ധൈര്യപ്പെടുവിൻ!
ധൈര്യപ്പെടുവിൻ!
“പ്രവാചകന്മാരുടെ വായിൽനിന്നു ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ.”—സെഖര്യാവു 8:9.
1, 2. ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പുസ്‌തകങ്ങൾ നമ്മുടെ ശ്രദ്ധയർഹിക്കുന്നത് എന്തുകൊണ്ട്?
ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രവചനങ്ങൾ എഴുതപ്പെട്ടത് ഏകദേശം 2,500 വർഷം മുമ്പാണ്. എങ്കിലും അവ നിങ്ങളുടെ ജീവിതത്തിൽ സുനിശ്ചിത പ്രഭാവം ചെലുത്തുന്നവയാണ്. ഈ രണ്ടു പുസ്‌തകങ്ങളിൽ കാണപ്പെടുന്ന ബൈബിൾ വിവരണങ്ങൾ കേവലം ചരിത്രമല്ല. മറിച്ച് “നമ്മുടെ ഉപദേശത്തിന്നായിട്ടു” “മുന്നെഴുതിയിരിക്കുന്ന” കാര്യങ്ങളുടെ ഭാഗമാണവ. (റോമർ 15:4) ഈ പുസ്‌തകങ്ങളിൽ നാം വായിക്കുന്ന കാര്യങ്ങളിലധികവും, 1914-ൽ ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായതിനെ തുടർന്നുള്ള യഥാർഥ സ്ഥിതിവിശേഷങ്ങളെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു.
2 പുരാതനകാലത്തെ ദൈവജനത്തിനു നേരിടേണ്ടിവന്ന സാഹചര്യങ്ങളെയും ഉരുത്തിരിഞ്ഞ സംഭവവികാസങ്ങളെയും പരാമർശിച്ചുകൊണ്ട് പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.” (1 കൊരിന്ത്യർ 10:11) അതുകൊണ്ട് നിങ്ങൾ ന്യായമായും ഇങ്ങനെ ചിന്തിക്കാനിടയുണ്ട്: ‘ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പുസ്‌തകങ്ങൾക്കു നമ്മുടെ കാലത്ത് എന്താണു പ്രസക്തി?’
3. ഹഗ്ഗായിയും സെഖര്യാവും ശ്രദ്ധകേന്ദ്രീകരിച്ചത് എന്തിലായിരുന്നു?
3 മുൻ ലേഖനത്തിൽ കണ്ടതുപോലെ, യഹൂദന്മാർ ബാബിലോണിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ട് വാഗ്‌ദത്തദേശത്തു മടങ്ങിയെത്തിയതിനു ശേഷമുള്ള സമയമാണ് ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രവചനകാലഘട്ടത്തിൽ ഉൾപ്പെടുന്നത്. ഇവരുടെ പ്രവാചകവേല ആലയത്തിന്റെ പുനർനിർമാണത്തെ കേന്ദ്രീകരിച്ചായിരുന്നു. പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 536-ൽ യഹൂദന്മാർ ആലയത്തിന് അടിസ്ഥാനമിട്ടു. വയോധികന്മാരായ ചിലർ അപ്പോൾ കഴിഞ്ഞകാലത്തെക്കുറിച്ചു ചിന്തിച്ചുപോയെങ്കിലും പൊതുവെ ജനം “സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു.” എന്നാൽ വാസ്‌തവത്തിൽ ഇതിലും നിർണായകമായ ചില സംഗതികൾ നമ്മുടെ കാലത്തു സംഭവിച്ചിരിക്കുന്നു. അത് എങ്ങനെ?—എസ്രാ 3:3-13.
4. ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്ന് ഉടൻതന്നെ എന്തു സംഭവിച്ചു?
