ദൈവേഷ്ടത്തിനു ചേർച്ചയിൽ തീരുമാനങ്ങളെടുക്കാൻ എങ്ങനെ കഴിയും?
ദൈവേഷ്ടത്തിനു ചേർച്ചയിൽ തീരുമാനങ്ങളെടുക്കാൻ എങ്ങനെ കഴിയും?
ഐക്യനാടുകളിലുള്ള ഒരു വ്യക്തി 11,25,000 രൂപയുടെ ചെക്കുമായി ഒരു ബാങ്കിൽ ചെന്നു. തുക സ്ഥിരനിക്ഷേപമായി ബാങ്കിലിടുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ പണം ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ മാനേജർ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഓഹരി വിപണിയിൽ നഷ്ടമുണ്ടാകുന്ന പ്രശ്‌നമേയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടപാടുകാരന് ആ ആശയം ബോധിച്ചു. എന്നാൽ ഏറെക്കഴിയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ നിക്ഷേപത്തിനു കനത്ത മൂല്യത്തകർച്ച ഉണ്ടായി.
ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കുന്നത് ഒരു വെല്ലുവിളിയാണെന്ന് ഈ അനുഭവം വ്യക്തമാക്കുന്നു. ജീവിതത്തിൽ നാം എടുക്കേണ്ടിവരുന്ന തീരുമാനങ്ങളെക്കുറിച്ച് എന്തു പറയാൻ കഴിയും? ചില തീരുമാനങ്ങൾ നമ്മെ വിജയത്തിന്റെ കൊടുമുടിയിൽ എത്തിച്ചേക്കാം, മറ്റു ചിലത് പരാജയത്തിന്റെ പടുകുഴിയിലും. അവ ജീവനെയോ മരണത്തെയോപോലും അർഥമാക്കിയേക്കാം. ആ സ്ഥിതിക്ക്, നമ്മുടെ തീരുമാനങ്ങൾ ജ്ഞാനപൂർവകമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും?
“വഴി ഇതാകുന്നു”
എന്തു ഭക്ഷിക്കണം, ഏതു വസ്‌ത്രം ധരിക്കണം, എവിടേക്കു പോകണം എന്നിങ്ങനെ നിരവധി തീരുമാനങ്ങൾ നാം ദിവസവും എടുക്കേണ്ടിവരുന്നു. ചില തീരുമാനങ്ങൾ നിസ്സാരങ്ങളാണെന്ന് തോന്നിയേക്കാമെങ്കിലും അവയുടെ അനന്തര ഫലങ്ങൾ ഗുരുതരമായിരുന്നേക്കാം. ഉദാഹരണത്തിന്, ഒരു വ്യക്തി ആദ്യമായി ഒരു സിഗരറ്റ് കത്തിക്കാൻ എടുക്കുന്ന തീരുമാനം അയാൾ ആജീവനാന്തം പുകവലിശീലത്തിന് അടിമയായിത്തീരുന്നതിലേക്കു നയിച്ചേക്കാം. ചെറുതെന്നു തോന്നിയേക്കാവുന്ന തീരുമാനങ്ങളുടെ പ്രാധാന്യം നാം ഒരിക്കലും നിസ്സാരമായി കാണരുത്.
തീരുമാനങ്ങൾ, തീരെ നിസ്സാരമെന്നു തോന്നിയേക്കാവുന്നവപോലും, കൈക്കൊള്ളേണ്ടിവരുമ്പോൾ മാർഗനിർദേശത്തിനായി നമുക്ക് എവിടേക്കു നോക്കാൻ കഴിയും? വിഷമംപിടിച്ച തീരുമാനങ്ങൾ എടുക്കേണ്ടതായിവരുമ്പോൾ ഉപദേശം തരാൻ ആശ്രയയോഗ്യനായ ഒരാൾ ഉണ്ടായിരിക്കുന്നത് എത്ര നന്നായിരിക്കും! അങ്ങനെയൊരാൾ ഉണ്ടെന്നതാണു വാസ്‌തവം. ഇക്കാലത്തും പ്രായോഗികമായിരിക്കുന്ന ഒരു പുരാതന പുസ്‌തകം അതിനോടുള്ള ബന്ധത്തിൽ ഇങ്ങനെ പറയുന്നു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശയ്യാവു 30:21) അവ ആരുടെ വാക്കുകളാണ്? ആ വ്യക്തിയുടെ മാർഗനിർദേശം ആശ്രയയോഗ്യമാണെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?
