വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആട്ടിൻകൂട്ടത്തിന്റെ പരിപാലനത്തിനായി യഹോവ ഇടയന്മാരെ പരിശീലിപ്പിക്കുന്നു

ആട്ടിൻകൂട്ടത്തിന്റെ പരിപാലനത്തിനായി യഹോവ ഇടയന്മാരെ പരിശീലിപ്പിക്കുന്നു

ആട്ടിൻകൂട്ടത്തിന്റെ പരിപാലനത്തിനായി യഹോവ ഇടയന്മാരെ പരിശീലിപ്പിക്കുന്നു

“യഹോവയല്ലോ ജ്ഞാനം നല്‌കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”​—⁠സദൃശവാക്യങ്ങൾ 2:⁠6.

1, 2. സ്‌നാപനമേറ്റ പുരുഷന്മാർ സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

ഏഴു വർഷമായി ക്രിസ്‌തീയ മേൽവിചാരകനായി സേവിക്കുന്ന നിക്ക്‌ ഇങ്ങനെ പറയുന്നു: “മൂപ്പനായി നിയമിക്കപ്പെട്ടപ്പോൾ എനിക്ക്‌ ഏറെ സന്തോഷം തോന്നി. യഹോവയ്‌ക്കുള്ള എന്റെ സേവനം കൂടുതൽ മേഖലകളിലേക്കു വികസിപ്പിക്കാനുള്ള ഒരു അവസരമായി ഞാൻ ആ പദവിയെ വീക്ഷിച്ചു. അവൻ എനിക്കു ചെയ്‌തിട്ടുള്ള സകല നന്മകൾക്കും എത്ര നന്ദി നൽകിയാലും അധികമാകുമായിരുന്നില്ല. സഭാംഗങ്ങളെ കഴിയുന്നത്ര സഹായിക്കാനും മറ്റു മൂപ്പന്മാർ എന്നെ പിന്തുണച്ചതുപോലെതന്നെ സഭാംഗങ്ങളെ പിന്തുണയ്‌ക്കാനും ഞാൻ ആഗ്രഹിച്ചു.” എന്നാൽ സന്തോഷത്തിനിടയിൽ നിക്കിന്‌ ചില ഉത്‌കണ്‌ഠകളും ഉണ്ടായിരുന്നു. “നിയമനം ലഭിച്ചപ്പോൾ എനിക്ക്‌ 30 വയസ്സുപോലും ആയിട്ടില്ലായിരുന്നു. സഭയെ ഫലപ്രദമായി പരിപാലിക്കാൻ ആവശ്യമായ വിവേകവും ജ്ഞാനവും എനിക്കുണ്ടോ എന്നായിരുന്നു എന്റെ ചിന്ത,” അദ്ദേഹം കൂട്ടിച്ചേർത്തു.

2 യഹോവ തന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കാൻ നിയമിക്കുന്ന വ്യക്തികൾക്ക്‌ സന്തുഷ്ടരായിരിക്കാൻ പല കാരണങ്ങളുണ്ട്‌. അതിലൊന്നിലേക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ വിരൽചൂണ്ടുന്നു. എഫെസൊസിലെ മൂപ്പന്മാർക്ക്‌ എഴുതവേ യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം.” (പ്രവൃത്തികൾ 20:35) ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിക്കുമ്പോൾ, യഹോവയ്‌ക്കു പ്രസാദകരവും സഭയ്‌ക്കു പ്രയോജനകരവുമായ നിരവധി കാര്യങ്ങൾ ചെയ്‌തുകൊണ്ട്‌ മേൽപ്പറഞ്ഞ ബൈബിൾതത്ത്വം കൂടുതൽ മെച്ചമായി പിൻപറ്റാൻ സ്‌നാപനമേറ്റ പുരുഷന്മാർക്ക്‌ അവസരം ലഭിക്കുന്നു. ഉദാഹരണത്തിന്‌ ശുശ്രൂഷാദാസന്മാർ മൂപ്പന്മാരെ സഹായിച്ചുകൊണ്ട്‌ അവരോടൊപ്പം പ്രവർത്തിക്കുന്നു. ഏറെ സമയം ആവശ്യമായിവരുന്ന പ്രധാനപ്പെട്ട മറ്റു നിരവധി നിയമനങ്ങളും അവർ നിറവേറ്റുന്നു. ദൈവത്തോടും അയൽക്കാരോടുമുള്ള സ്‌നേഹമാണ്‌ ഇതിനെല്ലാം അവരെ പ്രേരിപ്പിക്കുന്നത്‌.​—⁠മർക്കൊസ്‌ 12:30, 31.

3. സഭയിൽ പദവികൾ എത്തിപ്പിടിക്കാൻ ചിലർ മടിച്ചേക്കാവുന്നത്‌ എന്തുകൊണ്ട്‌?

