നിർമലതയോടെ ജീവിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
നിർമലതയോടെ ജീവിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
“യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു. അവിടുന്ന് അതിനോട് കഷ്ടപ്പാട് കൂട്ടിച്ചേർക്കുകയില്ല.”—സദൃശവാക്യങ്ങൾ 10:22, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
1, 2. ഭാവിയെക്കുറിച്ച് അതിരുകവിഞ്ഞു ചിന്തിക്കുന്നതിനെതിരെ നാം ജാഗ്രതയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
“ഭാവിയെക്കുറിച്ചുള്ള അതിരുകവിഞ്ഞ ചിന്തയിൽ അനുദിന ജീവിതത്തിലെ സുഖസന്തോഷങ്ങൾ ആസ്വദിക്കാൻ നാം മറന്നുപോകുന്നു” എന്ന് അമേരിക്കക്കാരനായ ഒരു തത്ത്വചിന്തകൻ പറയുകയുണ്ടായി. വളർന്നുകഴിയുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഏറെ ചിന്തിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ഇത് എത്രയോ സത്യമാണ്! ചെറുപ്രായത്തിന്റെ ആനന്ദം നുകരാൻ തങ്ങൾ മറന്നുപോയി എന്ന ദുഃഖസത്യം അവർ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരിക്കും.
2 യഹോവയുടെ ആരാധകർപോലും ചിലപ്പോൾ ഈ രീതിയിൽ ചിന്തിച്ചേക്കാം. പിൻവരുന്ന സാഹചര്യം പരിചിന്തിക്കുക. ഭൂമിയിൽ പറുദീസ സ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനം നിവൃത്തിയേറി കാണാൻ നാം അതിയായി ആഗ്രഹിക്കുന്നു. രോഗം, വാർധക്യം, വേദന, കഷ്ടപ്പാട് എന്നിവ ഇല്ലാത്ത ഒരു ലോകത്തിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത്തരത്തിലുള്ള കാര്യങ്ങൾക്കായി നോക്കിപ്പാർത്തിരിക്കുന്നത് നല്ലതാണ് എന്നതിനു സംശയമില്ല. എന്നാൽ ഇപ്പോഴത്തെ ആത്മീയ അനുഗ്രഹങ്ങൾ മറന്നുകളയുംവിധം വരാനിരിക്കുന്ന ഭൗതിക അനുഗ്രഹങ്ങളെക്കുറിച്ച് നാം അതിരുകവിഞ്ഞ് ചിന്തിക്കുന്നെങ്കിലോ? അതെത്ര മോശമായിരിക്കും! നമ്മുടെ പ്രതീക്ഷകൾ സഫലമാകാൻ വൈകുന്നതായി കാണുമ്പോൾ നാം എളുപ്പം നിരുത്സാഹിതരായേക്കാം, നമുക്ക് നിരാശ തോന്നിയേക്കാം. (സദൃശവാക്യങ്ങൾ 13:12) പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും നാം വിഷാദത്തിൽ ആണ്ടുപോകുന്നതിനും നമ്മുടെതന്നെ അവസ്ഥയോർത്തു പരിതപിക്കുന്നതിനും ഇടയാക്കിയേക്കാം. ജീവിതത്തിലെ ദുഷ്‌കരമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതിനു പകരം നാം അവയെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരുന്നേക്കാം. ഇപ്പോഴുള്ള അനുഗ്രഹങ്ങളെക്കുറിച്ച് വിലമതിപ്പോടെ ധ്യാനിക്കുന്നത് ഇവയെല്ലാം ഒഴിവാക്കാൻ നമ്മെ സഹായിക്കും.
3. ഈ ലേഖനത്തിൽ നാം ഏതുകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും?
3 “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു. അവിടുന്ന് അതിനോട് കഷ്ടപ്പാട് കൂട്ടിച്ചേർക്കുകയില്ല” എന്ന് സദൃശവാക്യങ്ങൾ 10:22 [ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV] പറയുന്നു. യഹോവയുടെ ആധുനികകാല ജനത്തിന്റെ ആത്മീയ സമൃദ്ധി സന്തോഷത്തിനു വകനൽകുന്ന ഒരു അനുഗ്രഹമല്ലേ? നമ്മുടെ ആത്മീയ സമൃദ്ധിയുടെ ചില വശങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കുകയും അവ നമ്മെ ഓരോരുത്തരെയും എങ്ങനെ ബാധിക്കുന്നുവെന്ന് കാണുകയും ചെയ്യാം. “പരമാർത്ഥതയിൽ” അഥവാ നിർമലതയിൽ ‘നടക്കുന്ന നീതിമാന്റെ’മേൽ യഹോവ വർഷിച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് നമ്മുടെ സ്വർഗീയ പിതാവിനെ സന്തോഷത്തോടെ സേവിക്കുന്നതിൽ തുടരാനുള്ള നമ്മുടെ തീരുമാനത്തെ ദൃഢമാക്കുകതന്നെ ചെയ്യും.—സദൃശവാക്യങ്ങൾ 20:7.
