വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യുദ്ധം യഹോവെക്കുള്ളത്‌”

“യുദ്ധം യഹോവെക്കുള്ളത്‌”

“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു”

“യുദ്ധം യഹോവെക്കുള്ളത്‌”

ഒരു താഴ്‌വരയുടെ ഇരുവശത്തുമായി രണ്ടു ശത്രുസേനകൾ നിലയുറപ്പിച്ചിരിക്കുകയാണ്‌. ഇസ്രായേൽ പുരുഷന്മാർ ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്തിന്റെ നിന്ദയ്‌ക്കു പാത്രമാകാൻ തുടങ്ങിയിട്ടു നാൽപ്പതു ദിവസമായി. അവർ ഭയന്നു കഴിയുകയാണ്‌.​—⁠1 ശമൂവേൽ 17:1-4, 16.

ഗൊല്യാത്ത്‌ ഇസ്രായേല്യരെ ഇപ്രകാരം വെല്ലുവിളിക്കുന്നു: “നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്‌തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം. . . . ഞാൻ ഇന്നു യിസ്രായേൽ നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിൻ.”​—⁠1 ശമൂവേൽ 17:8-10.

ഇരുസേനയിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു വീരയോദ്ധാക്കൾ പരസ്‌പരം പോരാടുന്ന രീതി പുരാതന കാലത്തുണ്ടായിരുന്നു. അതിൽ ജയിക്കുന്ന ആളുടെ സേനയ്‌ക്കായിരുന്നു വിജയം. എന്നാൽ ഇസ്രായേലിനെ വെല്ലുവിളിക്കുന്നവൻ ഒരു സാധാരണ പടയാളിയല്ല. കണ്ടാൽ പേടിതോന്നുന്ന, ക്രൂരനും അതികായനുമായ ഒരു യോദ്ധാവാണ്‌ അയാൾ. എങ്കിലും യഹോവയുടെ സേനയെ പരിഹസിക്കുന്നതിലൂടെ അയാൾ തനിക്കുതന്നെ നാശം ക്ഷണിച്ചുവരുത്തുകയാണ്‌.

ഇതു കേവലം സൈന്യങ്ങൾ തമ്മിലല്ല, യഹോവയും ഫെലിസ്‌ത്യ ദേവന്മാരും തമ്മിലുള്ള ഒരു പോരാട്ടമാണ്‌. ദൈവത്തിന്റെ ശത്രുക്കൾക്കെതിരെ ധൈര്യപൂർവം സേനയെ നയിക്കുന്നതിനു പകരം ഇസ്രായേലിന്റെ രാജാവായ ശൗൽ ഭയന്ന്‌ സ്‌തബ്ധനാകുന്നു.​—⁠1 ശമൂവേൽ 17:11.

ഒരു യുവാവ്‌ യഹോവയിൽ ആശ്രയിക്കുന്നു

ഈ സമയത്ത്‌ ഇസ്രായേലിന്റെ രാജാവാകാൻ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന ഒരു യുവാവ്‌ ശൗലിന്റെ സേനയിലുള്ള തന്റെ സഹോദരന്മാരെ കാണാൻവരുന്നു. ദാവീദ്‌ എന്നാണ്‌ അവന്റെ പേര്‌. ഗൊല്യാത്തിന്റെ നിന്ദാവാക്കുകൾ കേൾക്കുമ്പോൾ അവൻ ഇങ്ങനെ ചോദിക്കുന്നു: ‘ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്‌ത്യൻ ആർ?’ (1 ശമൂവേൽ 17:26) ഫെലിസ്‌ത്യരുടെയും അവരുടെ ദേവന്മാരുടെയും ഒരു പ്രതിനിധിയെന്ന നിലയിലാണ്‌ ദാവീദ്‌ ഗൊല്യാത്തിനെ കാണുന്നത്‌. ധാർമികരോഷംപൂണ്ട ദാവീദ്‌ യഹോവയ്‌ക്കും ഇസ്രായേലിനും വേണ്ടി നിലകൊള്ളാനും ആ പുറജാതി മല്ലനെ നേരിടാനും തീരുമാനിക്കുന്നു. പക്ഷേ ശൗൽ രാജാവ്‌ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക: “ഈ ഫെലിസ്‌ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്‌തിയില്ല; നീ ബാലൻ അത്രേ.”​—⁠1 ശമൂവേൽ 17:33.

ശൗലും ദാവീദും എത്ര വ്യത്യസ്‌തമായ വീക്ഷണമാണ്‌ വെച്ചുപുലർത്തിയത്‌! നീചനായ ഒരു മല്ലനോടു പോരാടാൻ ആഗ്രഹിക്കുന്ന വെറുമൊരു ഇടയബാലനായി മാത്രമേ ശൗൽ ദാവീദിനെ കാണുന്നുള്ളൂ. എന്നാൽ ദാവീദാകട്ടെ, പരമാധീശ കർത്താവായ യഹോവയെ നിന്ദിക്കുന്ന വെറുമൊരു മനുഷ്യനായിട്ടാണ്‌ ഗൊല്യാത്തിനെ കാണുന്നത്‌. തന്റെ നാമത്തെയും ജനത്തെയും നിന്ദിക്കുന്നവരെ യഹോവ ശിക്ഷിക്കാതെ വിടുകയില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ്‌ ദാവീദിന്‌ ഇത്രയ്‌ക്കു ധൈര്യം തോന്നുന്നത്‌. ഗൊല്യാത്ത്‌ തന്റെ ശക്തിയെക്കുറിച്ചു വീമ്പിളക്കുമ്പോൾ, യഹോവയുടെ വീക്ഷണകോണിലൂടെ സാഹചര്യത്തെ വിലയിരുത്തുന്ന ദാവീദ്‌ അവനിൽ വിശ്വാസമർപ്പിക്കുന്നു.

