വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ അതിജീവനത്തിനു സജ്ജരാണോ?

നിങ്ങൾ അതിജീവനത്തിനു സജ്ജരാണോ?

നിങ്ങൾ അതിജീവനത്തിനു സജ്ജരാണോ?

“നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.”​—⁠ഉല്‌പത്തി 7:⁠1.

1. നോഹയുടെ കാലത്ത്‌ അതിജീവനത്തിനുള്ള എന്തു കരുതലാണ്‌ യഹോവ ചെയ്‌തത്‌?

നോഹയുടെ കാലത്ത്‌ യഹോവ “ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തി.” എന്നാൽ അവൻ അതിജീവനത്തിനുള്ള കരുതലും ചെയ്‌തു. (2 പത്രൊസ്‌ 2:5) ജീവരക്ഷയ്‌ക്കായി ഒരു പെട്ടകം പണിയുന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിർദേശങ്ങൾ സത്യദൈവം നീതിമാനായ നോഹയ്‌ക്കു നൽകി. (ഉല്‌പത്തി 6:14-16) യഹോവയുടെ ഒരു വിശ്വസ്‌ത ദാസനിൽനിന്നു നാം പ്രതീക്ഷിക്കുന്നതുപോലെ, “ദൈവം തന്നോടു കല്‌പിച്ചതൊക്കെയും നോഹ ചെയ്‌തു.” അതേ, “അങ്ങനെ തന്നേ അവൻ ചെയ്‌തു.” നാമിന്നു ജീവനോടെയുള്ളത്‌ നോഹയുടെ അനുസരണത്താലാണെന്നു പറയുന്നതിൽ തെറ്റില്ല.​—⁠ഉല്‌പത്തി 6:22.

2, 3. (എ) നോഹയുടെ കാലത്തു ജീവിച്ചിരുന്നവർ അവന്റെ പ്രവർത്തനത്തോടു പ്രതികരിച്ചതെങ്ങനെ? (ബി) എന്തിലുള്ള ഉറച്ച വിശ്വാസത്തോടെയാണ്‌ നോഹ പെട്ടകത്തിൽ പ്രവേശിച്ചത്‌?

2 പെട്ടകം പണിയുക എന്നത്‌ അത്ര എളുപ്പമായിരുന്നില്ല. പെട്ടക നിർമാണത്തോടുള്ള ബന്ധത്തിൽ നോഹയും കുടുംബവും കൈവരിച്ചുകൊണ്ടിരുന്ന പുരോഗതി അനേകരെയും അത്ഭുതസ്‌തബ്ധരാക്കിയിരിക്കണം. എങ്കിൽപ്പോലും, പെട്ടകത്തിൽ പ്രവേശിച്ചാൽ മാത്രമേ രക്ഷപ്പെടാനാകൂ എന്നു ബോധ്യംവരാൻ അവർക്ക്‌ അതൊന്നും പോരായിരുന്നു. അവസാനം, ആ ദുഷ്ട വ്യവസ്ഥിതിയോടുള്ള ദൈവത്തിന്റെ ക്ഷമ നശിച്ചു.​—⁠ഉല്‌പത്തി 6:3; 1 പത്രൊസ്‌ 3:​19, 20.

3 നോഹയുടെയും കുടുംബത്തിന്റെയും പതിറ്റാണ്ടുകളിലെ കഠിനാധ്വാനത്തിനു ശേഷം യഹോവ നോഹയോടു പറഞ്ഞു: “നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.” യഹോവയുടെ വാക്കിലുള്ള ഉറച്ച വിശ്വാസത്തോടെ “നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും . . . പെട്ടകത്തിൽ കടന്നു.” തന്റെ ആരാധകരെ സംരക്ഷിക്കാനായി യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചു. പ്രളയജലം ഭൂമിയെ മൂടിയപ്പോൾ, ആ പെട്ടകം അതിജീവനത്തിനുള്ള ദൈവത്തിന്റെ ആശ്രയയോഗ്യമായ കരുതലാണെന്നു തെളിഞ്ഞു.​—⁠ഉല്‌പത്തി 7:1, 7, 10, 16.

