വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ജീവിച്ചിരിക്കേണ്ടതിന്നു . . . ജീവനെ തിരഞ്ഞെടുത്തുകൊൾക”

“ജീവിച്ചിരിക്കേണ്ടതിന്നു . . . ജീവനെ തിരഞ്ഞെടുത്തുകൊൾക”

“ജീവിച്ചിരിക്കേണ്ടതിന്നു . . . ജീവനെ തിരഞ്ഞെടുത്തുകൊൾക”

“ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . . അതുകൊണ്ടു നീ . . . ജീവിച്ചിരിക്കേണ്ടതിന്നു . . . ജീവനെ തിരഞ്ഞെടുത്തുകൊൾക.”​—⁠ആവർത്തനപുസ്‌തകം 30:​19, 20.

1, 2. ഏതു വിധങ്ങളിലാണ്‌ മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌?

ബൈബിളിന്റെ ആദ്യത്തെ അധ്യായത്തിൽ ദൈവത്തിന്റെ പിൻവരുന്ന പ്രസ്‌താവന നാം കാണുന്നു: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” അങ്ങനെ “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു” എന്ന്‌ ഉല്‌പത്തി 1:26, 27 പ്രസ്‌താവിക്കുന്നു. അതുകൊണ്ടുതന്നെ ഭൂമിയിലെ മറ്റെല്ലാ സൃഷ്ടികളിൽനിന്നും ആ ആദ്യ മനുഷ്യൻ വ്യത്യസ്‌തനായിരുന്നു. സ്രഷ്ടാവിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട അവന്‌ സ്‌നേഹം, നീതി, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങൾ പ്രകടമാക്കുന്നതിലും കാര്യങ്ങൾ വിലയിരുത്തുന്നതിലും ദൈവിക മനോഭാവം പ്രതിഫലിപ്പിക്കാൻ കഴിയുമായിരുന്നു. തനിക്കു പ്രയോജനം കൈവരുത്തുകയും തന്റെ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്ന തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്വന്തം മനസ്സാക്ഷിയും അവനെ സഹായിച്ചിരുന്നു. (റോമർ 2:15) ചുരുക്കത്തിൽ, സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ആദാമിനുണ്ടായിരുന്നു. ഭൂമിയിലെ തന്റെ ആദ്യ മാനുഷ സന്തതിയുടെ രൂപകൽപ്പനയെ യഹോവ പിൻവരുന്ന വാക്കുകളിൽ വിലയിരുത്തി: “അതു എത്രയും നല്ലത്‌.”​—⁠ഉല്‌പത്തി 1:31; സങ്കീർത്തനം 95:⁠6.

2 ആദാമിന്റെ സന്തതികളെന്ന നിലയിൽ നാമും ദൈവത്തിന്റെ പ്രതിച്ഛായയിലും സ്വരൂപത്തിലുമാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. എന്നിരുന്നാലും, എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യഥാർഥത്തിൽ നമുക്കുണ്ടോ? തീർച്ചയായും. എന്തെല്ലാം സംഭവിക്കുമെന്നു മുൻകൂട്ടി അറിയാൻ യഹോവയ്‌ക്കു കഴിയുമെങ്കിലും നാം ഓരോരുത്തരും എന്തു ചെയ്യുമെന്നും അതിന്റെയൊക്കെ അനന്തരഫലം എന്തായിരിക്കുമെന്നും അവൻ മുൻകൂട്ടി നിശ്ചയിക്കുന്നില്ല. തന്റെ ഭൗമിക മക്കൾ മുൻനിശ്ചയത്തിന്റെ വെറും കളിപ്പാവകളായിരിക്കാൻ അവൻ ഒരിക്കലും അനുവദിക്കുകയില്ല. ഇച്ഛാസ്വാതന്ത്ര്യം, ശരിയായ തീരുമാനങ്ങളെടുക്കാൻ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഇസ്രായേൽ ജനതയുടെ ചരിത്രത്തിൽനിന്നുള്ള ഒരു പാഠം നമ്മെ സഹായിക്കും. ​—⁠റോമർ 15:⁠4.

ഇസ്രായേല്യർ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ചവിധം

3. പത്തു കൽപ്പനകളിൽ ആദ്യത്തേത്‌ എന്തായിരുന്നു, വിശ്വസ്‌തരായ ഇസ്രായേല്യർ അതിനോട്‌ അനുസരണം പ്രകടമാക്കിയത്‌ എങ്ങനെ?