ഇപ്പോൾ നമ്മെ സമ്പന്നരാക്കുന്ന അനുഗ്രഹങ്ങൾ
4, 5. ഏതു ബൈബിൾ ഉപദേശമാണ് നിങ്ങൾ വിശേഷാൽ വിലമതിക്കുന്നത്, എന്തുകൊണ്ട്?
4 ബൈബിളുപദേശങ്ങളെക്കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം. ക്രൈസ്‌തവലോകത്തിലെ മതങ്ങൾ ബൈബിളിൽ വിശ്വസിക്കുന്നുണ്ടെന്നാണ് പൊതുവേ അവകാശപ്പെടുന്നത്. എന്നാൽ, ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളോട് അവർ യോജിക്കുന്നില്ല. തിരുവെഴുത്തുകൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരേ മതസമൂഹത്തിലെ അംഗങ്ങൾക്കിടയിൽത്തന്നെ പലപ്പോഴും പല അഭിപ്രായങ്ങളാണുള്ളത്. യഹോവയുടെ ദാസന്മാരിൽനിന്ന് എത്രയോ വ്യത്യസ്‌തരാണ് അവർ! ദേശീയവും സംസ്‌കാരികവും വംശീയവുമായ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും നാം സത്യദൈവത്തെ ആരാധിക്കുന്നു; നമുക്ക് അവന്റെ പേര് അറിയാം. നിഗൂഢമായ ഒരു ത്രിയേക ദൈവം അല്ല അവൻ. (ആവർത്തനപുസ്‌തകം 6:4; സങ്കീർത്തനം 83:18; മർക്കൊസ് 12:29) കൂടാതെ, ദൈവത്തിന്റെ അഖിലാണ്ഡ പരമാധികാരം എന്ന പ്രമുഖ വിവാദവിഷയത്തിന്റെ തീർപ്പു കൽപ്പിക്കാനുള്ള സമയം സത്വരം സമീപിച്ചുവരികയാണെന്നു നാം തിരിച്ചറിയുന്നു. ദൈവത്തോടു നിർമലത പാലിക്കുന്നതിനാൽ ആ വിവാദവിഷയത്തിൽ നാം ഓരോരുത്തരും വ്യക്തിപരമായി ഉൾപ്പെടുകയാണ് എന്ന കാര്യവും നമുക്കറിയാം. മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച സത്യം നമുക്കറിയാം; മനുഷ്യരെ അഗ്നിനരകത്തിലിട്ടു ദണ്ഡിപ്പിക്കുകയോ ശുദ്ധീകരണ സ്ഥലത്തേക്ക് അയയ്‌ക്കുകയോ ചെയ്യുന്നവനാണു ദൈവം എന്ന ഭയവും നമുക്കില്ല.—സഭാപ്രസംഗി 9:5, 10.
5 മാത്രമല്ല, യുക്തിക്കു നിരക്കാത്ത പരിണാമത്താൽ ആകസ്‌മികമായി പൊട്ടിമുളച്ചതല്ല നാം എന്നറിയുന്നത് എത്ര പുളകപ്രദമാണ്! നേരെമറിച്ച്, നാം ദൈവത്തിന്റെ സൃഷ്ടിയാണ്, അവന്റെ സ്വന്തം പ്രതിച്ഛായയിലാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. (ഉല്‌പത്തി 1:26; മലാഖി 2:10) “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു” എന്ന വാക്കുകൾകൊണ്ട് സങ്കീർത്തനക്കാരൻ തന്റെ സ്രഷ്ടാവിനെ പാടിപ്പുകഴ്‌ത്തി.—സങ്കീർത്തനം 139:14.
6, 7. നിങ്ങളുടെയോ നിങ്ങൾക്കറിയാവുന്ന മറ്റുള്ളവരുടെയോ ജീവിതത്തിലെ ഏതു മാറ്റങ്ങളാണ് ഒരു അനുഗ്രഹമായിത്തീർന്നിരിക്കുന്നത്?