സ്രഷ്ടാവായ യഹോവയാം ദൈവത്താൽ നിശ്വസിക്കപ്പെട്ട ഒരു പുസ്‌തകമെന്ന നിലയിൽ ദശലക്ഷങ്ങൾ തിരിച്ചറിയുകയും പഠിക്കുകയും ചെയ്‌തിരിക്കുന്ന ബൈബിളിലാണ് നാം ആ വാക്കുകൾ കാണുന്നത്. (2 തിമൊഥെയൊസ് 3:16, 17) സ്രഷ്ടാവ് എന്ന നിലയിൽ യഹോവയ്‌ക്ക് നമ്മെക്കുറിച്ചു നന്നായി അറിയാമെന്നതിനാൽ, ഏറ്റവും നല്ല മാർഗനിർദേശത്തിനായി നമുക്കു നോക്കാൻ കഴിയുന്നത് അവനിലേക്കാണ്. ഭാവി മുൻകൂട്ടിക്കാണാനും യഹോവയ്‌ക്കു കഴിയും. “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്‌താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും” എന്ന് അവൻ പറയുന്നു. (യെശയ്യാവു 46:10) യഹോവയുടെ വചനത്തിലുള്ള ആശ്രയം വെളിപ്പെടുത്തിക്കൊണ്ട് ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീർത്തനം 119:105) എന്നാൽ ഇളകിമറിയുന്ന ഒരു സമുദ്രംപോലെ പ്രക്ഷുബ്ധമായ ഈ ലോകത്തിൽ നമ്മുടെ ജീവിതനൗകയെ സുരക്ഷിത തീരങ്ങളിലേക്കു നയിക്കാൻ എങ്ങനെയാണ് യഹോവ നമ്മെ സഹായിക്കുന്നത്? ദൈവേഷ്ടത്തിനു ചേർച്ചയിൽ തീരുമാനങ്ങളെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?
ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുക
യുക്തിസഹമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ക്രിസ്‌ത്യാനികളെ സഹായിക്കുന്നതിന് യഹോവയാം ദൈവം അവർക്കു ദിവ്യതത്ത്വങ്ങൾ നൽകിയിരിക്കുന്നു. അതു പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നത് ഒരു പുതിയ ഭാഷ പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുപോലെയാണെന്നു പറയാൻ കഴിയും. ഭാഷ പഠിച്ചുകഴിഞ്ഞാൽ, മറ്റാരെങ്കിലും അതിന്റെ ഉപയോഗത്തിൽ വരുത്തുന്ന തെറ്റുകൾ നിങ്ങൾ എളുപ്പം കണ്ടുപിടിക്കും. തെറ്റ് എന്താണെന്ന് വ്യാകരണ നിയമങ്ങൾ ഉപയോഗിച്ച് കൃത്യമായി വിശദീകരിച്ചുകൊടുക്കാൻ കഴിയില്ലായിരിക്കാമെങ്കിലും ആ വ്യക്തിയുടെ പ്രസ്‌താവനയിൽ പിശകുണ്ടെന്ന കാര്യം നിങ്ങൾക്ക് ഉറപ്പായിരിക്കും. ബൈബിൾ തത്ത്വങ്ങൾ പഠിക്കുകയും അതു ജീവിതത്തിൽ ബാധകമാക്കേണ്ടത് എങ്ങനെയെന്നു കൃത്യമായി മനസ്സിലാക്കുകയും ചെയ്‌തുകഴിയുമ്പോൾ ഒരു പ്രത്യേക തീരുമാനം ഉചിതമാണോ അതോ ദിവ്യതത്ത്വങ്ങൾക്കു വിരുദ്ധമാണോയെന്ന് പറയുക നിങ്ങൾക്ക് എളുപ്പമായിത്തീരും.