3 സ്‌നാപനമേറ്റ ഒരു പുരുഷൻ തനിക്കു വേണ്ടത്ര യോഗ്യതയില്ലെന്നു വിചാരിച്ചുകൊണ്ട്‌ ഒരു ശുശ്രൂഷാദാസനും പിന്നീട്‌ ഒരു മൂപ്പനും ആയിത്തീരുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ മടി കാട്ടിയേക്കാം. നിക്കിനെപ്പോലെ, പ്രാപ്‌തനായ ഒരു ഇടയന്‌ ഉണ്ടായിരിക്കേണ്ട വൈദഗ്‌ധ്യങ്ങൾ തനിക്കില്ലെന്ന്‌ അദ്ദേഹത്തിനു തോന്നിയേക്കാം. അങ്ങനെ ചിന്തിച്ചേക്കാവുന്ന സഹോദരന്മാരിൽപ്പെട്ട ഒരാളാണോ നിങ്ങൾ? അത്തരം ചിന്തകൾക്കു കാരണം ഇല്ലാതില്ല. ആട്ടിൻകൂട്ടത്തോട്‌ ഇടപെടുന്ന വിധം സംബന്ധിച്ച്‌ നിയമിത ഇടയന്മാർ യഹോവയോടു കണക്കുബോധിപ്പിക്കേണ്ടതുണ്ട്‌. യേശു ഇങ്ങനെ പറഞ്ഞു: “വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റു വാങ്ങിയവനോടു അധികം ചോദിക്കും.”​—⁠ലൂക്കൊസ്‌ 12:48.

4. ആട്ടിൻകൂട്ടത്തിന്റെ പരിപാലനത്തിനായി നിയമിക്കപ്പെടുന്നവരെ യഹോവ എങ്ങനെ പിന്തുണയ്‌ക്കുന്നു?

4 ശുശ്രൂഷാദാസന്മാരും മൂപ്പന്മാരുമായി നിയമിക്കപ്പെടുന്നവർ അവർക്കുള്ള കൂടുതലായ ഉത്തരവാദിത്വങ്ങളുടെ ചുമട്‌ സ്വയം വഹിക്കണമെന്ന്‌ യഹോവ പ്രതീക്ഷിക്കുന്നുണ്ടോ? ഒരിക്കലുമില്ല. മറിച്ച്‌ ആവശ്യമായ പ്രായോഗിക സഹായം നൽകിക്കൊണ്ട്‌ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിറവേറ്റാൻ അവൻ അവരെ പ്രാപ്‌തരാക്കുന്നു. മുൻ ലേഖനത്തിൽ ചർച്ചചെയ്‌തതുപോലെ, നേതൃത്വം വഹിക്കുന്നവർക്ക്‌ യഹോവ തന്റെ ആത്മാവിനെ നൽകുന്നു. ആടുകളെ ആർദ്രതയോടെ പരിപാലിക്കാൻ ആത്മാവിന്റെ ഫലം അവരെ സഹായിക്കുന്നു. (പ്രവൃത്തികൾ 20:28; ഗലാത്യർ 5:22, 23) അതിനുപുറമേ, യഹോവ അവർക്ക്‌ ജ്ഞാനവും പരിജ്ഞാനവും വിവേകവും നൽകുന്നു. (സദൃശവാക്യങ്ങൾ 2:6) എങ്ങനെയാണ്‌ അവൻ അതു ചെയ്യുന്നത്‌? ആട്ടിൻകൂട്ടത്തിന്റെ പരിപാലനത്തിനായി നിയമിക്കപ്പെടുന്നവർക്ക്‌ യഹോവ പരിശീലനം നൽകുന്ന മൂന്നു വിധങ്ങൾ നമുക്കു പരിചിന്തിക്കാം.

അനുഭവസമ്പന്നരായ ഇടയന്മാർ പരിശീലനം നൽകുന്നു

5. പത്രൊസിനും യോഹന്നാനും മികച്ച ഇടയന്മാരായി സേവിക്കാൻ കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

5 അപ്പൊസ്‌തലന്മാരായ പത്രൊസിനെയും യോഹന്നാനെയും സൻഹെദ്രിമിനു മുമ്പാകെ ഹാജരാക്കിയപ്പോൾ, ലോകപ്രകാരം ജ്ഞാനികളായ അവിടത്തെ ന്യായാധിപന്മാർ അവരെ “പഠിപ്പില്ലാത്തവരും സാമാന്യരു”മായിട്ടാണു വീക്ഷിച്ചത്‌. അവർക്ക്‌ എഴുതാനും വായിക്കാനും അറിയില്ലായിരുന്നു എന്നതല്ല മറിച്ച്‌, റബിമാരുടെ വേദപാഠ ക്ലാസ്സുകളിലൊന്നും അവർ പങ്കെടുത്തിരുന്നില്ല എന്നതായിരുന്നു അതിനു കാരണം. എന്നിട്ടും പത്രൊസും യോഹന്നാനും മറ്റു ശിഷ്യന്മാരുമെല്ലാം മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ സമർഥരാണെന്നു തെളിഞ്ഞു​—⁠അവരുടെ പ്രസംഗം കേട്ട അനേകരും വിശ്വാസികളായിത്തീർന്നു. സാമാന്യരായ ഈ മനുഷ്യർ എങ്ങനെയാണ്‌ അസാധാരണ വൈദഗ്‌ധ്യമുള്ള അധ്യാപകർ ആയിത്തീർന്നത്‌? പത്രൊസും യോഹന്നാനും പറഞ്ഞ കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ “അവർ യേശുവിനോടുകൂടെ” ഉണ്ടായിരുന്നതിനാലാണ്‌ അവർക്ക്‌ അതിനു കഴിഞ്ഞതെന്ന്‌ ന്യായാധിപസംഘം മനസ്സിലാക്കി. (പ്രവൃത്തികൾ 4:1-4, 13) ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ്‌ ലഭിച്ചിരുന്നുവെന്നതു ശരിതന്നെ. (പ്രവൃത്തികൾ 1:8) എന്നാൽ യേശു അവർക്കു പരിശീലനം നൽകിയിരുന്നു എന്നതും വ്യക്തമായിരുന്നു​—⁠ആത്മീയമായി അന്ധരായ ആ ന്യായാധിപന്മാർപോലും അക്കാര്യം തിരിച്ചറിഞ്ഞു. ഭൂമിയിലായിരിക്കെ, ചെമ്മരിയാടുതുല്യരെ കൂട്ടിച്ചേർക്കാനും ആട്ടിൻകൂട്ടത്തിന്റെ ഭാഗമായിത്തീരുന്ന മുറയ്‌ക്ക്‌ അവരെ പരിപാലിക്കാനും യേശു അപ്പൊസ്‌തലന്മാരെ പഠിപ്പിച്ചു.​—⁠മത്തായി 11:29; 20:24-28; 1 പത്രൊസ്‌ 5:⁠4.

6. മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിൽ യേശുവും പൗലൊസും എന്തു മാതൃകവെച്ചു?

6 പുനരുത്ഥാനത്തിനുശേഷവും യേശു, ഇടയന്മാരായി നിയമിക്കപ്പെട്ടവരെ പരിശീലിപ്പിക്കുന്നതിൽ തുടർന്നു. (വെളിപ്പാടു 1:1; 2:1-3:22) ഉദാഹരണത്തിന്‌, അവൻ പൗലൊസിനെ നേരിട്ടു തിരഞ്ഞെടുക്കുകയും ആവശ്യമായ പരിശീലനം അവനു ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്‌തു. (പ്രവൃത്തികൾ 22:6-10) പൗലൊസ്‌ ആ പരിശീലനം വിലമതിക്കുകയും പഠിച്ച കാര്യങ്ങൾ മറ്റു മൂപ്പന്മാരുമായി പങ്കുവെക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 20:17-35) “ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി” ദൈവത്തെ സേവിക്കുന്നതിനു തിമൊഥെയൊസിനെ പരിശീലിപ്പിക്കാൻ അവൻ ധാരാളം സമയവും ഊർജവും ചെലവഴിച്ചു എന്നത്‌ അതിനൊരു തെളിവാണ്‌. (2 തിമൊഥെയൊസ്‌ 2:15) അവർ ഉറ്റ സ്‌നേഹിതരായിത്തീരാൻ അത്‌ ഇടയാക്കി. മുമ്പ്‌ തിമൊഥെയൊസിനെക്കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ എഴുതിയിരുന്നു: “അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്‌തു.” (ഫിലിപ്പിയർ 2:22) തിമൊഥെയൊസിനെയോ മറ്റാരെയെങ്കിലുമോ തന്റെ ശിഷ്യനാക്കിത്തീർക്കാൻ പൗലൊസ്‌ ശ്രമിച്ചില്ല. മറിച്ച്‌, താൻ ക്രിസ്‌തുവിനെ അനുകരിച്ചതുപോലെ സഹവിശ്വാസികളും തന്നെ അനുകരിക്കാൻ അവൻ പ്രോത്സാഹിപ്പിക്കുകയാണു ചെയ്‌തത്‌.​—⁠1 കൊരിന്ത്യർ 11:⁠1.

7, 8. (എ) ഏത്‌ അനുഭവം, മൂപ്പന്മാർ യേശുവിനെയും പൗലൊസിനെയും അനുകരിക്കുമ്പോഴുണ്ടാകുന്ന പ്രയോജനം എടുത്തുകാട്ടുന്നു? (ബി) ശുശ്രൂഷാദാസന്മാരും മൂപ്പന്മാരുമായിത്തീരാൻ സാധ്യതയുള്ളവരെ മൂപ്പന്മാർ എപ്പോൾ പരിശീലിപ്പിച്ചു തുടങ്ങണം?

7 യേശുവിനെയും പൗലൊസിനെയും അനുകരിച്ചുകൊണ്ട്‌ അനുഭവസമ്പന്നരായ ഇടയന്മാർ സ്‌നാപനമേറ്റ സഹോദരന്മാരെ പരിശീലിപ്പിക്കുന്നതിൽ മുൻകൈയെടുക്കുമ്പോൾ സമാനമായ സത്‌ഫലങ്ങൾ ഉണ്ടാകുന്നു. ചാഡ്‌ എന്ന സഹോദരന്റെ അനുഭവം ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ മാതാപിതാക്കൾ വ്യത്യസ്‌ത മതങ്ങളിൽപ്പെട്ടവരായിരുന്നു. ഈയിടെ മൂപ്പനായി നിയമിക്കപ്പെട്ട അദ്ദേഹം പറയുന്നു: “പോയവർഷങ്ങളിൽ അനുഭവസമ്പന്നരായ പല മൂപ്പന്മാരും ആത്മീയമായി പുരോഗമിക്കാൻ എന്നെ സഹായിച്ചു. പിതാവ്‌ അവിശ്വാസി ആയിരുന്നതിനാൽ ആ മൂപ്പന്മാർ എന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും എന്റെ ആത്മീയ പിതാക്കന്മാർ ആയിത്തീരുകയും ചെയ്‌തു. എനിക്കു പരിശീലനം നൽകുന്നതിന്‌ അവർ എന്നോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെട്ടു. പിന്നീട്‌ സഭയിൽ എനിക്കു ലഭിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ഒരു മൂപ്പൻ പ്രത്യേകം എന്നെ പരിശീലിപ്പിച്ചു.”

