‘ഞാൻ നിങ്ങളോടുകൂടെ ഉണ്ട്’
‘ഞാൻ നിങ്ങളോടുകൂടെ ഉണ്ട്’
“യഹോവയുടെ ദൂതനായ ഹഗ്ഗായി . . . ജനത്തോടു: ഞാൻ നിങ്ങളോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്.”—ഹഗ്ഗായി 1:13.
1. നമ്മുടെ നാളിലേക്കുള്ള ഏതു പ്രാവചനിക സമാന്തരത്തെക്കുറിച്ചാണ് യേശു പറഞ്ഞത്?
ചരിത്രത്തിലെ ഒരു നിർണായക സമയത്താണു നാം ജീവിക്കുന്നത്. 1914 മുതൽ നാം ‘കർത്തൃദിവസത്തിലാണ്’ എന്ന് ബൈബിൾ പ്രവചനങ്ങൾ തെളിയിക്കുന്നു. (വെളിപ്പാടു 1:10) ഈ വിഷയത്തെക്കുറിച്ച് ഒരുപക്ഷേ നന്നായി പഠിച്ചിട്ടുള്ള നിങ്ങൾക്ക്, രാജ്യാധികാരത്തിലുള്ള ‘മനുഷ്യപുത്രന്റെ നാളിനെ’ യേശു “നോഹയുടെ കാല”ത്തോടും “ലോത്തിന്റെ കാല”ത്തോടും ഉപമിച്ചുവെന്ന വസ്‌തുത അറിയാമായിരിക്കും. (ലൂക്കൊസ് 17:26, 28) ഇത് നമ്മുടെ നാളിലേക്കുള്ള ഒരു പ്രാവചനിക സമാന്തരമാണെന്നു ബൈബിൾ സൂചിപ്പിക്കുന്നു. എങ്കിലും നമ്മുടെ ഗൗരവശ്രദ്ധ അർഹിക്കുന്ന മറ്റൊരു സമാന്തരമുണ്ട്.
2. ഹഗ്ഗായിക്കും സെഖര്യാവിനും യഹോവ എന്തു നിയമനമാണു നൽകിയത്?
2 എബ്രായ പ്രവാചകന്മാരായ ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും കാലത്തെ ഒരു സാഹചര്യം നമുക്കൊന്നു പരിശോധിക്കാം. ഇക്കാലത്തെ ദൈവജനത്തിനു വ്യക്തമായി ബാധകമാകുന്ന ഏതു സന്ദേശമാണ് വിശ്വസ്‌തരായ ആ രണ്ടു പ്രവാചകന്മാരുടെ പക്കൽ ഉണ്ടായിരുന്നത്? ബാബിലോണിലെ അടിമത്തത്തിൽനിന്നു തിരിച്ചുവന്ന യഹൂദന്മാർക്കുവേണ്ടി “യഹോവയുടെ ദൂത”ന്മാരായി സേവിക്കുകയായിരുന്നു അവർ. ആലയ പുനർനിർമാണത്തെ യഹോവ പിന്തുണയ്‌ക്കുമെന്ന ഉറപ്പ് ഇസ്രായേൽ ജനത്തിനു നൽകുക എന്നതായിരുന്നു അവരുടെ നിയോഗം. (ഹഗ്ഗായി 1:13; സെഖര്യാവു 4:8, 9) ഹഗ്ഗായിയും സെഖര്യാവും എഴുതിയ പുസ്‌തകങ്ങൾ ചെറുതാണെങ്കിലും, “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ള” ‘ദൈവശ്വാസീയമായ എല്ലാ തിരുവെഴുത്തുകളുടെയും’ ഭാഗമാണ് അവ.—2 തിമൊഥെയൊസ് 3:16, 17.
അവ നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നു
3, 4. ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രവചനങ്ങളിൽ നാം തത്‌പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
3 ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പുസ്‌തകങ്ങളിൽ അടങ്ങിയിരിക്കുന്ന സന്ദേശം അക്കാലത്തെ യഹൂദന്മാർക്കു പ്രയോജനകരമായിരുന്നു. മാത്രമല്ല അവരുടെ പ്രവചനങ്ങൾക്ക് അന്ന് ഒരു നിവൃത്തിയുമുണ്ടായി. എന്നാൽ, ഈ രണ്ടു പുസ്‌തകങ്ങൾ ഇക്കാലത്ത് നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നതാണെന്ന് ഉറപ്പിച്ചുപറയാവുന്നത് എന്തുകൊണ്ട്? എബ്രായർ 12:26-29-ൽ ഇതു സംബന്ധിച്ച ഒരു സൂചന കാണാം. അവിടെ, “ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കു”ന്നതിനെക്കുറിച്ചു പറയുന്ന ഹഗ്ഗായി 2:6 പൗലൊസ് അപ്പൊസ്‌തലൻ ഉദ്ധരിക്കുന്നു. ആ ഇളക്കൽ ആത്യന്തികമായി ‘രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടുകയും ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയുകയും’ ചെയ്യും.—ഹഗ്ഗായി 2:22.
