമേൽക്കുന്നതിനു മുമ്പായി ഒരു വ്യക്തിയിൽ ആത്മീയമായ എന്തെല്ലാം പുരോഗതികൾ കാണാൻ കഴിയണം? സർവോപരി, ഇങ്ങനെയൊരു പടി സ്വീകരിക്കാൻ യഹോവ തന്റെ ദാസരോട്‌ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?

എന്നേക്കുമായുള്ള ഒരു കരാർ

5, 6. (എ) മുൻകാലങ്ങളിൽ ദൈവജനം യഹോവയുടെ സ്‌നേഹത്തോടു പ്രതികരിച്ചത്‌ എങ്ങനെ? (ബി) സ്‌നാപനമേൽക്കുന്നതോടെ നമുക്ക്‌ ദൈവവുമായി എങ്ങനെയുള്ള ഒരു ബന്ധം ആസ്വദിക്കാൻ കഴിയും?

5 ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു വിടുവിച്ചശേഷം അവരെ തന്റെ “പ്രത്യേകസമ്പത്തായി” കരുതാനും സ്‌നേഹിക്കാനും സംരക്ഷിക്കാനും ഒരു “വിശുദ്ധജന”മാക്കിത്തീർക്കാനും യഹോവ ഉദ്ദേശിച്ചു. എന്നാൽ, അത്തരം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ അവർ ദൈവത്തിന്റെ സ്‌നേഹത്തോട്‌ ഒരു പ്രത്യേക വിധത്തിൽ വിലമതിപ്പു പ്രകടിപ്പിക്കേണ്ടിയിരുന്നു. “യഹോവ കല്‌പിച്ചതൊക്കെയും” ചെയ്യാമെന്നു സമ്മതിക്കുകയും അവനുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്‌തുകൊണ്ട്‌ അവർ അപ്രകാരം ചെയ്‌തു. (പുറപ്പാടു 19:4-9) ഒന്നാം നൂറ്റാണ്ടിൽ, സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കാൻ യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചു, അവന്റെ പഠിപ്പിക്കലുകൾ കൈക്കൊണ്ടവർ സ്‌നാപനമേൽക്കുകയും ചെയ്‌തു. ദൈവവുമായുള്ള ഉറ്റബന്ധം, യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തെയും തുടർന്നുള്ള സ്‌നാപനത്തെയും ആശ്രയിച്ചിരുന്നു.​—⁠മത്തായി 28:19, 20; പ്രവൃത്തികൾ 2:38, 41.

6 യഹോവയെ എന്നെന്നേക്കും സേവിക്കാമെന്നു വാക്കുകൊടുക്കുകയും അതു പാലിക്കുകയും ചെയ്യുന്നവരെ അവൻ അനുഗ്രഹിക്കുന്നുവെന്ന്‌ അത്തരം തിരുവെഴുത്തു രേഖകൾ പ്രകടമാക്കുന്നു. യഹോവയുടെ അനുഗ്രഹം സമ്പാദിക്കാൻ ഇന്നു ക്രിസ്‌ത്യാനികൾ സ്വീകരിക്കേണ്ട നിർണായക പടികളാണ്‌ സമർപ്പണവും സ്‌നാപനവും. അവന്റെ വഴിനടത്തിപ്പിനു കീഴ്‌പെട്ടുകൊണ്ട്‌ ദൈവികമാർഗത്തിൽ നടക്കാൻ നാം ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. (സങ്കീർത്തനം 48:14) നാം നടക്കേണ്ട വഴിയിൽ ആലങ്കാരികമായി നമ്മെ കൈപിടിച്ചു നടത്തിക്കൊണ്ട്‌ യഹോവ അതിനോടു പ്രതികരിക്കുന്നു.​—⁠സങ്കീർത്തനം 73:23; യെശയ്യാവു 30:21; 41:10, 13.