ഉദാഹരണത്തിന്, തലമുടിയുടെ സ്റ്റൈൽ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കാര്യമെടുക്കുക. ഏതെങ്കിലും ഒരു പ്രത്യേക സ്റ്റൈൽ തെറ്റാണെന്നു ചൂണ്ടിക്കാട്ടുന്ന ഒരു കൽപ്പനയും ബൈബിളിലില്ല. എന്നുവരികിലും ഒരു ബൈബിൾ തത്ത്വം പരിചിന്തിക്കുക. പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “സ്‌ത്രീകളും യോഗ്യമായ വസ്‌ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്‌ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്‌ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.” (1 തിമൊഥെയൊസ് 2:9, 10) പൗലൊസ് ഇവിടെ സ്‌ത്രീകളെക്കുറിച്ചാണ് എഴുതുന്നതെങ്കിലും ഈ തത്ത്വം പുരുഷന്മാർക്കും ബാധകമാണ്. എന്താണ് ആ തത്ത്വം? നമ്മുടെ ചമയം സുബോധത്തോടുകൂടിയതും യോഗ്യവും ആയിരിക്കണം. അതുകൊണ്ട് ‘എന്റെ ഹെയർസ്റ്റൈൽ ക്രിസ്‌തീയ നിലവാരങ്ങൾക്കു ചേർച്ചയിലാണോ?’ എന്ന് ആ ചെറുപ്പക്കാരൻ സ്വയം ചോദിക്കേണ്ടതുണ്ട്.
ശിഷ്യനായ യാക്കോബ് ഇപ്രകാരം പ്രസ്‌താവിച്ചു: “വ്യഭിചാരിണികളായുള്ളോരേ, ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്‌നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോബ് 4:4) ഈ വാക്കുകളിൽ സഹായകമായ ഏതു തത്ത്വം കണ്ടെത്താൻ യുവപ്രായക്കാർക്കു കഴിയും? ദൈവവുമായി ശത്രുതയിലായിരിക്കുന്ന ഈ ലോകത്തിന്റെ സ്‌നേഹിതൻ ആയിരിക്കുക എന്ന ചിന്തപോലും ഒരു ക്രിസ്‌ത്യാനിക്കു വെറുപ്പുളവാക്കുന്നതാണ്. കൂട്ടുകാരുടെ അഭിരുചിക്കൊത്തുള്ള ഹെയർസ്റ്റൈൽ ഉണ്ടായിരിക്കുന്നത് ഒരു ചെറുപ്പക്കാരനെ എങ്ങനെ കാണപ്പെടാൻ ഇടയാക്കും—ദൈവത്തിന്റെ സ്‌നേഹിതനായിട്ടോ അതോ ലോകത്തിന്റെ സ്‌നേഹിതനായിട്ടോ? ഏതു ഹെയർസ്റ്റൈൽ സ്വീകരിക്കണം എന്നതിനെക്കുറിച്ചു ചിന്തിക്കുന്ന ഒരു വ്യക്തിക്ക് ഇത്തരം ബൈബിളധിഷ്‌ഠിത തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ട് ജ്ഞാനപൂർവകമായ തീരുമാനം കൈക്കൊള്ളാൻ കഴിയും. അതേ, തീരുമാനങ്ങളെടുക്കാൻ ദിവ്യതത്ത്വങ്ങൾ നമ്മെ സഹായിക്കുന്നു. കൂടാതെ, ദൈവിക തത്ത്വങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങളെടുക്കുന്ന രീതി നാം സ്വായത്തമാക്കിക്കഴിയുമ്പോൾ, ദോഷകരമായ പരിണതഫലങ്ങൾ ഇല്ലാത്ത ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നത് നമുക്ക് എളുപ്പമായിത്തീരും.