3 യഹോവ ഇസ്രായേല്യരോട്‌ ഇങ്ങനെ പറഞ്ഞു: “അടിമവീടായ മിസ്രയീം ദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.” (ആവർത്തനപുസ്‌തകം 5:6) ഈ വാക്കുകൾ അവിശ്വസിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ പൊതുയുഗത്തിനുമുമ്പ്‌ 1513-ൽ ഈജിപ്‌തിലെ അടിമത്തത്തിൽനിന്ന്‌ ഇസ്രായേലിനെ അത്ഭുതകരമായി വിടുവിച്ചത്‌ യഹോവയായിരുന്നു. മോശെ മുഖാന്തരം യഹോവ പ്രദാനംചെയ്‌ത പത്തു കൽപ്പനകളിൽ ഒന്നാമത്തേത്‌ ഇങ്ങനെ പറയുന്നു: “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്‌.” (പുറപ്പാടു 20:1, 3) ആ സന്ദർഭത്തിൽ ഇസ്രായേൽ ജനത ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ചു. യഹോവയ്‌ക്ക്‌ അവർ സമ്പൂർണ ഭക്തി നൽകി.​—⁠പുറപ്പാടു 20:5; സംഖ്യാപുസ്‌തകം 25:11.

4. (എ) എന്തു തിരഞ്ഞെടുക്കാനുള്ള അവസരം മോശെ ഇസ്രായേല്യർക്കു നൽകി? (ബി) ഇന്നു നമുക്ക്‌ എന്തിനുള്ള സ്വാതന്ത്ര്യമുണ്ട്‌?

4 ഏകദേശം 40 വർഷത്തിനുശേഷം ഇസ്രായേല്യരുടെ മറ്റൊരു തലമുറയെ, അവർക്കു മുമ്പാകെയുള്ള ഗൗരവമായ തിരഞ്ഞെടുപ്പു സംബന്ധിച്ച്‌ മോശെ ഇങ്ങനെ ഓർമിപ്പിച്ചു: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നു . . . ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ആവർത്തനപുസ്‌തകം 30:​19, 20) സമാനമായി, ഇന്നു നമുക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. നിത്യജീവൻ മുന്നിൽക്കണ്ടുകൊണ്ട്‌ യഹോവയെ വിശ്വസ്‌തമായി സേവിക്കണമോ അതോ അവനെ അനുസരിക്കാതിരുന്നുകൊണ്ട്‌ അതിന്റെ പരിണതഫലങ്ങൾ അനുഭവിക്കണമോയെന്നു നമുക്കു തീരുമാനിക്കാനാകും. ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്‌തമായ തിരഞ്ഞെടുപ്പുകൾ നടത്തിയവരുടെ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.

5, 6. യോശുവ എന്തു തിരഞ്ഞെടുപ്പു നടത്തി, അതിന്റെ പരിണതഫലം എന്തായിരുന്നു?

5 പൊ.യു.മു. 1473-ൽ ഇസ്രായേൽ ജനത യോശുവയുടെ നേതൃത്വത്തിൽ വാഗ്‌ദത്തദേശത്തു പ്രവേശിച്ചു. പിന്നീട്‌, തന്റെ മരണത്തിനുമുമ്പ്‌ അവർക്കു ശക്തമായ ഉദ്‌ബോധനം നൽകവേ അവൻ ഇങ്ങനെ പറഞ്ഞു: “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ.” തുടർന്ന്‌ സ്വന്തം കുടുംബത്തിന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ട്‌ അവൻ കൂട്ടിച്ചേർത്തു: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”​—⁠യോശുവ 24:15.

6 ന്യായപ്രമാണം അനുസരിക്കുന്നതിൽനിന്നു വ്യതിചലിക്കരുതെന്നു കൽപ്പിച്ചുകൊണ്ട്‌ നല്ല ഉറപ്പും ധൈര്യവുമുള്ളവനായിരിക്കാൻ യഹോവ മുമ്പ്‌ യോശുവയെ ഉദ്‌ബോധിപ്പിച്ചിരുന്നു. ന്യായപ്രമാണപുസ്‌തകത്തിലുള്ള കാര്യങ്ങൾ രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നതിലൂടെ യോശുവയ്‌ക്കു വിജയം വരിക്കാനാകുമായിരുന്നു. (യോശുവ 1:7, 8) അവന്റെ കാര്യത്തിൽ അതു സത്യമെന്നു തെളിയുകയും ചെയ്‌തു. അവൻ നടത്തിയ തിരഞ്ഞെടുപ്പ്‌ അനുഗ്രഹങ്ങളിൽ കലാശിച്ചു. “യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്‌ത വാഗ്‌ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി” എന്ന്‌ യോശുവയ്‌ക്കു പറയാൻ കഴിഞ്ഞു.​—⁠യോശുവ 21:45.