8 ചാഡിന്റെ അനുഭവം പ്രകടമാക്കുന്നതുപോലെ, ശുശ്രൂഷാദാസന്മാരും മൂപ്പന്മാരുമായിത്തീരാൻ സാധ്യതയുള്ളവർ ആ പദവികൾക്കു യോഗ്യത സമ്പാദിക്കുന്ന അളവോളം പുരോഗമിക്കുന്നതിനു വളരെ മുമ്പുതന്നെ വിവേചനയുള്ള ഇടയന്മാർ അവരെ പരിശീലിപ്പിക്കാൻ തുടങ്ങുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, നിയമിക്കപ്പെടുന്നതിനു മുമ്പുതന്നെ അവർ ധാർമികവും ആത്മീയവുമായി ഒരു ഉയർന്ന നിലവാരത്തിൽ എത്തിച്ചേരണമെന്ന്‌ ബൈബിൾ അനുശാസിക്കുന്നു. അവരെ “ആദ്യംതന്നെ പരീക്ഷിച്ചറിയണം.”​—⁠1 തിമൊഥെയൊസ്‌ 3:1-10, ഓശാന ബൈബിൾ.

9. പക്വമതികളായ ഇടയന്മാർക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌, എന്തുകൊണ്ട്‌?

9 സ്‌നാപനമേറ്റ സഹോദരന്മാരെ പരീക്ഷിച്ചറിയണമെങ്കിൽ ന്യായമായും അവർക്ക്‌ ആദ്യം പരിശീലനം നൽകേണ്ടതുണ്ട്‌. ദൃഷ്ടാന്തത്തിന്‌, ഒരു സ്‌കൂളിലെ അധ്യാപകർ പ്രത്യേകിച്ചു പരിശീലനമൊന്നും കൊടുക്കാതെതന്നെ, വിഷമംപിടിച്ച ഒരു പരീക്ഷയെഴുതാൻ ഒരു വിദ്യാർഥിയോട്‌ ആവശ്യപ്പെട്ടാൽ ആ വിദ്യാർഥി പരീക്ഷയിൽ ജയിക്കാനുള്ള സാധ്യതയുണ്ടോ? തീരെയില്ല. അതു പരിശീലനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. എന്നാൽ പരീക്ഷയിൽ ജയിക്കാൻവേണ്ടി മാത്രമല്ല, സമ്പാദിക്കുന്ന അറിവ്‌ ജീവിതത്തിൽ പ്രയോജനപ്പെടുത്താനും നല്ല അധ്യാപകർ വിദ്യാർഥികളെ പരിശീലിപ്പിക്കും. സമാനമായി, നിയമിത പുരുഷന്മാർക്ക്‌ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ നട്ടുവളർത്താൻ പ്രത്യേകം പരിശീലിപ്പിച്ചുകൊണ്ട്‌ സ്‌നേഹസമ്പന്നരായ മൂപ്പന്മാർ സ്‌നാപനമേറ്റ സഹോദരന്മാരെ പിന്തുണയ്‌ക്കുന്നു. മൂപ്പന്മാർ അങ്ങനെ ചെയ്യുന്നത്‌ നിയമനം ലഭിക്കാൻ അവരെ സഹായിക്കുന്നതിനുവേണ്ടി മാത്രമല്ല, ആട്ടിൻകൂട്ടത്തെ നന്നായി പരിപാലിക്കാൻ അവർക്കു കഴിയേണ്ടതിനുകൂടിയാണ്‌. (2 തിമൊഥെയൊസ്‌ 2:2) എന്നാൽ സ്‌നാപനമേറ്റ സഹോദരന്മാർ, ശുശ്രൂഷാദാസന്മാർക്കും മൂപ്പന്മാർക്കും ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ സ്വായത്തമാക്കാൻ കഠിനശ്രമം ചെയ്‌തുകൊണ്ട്‌ തങ്ങളുടെ പങ്ക്‌ നിർവഹിക്കേണ്ടതുണ്ട്‌. (തീത്തൊസ്‌ 1:5-9) എന്നിരുന്നാലും അത്തരം പദവികളിൽ എത്തിച്ചേരാൻ ശ്രമിക്കുന്നവരെ മുഴുഹൃദയാ പരിശീലിപ്പിച്ചുകൊണ്ട്‌ പെട്ടെന്നു പുരോഗതി പ്രാപിക്കാൻ അനുഭവസമ്പന്നരായ ഇടയന്മാർക്കു സഹായിക്കാനാകും.

