വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദരിദ്രരോടു പരിഗണന കാണിക്കുക യേശുവിനെ അനുകരിച്ചുകൊണ്ട്‌

ദരിദ്രരോടു പരിഗണന കാണിക്കുക യേശുവിനെ അനുകരിച്ചുകൊണ്ട്‌

ദരിദ്രരോടു പരിഗണന കാണിക്കുക യേശുവിനെ അനുകരിച്ചുകൊണ്ട്‌

ദാരിദ്ര്യത്തിനും അടിച്ചമർത്തലിനും മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ട്‌. ദരിദ്രരെ സംരക്ഷിക്കുന്നതിനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള നിയമങ്ങൾ ദൈവം നൽകിയിരുന്നെങ്കിലും ആളുകൾ അതു മിക്കപ്പോഴും അനുസരിച്ചിരുന്നില്ല. (ആമോസ്‌ 2:6) അവരോടു പെരുമാറിയിരുന്ന വിധത്തെ പ്രവാചകനായ യെഹെസ്‌കേൽ കുറ്റംവിധിക്കുകയുണ്ടായി. അവൻ പറഞ്ഞു: “ദേശത്തിലെ ജനം ഞെരുക്കം ചെയ്‌കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.”​—⁠യെഹെസ്‌കേൽ 22:29.

യേശു ഭൂമിയിലായിരുന്ന സമയത്തും സ്ഥിതിഗതികൾക്കു വലിയ മാറ്റമൊന്നുമില്ലായിരുന്നു. അന്നത്തെ മതനേതാക്കന്മാർ ദരിദ്രരുടെയും സഹായമാവശ്യമുള്ളവരുടെയും കാര്യത്തിൽ യാതൊരു ചിന്തയുമില്ലാത്തവരായിരുന്നു. ആ മതനേതാക്കളെ ‘വിധവമാരുടെ വീടുകളെ വിഴുങ്ങുന്ന ദ്രവ്യാഗ്രഹികൾ’ എന്ന്‌ തിരുവെഴുത്തുകൾ വിളിച്ചു. പ്രായംചെന്നവരെയും ദരിദ്രരെയും സംരക്ഷിക്കുന്നതിനെക്കാൾ പാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുന്നതിലായിരുന്നു അവർക്ക്‌ ഏറെ താത്‌പര്യം. (ലൂക്കൊസ്‌ 16:14; 20:47; മത്തായി 15:5, 6) നല്ല ശമര്യക്കാരനെക്കുറിച്ചുള്ള ഉപമയിൽ യേശു ഒരു പുരോഹിതന്റെയും ഒരു ലേവ്യന്റെയും കാര്യം എടുത്തുപറയുന്നതു ശ്രദ്ധാർഹമാണ്‌. അവർ മുറിവേറ്റ ഒരു മനുഷ്യനെ കണ്ടെങ്കിലും സഹായിക്കാൻ കൂട്ടാക്കാതെ വഴിയുടെ മറുവശംചേർന്നു കടന്നുപോയി.​—⁠ലൂക്കൊസ്‌ 10:30-37.

യേശു ദരിദ്രരോടു പരിഗണന കാണിച്ചു

യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സുവിശേഷവിവരണങ്ങൾ കാണിക്കുന്നത്‌ അവൻ ദരിദ്രരുടെ പ്രശ്‌നങ്ങൾ പൂർണമായി മനസ്സിലാക്കിയിരുന്നെന്നും അവരുടെ ആവശ്യങ്ങളറിഞ്ഞു പ്രവർത്തിക്കുന്നതിന്‌ അതീവ തത്‌പരനായിരുന്നെന്നുമാണ്‌. യേശു സ്വർഗത്തിൽ ആയിരുന്നെങ്കിലും തന്നെത്താൻ താഴ്‌ത്തി, നമുക്കുവേണ്ടി ഒരു ‘ദരിദ്രനായി’ ഭൂമിയിലേക്കു വന്നു. (2 കൊരിന്ത്യർ 8:9) യേശു “പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” (മത്തായി 9:36) ദരിദ്രയായ വിധവയെക്കുറിച്ചുള്ള യേശുവിന്റെ വിവരണം സൂചിപ്പിക്കുന്നത്‌ ധനികർ നൽകിയ വലിയ തുകയെക്കാൾ അവനെ ഏറെ ആകർഷിച്ചത്‌ ആ വിധവയുടെ എളിയ സംഭാവനയായിരുന്നു എന്നാണ്‌. കാരണം ധനികർ നൽകിയത്‌ തങ്ങളുടെ “സമൃദ്ധിയിൽ” നിന്നായിരുന്നു, അതേസമയം ആ വിധവയാകട്ടെ “തന്റെ ഇല്ലായ്‌മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും” ആണ്‌ നൽകിയത്‌.​—⁠ലൂക്കൊസ്‌ 21:⁠4.