7. യെശയ്യാവിന്റെ നാളിൽ ചില ഇസ്രായേല്യർ എന്തു തിരഞ്ഞെടുപ്പു നടത്തി, അതിന്റെ അനന്തരഫലം എന്തായിരുന്നു?

7 ഏകദേശം 700 വർഷത്തിനുശേഷം ഇസ്രായേലിൽ നിലനിന്നിരുന്ന തികച്ചും വ്യത്യസ്‌തമായ ഒരു സാഹചര്യം പരിചിന്തിക്കുക. ആ സമയത്ത്‌ ഇസ്രായേല്യരിൽ അനേകരും പുറജാതി ആചാരങ്ങൾ പിൻപറ്റിയിരുന്നു. ഉദാഹരണത്തിന്‌ വർഷാവസാന ദിവസം, വീഞ്ഞു കുടിക്കുന്നതിനും വിഭവസമൃദ്ധമായ സദ്യക്കുമായി ജനം കൂടിവന്നിരുന്നു. കേവലം ഒരു സാമൂഹിക കൂടിവരവായിരുന്നില്ല, രണ്ടു പുറജാതി ദൈവങ്ങളുടെ ബഹുമാനാർഥമുള്ള മതപരമായ ഒരു ചടങ്ങായിരുന്നു അത്‌. ഈ അവിശ്വസ്‌ത ഗതിയെ ദൈവം എങ്ങനെയാണു വീക്ഷിച്ചതെന്ന്‌ യെശയ്യാ പ്രവാചകൻ രേഖപ്പെടുത്തി. അവർ “യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവ്വതത്തെ മറക്കയും ഗദ്‌ദേവന്നു [“ഭാഗ്യദേവനു,” പി.ഒ.സി. ബൈബിൾ] ഒരു മേശ ഒരുക്കി മെനിദേവിക്കു [“വിധിയുടെ ദേവനു,” പി.ഒ.സി.] വീഞ്ഞു കലർത്തി നിറെച്ചുവെക്കയും ചെയ്യു”ന്നുവെന്ന്‌ ദൈവം പറഞ്ഞു. ഓരോ വർഷവും സമൃദ്ധമായ വിളവെടുപ്പ്‌ ലഭിച്ചിരുന്നത്‌ യഹോവയുടെ അനുഗ്രഹത്താലല്ല, ‘ഭാഗ്യദേവനെയും’ ‘വിധിയുടെ ദേവനെയും’ പ്രസാദിപ്പിക്കുന്നതുകൊണ്ടാണെന്ന്‌ അവർ വിശ്വസിച്ചു. അവരുടെ മത്സരഗതിയും ബോധിച്ചരീതിയിലുള്ള പ്രവർത്തനവും അവരുടെ വിധി നിശ്ചയിക്കുകതന്നെ ചെയ്‌തു. “ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്‌തപ്പോൾ കേൾക്കാതെയും എനിക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കുലെക്കു കുനിയേണ്ടിവരും” എന്ന്‌ യഹോവ പ്രഖ്യാപിച്ചു. (യെശയ്യാവു 65:11, 12) ജ്ഞാനരഹിതമായ തിരഞ്ഞെടുപ്പ്‌ അവരുടെ നാശത്തിന്‌ ഇടയാക്കി. അതു തടുക്കാൻ വിധിയുടെ ദേവനോ ഭാഗ്യദേവനോ കഴിഞ്ഞില്ല.

ശരിയായ തിരഞ്ഞെടുപ്പു നടത്തുക

8. ആവർത്തനപുസ്‌തകം 30:20 അനുസരിച്ച്‌, ശരിയായ തിരഞ്ഞെടുപ്പു നടത്തുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

8 ജീവൻ തിരഞ്ഞെടുത്തുകൊള്ളാൻ ഇസ്രായേല്യരെ ഉദ്‌ബോധിപ്പിച്ചപ്പോൾ അവർ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ മോശെ ചൂണ്ടിക്കാട്ടി. “നിന്റെ ദൈവമായ യഹോവയെ സ്‌നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും” ചെയ്യണമെന്ന്‌ അവൻ അവരോടു പറഞ്ഞു. (ആവർത്തനപുസ്‌തകം 30:20) ശരിയായ തിരഞ്ഞെടുപ്പു നടത്താൻ നമ്മെ സഹായിക്കുന്ന ഈ മൂന്നു കാര്യങ്ങളും നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം.

