വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ മനസ്സിലാക്കാൻ എന്തു സഹായിക്കും?

ബൈബിൾ മനസ്സിലാക്കാൻ എന്തു സഹായിക്കും?

ബൈബിൾ മനസ്സിലാക്കാൻ എന്തു സഹായിക്കും?

“നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തി”യിരിക്കുന്നു. (ലൂക്കൊസ്‌ 10:21) ബൈബിൾ മനസ്സിലാക്കുന്നതിനു നമുക്കു ശരിയായ മനോഭാവം ഉണ്ടായിരിക്കണമെന്ന്‌ തന്റെ സ്വർഗീയ പിതാവിനോടുള്ള യേശുവിന്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നു. താഴ്‌മയുള്ളവരും മറ്റുള്ളവരിൽനിന്നു പഠിക്കാൻ മനസ്സൊരുക്കമുള്ളവരുമായ ആളുകൾക്കു മാത്രം ശരിയായി മനസ്സിലാക്കാൻ കഴിയുന്ന ഒരു പുസ്‌തകം നൽകിയതിൽ യഹോവയുടെ ജ്ഞാനം പ്രകടമാണ്‌.

താഴ്‌മ പ്രകടിപ്പിക്കുക എന്നതു നമ്മിൽ മിക്കവർക്കും എളുപ്പമുള്ള ഒരു കാര്യമല്ല. നമുക്കെല്ലാവർക്കും ജന്മനാതന്നെ അഹങ്കരിക്കാനുള്ള ഒരു പ്രവണതയുണ്ട്‌. മാത്രമല്ല, നാം ജീവിക്കുന്നത്‌ “അന്ത്യകാല”ത്തുമാണ്‌, “സ്വസ്‌നേഹികളും . . . ധാർഷ്ട്യക്കാരും നിഗളികളുമായ” ആളുകളുടെ ഇടയിൽ. (2 തിമൊഥെയൊസ്‌ 3:1-4) ഈ മനോഭാവങ്ങളാകട്ടെ, ദൈവവചനം മനസ്സിലാക്കുന്നതിനു തടസ്സമായി നിൽക്കുന്നവയാണ്‌. സങ്കടകരമെന്നു പറയട്ടെ, ചുറ്റുപാടുകൾ ഒരളവുവരെ നമ്മെയെല്ലാം സ്വാധീനിക്കുന്നു. അങ്ങനെയെങ്കിൽ, ബൈബിൾ മനസ്സിലാക്കുന്നതിനു സഹായകമായ ശരിയായ മനോഭാവം നിങ്ങൾക്ക്‌ എങ്ങനെ ആർജിക്കാൻ കഴിയും?

മനസ്സും ഹൃദയവും ഒരുക്കൽ

ദൈവജനത്തിന്റെ ഒരു പുരാതന നേതാവായിരുന്ന എസ്രാ ‘യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാൻ മനസ്സുവെച്ചിരുന്നു [“തന്റെ ഹൃദയത്തെ ഒരുക്കി,” NW]’. (എസ്രാ 7:10) നമ്മുടെ ഹൃദയത്തെ ഒരുക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? തീർച്ചയായും. തിരുവെഴുത്തുകളെപ്പറ്റി ഉചിതമായ ഒരു വീക്ഷണം സ്വീകരിച്ചുകൊണ്ട്‌ അതിനു തുടക്കംകുറിക്കാനാകും. അപ്പൊസ്‌തലനായ പൗലൊസ്‌ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതി: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊ”ണ്ടു. (1 തെസ്സലൊനീക്യർ 2:13) തിരുവെഴുത്തുകൾ എഴുതുന്നതിനു മനുഷ്യരെയാണ്‌ ഉപയോഗിച്ചതെങ്കിലും അവർ എഴുതിയതു യഹോവയാം ദൈവത്തിൽനിന്നുള്ള വിവരങ്ങളായിരുന്നു. ഈ സുപ്രധാന വസ്‌തുത അംഗീകരിക്കുന്നത്‌ വായിക്കുന്ന കാര്യങ്ങളോടു കൂടുതൽ സ്വീകാര്യക്ഷമരായിരിക്കാൻ നമ്മെ സഹായിക്കും.​—⁠2 തിമൊഥെയൊസ്‌ 3:16.

