അമൂല്യമായ ഒരു “ബലഹീനപാത്രം”
അമൂല്യമായ ഒരു “ബലഹീനപാത്രം”
‘ഭർത്താക്കന്മാരേ, വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ച് സ്ത്രീജനം ബലഹീനപാത്രം എന്ന് ഓർത്ത് അവർക്കു ബഹുമാനം കൊടുപ്പിൻ’ എന്ന് അപ്പൊസ്തലനായ പത്രൊസ് എഴുതി. (1 പത്രൊസ് 3:7) സ്ത്രീയെ “ബലഹീനപാത്രം” എന്നു വിശേഷിപ്പിക്കുകവഴി തിരുവെഴുത്തുകൾ അവളെ വിലകുറച്ചു കാണിക്കുകയാണോ? നിശ്വസ്ത എഴുത്തുകാരൻ അതെഴുതിയത് ഏത് അർഥത്തിലായിരുന്നെന്ന് നമുക്കു നോക്കാം.
“ബഹുമാനം” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു നാമം “വില, മൂല്യം, ആദരവ്” എന്നെല്ലാം അർഥമാക്കുന്നു. അതുകൊണ്ട് ലോലവും വിലപിടിപ്പുള്ളതുമായ ഒരു പാത്രം കൈകാര്യം ചെയ്യുന്ന അതേ ശ്രദ്ധയോടും കരുതലോടുംകൂടെ ആയിരിക്കണം ഒരു ക്രിസ്തീയ ഭർത്താവ് ഭാര്യയോട് ഇടപെടേണ്ടത്. ഇത് അവളെ ഒരുവിധത്തിലും താഴ്ത്തിക്കെട്ടുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കഴിയുന്നത്? അതു ദൃഷ്ടാന്തീകരിക്കാൻ ലൂയിസ് ടിഫനി എന്ന കരകൗശലവിദഗ്ധൻ നിർമിച്ച താമരവിളക്കിന്റെ കാര്യമെടുക്കാം. അതിമനോഹരമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന ഈ വിളക്ക് വളരെ ലോലമാണ്. എന്നാൽ ആ വസ്തുത അതിന്റെ മൂല്യം കുറച്ചുകളയുന്നുണ്ടോ? തീർച്ചയായും ഇല്ല! 1997-ൽ, ടിഫനിയുടെ താമരവിളക്ക് 12.6 കോടി രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്! വിളക്കിന്റെ ആ പ്രത്യേകത അതിന്റെ മൂല്യം ഉയർത്തുകയാണു ചെയ്തത്, കുറയ്ക്കുകയല്ല.
സമാനമായി, ‘ബലഹീനപാത്രം എന്ന് ഓർത്ത് സ്ത്രീകൾക്കു ബഹുമാനം കൊടുക്കുന്നത്’ അവരുടെ മൂല്യം കുറച്ചുകളയുന്നില്ല. ഒരു ഭർത്താവ് “വിവേകത്തോടെ” ഭാര്യയോടുകൂടെ വസിക്കണം എന്നതിന്റെ അർഥം അദ്ദേഹം അവളുടെ കഴിവുകളും പരിമിതികളും ഇഷ്ടാനിഷ്ടങ്ങളും വീക്ഷണഗതികളും വികാരങ്ങളുമെല്ലാം കണക്കിലെടുക്കണം എന്നാണ്. പരിഗണനയുള്ള ഒരു ഭർത്താവ് തന്റെയും ഭാര്യയുടെയും വ്യക്തിത്വത്തിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കി അവയെ മാനിക്കുന്നു. തന്റെ “പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു” അദ്ദേഹം അവൾക്ക് അർഹമായ പരിഗണന നൽകുന്നു. (1 പത്രൊസ് 3:7) ഭാര്യയുടെ സ്ത്രൈണ സവിശേഷതകൾ മാനിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു ഭർത്താവ് ദൈവവുമായുള്ള തന്റെ ബന്ധം അപകടത്തിലാക്കുന്നു. അതേ, ദൈവവചനം സ്ത്രീകളുടെ മൂല്യം കുറച്ചുകാണിക്കുന്നില്ല. മറിച്ച് അത് അവർക്ക് മാന്യത കൽപ്പിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നു.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© Christie’s Images Limited 1997