നോഹയുടെ കാലവും നമ്മുടെ കാലവും തമ്മിലുള്ള സമാനതകൾ

4, 5. (എ) യേശു തന്റെ സാന്നിധ്യത്തിന്റെ സമയത്തെ ഏതു കാലവുമായി താരതമ്യപ്പെടുത്തി? (ബി) നോഹയുടെ കാലവും നമ്മുടെ കാലവും തമ്മിൽ എന്തു സമാനതകളാണ്‌ ഉള്ളത്‌?

4 “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും.” (മത്തായി 24:37) ഈ വാക്കുകളാൽ, തന്റെ അദൃശ്യ സാന്നിധ്യത്തിന്റെ സമയം നോഹയുടെ കാലം പോലെയായിരിക്കും എന്ന്‌ യേശു സൂചിപ്പിച്ചു; അത്‌ അങ്ങനെതന്നെ ആണെന്നും തെളിഞ്ഞിരിക്കുന്നു. ദൈവജനം എല്ലാ ജനതകളിലെയും ആളുകളോട്‌ നോഹ നൽകിയതുപോലുള്ള ഒരു മുന്നറിയിപ്പിൻ സന്ദേശം പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌, പ്രത്യേകിച്ച്‌ 1919 മുതൽ. പൊതുവേ ആളുകളുടെ പ്രതികരണം നോഹയുടെ കാലത്തു ജീവിച്ചിരുന്ന ആളുകളുടേതിനോടു സമാനമാണ്‌.

5 ജലപ്രളയം വരുത്തിക്കൊണ്ട്‌, “അതിക്രമംകൊണ്ടു നിറഞ്ഞി”രുന്ന ഒരു ലോകത്തിനെതിരെ യഹോവ നടപടി സ്വീകരിച്ചു. (ഉല്‌പത്തി 6:13) നോഹയും കുടുംബവും അത്തരം അക്രമപ്രവർത്തനങ്ങളിൽ പങ്കുചേർന്നില്ല എന്നതും സമാധാനത്തോടെ പെട്ടകം പണിയുന്നതിൽ തുടർന്നു എന്നതും അവർക്കു ചുറ്റുമുള്ള ഏവർക്കും വ്യക്തമായിരുന്നു. ഇക്കാര്യത്തിലും നമുക്ക്‌ ഇന്നൊരു സമാനത ദർശിക്കാനാകും. ആത്മാർഥതയുള്ളവർക്ക്‌ “നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലു[മു]ള്ള വ്യത്യാസം” ഇന്നു കാണാൻ കഴിയും. (മലാഖി 3:18) യഹോവയുടെ സാക്ഷികളുടെ സത്യസന്ധത, ദയ, സമാധാനപ്രിയം, ഉത്സാഹം എന്നീ ഗുണങ്ങളെ മുൻവിധിയില്ലാത്ത ആളുകൾ പ്രകീർത്തിക്കുന്നു എന്നു മാത്രമല്ല ഇവ ദൈവജനത്തെ പൊതു ലോകത്തിൽനിന്നു വ്യത്യസ്‌തരാക്കുകയും ചെയ്യുന്നു. യാതൊരു വിധത്തിലുമുള്ള അക്രമപ്രവർത്തനങ്ങളിൽ യഹോവയുടെ സാക്ഷികൾ ഉൾപ്പെടുന്നില്ല. പകരം, തങ്ങളെ നയിക്കാൻ അവർ യഹോവയുടെ ആത്മാവിനെ അനുവദിക്കുന്നു. അതുകൊണ്ടുതന്നെ അവർ സമാധാനം ആസ്വദിക്കുകയും നീതിയുടെ പാത പിന്തുടരുകയും ചെയ്യുന്നു.​—⁠യെശയ്യാവു 60:17.

6, 7, (എ) നോഹയുടെ കാലത്തെ ആളുകൾ എന്തു തിരിച്ചറിയാൻ പരാജയപ്പെട്ടു, ഇന്നും ആളുകൾ എന്തു തിരിച്ചറിയാൻ പരാജയപ്പെടുന്നു? (ബി) യഹോവയുടെ സാക്ഷികൾ വ്യത്യസ്‌തരാണെന്ന്‌ ആളുകൾ പൊതുവേ അംഗീകരിക്കുന്നുവെന്ന്‌ ഏത്‌ ഉദാഹരണങ്ങൾ കാണിക്കുന്നു?

