വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജാവായ ക്രിസ്‌തുവിന്റെ വിശ്വസ്‌ത സേവകർ

രാജാവായ ക്രിസ്‌തുവിന്റെ വിശ്വസ്‌ത സേവകർ

രാജാവായ ക്രിസ്‌തുവിന്റെ വിശ്വസ്‌ത സേവകർ

“സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു.”​—⁠ദാനീയേൽ 7:14.

1, 2. പൊ.യു. 33-ൽ ക്രിസ്‌തു രാജ്യാധികാരം പൂർണമായി ഏറ്റെടുത്തില്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

ഏതു ഭരണാധിപനാണ്‌ പ്രജകൾക്കായി ജീവൻ ബലികഴിക്കുകയും അതിനുശേഷം വീണ്ടും രാജാവായി ഭരിക്കുകയും ചെയ്‌തിരിക്കുന്നത്‌? ഏതു രാജാവാണ്‌ പ്രജകളോടൊപ്പം ഭൂമിയിൽ ജീവിച്ചുകൊണ്ട്‌ അവരുടെ വിശ്വാസവും കൂറും നേടിയെടുക്കുകയും തുടർന്ന്‌ സ്വർഗത്തിൽനിന്നു ഭരിക്കുകയും ചെയ്‌തിരിക്കുന്നത്‌? യേശുക്രിസ്‌തുവിനു മാത്രമേ അതും അതിൽ കൂടുതലും ചെയ്യാൻ കഴിയൂ. (ലൂക്കൊസ്‌ 1:32, 33) ക്രിസ്‌തുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനുംശേഷം, പൊതുയുഗം (പൊ.യു.) 33-ലെ പെന്തെക്കൊസ്‌തിൽ, ദൈവം അവനെ “സഭയ്‌ക്കു തലവനായി നിയമിക്കുകയും ചെയ്‌തു.” (എഫെസ്യർ 1:20-22, പി.ഒ.സി. ബൈബിൾ; പ്രവൃത്തികൾ 2:32-36) അങ്ങനെ പരിമിതമായ ഒരു അർഥത്തിൽ അവൻ തന്റെ ഭരണം ആരംഭിച്ചു. ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളായിരുന്നു അവന്റെ ആദ്യകാല പ്രജകൾ. ‘ദൈവത്തിന്റെ യിസ്രായേലായ’ ആത്മീയ ഇസ്രായേൽ ആയിത്തീർന്നിരിക്കുന്നത്‌ അവരാണ്‌.​—⁠ഗലാത്യർ 6:16; കൊലൊസ്സ്യർ 1:13.

2 ക്രിസ്‌തു രാജ്യാധികാരം പൂർണമായി ഏറ്റെടുത്തിരുന്നില്ലെന്നും “ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കു”കയായിരുന്നെന്നും പൊ.യു. 33-ലെ ആ പെന്തെക്കൊസ്‌തിന്‌ ഏകദേശം 30 വർഷത്തിനുശേഷം പൗലൊസ്‌ സ്ഥിരീകരിച്ചു പറഞ്ഞു. (എബ്രായർ 10:12, 13) തുടർന്ന്‌ പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, വയോധികനായ യോഹന്നാനുണ്ടായ ഒരു ദർശനത്തിൽ, പുതുതായി പിറന്ന സ്വർഗീയ രാജ്യത്തിന്റെ രാജാവായി യേശുക്രിസ്‌തുവിനെ യഹോവ അവരോധിക്കുന്നത്‌ അവൻ കണ്ടു. (വെളിപ്പാടു 11:15; 12:1-5) ക്രിസ്‌തു 1914-ൽ മിശിഹൈക രാജാവായി സ്വർഗത്തിൽ ഭരണം ആരംഭിച്ചുവെന്നു സ്ഥിരീകരിക്കുന്ന അനിഷേധ്യമായ തെളിവുകൾ ഓരോന്നും വിചിന്തനം ചെയ്യാൻ കഴിയുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ഇന്നു ജീവിക്കുന്നത്‌. *

3. (എ) 1914 മുതൽ പുളകപ്രദമായ ഏതു പുതിയ സവിശേഷത രാജ്യത്തിന്റെ സുവാർത്തയ്‌ക്കു മാറ്റുകൂട്ടിയിരിക്കുന്നു? (ബി) നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?