9. യഹോവയോടുള്ള സ്‌നേഹം നമുക്ക്‌ എങ്ങനെ പ്രകടമാക്കാം?

9 നമ്മുടെ ദൈവമായ യഹോവയെ സ്‌നേഹിച്ചുകൊണ്ട്‌: യഹോവയോടു സ്‌നേഹമുള്ളതുകൊണ്ടാണ്‌ നാം അവനെ സേവിക്കുന്നത്‌. ഇസ്രായേല്യരുടെ നാളിലെ മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾക്കു ചെവികൊടുത്തുകൊണ്ട്‌, അധാർമികതയിൽ ഏർപ്പെടാനുള്ള സകല പ്രലോഭനങ്ങളും നാം ചെറുത്തുനിൽക്കുന്നു. ഈ ലോകത്തിന്റെ ഭൗതികത്വമാകുന്ന ചതുപ്പിൽ ആഴ്‌ന്നുപോകാനിടയാക്കുന്ന ജീവിതരീതികൾ നാം തള്ളിക്കളയുന്നു. (1 കൊരിന്ത്യർ 10:11; 1 തിമൊഥെയൊസ്‌ 6:6-10) നാം യഹോവയോടു പറ്റിനിൽക്കുകയും അവന്റെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുന്നു. (യോശുവ 23:8; സങ്കീർത്തനം 119:5, 8) വാഗ്‌ദത്തദേശത്തു പ്രവേശിക്കുന്നതിനുമുമ്പ്‌ മോശെ ഇസ്രായേല്യരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്‌പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്‌. അവർ ഈ കല്‌പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്‌ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.” (ആവർത്തനപുസ്‌തകം 4:5, 6) യഹോവയുടെ ഇഷ്ടം ജീവിതത്തിൽ ഒന്നാമതു വെച്ചുകൊണ്ട്‌ അവനോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള സമയം ഇതാണ്‌. അപ്രകാരം ചെയ്യാൻ തീരുമാനിക്കുന്നപക്ഷം നാം തീർച്ചയായും അനുഗ്രഹിക്കപ്പെടും.​—⁠മത്തായി 6:33.

10-12. നോഹയുടെ നാളിലെ സംഭവം പരിചിന്തിക്കുന്നതിലൂടെ നാം ഏതു പാഠങ്ങൾ പഠിക്കുന്നു?

10 ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചുകൊണ്ട്‌: നോഹയെ ബൈബിൾ “നീതിപ്രസംഗി”യെന്നു വിളിക്കുന്നു. (2 പത്രൊസ്‌ 2:5) എന്നാൽ നാനാവിധ കാര്യങ്ങളിൽ മുഴുകിയിരുന്ന, പ്രളയത്തിനുമുമ്പുള്ള ജനസമൂഹം അവന്റെ മുന്നറിയിപ്പിനു ചെവികൊടുത്തില്ല. എന്തായിരുന്നു പരിണതഫലം? “ജലപ്രളയം വന്നു എല്ലാവരെയും നീക്കി”ക്കളഞ്ഞു. “മനുഷ്യപുത്രന്റെ” സാന്നിധ്യകാലമായ നമ്മുടെ നാളും നോഹയുടേതിനോടു സമാനമായിരിക്കുമെന്ന്‌ യേശു മുന്നറിയിപ്പു നൽകി. നോഹയുടെ കാലത്തുണ്ടായ സംഭവം, ഇന്നു ദൈവത്തിന്റെ സന്ദേശത്തിനു ചെവികൊടുക്കാൻ കൂട്ടാക്കാത്തവർക്കു ശക്തമായ ഒരു മുന്നറിയിപ്പാണ്‌.​—⁠മത്തായി 24:39.

11 ഇക്കാലത്തു ദൈവജനം അറിയിക്കുന്ന ദിവ്യമുന്നറിയിപ്പുകൾ പുച്ഛിച്ചുതള്ളുന്നവർ അങ്ങനെ ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ തിരിച്ചറിയേണ്ടതുണ്ട്‌. അത്തരം പരിഹാസികളെക്കുറിച്ച്‌ പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.”​—⁠2 പത്രൊസ്‌ 3:3-7.