ദൈവവചനത്തിൽ അനേകം തത്ത്വങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ ഒരു പ്രത്യേക സാഹചര്യം കൈകാര്യം ചെയ്യുന്ന ഒരു വാക്യം കണ്ടെത്താൻ പലപ്പോഴും നമുക്കു കഴിയാതെവന്നേക്കാം. എന്നിരുന്നാലും ചില വ്യക്തികൾ ദൈവിക മാർഗനിർദേശം അനുസരിക്കുകയും മറ്റു ചിലർ ദിവ്യ മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്‌തതു സംബന്ധിച്ച വിവരണങ്ങൾ നമുക്കു ബൈബിളിൽ വായിക്കാൻ കഴിയും. (ഉല്‌പത്തി 4:6, 7, 13-16; ആവർത്തനപുസ്‌തകം 30:15-20; 1 കൊരിന്ത്യർ 10:11) ഇരുകൂട്ടരുടെയും അനുഭവം വിശകലനം ചെയ്യുന്നതിലൂടെ ദൈവത്തിനു പ്രസാദകരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായകമായ ദിവ്യ തത്ത്വങ്ങൾ മനസ്സിലാക്കാൻ നമുക്കു കഴിയും.
ഉദാഹരണത്തിന്, യേശുക്രിസ്‌തുവിനും പത്രൊസ് അപ്പൊസ്‌തലനും ഇടയിൽ നടന്ന ഹ്രസ്വമായ ഒരു സംഭാഷണം പരിചിന്തിക്കുക. യേശു നികുതി കൊടുക്കുന്നില്ലയോ എന്ന് നികുതിപിരിവുകാർ ഒരിക്കൽ പത്രൊസിനോടു ചോദിക്കുകയുണ്ടായി. അവന്റെ മറുപടി “ഉവ്വു” എന്നായിരുന്നു. ആ സംഭാഷണത്തിനുശേഷം യേശു അവനോട് ഇങ്ങനെ ചോദിച്ചു: “ഭൂമിയിലെ രാജാക്കൻമാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ.” “അന്യരോടു” എന്ന് അവൻ പറഞ്ഞപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക.” (മത്തായി 17:24-27) നമുക്ക് ഈ വിവരണത്തിൽ ഏതെല്ലാം തത്ത്വങ്ങൾ കണ്ടെത്താൻ കഴിയും?
ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്, ദൈവപുത്രനായ താൻ നികുതി കൊടുക്കേണ്ടതില്ലെന്ന ശരിയായ നിഗമനത്തിലെത്താൻ യേശു പത്രൊസിനെ സഹായിച്ചു. ആദ്യം അക്കാര്യം മനസ്സിലാക്കാൻ പത്രൊസിനു കഴിഞ്ഞില്ലെങ്കിലും ദയാപൂർവം യേശു അവനെ അതിനു സഹായിച്ചു. മറ്റുള്ളവർ തെറ്റുകൾ വരുത്തുമ്പോൾ, കുറ്റപ്പെടുത്തുകയോ അവരുടെ തെറ്റുകൾ പരുഷമായി ചൂണ്ടിക്കാട്ടുകയോ ചെയ്യുന്നതിനു പകരം യേശുവിനെ അനുകരിച്ചുകൊണ്ട് നമുക്ക് അവരോട് അനുകമ്പ പ്രകടിപ്പിക്കാം.
മറ്റുള്ളവരെ ഇടറിക്കുന്നത് ഒഴിവാക്കാനാണ് നികുതി കൊടുത്തതെന്നു മനസ്സിലാക്കാനും പത്രൊസിനു കഴിഞ്ഞു. അങ്ങനെ ഈ വിവരണം നമ്മെ മറ്റൊരു തത്ത്വവും പഠിപ്പിക്കുന്നു. സ്വന്തം അവകാശങ്ങളിൽ കടിച്ചുതൂങ്ങുന്നതിനുപകരം നാം മറ്റുള്ളവരുടെ മനസ്സാക്ഷി മാനിക്കണം.