6 ഹാനികരമായ ശീലങ്ങളും പ്രവൃത്തികളും ഒഴിവാക്കുന്നു. പുകവലി, മദ്യപാനം, ലൈംഗിക ദുർമാർഗം എന്നിവയുടെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്ക് ഇന്നൊരു ക്ഷാമവുമില്ല. മാധ്യമങ്ങൾ നൽകുന്ന ഈ മുന്നറിയിപ്പുകൾക്ക് സാധാരണഗതിയിൽ ആരുംതന്നെ ചെവികൊടുക്കാറില്ല. എന്നാൽ സത്യദൈവം ഈവക കാര്യങ്ങളെ കുറ്റംവിധിക്കുന്നുവെന്നും ആളുകൾ അത്തരം കാര്യങ്ങൾ ചെയ്യുന്നത് അവനെ വേദനിപ്പിക്കുന്നുവെന്നും മനസ്സിലാക്കുമ്പോൾ ആത്മാർഥതയുള്ള ഒരു വ്യക്തി എന്തു ചെയ്യും? പ്രതികരണം തികച്ചും വ്യത്യസ്‌തമായിരിക്കും. അതേ, അത്തരം ശീലങ്ങളും പ്രവൃത്തികളും പിഴുതെറിയാൻ അദ്ദേഹം പ്രചോദിതനാകുകതന്നെ ചെയ്യും. (യെശയ്യാവു 63:10; 1 കൊരിന്ത്യർ 6:9, 10; 2 കൊരിന്ത്യർ 7:1; എഫെസ്യർ 4:30) മുഖ്യമായും യഹോവയെ പ്രസാദിപ്പിക്കാനാണ് അങ്ങനെ ചെയ്യുന്നതെങ്കിലും ആ വ്യക്തിയും പ്രയോജനം അനുഭവിക്കുന്നു—മെച്ചപ്പെട്ട ആരോഗ്യത്തിന്റെയും മനസ്സമാധാനത്തിന്റെയും രൂപത്തിൽ.
7 മോശമായ ശീലങ്ങളുടെ പിടിയിൽനിന്നു സ്വതന്ത്രരാകുക പലർക്കും അത്ര എളുപ്പമല്ല. എങ്കിലും പതിനായിരക്കണക്കിനാളുകൾ ഓരോ വർഷവും അങ്ങനെ ചെയ്യുന്നു. അവർ യഹോവയ്‌ക്കായി തങ്ങളെത്തന്നെ സമർപ്പിക്കുകയും സ്‌നാപനമേറ്റുകൊണ്ട് ദൈവത്തെ അപ്രീതിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു എന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. നമുക്കെല്ലാം അതെത്ര പ്രോത്സാഹജനകമാണ്! പാപപൂർണവും ഹാനികരവുമായ കാര്യങ്ങൾക്ക് അടിമപ്പെടാതിരിക്കാനുള്ള നമ്മുടെ തീരുമാനത്തെ ഇത് അരക്കിട്ടുറപ്പിക്കുന്നു.
8. എതു ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശം ബാധകമാക്കുന്നത് കുടുംബ സന്തുഷ്ടിക്ക് ഇടയാക്കുന്നു?
8 സന്തുഷ്ട കുടുംബ ജീവിതം. മിക്ക രാജ്യങ്ങളിലും കുടുംബ ജീവിതത്തിന് ഉലച്ചിൽ തട്ടിക്കൊണ്ടിരിക്കുന്നു. പല വിവാഹങ്ങളും വിവാഹ മോചനത്തിൽ കലാശിക്കുന്നു. മാതാപിതാക്കൾ ഇങ്ങനെ വഴിപിരിയുമ്പോൾ എഫെസ്യർ 5:22–6:4 വരെ വായിക്കുക; ഭർത്താക്കന്മാർക്കും ഭാര്യമാർക്കും കുട്ടികൾക്കും ദൈവവചനം നൽകുന്ന ഉത്തമ ബുദ്ധിയുപദേശം ശ്രദ്ധിക്കുക. ഇവിടെയും മറ്റു തിരുവെഴുത്തു ഭാഗങ്ങളിലും നൽകിയിരിക്കുന്ന നിർദേശങ്ങൾ ബാധകമാക്കുന്നത് തീർച്ചയായും വിവാഹബന്ധത്തെ ബലിഷ്‌ഠമാക്കുന്നു, കുട്ടികളെ ശരിയായി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കളെ സഹായിക്കുന്നു, സന്തുഷ്ട കുടുംബ ജീവിതത്തിന് ഇടയാക്കുകയും ചെയ്യുന്നു. സന്തോഷത്തിനു വകനൽകുന്ന മറ്റൊരു അനുഗ്രഹമല്ലേ ഇത്?
തകർന്നുടയുന്നത് പലപ്പോഴും കുരുന്നു ഹൃദയങ്ങളാണ്. യൂറോപ്പിലെ ചില രാജ്യങ്ങളിൽ ഏകദേശം 20 ശതമാനം കുടുംബങ്ങളും മാതാവോ പിതാവോ മാത്രമുള്ളവയാണ്. കുടുംബജീവിതത്തോടുള്ള ബന്ധത്തിൽ നിർമലതയോടെ ജീവിക്കാൻ യഹോവ നമ്മെ എങ്ങനെ സഹായിച്ചിരിക്കുന്നു? ദയവായി9, 10. ഭാവിയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം ലോകത്തിലെ ആളുകളുടേതിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത് എങ്ങനെ?