നമ്മുടെ ഹൃദയത്തെ ഒരുക്കുന്നതിനുള്ള മറ്റൊരു മാർഗം പ്രാർഥനയാണ്‌. ബൈബിൾ പരിശുദ്ധാത്മനിശ്വസ്‌തമായതിനാൽ പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമുക്കു ബൈബിളിലെ സന്ദേശം മനസ്സിലാക്കാൻ കഴിയും. അത്തരം സഹായത്തിനായി നാം പ്രാർഥിക്കേണ്ടിയിരിക്കുന്നു. സങ്കീർത്തനക്കാരൻ പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ ഈ മനോഭാവം പ്രകടമാക്കിയത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക: “അവിടുത്തെ ന്യായപ്രമാണം മനസ്സിലാക്കുവാനും പൂർണ്ണഹൃദയത്തോടെ അതിനെ അനുസരിപ്പാനും എനിക്കു വിവേകം നല്‌കണമേ.” (സങ്കീർത്തനം 119:​34, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിന്‌ ആവശ്യമായ ബുദ്ധിപരമായ കഴിവിനുവേണ്ടി മാത്രമല്ല, അവ സ്വീകരിക്കുന്നതിന്‌ അനുയോജ്യമായ ഹൃദയനിലയ്‌ക്കുവേണ്ടിയും നാം പ്രാർഥിക്കേണ്ടതുണ്ട്‌. ബൈബിൾ മനസ്സിലാക്കുന്നതിന്‌ സത്യമായ കാര്യങ്ങളെ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു.

ശരിയായ മാനസികനില കൈവരിക്കാനായി നിങ്ങൾ ധ്യാനിക്കവേ ബൈബിൾ പഠിക്കുന്നതു നിങ്ങളെ എങ്ങനെ സഹായിക്കുമെന്നു ചിന്തിക്കുക. ദൈവവചനം പരിശോധിക്കുന്നതിനു നമുക്കു പല ഉത്‌കൃഷ്ട കാരണങ്ങളുമുണ്ട്‌. എന്നാൽ അതിപ്രധാനമായ കാരണം ദൈവത്തോട്‌ അടുത്തുചെല്ലാൻ ഇതു നമ്മെ സഹായിക്കുന്നു എന്നതാണ്‌. (യാക്കോബ്‌ 4:8) വ്യത്യസ്‌ത സാഹചര്യങ്ങളിൽ യഹോവ എങ്ങനെ പ്രതികരിക്കുന്നു, തന്നെ സ്‌നേഹിക്കുന്നവരെ അവൻ എത്രത്തോളം വിലമതിക്കുന്നു, തന്നെ ഉപേക്ഷിക്കുന്നവരോട്‌ അവൻ എങ്ങനെ ഇടപെടുന്നു എന്നിവയെക്കുറിച്ചു നാം വായിക്കവേ അവൻ ഏതു തരത്തിലുള്ള ഒരു വ്യക്തിയാണെന്നു നമുക്കു മനസ്സിലാകുന്നു. നാം ബൈബിൾ വായിക്കുന്നതിന്റെ പ്രമുഖ കാരണം എല്ലായ്‌പോഴും ദൈവത്തെ കൂടുതൽ അടുത്തറിയുക എന്നതും അങ്ങനെ അവനുമായുള്ള നമ്മുടെ ബന്ധം ദൃഢമാക്കുക എന്നതും ആയിരിക്കണം.

ശരിയായ മനോഭാവം ഉണ്ടായിരിക്കുന്നതിനുള്ള തടസ്സങ്ങൾ

ദൈവവചനം മനസ്സിലാക്കുന്നതിനു തടസ്സമായി നിന്നേക്കാവുന്നത്‌ എന്താണ്‌? ഒരു തടസ്സം വിശ്വസ്‌തതയുടെ പേരിൽ മറ്റുള്ളവരുടെ വിശ്വാസങ്ങളോടും അഭിപ്രായങ്ങളോടും അന്ധമായി പറ്റിനിൽക്കുന്നതാണ്‌, പ്രത്യേകിച്ചും അവ നിങ്ങൾ വളരെയേറെ ആദരിക്കുന്ന ചിലരുടേതാണെങ്കിൽ. എന്നാൽ അവർ ദൈവവചനത്തിലെ സത്യത്തെ യഥാർഥത്തിൽ ഉന്നമിപ്പിക്കുകയോ വിലമതിക്കുകയോ ചെയ്യുന്നില്ലെങ്കിലോ? അത്തരമൊരു സാഹചര്യത്തിൽ ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതെന്താണെന്നു മനസ്സിലാക്കുന്നത്‌ ഒരു വെല്ലുവിളി ആയിരുന്നേക്കാം. അതുകൊണ്ട്‌, നമ്മെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്താൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.​—⁠1 തെസ്സലൊനീക്യർ 5:⁠21.

