വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം എന്താണ്‌?

ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം എന്താണ്‌?

ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം എന്താണ്‌?

പൂക്കളുടെ നറുമണം എങ്ങും പരക്കുന്ന ഒരു ഭൂവിലാസത്തിലൂടെ ഉലാത്താനോ ഒരു ഉദ്യാനത്തിലൂടെ ഒന്നു ചുറ്റിനടക്കാനോ നിങ്ങൾക്കിഷ്ടമല്ലേ, എന്തുകൊണ്ടാണത്‌? മനോഹരമായ ഒരു തടാകമോ കൊടുമുടികളിൽ മേഘമാലകളണിഞ്ഞ ഗംഭീര ഗിരിനിരകളോ കാണുമ്പോൾ നിങ്ങളുടെ ഉള്ളം കുളിർക്കുന്നത്‌ എന്തുകൊണ്ടാണ്‌? മരശിഖരങ്ങളിലെ മധുരതരമായ കിളിപ്പാട്ടിനും കലപിലകൾക്കും നിങ്ങൾ കാതോർക്കുന്നത്‌ എന്തുകൊണ്ടാണ്‌? അഴകാർന്ന ഒരു മാൻപേട കുതിച്ചുകൂത്താടുന്നതോ പുൽപ്പുറങ്ങളിലൂടെ ഒരു ചെമ്മരിയാട്ടിൻപറ്റം മേഞ്ഞുനടക്കുന്നതോ ആയ ദൃശ്യം പലരുടെയും മനംകവരുന്നത്‌ എന്തുകൊണ്ടാണ്‌?

ഈ ചോദ്യങ്ങൾക്കെല്ലാം ഒരേയൊരു ഉത്തരമേയുള്ളൂ. പറുദീസയിൽ ജീവിക്കാൻ വേണ്ടിയാണു നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌! നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും ജീവിതം തുടങ്ങിയത്‌ അവിടെയാണ്‌. പറുദീസയിൽ ജീവിക്കണമെന്നുള്ള നമ്മുടെ ആഗ്രഹം അവരിൽനിന്നാണു നമുക്കു കിട്ടിയത്‌, അവർക്ക്‌ അതു കിട്ടിയതോ? അവരുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിൽനിന്നും. പറുദീസയിലെ ജീവിതം നമുക്കെല്ലാം പ്രിയങ്കരമായിരിക്കുമെന്ന്‌ ദൈവത്തിനറിയാം, കാരണം അത്തരം വിസ്‌മയാവഹമായ ഒരു ഭൗമികഭവനത്തിൽ ജീവിതം ആസ്വദിക്കുന്നതിനാവശ്യമായ എല്ലാ പ്രാപ്‌തികളോടുംകൂടിയാണ്‌ അവൻ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌.

എന്തിനാണ്‌ യഹോവ ഭൂമിയെ സൃഷ്ടിച്ചത്‌? മനുഷ്യവർഗത്തിന്റെ “പാർപ്പിന്നത്രേ അതിനെ നിർമിച്ചത്‌.” (യെശയ്യാവു 45:18) “ഭൂമിയെ സൃഷ്ടിച്ച”വൻ ആദാമിനും ഹവ്വായ്‌ക്കും മനോഹരമായ ഒരു പറുദീസാഭവനം നൽകി, ഏദെൻതോട്ടം. (യിരെമ്യാവു 10:12; ഉല്‌പത്തി 2:7-9, 15, 21, 22) അവിടത്തെ പുഴകളും പൂക്കളും മരങ്ങളും അവരെ എത്രമാത്രം ആഹ്ലാദഭരിതരാക്കിയിട്ടുണ്ടാകും! മാനത്തു പറന്നുല്ലസിക്കുന്ന മനോഹരമായ പക്ഷികളും എങ്ങും സ്വച്ഛന്ദം വിഹരിക്കുന്ന നാനാജാതി മൃഗങ്ങളും ഒക്കെയുള്ള മനോഹരമായ ഒരു ഭൂപ്രദേശം, മത്സ്യങ്ങളും മറ്റനേകം ജീവികളും നീന്തിത്തുടിക്കുന്ന സ്വച്ഛശീതളമായ ജലസമൃദ്ധി. ഭയക്കേണ്ട യാതൊന്നും അവിടെയില്ലായിരുന്നു. എല്ലാറ്റിലുമുപരി അവിടെ ആദാമും ഹവ്വായും ഒരുമിച്ചായിരുന്നു. കുഞ്ഞുങ്ങൾക്കു ജന്മംനൽകുന്നതിനും കുടുംബം വലുതാകുന്നതനുസരിച്ച്‌ പറുദീസാഭവനത്തിന്റെ അതിർത്തികൾ വ്യാപിപ്പിക്കുക എന്ന വേല സന്തോഷത്തോടെ ഒത്തൊരുമിച്ച്‌ ചെയ്യുന്നതിനുമുള്ള അവസരം അവർക്കുണ്ടായിരുന്നു.

ഭൂമി ഇന്നൊരു പറുദീസയല്ല. എങ്കിലും അതിനെ ഒരു സന്തുഷ്ടകുടുംബത്തിന്റെ സർവസൗകര്യങ്ങളുമുള്ള ഒരു വീടിനോടു താരതമ്യപ്പെടുത്താൻ കഴിയും. ദൈവം നമുക്കു പാർക്കാൻ തന്ന ഈ വീട്ടിൽ വെളിച്ചം, ചൂട്‌, വെള്ളം, ആഹാരം എന്നിങ്ങനെ നമുക്കു വേണ്ടതെല്ലാമുണ്ട്‌. സൂര്യന്റെ ചൂടും വെളിച്ചവും രാത്രിയിൽ ചന്ദ്രന്റെ നനുത്ത പ്രകാശവും നാം എത്രയധികം വിലമതിക്കുന്നു! (ഉല്‌പത്തി 1:14-18) ഈ വീടിന്റെ നിലയറയിൽ അഥവാ ഭൂഗർഭത്തിൽ കൽക്കരി, എണ്ണ എന്നിങ്ങനെയുള്ള ഇന്ധനങ്ങളുണ്ട്‌. ജലപരിവൃത്തിയും നദികളും തടാകങ്ങളും കടലുകളും നമുക്ക്‌ ജലം ലഭ്യമാക്കുന്നു. ഈ ഭൂതലത്തെ ആവരണം ചെയ്യുന്ന പച്ചപ്പുല്ലിന്റെ ഒരു പരവതാനിയുമുണ്ട്‌.

ഭൂമിയുടെ കലവറ സമൃദ്ധമാണ്‌, ഒരു വീട്ടിൽ ഭക്ഷണപദാർഥങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്നതുപോലെ. വയലേലകളിലെ പലതരം വിളകളും ഫലവൃക്ഷത്തോപ്പുകളിലെ പഴവർഗങ്ങളും യഹോവ ‘ഫലപുഷ്ടിയുള്ള കാലങ്ങളും സന്തോഷവും നൽകി നമ്മെ തൃപ്‌തരാക്കുന്നു’ എന്നതിന്റെ തെളിവാണ്‌. (പ്രവൃത്തികൾ 14:16, 17) ഈ ഭൂമി ഇപ്പോൾത്തന്നെ മനോഹരമായൊരു ഭവനമാണ്‌. അപ്പോൾ, “ധന്യനായ” യഹോവയാം ദൈവം അതിനെ ഒരു പറുദീസയാക്കി മാറ്റുമ്പോൾ എന്തായിരിക്കും അവസ്ഥ!​—⁠1 തിമൊഥെയൊസ്‌ 1:⁠11.