7. സമർപ്പണത്തിനും സ്‌നാപനത്തിനുമുള്ള തീരുമാനം നാം വ്യക്തിപരമായി കൈക്കൊള്ളേണ്ട ഒന്നായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 യഹോവയോടുള്ള സ്‌നേഹവും അവനെ സേവിക്കാനുള്ള ആഗ്രഹവുമായിരിക്കണം സമർപ്പണത്തിനും സ്‌നാപനത്തിനും നമ്മെ പ്രചോദിപ്പിക്കേണ്ടത്‌. ആവശ്യത്തിനു കാര്യങ്ങൾ പഠിക്കാനുള്ള സമയം കഴിഞ്ഞു അല്ലെങ്കിൽ കൂട്ടുകാരെല്ലാം സ്‌നാപനമേറ്റു എന്നൊക്കെ മറ്റുള്ളവർ പറയുന്നതുകൊണ്ടുമാത്രം ആരും സ്‌നാപനമേൽക്കരുത്‌. സമർപ്പണത്തെയും സ്‌നാപനത്തെയും കുറിച്ചു ചിന്തിക്കാൻ മാതാപിതാക്കളും പക്വതയുള്ള മറ്റു ക്രിസ്‌ത്യാനികളും ഒരു വ്യക്തിയെ പ്രോത്സാഹിപ്പിച്ചേക്കാമെന്നതു ശരിതന്നെ. പെന്തെക്കൊസ്‌ത്‌ നാളിൽ തന്റെ പ്രസംഗം കേട്ടവരെ ‘സ്‌നാപനമേൽക്കാൻ’ പത്രൊസ്‌ അപ്പൊസ്‌തലൻ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. (പ്രവൃത്തികൾ 2:38) എന്നിരുന്നാലും സമർപ്പണം വ്യക്തിപരമായ ഒരു സംഗതിയാണ്‌, നമുക്കുവേണ്ടി മറ്റാർക്കും അതു ചെയ്യാനാവില്ല. ദൈവേഷ്ടം ചെയ്യാനുള്ള തീരുമാനം നാം സ്വന്തമായി കൈക്കൊള്ളേണ്ടതുണ്ട്‌.​—⁠സങ്കീർത്തനം 40:⁠8.

സ്‌നാപനത്തിനു തയ്യാറാകുന്ന വിധം

8, 9. (എ) തിരുവെഴുത്തനുസരിച്ച്‌, ശിശുസ്‌നാപനം തെറ്റായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) സ്‌നാപനത്തിനുമുമ്പ്‌ ചെറുപ്രായക്കാർ ആത്മീയമായി എന്തു പുരോഗതി കൈവരിച്ചിരിക്കണം?

8 ശരിയായ തിരിച്ചറിവോടെ സമർപ്പണം നടത്താൻ കുട്ടികൾക്കു കഴിയുമോ? സ്‌നാപനമേൽക്കാൻ ഒരു നിശ്ചിത പ്രായത്തിൽ എത്തണമെന്നൊന്നും തിരുവെഴുത്തുകൾ പറയുന്നില്ല. എന്നാൽ ശിശുക്കൾക്ക്‌ വിശ്വാസികളായിത്തീരാനോ വിശ്വാസത്തിലധിഷ്‌ഠിതമായ തീരുമാനങ്ങളെടുക്കാനോ ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കാനോ കഴിയില്ലെന്നതു സ്‌പഷ്ടമാണ്‌. (പ്രവൃത്തികൾ 8:12) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെക്കുറിച്ച്‌, ക്രിസ്‌തീയ മതത്തിന്റെയും സഭയുടെയും പൊതുവായ ചരിത്രം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഔഗുസ്റ്റുസ്‌ നേയാൻഡർ ഇങ്ങനെ പറയുന്നു: “മുതിർന്നവരെ മാത്രമേ ആദ്യമൊക്കെ സ്‌നാനപ്പെടുത്തിയിരുന്നുള്ളു, കാരണം സ്‌നാപനവും വിശ്വാസവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നെന്നു ഗ്രഹിക്കാൻ കഴിയുന്നത്‌ അവർക്കായിരുന്നു.”