4 ഹഗ്ഗായിയിൽനിന്ന് ഉദ്ധരിച്ചശേഷം, “ജാതികളുടെ രാജ്യങ്ങൾ”ക്ക് എന്തു സംഭവിക്കുമെന്നും അഭിഷിക്ത ക്രിസ്‌ത്യാനികൾക്കു ലഭിക്കാൻ പോകുന്ന ഇളകാത്ത രാജ്യത്തിന്റെ ശ്രേഷ്‌ഠത സംബന്ധിച്ചും പൗലൊസ് പ്രസ്‌താവിക്കുന്നു. (എബ്രായർ 12:28) ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രവചനങ്ങൾ ഭാവികാലത്തേക്കാണു വിരൽചൂണ്ടിയതെന്നും പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ എബ്രായർക്കുള്ള ലേഖനം എഴുതിയ സമയത്തും ആ കാലം വന്നെത്തിയിരുന്നില്ലെന്നും ഇതിൽനിന്നു നിങ്ങൾക്കു മനസ്സിലാക്കാവുന്നതാണ്. യേശുവിനോടൊപ്പം മിശിഹൈക രാജ്യത്തിന്റെ അവകാശികളായ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ഒരു ശേഷിപ്പ് ഇപ്പോഴും ഭൂമിയിൽ ഉണ്ട്. അതിനാൽ ഈ പ്രവചനങ്ങൾക്കു നമ്മുടെ നാളിൽ സവിശേഷ പ്രാധാന്യം ഉണ്ടായിരിക്കണം.
5, 6. ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രവാചകവേലയ്‌ക്ക് ഇടയാക്കിയ സംഭവങ്ങൾ ഏവ?
എസ്രാ 3:8-13; 5:1) അത് മഹാസന്തോഷത്തിനു കാരണമായിരുന്നെങ്കിലും താമസിയാതെ അവരെ ഭയം പിടികൂടി. എതിരാളികൾ അഥവാ “ദേശനിവാസികൾ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു”വെന്ന് എസ്രാ 4:4 പ്രസ്‌താവിക്കുന്നു. അത്തരം ശത്രുക്കൾ, പ്രത്യേകിച്ച് ശമര്യർ, യഹൂദന്മാർക്കെതിരെ വ്യാജാരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. പേർഷ്യയിലെ രാജാവിനെ സ്വാധീനിച്ച് ആലയ നിർമാണം നിറുത്തിക്കാനും ഈ എതിരാളികൾക്കു കഴിഞ്ഞു.—എസ്രാ 4:10-21.
5 ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രവാചകവേലയ്‌ക്ക് ഇടയാക്കിയ സംഭവങ്ങൾ എസ്രായുടെ പുസ്‌തകത്തിൽ കാണാം. ബാബിലോണിന്റെ അടിമത്തത്തിൽനിന്ന് യഹൂദന്മാർ പൊതുയുഗത്തിന് മുമ്പ് (പൊ.യു.മു.) 537-ൽ മടങ്ങിവന്നശേഷം, ഗവർണറായ സെരുബ്ബാബേലും മഹാപുരോഹിതനായ യോശുവയും (യേശുവ) പൊ.യു.മു. 536-ൽ പുതിയ ആലയത്തിന്റെ അടിസ്ഥാനമിടലിനു മേൽനോട്ടം വഹിച്ചു. (6 ആലയനിർമാണത്തിൽ അവർക്ക് ആദ്യമുണ്ടായിരുന്ന ഉത്സാഹമെല്ലാം കെട്ടടങ്ങി. യഹൂദന്മാർ സ്വന്തം കാര്യങ്ങളിലേക്കു തിരിഞ്ഞു. എന്നിരുന്നാലും പൊ.യു.മു. 520-ൽ, അതായത് ആലയത്തിന്റെ അടിസ്ഥാനമിട്ട് 16 വർഷത്തിനുശേഷം, ആലയനിർമാണം പുനഃരാരംഭിക്കുന്നതിനായി ജനത്തെ ധൈര്യപ്പെടുത്താൻ യഹോവ ഹഗ്ഗായിയെയും സെഖര്യാവിനെയും നിയോഗിച്ചു. (ഹഗ്ഗായി 1:1; സെഖര്യാവു 1:1) അവരിൽനിന്നു പ്രചോദനമുൾക്കൊണ്ട, യഹോവയുടെ പിന്തുണ സംബന്ധിച്ച് ഉറപ്പു ലഭിച്ച, യഹൂദന്മാർ ആലയ നിർമാണം തുടരുകയും പൊ.യു.മു. 515-ൽ അത് പൂർത്തീകരിക്കുകയും ചെയ്‌തു.—എസ്രാ 6:14, 15.