9 ലോകത്തിലെ പ്രശ്‌നങ്ങൾ ഉടൻതന്നെ പരിഹരിക്കപ്പെടുമെന്ന ഉറപ്പ്. ശാസ്‌ത്രീയവും സാങ്കേതികവുമായ പുരോഗതിയും ചില നേതാക്കന്മാരുടെ ആത്മാർഥമായ ശ്രമവും ഉണ്ടായിരുന്നിട്ടും ലോകം അഭിമുഖീകരിക്കുന്ന നീറുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താനായിട്ടില്ല. ‘ലോക സാമ്പത്തിക ഫോറ’ത്തിന്റെ സ്ഥാപകനായ ക്ലൗസ് ഷ്വാബ് അടുത്തയിടെ ഇപ്രകാരം പറയുകയുണ്ടായി: “ലോകം നേരിടുന്ന വെല്ലുവിളികളുടെ പട്ടിക നീണ്ടുവരുന്നു; അവയെ കൈകാര്യം ചെയ്യാനുള്ള സമയമാകട്ടെ കുറഞ്ഞുവരികയും ചെയ്യുന്നു.” അദ്ദേഹം “ഭീകരപ്രവർത്തനം, പരിസ്ഥിതി നശീകരണം, സാമ്പത്തിക അസ്ഥിരത എന്നിങ്ങനെ ദേശീയ അതിർത്തികളെ മറികടക്കുന്ന അപകടങ്ങ”ളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഷ്വാബ് ഇങ്ങനെ ഉപസംഹരിച്ചു: “ഒറ്റക്കെട്ടായിനിന്ന് നിർണായക നടപടി സ്വീകരിക്കേണ്ട പ്രശ്‌നങ്ങളെ എന്നത്തേതിലും അധികമായി ഇന്നു ലോകം നേരിടുന്നു.” 21-ാം നൂറ്റാണ്ട് മുന്നേറവേ മനുഷ്യവർഗത്തിന്റെ ഭാവി സംബന്ധിച്ച് പൊതുവേയുള്ള വീക്ഷണം ഇരുളടഞ്ഞതാണ്.
10 യഹോവ മനുഷ്യവർഗത്തിന്റെ സർവ പ്രശ്‌നങ്ങൾക്കും അറുതി വരുത്താനുള്ള ഒരു ക്രമീകരണം ചെയ്‌തിരിക്കുന്നു എന്നറിയുന്നത് എത്ര പുളകപ്രദമാണ്! മിശിഹൈക രാജ്യമെന്ന ആ ക്രമീകരണം മുഖാന്തരം സത്യദൈവം ‘യുദ്ധങ്ങളെ നിർത്തൽചെയ്യുകയും’ “സമാധാനസമൃദ്ധി”ക്കിടയാക്കുകയും ചെയ്യും. (സങ്കീർത്തനം 46:9; 72:7) അഭിഷിക്ത രാജാവായ യേശുക്രിസ്‌തു “നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും . . . പീഡയിൽ നിന്നും സാഹസത്തിൽനിന്നും” വിടുവിക്കും. (സങ്കീർത്തനം 72:12-14) രാജ്യഭരണത്തിൻ കീഴിൽ ഭക്ഷ്യക്ഷാമം ഉണ്ടായിരിക്കില്ല. (സങ്കീർത്തനം 72:16) യഹോവ നമ്മുടെ “കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:4, 5) സ്വർഗത്തിൽ ഇതിനോടകം സ്ഥാപിതമായിരിക്കുന്ന മിശിഹൈക രാജ്യം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിനുള്ള നടപടി ഉടൻതന്നെ സ്വീകരിക്കുന്നതായിരിക്കും.—ദാനീയേൽ 2:44; വെളിപ്പാടു 11:15.
11, 12. (എ) ഉല്ലാസത്തിലൂടെ നിലനിൽക്കുന്ന സന്തുഷ്ടി ലഭിക്കുമോ? വിശദീകരിക്കുക. (ബി) യഥാർഥ സന്തുഷ്ടിയുടെ അടിസ്ഥാനമെന്ത്?
