വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുവോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

തിന്മ ഇന്ന്‌ തേർവാഴ്‌ച നടത്തുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്‌?

ഒരു കാരണം തെറ്റു ചെയ്യാനുള്ള മനുഷ്യന്റെ സ്വാഭാവിക ചായ്‌വാണ്‌. (ഉല്‌പത്തി 8:21) മിക്ക ആളുകൾക്കും ദൈവേഷ്ടത്തെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനം ഇല്ലെന്നതാണ്‌ മറ്റൊരു കാരണം. ഇതിനെല്ലാം പുറമേ, തിന്മയുടെ കാരണഭൂതനായ സാത്താൻ മനുഷ്യകാര്യാദികളെ സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.​—⁠1/1, പേജ്‌ 4-6.

തക്ക സമയത്തു പറയുന്ന ഒരു നല്ല വാക്ക്‌ എന്തു സത്‌ഫലം ഉളവാക്കിയേക്കാം? (സദൃശവാക്യങ്ങൾ 12:25)

നാം സംസാരിക്കുന്ന വ്യക്തിയിൽ ആത്മവിശ്വാസം വളർത്താനും ഒപ്പം അദ്ദേഹത്തെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അതിനു കഴിയും. അഭിനന്ദിക്കപ്പെടുന്ന വ്യക്തി താൻ വേണ്ടപ്പെട്ടവനാണെന്നു ചിന്തിക്കാൻ തുടങ്ങുന്നു. കൂടാതെ, അഭിനന്ദനം നൽകാനുള്ള ആഗ്രഹം മറ്റുള്ളവരിലെ നന്മ കാണാൻ നമ്മെ സഹായിക്കും.​—⁠1/1, പേജ്‌ 16, 17.

നിയമപെട്ടകത്തിൽ എന്തെല്ലാം ഉണ്ടായിരുന്നു?

ന്യായപ്രമാണം അടങ്ങിയ രണ്ടു കൽപ്പലകകളും കുറച്ച്‌ മന്നായും അതിലുണ്ടായിരുന്നു. കോരഹിന്റെ മത്സരത്തിനുശേഷം അഹരോന്റെ വടി നിയമപെട്ടകത്തിൽ വെച്ചിരുന്നു, ആ തലമുറയ്‌ക്കെതിരെയുള്ള ഒരു സാക്ഷ്യമായി അത്‌ ഉതകി. (എബ്രായർ 9:4) ശലോമോൻ പണികഴിപ്പിച്ച ആലയത്തിന്റെ സമർപ്പണത്തിനുമുമ്പ്‌ വടിയും മന്നായും നിയമപെട്ടകത്തിൽനിന്നു നീക്കംചെയ്‌തിരിക്കാം.​—⁠1/15, പേജ്‌ 31.

നെഹെമ്യാവിന്റെ നാളിൽ യഹൂദന്മാർ ആലയത്തിലേക്കു വിറകു കൊണ്ടുവരേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

ന്യായപ്രമാണം വിറകു വഴിപാട്‌ അനുശാസിച്ചിരുന്നില്ല. എന്നാൽ നെഹെമ്യാവിന്റെ നാളിൽ യാഗപീഠത്തിൽ യാഗങ്ങൾ ദഹിപ്പിക്കാൻ കെട്ടുകണക്കിനു വിറകു വേണമായിരുന്നു.​—⁠2/1, പേജ്‌ 11.

എന്താണ്‌ മുറേറ്റോറിയൻ ശകലം?

ലത്തീനിലുള്ള ഒരു കയ്യെഴുത്തു പുസ്‌തകത്തിന്റെ ഭാഗമാണ്‌ അത്‌. പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഗ്രീക്ക്‌ ഭാഷയിലാണ്‌ ഈ പാഠം ആദ്യമായി എഴുതപ്പെട്ടത്‌. പ്രാമാണികമായി വീക്ഷിക്കപ്പെടുന്ന ഗ്രീക്ക്‌ തിരുവെഴുത്തു പുസ്‌തകങ്ങളുടെ ഏറ്റവും പഴക്കംചെന്ന പട്ടികയും പുസ്‌തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമുള്ള അഭിപ്രായങ്ങളുമാണ്‌ അതിലുള്ളത്‌.​—⁠2/15, പേജ്‌ 13, 14.