12 എന്നാൽ ഇതിൽനിന്നു തികച്ചും വ്യത്യസ്‌തമായിരുന്നു നോഹയും കുടുംബവും നടത്തിയ തിരഞ്ഞെടുപ്പ്‌. “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു . . . ഒരു പെട്ടകം തീർത്തു.” അവൻ മുന്നറിയിപ്പിനു ചെവികൊടുത്തതിനാൽ അവന്റെ മുഴു കുടുംബത്തിനും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. (എബ്രായർ 11:7) നമുക്കോരോരുത്തർക്കും ദൈവത്തിന്റെ സന്ദേശം ശുഷ്‌കാന്തിയോടെ കേൾക്കുകയും അതിനുചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരായിരിക്കാം.​—⁠യാക്കോബ്‌ 1:19, 22-25.

13, 14. (എ) യഹോവയോടു ‘ചേർന്നിരിക്കുന്നതു’ സുപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ഏതു വിധത്തിലാണ്‌ നമ്മെ രൂപപ്പെടുത്താൻ നാം യഹോവയെ അനുവദിക്കേണ്ടത്‌?

13 യഹോവയോടു ചേർന്നിരുന്നുകൊണ്ട്‌: ‘ജീവിച്ചിരിക്കേണ്ടതിനു ജീവനെ തിരഞ്ഞെടുക്കാൻ’ നാം യഹോവയെ സ്‌നേഹിക്കുകയും അവന്റെ വാക്കു കേട്ടനുസരിക്കുകയും ചെയ്യുന്നതിനു പുറമേ, അവനോടു ‘ചേർന്നിരിക്കുകയും’ വേണം. നാം യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽനിന്നു പിന്മാറരുത്‌ എന്നാണ്‌ അതിന്റെ അർഥം. “നിങ്ങൾ ക്ഷമകൊണ്ടു [“സഹിഷ്‌ണുതകൊണ്ടു,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] നിങ്ങളുടെ പ്രാണനെ നേടും,” യേശു പറഞ്ഞു. (ലൂക്കൊസ്‌ 21:​19) ഇക്കാര്യത്തിൽ നാം നടത്തുന്ന തിരഞ്ഞെടുപ്പ്‌ യഥാർഥത്തിൽ നമ്മുടെ ആന്തരം വെളിപ്പെടുത്തുന്നു. “എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർത്ഥത്തിൽ അകപ്പെടും” എന്ന്‌ സദൃശവാക്യങ്ങൾ 28:14 കുറിക്കൊള്ളുന്നു. ഈജിപ്‌തിലെ ഫറവോൻ ഇതിനൊരു ഉദാഹരണമാണ്‌. പത്തു ബാധകളിൽ ഓരോന്നും ദേശത്തെ ബാധിച്ചപ്പോൾ ദൈവിക ഭയം പ്രകടമാക്കുന്നതിനു പകരം അവൻ തന്റെ ഹൃദയം കഠിനമാക്കുകയാണു ചെയ്‌തത്‌. ധിക്കാരപൂർവം പ്രവർത്തിക്കാൻ ദൈവം ഫറവോന്റെമേൽ സമ്മർദം ചെലുത്തിയില്ലെങ്കിലും സ്വന്തം തിരഞ്ഞെടുപ്പു നടത്താൻ അഹങ്കാരിയായ ആ ഭരണാധിപനെ അവൻ അനുവദിച്ചു. ഏതായിരുന്നാലും, യഹോവയുടെ ഇഷ്ടം നിവൃത്തിയേറി. ഫറവോനെക്കുറിച്ച്‌ യഹോവയ്‌ക്കുള്ള വീക്ഷണം പിൻവരുന്ന വാക്കുകളിൽ പൗലൊസ്‌ അപ്പൊസ്‌തലൻ പ്രകടമാക്കി: “ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്‌താവിക്കപ്പെടേണ്ടതിന്നും തന്നേ.”​—⁠റോമർ 9:17.