7. ആ പ്രവാചകന്മാരുടെ കാലത്തിന് ആധുനിക കാലവുമായി എന്തു സമാന്തരമുണ്ട്?
7 നമ്മെ സംബന്ധിച്ച് ഇവയ്‌ക്കുള്ള പ്രാധാന്യം എന്താണെന്നു നിങ്ങൾക്കറിയാമോ? ‘രാജ്യത്തിന്റെ സുവിശേഷ’ത്തോടുള്ള ബന്ധത്തിൽ നമുക്ക് ഒരു വേല ചെയ്യാനുണ്ട്. (മത്തായി 24:14) ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് ആ വേലയ്‌ക്കു പ്രത്യേക ഊന്നൽ നൽകപ്പെട്ടു. പുരാതന കാലത്തെ യഹൂദന്മാർ ബാബിലോണിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ടതുപോലെ, യഹോവയുടെ ആധുനികകാല ജനം വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോണിൽനിന്നു സ്വതന്ത്രരായി. തുടർന്ന്, പ്രസംഗ-പഠിപ്പിക്കൽ വേലയിലും ആളുകളെ സത്യാരാധനയിലേക്കു നയിക്കുന്നതിലും ദൈവത്തിന്റെ അഭിഷിക്തർ തിരക്കോടെ ഏർപ്പെട്ടു. ഇപ്പോൾ ആ വേല വലിയൊരളവിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ അതിൽ പങ്കുപറ്റുന്നുണ്ടാകാം. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം തൊട്ടടുത്ത് എത്തിയിരിക്കുന്നതിനാൽ ആ വേല ചെയ്യേണ്ട സമയം ഇതാണ്. “വലിയ കഷ്ട”ത്തിന്റെ അഥവാ മഹോപദ്രവത്തിന്റെ സമയത്ത് യഹോവ മനുഷ്യ കാര്യാദികളിൽ ഇടപെടുന്നതുവരെ ദൈവദത്തമായ ഈ വേല നാം ചെയ്യണം. (മത്തായി 24:21) വരാനിരിക്കുന്ന ആ മഹോപദ്രവം ദുഷ്ടത തുടച്ചുനീക്കുകയും മുഴുഭൂമിയും സത്യാരാധനകൊണ്ടു നിറയാൻ ഇടയാക്കുകയും ചെയ്യും.
8. നമ്മുടെ വേലയെ യഹോവ പിന്തുണയ്‌ക്കുമെന്ന ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
8 ഈ വേലയിൽ നാം മുഴുഹൃദയാ ഏർപ്പെടുമ്പോൾ യഹോവയുടെ പിന്തുണയും അനുഗ്രഹവും സംബന്ധിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുമെന്നു ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ദൈവദാസന്മാരെ ഞെരുക്കാനോ അവരുടെ നിയമിത വേലയെ നിരോധിക്കാനോ ചിലർ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രസംഗവേലയുടെ പുരോഗതിക്കു തടയിടാൻ യാതൊരു ഭരണകൂടത്തിനും സാധിച്ചിട്ടില്ല. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതുമുതൽ ഇന്നോളം യഹോവ രാജ്യവേലയെ വർധനനൽകി അനുഗ്രഹിച്ചിരിക്കുന്നത് എങ്ങനെയെന്നു ചിന്തിക്കുക. ഇനിയും ധാരാളം വേല ചെയ്യാനുണ്ട്.
9. പുരാതന നാളിലെ ഏതു സ്ഥിതിവിശേഷത്തിനു നാം ശ്രദ്ധകൊടുക്കണം, എന്തുകൊണ്ട്?
9 ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രവചനങ്ങളിലെ സന്ദേശം, പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള ദിവ്യകൽപ്പന അനുസരിക്കാൻ നമ്മെ പൂർവാധികം പ്രചോദിപ്പിക്കുന്നത് എങ്ങനെ? ബൈബിളിലെ ഈ രണ്ടു പുസ്‌തകങ്ങളിൽനിന്നു പഠിക്കാനാകുന്ന ചില കാര്യങ്ങൾ നമുക്കിപ്പോൾ ശ്രദ്ധിക്കാം. ഉദാഹരണത്തിന്, സ്വദേശത്തേക്കു മടങ്ങിവന്ന യഹൂദന്മാർ നിർവഹിക്കേണ്ടിയിരുന്ന ആലയനിർമാണത്തോടു ബന്ധപ്പെട്ട ചില വിശദാംശങ്ങൾ നോക്കുക. നാം കണ്ടുകഴിഞ്ഞതുപോലെ, ബാബിലോണിൽനിന്നു മടങ്ങിവന്ന യഹൂദന്മാർ ആലയനിർമാണത്തിൽ ശുഷ്‌കാന്തിയോടെ തുടർന്നില്ല. ആലയത്തിന്റെ അടിസ്ഥാനം ഇട്ടശേഷം അവരുടെ വേല മന്ദഗതിയിലായി. തെറ്റായ ഏതു ചിന്താഗതിയാണ് അവരിൽ വളർന്നുവന്നത്? അതു നമ്മെ എന്താണു പഠിപ്പിക്കുന്നത്?