3 ആ വർഷംമുതൽ പുളകപ്രദമായ ഒരു പുതിയ സവിശേഷത രാജ്യത്തിന്റെ സുവാർത്തയ്‌ക്കു മാറ്റുകൂട്ടിയിരിക്കുന്നു. അതേ, ആ വർഷം ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവെന്ന നിലയിൽ ക്രിസ്‌തു സജീവഭരണം ആരംഭിച്ചു​—⁠അത്‌ “ശത്രുക്കളുടെ മദ്ധ്യേ” ആയിരുന്നെങ്കിലും. (സങ്കീർത്തനം 110:1, 2; മത്തായി 24:14; വെളിപ്പാടു 12:7-12) തന്നെയുമല്ല, ചരിത്രം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആഗോള ബൈബിൾ വിദ്യാഭ്യാസ വേലയിൽ പങ്കെടുത്തുകൊണ്ട്‌ അവന്റെ വിശ്വസ്‌ത പ്രജകൾ ആ അധികാരത്തെ മുഴുഹൃദയാ പിന്തുണച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. (ദാനീയേൽ 7:13, 14; മത്തായി 28:18) ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ “രാജ്യത്തിന്റെ പുത്രന്മാർ” എന്ന നിലയിൽ “ക്രിസ്‌തുവിന്നു വേണ്ടി സ്ഥാനാപതികളായി” സേവിക്കുന്നു. ദൈവരാജ്യത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്ന, ക്രിസ്‌തുവിന്റെ ‘വേറെ ആടുകളുടെ’ തഴച്ചുവളരുന്ന ഒരു സമൂഹം അവരെ വിശ്വസ്‌തതയോടെ പിന്തുണയ്‌ക്കുന്നു. (മത്തായി 13:38; 2 കൊരിന്ത്യർ 5:20; യോഹന്നാൻ 10:16) എന്നുവരികിലും, വ്യക്തികളെന്ന നിലയിൽ നാമോരോരുത്തരും ക്രിസ്‌തുവിന്റെ അധികാരം പൂർണമായും അംഗീകരിക്കുന്നുണ്ടോയെന്നു സ്വയം പരിശോധിക്കേണ്ടതുണ്ട്‌. നാം അവനോട്‌ അചഞ്ചലമായ വിശ്വസ്‌തത പ്രകടമാക്കുന്നുണ്ടോ? സ്വർഗത്തിൽ ഭരിക്കുന്ന ഒരു രാജാവിനോടു വിശ്വസ്‌തത പ്രകടമാക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ആദ്യംതന്നെ, ക്രിസ്‌തുവിനോടു വിശ്വസ്‌തരായിരിക്കാൻ എന്തെല്ലാം കാരണങ്ങൾ ഉണ്ടെന്ന്‌ നമുക്കു പരിശോധിക്കാം.

വിശ്വസ്‌തരായിരിക്കാൻ പ്രജകളെ പ്രചോദിപ്പിക്കുന്ന രാജാവ്‌

4. നിയുക്ത രാജാവെന്ന നിലയിൽ യേശു ഭൗമിക ശുശ്രൂഷക്കാലത്ത്‌ എന്തെല്ലാം ചെയ്‌തു?

4 യേശു ചെയ്‌ത കാര്യങ്ങളും അവന്റെ മഹത്തായ ഗുണങ്ങളുമാണ്‌ അവനോടു വിശ്വസ്‌തരായിരിക്കാൻ നമ്മെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്നത്‌. (1 പത്രൊസ്‌ 1:8) ഭൂമിയിലായിരിക്കെ നിയുക്ത രാജാവെന്ന നിലയിൽ പരിമിതമായ അളവിൽ അവൻ ചെയ്‌ത കാര്യങ്ങൾ, ദൈവത്തിന്റെ തക്കസമയത്ത്‌ രാജാവായി ഭരിക്കുമ്പോൾ ആഗോളതലത്തിൽ അവൻ ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പ്രതിഫലനമായിരുന്നു. അവൻ വിശക്കുന്നവരെ പോഷിപ്പിക്കുകയും അന്ധർ, ബധിരർ, ഊമർ എന്നിങ്ങനെ പലവിധ വൈകല്യങ്ങളുള്ളവരെയും രോഗികളെയും സൗഖ്യമാക്കുകയും ചെയ്‌തു. മരിച്ചുപോയ ചിലരെ അവൻ ഉയിർപ്പിക്കുകപോലുമുണ്ടായി. (മത്തായി 15:30, 31; ലൂക്കൊസ്‌ 7:11-16; യോഹന്നാൻ 6:​5-13) കൂടാതെ, യേശുവിന്റെ ഭൗമിക ജീവിതത്തെക്കുറിച്ചു പഠിക്കുമ്പോൾ ഭൂമിയുടെ ഭാവി ഭരണാധിപനെന്ന നിലയിലുള്ള അവന്റെ ഗുണങ്ങൾ​—⁠പ്രത്യേകിച്ച്‌ ആത്മത്യാഗപരമായ സ്‌നേഹം​—⁠അടുത്തറിയാൻ നമുക്കു കഴിയും. (മർക്കൊസ്‌ 1:40-45) ഇതിനോടുള്ള ബന്ധത്തിൽ നെപ്പോളിയൻ ബോണപ്പാർട്ട്‌ പിൻവരുന്ന പ്രകാരം പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “അലക്‌സാണ്ടറും സീസറും ഷാൾമാനും ഞാനും സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. എന്നാൽ എങ്ങനെയാണ്‌ ഞങ്ങൾ ഈ മഹത്തായ നേട്ടങ്ങൾ കൈവരിച്ചത്‌? ബലപ്രയോഗത്തിലൂടെ. യേശുക്രിസ്‌തു മാത്രമാണ്‌ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിൽ തന്റെ രാജ്യം സ്ഥാപിച്ചത്‌, അതുകൊണ്ടുതന്നെ ദശലക്ഷങ്ങൾ ഇന്ന്‌ അവനുവേണ്ടി മരിക്കാൻ തയ്യാറാണ്‌.”