4 ഒന്നാം ലോകമഹായുദ്ധം അവസാനിച്ചയുടൻ യഹോവയുടെ അഭിഷിക്തർ മഹാബാബിലോണിന്റെ അടിമത്തത്തിൽനിന്നു മോചിതരായി. ഈ മോചനം യഹോവയുടെ പിന്തുണയുടെ ഒരു സുവ്യക്തമായ തെളിവായിരുന്നു. അതിനുമുമ്പ് മതനേതാക്കളും അവരുടെ രാഷ്ട്രീയ പിണിയാളികളും ചേർന്ന് ബൈബിൾ വിദ്യാർഥികളുടെ പരസ്യമായുള്ള പ്രസംഗ-പഠിപ്പിക്കൽ വേല നിറുത്തിച്ചതായി തോന്നി. (എസ്രാ 4:8, 13, 21-24) എന്നാൽ യഹോവയാം ദൈവം പ്രസംഗ-ശിഷ്യരാക്കൽ വേലയ്‌ക്കു പ്രതിബന്ധമായിനിന്ന സകലതും നീക്കംചെയ്‌തു. 1919-നു ശേഷം, കഴിഞ്ഞ ദശകങ്ങളിലുടനീളം രാജ്യവേല ഊർജിതമായി നടന്നിരിക്കുന്നു. അതിന്റെ പുരോഗതിക്കു തടയിടാൻ യാതൊന്നിനും കഴിഞ്ഞിട്ടില്ല.
5, 6. സെഖര്യാവു 4:7 ഏതു വിസ്‌മയാവഹമായ നേട്ടത്തിലേക്കാണു വിരൽചൂണ്ടുന്നത്?
5 ഇന്ന് യഹോവയുടെ അനുസരണമുള്ള ദാസന്മാർ നിർവഹിക്കുന്ന പ്രസംഗ-പഠിപ്പിക്കൽ വേല അവന്റെ പിന്തുണയോടെ തുടരുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. സെഖര്യാവു 4:7-ൽ നാം വായിക്കുന്നു: “കൃപ, കൃപ [“എത്ര മനോഹരം! എത്ര മനോഹരം!,” NW] എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.” നമ്മുടെ കാലത്തെ ഏതു വിസ്‌മയാവഹമായ നേട്ടത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്?
6 പരമാധീശ കർത്താവായ യഹോവയുടെ സത്യാരാധന അവന്റെ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ പൂർത്തീകരണത്തിലേക്കു വരുന്ന സമയത്തെയാണ് സെഖര്യാവു 4:7 പരാമർശിക്കുന്നത്. യേശുക്രിസ്‌തുവിന്റെ പ്രായശ്ചിത്ത ബലിയുടെ അടിസ്ഥാനത്തിൽ, ആരാധനയിൽ തന്നെ സമീപിക്കുന്നതിനുള്ള യഹോവയുടെ ക്രമീകരണമാണ് ആ ആലയം. പൊതുയുഗം ഒന്നാം നൂറ്റാണ്ടുമുതൽത്തന്നെ വലുപ്പമേറിയ ആത്മീയ ആലയം നിലനിൽക്കുന്നുണ്ടെന്നുള്ളതു ശരിതന്നെ. എന്നാൽ അതിന്റെ ഭൗമിക പ്രാകാരത്തിലെ സത്യാരാധന ഇനിയും പൂർത്തീകരണത്തിലേക്കു വരേണ്ടതുണ്ട്. ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ ദശലക്ഷങ്ങൾ ഇന്ന് ആരാധന അർപ്പിക്കുന്നുണ്ട്. ഇവരും പുനരുത്ഥാനം പ്രാപിക്കുന്ന ജനകോടികളും യേശുക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചക്കാലത്തു പൂർണതയിലേക്കു വരുത്തപ്പെടും. ആയിരം വർഷത്തിന്റെ അവസാനം, ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലെങ്ങും ദൈവത്തിന്റെ സത്യാരാധകർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
7. നമ്മുടെ കാലത്ത് സത്യാരാധന പൂർത്തീകരണത്തിലേക്കു കൊണ്ടുവരുന്നതിൽ യേശുവിന് എന്തു പങ്കുണ്ട്? അത് നമുക്കു പ്രോത്സാഹജനകമായിരിക്കുന്നത് എന്തുകൊണ്ട്?