ഭൗതിക കാര്യങ്ങൾ സംബന്ധിച്ച ശരിയായ വീക്ഷണം
10. യഹൂദന്മാരിൽ തെറ്റായ ഏതു ചിന്താഗതിയാണ് വളർന്നുവന്നത്, അതിന്റെ ഫലമെന്തായിരുന്നു?
10 ആലയം പണിയാനുള്ള “കാലം വന്നിട്ടില്ലെ”ന്നാണ് യെരൂശലേമിൽ മടങ്ങിയെത്തിയ യഹൂദന്മാർ പറഞ്ഞുകൊണ്ടിരുന്നത്. ഹഗ്ഗായി 1:2) പൊ.യു.മു. 536-ൽ അവർ ആലയത്തിന് അടിസ്ഥാനമിട്ടുകൊണ്ട് പണി തുടങ്ങിയപ്പോൾ “കാലം വന്നിട്ടില്ലെ”ന്ന് അവർ പറഞ്ഞിരുന്നില്ല. എന്നാൽ താമസിയാതെ, അയൽദേശക്കാരിൽനിന്നുള്ള എതിർപ്പും ഗവൺമെന്റ് ഇടപെടലും ഉണ്ടായപ്പോൾ അവർ തങ്ങളുടെ ചിന്താഗതിക്കു മാറ്റം വരുത്തി. സ്വന്തഭവനങ്ങൾക്കും സുഖസൗകര്യങ്ങൾക്കും യഹൂദന്മാർ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങി. മേൽത്തരം തടികൊണ്ടു തട്ടിട്ട അവരുടെ വീടുകളും പണി പൂർത്തിയാകാത്ത ആലയവും തമ്മിലുള്ള വലിയ അന്തരത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് യഹോവ ചോദിക്കുന്നു: “ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?”—ഹഗ്ഗായി 1:4.
(11. യഹോവയ്‌ക്കു ഹഗ്ഗായിയുടെ നാളിലെ യഹൂദന്മാരെ ബുദ്ധിയുപദേശിക്കേണ്ടിവന്നത് എന്തുകൊണ്ട്?
11 യഹൂദന്മാരുടെ മുൻഗണനകൾക്കു മാറ്റംവന്നിരുന്നുവെന്നതു വ്യക്തമാണ്. ആലയം പുനർനിർമിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യം മുൻപന്തിയിൽവെക്കുന്നതിനു പകരം ദൈവജനം തങ്ങൾക്കുതന്നെയും സ്വന്തഭവനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി. ദേവാലയത്തിന്റെ പണി അവഗണിക്കപ്പെട്ടു. ഹഗ്ഗായി 1:5-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ‘തങ്ങളുടെ വഴികളെ വിചാരിച്ചുനോക്കാൻ’ യഹൂദന്മാരെ പ്രോത്സാഹിപ്പിച്ചു. സ്വന്തം പ്രവർത്തനങ്ങളെ ഒന്നു വിലയിരുത്താനും ആലയനിർമാണത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാത്തത് തങ്ങളെ ബാധിച്ചിരിക്കുന്നത് എങ്ങനെയെന്നു ചിന്തിച്ചുനോക്കാനും യഹോവ അവരോടു പറയുകയായിരുന്നു.
12, 13. ഹഗ്ഗായി 1:6 യഹൂദന്മാരുടെ അവസ്ഥയെ വർണിക്കുന്നത് എങ്ങനെ, ആ വാക്യത്തിന്റെ അർഥമെന്ത്?
12 നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നതുപോലെ, യഹൂദന്മാരുടെ തെറ്റായ മുൻഗണനകൾ അവരെ വ്യക്തിപരമായി ബാധിച്ചു. ദൈവത്തിന്റെ കാഴ്‌ചപ്പാട് എന്താണെന്ന് ഹഗ്ഗായി 1:6 പറയുന്നതു ശ്രദ്ധിക്കുക: “നിങ്ങൾ വളരെ വിതെച്ചിട്ടും അല്‌പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്‌തിട്ടും തൃപ്‌തിവരുന്നില്ല; വസ്‌ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.”