10, 11. കൂടുതലായ ദിവ്യാധിപത്യ നിയമനങ്ങൾ നന്നായി നിർവഹിക്കുന്നതിനു മറ്റുള്ളവരെ പരിശീലിപ്പിക്കാൻ ഇടയന്മാർക്ക്‌ എങ്ങനെ കഴിയും?

10 സഭാപരമായ നിയമനങ്ങൾ നന്നായി നിർവഹിക്കുന്നതിന്‌ അനുഭവസമ്പന്നരായ ഇടയന്മാർക്ക്‌ ഏതു പ്രത്യേക വിധങ്ങളിൽ മറ്റുള്ളവരെ പരിശീലിപ്പിക്കാൻ കഴിയും? സഭയിലുള്ള സഹോദരന്മാരുടെ കാര്യത്തിൽ പ്രത്യേകം താത്‌പര്യമെടുക്കുക എന്നതാണ്‌ ആദ്യപടി. അവർ വയൽശുശ്രൂഷയിൽ ക്രമമായി അവരോടൊപ്പം പ്രവർത്തിക്കുകയും “സത്യവചനത്തെ യഥാർത്ഥമായി” പ്രസംഗിക്കാനുള്ള പ്രാപ്‌തി വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. (2 തിമൊഥെയൊസ്‌ 2:15) മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ അനുഭവിക്കാൻ കഴിയുന്ന സന്തോഷത്തെയും ആത്മീയ ലാക്കുകൾ വെക്കുകയും അതിൽ എത്തിച്ചേരുകയും ചെയ്യുന്നതിലൂടെ തങ്ങൾക്കു ലഭിക്കുന്ന ആത്മസംതൃപ്‌തിയെയും കുറിച്ച്‌ പക്വമതികളായ ഇടയന്മാർ ആ സഹോദരന്മാരുമായി സംസാരിക്കുന്നു. “ആട്ടിൻകൂട്ടത്തിന്നു മാതൃക”യായി സേവിക്കുന്നതിൽ പുരോഗതി കൈവരിക്കാൻ എങ്ങനെ കഴിയും എന്നതു സംബന്ധിച്ച്‌ പ്രത്യേകം നിർദേശങ്ങളും അവർ ദയാപുരസ്സരം അവർക്കു നൽകുന്നു.​—⁠1 പത്രൊസ്‌ 5:3, 5.

11 ഒരു സഹോദരൻ ശുശ്രൂഷാദാസനായി നിയമിക്കപ്പെട്ടശേഷവും അദ്ദേഹത്തെ തുടർന്നു പരിശീലിപ്പിക്കാൻ ജ്ഞാനികളായ ഇടയന്മാർ ശ്രദ്ധിക്കുന്നു. പതിറ്റാണ്ടുകളോളം മൂപ്പനായി സേവിച്ചിരിക്കുന്ന ബ്രൂസ്‌ ഇങ്ങനെ പറയുന്നു: “വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം പ്രസിദ്ധീകരിച്ചിട്ടുള്ള നിർദേശങ്ങൾ പുതുതായി നിയമിക്കപ്പെട്ട ഒരു ശുശ്രൂഷാദാസനുമൊത്തു പുനരവലോകനം ചെയ്യുകയെന്നത്‌ എനിക്കു സന്തോഷമുള്ള ഒരു കാര്യമാണ്‌. അദ്ദേഹത്തിനുള്ള പ്രത്യേക ഉത്തരവാദിത്വം സംബന്ധിച്ചു മാർഗനിർദേശങ്ങൾ ലഭ്യമാണെങ്കിൽ അതും ഞങ്ങൾ പരിചിന്തിക്കും. തുടർന്ന്‌ എല്ലാം ഭംഗിയായി ചെയ്യാൻ കഴിയുന്നതുവരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും ഞാൻ ശ്രമിക്കുന്നു.” പക്വത പ്രാപിക്കുന്നതനുസരിച്ച്‌ ശുശ്രൂഷാദാസന്മാരെ ഇടയവേലയ്‌ക്കായി പരിശീലിപ്പിക്കാനും കഴിയും. ബ്രൂസ്‌ സഹോദരൻ കൂട്ടിച്ചേർക്കുന്നു: “ഇടയസന്ദർശനത്തിനായി ഒരു ശുശ്രൂഷാദാസനെ കൂടെക്കൊണ്ടുപോകുമ്പോൾ, സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്കോ കുടുംബത്തിനോ പ്രോത്സാഹനവും പ്രചോദനവും പകരുന്ന പ്രത്യേക തിരുവെഴുത്തുകൾ കണ്ടുപിടിക്കാൻ ഞാൻ അദ്ദേഹത്തെ സഹായിക്കുന്നു. ഒരു മികച്ച ഇടയനായിത്തീരാൻ, ഒരു ശുശ്രൂഷാദാസൻ ഹൃദയത്തെ സ്‌പർശിക്കുംവിധം തിരുവെഴുത്തുകൾ ഉപയോഗിക്കാൻ പഠിക്കേണ്ടത്‌ അനിവാര്യമാണ്‌.”​—⁠എബ്രായർ 4:12; 5:14.