14 ഫറവോന്റെ അടിമത്തത്തിൽനിന്ന്‌ ഇസ്രായേൽ ജനത വിടുവിക്കപ്പെട്ട്‌ നൂറ്റാണ്ടുകൾക്കുശേഷം യെശയ്യാ പ്രവാചകൻ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശയ്യാവു 64:8) വ്യക്തിപരമായ പഠനത്തിലൂടെയും ദൈവവചനത്തിനു ചേർച്ചയിലുള്ള പ്രവർത്തനത്തിലൂടെയും നമ്മെ രൂപപ്പെടുത്താൻ നാം യഹോവയെ അനുവദിക്കുമ്പോൾ ക്രമേണ നാം ഒരു പുതിയ വ്യക്തിത്വത്തിന്‌ ഉടമകളായിത്തീരുന്നു. നാം കൂടുതൽ സൗമ്യതയും വഴക്കവും ഉള്ളവരായി മാറുന്നു. അത്‌ അവനോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്നത്‌ ഏറെ എളുപ്പമാക്കിത്തീർക്കും; യഹോവയെ പ്രസാദിപ്പിക്കുക എന്നതാണല്ലോ നമ്മുടെ ആത്മാർഥമായ ആഗ്രഹം.​—⁠എഫെസ്യർ 4:23, 24; കൊലൊസ്സ്യർ 3:8-10.

“നീ . . . അവയെ ഉപദേശിക്കേണം”

15. ആവർത്തനപുസ്‌തകം 4:​9-ൽ, ഏതു രണ്ട്‌ ഉത്തരവാദിത്വങ്ങളെക്കുറിച്ചാണ്‌ മോശെ ഇസ്രായേല്യരെ ഓർമിപ്പിച്ചത്‌?

15 വാഗ്‌ദത്തദേശത്തു പ്രവേശിക്കാൻ തയ്യാറായിനിന്നിരുന്ന ഇസ്രായേൽ ജനതയോടു മോശെ ഇങ്ങനെ പറഞ്ഞു: “കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്‌കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.” (ആവർത്തനപുസ്‌തകം 4:9) യഹോവയുടെ അനുഗ്രഹം ആസ്വദിക്കുന്നതിനും പെട്ടെന്നുതന്നെ അവകാശപ്പെടുത്താനിരുന്ന ദേശത്ത്‌ അഭിവൃദ്ധി പ്രാപിക്കുന്നതിനും ആ ജനത ദൈവമുമ്പാകെ രണ്ട്‌ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടിയിരുന്നു. അവർ കാൺകെ യഹോവ പ്രവർത്തിച്ച അത്ഭുതകരമായ കാര്യങ്ങൾ അവർ മറക്കാതിരിക്കുകയും അക്കാര്യങ്ങൾ ഭാവി തലമുറകളെ പഠിപ്പിക്കുകയും ചെയ്യണമായിരുന്നു. ‘ജീവനെ തിരഞ്ഞെടുക്കാനും ജീവിച്ചിരിക്കാനും’ ആഗ്രഹിക്കുന്നപക്ഷം ദൈവജനമായ നാം ഇന്ന്‌ അങ്ങനെതന്നെ ചെയ്യണം. നമുക്കായി യഹോവ ചെയ്‌തിരിക്കുന്ന ഏതു കാര്യങ്ങളാണു നാം കണ്ണാലെ കണ്ടിരിക്കുന്നത്‌?

16, 17. (എ) രാജ്യപ്രസംഗ വേലയിൽ എന്തു നേട്ടം കൈവരിക്കാൻ ഗിലെയാദ്‌ മിഷനറിമാർക്കു കഴിഞ്ഞിരിക്കുന്നു? (ബി) തീക്ഷ്‌ണത അണയാതെ നിലനിറുത്തിയിട്ടുള്ളവരുടെ ദൃഷ്ടാന്തം പറയുക.