9 യുവവ്യക്തികൾക്കിടയിൽ ചിലരൊക്കെ താരതമ്യേന ചെറിയ പ്രായത്തിൽത്തന്നെ നല്ലയളവിൽ ആത്മീയത വളർത്തിയെടുക്കുമ്പോൾ മറ്റുള്ളവർക്ക്‌ അതിനു കൂടുതൽ സമയം ആവശ്യമായിവരുന്നു. എന്നിരുന്നാലും സ്‌നാപനമേൽക്കുന്നതിനുമുമ്പ്‌ ഒരു യുവവ്യക്തിക്ക്‌, യഹോവയുമായി വ്യക്തിപരമായ ബന്ധവും തിരുവെഴുത്തുകളുടെ അടിസ്ഥാന പഠിപ്പിക്കലുകൾ സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യവും സമർപ്പണത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു മുതിർന്നവർക്കുള്ളതുപോലെതന്നെയുള്ള അവബോധവും ഉണ്ടായിരിക്കണം.

10. സമർപ്പണത്തിനും സ്‌നാപനത്തിനും മുമ്പ്‌ ഒരുവൻ ഏതെല്ലാം പടികൾ സ്വീകരിക്കണം?

10 തന്റെ എല്ലാ കൽപ്പനകളും പുതിയ ശിഷ്യന്മാരെ പഠിപ്പിക്കണമെന്ന്‌ യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചു. (മത്തായി 28:20) അതുകൊണ്ട്‌ ആദ്യംതന്നെ, പുതിയവർ സത്യത്തെക്കുറിച്ചു സൂക്ഷ്‌മ പരിജ്ഞാനം സമ്പാദിക്കേണ്ടതുണ്ടെന്ന്‌ അതു കാണിക്കുന്നു. യഹോവയിലും അവന്റെ വചനത്തിലും വിശ്വാസം നട്ടുവളർത്താൻ അത്‌ അവരെ പ്രാപ്‌തരാക്കും. (റോമർ 10:17; 1 തിമൊഥെയൊസ്‌ 2:4; എബ്രായർ 11:6) തുടർന്ന്‌, തിരുവെഴുത്തു സത്യങ്ങൾ ഹൃദയത്തെ ആഴത്തിൽ സ്‌പർശിക്കുമ്പോൾ അനുതപിക്കാനും മുൻ ജീവിതഗതി ഉപേക്ഷിച്ചു തിരിഞ്ഞുവരാനും ഒരുവൻ പ്രേരിതനായിത്തീരുന്നു. (പ്രവൃത്തികൾ 3:19) ഒടുവിൽ ആ വ്യക്തി, യേശുവിന്റെ കൽപ്പനയ്‌ക്കു ചേർച്ചയിൽ തന്നെത്തന്നെ യഹോവയ്‌ക്കു സമർപ്പിച്ചു സ്‌നാപനമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിൽ എത്തിച്ചേരുന്നു.

11 സ്‌നാപനത്തിനുമുമ്പുതന്നെ നാം ക്രമമായി പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 സ്‌നാപനത്തിനു യോഗ്യത നേടുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സുപ്രധാനമായ മറ്റൊരു പടിയാണ്‌ രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ പങ്കുചേരുകയെന്നത്‌. ഈ അന്ത്യനാളുകളിൽ യഹോവ തന്റെ ജനത്തിനു നിയമിച്ചുകൊടുത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേലയാണ്‌ അത്‌. (മത്തായി 24:14) അതിനാൽ, സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകർക്ക്‌ തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ കഴിയും. ആ വേലയിൽ ഏർപ്പെടുന്നത്‌, സ്‌നാപനത്തിനുശേഷം തീക്ഷ്‌ണതയോടെ, ക്രമമായി വയൽശുശ്രൂഷയിൽ പങ്കെടുക്കാൻ അവരെ പ്രാപ്‌തരാക്കുകയും ചെയ്യും.​—⁠റോമർ 10:9, 10, 14, 15.

സ്‌നാപനമേൽക്കുന്നതിൽനിന്ന്‌ നിങ്ങളെ എന്തെങ്കിലും തടയുന്നുവോ?