6 നോഹയ്‌ക്ക്‌ ദിവ്യ പിന്തുണ ഉണ്ടെന്നും ദൈവത്തിന്റെ നിർദേശപ്രകാരമാണ്‌ അവൻ പ്രവർത്തിക്കുന്നതെന്നും തിരിച്ചറിയാൻ അന്നുള്ളവർ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ അവർ അവന്റെ മുന്നറിയിപ്പിൻ ദൂത്‌ ഗൗരവമായി എടുക്കുകയോ അതനുസരിച്ചു പ്രവർത്തിക്കുകയോ ചെയ്‌തില്ല. ഇന്നത്തെ ആളുകളുടെ കാര്യമോ? യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലും അനേകർക്കും മതിപ്പുതോന്നുന്നുവെങ്കിലും അവരിൽ മിക്കവരും സുവാർത്തയും ബൈബിളിന്റെ മുന്നറിയിപ്പും ഗൗരവമായി എടുക്കുന്നില്ല. അയൽക്കാരും തൊഴിലുടമകളും ബന്ധുക്കളും സത്യക്രിസ്‌ത്യാനികളുടെ നല്ല ഗുണങ്ങളെ പുകഴ്‌ത്തുമ്പോൾത്തന്നെ ഇങ്ങനെ നെടുവീർപ്പിട്ടേക്കാം: “അവർ യഹോവയുടെ സാക്ഷികൾ അല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!” എന്നാൽ ഇക്കൂട്ടർ ഒരു കാര്യം മറക്കുന്നു: യഹോവയുടെ സാക്ഷികൾ സ്‌നേഹം, സമാധാനം, ദയ, പരോപകാരം, സൗമ്യത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങൾ പ്രകടിപ്പിക്കുന്നത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാലാണെന്ന സത്യം. (ഗലാത്യർ 5:22-25) ഇത്‌ വാസ്‌തവത്തിൽ അവരുടെ സന്ദേശത്തിൽ വിശ്വാസം അർപ്പിക്കുന്നതിന്‌ ആളുകൾക്ക്‌ കൂടുതലായ കാരണം നൽകേണ്ടതാണ്‌.

7 ഉദാഹരണത്തിന്‌, റഷ്യയിൽ യഹോവയുടെ സാക്ഷികൾ ഒരു രാജ്യഹാൾ നിർമിച്ചുകൊണ്ടിരുന്ന സമയത്ത്‌ ആ വഴിക്കു വന്ന ഒരാൾ നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു വ്യക്തിയോട്‌ ഇങ്ങനെ പറഞ്ഞു: “ഇതുപോലെ ഒരു പണിസ്ഥലം കണ്ടിട്ടേയില്ല​—⁠ആരും പുകവലിക്കുന്നില്ല, പരുഷമായി സംസാരിക്കുന്നില്ല, മദ്യപിച്ചിട്ടില്ല! നിങ്ങൾ യഹോവയുടെ സാക്ഷിയോ മറ്റോ ആണോ?” ജോലിചെയ്‌തുകൊണ്ടിരുന്ന വ്യക്തി അദ്ദേഹത്തോടു ചോദിച്ചു, “അല്ല എന്നു ഞാൻ പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ?” “എങ്ങനെ വിശ്വസിക്കും,” എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റഷ്യയിലെ മറ്റൊരു നഗരത്തിലെ മേയറിന്‌, യഹോവയുടെ സാക്ഷികൾ ഒരു പുതിയ രാജ്യഹാൾ പണിയുന്നതു കണ്ട്‌ വളരെ മതിപ്പു തോന്നി. എല്ലാ മതസമൂഹങ്ങളെയും ഒരുപോലെയാണ്‌ അദ്ദേഹം മുമ്പു വീക്ഷിച്ചിരുന്നതെങ്കിലും യഹോവയുടെ സാക്ഷികളുടെ നിസ്സ്വാർഥത നേരിൽ കണ്ടപ്പോൾ തന്റെ വീക്ഷണത്തിനു മാറ്റം വന്നെന്ന്‌ അദ്ദേഹം പറഞ്ഞു. ബൈബിളിലെ നിലവാരങ്ങളോടു പറ്റിനിൽക്കാത്തവരിൽനിന്നു വ്യത്യസ്‌തരാണ്‌ യഹോവയുടെ ജനം എന്നു കാണിക്കുന്ന രണ്ട്‌ ഉദാഹരണങ്ങൾ മാത്രമാണിവ.

8. എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും നാം ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നത്‌?

8 പ്രളയത്തിൽ നശിച്ച ആ “പുരാതനലോക”ത്തിന്റെ അവസാന കാലത്ത്‌ നോഹ ഒരു വിശ്വസ്‌തനായ “നീതിപ്രസംഗി” ആയിരുന്നു. (2 പത്രൊസ്‌ 2:5) ഈ വ്യവസ്ഥിതിയുടെ അന്ത്യകാലത്ത്‌ യഹോവയുടെ ജനം അവന്റെ നീതിയുള്ള നിലവാരങ്ങളെ അറിയിക്കുകയും പുതിയ ലോകത്തിലേക്ക്‌ അതിജീവിക്കുന്നതിനുള്ള സാധ്യതയെ സംബന്ധിച്ച സുവാർത്ത ഘോഷിക്കുകയും ചെയ്യുന്നു. (2 പത്രൊസ്‌ 3:9-13) നോഹയും ദൈവഭയമുണ്ടായിരുന്ന അവന്റെ കുടുംബവും പെട്ടകത്തിൽ സംരക്ഷിക്കപ്പെട്ടതുപോലെ ഇന്ന്‌ ഓരോരുത്തരുടെയും അതിജീവനത്തിന്റെ അടിസ്ഥാനം വിശ്വാസവും യഹോവയുടെ സാർവത്രിക സംഘടനയുടെ ഭൗമിക ഭാഗത്തോടുള്ള വിശ്വസ്‌തമായ പറ്റിനിൽപ്പുമാണ്‌.

അതിജീവനത്തിനു വിശ്വാസം ആവശ്യമാണ്‌

9, 10. സാത്താന്റെ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നതിന്‌ വിശ്വാസം അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 സാത്താന്റെ അധികാരത്തിൽ കിടക്കുന്ന ഈ ലോകത്തിന്റെ ആസന്നമായ നാശത്തെ അതിജീവിക്കാൻ ഒരു വ്യക്തി എന്തു ചെയ്യണം? (1 യോഹന്നാൻ 5:19) ആദ്യംതന്നെ, സംരക്ഷണത്തിന്റെ ആവശ്യം തിരിച്ചറിയണം. തുടർന്ന്‌ സംരക്ഷണം സ്വീകരിക്കണം. നോഹയുടെ കാലത്തെ ആളുകൾ പതിവുപോലെ അവരുടെ അനുദിന ജീവിതത്തിൽ മുഴുകിയിരുന്നു; ആസന്നമായ നാശത്തിൽനിന്നുള്ള സംരക്ഷണത്തിന്റെ ഒരാവശ്യവും അവർ കണ്ടില്ല. മാത്രമല്ല, ദൈവത്തിലുള്ള വിശ്വാസവും അവർക്കില്ലായിരുന്നു.

10 നേരെമറിച്ച്‌, നോഹയും അവന്റെ കുടുംബവും സംരക്ഷണത്തിന്റെയും വിടുതലിന്റെയും ആവശ്യം തിരിച്ചറിഞ്ഞു. അഖിലാണ്ഡ പരമാധികാരിയായ യഹോവയാം ദൈവത്തിൽ അവർ വിശ്വാസം അർപ്പിക്കുകയും ചെയ്‌തു. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു.”​—⁠എബ്രായർ 11:6, 7.