മറ്റുള്ളവരുടെ മനസ്സാക്ഷി ആദരിച്ചുകൊണ്ട് തീരുമാനങ്ങൾ കൈക്കൊള്ളാൻ നമ്മെ എന്തു പ്രചോദിപ്പിക്കും? അയൽക്കാരനോടുള്ള സ്‌നേഹം. പൂർണ ആത്മാവോടെ ദൈവത്തെ സ്‌നേഹിക്കണമെന്നുള്ള കൽപ്പന കഴിഞ്ഞാൽപ്പിന്നെ ഏറ്റവും പ്രധാനമായത് നമ്മെപ്പോലെതന്നെ അയൽക്കാരെ സ്‌നേഹിക്കണമെന്ന കൽപ്പനയാണെന്ന് യേശുക്രിസ്‌തു പഠിപ്പിച്ചു. (മത്തായി 22:39) എന്നിരുന്നാലും സ്വാർഥത മുഖമുദ്രയായുള്ള ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്, നമ്മുടെ പാപപൂർണമായ ചായ്‌വുകൾ സ്വാർഥതത്‌പരർ ആയിരിക്കാൻ നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അയൽക്കാരനെ സ്‌നേഹിക്കാൻ കഴിയണമെങ്കിൽ ഒരു വ്യക്തി മനസ്സു പുതുക്കേണ്ടത് അനിവാര്യമാണ്.—റോമർ 12:2.
അനേകർ ആ വിധത്തിൽ മാറ്റംവരുത്തിയിരിക്കുന്നു. ചെറുതോ വലുതോ ആയ തീരുമാനങ്ങൾ എടുക്കുമ്പോൾ അവർ മറ്റുള്ളവരെ പരിഗണിക്കുന്നു. പൗലൊസ് എഴുതി: “സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്‌നേഹത്താൽ അന്യോന്യം സേവിപ്പിൻ.” (ഗലാത്യർ 5:13) അപ്രകാരം പ്രവർത്തിക്കാൻ നമുക്ക് എങ്ങനെ കഴിയും? ദൈവവചനം പഠിക്കുന്നതിൽ ഒരു ഉൾനാടൻ പട്ടണത്തിലെ ആളുകളെ സഹായിക്കുന്നതിന് അവിടേക്കു താമസം മാറ്റിയ ഒരു ചെറുപ്പക്കാരിയുടെ കാര്യമെടുക്കുക. നഗരജീവിതത്തിന്റെ നിലവാരമനുസരിച്ച് വളരെ മാന്യമായ വസ്‌ത്രധാരണമായിരുന്നു അവളുടേത്. എന്നാൽ താമസിയാതെ തന്റെ വേഷം ആ പ്രദേശത്ത് ഒരു സംസാരവിഷയം ആയിക്കൊണ്ടിരിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു. അതുകൊണ്ട് “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു” കുറേക്കൂടെ ലളിതമായ രീതിയിൽ വസ്‌ത്രം ധരിക്കാൻ അവൾ തീരുമാനിച്ചു.—തീത്തൊസ് 2:4-6.
ചമയത്തിന്റെയോ വ്യക്തിപരമായ മറ്റേതെങ്കിലും അഭിരുചിയുടെയോ കാര്യത്തിൽ തീരുമാനം എടുക്കേണ്ടിവരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും? മറ്റുള്ളവരുടെ മനസ്സാക്ഷി കണക്കിലെടുത്തുകൊണ്ട് തീരുമാനങ്ങളെടുക്കുമ്പോൾ യഹോവ അതിൽ സന്തോഷിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുള്ളവർ ആയിരിക്കാവുന്നതാണ്.
ദീർഘവീക്ഷണം ഉണ്ടായിരിക്കുക
തീരുമാനങ്ങളെടുക്കുമ്പോൾ ബൈബിൾ തത്ത്വങ്ങൾക്കും മറ്റുള്ളവരുടെ മനസ്സാക്ഷിക്കും പുറമേ നാം മറ്റെന്തുകൂടെ കണക്കിലെടുക്കണം? ക്രിസ്‌ത്യാനികളുടെ പാത ഇടുക്കവും ഞെരുക്കവും ഉള്ളതാണെങ്കിലും ദൈവം വെച്ചിരിക്കുന്ന നിയന്ത്രണങ്ങൾക്കുള്ളിൽത്തന്നെ വളരെ സ്വാതന്ത്ര്യവും അവൻ അവർക്ക് അനുവദിച്ചുകൊടുക്കുന്നു. (മത്തായി 7:13, 14) നമ്മുടെ തീരുമാനങ്ങൾ ഭാവിയിൽ, ആത്മീയവും മാനസികവും വൈകാരികവും ശാരീരികവുമായ നമ്മുടെ ക്ഷേമത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ചു നാം ചിന്തയുള്ളവർ ആയിരിക്കണം.