16 ക്രിസ്‌തീയ പ്രസംഗ-ശിഷ്യരാക്കൽ വേലയിലുള്ള യഹോവയുടെ അനുഗ്രഹം കാണുന്നത്‌ നമ്മെ പുളകംകൊള്ളിക്കുന്നു. 1943-ൽ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ ആരംഭിച്ചതിനുശേഷം, മിഷനറിമാർ അനേകം ദേശങ്ങളിൽ ശിഷ്യരാക്കൽ വേലയ്‌ക്കു നേതൃത്വംവഹിച്ചിരിക്കുന്നു. ഈ സ്‌കൂളിൽനിന്നു ബിരുദം നേടിയ, പ്രായാധിക്യത്തിലെത്തിയ ആദ്യ വിദ്യാർഥികൾ​—⁠ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഇക്കൂട്ടത്തിലുണ്ട്‌​—⁠ഇന്നും രാജ്യപ്രസംഗത്തിലുള്ള തങ്ങളുടെ തീക്ഷ്‌ണത അണയാതെ കാത്തുസൂക്ഷിക്കുന്നു. 1944-ൽ ബിരുദം നേടിയ മേരി ഓൾസൺ സഹോദരിയുടെ ദൃഷ്ടാന്തം ശ്രദ്ധേയമാണ്‌. സഹോദരി ഒരു മിഷനറിയായി ആദ്യം ഉറുഗ്വേയിലും പിന്നീട്‌ കൊളംബിയയിലും സേവിച്ചു, ഇപ്പോൾ പോർട്ടറിക്കോയിൽ സേവിക്കുന്നു. പ്രായാധിക്യത്താലുള്ള ആരോഗ്യപ്രശ്‌നങ്ങൾ തലപൊക്കുന്നുണ്ടെങ്കിലും ഓൾസൺ സഹോദരിക്ക്‌ പ്രസംഗപ്രവർത്തനത്തിൽ ഇന്നും നല്ല ഉത്സാഹമാണ്‌. സ്‌പാനീഷ്‌ ഭാഷ വശമായതിനാൽ ഓരോ വാരവും സ്ഥലത്തെ സഹോദരങ്ങളോടൊപ്പം സഹോദരി കുറെ സമയം വയൽശുശ്രൂഷയിൽ ഏർപ്പെടുന്നു.

17 ഗിലെയാദ്‌ സ്‌കൂളിൽനിന്ന്‌ 1947-ൽ ബിരുദം നേടിയശേഷം ബഹാമാസിൽ ഇന്നും തിരക്കോടെ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുന്ന മറ്റൊരു മിഷനറിയാണ്‌ നാൻസി പോർട്ടർ. ഇപ്പോൾ വിധവയായ ഈ സഹോദരി തന്റെ ജീവിത കഥയിൽ ഇങ്ങനെ പറയുന്നു: “മറ്റുള്ളവരെ ബൈബിൾ സത്യം പഠിപ്പിക്കുന്നത്‌ പ്രത്യേകിച്ചും സന്തോഷം കൈവരുത്തിയിരിക്കുന്നു. എന്റെ ജീവിതത്തെ അടുക്കും ചിട്ടയും ഉള്ളതാക്കി നിറുത്തുന്ന ക്രമീകൃതമായ ഒരു ആത്മീയ ദിനചര്യ അത്‌ പ്രദാനം ചെയ്യുന്നു. *” കഴിഞ്ഞ കാലത്തേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ പോർട്ടർ സഹോദരിയും മറ്റു വിശ്വസ്‌ത ദാസരും യഹോവ ചെയ്‌ത കാര്യങ്ങളൊന്നും മറക്കുന്നില്ല. നമ്മെ സംബന്ധിച്ചെന്ത്‌? നമുക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ രാജ്യപ്രസംഗവേലയെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതു കാണുമ്പോൾ നമുക്കു വിലമതിപ്പു തോന്നുന്നുണ്ടോ?​—⁠സങ്കീർത്തനം 68:11.

18. മിഷനറിമാരുടെ ജീവിത കഥകൾ വായിക്കുന്നതിനാൽ നമുക്ക്‌ എന്തു പഠിക്കാനാകും?

18 യഹോവയുടെ സേവനത്തിൽ വളരെക്കാലം ചെലവഴിച്ചിരിക്കുന്ന ഈ വ്യക്തികൾ കൈവരിച്ചിട്ടുള്ളതും കൈവരിച്ചുകൊണ്ടിരിക്കുന്നതുമായ നേട്ടങ്ങളിൽ നാം സന്തോഷിക്കുന്നു. അവരുടെ ജീവിത കഥകൾ വായിക്കുന്നത്‌ നമുക്കു പ്രോത്സാഹനം പകരുന്നു. വിശ്വസ്‌തരായ ഈ മനുഷ്യർക്കായി യഹോവ ചെയ്‌ത കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കുമ്പോൾ അവനെ സേവിക്കാനുള്ള നമ്മുടെ തീരുമാനം കൂടുതൽ ശക്തമായിത്തീരുന്നു. വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്ന പുളകപ്രദമായ അത്തരം അനുഭവകഥകൾ നിങ്ങൾ ക്രമമായി വായിക്കുകയും അവയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യാറുണ്ടോ?

19. വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെടുന്ന ജീവിത കഥകൾ നന്നായി പ്രയോജനപ്പെടുത്താൻ ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ എങ്ങനെ കഴിയും?