7 ആലയനിർമാണം പൊ.യു.മു. 515-ൽ പൂർത്തീകരിക്കപ്പെടുന്നതിനു സാക്ഷ്യംവഹിക്കാൻ ഗവർണർ സെരുബ്ബാബ്ബേലും മഹാപുരോഹിതനായ യോശുവയും അവിടെയുണ്ടായിരുന്നു. സത്യാരാധന പൂർത്തീകരണത്തിലേക്കു കൊണ്ടുവരുന്നതിൽ യേശു സമാനമായ രീതിയിൽ ഒരു പങ്കു വഹിക്കുന്നതിനെക്കുറിച്ച് സെഖര്യാവു 6:12, 13 പറയുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും. . . . അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും.” ആത്മീയ ആലയത്തിലെ രാജ്യവേലയെ, ഇപ്പോൾ സ്വർഗത്തിലായിരിക്കുന്നവനും ദാവീദിന്റെ രാജവംശം മുളയ്‌ക്കാൻ കാരണമായിരിക്കുന്നവനുമായ യേശു പിന്തുണയ്‌ക്കുന്നുവെന്നിരിക്കെ, ആർക്കെങ്കിലും അതിന്റെ കുതിപ്പിനു തടയിടാൻ കഴിയുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? ഒരിക്കലുമില്ല! ജീവിത പ്രാരാബ്ധങ്ങളാൽ വ്യതിചലിക്കപ്പെടാതെ ശുശ്രൂഷയിൽ മുന്നേറാൻ ഇതു നമ്മെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ?
മുൻഗണനകൾ
8. ആത്മീയ ആലയത്തിലെ വേലയ്‌ക്ക് നാം ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകേണ്ടത് എന്തുകൊണ്ട്?
8 നമുക്ക് യഹോവയുടെ പിന്തുണയും അനുഗ്രഹവും ഉണ്ടായിരിക്കണമെങ്കിൽ ആത്മീയ ആലയത്തിലെ വേലയ്‌ക്ക് നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകണം. “കാലം വന്നിട്ടില്ലെന്നു” പറഞ്ഞിരുന്ന യഹൂദന്മാരെപ്പോലെ ആയിരിക്കാതെ, ഇത് “അന്ത്യകാല”മാണെന്ന വിചാരം നമുക്ക് എല്ലായ്‌പോഴും ഉണ്ടായിരിക്കണം. (ഹഗ്ഗായി 1:2; 2 തിമൊഥെയൊസ് 3:1) തന്റെ വിശ്വസ്‌ത അനുഗാമികൾ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും ശിഷ്യരാക്കുകയും ചെയ്യുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. നമുക്കുള്ള ഈ പദവി അവഗണിച്ചുകളയാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഈ ലോകം താത്‌കാലികമായി തടസ്സപ്പെടുത്തിയ പ്രസംഗ-പഠിപ്പിക്കൽ വേല 1919-ൽ പുനരാരംഭിച്ചു, എന്നാൽ അത് ഇനിയും പൂർത്തീകരണത്തിലേക്കു വന്നിട്ടില്ല. എങ്കിലും അത് നിശ്ചയമായും പൂർത്തീകരണത്തിലെത്തുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകും!
9, 10. യഹോവയുടെ അനുഗ്രഹം എന്തിനെ ആശ്രയിച്ചിരിക്കുന്നു? അത് നമുക്ക് എന്ത് അർഥമാക്കുന്നു?
9 എത്ര ശുഷ്‌കാന്തിയോടെ ആ വേലയിൽ തുടരുന്നുവോ അത്രയധികം നാം അനുഗ്രഹിക്കപ്പെടും, ഒരു ജനമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും. യഹോവയുടെ പിൻവരുന്ന വാഗ്‌ദാനത്തിൽനിന്നു നമുക്ക് അതിനുള്ള ഉറപ്പ് നേടാവുന്നതാണ്. യഹൂദന്മാർ വീണ്ടും മുഴുഹൃദയത്തോടെ അവനെ ഹഗ്ഗായി 2:19) അവന്റെ പ്രീതി പൂർണമായും അവർക്കു തിരിച്ചുകിട്ടാൻ പോകുകയായിരുന്നു. ദൈവം എന്തെല്ലാം അനുഗ്രഹങ്ങളാണു വാഗ്‌ദാനം ചെയ്യുന്നതെന്നു നോക്കുക: “വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലംകായ്‌ക്കും; ഭൂമി അനുഭവം നല്‌കും; ആകാശംമഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും.”—സെഖര്യാവു 8:9-13.