നിങ്ങൾ ഒരു ജോലി സ്വീകരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയാണെന്നു സങ്കൽപ്പിക്കുക. ധാർമികമൂല്യങ്ങൾക്കു നിരക്കാത്തതോ അനുചിതമോ ആയ യാതൊന്നും ഒരുപക്ഷേ ആ ജോലിയിൽ ഉൾപ്പെട്ടിട്ടില്ലായിരിക്കാം. ക്രിസ്‌തീയ യോഗങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കുന്നതിൽ അത് ഒരു പ്രശ്‌നമാകുന്നില്ല. പ്രതീക്ഷിച്ചതിൽ കൂടുതൽ ശമ്പളവും. നിങ്ങളുടെ പ്രാപ്‌തികൾ അങ്ങേയറ്റം വിലമതിക്കുന്ന തൊഴിലുടമ നിങ്ങളെ പരമാവധി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. തന്നെയുമല്ല, ആ ജോലി നിങ്ങളുടെ മനസ്സിന് ഇണങ്ങുന്ന ഒന്നുമാണ്. അതു സ്വീകരിക്കുന്നതിൽനിന്ന് എന്തെങ്കിലും നിങ്ങളെ തടയണമോ? ഉദാഹരണത്തിന്, തൊഴിലിൽ ആസക്തനായിത്തീരുന്നതിനു സാധ്യതയുള്ളതായി നിങ്ങൾ മുൻകൂട്ടിക്കാണുന്നുവെങ്കിലോ? കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയില്ലെന്ന് നിങ്ങൾക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു പ്രോജക്‌റ്റ് ചെയ്‌തുതീർക്കാൻ പരിധിയിൽ കവിഞ്ഞ് അധ്വാനിക്കാൻ നിങ്ങൾ ഒരുമ്പെടുമോ? ആ വിധത്തിൽ കൂടെക്കൂടെ അധികസമയം ജോലി ചെയ്യേണ്ടതായിവരുമോ? ഒരിക്കലും ഒഴിവാക്കരുതാത്ത കുടുംബപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്ന് അതു നിങ്ങളെ തടയുമോ?
തൊഴിൽ സംബന്ധമായി ഒരു നിർണായക തീരുമാനം കൈക്കൊണ്ട ജിമ്മിനെക്കുറിച്ചു ചിന്തിക്കുക. അക്ഷീണം അധ്വാനിച്ച് അദ്ദേഹം തൊഴിൽരംഗത്ത് ഉയർന്ന സ്ഥാനമാനങ്ങൾ നേടി. ക്രമേണ, കമ്പനിയുടെ പൗരസ്‌ത്യദേശങ്ങളിലെ മാനേജിങ് ഡയറക്ടറായും ഐക്യനാടുകളിലുള്ള സഹോദരസ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവായും യൂറോപ്യൻ നാടുകളിലെ ഡയറക്ടർ ബോർഡിന്റെ ഒരു അംഗമായും അദ്ദേഹം തിളങ്ങി. എന്നിരുന്നാലും, ജപ്പാനിൽ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടപ്പോൾ പണത്തിനും പ്രതാപത്തിനുമായുള്ള തന്റെ പരിശ്രമം എത്ര നിരർഥകമായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കഷ്ടപ്പെട്ടു സമ്പാദിച്ച പണമെല്ലാം നിമിഷനേരംകൊണ്ടു കൈവിട്ടുപോയി. ജീവിതത്തിൽ ലക്ഷ്യബോധവും ഇല്ലാതായിത്തീർന്നു. ‘ഒരു പത്തു വർഷം കഴിയുമ്പോഴേക്കും എന്റെ അവസ്ഥ എന്തായിരിക്കും?’ അദ്ദേഹം സ്വയം ചോദിച്ചു. ഭാര്യയും മക്കളും ഉദ്ദേശ്യപൂർണമായ ഒരു ജീവിതമാണു നയിക്കുന്നതെന്ന കാര്യം അപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞു. വർഷങ്ങളായി അവർ യഹോവയുടെ സാക്ഷികളോടൊപ്പം സഹവസിച്ചുവരുകയായിരുന്നു. അവർ അനുഭവിക്കുന്ന സന്തോഷവും സംതൃപ്‌തിയും തനിക്കും ഉണ്ടായിരിക്കാൻ ജിം ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം ബൈബിൾ പഠനം ആരംഭിച്ചു.