11 യഥാർഥ സന്തുഷ്ടിയുടെ അടിസ്ഥാനം എന്താണെന്നു നമുക്കറിയാം. എന്താണ് യഥാർഥത്തിൽ സന്തുഷ്ടി പ്രദാനം ചെയ്യുന്നത്? സന്തുഷ്ടിക്ക് മൂന്നു ഘടകങ്ങളുണ്ടെന്ന് ഒരു മനഃശാസ്‌ത്രജ്ഞൻ പറയുകയുണ്ടായി—ഉല്ലാസം, പ്രവർത്തനം (ജോലിയും കുടുംബ ജീവിതവും പോലെയുള്ള കാര്യങ്ങളിൽ ഉൾപ്പെടൽ), ഉദ്ദേശ്യം (സ്വന്തം ക്ഷേമത്തിലുപരി മറ്റുള്ളവരുടെ ക്ഷേമം എന്ന ശ്രേഷ്‌ഠമായ ലക്ഷ്യം മുന്നിൽ കണ്ടു പ്രവർത്തിക്കൽ). ഈ മൂന്ന് ഘടകങ്ങളിൽ ഉല്ലാസത്തിന് ഏറ്റവും കുറഞ്ഞ പ്രാധാന്യം കൽപ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു: “ഇത് ആളുകൾ അറിയേണ്ട ഒരു വാർത്തതന്നെയാണ്, കാരണം വളരെയധികം ആളുകൾ ഉല്ലാസത്തെ ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതം പടുത്തുയർത്തുന്നത്.” ഇക്കാര്യത്തിൽ ബൈബിളിന്റെ വീക്ഷണം എന്താണ്?
12 പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ് പറഞ്ഞു: “ഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക. എന്നാൽ അതും മായ തന്നേ. ഞാൻ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.” (സഭാപ്രസംഗി 2:1, 2) ഉല്ലാസം പ്രദാനം ചെയ്യുന്ന സന്തുഷ്ടി താത്‌കാലികം മാത്രമാണ് എന്നാണ് തിരുവെഴുത്തുകൾ പറയുന്നത്. ഇനി, പ്രവർത്തനത്തെക്കുറിച്ച് എന്തു പറയാനാകും? ഏറ്റവും മൂല്യവത്തായ പ്രവർത്തനത്തിലേർപ്പെടാനുള്ള അവസരം നമുക്കുണ്ട് —രാജ്യ സുവാർത്താ ഘോഷണവും ശിഷ്യരാക്കൽ വേലയും. (മത്തായി 24:14; 28:19, 20) ബൈബിളിൽ പ്രസ്‌താവിച്ചിരിക്കുന്ന രക്ഷയുടെ സന്ദേശം ആളുകളെ അറിയിക്കുന്നതിനാൽ നമ്മുടെയും നമ്മെ ശ്രദ്ധിക്കുന്നവരുടെയും രക്ഷയ്‌ക്കിടയാക്കാൻ കഴിയുന്ന പ്രവർത്തനത്തിൽ നാം ഏർപ്പെടുകയാണ്. (1 തിമൊഥെയൊസ് 4:16) “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്നനിലയിൽ “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത്” കൂടുതൽ സന്തുഷ്ടിദായകം ആണെന്ന് അനുഭവത്തിലൂടെ നാം അറിയുന്നു. (1 കൊരിന്ത്യർ 3:9; പ്രവൃത്തികൾ 20:35) ഈ പ്രവർത്തനം നമ്മുടെ ജീവിതം ഉദ്ദേശ്യപൂർണമാക്കുന്നു; സ്രഷ്ടാവിന് തന്നെ നിന്ദിക്കുന്ന പിശാചായ സാത്താന് ഉത്തരം നൽകാനും സാധിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) ദൈവഭക്തിയാണ് യഥാർഥവും നിലനിൽക്കുന്നതുമായ സന്തുഷ്ടി നൽകിത്തരുന്നത് എന്ന് യഹോവ നമുക്കു കാണിച്ചുതരികതന്നെ ചെയ്‌തിരിക്കുന്നു.—1 തിമൊഥെയൊസ് 4:8.