യേശുവിന്റെ മാതാവായ മറിയ അത്തരത്തിലുള്ള ഒരു വെല്ലുവിളിയെ നേരിട്ടു. യഹൂദ പാരമ്പര്യപ്രകാരമായിരുന്നു അവൾ വളർന്നുവന്നത്‌. മറിയ മോശൈക ന്യായപ്രമാണം ശ്രദ്ധാപൂർവം പിൻപറ്റിയിരുന്നു, നിസ്സംശയമായും സിന്നഗോഗിലും പോയിരുന്നു. എന്നാൽ, തന്റെ മാതാപിതാക്കൾ പഠിപ്പിച്ചുതന്ന ആരാധനാരീതി ദൈവത്തിനു മേലാൽ സ്വീകാര്യമല്ലെന്ന്‌ അവൾ പിന്നീടു മനസ്സിലാക്കി. തത്‌ഫലമായി, യേശുവിന്റെ ഉപദേശം സ്വീകരിച്ച്‌ മറിയ ക്രിസ്‌തീയ സഭയുടെ പ്രാഥമിക അംഗങ്ങളിൽ ഒരാളായിത്തീർന്നു. (പ്രവൃത്തികൾ 1:13, 14) അപ്രകാരം ചെയ്‌തതിനാൽ മറിയ തന്റെ മാതാപിതാക്കളോടോ അവരുടെ പാരമ്പര്യങ്ങളോടോ അനാദരവു പ്രകടിപ്പിക്കുകയായിരുന്നില്ല, മറിച്ച്‌ ദൈവത്തോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ബൈബിളിൽനിന്നു പ്രയോജനം നേടണമെങ്കിൽ മറിയയെപ്പോലെ നാമും മറ്റാരോടുമുള്ള വിശ്വസ്‌തതയെക്കാളുപരി ദൈവത്തോടുള്ള വിശ്വസ്‌തതയ്‌ക്കു പ്രാമുഖ്യം നൽകണം.

സങ്കടകരമെന്നു പറയട്ടെ, പലരും ബൈബിൾ സത്യത്തിനു യാതൊരു വിലയും കൽപ്പിക്കുന്നില്ല. ചിലർ വ്യാജത്തിൽ അധിഷ്‌ഠിതമായ മതപാരമ്പര്യങ്ങൾ പിൻപറ്റുന്നതിൽ തൃപ്‌തരാണ്‌. മറ്റുചിലരാകട്ടെ, സംസാരത്തിലൂടെയും ജീവിതരീതിയിലൂടെയും സത്യത്തോടുള്ള തങ്ങളുടെ അവഗണന പ്രകടമാക്കുന്നു. അതുകൊണ്ടുതന്നെ, ബൈബിൾസത്യം സ്വീകരിക്കുന്നതിനു കുറച്ചു ത്യാഗമൊക്കെ ആവശ്യമാണ്‌: നിങ്ങൾ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും സഹജോലിക്കാരുടെയും കുടുംബത്തിന്റെയുംപോലും അനിഷ്ടത്തിനു പാത്രമായേക്കാം. (യോഹന്നാൻ 17:14) എന്നുവരികിലും ജ്ഞാനിയായ ശലോമോൻ എഴുതി: “നീ സത്യം വില്‌ക്കയല്ല വാങ്ങുകയത്രേ വേണ്ടത്‌.” (സദൃശവാക്യങ്ങൾ 23:23) നിങ്ങൾ സത്യത്തെ അമൂല്യമായി വീക്ഷിക്കുന്നെങ്കിൽ ബൈബിൾ മനസ്സിലാക്കുന്നതിനു യഹോവ നിങ്ങളെ സഹായിക്കും.