11. കഴിഞ്ഞ കാലങ്ങളിൽ യഹോവ സംരക്ഷണം നൽകിയ വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

11 ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നതിന്‌ ഇതു നശിപ്പിക്കപ്പെടുമെന്നു കേവലം വിശ്വസിക്കുന്നതിലും അധികം നാം ചെയ്‌തേ തീരൂ. അതിജീവനത്തിനുള്ള ദൈവത്തിന്റെ കരുതലുകളിൽ വിശ്വാസം അർപ്പിക്കുകയും ആ കരുതലുകൾ പൂർണമായി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ വിശ്വാസം പ്രകടമാക്കുകയും ചെയ്യേണ്ടതുണ്ട്‌. ദൈവപുത്രനായ യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിൽ നാം വിശ്വാസമർപ്പിക്കേണ്ടതുണ്ട്‌ എന്നതു വ്യക്തമാണ്‌. (യോഹന്നാൻ 3:16, 36) എന്നുവരികിലും, പ്രളയത്തെ അതിജീവിച്ചത്‌ നോഹയുടെ പെട്ടകത്തിന്‌ ഉള്ളിലുണ്ടായിരുന്നവർ മാത്രമാണ്‌ എന്നതു നാം മനസ്സിൽപ്പിടിക്കണം. ഇനി, പുരാതന ഇസ്രായേലിലെ സങ്കേത നഗരങ്ങളുടെ കാര്യമെടുക്കുക. അബദ്ധത്തിൽ മറ്റൊരാളെ കൊലപ്പെടുത്തിയ വ്യക്തി സങ്കേത നഗരത്തിലേക്ക്‌ ഓടിപ്പോകുകയും മഹാപുരോഹിതന്റെ മരണംവരെ ആ നഗരത്തിനുള്ളിൽത്തന്നെ ആയിരിക്കുകയും ചെയ്യണമായിരുന്നു; എങ്കിൽ മാത്രമേ അയാൾക്കു സംരക്ഷണം ലഭിക്കുമായിരുന്നുള്ളൂ. (സംഖ്യാപുസ്‌തകം 35:11-32) മോശെയുടെ കാലത്ത്‌ ഈജിപ്‌തിന്റെമേലുള്ള പത്താമത്തെ ബാധയിൽ അവരുടെ ആദ്യജാതന്മാർ കൊല്ലപ്പെട്ടു; എന്നാൽ ഇസ്രായേല്യരുടെ ആദ്യജാതന്മാർ രക്ഷപ്പെട്ടു. എങ്ങനെ? യഹോവ മോശെയോട്‌ ഇങ്ങനെ കൽപ്പിച്ചിരുന്നു: ഇസ്രായേൽമക്കൾ “അതിന്റെ [പെസഹ കുഞ്ഞാടിന്റെ] രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. . . . പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുത്‌.” (പുറപ്പാടു 12:7, 22) ഈ ദിവ്യ നിർദേശം അവഗണിച്ചുകൊണ്ട്‌, വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും രക്തം പുരട്ടിയിരുന്ന വീടിനു പുറത്തുപോകാൻ ഇസ്രായേലിലെ ഏത്‌ ആദ്യജാതനാണു ധൈര്യം കാണിക്കുമായിരുന്നത്‌?

12. നാം ഓരോരുത്തരും നമ്മോടുതന്നെ ഏതു ചോദ്യം ചോദിക്കണം, എന്തുകൊണ്ട്‌?

12 അതുകൊണ്ട്‌ നാം ഓരോരുത്തരും നമ്മുടെ സാഹചര്യം ശ്രദ്ധാപൂർവം വിലയിരുത്തേണ്ടിയിരിക്കുന്നു. ആത്മീയ സംരക്ഷണത്തിനായുള്ള യഹോവയുടെ ക്രമീകരണത്തിന്‌ ഉള്ളിൽത്തന്നെയാണോ നാം? മഹോപദ്രവം പൊട്ടിപ്പുറപ്പെടുമ്പോൾ അത്തരം സംരക്ഷണം തേടിയവരുടെ കവിൾത്തടത്തിലൂടെ സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും കണ്ണുനീർത്തുള്ളികൾ ഒഴുകിയിറങ്ങും. മറ്റുള്ളവർക്ക്‌ കടുത്ത ദുഃഖത്തിന്റെയും നിരാശയുടെയും കണ്ണുനീർ മാത്രമാകും ഉണ്ടാകുക.