12. സ്‌നാപനമേൽക്കുന്നതിൽനിന്നു ചിലരെ തടയുന്നത്‌ എന്തായിരിക്കാം?

12 സ്‌നാപനത്തോടൊപ്പം കൈവരുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള വൈമനസ്യം നിമിത്തം ചിലർ സ്‌നാപനമേൽക്കുന്നതിൽനിന്നു വിട്ടുനിന്നേക്കാം. യഹോവയുടെ നിലവാരങ്ങളിലെത്താൻ ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന്‌ അവർ തിരിച്ചറിയുന്നു. അല്ലെങ്കിൽ, സ്‌നാപനത്തിനുശേഷം ദൈവിക നിബന്ധനകൾക്കു ചേർച്ചയിൽ ജീവിക്കേണ്ടിവരുന്നത്‌ ബുദ്ധിമുട്ടായിരിക്കുമെന്ന്‌ അവർ ശങ്കിക്കുന്നു. “ഒരിക്കൽ എന്തെങ്കിലും തെറ്റു ചെയ്‌ത്‌ ഞാൻ സഭയിൽനിന്നു പുറത്താക്കപ്പെട്ടേക്കാം” എന്നുപോലും ചിലർ ചിന്തിച്ചേക്കാം.

13. യേശുവിന്റെ നാളിൽ അവന്റെ അനുഗാമികളായിത്തീരുന്നതിൽനിന്നു ചിലരെ തടഞ്ഞത്‌ എന്ത്‌?

13 യേശുവിന്റെ നാളിൽ, അവന്റെ ശിഷ്യന്മാരായിത്തീരുന്നതിൽനിന്നു ചിലരെ തടഞ്ഞത്‌ വ്യക്തിപരമായ താത്‌പര്യങ്ങളും ശക്തമായ കുടുംബ ബന്ധങ്ങളും ആയിരുന്നു. യേശു പോകുന്നിടത്തെല്ലാം അവനെ അനുഗമിക്കുമെന്ന്‌ ഒരു ശാസ്‌ത്രി പ്രഖ്യാപിച്ചപ്പോൾ, സാധാരണ ഗതിയിൽ രാത്രിയിൽ തല ചായ്‌ക്കാൻപോലും തനിക്ക്‌ ഇടം കിട്ടാറില്ലെന്ന്‌ യേശു ചൂണ്ടിക്കാട്ടി. തന്നെ അനുഗമിക്കാൻ മറ്റൊരു ശ്രോതാവിനെ ക്ഷണിച്ചപ്പോൾ, പിതാവിന്റെ ശവമടക്കു കഴിഞ്ഞിട്ടു വരാമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു. യേശുവിനെ അനുഗമിക്കുകയും പിതാവ്‌ മരിക്കുമ്പോൾ ശവമടക്കിനു പോകുകയും ചെയ്യുന്നതിനുപകരം, വീട്ടിൽ താമസിച്ചുകൊണ്ട്‌ പിതാവിന്റെ മരണംവരെ കാത്തിരിക്കാൻ അദ്ദേഹം താത്‌പര്യപ്പെട്ടതായി കാണപ്പെടുന്നു. ഒടുവിൽ, യേശുവിനെ അനുഗമിക്കുന്നതിനുമുമ്പ്‌ തന്റെ വീട്ടുകാരോടു ‘യാത്രപറയണമെന്ന്‌’ മൂന്നാമതൊരാൾ പറഞ്ഞു. ആ വിധങ്ങളിൽ കാര്യങ്ങൾ നീട്ടിവെക്കുന്നത്‌ “പുറകോട്ടു നോക്കുന്ന”തിനു തുല്യമാണെന്ന്‌ യേശു ചൂണ്ടിക്കാണിച്ചു. ഈ ശീലമുള്ളവർക്ക്‌ ക്രിസ്‌തീയ ഉത്തരവാദിത്വങ്ങളിൽനിന്നു തലയൂരാൻ എപ്പോഴും എന്തെങ്കിലുമൊക്കെ ന്യായങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്നതായി കാണപ്പെടുന്നു.​—⁠ലൂക്കൊസ്‌ 9:57-62.