ആരാധിക്കാൻ തുടങ്ങുകയും ആലയത്തിന്റെ അടിസ്ഥാനമിടൽവേല ശുഷ്‌കാന്തിയോടെ പുനരാരംഭിക്കുകയും ചെയ്‌തയുടൻതന്നെ യഹോവ ഇങ്ങനെ പറഞ്ഞു: “ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.” (10 സന്തുഷ്ടഹൃദയത്തോടെയും ശുഷ്‌കാന്തിയോടെയും നിയമിതവേല ചെയ്യുന്നപക്ഷം ആ യഹൂദന്മാരുടെ കാര്യത്തിലെന്നപോലെതന്നെ യഹോവ നമ്മെയും ആത്മീയമായും ഭൗതികമായും അനുഗ്രഹിക്കും. നമുക്കിടയിലുള്ള സമാധാനം, സുരക്ഷിതത്വം, സമൃദ്ധി, ആത്മീയ അഭിവൃദ്ധി എന്നിവയെല്ലാം ആ അനുഗ്രഹങ്ങളിൽപ്പെടുന്നു. എന്നാൽ മനസ്സിൽപ്പിടിക്കേണ്ട സംഗതി ഇതാണ്: ദൈവത്തിന്റെ അനുഗ്രഹം തുടർന്നും ലഭിക്കണമെങ്കിൽ ആത്മീയ ആലയത്തിൽ വേല എങ്ങനെ ചെയ്യപ്പെടാനാണോ യഹോവ ആഗ്രഹിക്കുന്നത് ആ വിധത്തിൽത്തന്നെ നാം അതു ചെയ്യേണ്ടതുണ്ട്.
11. നാം സ്വയം എങ്ങനെ വിലയിരുത്തണം?
11 ‘നമ്മുടെ വഴികളെ വിചാരിച്ചുനോക്കുന്നതിനുള്ള’ സമയമിതാണ്. (ഹഗ്ഗായി 1:5, 7) നാം അൽപ്പസമയമെടുത്ത് ജീവിതത്തിലെ നമ്മുടെ മുൻഗണനകൾ ഒന്നു വിശകലനം ചെയ്‌തുനോക്കേണ്ടതുണ്ട്. ഇന്ന് നമ്മുടെമേലുള്ള യഹോവയുടെ അനുഗ്രഹങ്ങൾ നാം അവന്റെ നാമത്തെ ഏതളവോളം മഹത്ത്വപ്പെടുത്തുന്നു എന്നതിനെയും അവന്റെ ആത്മീയ ആലയത്തിലെ നമ്മുടെ വേലയുമായി നാം എങ്ങനെ മുന്നോട്ടുപോകുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് ഇങ്ങനെ സ്വയം ചോദിക്കാവുന്നതാണ്: ‘എന്റെ മുൻഗണനകൾ മാറിയിരിക്കുന്നുവോ? ഞാൻ സ്‌നാപനമേറ്റ സമയത്തോടുള്ള താരതമ്യത്തിൽ യഹോവയോടും സത്യത്തോടും അവന്റെ വേലയോടുമുള്ള എന്റെ ശുഷ്‌കാന്തി ഇപ്പോൾ എങ്ങനെയുണ്ട്? സുഖസൗകര്യങ്ങളോടുള്ള താത്‌പര്യം യഹോവയ്‌ക്കും അവന്റെ രാജ്യത്തിനും ഞാൻ കൊടുക്കുന്ന പ്രാധാന്യത്തെ ബാധിക്കുന്നുണ്ടോ? മാനുഷഭയം അതായത്, മറ്റുള്ളവർ എന്തു വിചാരിക്കുമെന്നുള്ള ആശങ്ക ഏതെങ്കിലും തരത്തിൽ എന്നെ പിന്നാക്കം വലിക്കുന്നുണ്ടോ?—വെളിപ്പാടു 2:2-4.
12. ഹഗ്ഗായി 1:6, 9-ൽ യഹൂദന്മാരുടെ ഇടയിലെ ഏതു സാഹചര്യം ഊന്നിപ്പറയുന്നു?
12 ദൈവനാമത്തെ മഹത്ത്വപ്പെടുത്താത്തതിന്റെ പേരിൽ ദൈവം സമൃദ്ധമായ അനുഗ്രഹങ്ങൾ നമ്മിൽനിന്നു പിടിച്ചുവെക്കാൻ നാം ആഗ്രഹിക്കുന്നില്ല. സ്വദേശത്തേക്കു മടങ്ങിവന്ന യഹൂദന്മാർ ആലയംപണിക്ക് ഒരു നല്ല തുടക്കമിട്ടശേഷം ഹഗ്ഗായി 1:9 പറയുന്നതുപോലെ ‘ഓരോരുത്തനും താന്താന്റെ വീട്ടിലേക്കു ഓടിയ’ കാര്യം ഓർക്കുക. പെട്ടെന്നുതന്നെ അവർ അനുദിന കാര്യാദികളിലും തങ്ങളുടേതായ ജീവിതരീതിയിലും മുഴുകി. ഫലമോ? “അല്‌പമേ കൊണ്ടുവരുന്നുള്ളു” എന്ന് യഹോവ പറയാൻ ഇടയാകത്തക്കവിധം അവർക്ക് ആഹാരം, പാനീയം, കമ്പിളിവസ്‌ത്രം എന്നിവയ്‌ക്കു ദൗർലഭ്യം നേരിട്ടു. (ഹഗ്ഗായി 1:6) യഹോവ അനുഗ്രഹം പിൻവലിച്ചിരുന്നു. ആകട്ടെ, നമുക്ക് ഇതിൽനിന്ന് എന്തെങ്കിലും പാഠം ഉൾക്കൊള്ളാനുണ്ടോ?