13 യഹൂദന്മാർ ദൈവം നൽകിയ ദേശത്തായിരുന്നെങ്കിലും അവർ ആഗ്രഹിച്ചതുപോലെ ദേശം വിളവ് നൽകിയില്ല. മുൻകൂട്ടിപ്പറഞ്ഞ പ്രകാരം, യഹോവ തന്റെ അനുഗ്രഹം പിൻവലിച്ചിരിക്കുകയായിരുന്നു. (ആവർത്തനപുസ്‌തകം 28:38-48) അവന്റെ പിന്തുണയോ അനുഗ്രഹമോ ഇല്ലാതിരുന്നതിനാൽ അവർ വിത്തുവിതച്ചെങ്കിലും വിളവ് നന്നേ കുറവായിരുന്നു. തിന്നു തൃപ്‌തരാകാൻ അതു മതിയാകുമായിരുന്നില്ല. അതുപോലെതന്നെ, കുളിർമാറാനുതകുന്ന വസ്‌ത്രങ്ങളും അവർക്കില്ലായിരുന്നു. അവർ സമ്പാദിച്ച പണമെല്ലാം നിറയെ ദ്വാരങ്ങളുള്ള ഒരു സഞ്ചിയിൽ ഇട്ടാലെന്നവണ്ണം ആയിരുന്നു. അതായത്, കൂലിക്കാരൻ അതിൽനിന്നു യാതൊരു പ്രയോജനവും അനുഭവിച്ചില്ല. നിങ്ങൾ “പാനം ചെയ്‌തിട്ടും തൃപ്‌തിവരുന്നില്ല” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്താണ്? യഹൂദന്മാരുടെമേൽ യഹോവയുടെ അനുഗ്രഹമില്ലായിരുന്നുവെന്നാണ് അതു സൂചിപ്പിക്കുന്നത്. വളരെ പരിമിതമായ അളവിൽമാത്രമേ വീഞ്ഞുണ്ടാക്കാൻ അവർക്കു കഴിഞ്ഞുള്ളൂ, തൃപ്‌തിവരുന്ന അളവോളം അതു ലഭ്യമായിരുന്നില്ല.
14, 15. ഹഗ്ഗായി 1:6 നമ്മെ എന്തു പഠിപ്പിക്കുന്നു?
14 വീടിന്റെ രൂപകൽപ്പന, അലങ്കാരം എന്നിവയല്ല വീടുകളെക്കുറിച്ചുള്ള പരാമർശത്തിൽനിന്നു നമുക്ക് പഠിക്കാനുള്ളത്. യഹൂദന്മാർ ബാബിലോണിലേക്കു പ്രവാസികളായി പോകുന്നതിനു വളരെക്കാലം മുമ്പ് “ദന്തഭവനങ്ങ”ളെയും “ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരി”ക്കുന്നതിനെയും കുറിച്ചു പറഞ്ഞുകൊണ്ട് പ്രവാചകനായ ആമോസ് ഇസ്രായേലിലെ ധനികരെ ശാസിച്ചിരുന്നു. (ആമോസ് 3:15; 6:4) അവരുടെ മണിമാളികകളും മനോഹരമായ വീട്ടുപകരണങ്ങളും നിലനിന്നില്ല. ശത്രുക്കൾ വന്ന് അവയെല്ലാം കൊള്ളയടിച്ചുകൊണ്ടുപോയി. വർഷങ്ങൾ കഴിഞ്ഞിട്ടും, 70 വർഷത്തെ പ്രവാസത്തിനുശേഷവും, ദൈവജനത്തിൽ പലരും അതിൽനിന്നു പാഠം പഠിച്ചില്ല. നമ്മുടെ കാര്യമോ? നാം ഓരോരുത്തരും സ്വയം ഇങ്ങനെ ചോദിക്കുന്നതു നന്നായിരിക്കും: ‘എന്റെ വീടിനും അതിന്റെ അലങ്കാരങ്ങൾക്കും ഞാൻ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്? ഭാവി ശോഭനമാക്കാനുള്ള ലക്ഷ്യത്തിൽ, നിരവധി വർഷങ്ങൾ ചെലവിടേണ്ടിവരുന്നതും എന്റെ ജീവിതത്തിലെ സുപ്രധാനമായ ആത്മീയ കാര്യങ്ങളെ അപ്രധാന സ്ഥാനത്തേക്കു തള്ളിനീക്കുന്നതുമായ ഉന്നത വിദ്യാഭ്യാസം തേടുന്നതു സംബന്ധിച്ചോ?—ലൂക്കൊസ് 12:20, 21; 1 തിമൊഥെയൊസ് 6:17-19.
15 ജീവിതത്തിൽ ദൈവാനുഗ്രഹം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ ഹഗ്ഗായി 1:6 നമ്മെ സഹായിക്കുന്നു. പുരാതന കാലത്തെ യഹൂദന്മാർക്ക് അതില്ലായിരുന്നു. അവർ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുകയും ചെയ്‌തു. നമുക്ക് ധാരാളം ഭൗതിക വസ്‌തുക്കൾ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും യഹോവയുടെ അനുഗ്രഹമില്ലെങ്കിൽ അതു നമ്മുടെ ആത്മീയതയെ പ്രതികൂലമായി ബാധിക്കുകതന്നെ ചെയ്യും. (മത്തായി 25:34-40; 2 കൊരിന്ത്യർ 9:8-12) നമുക്ക് എങ്ങനെയാണ് ആ അനുഗ്രഹം നേടാനാകുക?