യേശുവിന്‌ ദരിദ്രരോട്‌ അനുകമ്പ തോന്നുക മാത്രമല്ല അവൻ അവരുടെ ആവശ്യങ്ങളിൽ വ്യക്തിപരമായ താത്‌പര്യം പ്രകടമാക്കുകയും ചെയ്‌തു. അവനും ശിഷ്യന്മാർക്കുംകൂടി ഒരു പൊതുഫണ്ട്‌ ഉണ്ടായിരുന്നു. അതിൽനിന്ന്‌ അവർ ദരിദ്രരായ ഇസ്രായേല്യർക്കു സഹായം നൽകിയിരുന്നു. (മത്തായി 26:6-9; യോഹന്നാൻ 12:5-8; 13:29) തന്റെ അനുഗാമികളാകാൻ ആഗ്രഹിക്കുന്നവർ ദരിദ്രരെ സഹായിക്കാനുള്ള ഉത്തരവാദിത്വം തിരിച്ചറിയേണ്ടതുണ്ടെന്ന്‌ യേശു സൂചിപ്പിച്ചു. ധനികനായ ഒരു യുവ ഭരണാധികാരിയോട്‌ അവൻ പറഞ്ഞു: “നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക.” അവൻ തനിക്കുണ്ടായിരുന്നത്‌ ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല എന്ന വസ്‌തുത കാണിക്കുന്നത്‌ ദൈവത്തെക്കാളും സഹമനുഷ്യരെക്കാളും അധികമായി അവൻ തന്റെ സമ്പത്തിനെ സ്‌നേഹിച്ചിരുന്നു എന്നാണ്‌. അതുകൊണ്ട്‌ യേശുവിന്റെ ഒരു അനുഗാമിയായിരിക്കാനുള്ള യോഗ്യത അയാൾക്കില്ലായിരുന്നു.​—⁠ലൂക്കൊസ്‌ 18:22, 23.

ക്രിസ്‌തുവിന്റെ അനുഗാമികൾ ദരിദ്രരോട്‌ പരിഗണനയുള്ളവരാണ്‌

യേശുവിന്റെ മരണശേഷം അപ്പൊസ്‌തലന്മാരും മറ്റ്‌ അനുഗാമികളും തങ്ങൾക്കിടയിലുണ്ടായിരുന്ന ദരിദ്രരോടു പരിഗണന കാണിക്കുന്നതിൽ തുടർന്നു. പൊ.യു. ഏകദേശം 49-ൽ അപ്പൊസ്‌തലനായ പൗലൊസ്‌ കർത്താവായ യേശുക്രിസ്‌തുവിൽനിന്നു തനിക്കു ലഭിച്ച സുവാർത്താപ്രസംഗ നിയമനത്തെക്കുറിച്ച്‌ യാക്കോബിനെയും യോഹന്നാനെയും പത്രൊസിനെയും കണ്ട്‌ സംസാരിച്ചു. പൗലൊസും ബർന്നബാസും ‘ജാതികളുടെ ഇടയിൽ’ തങ്ങളുടെ പ്രസംഗവേല നിർവഹിക്കാൻ അവർ സമ്മതിച്ചു. എന്നിരുന്നാലും “ദരിദ്രരെ . . . ഓർത്തുകൊള്ളേണം” എന്ന്‌ യാക്കോബും കൂട്ടാളികളും പൗലൊസിനേയും ബർന്നബാസിനേയും പ്രത്യേകം ഓർമിപ്പിച്ചു. അങ്ങനെ ചെയ്യാൻ പൗലൊസ്‌ “ഉത്സാഹിച്ചുമി”രുന്നു.​—⁠ഗലാത്യർ 2:7-10.

ക്ലൌദ്യൊസ്‌ ചക്രവർത്തിയുടെ ഭരണകാലത്ത്‌ റോമാസാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ക്ഷാമം ഉണ്ടായി. അപ്പോൾ അന്ത്യൊക്ക്യയിലുള്ള ക്രിസ്‌ത്യാനികൾ “യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി . . . ഓരോരുത്തൻ പ്രാപ്‌തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു. അവർ അതു നടത്തി, ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.”​—⁠പ്രവൃത്തികൾ 11:28-30.

