വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതിസന്ധി ഘട്ടത്തിലും പ്രസന്നതയോടെ

പ്രതിസന്ധി ഘട്ടത്തിലും പ്രസന്നതയോടെ

ജീവിത കഥ

പ്രതിസന്ധി ഘട്ടത്തിലും പ്രസന്നതയോടെ

വാർനാവെസ്‌ സ്‌പെറ്റ്‌സ്യോറ്റീസ്‌ പറഞ്ഞ പ്രകാരം

അറുപത്തെട്ടാം വയസ്സിൽ എന്റെ ശരീരം മൊത്തം തളർന്നുപോയി. 1990-ലായിരുന്നു അത്‌. എന്നാൽ ഇപ്പോൾ ഏതാണ്ട്‌ 15 വർഷമായി സൈപ്രസ്‌ ദ്വീപിൽ ഒരു മുഴുസമയ ശുശ്രൂഷകനെന്ന നിലയിൽ ഞാൻ സസന്തോഷം സേവിക്കുന്നു. പ്രതിസന്ധികളുടെ നടുവിലും യഹോവയുടെ സേവനത്തിൽ ശുഷ്‌കാന്തിയോടെ തുടരാൻ എനിക്കു ശക്തി പകർന്നത്‌ എന്തായിരുന്നു?

എന്റെ ജനനം 1922 ഒക്ടോബർ 11-നായിരുന്നു. ഞങ്ങൾ ഒമ്പതു മക്കളായിരുന്നു, നാല്‌ ആണും അഞ്ചു പെണ്ണും. സൈപ്രസിലെ സീലോഫാഗൂ ഗ്രാമത്തിലാണ്‌ ഞങ്ങൾ താമസിച്ചിരുന്നത്‌. ഞങ്ങളുടെ മാതാപിതാക്കൾ സാമ്പത്തികമായി സാമാന്യം നല്ല നിലയിലായിരുന്നു. എങ്കിലും ഇത്രയും വലിയൊരു കുടുംബത്തെ പോറ്റാൻ അവർക്ക്‌ വയലിൽ കഠിനാധ്വാനം ചെയ്യേണ്ടിയിരുന്നു.

എന്റെ പിതാവ്‌ ആന്റോണീസ്‌ സ്വതവേ നല്ല പഠനശീലവും വിജ്ഞാനദാഹവുമുള്ള ആളായിരുന്നു. ഞാൻ ജനിച്ച്‌ ഏറെ താമസിയാതെ എന്റെ പിതാവ്‌ ആ ഗ്രാമത്തിലെ അധ്യാപകനെ സന്ദർശിച്ച അവസരത്തിൽ ബൈബിൾ വിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌) പ്രസിദ്ധീകരിച്ച ജനങ്ങളുടെ അൾത്താര (ഇംഗ്ലീഷ്‌) എന്ന ലഘുലേഖ കാണാനിടയായി. അതു വായിച്ച അദ്ദേഹത്തിന്‌ അതിലെ വിവരങ്ങളിൽ വലിയ മതിപ്പു തോന്നി. അങ്ങനെ ആ ദ്വീപിൽനിന്ന്‌ യഹോവയുടെ സാക്ഷികളോടു സഹവസിക്കാൻ തുടങ്ങിയ ആദ്യവ്യക്തികളിൽ രണ്ടുപേരായിരുന്നു എന്റെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തായ ആന്ത്രയാസ്‌ ക്രിസ്റ്റൂവും.

എതിർപ്പിൻ മധ്യേയും വളർച്ച

പിന്നീട്‌ അവർ ഇരുവരും യഹോവയുടെ സാക്ഷികളിൽനിന്ന്‌ കൂടുതൽ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ കൈപ്പറ്റി. താമസിയാതെ എന്റെ പിതാവും ആന്ത്രയാസും തങ്ങൾ പഠിച്ചുകൊണ്ടിരുന്ന ബൈബിൾ സത്യങ്ങൾ സ്വന്തം നാട്ടുകാരുമായി പങ്കുവെക്കാൻ തുടങ്ങി. ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പുരോഹിതന്മാരും മറ്റുള്ളവരും പക്ഷേ ഈ പ്രസംഗവേലയെ ശക്തമായി എതിർത്തു. യഹോവയുടെ സാക്ഷികൾ ചീത്ത സ്വാധീനമാണെന്നായിരുന്നു അവരുടെ പക്ഷം.

എന്നാൽ ആ ബൈബിൾ അധ്യാപകരോട്‌ വലിയ ആദരവായിരുന്നു നാട്ടുകാരിൽ പലർക്കും. ദയയും ഔദാര്യവും കാണിക്കുന്നതിൽ പേരുകേട്ട വ്യക്തിയായിരുന്നു എന്റെ പിതാവ്‌. അദ്ദേഹം മിക്കപ്പോഴും പാവപ്പെട്ട കുടുംബങ്ങളെ സഹായിച്ചിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം രാത്രികാലങ്ങളിൽ ആരും കാണാതെ പാവപ്പെട്ട കുടുംബങ്ങളുടെ വീട്ടുവാതിൽക്കൽ ഗോതമ്പോ റൊട്ടിയോ ഒക്കെ കൊണ്ടുപോയി വെക്കുമായിരുന്നു. അത്തരം നിസ്സ്വാർഥ ക്രിസ്‌തീയ പ്രവർത്തനങ്ങൾ അവരുടെ ശുശ്രൂഷയെ കൂടുതൽ ആകർഷകമാക്കി.​—⁠മത്തായി 5:16.