14. (എ) പത്രൊസ്‌, അന്ത്രെയാസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവരെ മനുഷ്യരെ പിടിക്കുന്നവർ ആയിത്തീരാൻ യേശു ക്ഷണിച്ചപ്പോൾ അവർ എങ്ങനെ പ്രതികരിച്ചു? (ബി) യേശുവിന്റെ നുകം ഏൽക്കാൻ നാം മടിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

14 പത്രൊസ്‌, അന്ത്രെയാസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവരുടെ കാര്യം തികച്ചും വ്യത്യസ്‌തമായിരുന്നു. തന്നെ അനുഗമിക്കാനും മനുഷ്യരെ പിടിക്കുന്നവരായിത്തീരാനും യേശു അവരെ ക്ഷണിച്ചപ്പോൾ “ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു” എന്ന്‌ ബൈബിൾ പറയുന്നു. (മത്തായി 4:19-22) തെല്ലും അമാന്തിക്കാതെ ആ തീരുമാനം എടുത്തതിലൂടെ, പിന്നീട്‌ യേശു അവരോടു പറഞ്ഞ പിൻവരുന്ന കാര്യം നേരിട്ടനുഭവിക്കാൻ അവർക്കു കഴിഞ്ഞു: “ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്തായി 11:29, 30) സ്‌നാപനമേൽക്കുന്നതിലൂടെ നാം ഉത്തരവാദിത്വങ്ങളുടെ ഒരു ചുമട്‌ എടുക്കേണ്ടതായിവരുമെങ്കിലും അത്‌, നമുക്ക്‌ ഏറെ നവോന്മേഷം കൈവരുത്തുന്ന മൃദുവും വഹിക്കാവുന്നതുമായ ഒന്നായിരിക്കുമെന്ന്‌ യേശു ഉറപ്പുനൽകുന്നു.

15. ദിവ്യസഹായം ലഭിക്കുമെന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുള്ളവർ ആയിരിക്കാമെന്ന്‌ മോശെയുടെയും യിരെമ്യാവിന്റെയും ദൃഷ്ടാന്തം പ്രകടമാക്കുന്നത്‌ എങ്ങനെ?

15 അപര്യാപ്‌തതാബോധം തോന്നുകയെന്നതു സാധാരണമാണ്‌. യഹോവ നൽകിയ നിയമനങ്ങൾ നിറവേറ്റാൻ തങ്ങൾ പ്രാപ്‌തരല്ലെന്ന്‌ മോശെയും യിരെമ്യാവും ആദ്യം ചിന്തിച്ചു. (പുറപ്പാടു 3:11; യിരെമ്യാവു 1:6) എങ്ങനെയാണ്‌ യഹോവ അവരെ ബലപ്പെടുത്തിയത്‌? “ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്ന്‌ മോശെയോടും “നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു” യിരെമ്യാവിനോടും അവൻ പറഞ്ഞു. (പുറപ്പാടു 3:12; യിരെമ്യാവു 1:8) നമുക്കും ദിവ്യസഹായം സംബന്ധിച്ച്‌ ഉറപ്പുള്ളവർ ആയിരിക്കാൻ കഴിയും. സമർപ്പണത്തിനുചേർച്ചയിൽ ജീവിക്കാനാകുമോ എന്ന കാര്യത്തിലുള്ള ഏതൊരു ആശങ്കയും തരണംചെയ്യാൻ ദൈവത്തോടുള്ള സ്‌നേഹവും അവനിലുള്ള ആശ്രയവും നമ്മെ സഹായിക്കും. “സ്‌നേഹത്തിൽ ഭയമില്ല . . . തികഞ്ഞ സ്‌നേഹം, ഭയത്തെ പുറത്താക്കിക്കളയുന്നു” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി. (1 യോഹന്നാൻ 4:18) തനിച്ചു നടക്കേണ്ടിവരുമ്പോൾ ഒരു കൊച്ചുകുട്ടിക്കു ഭയം തോന്നിയേക്കാം. എന്നാൽ പിതാവിന്റെ കൈപിടിച്ചു നടക്കുമ്പോൾ അവനു നല്ല ധൈര്യമായിരിക്കും. സമാനമായി, നാം പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുകയും അവനോടുകൂടെ നടക്കുകയും ചെയ്‌താൽ നമ്മുടെ “പാതകളെ നേരെയാക്കു”മെന്ന്‌ അവൻ ഉറപ്പുനൽകുന്നു.​—⁠സദൃശവാക്യങ്ങൾ 3:5, 6.