13. (എ) ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ സന്തോഷത്തിനു വകനൽകുന്ന ഒരനുഗ്രഹം ആയിരിക്കുന്നത് എങ്ങനെ? (ബി) ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽനിന്ന് നിങ്ങൾ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
13 ഫലപ്രദവും പ്രാധാന്യമർഹിക്കുന്നതുമായ ഒരു പരിശീലന പരിപാടി. ഗേർഹാർട്ട് യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ മൂപ്പനായി സേവിക്കുന്നു. ചെറുപ്പകാലത്തെക്കുറിച്ച് ഓർമിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: “മറ്റുള്ളവരുടെ മുമ്പാകെ സംസാരിക്കുന്നത് എനിക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മാനസിക പിരിമുറുക്കം തോന്നുന്ന സന്ദർഭങ്ങളിൽ വ്യക്തമായി സംസാരിക്കാനേ കഴിയുമായിരുന്നില്ല, വിക്കും ഉണ്ടാകുമായിരുന്നു. എനിക്ക് എന്തെന്നില്ലാത്ത അപകർഷതയും നിരാശയും തോന്നി. സംസാരപ്രാപ്‌തി മെച്ചപ്പെടുത്താനുള്ള ഒരു കോഴ്‌സിൽ പങ്കെടുക്കാൻ മാതാപിതാക്കൾ ക്രമീകരണം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. എന്റെ പ്രശ്‌നം ശാരീരികമായിരുന്നില്ല, മാനസികമായിരുന്നു. എന്നാൽ യഹോവയിൽനിന്നുള്ള അത്ഭുതകരമായ ഒരു കരുതൽ എനിക്കു സഹായമായി; ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ആയിരുന്നു അത്. ഈ സ്‌കൂളിൽ ചേർന്നത് എനിക്ക് ധൈര്യം പകർന്നു. പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കാൻ ഞാൻ പരമാവധി പരിശ്രമിച്ചു. അതു ഫലപ്രദമെന്നു തെളിയുകതന്നെ ചെയ്‌തു! ഞാൻ ഒഴുക്കോടെ സംസാരിക്കാൻ തുടങ്ങി, എന്റെ നിരാശ മാറി, ശുശ്രൂഷയിൽ കൂടുതൽ ധൈര്യത്തോടെ പങ്കെടുക്കാനും എനിക്കു സാധിച്ചു. ഇപ്പോൾ ഞാൻ പരസ്യപ്രസംഗം പോലും നടത്തുന്നു. ഈ സ്‌കൂളിലൂടെ എനിക്ക് ഒരു പുതുജീവിതം നൽകിത്തന്നതിൽ ഞാൻ യഹോവയോടു തികച്ചും നന്ദിയുള്ളവനാണ്.” യഹോവ അവന്റെ വേല നിർവഹിക്കാൻ നമ്മെ പരിശീലിപ്പിക്കുന്ന വിധം സന്തോഷിക്കാനുള്ള മറ്റൊരു കാരണമല്ലേ?
14, 15. ക്ലേശകരമായ സാഹചര്യങ്ങളിൽ ഏതു സഹായം എളുപ്പത്തിൽ ലഭ്യമാണ്? ഉദാഹരിക്കുക.
14 യഹോവയുമായുള്ള വ്യക്തിപരമായ ബന്ധവും ലോകവ്യാപക സഹോദരവർഗത്തിന്റെ പിന്തുണയും. ജർമനിയിൽ താമസിക്കുന്ന കാറ്റ്രിൻ അതിശക്തമായ ഭൂകമ്പത്തെക്കുറിച്ചും തുടർന്നുണ്ടായ സൂനാമിയെക്കുറിച്ചുമുള്ള വാർത്ത കേട്ടപ്പോൾ ആകെ പരിഭ്രാന്തയായി. അവരുടെ മകൾ തായ്‌ലൻഡ് സന്ദർശിക്കുമ്പോഴായിരുന്നു തെക്കുകിഴക്കൻ ഏഷ്യയിൽ ഈ ദുരന്തം ഉണ്ടായത്. 32 മണിക്കൂർ നേരത്തേക്ക് തന്റെ മകൾ ജീവനോടെയുണ്ടോ എന്ന് അവർക്ക് അറിയില്ലായിരുന്നു; ദുരന്തത്തിന് ഇരയായവരുടെ എണ്ണം മണിക്കൂറുവെച്ച് കൂടിവരുകയും ആയിരുന്നു. അവസാനം, തന്റെ മകൾ സുരക്ഷിതയായിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺകോൾ ലഭിച്ചപ്പോൾ അവർക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി!
15 ഉത്‌കണ്‌ഠാകുലമായ ആ മണിക്കൂറുകളിലുടനീളം പിടിച്ചുനിൽക്കാൻ കാറ്റ്രിനെ സഹായിച്ചത് എന്താണ്? അവർ എഴുതുന്നു: “ഞാൻ യഹോവയോടു പ്രാർഥിച്ചുകൊണ്ടേയിരുന്നു. ഓരോ തവണ പ്രാർഥിച്ചപ്പോഴും അതെനിക്ക് എത്രയധികം കരുത്തും മനസ്സമാധാനവും നൽകിത്തന്നെന്നോ! കൂടാതെ, ക്രിസ്‌തീയ സഹോദരങ്ങൾ സ്‌നേഹപൂർവം എന്നെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു.” (ഫിലിപ്പിയർ 4:6, 7) സഹോദരവർഗത്തിന്റെ പിന്തുണയില്ലാതെയും പ്രാർഥനയിൽ യഹോവയെ സമീപിക്കാൻ കഴിയാതെയും ആ സമയമത്രയും തള്ളിനീക്കേണ്ടിവന്നിരുന്നെങ്കിൽ അത് അവർക്ക് എത്രയധികം വേദനാജനകം ആയിരിക്കുമായിരുന്നു! യഹോവയും അവന്റെ പുത്രനുമായി ഒരു ഉറ്റ ബന്ധമുണ്ടായിരിക്കുന്നതും ക്രിസ്‌തീയ സഹോദരവർഗവുമായി അടുത്ത് സഹവസിക്കുന്നതും പോലെ മറ്റൊരു അനുഗ്രഹവുമില്ല. നമുക്ക് ഒരിക്കലും ഈ മഹത്തായ അനുഗ്രഹത്തെ നിസ്സാരമായി കാണാതിരിക്കാം.