12. അനുഭവസമ്പന്നരായ ഇടയന്മാർക്ക്‌ പുതുതായി നിയമിക്കപ്പെടുന്ന മൂപ്പന്മാരെ എങ്ങനെ സഹായിക്കാനാകും?

12 പുതുതായി നിയമിക്കപ്പെടുന്ന മൂപ്പന്മാർക്കും കൂടുതലായ പരിശീലനം വളരെ പ്രയോജനം ചെയ്യുന്നു. മുമ്പു പരാമർശിച്ച നിക്ക്‌ പറയുന്നു: “പ്രായമേറിയ രണ്ടു മേൽവിചാരകന്മാരിൽനിന്ന്‌ എനിക്കു ലഭിച്ച പരിശീലനം വിശേഷാൽ സഹായകമായിരുന്നു. ചില പ്രത്യേക സംഗതികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ അവർക്കു നന്നായി അറിയാമായിരുന്നു. എന്റെ അഭിപ്രായങ്ങളോടു യോജിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽപ്പോലും ഞാൻ പറയുന്നതെല്ലാം അവർ ക്ഷമാപൂർവം ശ്രദ്ധിക്കുകയും എന്റെ വീക്ഷണത്തെ ഗൗരവപൂർവം കണക്കിലെടുക്കുകയും ചെയ്‌തു. സഭയിലെ സഹോദരീസഹോദരന്മാരോടുള്ള താഴ്‌മയോടും ആദരവോടുംകൂടിയ അവരുടെ ഇടപെടലിൽനിന്ന്‌ ഞാൻ ഏറെ കാര്യങ്ങൾ പഠിച്ചു. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുകയോ പ്രോത്സാഹനം നൽകുകയോ ചെയ്യുമ്പോൾ ബൈബിൾ വിദഗ്‌ധമായി ഉപയോഗിക്കേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ ആ മൂപ്പന്മാരുടെ മാതൃക എനിക്കു വ്യക്തമായി കാണിച്ചുതന്നു.”

ദൈവവചനത്താൽ പരിശീലിതർ

13. (എ) ഒരു മികച്ച ഇടയനായിത്തീരാൻ ഒരു സഹോദരന്‌ എന്ത്‌ ആവശ്യമാണ്‌? (ബി) “എന്റെ ഉപദേശം എന്റേതല്ല” എന്ന്‌ യേശു പറഞ്ഞത്‌ എന്തുകൊണ്ട്‌?

13 തീർച്ചയായും, “സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ” ആയിത്തീരാൻ ഒരു ഇടയനെ സഹായിക്കുന്ന നിയമങ്ങളും തത്ത്വങ്ങളും ദൃഷ്ടാന്തങ്ങളും ദൈവവചനമായ ബൈബിളിലുണ്ട്‌. (2 തിമൊഥെയൊസ്‌ 3:16, 17) ഒരു സഹോദരനു നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നേക്കാമെങ്കിലും, തിരുവെഴുത്തു സംബന്ധമായ പരിജ്ഞാനവും അദ്ദേഹം അതു ബാധകമാക്കുന്ന വിധവുമാണ്‌ ഒരു മികച്ച ഇടയനായിത്തീരാൻ അദ്ദേഹത്തെ സഹായിക്കുന്നത്‌. യേശുവിന്റെ ദൃഷ്ടാന്തം നോക്കുക. ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും അറിവും വിവേകവും ജ്ഞാനവുമുള്ള ആത്മീയ ഇടയനായിരുന്നു അവൻ. എന്നിട്ടുപോലും യഹോവയുടെ ആടുകളെ പഠിപ്പിക്കവേ അവൻ സ്വന്തം ജ്ഞാനത്തിൽ ആശ്രയിച്ചില്ല. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ,” അവൻ പറഞ്ഞു. എന്തുകൊണ്ടാണ്‌ യേശു തന്റെ സ്വർഗീയ പിതാവിനു മഹത്ത്വം കൊടുത്തത്‌? “സ്വയമായി പ്രസ്‌താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു,” അവൻ കൂട്ടിച്ചേർത്തു.​—⁠യോഹന്നാൻ 7:16, 18.

14. മൂപ്പന്മാർക്ക്‌ സ്വന്തം മഹത്ത്വം അന്വേഷിക്കുന്നത്‌ ഒഴിവാക്കാൻ എങ്ങനെ കഴിയും?