ബൈബിളിന്റെ സന്ദേശം മനസ്സിലാക്കുന്നതിനു തടസ്സമായി നിൽക്കുന്ന മറ്റൊരു ഘടകം ബൈബിൾ പറയുന്ന കാര്യങ്ങൾ ബാധകമാക്കാനുള്ള വിസമ്മതമാണ്‌. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല . . . ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു [“അവർ ചെവികൊണ്ടു കേട്ടെങ്കിലും പ്രതികരിക്കുന്നില്ല,” NW].” (മത്തായി 13:11, 14) യേശുവിന്റെ പ്രസംഗം കേട്ടവരിൽ ഏറിയ പങ്കും പ്രതികരിക്കാത്തവർ, അതായതു മാറ്റംവരുത്താൻ വിസമ്മതിച്ചവർ ആയിരുന്നു. യേശുവിന്റെ ഒരു ദൃഷ്ടാന്തത്തിലെ വ്യാപാരിയിൽനിന്ന്‌ എത്ര വ്യത്യസ്‌തം! ആ വ്യാപാരി വിലയേറിയ ഒരു മുത്തു കണ്ടെത്തിയപ്പോൾ അതു വാങ്ങുന്നതിനായി ക്ഷണത്തിൽ തനിക്കുള്ളതൊക്കെയും വിറ്റു. ബൈബിൾസത്യത്തെക്കുറിച്ച്‌ അറിവു നേടുന്നതിനെ നാമും അത്ര മൂല്യവത്തായി കാണണം.​—⁠മത്തായി 13:45, 46.

പഠിപ്പിക്കപ്പെടുക എന്ന വെല്ലുവിളി

ബൈബിൾ മനസ്സിലാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു മുഖ്യ വെല്ലുവിളി മറ്റുള്ളവരിൽനിന്നു പഠിക്കാനുള്ള മനസ്സൊരുക്കവുമായി ബന്ധപ്പെട്ടതാണ്‌. എളിയവരായി വീക്ഷിക്കപ്പെടുന്ന ആരിൽനിന്നെങ്കിലും പുതിയ ആശയങ്ങൾ സ്വീകരിക്കുന്നതു പ്രയാസമാണെന്ന്‌ ഒരുവനു തോന്നിയേക്കാം. എന്നാൽ യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാർ “പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ” ആയിരുന്നു. (പ്രവൃത്തികൾ 4:13) അതിന്റെ കാരണം വിശദമാക്കിക്കൊണ്ടു പൗലൊസ്‌ എഴുതി: “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.” (1 കൊരിന്ത്യർ 1:26, 27) ഒരു എളിയ വ്യക്തിയാൽ പഠിപ്പിക്കപ്പെടുന്നത്‌ നിങ്ങളുടെ താഴ്‌മയെ പരിശോധിക്കുന്നതായി നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങളെ പഠിപ്പിക്കാൻ യഹോവ ഉപയോഗിക്കുന്ന ഒരു സരണി മാത്രമാണ്‌ ആ വ്യക്തിയെന്ന്‌ ഓർക്കുക. നമ്മുടെ മഹാ “ഉപദേഷ്ടാവ്‌” ആയ യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിനെക്കാൾ മെച്ചമായ എന്തു പദവിയാണുള്ളത്‌?​—⁠യെശയ്യാവു 30:20; 54:13.