5. യേശുവിന്റെ വ്യക്തിത്വം ആകർഷകമായിരുന്നത്‌ എന്തുകൊണ്ട്‌?

5 യേശു സൗമ്യതയും താഴ്‌മയും ഉള്ളവനായിരുന്നു; ജീവിതഭാരങ്ങളാൽ നെടുവീർപ്പിട്ടിരുന്നവർക്ക്‌ അവന്റെ പരിപുഷ്ടിപ്പെടുത്തുന്ന പഠിപ്പിക്കലുകളും കരുണാർദ്രമായ വ്യക്തിത്വവും നവോന്മേഷം പ്രദാനം ചെയ്‌തു. (മത്തായി 11:28-30) കൊച്ചുകുട്ടികൾക്കുപോലും അവൻ പ്രിയങ്കരനായിരുന്നു. താഴ്‌മയും വിവേകവുമുള്ള മനുഷ്യർ പെട്ടെന്നുതന്നെ അവന്റെ ശിഷ്യന്മാരായിത്തീർന്നു. (മത്തായി 4:18-22; മർക്കൊസ്‌ 10:13-16) ആദരവോടും ആർദ്രതയോടും കൂടിയ അവന്റെ പെരുമാറ്റത്തിന്റെ ഫലമായി ദൈവഭക്തരായ അനേകം സ്‌ത്രീകളും അവനോടു വിശ്വസ്‌തതയോടെ പറ്റിനിന്നു. അവരിൽ പലരും അവന്റെ ശുശ്രൂഷക്കാലത്ത്‌ സമയവും ഊർജവും വസ്‌തുവകകളും അവനായി ചെലവഴിച്ചു.​—⁠ലൂക്കൊസ്‌ 8:1-3.

6. ലാസർ മരിച്ചപ്പോൾ യേശുവിന്റെ ആർദ്രവികാരങ്ങൾ പ്രകടമായത്‌ എങ്ങനെ?

6 ക്രിസ്‌തുവിന്റെ ഏറ്റവും ആർദ്രമായ വികാരങ്ങൾ പ്രകടമായ ഒരു സന്ദർഭമായിരുന്നു അവന്റെ ഉറ്റസ്‌നേഹതിനായ ലാസറിന്റെ വേർപാട്‌. മറിയയുടെയും മാർത്തയുടെയും സങ്കടം കണ്ട്‌ അവൻ വിതുമ്പിപ്പോയി; അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അൽപ്പസമയത്തിനുള്ളിൽ താൻ ലാസറിനെ ഉയിർപ്പിക്കുമെന്ന്‌ അവന്‌ അറിയാമായിരുന്നു. എന്നിട്ടും, ഹൃദയവേദനയുടെയും ദുഃഖത്തിന്റെയും ആധിക്യത്തിൽ അവന്റെ “ഉള്ളം നൊന്തു കലങ്ങി.” ആർദ്രാനുകമ്പയോടെ അവൻ തനിക്കുള്ള ദൈവദത്ത അധികാരം ഉപയോഗിച്ച്‌ ലാസറിനെ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിച്ചു.​—⁠യോഹന്നാൻ 11:11-15, 33-35, 38-44.

7. യേശു നമ്മുടെ വിശ്വസ്‌ത പിന്തുണയ്‌ക്ക്‌ അർഹനായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (31-ാം പേജിലെ ചതുരം കാണുക.)