13, 14. ഹഗ്ഗായി 1:6, 9-ൽ നിന്നുള്ള പാഠം നമുക്ക് എങ്ങനെ ബാധകമാക്കാം? ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 ദിവ്യാനുഗ്രഹങ്ങൾ തുടർന്നും ആസ്വദിക്കണമെങ്കിൽ, യഹോവയുടെ ആരാധന അവഗണിച്ചുകൊണ്ട് നമുക്കായി സമ്പാദിക്കാനുള്ള ചായ്‌വിനെ ചെറുക്കണം എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ അല്ലെങ്കിൽ അതിനോടുള്ള താത്‌പര്യം, പെട്ടെന്നു പണമുണ്ടാക്കാനുള്ള പദ്ധതികൾ, ഈ വ്യവസ്ഥിതിയിൽ ആകർഷകമായ
ഒരു ജോലി സ്വന്തമാക്കുന്നതിനായി ഉന്നതവിദ്യാഭ്യാസം നേടണമെന്ന അഭിവാഞ്‌ഛയോടെയുള്ള കണക്കുകൂട്ടലുകൾ, സ്വന്ത ആഗ്രഹങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനും കഴിവുകളെല്ലാം പുറത്തുകൊണ്ടുവരുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾ എന്നിവയെയൊക്കെ നാം ചെറുക്കേണ്ടതുണ്ട്.14 ഈ കാര്യങ്ങളൊന്നും അതിൽത്തന്നെ തെറ്റോ പാപമോ അല്ല. എന്നാൽ നിത്യജീവനോടുള്ള താരതമ്യത്തിൽ ഇവയൊക്കെ തികച്ചും “നിർജ്ജീവപ്രവൃത്തി”കളാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? (എബ്രായർ 9:14) ഏത് അർഥത്തിൽ? അവ ആത്മീയമായി നിർജീവമാണ് അഥവാ മൃതമാണ്, വ്യർഥവും നിഷ്‌ഫലവുമാണ്. അത്തരം കാര്യങ്ങളുടെ പിന്നാലെ പോകുന്നത് ഒരുവനെ ആത്മീയ മരണത്തിൽ കൊണ്ടെത്തിച്ചേക്കാം. അപ്പൊസ്‌തലന്മാരുടെ കാലത്ത് ചില അഭിഷിക്ത ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചു. (ഫിലിപ്പിയർ 3:17-19) ഇക്കാലത്തും ചിലർക്ക് അതു സംഭവിച്ചിട്ടുണ്ട്. ക്രിസ്‌തീയ പ്രവർത്തനങ്ങളിൽനിന്നും സഭയിൽനിന്നും ക്രമേണ അകന്നകന്നുപോയ, യഹോവയുടെ സേവനത്തിലേക്കു തിരിച്ചുവരാനുള്ള യാതൊരു ചായ്‌വും കാണിക്കാത്ത ചിലരെ ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും. അങ്ങനെയുള്ളവർ ഒരിക്കൽ യഹോവയിലേക്കു മടങ്ങിവരുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം. എന്നാൽ “നിർജ്ജീവപ്രവൃത്തി”കളുടെ പിന്നാലെ പോകുന്നവർ യഹോവയുടെ പ്രീതിയും അനുഗ്രഹവും നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത്. അത്തരമൊരു സ്ഥിതിവിശേഷം എത്ര ദാരുണമാണ്! അത്തരക്കാർക്ക് ദൈവാത്മാവു പുറപ്പെടുവിക്കുന്ന സന്തോഷവും സമാധാനവും നഷ്ടപ്പെടും. ഊഷ്‌മളമായ ക്രിസ്‌തീയ കൂട്ടായ്‌മയിൽനിന്ന് അകന്നുപോകുന്നതിന്റെ നഷ്ടം എത്ര വലുതാണെന്ന് ഒന്നു ചിന്തിച്ചുനോക്കൂ!—ഗലാത്യർ 1:6; 5:7, 13, 22-24.