ഭക്ത്യാദരവോടെ വീക്ഷിക്കേണ്ട ഒരു വേള

16. സ്‌നാപനമേൽക്കാൻ ഒരുവൻ പൂർണമായി വെള്ളത്തിൽ മുങ്ങേണ്ടത്‌ എന്തുകൊണ്ട്‌?

16 സാധാരണമായി, ക്രിസ്‌തീയ സ്‌നാപനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു തിരുവെഴുത്തധിഷ്‌ഠിത പ്രസംഗത്തിനുശേഷമായിരിക്കും സ്‌നാപനം നടക്കുക. ആ പ്രസംഗത്തിന്റെ ഒടുവിൽ, സ്‌നാപനത്തോടു ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞുകൊണ്ട്‌ തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനം നടത്താൻ സ്‌നാപനാർഥികളോട്‌ ആവശ്യപ്പെടുന്നു. (റോമർ 10:​10; 22-ാം പേജിലെ ചതുരം കാണുക.) തുടർന്ന്‌ അവർ, യേശു വെച്ച മാതൃകയ്‌ക്കുചേർച്ചയിൽ പൂർണമായും വെള്ളത്തിൽ മുങ്ങിക്കൊണ്ടുള്ള സ്‌നാപനത്തിനു വിധേയരാകുന്നു. സ്‌നാപനമേറ്റശേഷം യേശു “വെള്ളത്തിൽനിന്നു കയറി” അല്ലെങ്കിൽ “വെള്ളത്തിൽ നിന്നും പൊങ്ങി”വന്നുവെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. (മത്തായി 3:16; മർക്കൊസ്‌ 1:​10, പരിശുദ്ധ ബൈബിൾ, ഈസി റ്റു റീഡ്‌ വേർഷൻ) യോഹന്നാൻ സ്‌നാപകൻ യേശുവിനെ പൂർണമായും വെള്ളത്തിൽ മുക്കിയെന്നതു വ്യക്തമാണ്‌. * വെള്ളത്തിൽ പൂർണമായി മുങ്ങുന്നത്‌, ജീവിതത്തിൽ നാം വരുത്തിയിരിക്കുന്ന നാടകീയ മാറ്റത്തിന്റെ ഉചിതമായ ഒരു പ്രതീകമാണ്‌. അതോടെ, മുൻ ജീവിതഗതി സംബന്ധിച്ചു നാം ആലങ്കാരികമായി മരിക്കുകയും ദൈവസേവനത്തിൽ വേരൂന്നിയ ഒരു പുതുജീവിതം ആരംഭിക്കുകയും ചെയ്യുന്നു.

17. സ്‌നാപനാർഥികൾക്കും നിരീക്ഷകർക്കും സ്‌നാപനവേളയുടെ അന്തസ്സിനു ചേർച്ചയിൽ പ്രവർത്തിക്കാൻ കഴിയുന്നത്‌ എങ്ങനെ?