ക്രമാനുഗതമായ പൊരുത്തപ്പെടുത്തലുകൾ നമ്മെ സജ്ജരാക്കുന്നു

13. (എ) സംഘടനാപരമായ പൊരുത്തപ്പെടുത്തലുകൾ ഏതു ലക്ഷ്യം സാധിച്ചു? (ബി) ക്രമാനുഗതമായി വരുത്തിയ ചില പൊരുത്തപ്പെടുത്തലുകൾ വിശദീകരിക്കുക.

13 യഹോവ തന്റെ സംഘടനയുടെ ഭൗമികഭാഗത്ത്‌ ക്രമാനുഗതമായ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നു. ഇവ, നമ്മുടെ ആത്മീയ സംരക്ഷണത്തിനായുള്ള അവന്റെ ക്രമീകരണത്തെ മോടിപിടിപ്പിക്കുന്നതിനും ഉറപ്പിക്കുന്നതിനും ശക്തീകരിക്കുന്നതിനും ഉതകിയിരിക്കുന്നു. 1870-കൾ മുതൽ 1932 വരെ സഭയിലെ അംഗങ്ങൾ മൂപ്പന്മാരെയും ഡീക്കന്മാരെയും ആ പദവികളിലേക്കു തിരഞ്ഞെടുത്തിരുന്നു. 1932-ൽ, തിരഞ്ഞെടുക്കപ്പെട്ട മൂപ്പന്മാർക്കു പകരം, ഒരു നിയമിത സേവന ഡയറക്ടറെ സഹായിക്കുന്നതിനായി ഓരോ സഭയും ഒരു സേവനക്കമ്മിറ്റിയെ തിരഞ്ഞെടുത്തു. 1938-ൽ, സഭയിലെ എല്ലാ ദാസന്മാരെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്നതിനു പകരം ദിവ്യാധിപത്യപരമായി നിയമിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ നിർദേശത്തിനു ചേർച്ചയിൽ, 1972 മുതൽ മേൽവിചാരകന്മാരെയും ശുശ്രൂഷാദാസന്മാരെയും ശുപാർശചെയ്യുന്നു; ഈ ശുപാർശ അംഗീകരിക്കുന്നപക്ഷം അവരെ ദിവ്യാധിപത്യപരമായി നിയമിച്ചുകൊണ്ടുള്ള കത്തുകൾ സഭയ്‌ക്കു ലഭിക്കുന്നു. വർഷങ്ങൾ കടന്നുപോകവേ ഭരണസംഘം കൂടുതലായി കാര്യങ്ങളിൽ ഉൾപ്പെടുകയും ഭരണസംഘത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്‌ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തിരിക്കുന്നു.

14. 1959-ൽ ഏതു പരിശീലന പരിപാടി ആരംഭിച്ചു?

