കുരുന്നു ഹൃദയത്തെ പ്രചോദിപ്പിക്കുംവിധം സംസാരിക്കുക
കുരുന്നു ഹൃദയത്തെ പ്രചോദിപ്പിക്കുംവിധം സംസാരിക്കുക
യുദ്ധത്തെ അനുകരിച്ചുകൊണ്ടുള്ള കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുട്ടിയെ കണ്ടിട്ട് നിങ്ങൾക്ക് എപ്പോഴെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ? അക്രമം അരങ്ങുതകർക്കുന്ന ഇന്നത്തെ വിനോദലോകത്ത് നന്നേ ചെറിയ കുട്ടികൾപോലും ഇത്തരം കളികളിൽ ഏർപ്പെടുന്നത് സർവസാധാരണമാണ്. യുദ്ധായുധങ്ങളുടെ മാതൃകയിലുള്ള കളിക്കോപ്പുകൾകൊണ്ടു കളിക്കുന്നതിനു പകരം മറ്റു കളികളിൽ ഏർപ്പെടാൻ ഒരു കുട്ടിയെ നിങ്ങൾ എങ്ങനെ സഹായിക്കും? ആഫ്രിക്കയിൽ വളരെക്കാലമായി യഹോവയുടെ സാക്ഷികളുടെ ഒരു മിഷനറിയായി സേവിക്കുന്ന വാൽട്രൗറ്റ് അങ്ങനെ ചെയ്യാൻ ഒരു കുട്ടിയെ സഹായിക്കാനുള്ള വഴി കണ്ടെത്തി.
യുദ്ധം നിമിത്തം വാൽട്രൗറ്റിന് അവർ താമസിച്ചിരുന്ന രാജ്യത്തുനിന്ന് ആഫ്രിക്കയിൽത്തന്നെയുള്ള മറ്റൊരു രാജ്യത്തേക്ക് മാറിപ്പാർക്കേണ്ടിവന്നു. അവിടെവെച്ച് അവർ ഒരു സ്‌ത്രീയെ ബൈബിൾ പഠിക്കുന്നതിൽ സഹായിക്കാൻ തുടങ്ങി. അവർക്ക് അഞ്ചുവയസ്സുള്ള ഒരു മകൻ ഉണ്ടായിരുന്നു. വെർണർ എന്നായിരുന്നു അവന്റെ പേര്. വാൽട്രൗറ്റ് അവരെ സന്ദർശിച്ചപ്പോഴൊക്കെ ഈ കുട്ടി തനിക്കുണ്ടായിരുന്ന ഒരേയൊരു കളിപ്പാട്ടമായ പ്ലാസ്റ്റിക് തോക്കുകൊണ്ടു കളിക്കുന്നതു ശ്രദ്ധിച്ചു. അവൻ എന്തിന്റെയെങ്കിലും നേർക്ക് തന്റെ കൊച്ചുതോക്കു ചൂണ്ടുന്നത് വാൽട്രൗറ്റ് ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ അതിൽ തിര നിറയ്‌ക്കുകയാണെന്ന മട്ടിൽ അവൻ എപ്പോഴും അതു തുറക്കുകയും അടയ്‌ക്കുകയും ചെയ്യുമായിരുന്നു.
വാൽട്രൗറ്റ് കുട്ടിയോടു ചോദിച്ചു: “വെർണർ, നിനക്കറിയാമോ ഞാനെങ്ങനെയാണ് നിന്റെ രാജ്യത്ത് എത്തിയതെന്ന്? യുദ്ധം കാരണം ഓടിപ്പോന്നതാണു ഞാൻ. നിന്റെ കയ്യിലിരിക്കുന്ന ആ തോക്കില്ലേ, അതുപോലുള്ള തോക്കുകൊണ്ട് ആളുകളെ വെടിവെക്കുന്ന ഭയങ്കരന്മാരായ ആളുകളിൽനിന്ന് രക്ഷപ്പെട്ടു വന്നതാണ്. അങ്ങനെ വെടിവെക്കുന്നതു ശരിയാണെന്നു നിനക്കു തോന്നുന്നുണ്ടോ?”
“ഇല്ല,” വിഷമത്തോടെ അവൻ പറഞ്ഞു.
“നീ പറഞ്ഞതു ശരിയാണ്,” വാൽട്രൗറ്റ് തുടർന്നു. “ഞാൻ എന്തിനാ എല്ലാ ആഴ്‌ചയും നിന്നെയും അമ്മയെയും കാണാൻ വരുന്നതെന്ന് അറിയാമോ? ദൈവത്തോടും മനുഷ്യരോടും നല്ല ബന്ധത്തിലായിരിക്കാൻ എല്ലാവരെയും സഹായിക്കാനാണ് യഹോവയുടെ സാക്ഷികൾ ഇഷ്ടപ്പെടുന്നത്.” അമ്മയുടെ അനുമതിയോടെ വാൽട്രൗറ്റ് അവനോടു പറഞ്ഞു: “നിന്റെ തോക്കിങ്ങു തന്നേക്കൂ. നമുക്കതു വേണ്ട, ഞാനത് എറിഞ്ഞു കളഞ്ഞേക്കാം. പകരം നാലു ചക്രമുള്ള ഒരു വണ്ടി നിനക്ക് ഞാൻ വാങ്ങിച്ചുതരാം.”
വെർണർ അവന്റെ കളിത്തോക്ക് വാൽട്രൗറ്റിനു കൊടുത്തു. പുതിയ കളിപ്പാട്ടം കിട്ടാൻ അവനു നാലാഴ്‌ച കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ അവനതു കിട്ടി—മരംകൊണ്ട് ഉണ്ടാക്കിയ ഒരു കളിവണ്ടി. വലിയ സന്തോഷത്തോടെയാണ് അവൻ അതു സ്വീകരിച്ചത്.
യുദ്ധായുധങ്ങളുടെ മാതൃകയിലുള്ള കളിപ്പാട്ടങ്ങൾ ഉപേക്ഷിക്കാൻ കുരുന്നു ഹൃദയങ്ങളെ പ്രചോദിപ്പിക്കുംവിധം സംസാരിക്കാൻ മാതാപിതാക്കളേ, നിങ്ങൾ സമയമെടുക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നെങ്കിൽ, ഒരായുഷ്‌കാലം മുഴുവൻ ഉപകാരപ്പെടുന്ന ഒരു പാഠം നിങ്ങൾ അവരെ പഠിപ്പിക്കുകയായിരിക്കും.