“ഞാനോ . . . യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു”

ദാവീദിന്റെ വിശ്വാസത്തിന്‌ ഉറച്ച അടിസ്ഥാനമുണ്ട്‌. ആട്ടിൻകൂട്ടത്തെ ഒരിക്കൽ കരടിയിൽനിന്നും മറ്റൊരിക്കൽ സിംഹത്തിൽനിന്നും രക്ഷിക്കാൻ ദൈവം തന്നെ സഹായിച്ചിട്ടുണ്ടെന്ന്‌ അവൻ ഓർക്കുന്നു. ഇപ്പോൾ അതികായനായ ഫെലിസ്‌ത്യശത്രുവിനെ നേരിടാനും യഹോവ സഹായിക്കുമെന്ന്‌ ഈ ഇടയബാലന്‌ ഉറപ്പുണ്ട്‌. (1 ശമൂവേൽ 17:34-37) വെറുമൊരു കവിണയും മിനുസമുള്ള അഞ്ച്‌ കല്ലുകളുമായി ദാവീദ്‌ ആ മല്ലന്റെ നേർക്ക്‌ അടുക്കുന്നു.

യഹോവ നൽകുന്ന ബലത്തിൽ ആശ്രയിച്ചുകൊണ്ട്‌ യുവാവായ ദാവീദ്‌ അസാധ്യമെന്നു തോന്നുന്ന ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. ധൈര്യപൂർവം അവൻ ആ ഫെലിസ്‌ത്യനോടു പറയുന്നു: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്‌പിക്കും; . . . യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളത്‌.”​—⁠1 ശമൂവേൽ 17:45-47.

ഫലമെന്തായിരുന്നു? നിശ്വസ്‌ത വിവരണം പറയുന്നു: “ഇങ്ങനെ ദാവീദ്‌ ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്‌ത്യനെ ജയിച്ചു, ഫെലിസ്‌ത്യനെ കൊന്നു മുടിച്ചു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.” (1 ശമൂവേൽ 17:50) അതേ, കയ്യിൽ വാളില്ലായിരുന്നെങ്കിലും അവന്‌ യഹോവയാം ദൈവത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. *

ആ ഏറ്റുമുട്ടലിലൂടെ യഹോവയിലുള്ള ദാവീദിന്റെ വിശ്വാസം അസ്ഥാനത്തല്ലെന്നു തെളിയുകതന്നെ ചെയ്‌തു. മനുഷ്യരെ ഭയക്കണമോ അതോ രക്ഷിക്കാനുള്ള യഹോവയുടെ ശക്തിയിൽ ആശ്രയിക്കണമോ എന്നു തീരുമാനിക്കേണ്ടിവരുമ്പോൾ എന്താണു ചെയ്യേണ്ടതെന്നു വ്യക്തമാണ്‌: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 5:29) പ്രയാസ സാഹചര്യങ്ങളെ യഹോവയുടെ കണ്ണുകളിലൂടെ നോക്കിക്കാണുകയാണെങ്കിൽ, പർവതസമാന പ്രശ്‌നങ്ങളെപ്പോലും സമനിലയോടെ കാണാൻ നമുക്കു സാധിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 13 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2006 മേയ്‌/ജൂൺ കാണുക.

[9-ാം പേജിലെ ചതുരം/ചിത്രം]

ഗൊല്യാത്തിന്റെ വലുപ്പം

1 ശമൂവേൽ 17:4-7 അനുസരിച്ച്‌ ഗൊല്യാത്തിന്‌ ആറുമുഴത്തിലധികം, അതായത്‌ മൂന്നു മീറ്ററോളം ഉയരമുണ്ടായിരുന്നു. ആ ഫെലിസ്‌ത്യന്റെ ശക്തിയും അസാമാന്യ വലുപ്പവും വിളിച്ചറിയിക്കുന്നതാണ്‌ ചെമ്പുകൊണ്ടുള്ള അയാളുടെ പടച്ചട്ട. അതിന്‌ 57 കിലോഗ്രാം ഭാരമുണ്ടായിരുന്നു! കുന്തത്തിന്റെ തണ്ട്‌ നെയ്‌ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു. ഏഴു കിലോഗ്രാമായിരുന്നു കുന്തമുനയുടെ ഭാരം. ഇതെല്ലാംവെച്ചുനോക്കുമ്പോൾ ഗൊല്യാത്തിന്റെ പടച്ചട്ടയ്‌ക്കു ദാവീദിനെക്കാൾ ഭാരമുണ്ടായിരുന്നിരിക്കാനാണ്‌ സാധ്യത.