വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പഠനം ആനന്ദദായകം

ബൈബിൾ പഠനം ആനന്ദദായകം

ബൈബിൾ പഠനം ആനന്ദദായകം

ബൈബിളിൽ ദൈവത്തിൽനിന്നുള്ള അമൂല്യ സത്യങ്ങൾ അടങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ ഉദ്ദേശ്യം, കഷ്ടപ്പാടുകളുടെ കാരണം, മനുഷ്യവർഗത്തിന്റെ ഭാവി എന്നിവയെക്കുറിച്ചെല്ലാം അതു നമ്മോടു പറയുന്നു. സന്തുഷ്ടി എപ്രകാരം കണ്ടെത്താമെന്നും സുഹൃത്തുക്കളെ എങ്ങനെ നേടാമെന്നും പ്രശ്‌നങ്ങളെ വിജയകരമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നും അതു നമ്മെ പഠിപ്പിക്കുന്നു. അതിലുപരി, നമ്മുടെ സ്വർഗീയ പിതാവും സ്രഷ്ടാവുമായ യഹോവയെപ്പറ്റി നാം പഠിക്കുന്നു. അത്തരം പരിജ്ഞാനം നമുക്ക്‌ ആനന്ദം കൈവരുത്തുകയും നമ്മുടെ ജീവിതം ഉദ്ദേശ്യപൂർണമാക്കുകയും ചെയ്യുന്നു.

ദൈവപരിജ്ഞാനം നേടുന്നതിനെ ആഹാരം കഴിക്കുന്നതിനോടു ബൈബിൾ താരതമ്യപ്പെടുത്തുന്നു. യേശു പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (മത്തായി 4:4; എബ്രായർ 5:12-14) ജീവൻ നിലനിറുത്തുന്നതിന്‌ ദിവസവും പോഷകാഹാരം കഴിക്കേണ്ടത്‌ ആവശ്യമായിരിക്കുന്നതുപോലെതന്നെ നിത്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തിൽനിന്നു പ്രയോജനം നേടുന്നതിനു നാം ദൈവവചനം പതിവായി വായിക്കേണ്ടതുണ്ട്‌.

ആഹാരം കഴിക്കുന്നതു നാം ആസ്വദിക്കുന്നു. നമ്മെ അപ്രകാരം നിർമിച്ചിരിക്കുന്നതിനാലും അതു നമ്മുടെ ഒരു അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിനാലുമാണ്‌ നമുക്കത്‌ ആസ്വാദ്യമായിരിക്കുന്നത്‌. എന്നാൽ നാം സന്തുഷ്ടരായിരിക്കണമെങ്കിൽ നമുക്കുള്ള മറ്റൊരു അടിസ്ഥാന ആവശ്യം നാം തൃപ്‌തിപ്പെടുത്തേണ്ടതുണ്ട്‌. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു,” യേശു പറഞ്ഞു. (മത്തായി 5:3, NW) ദൈവവചനത്തിന്റെ അറിവു നേടുന്നതിലൂടെ ആ ആവശ്യം തൃപ്‌തിപ്പെടുത്താനാകുമെന്നതിനാൽ സന്തുഷ്ടി സാധ്യമാണ്‌.

ബൈബിൾ മനസ്സിലാക്കുന്നത്‌ ഒരു വെല്ലുവിളിയായി ചിലർക്കു തോന്നുന്നു എന്നതു സത്യംതന്നെ. ഉദാഹരണത്തിന്‌, അപരിചിതമായ ആചാരങ്ങളെപ്പറ്റി പരാമർശിക്കുന്നതോ ആലങ്കാരിക പദപ്രയോഗങ്ങൾ ഉൾക്കൊള്ളുന്നതോ ആയ വാക്യങ്ങൾ മനസ്സിലാക്കുന്നതിന്‌ നിങ്ങൾക്കു സഹായം ആവശ്യമായി വന്നേക്കാം. കൂടാതെ, പ്രവചനങ്ങളാണെങ്കിൽ പ്രതീകാത്മക ഭാഷയിലാണ്‌ എഴുതിയിരിക്കുന്നത്‌. അതേ വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്ന മറ്റു ബൈബിൾ വാക്യങ്ങളുടെ സഹായത്താൽ മാത്രമേ അവ മനസ്സിലാക്കാൻ സാധിക്കൂ. (ദാനീയേൽ 7:1-7; വെളിപ്പാടു 13:1, 2) എന്നുവരികിലും, നിങ്ങൾക്കു തീർച്ചയായും ബൈബിൾ മനസ്സിലാക്കാൻ സാധിക്കും. ഇതു സാധ്യമാണെന്നു നിങ്ങൾക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