തന്റെ ആത്മാവിലൂടെ യഹോവ സഹായിക്കുന്നു
16-18. പുരാതന കാലത്ത് സെഖര്യാവു 4:6-ന്റെ അർഥമെന്തായിരുന്നു?
16 അക്കാലത്തെ തന്റെ വിശ്വസ്‌ത ദാസന്മാരെ പ്രചോദിപ്പിക്കാനും അനുഗ്രഹിക്കാനുമായി യഹോവ അവലംബിച്ച മാർഗത്തിന് അടിവരയിടാൻ ഹഗ്ഗായിയുടെ സഹപ്രവാചകനായ സെഖര്യാവിനെ ദൈവം നിശ്വസ്‌തനാക്കി. യഹോവ എങ്ങനെയാണ് നിങ്ങളെയും അനുഗ്രഹിക്കുകയെന്ന് ഇത് വ്യക്തമാക്കുന്നു. നാം ഇപ്രകാരം വായിക്കുന്നു: “സൈന്യത്താലല്ല. ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖര്യാവു 4:6) ഇത് നാം പലപ്പോഴും കേൾക്കാറുള്ള ഒരു വാക്യമാണെങ്കിലും, ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും നാളിലെ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഇതിന്റെ അർഥമെന്തായിരുന്നു, നിങ്ങൾക്ക് ഇത് എന്തർഥമാക്കുന്നു?
17 ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും നിശ്വസ്‌ത വാക്കുകൾ അക്കാലത്ത് ശ്രദ്ധേയമായ ഫലം ഉളവാക്കിയെന്ന കാര്യം ഓർക്കുക. അവ വിശ്വസ്‌തരായ യഹൂദന്മാരെ വീണ്ടും ഊർജസ്വലരാക്കി. പൊ.യു.മു. 520-ാം ആണ്ട്, ആറാം മാസത്തിലാണ് ഹഗ്ഗായി തന്റെ പ്രവാചകവേല തുടങ്ങുന്നത്. സെഖര്യാവാകട്ടെ അതേവർഷം എട്ടാം മാസത്തിലും. (സെഖര്യാവു 1:1) ഹഗ്ഗായി 2:18-ൽനിന്നു മനസ്സിലാക്കാൻ കഴിയുന്നതുപോലെ, ഒമ്പതാം മാസം ആലയ അടിസ്ഥാനത്തിന്റെ നിർമാണം ഊർജിതമായി പുനരാരംഭിച്ചു. അങ്ങനെ പ്രവർത്തനത്തിനു പ്രചോദിതരായ യഹൂദന്മാർ, യഹോവയുടെ പിന്തുണ ലഭിക്കുമെന്ന ഉറച്ച ബോധ്യത്തോടെ അവനെ അനുസരിച്ചു. അവർക്ക് ദൈവത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന് സെഖര്യാവു 4:6 വ്യക്തമാക്കുന്നു.
18 പൊ.യു.മു. 537-ൽ സ്വദേശത്തേക്കു മടങ്ങിവന്ന യഹൂദന്മാർക്ക് സൈന്യസന്നാഹമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ബാബിലോണിൽനിന്നുള്ള യാത്രാമധ്യേ യഹോവ അവരെ സംരക്ഷിക്കുകയും വഴിനയിക്കുകയും ചെയ്‌തു. മടങ്ങിയെത്തി അധികം താമസിയാതെ അവർ ആലയനിർമാണം തുടങ്ങിയപ്പോൾ യഹോവയുടെ ആത്മാവ് കാര്യങ്ങളെ നയിച്ചുകൊണ്ടിരുന്നു. അവർ ആത്മാർഥമായി വേല പുനരാരംഭിച്ചാൽ തന്റെ പരിശുദ്ധാത്മാവിലൂടെ യഹോവ അവരെ പിന്തുണയ്‌ക്കുമായിരുന്നു.
19. ദൈവാത്മാവ് ശക്തമായ ഏതു സ്വാധീനത്തെ മറികടന്നു?