7 ശരിയായ കാര്യങ്ങളെ യേശു ആഴമായി സ്‌നേഹിച്ചിരുന്നു; എന്നാൽ കപടഭക്തിയും ദുഷ്ടതയും അവൻ അങ്ങേയറ്റം വെറുത്തിരുന്നു​—⁠ഭയാദരവുണർത്തുന്ന എത്ര നല്ല ഒരു സ്വഭാവസവിശേഷത! അത്യാഗ്രഹികളായ വ്യാപാരികളെ ആലയത്തിൽനിന്നു പുറത്താക്കാൻ അവൻ രണ്ടുവട്ടം ധീരമായി നടപടി സ്വീകരിച്ചു. (മത്തായി 21:12, 13; യോഹന്നാൻ 2:14-17) അതു കൂടാതെ ഭൂമിയിലെ ക്ലേശപൂർണമായ ജീവിതം, നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും സമ്മർദങ്ങളും അനുഭവിച്ചറിയാൻ അവന്‌ അവസരം പ്രദാനംചെയ്യുകയുണ്ടായി. (എബ്രായർ 5:7-9) വിദ്വേഷത്തിനും അനീതിക്കും ഇരയാകുന്നത്‌ എത്ര അസുഖകരമായ അനുഭവമാണെന്നും അവൻ മനസ്സിലാക്കി. (യോഹന്നാൻ 5:15-18; 11:53, 54; 18:38-19:16) ഒടുവിൽ, തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റാനും പ്രജകൾക്കു നിത്യജീവൻ ലഭ്യമാക്കാനുമായി അവൻ തന്നെത്തന്നെ സധൈര്യം ഒരു ക്രൂരമരണത്തിനു വിട്ടുകൊടുത്തു. (യോഹന്നാൻ 3:16) ക്രിസ്‌തുവിന്റെ അത്തരം ഗുണങ്ങൾ അവനെ വിശ്വസ്‌തതയോടെ സേവിക്കുന്നതിൽ തുടരാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നില്ലേ? (എബ്രായർ 13:8; വെളിപ്പാടു 5:6-10) എന്നാൽ രാജാവായ ക്രിസ്‌തുവിന്റെ ഒരു പ്രജയായിരിക്കാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

പ്രജകൾക്കുവേണ്ട യോഗ്യതകൾ

8. ക്രിസ്‌തുവിന്റെ പ്രജകളിൽനിന്ന്‌ എന്തു പ്രതീക്ഷിക്കപ്പെടുന്നു?

8 മറ്റൊരു രാജ്യത്തെ പൗരനായിത്തീരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ചില അടിസ്ഥാന യോഗ്യതകളിൽ എത്തിച്ചേരേണ്ടത്‌ മിക്കപ്പോഴും ആവശ്യമാണ്‌. നല്ല സ്വഭാവവും ആരോഗ്യവും അതിൽ ഉൾപ്പെട്ടേക്കാം. സമാനമായി ക്രിസ്‌തുവിന്റെ പ്രജകൾ ഉയർന്ന ധാർമിക നിലവാരം പുലർത്തുന്നവരും നല്ല ആത്മീയ ആരോഗ്യമുള്ളവരും ആയിരിക്കേണ്ടതുണ്ട്‌.​—⁠1 കൊരിന്ത്യർ 6:9-11; ഗലാത്യർ 5:19-23.

9. ക്രിസ്‌തുവിനോടു വിശ്വസ്‌തരാണെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

9 പ്രജകൾ തന്നോടും തന്റെ രാജ്യത്തോടും വിശ്വസ്‌തത പ്രകടിപ്പിക്കാനും യേശുക്രിസ്‌തു ന്യായമായും പ്രതീക്ഷിക്കുന്നു. നിയുക്ത രാജാവെന്ന നിലയിൽ ഭൂമിയിലായിരിക്കെ അവൻ പഠിപ്പിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അവർ അത്തരം വിശ്വസ്‌തത പ്രകടമാക്കുന്നു. ഉദാഹരണത്തിന്‌, ഭൗതിക താത്‌പര്യങ്ങൾക്ക്‌ ഉപരിയായി രാജ്യതാത്‌പര്യങ്ങൾക്കും ദൈവേഷ്ടത്തിനും അവർ ഒന്നാം സ്ഥാനം കൊടുക്കുന്നു. (മത്തായി 6:31-34) അത്യന്തം പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും ക്രിസ്‌തുവിന്റേതുപോലുള്ള വ്യക്തിത്വം ഉള്ളവരായിരിക്കാൻ അവർ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്നു. (1 പത്രൊസ്‌ 2:21-23) കൂടാതെ ക്രിസ്‌തുവിന്റെ പ്രജകൾ മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിൽ മുൻകൈയെടുത്തുകൊണ്ട്‌ അവന്റെ മാതൃക പിൻപറ്റുന്നു.​—⁠മത്തായി 7:12; യോഹന്നാൻ 13:3-17.

10. ക്രിസ്‌തുവിനോടുള്ള വിശ്വസ്‌തത (എ) കുടുംബത്തിൽ, (ബി) സഭയിൽ എങ്ങനെ പ്രകടമാക്കാം?