തന്റെ ജീവിതരീതി ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ ലക്ഷ്യബോധത്തോടുകൂടിയ ജീവിതം നയിക്കുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നെന്ന് ജിമ്മിനു പെട്ടെന്നു ബോധ്യമായി. ഏഷ്യയിലേക്കും ഐക്യനാടുകളിലേക്കും യൂറോപ്പിലേക്കും തുടർച്ചയായി യാത്ര ചെയ്‌തിരുന്നതിനാൽ, ബൈബിൾ പഠിക്കാനോ സഹവിശ്വാസികളുമായി സഹവസിക്കാനോ അദ്ദേഹത്തിനു സമയം ലഭിച്ചിരുന്നില്ല. ഒടുവിൽ ഒരു ചോദ്യം അദ്ദേഹത്തിന്റെ മുമ്പാകെ ഉയർന്നുവന്നു: ‘കഴിഞ്ഞ 50 വർഷം ജീവിച്ച രീതിയിൽ ഞാൻ തുടർന്നും ജീവിക്കുമോ, അതോ ഒരു പുതിയ ജീവിതഗതി പിൻപറ്റുമോ?’ തന്റെ തീരുമാനത്തിന്റെ ദീർഘകാല ഫലങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിച്ച അദ്ദേഹം ആത്മീയ കാര്യങ്ങൾക്കായി സമയം ലഭിക്കേണ്ടതിന് ഒരു ജോലിയൊഴികെ ബാക്കിയെല്ലാം വിട്ടുകളയാൻ തീരുമാനിച്ചു. (1 തിമൊഥെയൊസ് 6:6-8) ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടാനും അങ്ങനെ കൂടുതൽ സന്തോഷം അനുഭവിക്കാനും ആ തീരുമാനം അദ്ദേഹത്തിന് അവസരം തുറന്നുകൊടുത്തു.
ചെറുതോ വലുതോ ആയിരുന്നാലും നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ വലിയ പ്രഭാവം ചെലുത്തുന്നു. ഇന്നു നിങ്ങൾ കൈക്കൊള്ളുന്ന ഒരു തീരുമാനത്തിന്റെ പരിണതഫലം വിജയമോ പരാജയമോ അല്ലെങ്കിൽ ജീവനോ മരണമോപോലും ആയിരുന്നേക്കാം. ബൈബിൾ തത്ത്വങ്ങളും മറ്റുള്ളവരുടെ മനസ്സാക്ഷിയും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിണതഫലവും കണക്കിലെടുക്കുന്നപക്ഷം, ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്കു കഴിയും. ദൈവേഷ്ടത്തിനു ചേർച്ചയിൽ തീരുമാനങ്ങളെടുക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ തീരുമാനം.
[13-ാം പേജിലെ ചിത്രം]
നിസ്സാരമെന്നു തോന്നിയേക്കാവുന്ന തീരുമാനങ്ങളുടെ പരിണതഫലം ഗുരുതരമായിരുന്നേക്കാം
[14-ാം പേജിലെ ചിത്രം]
ജ്ഞാനപൂർവകമായ തീരുമാനമെടുക്കാൻ ബൈബിൾ തത്ത്വങ്ങൾ ഈ പെൺകുട്ടിയെ എങ്ങനെ സഹായിക്കും?
[15-ാം പേജിലെ ചിത്രം]
പത്രൊസിനോട് യേശു അനുകമ്പയോടെ സംസാരിച്ചു