19 യഹോവ തന്റെ ജനത്തോടൊപ്പം ഉണ്ടായിരിക്കുമെന്നും അവർ വിശ്വസ്‌തതയോടെ ആലയനിർമാണം പൂർത്തീകരിക്കുമെന്നും തുടർച്ചയായ എട്ടു ദർശനങ്ങളിലൂടെ സെഖര്യാവിന് ഉറപ്പു ലഭിച്ചു. 3-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നാലാമത്തെ ദർശനം, ആലയനിർമാണത്തിന്റെ പൂർത്തീകരണം തടയുന്നതിൽ സാത്താൻ വഹിച്ചിരുന്ന സജീവ പങ്ക് വ്യക്തമാക്കുന്നു. (സെഖര്യാവു 3:1) ഒരു പുതിയ ആലയത്തിൽ മഹാപുരോഹിതനായ യോശുവ ജനത്തിനുവേണ്ടി ശുശ്രൂഷ നിർവഹിക്കുന്നത് സാത്താനെ തീർച്ചയായും സന്തോഷിപ്പിക്കുമായിരുന്നില്ല. യഹൂദന്മാരുടെ ആലയനിർമാണത്തെ തടുക്കുന്നതിൽ സാത്താൻ സജീവമായി പ്രവർത്തിച്ചെങ്കിലും, പ്രതിബന്ധങ്ങൾ നീക്കുന്നതിലും ആലയംപണി പൂർത്തിയാകുന്നതുവരെ യഹൂദന്മാരെ ഊർജസ്വലരാക്കി നിറുത്തുന്നതിലും യഹോവയുടെ ആത്മാവ് ഒരു സുപ്രധാന പങ്ക് വഹിക്കുമായിരുന്നു.
20. ആലയനിർമാണം പൂർത്തീകരിക്കുകയെന്ന ദൈവഹിതം നിവർത്തിക്കാൻ പരിശുദ്ധാത്മാവ് യഹൂദന്മാരെ സഹായിച്ചത് എങ്ങനെ?
20 ദൈവജനത്തിന്റെ മുമ്പിൽ പർവതസമാനമായ സെഖര്യാവു 4:7) അവൻ ആ വാക്കു പാലിക്കുകതന്നെ ചെയ്‌തു! ദാര്യാവേശ് ഒന്നാമൻ രാജാവ് നടത്തിയ ഒരന്വേഷണത്തിൽ, ആലയം പുനർനിർമിക്കാൻ യഹൂദന്മാരെ അധികാരപ്പെടുത്തിക്കൊണ്ട് കോരെശ് പുറപ്പെടുവിച്ച ലിഖിത രേഖ കണ്ടെത്തുകയുണ്ടായി. അതേത്തുടർന്ന് ദാര്യാവേശ് നിരോധനം റദ്ദാക്കുകയും രാജഭണ്ഡാരത്തിൽനിന്നു യഹൂദന്മാരുടെ വേലയ്‌ക്ക് ആവശ്യമായ പണം നൽകാൻ ഉത്തരവിടുകയും ചെയ്‌തു. എത്ര അതിശയകരമായ വിധത്തിലാണ് കാര്യങ്ങൾക്കു മാറ്റംവന്നത്! ദൈവാത്മാവിന് ഇതിൽ പങ്കുണ്ടായിരുന്നോ? തീർച്ചയായും! പൊ.യു.മു. 515-ൽ, ദാര്യാവേശ് ഒന്നാമന്റെ വാഴ്‌ചയുടെ ആറാം ആണ്ടിൽ, ആലയംപണി പൂർത്തിയായി.—എസ്രാ 6:1, 15.
ഒരു പ്രതിബന്ധം ഉണ്ടായിരുന്നതുപോലെ തോന്നി. മുമ്പ് ആലയനിർമാണം നിറുത്തിച്ച ഗവൺമെന്റ് ഉദ്യോഗസ്ഥരിൽനിന്നുള്ള എതിർപ്പായിരുന്നു അത്. എങ്കിലും ഈ ‘പർവ്വതം’ “സമഭൂമി”യായിത്തീരുമെന്ന് യഹോവ ഉറപ്പുനൽകി. (21. (എ) പുരാതനകാലത്ത് ദൈവം “‘സകല ജാതികളെയും ഇളക്കിയത്’ എങ്ങനെ, “മനോഹരവസ്‌തു”ക്കൾ വന്നതെങ്ങനെ? (ബി) അതിന്റെ ആധുനിക നിവൃത്തി എന്ത്?