17 ഗൗരവമേറിയതും അതേസമയം സന്തോഷപ്രദവുമായ ഒരു സന്ദർഭമാണ്‌ സ്‌നാപനം. യോർദ്ദാൻ നദിയിൽ യോഹന്നാൻ യേശുവിനെ സ്‌നാപനപ്പെടുത്തുമ്പോൾ യേശു പ്രാർഥിക്കുകയായിരുന്നുവെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. (ലൂക്കൊസ്‌ 3:21, 22) ആ മാതൃകയ്‌ക്കുചേർച്ചയിൽ ഇന്നു സ്‌നാപനാർഥികൾ ശ്രേഷ്‌ഠമായ പെരുമാറ്റം കാഴ്‌ചവെക്കണം. അനുദിന ജീവിതത്തിലെ വസ്‌ത്രധാരണത്തിന്റെ കാര്യത്തിൽ നാം മാന്യത പാലിക്കണമെന്ന്‌ ബൈബിൾ ഉദ്‌ബോധിപ്പിക്കുന്നതിനാൽ, നമ്മുടെ സ്‌നാപനത്തിന്റെ ദിവസം ആ ബുദ്ധിയുപദേശത്തിനു നാം എത്രയധികം ശ്രദ്ധകൊടുക്കണം! (1 തിമൊഥെയൊസ്‌ 2:9) സ്‌നാപന പ്രസംഗം ശ്രദ്ധാപൂർവം കേട്ടുകൊണ്ടും സ്‌നാപന ചടങ്ങു വീക്ഷിക്കവേ അച്ചടക്കം പാലിച്ചുകൊണ്ടും നിരീക്ഷകർക്ക്‌ ഉചിതമായ ആദരവ്‌ പ്രകടമാക്കാവുന്നതാണ്‌.​—⁠1 കൊരിന്ത്യർ 14:40.

സ്‌നാപനമേറ്റ ശിഷ്യന്മാർ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾ

18, 19. സ്‌നാപനം എന്തെല്ലാം പദവികളും അനുഗ്രഹങ്ങളും വെച്ചുനീട്ടുന്നു?

18 നമ്മെത്തന്നെ ദൈവത്തിനു സമർപ്പിച്ച്‌ സ്‌നാപനമേൽക്കുന്നതോടെ നാം ഒരു വിശിഷ്ട കുടുംബത്തിന്റെ ഭാഗമായിത്തീരുന്നു. ഒന്നാമതായി, യഹോവ നമ്മുടെ പിതാവും സ്‌നേഹിതനും ആയിത്തീരുന്നു. സ്‌നാപനത്തിനുമുമ്പ്‌ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടവർ ആയിരുന്ന നാം ഇപ്പോൾ അവനുമായി രഞ്‌ജിപ്പിലാകുന്നു. (2 കൊരിന്ത്യർ 5:19; കൊലൊസ്സ്യർ 1:20) ക്രിസ്‌തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ നാം ദൈവത്തോട്‌ അടുത്തുചെല്ലവേ അവൻ നമ്മോട്‌ അടുത്തുവരുന്നു. (യാക്കോബ്‌ 4:8) തന്റെ നാമം ഉപയോഗിക്കുകയും വഹിക്കുകയും ചെയ്യുന്നവർക്ക്‌ യഹോവ അടുത്ത ശ്രദ്ധകൊടുക്കുകയും അവരുടെ പേരുകൾ സ്‌മരണപുസ്‌തകത്തിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന്‌ മലാഖി പ്രവാചകൻ വിവരിക്കുന്നു. “അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും . . . ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും” എന്ന്‌ ദൈവം പറയുന്നു.​—⁠മലാഖി 3:​16-18.

19 ഒരു ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമായിത്തീരാനും സ്‌നാപനം നമ്മെ സഹായിക്കുന്നു. ക്രിസ്‌തുശിഷ്യന്മാരുടെ ത്യാഗപ്രവൃത്തികൾക്ക്‌ എന്ത്‌ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലൻ ചോദിച്ചപ്പോൾ യേശു ഈ വാഗ്‌ദാനം നൽകി: “എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.” (മത്തായി 19:29) “ലോകത്തിൽ” വികാസംപ്രാപിച്ചിരുന്ന ഒരു “സഹോദരവർഗ്ഗത്തെ”ക്കുറിച്ച്‌ വർഷങ്ങൾക്കുശേഷം പത്രൊസ്‌ എഴുതി. സ്‌നേഹം മുഖമുദ്രയായ ഒരു സഹോദരവർഗത്തിന്റെ പിന്തുണയും സഹായവും പത്രൊസ്‌ നേരിട്ട്‌ അനുഭവിച്ചു, നമുക്കും അതിനു കഴിയും.​—⁠1 പത്രൊസ്‌ 2:17; 5:⁠9.