യേശുവിന്റെ ഇന്നുള്ള അനുഗാമികളും ദരിദ്രരോടും സഹായം ആവശ്യമുള്ളവരോടും പരിഗണന പ്രകടമാക്കേണ്ടതാണെന്ന്‌ സത്യക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു, വിശേഷാൽ സഹായം ആവശ്യമായ സഹവിശ്വാസികളോട്‌. (ഗലാത്യർ 6:10) അതുകൊണ്ട്‌ അവർ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാനാവാതെ വലയുന്ന ആളുകളോടു യഥാർഥ പരിഗണന കാണിക്കുന്നു. 1998-ൽ വടക്കുകിഴക്കൻ ബ്രസീലിന്റെ വലിയൊരു ഭാഗം കടുത്ത വരൾച്ചയുടെ പിടിയിലകപ്പെട്ടു. നെല്ല്‌, പയറ്‌, ചോളം എന്നീ വിളകളൊക്കെ നശിച്ചു. അതിന്റെ ഫലമായി അവിടെ വ്യാപകമായ ക്ഷാമം ഉണ്ടായി. കഴിഞ്ഞ 15 വർഷത്തിനിടെ ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും രൂക്ഷമായ ക്ഷാമമായിരുന്നു അത്‌. ചിലയിടങ്ങളിൽ കുടിവെള്ളത്തിനുപോലും ക്ഷാമം നേരിട്ടു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ ഉടനടി ദുരിതാശ്വാസ കമ്മിറ്റികൾ രൂപീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ ടൺ കണക്കിനു ഭക്ഷണസാധനങ്ങൾ ശേഖരിക്കുകയും സ്വന്തം ചെലവിൽ അത്‌ എത്തിച്ചുകൊടുക്കുകയും ചെയ്‌തു.

ദുരിതാശ്വാസപ്രവർത്തനങ്ങൾ ഉന്നമിപ്പിച്ച സാക്ഷികൾ എഴുതി: “ഞങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്‌, വിശേഷിച്ചും അത്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചിരിക്കുന്നുവെന്ന്‌ ഉറപ്പുള്ളതിനാൽ. യാക്കോബ്‌ 2:15, 16-ലെ വാക്കുകൾ ഞങ്ങൾ ഒരിക്കലും മറക്കില്ല.” അത്‌ ഇപ്രകാരം പറയുന്നു: “ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?”

സാവൊ പൗലോ നഗരത്തിലെ യഹോവയുടെ സാക്ഷികളുടെ സഭകളിലൊന്നിൽ വളരെ താഴ്‌മയുള്ള ഉത്സാഹിയായ ഒരു സാക്ഷിയുണ്ട്‌. തന്റെ ദൈനംദിനാവശ്യങ്ങൾക്കായി പാടുപെടുന്ന അവർ പറയുന്നു: “ഞാൻ ദാരിദ്ര്യത്തിലാണെങ്കിലും ബൈബിൾ സത്യങ്ങൾ എന്റെ ജീവിതത്തിന്‌ അർഥം പകർന്നിരിക്കുന്നു. സഹവിശ്വാസികളിൽ നിന്നുള്ള സഹായം ലഭിച്ചില്ലായിരുന്നെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന്‌ എനിക്കറിയില്ല.” കുറച്ചുനാളുകൾക്കുമുമ്പ്‌ കഠിനാധ്വാനിയായ ഈ ക്രിസ്‌തീയ സ്‌ത്രീക്ക്‌ ഒരു ശസ്‌ത്രക്രിയ ആവശ്യമായി വന്നു. അതിനുള്ള ചെലവ്‌ അവർക്കു താങ്ങാവുന്നതിലധികമായിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആ സഭയിലെ സഹോദരങ്ങൾ ചെലവുവഹിക്കാൻ സന്നദ്ധരായി. ലോകമെമ്പാടുമുള്ള സത്യക്രിസ്‌ത്യാനികൾ സഹായമാവശ്യമുള്ള സഹക്രിസ്‌ത്യാനികളെ സഹായിക്കുന്നു.

അത്തരം അനുഭവങ്ങൾ ഹൃദയസ്‌പർശിയായിരുന്നേക്കാം. എങ്കിലും അത്തരം ആത്മാർഥ ശ്രമങ്ങൾക്കൊന്നും ദാരിദ്ര്യത്തെ അപ്പാടെ നിർമാർജനം ചെയ്യാനാകില്ല. ശക്തമായ ഗവൺമെന്റുകൾക്കും, വലിയ അന്താരാഷ്ട്ര ദുരിതാശ്വാസ ഏജൻസികൾക്കും ഒരു പരിധിവരെ വിജയംവരിക്കാനായിട്ടുണ്ടെങ്കിലും വർഷങ്ങളായി നിലനിൽക്കുന്ന ദാരിദ്ര്യത്തെ വേരോടെ പിഴുതെറിയാൻ അവയ്‌ക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ട്‌ ചോദ്യം ഇതാണ്‌: മാനവരാശിയെ കാർന്നുതിന്നുന്ന ദാരിദ്ര്യത്തിനും മറ്റു പ്രശ്‌നങ്ങൾക്കുമുള്ള സ്ഥായിയായ പരിഹാരം എന്താണ്‌?