10 കുടുംബമണ്ഡലത്തിൽ യേശുവിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ടും അവന്റെ അനുഗാമികൾ അവനോടു വിശ്വസ്‌തത പ്രകടമാക്കുന്നു. ഉദാഹരണത്തിന്‌, ഭാര്യയോടും മക്കളോടും പെരുമാറുന്ന വിധത്തിൽ ക്രിസ്‌തുവിന്റെ ഗുണങ്ങൾ അനുകരിച്ചുകൊണ്ട്‌ ഭർത്താക്കന്മാർ തങ്ങളുടെ സ്വർഗീയ രാജാവിനോടുള്ള വിശ്വസ്‌തത ഉയർത്തിപ്പിടിക്കുന്നു. (എഫെസ്യർ 5:25, 28-30; 6:4; 1 പത്രൊസ്‌ 3:7) ഭാര്യമാരുടെ നിർമലമായ പെരുമാറ്റവും “സൌമ്യതയും സാവധാനതയുമുള്ള” പ്രകൃതവും ക്രിസ്‌തുവിനോടുള്ള അവരുടെ വിശ്വസ്‌തതയ്‌ക്കു തെളിവു നൽകുന്നു. (1 പത്രൊസ്‌ 3:1-4; എഫെസ്യർ 5:22-24) കുട്ടികൾക്ക്‌ അനുസരണത്തിന്റെ കാര്യത്തിൽ യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ അവനോടു വിശ്വസ്‌തത പ്രകടമാക്കാൻ കഴിയും. യേശു തന്റെ മാതാപിതാക്കൾക്കു കീഴ്‌പെട്ടിരുന്നു, അവർ അപൂർണരായിരുന്നെങ്കിലും. (ലൂക്കൊസ്‌ 2:51, 52; എഫെസ്യർ 6:1) “സഹതാപവും സഹോദരപ്രീതിയും മനസ്സലിവും” പ്രകടിപ്പിച്ചുകൊണ്ട്‌ ക്രിസ്‌തുവിനെ അനുകരിക്കാൻ അവന്റെ പ്രജകൾ ആത്മാർഥമായി പരിശ്രമിക്കുന്നു. “വിനയബുദ്ധി” ഉള്ളവരായിരുന്നുകൊണ്ടും “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ”യും ക്രിസ്‌തുവിനെപ്പോലെ ജീവിക്കാൻ അവർ പ്രയത്‌നിക്കുന്നു.​—⁠1 പത്രൊസ്‌ 3:8, 9; 1 കൊരിന്ത്യർ 11:⁠1.

നിയമം അനുസരിക്കുന്ന പ്രജകൾ

11. ക്രിസ്‌തുവിന്റെ പ്രജകൾ ഏതു നിയമങ്ങൾക്കു കീഴ്‌പെടുന്നു?

11 മറ്റൊരു രാജ്യത്ത്‌ പൗരന്മാരായിത്തീരാൻ ആഗ്രഹിക്കുന്നവർ അവിടത്തെ നിയമങ്ങൾ അനുസരിക്കുന്നതുപോലെ ക്രിസ്‌തുവിന്റെ പ്രജകൾ, അവൻ പഠിപ്പിക്കുകയും കൽപ്പിക്കുകയും ചെയ്‌തിട്ടുള്ള സകല കാര്യങ്ങൾക്കും ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ “ക്രിസ്‌തുവിന്റെ ന്യായപ്രമാണ”ത്തിനു കീഴ്‌പെടുന്നു. (ഗലാത്യർ 6:2) പ്രത്യേകിച്ചും സ്‌നേഹത്തിന്റെ “രാജകീയന്യായപ്രമാണം” വിശ്വസ്‌തതയോടെ പിൻപറ്റിക്കൊണ്ട്‌ അവർ ജീവിതം നയിക്കുന്നു. (യാക്കോബ്‌ 2:8) ഈ നിയമങ്ങളിൽ എന്തെല്ലാം ഉൾപ്പെടുന്നു?

12, 13. എങ്ങനെയാണ്‌ നാം “ക്രിസ്‌തുവിന്റെ ന്യായപ്രമാണ”ത്തിനു വിശ്വസ്‌തമായി കീഴ്‌പെടുന്നത്‌?

12 കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരല്ല ക്രിസ്‌തുവിന്റെ പ്രജകൾ. (റോമർ 3:23) ആയതിനാൽ ‘ഹൃദയപൂർവ്വം അന്യോന്യം ഉറ്റു സ്‌നേഹിക്കാൻ’ അവർ “നിർവ്യാജമായ സഹോദരപ്രീതി” നട്ടുവളർത്തുന്നതിൽ തുടരേണ്ടതുണ്ട്‌. (1 പത്രൊസ്‌ 1:22) ഒരാൾക്ക്‌ മറ്റൊരാൾക്കെതിരെ പരാതിയുണ്ടായാൽ “അന്യോന്യം പൊറുക്കയും . . . തമ്മിൽ ക്ഷമിക്കയും” ചെയ്‌തുകൊണ്ട്‌ ക്രിസ്‌ത്യാനികൾ ക്രിസ്‌തുവിന്റെ നിയമത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്നു. ഈ നിയമം അനുസരിക്കുന്നത്‌, മറ്റുള്ളവരുടെ തുടർച്ചയായ വീഴ്‌ചകൾ ഗണ്യമാക്കാതെ തുടർന്നും സ്‌നേഹം പ്രകടമാക്കാൻ അവരെ സഹായിക്കും. സ്‌നേഹവാനായ നമ്മുടെ രാജാവിനു വിശ്വസ്‌തമായി കീഴ്‌പെട്ടിരുന്നുകൊണ്ട്‌ ഐക്യത്തിന്റെ ‘സമ്പൂർണ ബന്ധമായ’ സ്‌നേഹം ധരിക്കുന്നവരോടൊപ്പം ആയിരിക്കാൻ കഴിയുന്നതിൽ നിങ്ങൾ കൃതജ്ഞതയുള്ളവരല്ലേ?​—⁠കൊലൊസ്സ്യർ 3:13, 14.