14 ഇതിനിടയിൽ, 1950-ൽ സങ്കീർത്തനം 45:​16-ന്റെ ശ്രദ്ധാപൂർവമായ ഒരു അവലോകനം ഇപ്പോഴും തുടരുന്ന ഒരു പരിശീലന പരിപാടിക്കു തുടക്കം കുറിച്ചു. ഈ തിരുവെഴുത്ത്‌ ഇപ്രകാരം പറയുന്നു: “നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.” ഇപ്പോൾ സഭകളിൽ നേതൃത്വം എടുക്കുന്ന മൂപ്പന്മാർക്ക്‌ ഇപ്പോഴും അർമഗെദ്ദോനു ശേഷവുമുള്ള ദിവ്യാധിപത്യ നിയമനങ്ങൾക്കായി പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്നു. (വെളിപ്പാടു 16:14, 16) 1959-ൽ രാജ്യശുശ്രൂഷാസ്‌കൂൾ ആരംഭിച്ചു. അപ്പോൾ മുഖ്യമായും സഭാ ദാസന്മാർക്കായി​—⁠അധ്യക്ഷ മേൽവിചാരകന്മാർ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠ഒരു മാസക്കാലത്തെ കോഴ്‌സ്‌ ക്രമീകരിച്ചു. എന്നാൽ ഇപ്പോൾ ഈ സ്‌കൂളിലൂടെ എല്ലാ മേൽവിചാരകന്മാർക്കും ശുശ്രൂഷാ ദാസന്മാർക്കും പരിശീലനം ലഭിക്കുന്നു. ഈ സഹോദരന്മാർ തുടർന്ന്‌ അവരുടെ സഭയിലുള്ള യഹോവയുടെ ഓരോ സാക്ഷിയെയും പരിശീലിപ്പിക്കുന്നതിന്‌ നേതൃത്വം എടുക്കുന്നു. അങ്ങനെ എല്ലാവർക്കും ആത്മീയ സഹായം ലഭിക്കുന്നു; രാജ്യത്തിന്റെ സുവാർത്താ ഘോഷകരെന്ന നിലയിൽ തങ്ങളുടെ ശുശ്രൂഷയുടെ ഫലപ്രദത്വം മെച്ചപ്പെടുത്തുവാൻ എല്ലാവരും സഹായിക്കപ്പെടുന്നു.​—⁠മർക്കൊസ്‌ 13:10.

15. ഏതു രണ്ടു വിധങ്ങളിലാണ്‌ ക്രിസ്‌തീയ സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കപ്പെടുന്നത്‌?

15 ക്രിസ്‌തീയ സഭയുടെ ഭാഗമായിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ചില യോഗ്യതകൾ നേടിയേ മതിയാകൂ. വ്യക്തമായും, ആധുനികകാല പരിഹാസികൾക്ക്‌ സഭയിൽ സ്ഥാനമില്ല, നോഹയുടെ പെട്ടകത്തിൽ പരിഹാസികൾക്ക്‌ പ്രവേശനം ഇല്ലായിരുന്നതുപോലെതന്നെ. (2 പത്രൊസ്‌ 3:3-7) പ്രത്യേകിച്ച്‌ 1952 മുതൽ, സഭയെ സംരക്ഷിക്കുന്ന ഒരു ക്രമീകരണത്തെ, അതായത്‌ അനുതാപമില്ലാത്ത പാപികളെ പുറത്താക്കുന്ന ക്രമീകരണത്തെ, യഹോവയുടെ സാക്ഷികൾ മെച്ചമായി പിന്തുണച്ചിരിക്കുന്നു. എന്നാൽ ആത്മാർഥമായി അനുതാപം പ്രകടമാക്കുന്ന ദുഷ്‌പ്രവൃത്തിക്കാരെ സ്‌നേഹപൂർവം അവരുടെ “കാലിന്നു പാത നിരത്തു”വാൻ സഹായിക്കുകതന്നെ ചെയ്യുന്നു.​—⁠എബ്രായർ 12:12, 13; സദൃശവാക്യങ്ങൾ 28:13; ഗലാത്യർ 6:⁠1.

16. യഹോവയുടെ ജനത്തിന്റെ ആത്മീയ അവസ്ഥ എന്താണ്‌?

16 യഹോവയുടെ ജനത്തിന്റെ ആത്മീയ അഭിവൃദ്ധി ഒരു അത്ഭുതമോ യാദൃശ്ചിക സംഭവമോ അല്ല. യെശയ്യാ പ്രവാചകനിലൂടെ യഹോവ പറഞ്ഞു: “ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.” (യെശയ്യാവു 65:13, 14) നമ്മെ ആത്മീയമായി ശക്തരാക്കി നിലനിറുത്തുന്ന സമയോചിതവും ആരോഗ്യാവഹവുമായ ആത്മീയ ആഹാരം യഹോവ നമുക്കു സമൃദ്ധമായി നൽകിക്കൊണ്ടിരിക്കുന്നു.​—⁠മത്തായി 24:45.

അതിജീവനത്തിനു സജ്ജരായിരിക്കുക

17. അതിജീവനത്തിനു സജ്ജരാകാൻ നമ്മെ എന്തു സഹായിക്കും?