ബൈബിൾ വെച്ചുനീട്ടുന്ന സ്ഥായിയായ പരിഹാരം

യേശുക്രിസ്‌തു ദരിദ്രർക്കും മറ്റ്‌ ആവശ്യങ്ങൾ ഉള്ളവർക്കും വേണ്ടി സദാ സത്‌പ്രവൃത്തികൾ ചെയ്‌തുവെന്ന്‌ സുവിശേഷവിവരണങ്ങൾ കാണിക്കുന്നു. (മത്തായി 14:​14-21) എന്നാൽ അവൻ മുൻഗണന നൽകിയിരുന്നത്‌ ഏതു പ്രവർത്തനത്തിനാണ്‌? ഒരു സന്ദർഭത്തിൽ ദരിദ്രരായവരെ സഹായിക്കാൻ കുറെ സമയം ചെലവഴിച്ചതിനുശേഷം യേശു ശിഷ്യന്മാരോട്‌ “ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക” എന്നു പറഞ്ഞു. യേശു രോഗികളെയും ദരിദ്രരെയും സഹായിക്കുന്നതു നിറുത്തിയിട്ട്‌ പ്രസംഗപ്രവർത്തനം തുടരുന്നതിനുവേണ്ടി പോയത്‌ എന്തുകൊണ്ടാണ്‌? അവൻ വിശദീകരിച്ചു: “ഇതിന്നായിട്ടല്ലോ [പ്രസംഗിക്കേണ്ടതിനു] ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു.” (മർക്കൊസ്‌ 1:38, 39; ലൂക്കൊസ്‌ 4:43) യേശുവിന്റെ വീക്ഷണത്തിൽ സഹായം ആവശ്യമുള്ളവർക്കു നന്മ ചെയ്യുന്നത്‌ പ്രധാനമായിരുന്നു. എന്നിരുന്നാലും ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതായിരുന്നു അവന്റെ മുഖ്യ നിയോഗം.​—⁠മർക്കൊസ്‌ 1:14.

യേശുവിന്റെ “കാൽചുവടു പിൻതുടരാൻ” ബൈബിൾ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ മുൻഗണനകൾ വെക്കുന്നതു സംബന്ധിച്ച കൃത്യമായ മാർഗനിർദ്ദേശങ്ങളും അതു നൽകിയിരിക്കുന്നു. (1 പത്രൊസ്‌ 2:21) യേശുവിനെപ്പോലെതന്നെ ക്രിസ്‌ത്യാനികളും ആവശ്യമായവർക്ക്‌ സഹായം നൽകുന്നു. എന്നിരുന്നാലും, ദൈവരാജ്യത്തെക്കുറിച്ചുള്ള ബൈബിൾ സന്ദേശം പഠിപ്പിക്കുന്ന വേലയ്‌ക്ക്‌ അവരും ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്നു. (മത്തായി 5:14-16; 24:14; 28:19, 20) ആളുകൾക്കു മറ്റു സഹായങ്ങൾ നൽകുന്നതിനെക്കാൾ ദൈവവചനത്തിലെ സന്ദേശം അവരോടു പ്രസംഗിക്കുന്നതു പരമപ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ആളുകൾ ദൈവവചനം മനസ്സിലാക്കുകയും അതിലെ പ്രായോഗിക ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുകയും ചെയ്യുമ്പോൾ ദാരിദ്ര്യം ഉൾപ്പെടെയുള്ള ഏതൊരു ജീവിതപ്രശ്‌നത്തെയും കൈകാര്യം ചെയ്യാൻ അവർ സജ്ജരായിത്തീരുന്നു എന്നാണ്‌ ലോകമെമ്പാടുംനിന്നുള്ള യഥാർഥ ജീവിതാനുഭവങ്ങൾ കാണിക്കുന്നത്‌. കൂടാതെ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള ബൈബിൾ സന്ദേശം ആളുകൾക്ക്‌ ഒരു ഭാവിപ്രത്യാശ നൽകുന്നു. ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽപ്പോലും തുടർന്നു ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്‌ അത്‌. (1 തിമൊഥെയൊസ്‌ 4:8) എന്താണ്‌ ആ പ്രത്യാശ?