20. സ്‌നാപനം നമുക്ക്‌ ഏത്‌ അനുഗൃഹീത പ്രത്യാശ നീട്ടിത്തരുന്നു?

20 കൂടുതലായി, തന്നെ അനുഗമിക്കുന്നവർ “നിത്യജീവനെയും അവകാശമാക്കും” എന്ന്‌ യേശു പ്രസ്‌താവിച്ചു. അതേ, ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവൻ ആകുന്ന “യഥാർത്‌ഥജീവൻ അവകാശമാക്കു”ന്നതിനുള്ള പ്രത്യാശ സമർപ്പണവും സ്‌നാപനവും നമുക്കു വെച്ചുനീട്ടുന്നു. (1 തിമൊഥെയൊസ്‌ 6:​19, പി.ഒ.സി. ബൈബിൾ) നമ്മുടെയും കുടുംബാംഗങ്ങളുടെയും ഭാവിക്കായി ഇതിലും മെച്ചമായ ഒരു അടിസ്ഥാനം ഇടാൻ നമുക്കു കഴിയുമോ? “നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നട”ക്കാൻ ഈ അനുഗൃഹീത പ്രത്യാശ നമ്മെ പ്രാപ്‌തരാക്കും.​—⁠മീഖാ 4:⁠5.

[അടിക്കുറിപ്പുകൾ]

^ ഖ. 4 സമാനമായി, പെന്തെക്കൊസ്‌ത്‌ നാളിൽ പത്രൊസിന്റെ പ്രസംഗം കേട്ട മൂവായിരം യഹൂദരും മതപരിവർത്തിതരും താമസംവിനാ സ്‌നാപനമേറ്റു. എത്യോപ്യൻ അധികാരിയെപ്പോലെ അവർക്കും ദൈവവചനത്തിന്റെ അടിസ്ഥാന പഠിപ്പിക്കലുകളും തത്ത്വങ്ങളും സുപരിചിതമായിരുന്നു എന്നതിനു സംശയമില്ല.​—⁠പ്രവൃത്തികൾ 2:37-41.

^ ഖ. 16 ‘സ്‌നാപനം’ എന്നതിനു ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം വെള്ളത്തിൽ “പൂർണമായും മുങ്ങി”യശേഷം “പൊങ്ങിവരുന്ന പ്രക്രിയ”യെയാണ്‌ അർഥമാക്കുന്നത്‌ എന്ന്‌ വൈൻസ്‌ എക്‌സ്‌പോസിറ്ററി ഡിക്‌ഷണറി ഓഫ്‌ ന്യൂ ടെസ്റ്റമെന്റ്‌ വേർഡ്‌സ്‌ പ്രസ്‌താവിക്കുന്നു.

നിങ്ങൾക്കു വിശദീകരിക്കാമോ?

• യഹോവയുടെ സ്‌നേഹത്തോടു നാം പ്രതികരിക്കേണ്ടത്‌ എങ്ങനെ, എന്തുകൊണ്ട്‌?

• സ്‌നാപനത്തിനു മുമ്പായി ഒരുവൻ എന്ത്‌ ആത്മീയ പുരോഗതി കൈവരിക്കണം?

• അപര്യാപ്‌തതാബോധമോ ഉത്തരവാദിത്വം കയ്യേൽക്കാനുള്ള വൈമനസ്യമോ സ്‌നാപനമേൽക്കുന്നതിൽനിന്നു നമ്മെ തടയാൻ അനുവദിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

• സ്‌നാപനമേറ്റ ക്രിസ്‌തുശിഷ്യന്മാർക്ക്‌ അനുപമമായ എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

‘ഞാൻ സ്‌നാനം ഏൽക്കുന്നതിന്‌ എന്തു വിരോധം?’

[29-ാം പേജിലെ ചിത്രങ്ങൾ]

ഗൗരവമേറിയതും അതേസമയം സന്തോഷ പ്രദവുമായ ഒരു സന്ദർഭമാണ്‌ സ്‌നാപനം