17 “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക.” (എബ്രായർ 10:23-25) ഈ കൽപ്പന അനുസരിക്കേണ്ടത്‌ ഇന്ന്‌ എന്നത്തേതിലും പ്രധാനമാണ്‌. യഹോവയുടെ സാക്ഷികളുടെ 98,000-ത്തിലധികം വരുന്ന സഭകളിൽ ഒന്നിനോടു പറ്റിച്ചേർന്നു നിൽക്കുന്നതും അതിനോടൊത്തു സജീവമായി പ്രവർത്തിക്കുന്നതും അതിജീവനത്തിനു സജ്ജരാകാൻ നമ്മെ സഹായിക്കും. പുതിയ വ്യക്തിത്വത്തിന്റേതായ ഗുണങ്ങൾ പ്രകടമാക്കാൻ പരിശ്രമിക്കുകയും രക്ഷയ്‌ക്കായുള്ള യഹോവയുടെ കരുതലിനെപ്പറ്റി പഠിക്കാൻ മുഴുഹൃദയത്തോടെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുമ്പോൾ സഹവിശ്വാസികളുടെ പിന്തുണ നമുക്കുണ്ടായിരിക്കും.​—⁠എഫെസ്യർ 4:22-24; കൊലൊസ്സ്യർ 3:9, 10; 1 തിമൊഥെയൊസ്‌ 4:16.

18. ക്രിസ്‌തീയ സഭയോടു പറ്റിനിൽക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 നമ്മെ വശീകരിച്ച്‌ ക്രിസ്‌തീയ സഭയിൽനിന്ന്‌ അകറ്റിക്കളയാൻ സാത്താനും അവന്റെ ദുഷ്ടലോകവും കിണഞ്ഞു പരിശ്രമിക്കുകയാണ്‌. എങ്കിലും, നമുക്ക്‌ ക്രിസ്‌തീയ സഭയുടെ ഭാഗമായി നിലകൊള്ളുന്നതിനും ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നതിനും കഴിയും. യഹോവയോടുള്ള സ്‌നേഹവും സ്‌നേഹപൂർവകമായ അവന്റെ കരുതലുകളോടുള്ള നന്ദിയും സാത്താന്റെ ശ്രമങ്ങളെ തകർക്കുന്നതിന്‌ എന്നത്തേതിലും നിശ്ചയദാർഢ്യമുള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ. ഇപ്പോഴത്തെ അനുഗ്രഹങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത്‌ നമ്മുടെ തീരുമാനത്തെ കൂടുതൽ ബലിഷ്‌ഠമാക്കും. ഇവയിൽ ചില അനുഗ്രഹങ്ങളെക്കുറിച്ച്‌ അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നമ്മുടെ കാലം നോഹയുടേതിനോടു സമാനമായിരിക്കുന്നത്‌ എങ്ങനെ?

• അതിജീവിക്കുന്നതിന്‌ ഏതു ഗുണം അനിവാര്യമാണ്‌?

• ഏതു ക്രമാനുഗതമായ പൊരുത്തപ്പെടുത്തലുകൾ നമ്മുടെ സംരക്ഷണത്തിനായുള്ള യഹോവയുടെ ക്രമീകരണത്തെ ബലപ്പെടുത്തിയിരിക്കുന്നു?

• വ്യക്തികളെന്ന നിലയിൽ നമുക്ക്‌ എങ്ങനെ അതിജീവനത്തിനു സജ്ജരാകാം?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചിത്രം]

നോഹയുടെ കാലത്തെ ആളുകൾ അവന്റെ സന്ദേശത്തെയും പ്രവർത്തനത്തെയും ഗൗരവമായി എടുത്തില്ല

[23-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ മുന്നറിയിപ്പിൻ സന്ദേശങ്ങൾ ഗൗരവമായി എടുക്കുന്നത്‌ പ്രയോജനപ്രദമാണ്‌

[24-ാം പേജിലെ ചിത്രം]

രാജ്യശുശ്രൂഷാസ്‌കൂൾ എന്ത്‌ ലക്ഷ്യം സാധിക്കുന്നു?

[25-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ സഭയോടു പറ്റിനിൽക്കുന്നതിനുള്ള സമയം ഇതാണ്‌