21 സീനായ് മലയിങ്കൽവെച്ച്, “പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി”യ സമയത്ത്, യഹോവ യഹൂദന്മാരുമായി ചെയ്‌ത ഉടമ്പടിയെക്കുറിച്ച് ഹഗ്ഗായി 2:5-ൽ പ്രവാചകൻ അവരെ ഓർമിപ്പിച്ചു. (പുറപ്പാടു 19:18) 6, 7 വാക്യങ്ങളിൽ പ്രതീകാത്മകമായി വർണിച്ചിരിക്കുന്നപ്രകാരം, ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും നാളുകളിൽ യഹോവ മറ്റൊരു ഇളക്കൽ നടത്താൻ പോകുകയായിരുന്നു. പേർഷ്യൻ സാമ്രാജ്യത്തിലെ ആഭ്യന്തരകാര്യങ്ങൾക്ക് ഉലച്ചിൽതട്ടുമായിരുന്നെങ്കിലും ആലയനിർമാണം തടസ്സമൊന്നും കൂടാതെ പൂർത്തിയാകുമായിരുന്നു. “മനോഹരവസ്‌തു”ക്കൾ അതായത് യഹൂദേതരർ, കാലാന്തരത്തിൽ യഹൂദന്മാരോടൊത്ത് ആ ആരാധനാസ്ഥലത്ത് ദൈവത്തെ മഹത്ത്വപ്പെടുത്തുമായിരുന്നു. നമ്മുടെ നാളിൽ ഇതിനൊരു വലിയ നിവൃത്തിയുണ്ട്. പ്രസംഗവേലയിലൂടെ ദൈവം ‘ജാതികളെ ഇളക്കിയിരിക്കുന്നു.’ “സകല ജാതികളുടെയും മനോഹരവസ്‌തു”ക്കൾ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ശേഷിപ്പിനോട് ചേർന്നു ദൈവത്തെ ആരാധിക്കാൻ ഇടയാകുകയും ചെയ്‌തിരിക്കുന്നു. യഥാർഥത്തിൽ, അഭിഷിക്തരും വേറെ ആടുകളും ചേർന്ന് ഇപ്പോൾ യഹോവയുടെ ആലയത്തെ മഹത്ത്വപൂർണമാക്കുകയാണ്. യഹോവ മറ്റൊരർഥത്തിൽ ‘ആകാശത്തെയും ഭൂമിയെയും ഇളക്കുന്ന’ സമയത്തിനായി ഈ സത്യാരാധകർ വിശ്വാസത്തോടെ കാത്തിരിക്കുന്നു. ജാതികളുടെ രാജ്യങ്ങളെ മറിച്ചിടാനും അവയുടെ ബലം നശിപ്പിക്കാനും ആയിരിക്കും യഹോവ ആ ഇളക്കൽ നടത്തുക.—ഹഗ്ഗായി 2:22.
22. ദൈവം ജനതകളെ ‘ഇളക്കുന്നത്’ എങ്ങനെ, അതിന്റെ ഫലമെന്ത്, ഇനി എന്തു നടക്കാനിരിക്കുന്നു?
22 ‘ആകാശം,’ “ഭൂമി,” “കടൽ,” “കര” എന്നിവയാൽ ചിത്രീകരിക്കപ്പെടുന്ന വ്യത്യസ്‌ത ഘടകങ്ങളുടെ പ്രക്ഷുബ്ധാവസ്ഥയാണ് ഇപ്പോൾ നമ്മുടെ ഓർമയിലേക്കു വരുന്നത്. അതിൽ ഒന്ന്, പിശാചായ സാത്താനും അവന്റെ ഭൂതങ്ങളും ഭൂമിയുടെ പരിസരത്തേക്കു വലിച്ചെറിയപ്പെട്ടു എന്നതാണ്. (വെളിപ്പാടു 12:7-12) മാത്രമല്ല, ദൈവത്തിന്റെ അഭിഷിക്തരുടെ നേതൃത്വത്തിലുള്ള പ്രസംഗവേല ഈ വ്യവസ്ഥിതിയിലെ ഭൗമിക ഘടകങ്ങളെ ഇളക്കുകതന്നെ ചെയ്‌തിരിക്കുന്നു. (വെളിപ്പാടു 11:18) എന്നിട്ടുപോലും, സകല ജാതികളുടെയും മനോഹരവസ്‌തുക്കളായ “ഒരു മഹാപുരുഷാരം” യഹോവയെ സേവിക്കുന്നതിൽ ആത്മീയ ഇസ്രായേലിനോടു ചേർന്നിരിക്കുന്നു. (വെളിപ്പാടു 7:9, 10) അർമഗെദോനിൽ ദൈവം പെട്ടെന്നുതന്നെ ജാതികളെ ഇളക്കുമെന്ന സുവാർത്ത ഘോഷിക്കുന്നതിൽ മഹാപുരുഷാരം അഭിഷിക്തരോടു ചേർന്നു പ്രവർത്തിക്കുന്നു. മുഴു ഭൂമിയിലും സത്യാരാധന നിറയാൻ അർമഗെദോൻ വഴിയൊരുക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
• എപ്പോൾ, ഏത് സാഹചര്യങ്ങളിലാണ് ഹഗ്ഗായിയും സെഖര്യാവും പ്രവാചകവേല നിർവഹിച്ചത്?
• ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും സന്ദേശം നിങ്ങൾക്ക് എങ്ങനെ ബാധകമാക്കാം?
• സെഖര്യാവു 4:6 പ്രോത്സാഹജനകമാണെന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[20-ാം പേജിലെ ചിത്രങ്ങൾ]
ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പുസ്‌തകങ്ങൾ നമുക്ക് ദിവ്യപിന്തുണ ഉറപ്പുനൽകുന്നു
[23-ാം പേജിലെ ചിത്രം]
“ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?”
[24-ാം പേജിലെ ചിത്രം]
യഹോവയുടെ ജനം “ജാതികളുടെ മനോഹരവസ്‌തു”ക്കളുടെ അടുത്തേക്കുചെല്ലുന്നു