നമ്മുടെ ഭാവി സംബന്ധിച്ച്‌ ദൈവവചനം ഇപ്രകാരം ഉറപ്പു നൽകുന്നു: “എന്നാൽ നാം അവന്റെ വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ്‌ 3:13) ബൈബിൾ പലപ്പോഴും “ഭൂമി” എന്ന പദം ഉപയോഗിക്കുന്നത്‌ അതിൽ വസിക്കുന്ന ആളുകളെക്കുറിക്കാനാണ്‌. (ഉല്‌പത്തി 11:1) അതുകൊണ്ട്‌ ബൈബിൾ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നീതിയുള്ള “പുതിയ ഭൂമി” ദൈവാംഗീകാരമുള്ള ഒരു മനുഷ്യ സമൂഹത്തെയാണ്‌ അർഥമാക്കുന്നത്‌. കൂടാതെ ക്രിസ്‌തുവിന്റെ ഭരണത്തിൻകീഴിൽ ദൈവാംഗീകാരമുള്ളവർക്ക്‌ നിത്യജീവൻ എന്ന ദാനം ലഭിക്കുമെന്നും ഭൂമിയിലെ പറുദീസയിൽ അവർ ഒരു സന്തുഷ്ടജീവിതം നയിക്കുമെന്നും ദൈവവചനം വാഗ്‌ദാനം ചെയ്യുന്നു. (മർക്കൊസ്‌ 10:30) ആ മഹത്തായ അനുഗ്രഹങ്ങൾ ദരിദ്രർക്ക്‌ ഉൾപ്പെടെ എല്ലാവർക്കും ലഭ്യമാണ്‌. ആ “പുതിയ ഭൂമിയിൽ” ദാരിദ്ര്യത്തിന്റെ ഒരു കണികപോലും ശേഷിക്കില്ല.

[7-ാം പേജിലെ ചതുരം/ചിത്രം]

യേശു ‘ദരിദ്രനെ വിടുവിക്കുന്നത്‌’ എങ്ങനെ?​—⁠സങ്കീർത്തനം 72:12

നീതി: “ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീർത്തനം 72:4) ഭൂമിയുടെമേലുള്ള യേശുവിന്റെ ഭരണം എല്ലാവർക്കും നീതി ഉറപ്പുവരുത്തും. സമ്പദ്‌സമൃദ്ധി കൈവരിക്കാനാകുമായിരുന്ന അനേകം രാജ്യങ്ങളെയും ദാരിദ്ര്യത്തിന്റെ ആഴക്കയത്തിലേക്ക്‌ വലിച്ചെറിയുന്ന അഴിമതിയെ പൂർണമായും ഇല്ലാതാക്കും.

സമാധാനം: “അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.” (സങ്കീർത്തനം 72:7) നിലവിലുള്ള ദാരിദ്ര്യം മുഖ്യമായും മാനുഷ സംഘട്ടനങ്ങളുടെയും യുദ്ധങ്ങളുടെയും പരിണതഫലമാണ്‌. ക്രിസ്‌തു ഭൂമിയിൽ പൂർണസമാധാനം സ്ഥാപിക്കുകവഴി ദാരിദ്ര്യത്തിന്റെ മുഖ്യകാരണങ്ങളിലൊന്നിനെ ഉന്മൂലനം ചെയ്യും.

അനുകമ്പ: “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.” (സങ്കീർത്തനം 72:12-14) എളിയവരും, ദരിദ്രരും, അടിച്ചമർത്തപ്പെട്ടവരും യേശുക്രിസ്‌തുവിന്റെ നേതൃത്വത്തിൻകീഴിൽ ഒരു സന്തുഷ്ടകുടുംബമെന്ന നിലയിൽ ഏകീകൃതരാകും.

സമൃദ്ധി: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) ക്രിസ്‌തുവിന്റെ ഭരണത്തിൻകീഴിൽ ഭൗതികസമൃദ്ധി ഉണ്ടാകും. പലപ്പോഴും ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്ന ഭക്ഷ്യദൗർലഭ്യവും ക്ഷാമവും നിമിത്തം മേലാൽ ആരും കഷ്ടപ്പെടേണ്ടിവരില്ല.

[4, 5 പേജുകളിലെ ചിത്രം]

യേശു ദരിദ്രരോട്‌ ആഴമായ താത്‌പര്യം പ്രകടമാക്കി

[6-ാം പേജിലെ ചിത്രം]

ബൈബിൾ സന്ദേശം യഥാർഥ പ്രത്യാശ വെച്ചുനീട്ടുന്നു