ഒരു എളിയ വ്യക്തിയിൽനിന്നു നിർദേശം സ്വീകരിക്കുന്നതു വെല്ലുവിളിയായിക്കണ്ട ഒരുവനായിരുന്നു അരാമ്യ സേനാപതിയായ നയമാൻ. തന്റെ കുഷ്‌ഠരോഗം ഭേദമായി കിട്ടുന്നതിന്‌ യഹോവയുടെ പ്രവാചകനായ എലീശായെ കാണാനായി അവൻ പോയി. എന്നാൽ രോഗം ഭേദമാകുന്നതിനുള്ള ദൈവത്തിന്റെ നിർദേശങ്ങൾ ഒരു സേവകനിലൂടെയാണ്‌ നയമാനെ അറിയിച്ചത്‌. ആ സന്ദേശവും അത്‌ അറിയിച്ച വിധവും നയമാന്റെ താഴ്‌മയെ പരിശോധിച്ചു; അതുകൊണ്ട്‌ ദൈവത്തിന്റെ പ്രവാചകന്റെ വാക്കുകൾ അനുസരിക്കാൻ ആദ്യം അവൻ വിസമ്മതിച്ചു. പിന്നീട്‌ നയമാൻ തന്റെ മനോഭാവത്തിനു മാറ്റം വരുത്തി, സുഖംപ്രാപിക്കുകയും ചെയ്‌തു. (2 രാജാക്കന്മാർ 5:9-14) ബൈബിൾ വായിക്കവേ സമാനമായ വെല്ലുവിളി നാമും നേരിടുന്നു. ആത്മീയമായും ധാർമികമായും സുഖംപ്രാപിക്കാൻ ഒരു പുതിയ ജീവിതരീതി പിൻപറ്റേണ്ടതുണ്ടെന്നു നാം മനസ്സിലാക്കിയേക്കാം. താഴ്‌മ പ്രകടമാക്കിക്കൊണ്ട്‌ നാം ചെയ്യേണ്ടതെന്തെന്നു മറ്റൊരാൾ നമ്മെ പഠിപ്പിക്കാൻ നാം സമ്മതിക്കുമോ? മറ്റുള്ളവരിൽനിന്നു പഠിക്കാൻ മനസ്സുള്ളവർക്കെ ബൈബിൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ.

കന്ദക്ക എന്ന എത്യോപ്യരാജ്ഞിയുടെ കീഴിലെ മഹാനായ ഒരു മനുഷ്യൻ നല്ല ഒരു മനോഭാവം പ്രകടമാക്കി. അദ്ദേഹം തന്റെ തേരിൽ ആഫ്രിക്കയിലേക്കു മടങ്ങവേ ശിഷ്യനായ ഫിലിപ്പൊസ്‌ തേരിനൊപ്പം ഓടി അദ്ദേഹത്തിന്റെ അടുക്കലെത്തി. വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്ന്‌ ഫിലിപ്പൊസ്‌ അദ്ദേഹത്തോടു ചോദിച്ചു. ആ അധികാരി പിൻവരുന്നപ്രകാരം പറയാൻതക്ക താഴ്‌മയുള്ളവനായിരുന്നു: “ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും?” ദൈവവചനത്തിന്റെ അറിവു നേടിയ ആ വ്യക്തി സ്‌നാപനമേറ്റു. അതിനുശേഷം “അവൻ സന്തോഷിച്ചുംകൊണ്ടു തന്റെ വഴിക്കു പോയി.”​—⁠പ്രവൃത്തികൾ 8:27-39.

യഹോവയുടെ സാക്ഷികൾ പൊതുവേ സാധാരണക്കാരായ ആളുകളാണ്‌. അവർ ഓരോ ആഴ്‌ചയും 60 ലക്ഷത്തിലേറെ ആളുകളുടെ ഭവനങ്ങളിൽ ബൈബിൾ അധ്യയനങ്ങൾ നടത്തുന്നു. ബൈബിൾ അത്യുത്തമ ജീവിതരീതി പഠിപ്പിക്കുന്നതിനാലും മനുഷ്യവർഗത്തിനുള്ള ഒരേയൊരു ഉറച്ച പ്രത്യാശ വിശദീകരിക്കുന്നതിനാലും ദൈവത്തെ അടുത്തറിയാൻ കഴിയുന്നത്‌ എങ്ങനെയെന്നു കാണിച്ചുതരുന്നതിനാലും ബൈബിൾ പഠിക്കുന്നതും ബൈബിളിൽ പറഞ്ഞിരിക്കുന്നതു സംബന്ധിച്ച്‌ അറിവു നേടുന്നതും അളവറ്റ ആനന്ദം പ്രദാനം ചെയ്യുന്നെന്നു ദശലക്ഷക്കണക്കിന്‌ ആളുകൾ കണ്ടെത്തിയിരിക്കുന്നു. അതു നിങ്ങൾക്കും കണ്ടെത്താവുന്നതാണ്‌.

[7-ാം പേജിലെ ചിത്രം]

ഒരു എളിയ സേവകനിൽനിന്നു നിർദേശം സ്വീകരിക്കാൻ നയമാന്‌ ബുദ്ധിമുട്ടു തോന്നി

[7-ാം പേജിലെ ചിത്രം]

ബൈബിൾ മനസ്സിലാക്കുന്നത്‌ ഹൃദയോഷ്‌മളമാണ്‌