വസ്ഥിരാജ്ഞി രാജാവിന്റെ മുമ്പിൽ ചെല്ലാതിരുന്നത്‌ എന്തുകൊണ്ട്‌? (എസ്ഥേർ 1:10-12)

അവളുടെ ആന്തരം എന്തായിരുന്നെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നില്ല. മദ്യപിച്ചിരിക്കുന്ന അതിഥികൾക്കു മുമ്പാകെ ചെന്ന്‌ സ്വയം തരംതാഴാതിരിക്കാൻ തീരുമാനിച്ചതുകൊണ്ടാണ്‌ രാജ്ഞി രാജസദസ്സിൽ ചെല്ലാതിരുന്നത്‌ എന്നാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം. അല്ലെങ്കിൽ, ഒരുപക്ഷേ തന്റെ സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്നതുകൊണ്ട്‌ അവൾക്ക്‌ കീഴ്‌പെടൽ മനോഭാവം ഇല്ലാതിരുന്നതാകാം. അങ്ങനെ അവൾ പേർഷ്യൻ സാമ്രാജ്യത്തിലെ മറ്റു ഭാര്യമാർക്ക്‌ ഒരു മോശമായ മാതൃക വെച്ചിരിക്കാം.​—⁠3/1, പേജ്‌ 9.

മറുവില നമുക്കു വിമോചനം നൽകുന്നത്‌ എങ്ങനെ?

കൈമാറിക്കിട്ടിയ പാപത്തിൽനിന്നും അതിന്റെ മാരക ഫലങ്ങളിൽനിന്നും നമ്മെ മോചിപ്പിക്കാൻ യേശുവിന്റെ മറുവിലയ്‌ക്കു കഴിയും. (റോമർ 6:23) ഈ യാഗം കുറ്റബോധത്താൽ ഭാരപ്പെട്ട ഒരു മനസ്സാക്ഷിയുടെ പിടിയിൽനിന്നു ക്രിസ്‌ത്യാനികളെ സ്വതന്ത്രരാക്കുന്നു. കൂടാതെ, മറുവിലയിൽ വിശ്വാസം അർപ്പിക്കുകവഴി ദൈവമുമ്പാകെയുള്ള നമ്മുടെ നില സംബന്ധിച്ച ഭയത്തിൽനിന്നു നാം മോചിതരാകും. (1 യോഹന്നാൻ 2:1)​—⁠3/15, പേജ്‌ 8.

“ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്‌” എന്ന ന്യായപ്രമാണ കൽപ്പന നമ്മെ എന്തു പഠിപ്പിക്കുന്നു? (പുറപ്പാടു 23:​19)

മഴ ലഭിക്കാനായി പുറജാതീയർ അനുഷ്‌ഠിച്ചിരുന്ന ഒരു ആചാരമായിരുന്നിരിക്കാം ഇത്‌. (ലേവ്യപുസ്‌തകം 20:23) തള്ളയാടിന്റെ പാൽ കുഞ്ഞിന്റെ പോഷണത്തിനും വളർച്ചയ്‌ക്കും വേണ്ടിയുള്ളതാണ്‌. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകംചെയ്യുന്നത്‌, തള്ളയ്‌ക്കും കുഞ്ഞിനുമിടയിൽ യഹോവ സ്ഥാപിച്ചിരിക്കുന്ന ബന്ധത്തോടുള്ള അനാദരവായിരിക്കുമായിരുന്നു. ഈ നടപടിയെ വിലക്കുന്ന നിയമം ദൈവത്തിന്റെ ആർദ്രാനുകമ്പയുടെ പ്രതിഫലനമാണ്‌.​—⁠4/1, പേജ്‌ 31.