14 വിശ്വസ്‌തരായ ഇടയന്മാർ സ്വന്തം മഹത്ത്വം അന്വേഷിക്കുന്നില്ല. ബുദ്ധിയുപദേശവും പ്രോത്സാഹനവും നൽകാൻ അവർ സ്വന്തം ജ്ഞാനത്തിലല്ല, ദൈവവചനത്തിൽ ആശ്രയിക്കുന്നു. മൂപ്പന്മാരുടെ അല്ല, “ക്രിസ്‌തുവിന്റെ മനസ്സ്‌” ഉള്ളവർ ആയിരിക്കാൻ ആടുകളെ സഹായിക്കുക എന്നതാണ്‌ ഒരു ഇടയന്റെ കർത്തവ്യമെന്ന്‌ അവർ മനസ്സിലാക്കുന്നു. (1 കൊരിന്ത്യർ 2:14-16) ഉദാഹരണത്തിന്‌, ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു ദമ്പതിയെ സഹായിക്കുന്ന മൂപ്പൻ ബൈബിൾ തത്ത്വങ്ങളിലും വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങളിലും ആശ്രയിക്കാതെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ബുദ്ധിയുപദേശം നൽകുന്നുവെങ്കിലോ? (മത്തായി 24:45) ആ ബുദ്ധിയുപദേശം പ്രാദേശികമായ കീഴ്‌വഴക്കങ്ങളാൽ ഏറെ സ്വാധീനിക്കപ്പെട്ടതോ അദ്ദേഹത്തിന്റെ പരിമിതമായ അറിവിൽ അടിസ്ഥാനപ്പെട്ടതോ ആയിരുന്നേക്കാം. ചില സമ്പ്രദായങ്ങളിൽ കുഴപ്പമൊന്നും ഇല്ലായിരിക്കാം എന്നതു ശരിതന്നെ. അതുപോലെതന്നെ മൂപ്പൻസഹോദരൻ വളരെയധികം അനുഭവ പരിചയമുള്ള വ്യക്തിയും ആയിരുന്നേക്കാം. എന്നാൽ മനുഷ്യരുടെ മനോഗതികൾക്കോ പ്രാദേശിക ആചാരങ്ങളുടെ അനുശാസനങ്ങൾക്കോ ശ്രദ്ധകൊടുക്കുന്നതിനുപകരം യഹോവയുടെയും യേശുവിന്റെയും ശബ്ദത്തിനു ചെവികൊടുക്കാൻ ഇടയന്മാർ ആട്ടിൻകൂട്ടത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ആടുകൾക്ക്‌ അത്‌ ഏറ്റവും പ്രയോജനം ചെയ്യുന്നു.​—⁠സങ്കീർത്തനം 12:6; സദൃശവാക്യങ്ങൾ 3:5, 6.

“വിശ്വസ്‌തനും വിവേകിയുമായ അടിമ”യാൽ പരിശീലിതർ

15. “വിശ്വസ്‌തനും വിവേകിയുമായ അടിമ”യ്‌ക്ക്‌ യേശു എന്തു നിയമനം നൽകി, അവർ അതിൽ വിജയിച്ചിരിക്കുന്നതിന്റെ ഒരു കാരണം എന്ത്‌?

15 അപ്പൊസ്‌തലന്മാരായ പത്രൊസ്‌, യോഹന്നാൻ, പൗലൊസ്‌ തുടങ്ങിയ ഇടയന്മാരെല്ലാം വിശ്വസ്‌തനും വിവേകിയുമായ അടിമ എന്ന പേരിൽ യേശു പരാമർശിച്ച കൂട്ടത്തിലെ അംഗങ്ങൾ ആയിരുന്നു. സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം ഭരിക്കാൻ പ്രത്യാശിക്കുന്ന, ഭൂമിയിലുള്ള അവന്റെ ആത്മാഭിഷിക്ത സഹോദരന്മാരാണ്‌ അടിമവർഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌. (വെളിപ്പാടു 5:9, 10) ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ക്രിസ്‌തുവിന്റെ സഹോദരന്മാരായി ഭൂമിയിൽ ജീവിച്ചിരിക്കുന്നവരുടെ എണ്ണം തീർച്ചയായും ചുരുങ്ങിയിരിക്കുന്നു. എന്നിരുന്നാലും യേശു അവർക്കു നിയമിച്ചുകൊടുത്ത വേല​—⁠അന്ത്യം സംഭവിക്കുന്നതിനുമുമ്പായി രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാനുള്ള നിയമനം​—⁠ഇന്നു മുമ്പെന്നത്തേതിലും വികാസം പ്രാപിച്ചിരിക്കുന്നു. എന്നിട്ടും ആ വേല നിർവഹിക്കുന്നതിൽ അടിമവർഗം ശ്രദ്ധേയമായ വിജയം കൈവരിച്ചിരിക്കുകയാണ്‌! എന്തുകൊണ്ട്‌? പ്രസംഗ-പഠിപ്പിക്കൽ വേലയിൽ തങ്ങളെ പിന്തുണയ്‌ക്കാൻ ‘വേറെ ആടുകളിൽ’പ്പെട്ടവരെ അവർ പരിശീലിപ്പിച്ചിരിക്കുന്നു എന്നതാണ്‌ അതിന്റെ ഒരു കാരണം. (യോഹന്നാൻ 10:16; മത്തായി 24:14; 25:40) വിശ്വസ്‌തരായ ഈ സഹചാരികളാണ്‌ ഇന്ന്‌ ആ വേലയുടെ സിംഹഭാഗവും നിറവേറ്റുന്നത്‌.

16. നിയമിത പുരുഷന്മാർക്ക്‌ അടിമവർഗം പരിശീലനം നൽകുന്നത്‌ എങ്ങനെ?