13 കൂടുതലായി, താൻ പ്രകടിപ്പിച്ചുകാണിച്ച സ്‌നേഹം, സാധാരണഗതിയിൽ ആളുകൾ പരസ്‌പരം പ്രകടിപ്പിക്കുന്ന സ്‌നേഹത്തെക്കാൾ ഉത്‌കൃഷ്ടമാണെന്ന്‌ യേശു വ്യക്തമാക്കി. (യോഹന്നാൻ 13:34, 35) നമ്മെ സ്‌നേഹിക്കുന്നവരെമാത്രം നാം സ്‌നേഹിച്ചാൽ മറ്റുള്ളവരെക്കാൾ “എന്തു വിശേഷ”മാണു നമുക്കുള്ളത്‌? അങ്ങനെയായാൽ നമ്മുടെ സ്‌നേഹം അപൂർണമായിരിക്കും. നമ്മെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ശത്രുക്കളോടുപോലും തത്ത്വാധിഷ്‌ഠിത സ്‌നേഹം പ്രകടമാക്കിക്കൊണ്ട്‌ തന്റെ പിതാവിന്റെ സ്‌നേഹം അനുകരിക്കാൻ യേശു നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (മത്തായി 5:46-48) തങ്ങളുടെ സർവപ്രധാനമായ വേല വിശ്വസ്‌തതയോടെ തുടർന്നുചെയ്യാനും രാജ്യത്തിന്റെ പ്രജകളെ ഈ സ്‌നേഹം പ്രചോദിപ്പിക്കുന്നു. എന്താണ്‌ ആ വേല?

വിശ്വസ്‌തത പരീക്ഷിക്കപ്പെടുന്നു

14. പ്രസംഗപ്രവർത്തനം അതിപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 ദൈവരാജ്യത്തിന്റെ പ്രജകൾ ഇന്ന്‌ ഒരു നിർണായക വേലയിൽ ഏർപ്പെട്ടിരിക്കുന്നു, രാജ്യത്തെക്കുറിച്ചു സമഗ്രസാക്ഷ്യം നൽകുകയെന്നതാണ്‌ അത്‌. (പ്രവൃത്തികൾ 28:23) ആ വേല അതിപ്രധാനമാണ്‌, എന്തുകൊണ്ടെന്നാൽ യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുന്നത്‌ ആ മിശിഹൈക രാജ്യമായിരിക്കും. (1 കൊരിന്ത്യർ 15:24-28) സുവാർത്ത പ്രസംഗിക്കുമ്പോൾ കേൾവിക്കാർക്ക്‌ ദൈവരാജ്യത്തിന്റെ പ്രജകളാകാനുള്ള അവസരം നാം തുറന്നുകൊടുക്കുന്നു. കൂടാതെ നമ്മുടെ സന്ദേശത്തോടുള്ള ആളുകളുടെ പ്രതികരണം, മനുഷ്യവർഗത്തെ ന്യായംവിധിക്കാൻ രാജാവായ ക്രിസ്‌തുവിന്‌ ഒരു അടിസ്ഥാനം പ്രദാനംചെയ്യുന്നു. (മത്തായി 24:14; 2 തെസ്സലൊനീക്യർ 1:6-10) അതുകൊണ്ട്‌ രാജ്യത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുകയെന്ന കൽപ്പന അനുസരിക്കുന്നതാണ്‌ നമുക്ക്‌ ക്രിസ്‌തുവിനോടു വിശ്വസ്‌തത പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു സുപ്രധാന വിധം.​—⁠മത്തായി 28:18-20.

15. ക്രിസ്‌ത്യാനികളുടെ വിശ്വസ്‌തത പരിശോധനയ്‌ക്കു വിധേയമാക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

15 അതേസമയം, സാധ്യമായ എല്ലാ വിധങ്ങളിലും സാത്താൻ നമ്മുടെ പ്രസംഗപ്രവർത്തനത്തെ എതിർത്തുകൊണ്ടിരിക്കുകയാണ്‌. മാനുഷ ഭരണാധികാരികളും ക്രിസ്‌തുവിന്റെ ദൈവദത്ത അധികാരത്തിനു വിലകൽപ്പിക്കുന്നില്ല. (സങ്കീർത്തനം 2:1-3, 6-8) അതുകൊണ്ട്‌ യേശു തന്റെ ശിഷ്യന്മാർക്ക്‌ ഈ മുന്നറിയിപ്പു നൽകി: “ദാസൻ യജമാനനെക്കാൾ വലിയവനല്ല . . . അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (യോഹന്നാൻ 15:20) അങ്ങനെ, വിശ്വസ്‌തത പരീക്ഷിക്കപ്പെടുന്ന ഒരു ആത്മീയ പോരാട്ടത്തിൽ തങ്ങൾ ഉൾപ്പെട്ടിരിക്കുന്നതായി ക്രിസ്‌തുവിന്റെ അനുഗാമികൾ തിരിച്ചറിയുന്നു.​—⁠2 കൊരിന്ത്യർ 10:3-5; എഫെസ്യർ 6:10-12.

