വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“സകല ജാതികളുടെയും മനോഹരവസ്‌തു” യഹോവയുടെ “ആലയ”ത്തിലേക്കു വരാൻ ഇടയാക്കുന്നത്‌ എന്താണ്‌?​—⁠ഹഗ്ഗായി 2:⁠7.

ഹഗ്ഗായി പ്രവാചകനിലൂടെ യഹോവ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്‌തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും.” (ഹഗ്ഗായി 2:7) “മനോഹരവസ്‌തു” അതായത്‌ പരമാർഥഹൃദയരായ ആളുകൾ സത്യാരാധനയിലേക്കു വരുന്നത്‌ യഹോവ “സകല ജാതികളെയും” ഇളക്കുന്നതു നിമിത്തമാണോ? അല്ല എന്നാണ്‌ ഉത്തരം.

ജനതകളെ ഇളക്കുന്നത്‌ എന്താണെന്നും അത്‌ എന്തിലേക്കു നയിക്കുന്നു എന്നും നോക്കുക. ‘ജാതികൾ കലഹിക്കുകയും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുകയും’ ചെയ്യുന്നതായി ബൈബിൾ പറയുന്നു. (സങ്കീർത്തനം 2:1) സ്വന്തം പരമാധികാരം എങ്ങനെ നിലനിറുത്താം എന്നതാണ്‌ അവർ “നിരൂപിക്കുന്ന” അല്ലെങ്കിൽ ചിന്തിച്ചുകൊണ്ടിരിക്കുന്ന “വ്യർഥമായ” കാര്യം. തങ്ങളുടെ ഭരണാധിപത്യത്തിനെതിരെയുള്ള ഭീഷണിയെക്കാൾ അവരെ പിടിച്ചുലയ്‌ക്കാൻ പോന്ന മറ്റൊരു സംഗതിയുമില്ല.

ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെക്കുറിച്ച്‌ യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി നടത്തുന്ന പ്രസംഗവേല ജനതകൾക്കെതിരെ അത്തരമൊരു ഭീഷണിയാണ്‌ ഉയർത്തുന്നത്‌. യേശുക്രിസ്‌തു രാജാവായുള്ള മിശിഹൈക രാജ്യം പെട്ടെന്നുതന്നെ മാനുഷ “രാജത്വങ്ങളെ ഒക്കെയും തകർത്തു” നശിപ്പിക്കും. (ദാനീയേൽ 2:44) നമ്മുടെ പ്രസംഗവേലയിൽ ഉൾക്കൊണ്ടിരിക്കുന്ന ന്യായവിധി സന്ദേശം ജനതകളെ പ്രകമ്പനംകൊള്ളിക്കുകയാണ്‌. (യെശയ്യാവു 61:2) പ്രസംഗവേലയുടെ വ്യാപ്‌തിയും തീവ്രതയും വർധിക്കുന്തോറും ഈ പ്രകമ്പനത്തിന്റെ ആക്കവും വർധിക്കുന്നു. ഹഗ്ഗായി 2:​7-ൽ മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്ന ‘ഇളക്കൽ’ എന്തിന്റെ മുന്നോടിയാണ്‌?

ഹഗ്ഗായി 2:​6-ൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.” ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: ‘ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്‌ദത്തം ചെയ്‌തു. “ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു [അതായത്‌ ദൈവരാജ്യം] നിലനില്‌ക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.’ (എബ്രായർ 12:26, 27) അതേ, തന്റെ പുതിയ ലോകത്തിനു വഴിതുറക്കാൻ ദൈവം ഈ മുഴുവ്യവസ്ഥിതിയെയും സ്വസ്ഥാനത്തുനിന്ന്‌ ഇളക്കിമാറ്റും. അത്‌ പൂർണമായും തകർത്തുനശിപ്പിക്കപ്പെടും.

പരമാർഥഹൃദയരായ ആളുകൾ സത്യാരാധനയിലേക്ക്‌ ആകർഷിക്കപ്പെടുന്നത്‌ ജനതകളുടെ കുലുക്കം നിമിത്തമല്ല. വാസ്‌തവത്തിൽ യഹോവയിലേക്കും അവന്റെ ആരാധനയിലേക്കും ആളുകളെ ആകർഷിക്കുന്നതും ജനതകളെ ഇളക്കുന്നതും ഒരേ പ്രവർത്തനം തന്നെയാണ്‌​—⁠സ്ഥാപിത ദൈവരാജ്യത്തെക്കുറിച്ചുള്ള ലോകവ്യാപക പ്രസംഗപ്രവർത്തനം. അതേ, “നിത്യസുവിശേഷ”ത്തിന്റെ ഘോഷണം ആത്മാർഥഹൃദയരായവരെ സത്യദൈവത്തിന്റെ ആരാധനയിലേക്ക്‌ ആകർഷിക്കുന്നു.​—⁠വെളിപ്പാടു 14:6, 7.

രാജ്യദൂത്‌ ന്യായവിധിയുടെയും രക്ഷയുടെയും സന്ദേശമാണ്‌. (യെശയ്യാവു 61:1, 2) ലോകവ്യാപകമായി അതു പ്രസംഗിക്കപ്പെടുന്നത്‌ രണ്ട്‌ ഉദ്ദേശ്യങ്ങൾ സാധിക്കുന്നു: ജനതകളെ ഇളക്കാനും ജനതകളുടെ മനോഹരവസ്‌തു യഹോവയുടെ സത്യാരാധനയിലേക്കു വരാനും.