15. ഹഗ്ഗായി 2:14 നമ്മുടെ ആരാധനയുടെ ഗൗരവം വ്യക്തമാക്കുന്നത് എങ്ങനെ?
15 ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ആലയംപണി അവഗണിച്ചിട്ട് സ്വന്തം വീടുകൾക്കു തട്ടിടാനോ മോടികൂട്ടാനോ പോയ യഹൂദന്മാരെ യഹോവ വീക്ഷിച്ചത് എങ്ങനെയെന്നു ഹഗ്ഗായി 2:14-ൽനിന്നു ശ്രദ്ധിക്കുക: “അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്റെ സന്നിധിയിൽ ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം അത്രേ.” അവർ സത്യാരാധനയെ അവഗണിച്ചിടത്തോളം, യെരൂശലേമിൽ അന്നു താത്‌കാലികമായി നിലവിലുണ്ടായിരുന്ന യാഗപീഠത്തിൽ അർധമനസ്സോടെ നാമമാത്രമായി യഹൂദന്മാർ അർപ്പിച്ച യാഗങ്ങളൊക്കെയും അസ്വീകാര്യമായിരുന്നു.—എസ്രാ 3:3.
സുനിശ്ചിത പിന്തുണ
16. സെഖര്യാവിനു ലഭിച്ച ദർശനങ്ങളുടെ അടിസ്ഥാനത്തിൽ യഹൂദന്മാർക്ക് എന്ത് ഉറപ്പ് ഉണ്ടായിരിക്കാൻ കഴിയുമായിരുന്നു?
16 ദൈവത്തിന്റെ ആലയം പുനർനിർമിക്കുന്നതിനു മുന്നോട്ടുവന്ന അനുസരണമുള്ള യഹൂദന്മാർക്ക് ദിവ്യപിന്തുണയുടെ ഉറപ്പെന്ന നിലയിൽ യഹോവ സെഖര്യാവിലൂടെ എട്ടു ദർശനങ്ങളുടെ ഒരു പരമ്പരതന്നെ നൽകുകയുണ്ടായി. യഹൂദന്മാർ തങ്ങൾ ചെയ്യേണ്ടിയിരുന്ന വേല അനുസരണപൂർവം ചെയ്യുകയാണെങ്കിൽ ആലയംപണി പൂർത്തീകരിക്കപ്പെടുമെന്നും യെരൂശലേമും യഹൂദയും സമ്പദ്‌സമൃദ്ധി ആസ്വദിക്കുമെന്നും ഉള്ള ഉറപ്പ് നൽകുന്നതായിരുന്നു ആദ്യത്തെ ദർശനം. (സെഖര്യാവു 1:8-17) സത്യാരാധനയെ എതിർത്ത സകല ഭരണകൂടങ്ങളെയും ഇല്ലാതാക്കുമെന്നുള്ള വാഗ്‌ദാനമായിരുന്നു രണ്ടാമത്തെ ദർശനത്തിൽ. (സെഖര്യാവു 1:18-21) മറ്റു ദർശനങ്ങൾ, നിർമാണവേലയുടെമേലുള്ള ദിവ്യ സംരക്ഷണം, പൂർത്തിയാക്കപ്പെട്ട ആലയത്തിലേക്കുള്ള ജനതകളുടെ ഒഴുക്ക്, യഥാർഥ സമാധാനവും സുരക്ഷിതത്വവും, ദൈവനിയമിത വേലചെയ്യുന്നതിനു തടസ്സമായി നിൽക്കുന്ന പർവതസമാന പ്രതിബന്ധങ്ങളെ തകർത്തു നിരപ്പാക്കൽ, ദുഷ്ടതയെ ഇല്ലായ്‌മ ചെയ്യൽ, ദൂതന്മാരുടെ മേൽനോട്ടവും സംരക്ഷണവും എന്നിവ ഉറപ്പുതരുന്നവയാണ്. (സെഖര്യാവു 2:5, 11; 3:10; 4:7; 5:6-11; 6:1-8) ദിവ്യപിന്തുണയുടെ ഈ ഉറപ്പിന്റെ പിൻബലത്തിൽ അനുസരണമുള്ള യഹൂദന്മാർ തങ്ങളുടെ ജീവിതരീതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും എന്തിനുവേണ്ടിയാണോ ദൈവം തങ്ങളെ വിടുവിച്ചുകൊണ്ടുവന്നത് ആ വേലയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്‌തത് എന്തുകൊണ്ടെന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും.
