വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു” എന്ന പുറപ്പാടു 23:​19-ലെ കൽപ്പന നമ്മെ എന്തു പഠിപ്പിക്കുന്നു?

മോശൈക ന്യായപ്രമാണത്തിലെ ഈ കൽപ്പന ബൈബിളിൽ മൂന്നു പ്രാവശ്യം കാണാം. യഹോവയുടെ ഔചിത്യബോധം, ദയ, ആർദ്രത എന്നിവ മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. യഹോവ വ്യാജാരാധനയെ വെറുക്കുന്നുവെന്ന വസ്‌തുതയ്‌ക്കും ഇത്‌ ഊന്നൽ നൽകുന്നു.​—⁠പുറപ്പാടു 34:26; ആവർത്തനപുസ്‌തകം 14:21.

ഒരു ആട്ടിൻകുട്ടിയെയോ മറ്റേതെങ്കിലും മൃഗത്തിന്റെ കുഞ്ഞിനെയോ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യുന്നത്‌ യഹോവ സ്ഥാപിച്ച സ്വാഭാവിക ക്രമീകരണത്തിനു വിരുദ്ധമായിരിക്കുമായിരുന്നു. കുഞ്ഞിന്റെ പോഷണത്തിനും വളർച്ചയ്‌ക്കുമാണ്‌ യഹോവ പാൽ നൽകിയിരിക്കുന്നത്‌. ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച്‌ “ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകംചെയ്യുന്നത്‌, തള്ളയ്‌ക്കും കുഞ്ഞിനുമിടയിൽ ദൈവം സ്ഥാപിച്ചിരിക്കുന്ന പാവനമായ ബന്ധത്തോടുള്ള അനാദരവാണ്‌.”

ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യുന്നത്‌, മഴ ലഭിക്കാനായി പുറജാതീയർ അനുഷ്‌ഠിച്ചിരുന്ന ഒരു ആചാരമായിരുന്നിരിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു. അതു ശരിയാണെങ്കിൽ, തങ്ങൾക്കു ചുറ്റും പാർത്തിരുന്ന പുറജാതികളുടെ നിരർഥകവും ക്രൂരവുമായ മതാചാരങ്ങളിൽനിന്ന്‌ ഈ കൽപ്പന ഇസ്രായേല്യരെ സംരക്ഷിക്കുമായിരുന്നു. അവർ പുറജാതികളുടെ ചട്ടങ്ങളനുസരിച്ചു നടക്കരുത്‌ എന്ന പ്രത്യേക വിലക്ക്‌ മോശൈക ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു.​—⁠ലേവ്യപുസ്‌തകം 20:23.

അവസാനമായി, യഹോവയുടെ ആർദ്രാനുകമ്പയും ഈ നിയമത്തിൽ നമുക്കു കാണാവുന്നതാണ്‌. പക്ഷിമൃഗാദികളോടു ക്രൂരത കാട്ടുന്നതിനെതിരായുള്ള സമാനമായ നിരവധി കൽപ്പനകൾ ന്യായപ്രമാണത്തിലുണ്ടായിരുന്നു. അവ പ്രകൃതിവിരുദ്ധമായ പ്രവർത്തനങ്ങളിൽനിന്നുള്ള സംരക്ഷണമായി ഉതകി. ഉദാഹരണത്തിന്‌, തള്ളയുടെ കൂടെ ഏഴു ദിവസമെങ്കിലും കഴിയാത്ത മൃഗത്തെ ബലിയർപ്പിക്കുന്നതിനെയും ഒരേ ദിവസംതന്നെ മൃഗത്തെയും അതിന്റെ കുട്ടിയെയും അറക്കുന്നതിനെയും പക്ഷിക്കൂട്ടിൽനിന്നു തള്ളപ്പക്ഷിയെയും ഒപ്പം അതിന്റെ മുട്ടകളെയോ കുഞ്ഞുങ്ങളെയോ എടുക്കുന്നതിനെയും വിലക്കിക്കൊണ്ടുള്ള കൽപ്പനകൾ മോശൈക ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു.​—⁠ലേവ്യപുസ്‌തകം 22:27, 28; ആവർത്തനപുസ്‌തകം 22:6, 7.

വ്യക്തമായും, ന്യായപ്രമാണം കുറെ കൽപ്പനകളുടെയും വിലക്കുകളുടെയും ഒരു മിശ്രിതം ആയിരുന്നില്ല. അതിന്റെ പ്രയോജനങ്ങളിലൊന്ന്‌, യഹോവയുടെ മഹത്തരമായ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഉയർന്ന ധാർമികബോധം നമ്മിൽ ഉൾനടാൻ ഇതിലെ തത്ത്വങ്ങൾ സഹായിക്കുന്നു എന്നതാണ്‌.​—⁠സങ്കീർത്തനം 19:7-11.

[31-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Timothy O’Keefe/Index Stock Imagery