16 അടിമവർഗം എങ്ങനെയാണ്‌ ഈ പരിശീലനം നൽകുന്നത്‌? ഒന്നാം നൂറ്റാണ്ടിൽ, സഹോദരന്മാരെ പരിശീലിപ്പിക്കാനും മേൽവിചാരകന്മാരായി നിയമിക്കാനും അടിമവർഗത്തിന്റെ പ്രതിനിധികൾക്ക്‌ അധികാരം നൽകപ്പെട്ടിരുന്നു. ആ മേൽവിചാരകന്മാർ ക്രമത്തിൽ ആട്ടിൻകൂട്ടത്തെ പരിശീലിപ്പിച്ചിരുന്നു. (1 കൊരിന്ത്യർ 4:17) ഇന്നും അത്‌ അങ്ങനെതന്നെയാണ്‌. അടിമവർഗത്തെ പ്രതിനിധാനംചെയ്യുന്ന അഭിഷിക്ത മൂപ്പന്മാരുടെ ചെറിയ കൂട്ടമായ ഭരണസംഘം, ലോകമെങ്ങുമുള്ള പതിനായിരക്കണക്കിനു സഭകളിൽ സഹോദരന്മാരെ പരിശീലിപ്പിക്കാനും ശുശ്രൂഷാദാസന്മാരും മൂപ്പന്മാരുമായി നിയമിക്കാനുമുള്ള അധികാരം അവരുടെ പ്രതിനിധികൾക്കു നൽകിയിരിക്കുന്നു. കൂടാതെ ആട്ടിൻകൂട്ടത്തെ ഏറ്റവും നന്നായി പരിപാലിക്കാൻ സഹായിച്ചുകൊണ്ട്‌ ബ്രാഞ്ച്‌ കമ്മറ്റി അംഗങ്ങൾ, സഞ്ചാര മേൽവിചാരകന്മാർ, മൂപ്പന്മാർ, ശുശ്രൂഷാദാസന്മാർ എന്നിവർക്കായി ഭരണസംഘം സ്‌കൂളുകൾ സംഘടിപ്പിക്കുന്നു. കത്തുകൾ, വീക്ഷാഗോപുര ലേഖനങ്ങൾ, കൂടാതെ യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്നതുപോലെയുള്ള പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലൂടെയെല്ലാം കൂടുതലായ മാർഗനിർദേശം ലഭ്യമാക്കുകയും ചെയ്യുന്നു. *

17. (എ) അടിമവർഗം ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റുമെന്ന കാര്യത്തിൽ യേശു വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്‌ എങ്ങനെ? (ബി) അടിമവർഗത്തിൽ വിശ്വാസം അർപ്പിക്കുന്നുവെന്നു പ്രകടമാക്കാൻ ആത്മീയ ഇടയന്മാർക്ക്‌ എങ്ങനെ കഴിയും?

17 അടിമവർഗം ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റുമെന്ന കാര്യത്തിൽ യേശുവിന്‌ ഉറച്ച ബോധ്യമുണ്ടായിരുന്നു, അതുകൊണ്ടാണ്‌ “തനിക്കുള്ള സകലത്തിന്മേലും”​—⁠ഭൂമിയിലെ മുഴു ആത്മീയ കാര്യാദികളുടെമേലും​—⁠അവൻ ആ അടിമവർഗത്തെ അധിപതിയായി നിയമിച്ചത്‌. (മത്തായി 24:47) ഭരണസംഘത്തിൽനിന്നു ലഭിക്കുന്ന മാർഗനിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട്‌ തങ്ങളും അടിമവർഗത്തിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന്‌ നിയമിത ഇടയന്മാർ തെളിയിക്കുന്നു. ഇടയന്മാർ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ദൈവവചനത്താൽ പരിശീലിപ്പിക്കപ്പെടാൻ സന്നദ്ധരായിരിക്കുകയും അടിമവർഗം പ്രദാനംചെയ്യുന്ന പരിശീലനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവർ ആട്ടിൻകൂട്ടത്തിനിടയിൽ ഐക്യം അരക്കിട്ടുറപ്പിക്കുന്നു. ക്രിസ്‌തീയ സഭയിലെ ഓരോ അംഗത്തെയും ആർദ്രമായി പരിപാലിക്കുന്ന പുരുഷന്മാരെ യഹോവ പരിശീലിപ്പിച്ചിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!

[അടിക്കുറിപ്പ്‌]

^ ഖ. 16 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• പക്വതയുള്ള ആത്മീയ ഇടയന്മാർ മറ്റുള്ളവർക്കു പരിശീലനം നൽകുന്നത്‌ എങ്ങനെ?

• ഇടയന്മാർ സ്വന്തം ആലോചനപ്രകാരം ആട്ടിൻകൂട്ടത്തെ പഠിപ്പിക്കാതിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ഇടയന്മാർ അടിമവർഗത്തിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന്‌ പ്രകടമാക്കുന്നത്‌ എങ്ങനെ, എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[24, 25 പേജുകളിലെ ചിത്രങ്ങൾ]

ക്രിസ്‌തീയ മൂപ്പന്മാർ സഭയിലുള്ള യുവാക്കന്മാരെ പരിശീലിപ്പിക്കുന്നു

[26-ാം പേജിലെ ചിത്രങ്ങൾ]

“വിശ്വസ്‌തനും വിവേകിയുമായ അടിമ” മൂപ്പന്മാർക്കു വിപുലമായ പരിശീലനം നൽകുന്നു