16. രാജ്യത്തിന്റെ പ്രജകൾ “ദൈവത്തിന്നുള്ളതു ദൈവത്തിന്നു” കൊടുക്കുന്നത്‌ എങ്ങനെ?

16 എന്നിരുന്നാലും ദൈവരാജ്യത്തിന്റെ പ്രജകൾ മാനുഷ അധികാരികളോട്‌ അനാദരവു പ്രകടമാക്കാതെതന്നെ തങ്ങളുടെ അദൃശ്യ രാജാവിനോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്നു. (തീത്തൊസ്‌ 3:1, 2) യേശു ഇങ്ങനെ പറഞ്ഞു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” (മർക്കൊസ്‌ 12:13-17) അതുകൊണ്ട്‌ ക്രിസ്‌തുവിന്റെ പ്രജകൾ ദൈവനിയമത്തിനു വിരുദ്ധമല്ലാത്ത ഏതൊരു ഗവണ്മെന്റ്‌ നിയമവും അനുസരിക്കുന്നു. (റോമർ 13:1-7) എന്നിരുന്നാലും, പ്രസംഗം അവസാനിപ്പിക്കാൻ ദൈവനിയമം മറികടന്നുകൊണ്ട്‌ യഹൂദ പരമോന്നത കോടതി യേശുവിന്റെ ശിഷ്യന്മാരോട്‌ ആജ്ഞാപിച്ചപ്പോൾ അവർ അചഞ്ചലമായി എന്നാൽ ആദരപൂർവം ഇങ്ങനെ പറഞ്ഞു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”​—⁠പ്രവൃത്തികൾ 1:8; 5:27-32.

17. വിശ്വസ്‌തതയുടെ പരിശോധനകൾ നമുക്കു സധൈര്യം നേരിടാനാകുന്നത്‌ എന്തുകൊണ്ട്‌?

17 വ്യക്തമായും, ഉപദ്രവിക്കപ്പെടുമ്പോൾ തങ്ങളുടെ രാജാവിനോടു വിശ്വസ്‌തരായി നിലകൊള്ളാൻ ക്രിസ്‌തുവിന്റെ പ്രജകൾക്കു ധൈര്യം ആവശ്യമാണ്‌. എന്നിരുന്നാലും യേശു ഇങ്ങനെ പറഞ്ഞു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ.” (മത്തായി 5:11, 12) ആദ്യകാല ക്രിസ്‌ത്യാനികൾ ആ വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞു. രാജ്യപ്രസംഗവേല നിറുത്താഞ്ഞതിന്റെ പേരിൽ പ്രഹരം ഏറ്റുവാങ്ങിയപ്പോഴും “തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ” അവർ സന്തോഷിക്കുകയാണു ചെയ്‌തത്‌. “പിന്നെ അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.” (പ്രവൃത്തികൾ 5:41, 42) ക്ലേശങ്ങളോ രോഗങ്ങളോ പ്രിയപ്പെട്ടവരുടെ മരണമോ എതിർപ്പോ ഒന്നും ഗണ്യമാക്കാതെ സമാനമായ മനോഭാവം പ്രകടമാക്കുന്ന നിങ്ങളും അഭിനന്ദനം അർഹിക്കുന്നു.​—⁠റോമർ 5:3-5; എബ്രായർ 13:⁠6.

18. പൊന്തിയൊസ്‌ പീലാത്തൊസിനോടുള്ള യേശുവിന്റെ വാക്കുകൾ എന്തു സൂചിപ്പിക്കുന്നു?

18 നിയുക്ത രാജാവായിരിക്കെത്തന്നെ റോമൻ ഗവർണറായ പൊന്തിയൊസ്‌ പീലാത്തൊസിനോട്‌ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കയ്യിൽ ഏല്‌പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല.” (യോഹന്നാൻ 18:36) അതിനാൽ ആ സ്വർഗീയ രാജ്യത്തിന്റെ പ്രജകൾ ആയുധമെടുക്കുകയോ പോരാട്ടങ്ങളിൽ പക്ഷംപിടിക്കുകയോ ചെയ്യുന്നില്ല. ഛിദ്രിച്ച ഈ ലോകത്തിൽ നിഷ്‌പക്ഷത പാലിച്ചുകൊണ്ട്‌ അവർ “സമാധാനപ്രഭു”വിനോടുള്ള വിശ്വസ്‌തത കാക്കുന്നു.​—⁠യെശയ്യാവു 2:2-4; 9:6, 7.