ഏവർക്കും ആനന്ദം കണ്ടെത്താനാകും

ദൈവത്തിന്റെ വചനമാണു ബൈബിൾ. തന്റെ ഹിതം എന്താണെന്നു ബൈബിളിലൂടെ അവൻ നമ്മോടു പ്രസ്‌താവിക്കുന്നു. മനസ്സിലാക്കാൻ സാധ്യമല്ലാത്തതോ ഉന്നത വിദ്യാഭ്യാസം നേടിയവർക്കു മാത്രം മനസ്സിലാകുന്നതോ ആയ ഒരു പുസ്‌തകം ദൈവം നമുക്കു നൽകുമായിരുന്നോ? ഇല്ല, യഹോവ അത്ര നിർദയനല്ല. ക്രിസ്‌തുയേശു പറഞ്ഞു: “ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” (ലൂക്കൊസ്‌ 11:11-13) അതുകൊണ്ട്‌ ബൈബിളിന്റെ അറിവു നേടുന്നത്‌ നിങ്ങളുടെ എത്തുപാടിൽ തന്നെയാണെന്നു നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. ആത്മാർഥമായി ദൈവത്തോടു യാചിക്കുകയാണെങ്കിൽ അവന്റെ വചനം മനസ്സിലാക്കുന്നതിന്‌ ആവശ്യമായ സഹായം അവൻ പ്രദാനംചെയ്യുമെന്നതിനു സംശയമില്ല. വാസ്‌തവത്തിൽ അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ കുട്ടികൾക്കുപോലും മനസ്സിലാക്കാൻ കഴിയും!​—⁠2 തിമൊഥെയൊസ്‌ 3:​14, 15.

ബൈബിൾ മനസ്സിലാക്കുന്നതിനു ശ്രമം ആവശ്യമാണെങ്കിലും അങ്ങനെ ചെയ്യുന്നത്‌ നമ്മിൽ ശക്തവും പരിപുഷ്ടിപ്പെടുത്തുന്നതുമായ ഒരു പ്രഭാവം ചെലുത്തും. യേശു തന്റെ പുനരുത്ഥാനത്തെത്തുടർന്ന്‌ അവന്റെ രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുകയും ബൈബിൾ പ്രവചനങ്ങളെപ്പറ്റി അവരോടു സംസാരിക്കുകയും ചെയ്‌തു. ലൂക്കൊസിന്റെ വിവരണം പ്രസ്‌താവിക്കുന്നു: “മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.” ഫലമെന്തായിരുന്നു? മനസ്സിലാക്കിയ കാര്യങ്ങൾ അന്നു വൈകുന്നേരം പരിചിന്തിക്കവേ ശിഷ്യന്മാർ തമ്മിൽത്തമ്മിൽ പറഞ്ഞു: “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ.” (ലൂക്കൊസ്‌ 24:13-32) ദൈവവചനത്തിന്റെ അറിവു നേടുന്നത്‌ അവർക്ക്‌ ആനന്ദം പകർന്നു, എന്തുകൊണ്ടെന്നാൽ അത്‌ ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള അവരുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുകയും ഭാവി സംബന്ധിച്ച്‌ ഒരു ക്രിയാത്മക വീക്ഷണം ഉള്ളവരായിരിക്കാൻ അവരെ സഹായിക്കുകയും ചെയ്‌തു.

ദൈവവചനത്തിന്റെ അറിവു നേടുന്നതു വിരസമായ ഒരു ഉദ്യമമല്ല. മറിച്ച്‌ അതു രസകരവും പ്രയോജനപ്രദവുമാണ്‌, തൃപ്‌തികരമായ ഭക്ഷണം കഴിക്കുന്നതുപോലെതന്നെ ആസ്വാദ്യമായ ഒരു പ്രവൃത്തി. അത്തരം അറിവു നേടിയെടുക്കാൻ നിങ്ങൾ എന്തു ചെയ്യേണ്ടിയിരിക്കുന്നു? നിങ്ങൾക്ക്‌ എങ്ങനെ “ദൈവപരിജ്ഞാനം” ആസ്വദിക്കാമെന്ന്‌ പിൻവരുന്ന ലേഖനം ചർച്ചചെയ്യുന്നു.​—⁠സദൃശവാക്യങ്ങൾ 2:1-5.

[4-ാം പേജിലെ ചിത്രം]

സ്‌നേഹവാനായ ഒരു പിതാവിനെപ്പോലെ, ബൈബിൾ മനസ്സിലാക്കാൻ പരിശുദ്ധാത്മാവിനെ നൽകി യഹോവ നമ്മെ സഹായിക്കുന്നു