16. പുനരുത്ഥാന പ്രത്യാശയുടെ മൂല്യം കാണിക്കുന്ന ഒരു അനുഭവം വിവരിക്കുക.
16 മരിച്ച പ്രിയപ്പെട്ടവരെ വീണ്ടും കാണുന്നതിനുള്ള പ്രത്യാശ. (യോഹന്നാൻ 5:28, 29) മാറ്റിയാസ് എന്ന യുവാവ് യഹോവയുടെ ഒരു സാക്ഷിയായാണ് വളർന്നു വന്നത്. എന്നാൽ തനിക്ക് ഉണ്ടായിരുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കാതെ അവൻ കൗമാരപ്രായത്തിൽ ക്രിസ്‌തീയ സഭയിൽനിന്ന് അകന്നുപോയി. ഇപ്പോൾ അദ്ദേഹം എഴുതുന്നു: “ഞാൻ എന്റെ പിതാവുമായി കാര്യങ്ങളെപ്പറ്റി ഗഹനമായ ചർച്ചകൾ നടത്തിയിട്ടില്ല എന്നുതന്നെ പറയാം. പലപ്പോഴും പലതിനെയുംചൊല്ലി ഞങ്ങൾ തർക്കിച്ചിട്ടുണ്ട്. എങ്കിലും എന്റെ നന്മയായിരുന്നു അദ്ദേഹം എന്നും ആഗ്രഹിച്ചത്. അദ്ദേഹത്തിന് എന്നെ ജീവനായിരുന്നു; പക്ഷേ അപ്പോൾ എനിക്കതു മനസ്സിലായില്ല. 1996-ൽ ഒരു ദിവസം, ഞാൻ പിതാവിന്റെ കിടക്കയ്‌ക്കടുത്തിരുന്ന് അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ട് ചെയ്‌തതെല്ലാം എന്നോടു ക്ഷമിക്കണമെന്നും ഞാൻ അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും പറഞ്ഞു; പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഞാനതൊക്കെ പറഞ്ഞത്. പക്ഷേ, ഞാൻ പറഞ്ഞതൊന്നും അദ്ദേഹത്തിനു കേൾക്കാൻ കഴിഞ്ഞില്ല—അപ്പോഴേക്കും അദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. അധികം താമസിയാതെ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹം പുനരുത്ഥാനത്തിൽ വരുമ്പോൾ ഞാൻ അവിടെയുണ്ടെങ്കിൽ ഞങ്ങൾക്കു നഷ്ടപ്പെട്ട കഴിഞ്ഞ കാലം ഞങ്ങൾ വീണ്ടെടുക്കും. ഞാൻ ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുന്നെന്നും ഭാര്യയോടൊപ്പം പയനിയറിങ് നടത്തുന്നെന്നും കേൾക്കുന്നത് അദ്ദേഹത്തെ എത്രയധികം സന്തോഷിപ്പിക്കും!” പുനരുത്ഥാന പ്രത്യാശ നമുക്ക് എത്ര വലിയൊരു അനുഗ്രഹമാണ്!
“അവിടുന്ന് അതിനോട് കഷ്ടപ്പാട് കൂട്ടിച്ചേർക്കുകയില്ല”
17. യഹോവ ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് നമ്മെ എങ്ങനെ ബാധിക്കണം?
17 തന്റെ സ്വർഗീയ പിതാവിനെക്കുറിച്ച് യേശു പറഞ്ഞു: “അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.” (മത്തായി 5:45) നീതികെട്ടവരെയും ദുഷ്ടന്മാരെയും യഹോവയാം ദൈവം അനുഗ്രഹിക്കുന്നെങ്കിൽ നിർമലതയോടെ നടക്കുന്നവരുടെമേൽ അവൻ എത്രയധികം അനുഗ്രഹം ചൊരിയും! “നേരോടെ നടക്കുന്നവർക്കു അവൻ [യഹോവയാം ദൈവം] ഒരു നന്മയും മുടക്കുകയില്ല,” എന്ന് സങ്കീർത്തനം 84:11 പ്രസ്‌താവിക്കുന്നു. തന്നെ സ്‌നേഹിക്കുന്നവരോട് അവനുള്ള പ്രത്യേക കരുതൽ സംബന്ധിച്ച് നാം ചിന്തിക്കുമ്പോൾ നമ്മുടെ ഹൃദയം സന്തോഷത്താലും കൃതജ്ഞതയാലും തുടിക്കുന്നില്ലേ?