19 യഹോവ തങ്ങൾക്കായി ചെയ്‌ത കാര്യങ്ങളിലൊന്നും മറക്കരുതെന്നും ജീവിതത്തിലൊരിക്കലും അവ മനസ്സിൽനിന്നു മാഞ്ഞുപോകരുതെന്നും മോശെ ഇസ്രായേല്യരെ ഓർമിപ്പിച്ചു. തുടർന്ന്‌ അവൻ മറ്റൊരു കാര്യം കൂടെ പറഞ്ഞു: “നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.” (ആവർത്തനപുസ്‌തകം 4:9) ജീവിത കഥകൾക്കു ഒരു പ്രത്യേക ആകർഷണീയതയുണ്ട്‌. ഇളം തലമുറയ്‌ക്ക്‌ അത്തരം നല്ല ദൃഷ്ടാന്തങ്ങൾ ആവശ്യമാണ്‌. വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെടുന്ന, പ്രായമേറിയ സഹോദരിമാരുടെ വിശ്വസ്‌ത ജീവിതഗതിയെപ്പറ്റിയുള്ള കഥകൾ വായിക്കുന്നതിലൂടെ ഏകാകികളായ സഹോദരിമാർക്കു വളരെ കാര്യങ്ങൾ പഠിക്കാനാകും. സ്വന്തം നാട്ടിലുള്ള ഒരു വിദേശഭാഷാ പ്രദേശത്തു പ്രവർത്തിക്കുന്നത്‌ പ്രസംഗവേലയിൽ തിരക്കുള്ളവർ ആയിരിക്കാൻ സഹോദരീസഹോദരന്മാർക്കു കൂടുതലായ അവസരം പ്രദാനം ചെയ്യുന്നു. മാതാപിതാക്കളേ, മുഴുസമയ സേവനം ഏറ്റെടുക്കാൻ നിങ്ങളുടെ മക്കളെ പ്രചോദിപ്പിക്കുന്നതിന്‌ വിശ്വസ്‌തരായ ഗിലെയാദ്‌ മിഷനറിമാരുടെയും മറ്റുള്ളവരുടെയും അനുഭവങ്ങൾ പ്രയോജനപ്പെടുത്തരുതോ?

20. ‘ജീവനെ തിരഞ്ഞെടുക്കാൻ’ നാം എന്തു ചെയ്യണം?

20 അതുകൊണ്ട്‌, ‘ജീവനെ തിരഞ്ഞെടുക്കാൻ’ നാം ഓരോരുത്തരും എന്തു ചെയ്യണം? ഇച്ഛാസ്വാതന്ത്ര്യമെന്ന വിസ്‌മയാവഹമായ ദാനം യഹോവയെ സ്‌നേഹിക്കുന്നുവെന്നു പ്രകടമാക്കാൻ ഉപയോഗപ്പെടുത്തിക്കൊണ്ടും ദിവ്യ സേവനത്തിൽ തുടരാൻ അവൻ അനുവദിക്കുന്നിടത്തോളം കാലം നമ്മുടെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചുകൊണ്ടും നമുക്കതിനു കഴിയും. എന്തുകൊണ്ടെന്നാൽ മോശെ പ്രസ്‌താവിച്ച പ്രകാരം, യഹോവയാണ്‌ നിങ്ങളുടെ “ജീവനും ദീർഘായുസ്സും.”​—⁠ആവർത്തനപുസ്‌തകം 30:19, 20.

[അടിക്കുറിപ്പ്‌]

^ ഖ. 17 2001 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 23-27 പേജുകളിലെ “ഹൃദയഭേദകമായ നഷ്ടത്തിനിടയിലും സന്തോഷത്തോടെ, നന്ദിയോടെ” എന്ന ലേഖനം കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• വ്യത്യസ്‌ത തിരഞ്ഞെടുപ്പുകൾ നടത്തിയവരുടെ ദൃഷ്ടാന്തങ്ങളിൽനിന്നു നാം എന്തു പഠിച്ചു?

• ‘ജീവനെ തിരഞ്ഞെടുക്കാൻ’ ഏതെല്ലാം പടികൾ സ്വീകരിക്കണം?

• ഏത്‌ രണ്ട്‌ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ യഹോവ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

“ജീവനും മരണവും . . . നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു”

[29-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചത്‌ നോഹയ്‌ക്കും കുടുംബത്തിനും രക്ഷ കൈവരുത്തി

[30-ാം പേജിലെ ചിത്രം]

മേരി ഓൾസൺ

[30-ാം പേജിലെ ചിത്രം]

നാൻസി പോർട്ടർ