വിശ്വസ്‌ത പ്രജകൾക്കുള്ള നിത്യാനുഗ്രഹങ്ങൾ

19. ക്രിസ്‌തുവിന്റെ പ്രജകൾക്ക്‌ ശുഭാപ്‌തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

19 ‘രാജാധിരാജാവായ’ ക്രിസ്‌തുവിന്റെ വിശ്വസ്‌ത പ്രജകൾ ശുഭാപ്‌തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുന്നു. ആസന്ന ഭാവിയിൽ അവന്റെ രാജകീയാധികാരത്തിന്റെ അമ്പരപ്പിക്കുന്ന പ്രകടനം കാണാൻ അവർ അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. (വെളിപ്പാടു 19:11-20:3; മത്തായി 24:30) വിശ്വസ്‌തരും ആത്മാഭിഷിക്തരുമായ ‘രാജ്യത്തിന്റെ പുത്രന്മാരിൽ’ ശേഷിക്കുന്നവർ രാജാക്കന്മാരെന്ന നിലയിൽ ക്രിസ്‌തുവിനോടൊപ്പം തങ്ങൾക്കു സ്വർഗത്തിൽ ലഭിക്കാനിരിക്കുന്ന അമൂല്യമായ അവകാശത്തിനായും കാത്തിരിക്കുന്നു. (മത്തായി 13:38; ലൂക്കൊസ്‌ 12:32) ക്രിസ്‌തുവിന്റെ വിശ്വസ്‌തരായ “വേറെ ആടുകൾ” തങ്ങളുടെ രാജാവിന്റെ പിൻവരുന്ന അംഗീകാരത്തിൻ പ്രഖ്യാപനത്തിനായി കാതോർക്കുന്നു: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം [രാജ്യത്തിൻകീഴിലെ ഭൗമിക പറുദീസ] അവകാശമാക്കിക്കൊൾവിൻ.” (യോഹന്നാൻ 10:16; മത്തായി 25:34) അതിനാൽ രാജാവായ ക്രിസ്‌തുവിനെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരാൻ രാജ്യത്തിന്റെ സകല പ്രജകളും ദൃഢനിശ്ചയമുള്ളവർ ആയിരിക്കട്ടെ.

[അടിക്കുറിപ്പ്‌]

^ ഖ. 2 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിന്റെ 95-7 പേജുകളിലുള്ള, “ദൈവത്തിന്റെ രാജ്യം 1914-ൽ സ്ഥാപിതമായി എന്ന്‌ യഹോവയുടെ സാക്ഷികൾ പറയുന്നത്‌ എന്തുകൊണ്ട്‌?” എന്ന ഭാഗം കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ക്രിസ്‌തു നമ്മുടെ വിശ്വസ്‌ത പിന്തുണ അർഹിക്കുന്നത്‌ എന്തുകൊണ്ട്‌?

• ക്രിസ്‌തുവിന്റെ പ്രജകൾ അവനോടു വിശ്വസ്‌തത പ്രകടമാക്കുന്നത്‌ എങ്ങനെ?

• രാജാവായ ക്രിസ്‌തുവിനോടു വിശ്വസ്‌തരായിരിക്കാൻ നാം ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[31-ാം പേജിലെ ചതുരം]

ക്രിസ്‌തുവിന്റെ മറ്റു ചില സവിശേഷ ഗുണങ്ങൾ

നിഷ്‌പക്ഷത​—⁠യോഹന്നാൻ 4:7-30.

അനുകമ്പ​—⁠മത്തായി 9:35-38; 12:18-21; മർക്കൊസ്‌ 6:30-34.

ആത്മത്യാഗപരമായ സ്‌നേഹം​—⁠യോഹന്നാൻ 13:1; 15:12-15.

വിശ്വസ്‌തത​—⁠മത്തായി 4:1-11; 28:20; മർക്കൊസ്‌ 11:15-18.

സമാനുഭാവം​—⁠മർക്കൊസ്‌ 7:32-35; ലൂക്കൊസ്‌ 7:11-15; എബ്രായർ 4:15, 16.

ന്യായബോധം​—⁠മത്തായി 15:21-28.

[29-ാം പേജിലെ ചിത്രം]

പരസ്‌പരം സ്‌നേഹിക്കുന്നതിലൂടെ നാം “ക്രിസ്‌തുവിന്റെ ന്യായപ്രമാണ”ത്തിനു വിശ്വസ്‌തമായി കീഴ്‌പെടുന്നു

[31-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌തുവിനെ വിശ്വസ്‌തമായി സേവിക്കാൻ അവന്റെ ഗുണങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കുന്നുണ്ടോ?