18. (എ) യഹോവ തന്റെ അനുഗ്രഹങ്ങളോടൊപ്പം കഷ്ടപ്പാട് കൂട്ടിച്ചേർക്കുന്നില്ല എന്ന് എങ്ങനെ പറയാനാകും? (ബി) എന്തുകൊണ്ടാണ് യഹോവയുടെ പല വിശ്വസ്‌ത ദാസന്മാരും കഷ്ടപ്പാട് അനുഭവിക്കുന്നത്?
18 ‘യഹോവയുടെ അനുഗ്രഹം’—അതാണ് അവന്റെ ജനത്തിന്റെ ആത്മീയ സമൃദ്ധിക്കു കാരണമായിരിക്കുന്നത്. “അതിനോട് കഷ്ടപ്പാട് കൂട്ടിച്ചേർക്കുകയില്ല” എന്ന് അവൻ ഉറപ്പു നൽകിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 10:22, NIBV) അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് യഹോവയുടെ പല വിശ്വസ്‌ത ദാസന്മാർക്കും വളരെയേറെ വേദനയ്‌ക്കും കഷ്ടപ്പാടിനും ഇടയാക്കുന്ന പരീക്ഷകളും പരിശോധനകളും സഹിക്കേണ്ടിവരുന്നത്? അതിനു പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. (1) പാപം ചെയ്യാനുള്ള നമ്മുടെതന്നെ പ്രവണത. (ഉല്‌പത്തി 6:5; 8:21; യാക്കോബ് 1:14, 15) (2) സാത്താനും അവന്റെ ഭൂതങ്ങളും. (എഫെസ്യർ 6:11, 12) (3) ദുഷ്ടലോകം. (യോഹന്നാൻ 15:19) വേദനാജനകമായ കാര്യങ്ങൾ സംഭവിക്കാൻ യഹോവ അനുവദിക്കുന്നെങ്കിലും അതിന്റെ കാരണക്കാരൻ അവനല്ല. വാസ്‌തവത്തിൽ “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 1:17) യഹോവ തന്റെ അനുഗ്രഹങ്ങളോടൊപ്പം കഷ്ടപ്പാട് കൂട്ടിച്ചേർക്കുകയില്ല.
19. നിർമലതയോടെ ജീവിക്കുന്നതിൽ തുടരുന്നവർക്ക് എന്തു ലഭിക്കും?
19 ആത്മീയ സമൃദ്ധി ആസ്വദിക്കുന്നതിന് ദൈവത്തോട് അടുത്തുചെല്ലുന്നത് അനിവാര്യമാണ്. അവനുമായി ഒരു ഉറ്റ ബന്ധം നാം വളർത്തിയെടുക്കുമ്പോൾ “സാക്ഷാലുള്ള ജീവനെ” അതായത് നിത്യജീവനെ “പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം” ഇടുകയാണു നാം ചെയ്യുന്നത്. (1 തിമൊഥെയൊസ് 6:12, 17-19) ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിൽ, നമ്മുടെ ആത്മീയ സമൃദ്ധിയോടൊപ്പം ഭൗതിക അനുഗ്രഹങ്ങളും നാം ആസ്വദിക്കും. “യഹോവയുടെ വാക്കു കേട്ടനുസരി”ക്കുന്ന എല്ലാവർക്കും അന്ന് സാക്ഷാലുള്ള ജീവൻ ആസ്വദിക്കാനാകും. (ആവർത്തനപുസ്‌തകം 28:2) മുമ്പെന്നത്തെക്കാളും ദൃഢചിത്തതയോടെ നിർമലതയുടെ പാത പിൻപറ്റുന്നതിൽ നമുക്ക് ആഹ്ലാദപൂർവം തുടരാം.
നിങ്ങൾ എന്തു പഠിച്ചു?
• ഭാവിയെക്കുറിച്ച് അതിരുകവിഞ്ഞു ചിന്തിക്കുന്നത് ബുദ്ധിമോശം ആയിരിക്കുന്നത് എന്തുകൊണ്ട്?
• എന്ത് അനുഗ്രഹങ്ങളാണ് നാം ഇന്ന് ആസ്വദിക്കുന്നത്?
• എന്തുകൊണ്ടാണ് ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർ കഷ്ടപ്പാട് അനുഭവിക്കുന്നത്?
[അധ്യയന ചോദ്യങ്ങൾ]