17. നമുക്കുള്ള ഉറപ്പിന്റെ വെളിച്ചത്തിൽ നാം സ്വയം എന്തു ചോദിക്കണം?
17 സമാനമായി, സത്യാരാധനയുടെ വിജയം സുനിശ്ചിതമാണെന്ന
കാര്യത്തിൽ നമുക്കു ലഭിച്ചിരിക്കുന്ന ഉറപ്പ്, യഹോവയുടെ ആരാധനാലയത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും പ്രവർത്തനത്തിനു പ്രചോദിപ്പിക്കുകയും വേണം. സ്വയം ഇപ്രകാരം ചോദിക്കുക: ‘ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യേണ്ട സമയം ഇതാണെന്നു ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ ലക്ഷ്യങ്ങളും ജീവിതരീതിയും എന്റെ ബോധ്യവുമായി ചേർന്നുപോകുന്നുണ്ടോ? ദൈവത്തിന്റെ പ്രാവചനിക വചനം പഠിക്കുന്നതിനായി ഞാൻ വേണ്ടത്ര സമയം ചെലവഴിക്കുകയും അതിനെ ജീവിതത്തിലെ മുഖ്യസംഗതിയായി വീക്ഷിക്കുകയും അതിനെക്കുറിച്ചു സഹക്രിസ്‌ത്യാനികളോടും മറ്റുള്ളവരോടും പറയുകയും ചെയ്യുന്നുണ്ടോ?18. സെഖര്യാവു 14-ാം അധ്യായമനുസരിച്ച് ഭാവിയിൽ എന്തു സംഭവിക്കാനിരിക്കുന്നു?
18 മഹാബാബിലോണിന്റെ നാശത്തെയും തുടർന്നുള്ള അർമഗെദോൻ യുദ്ധത്തെയും കുറിച്ച് സെഖര്യാവ് പരാമർശിക്കുന്നുണ്ട്. നാം ഇങ്ങനെ വായിക്കുന്നു: “യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല; സന്ധ്യാസമയത്തോ വെളിച്ചമാകും.” യഹോവയുടെ ആ ദിവസം ഭൂമിയിലെ അവന്റെ ശത്രുക്കളെ സംബന്ധിച്ചിടത്തോളം തികച്ചും ഇരുളടഞ്ഞതായിരിക്കും. എന്നാൽ യഹോവയുടെ വിശ്വസ്‌ത ആരാധകർക്കു പ്രകാശവും അവന്റെ പ്രീതിയും എപ്പോഴുമുണ്ടായിരിക്കും. പുതിയലോകത്തിൽ സകലവും യഹോവയുടെ വിശുദ്ധിയെ ഘോഷിക്കുന്ന വിധത്തെക്കുറിച്ചും സെഖര്യാവ് വിവരിക്കുകയുണ്ടായി. യഹോവയുടെ മഹത്തായ ആത്മീയ ആലയത്തിലെ സത്യാരാധന മാത്രമേ അന്നു ഭൂമിയിൽ ഉണ്ടായിരിക്കുകയുള്ളൂ. (സെഖര്യാവു 14:7, 16-19) എത്ര ശക്തമായ ഉറപ്പാണ് നമുക്കു ലഭിച്ചിരിക്കുന്നത്! മുൻകൂട്ടി പറയപ്പെട്ട സംഗതികളുടെ നിവൃത്തി നാം അന്ന് അനുഭവിക്കുകയും യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനം കാണുകയും ചെയ്യും. യഹോവയുടെ ആ ദിവസം എത്ര അവിസ്‌മരണീയമായിരിക്കും!
നിത്യാനുഗ്രഹങ്ങൾ
19, 20. സെഖര്യാവു 14:8, 9-ൽ പ്രോത്സാഹജനകമായ എന്താണുള്ളത്?
