വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ എത്ര നന്നായി ആശയവിനിമയം നടത്തുന്നു?

നിങ്ങൾ എത്ര നന്നായി ആശയവിനിമയം നടത്തുന്നു?

നിങ്ങൾ എത്ര നന്നായി ആശയവിനിമയം നടത്തുന്നു?

“ഒരു അറുപതു വയസ്സുകാരന്റെ പ്രേമലേഖനം.” ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ജപ്പാനിലെ ഒരു ബാങ്ക്‌ നടത്തിയ മത്സരത്തിന്റെ പ്രമേയം അതായിരുന്നു. അത്‌ 50-കളിലും 60-കളിലും ഉള്ള ജപ്പാൻകാരെ തങ്ങളുടെ ഇണയോടുള്ള “വികാരങ്ങൾ സത്യസന്ധമായി” പ്രകടിപ്പിക്കാൻ ആഹ്വാനം ചെയ്‌തു. അവരിൽ ഒരാൾ തന്റെ ഭാര്യക്ക്‌ എഴുതി: “ഇതു വായിക്കുമ്പോൾ ഒരുപക്ഷേ നീ ചിരിക്കുമായിരിക്കും, എന്നാൽ പറഞ്ഞില്ലെങ്കിൽ പിന്നീട്‌ അതോർത്ത്‌ ഞാൻ ദുഃഖിക്കേണ്ടി വരും. എനിക്കു പറയാനുള്ളത്‌ ഇതാണ്‌: എന്റെ ജീവിതത്തിലേക്കു കടന്നുവന്നതിനു നന്ദി, വളരെ വളരെ നന്ദി.”

ചില പൗരസ്‌ത്യ ദേശങ്ങളിൽ ഉൾപ്പെടെ, പല സംസ്‌കാരങ്ങളിലും സ്വന്തം വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നതു നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും 15,000-ത്തിലേറെപേർ പ്രേമലേഖനം എഴുതുന്ന ആ മത്സരത്തിൽ പങ്കെടുത്തു. അത്‌ വളരെ ജനപ്രീതി നേടിയതിനാൽ അതേ തുടർന്ന്‌ മറ്റൊരു മത്സരം സംഘടിപ്പിക്കുകയും ലഭിച്ച കത്തുകളെ അടിസ്ഥാനമാക്കി പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഇത്‌ അനേകർ പ്രിയപ്പെട്ട ഇണയോട്‌ തങ്ങൾക്കു തോന്നുന്ന വികാരങ്ങൾ പ്രകടിപ്പിക്കാൻ ഉള്ളിന്റെ ഉള്ളിൽ അതിയായി ആഗ്രഹിക്കുന്നുവെന്നു കാണിക്കുന്നു. എന്നിരുന്നാലും മറ്റുചിലർ അപ്രകാരം ചെയ്യാൻ മടിക്കുന്നു. എന്തുകൊണ്ട്‌? ഒരുപക്ഷേ അതിനു കാരണം തങ്ങളുടെ വികാരങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതിന്‌ ഒരളവുവരെ ശ്രമവും വൈദഗ്‌ധ്യവും ആവശ്യമായിരിക്കുന്നു എന്നതാണ്‌.

ജപ്പാനിലെ പ്രായമായ ദമ്പതികളിൽ ഭാര്യമാരാണ്‌ വിവാഹമോചന നിയമനടപടികളിൽ പലതും ആരംഭിക്കുന്നതെന്നും അതിനു കാരണം വർഷങ്ങളായി കുമിഞ്ഞു കൂടിയിട്ടുള്ള ആഴമായ നീരസമാണെന്നും റിട്ടയർമെന്റിനെക്കുറിച്ച്‌ ഒരു പുസ്‌തകം എഴുതിയിട്ടുള്ള ഹിറ്റോഷി കാറ്റോ പറയുന്നു. “എങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ തുറന്ന മനസ്സോടെ സംസാരിക്കാത്തതിന്റെ പരിണത ഫലം കൂടിയാണത്‌,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭർത്താവ്‌ ജോലിയിൽനിന്നു വിരമിക്കുന്നതോടെ ഭാര്യ അദ്ദേഹവുമൊത്തുള്ള ജീവിതത്തിനും വിരാമമിടാൻ ഒരുങ്ങിയേക്കാം. അത്‌ അദ്ദേഹത്തെ അന്ധാളിപ്പിച്ചേക്കാം. വർഷങ്ങളായി ആ ദമ്പതികൾ പരസ്‌പരം തങ്ങളുടെ വികാരങ്ങൾ തുറന്നു സംസാരിച്ചിട്ടില്ലായിരിക്കാം. അവർ വികാരങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിച്ചിരിക്കാമെങ്കിലും സംഭാഷണം ഹൃദ്യമായ രീതിയിൽ മുന്നോട്ട്‌ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലായിരിക്കാം. ദാമ്പത്യത്തിന്റെ ഇഴയടുപ്പം വർധിപ്പിക്കുന്നതിനുപകരം അവർ കൂടെക്കൂടെ വാക്‌പയറ്റുകളിൽ ചെന്നെത്തിയിരിക്കാം.

ഭാര്യാഭർത്താക്കന്മാർക്ക്‌ തങ്ങളുടെ ഭിന്നതകൾ സമാധാനപരമായി കൈകാര്യം ചെയ്യാനും വികാരങ്ങൾ ഹൃദ്യമായി അവതരിപ്പിക്കാനും എങ്ങനെ കഴിയും? ഏറ്റവും പ്രായോഗികമായ മാർഗനിർദേശങ്ങളടങ്ങിയിരിക്കുന്നത്‌ വിവാഹോപദേഷ്ടാക്കൾ അടുത്തകാലത്തു പുറത്തിറക്കിയ ഏതെങ്കിലും പുസ്‌തകത്തിലല്ല പകരം നൂറ്റാണ്ടുകളായി വിലമതിക്കപ്പെടുന്ന ഒരു പുരാതന പുസ്‌തകത്തിലാണ്‌ എന്നറിയുന്നത്‌ നിങ്ങളുടെ താത്‌പര്യം ഉണർത്തിയേക്കാം. ആ പുസ്‌തകം ബൈബിളാണ്‌.