19 മഹത്തായ ഈ നേട്ടങ്ങൾ കൈവരിച്ചതിനെത്തുടർന്ന് സാത്താനും ഭൂതങ്ങളും നിഷ്‌ക്രിയത്വമാകുന്ന അഗാധത്തിൽ അടയ്‌ക്കപ്പെടും. (വെളിപ്പാടു 20:1-3, 7) തുടർന്ന് ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചക്കാലത്തു മനുഷ്യവർഗത്തിന്മേൽ അനുഗ്രഹങ്ങൾ സമൃദ്ധമായി ചൊരിയപ്പെടും. സെഖര്യാവു 14:8, 9 പറയുന്നു: “അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്‌ണകാലത്തും ശീതകാലത്തും ഉണ്ടാകും; യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.”
20 “ജീവനുള്ള വെള്ളം” അഥവാ “ജീവജലനദി” ജീവൻ നിലനിറുത്തുന്നതിനുള്ള യഹോവയുടെ ക്രമീകരണത്തെ കുറിക്കുന്നു. അത് മിശിഹൈക രാജ്യത്തിന്റെ സിംഹാസനത്തിൽനിന്ന് ഒഴുകിക്കൊണ്ടേയിരിക്കും. (വെളിപ്പാടു 22:1, 2) യഹോവയെ ആരാധിക്കുന്നവരുടെ ഒരു മഹാപുരുഷാരം അർമഗെദോനെ അതിജീവിച്ച് ആദാം വരുത്തിവെച്ച മരണത്തിന്റെ കുറ്റവിധിയിൽനിന്നു മോചിതരാകുന്നതിലൂടെ അതിൽനിന്നു പ്രയോജനമനുഭവിക്കും. ഒരു പുനരുത്ഥാനത്തിലൂടെ, മരിച്ചുപോയവർക്കുപോലും അതിന്റെ പ്രയോജനം ലഭിക്കും. അങ്ങനെ ഭൂഗ്രഹത്തിൽ യഹോവയുടെ ഭരണാധിപത്യത്തിന്റെ ഒരു പുതുയുഗം പിറക്കും. യഹോവയാണ് സാർവത്രിക പരമാധികാരിയെന്നും ആരാധിക്കപ്പെടേണ്ട ഏകൻ അവനാണെന്നും സകലഭൂവാസികളും തിരിച്ചറിയും.
21. നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
21 ഹഗ്ഗായിയും സെഖര്യാവും മുൻകൂട്ടിപ്പറഞ്ഞതും നിവൃത്തിയേറിയതുമായ കാര്യങ്ങളുടെയെല്ലാം വെളിച്ചത്തിൽ നോക്കുമ്പോൾ, ഇന്ന് തന്റെ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ നമ്മെ ഏൽപ്പിച്ച വേലയുമായി മുന്നോട്ടുപോകുന്നതിനു നമുക്കു സകല കാരണവുമുണ്ട്. സത്യാരാധന അതിന്റെ പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നതുവരെയും രാജ്യതാത്‌പര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ നമുക്കെല്ലാം യത്‌നിക്കാം. സെഖര്യാവു 8:9 നമ്മെ ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: “പ്രവാചകന്മാരുടെ വായിൽനിന്നു ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ.”
നിങ്ങൾ ഓർമിക്കുന്നുവോ?
• ഏതു ചരിത്ര സമാന്തരമാണ് ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പുസ്‌തകങ്ങളെ ഇന്ന് പ്രാധാന്യമുള്ളതാക്കുന്നത്?
• മുൻഗണനകൾ സംബന്ധിച്ച് നമുക്കുള്ള എന്തു പാഠമാണ് ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പുസ്‌തകത്തിലുള്ളത്?
• ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പുസ്‌തകങ്ങൾ ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ നോക്കാൻ നമ്മെ സഹായിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[26-ാം പേജിലെ ചിത്രം]
മുഴുഹൃദയത്തോടെ വേലചെയ്യാനും അനുഗ്രഹം പ്രാപിക്കാനും ഹഗ്ഗായിയും സെഖര്യാവും യഹൂദന്മാരെ പ്രോത്സാഹിപ്പിച്ചു
[27-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ ‘സ്വന്തം വീടിനുവേണ്ടി ഓടുകയാണോ’?
[28-ാം പേജിലെ ചിത്രം]
യഹോവ ഒരു അനുഗ്രഹം വാഗ്‌ദാനം ചെയ്‌തു, അതു നിവർത്തിക്കുകയും ചെയ്‌തിരിക്കുന്നു