അതിന്റെ ഫലമായി ഏകദേശം പത്തുപന്ത്രണ്ടുപേർ ബൈബിൾ സന്ദേശത്തോടു പ്രതികരിച്ചു. സത്യത്തോടുള്ള അവരുടെ വിലമതിപ്പ്‌ വളർന്നതിന്റെ ഫലമായി ഒരു കൂട്ടമെന്ന നിലയിൽ ബൈബിൾ പഠിക്കേണ്ടതിന്റെ ആവശ്യം അവർ തിരിച്ചറിഞ്ഞു, അതിനായി ഭവനങ്ങളിലാണ്‌ അവർ കൂടിവന്നിരുന്നത്‌. ഏകദേശം 1934-ൽ ഗ്രീസിൽനിന്നുള്ള നിക്കോസ്‌ മഥെയാക്കീസ്‌ എന്ന ഒരു മുഴുസമയ ശുശ്രൂഷകൻ സീലോഫാഗൂ കൂട്ടത്തെ സന്ദർശിക്കാൻ സൈപ്രസിലെത്തി. നല്ല ക്ഷമയും നിശ്ചയദാർഢ്യവും ഉണ്ടായിരുന്ന മഥെയാക്കീസ്‌ സഹോദരൻ കൂട്ടത്തെ സംഘടിപ്പിച്ചതോടൊപ്പം കൂടുതലായ തിരുവെഴുത്തു പരിജ്ഞാനം നേടുന്നതിന്‌ അവരെ സഹായിക്കുകയും ചെയ്‌തു. ഈ കൂട്ടമാണ്‌ സൈപ്രസിലെ യഹോവയുടെ സാക്ഷികളുടെ ആദ്യ സഭയുടെ കേന്ദ്രബിന്ദു ആയിത്തീർന്നത്‌.

ക്രിസ്‌തീയ വേല പുരോഗമിക്കുകയും കൂടുതൽ ആളുകൾ ബൈബിൾ സത്യം സ്വീകരിക്കുകയും ചെയ്‌തതോടെ യോഗങ്ങൾ നടത്താൻ സ്ഥിരമായൊരു സ്ഥലം ആവശ്യമാണെന്നു സഹോദരങ്ങൾക്കു തോന്നി. എന്റെ മൂത്ത ജ്യേഷ്‌ഠനായ ജോർജും ഭാര്യ എലെനിയും അവരുടെ വീടിനോടു ചേർന്നുള്ള കളപ്പുര അതിനായി വിട്ടുകൊടുത്തു. അവർ അതിന്റെ അറ്റംകുറ്റം തീർത്ത്‌ യോഗങ്ങൾ നടത്താൻ അനുയോജ്യമാക്കി. അങ്ങനെ ആദ്യമായി ആ ദ്വീപിൽ അവർക്ക്‌ സ്വന്തമായൊരു രാജ്യഹാൾ ഉണ്ടായി. അവർ എത്ര നന്ദിയുള്ളവരായിരുന്നു! കൂടുതലായ വളർച്ചയ്‌ക്ക്‌ എന്തൊരു പ്രചോദനം!

സത്യം ഞാൻ സ്വന്തമാക്കുന്നു

ഒരു മരപ്പണിക്കാരനാകാനായിരുന്നു എന്റെ ആഗ്രഹം. അതിനായി 16-ാം വയസ്സിൽ പിതാവ്‌ എന്നെ സൈപ്രസിന്റെ തലസ്ഥാനമായ നിക്കോസ്യയിലേക്കയച്ചു. 1938-ലായിരുന്നു അത്‌. നല്ല ദീർഘവീക്ഷണത്തോടെതന്നെ എന്റെ പിതാവ്‌ നിക്കോസ്‌ മഥെയാക്കീസിനോടൊപ്പം താമസസൗകര്യം ക്രമീകരിച്ചു. ഈ വിശ്വസ്‌ത സഹോദരനെക്കുറിച്ച്‌ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ തീക്ഷ്‌ണതയും ആതിഥ്യമര്യാദയും ആണ്‌ ആ ദ്വീപവാസികളുടെ മനസ്സിൽ ഓടിയെത്തുന്നത്‌. അദ്ദേഹം പ്രകടമാക്കിയ അസാധാരണമായ തീക്ഷ്‌ണതയും ധൈര്യവും ആദ്യകാലങ്ങളിൽ സൈപ്രസിലുള്ള ഏതൊരു ക്രിസ്‌ത്യാനിക്കും ആവശ്യമായിരുന്ന ഗുണങ്ങളായിരുന്നു.

ബൈബിൾ പരിജ്ഞാനത്തിൽ അടിയുറയ്‌ക്കുന്നതിനും ആത്മീയ പുരോഗതി കൈവരിക്കുന്നതിനും മഥെയാക്കീസ്‌ സഹോദരൻ എന്നെ വളരെയേറെ സഹായിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന സമയത്ത്‌ അവിടെ നടന്നിരുന്ന എല്ലാ യോഗങ്ങൾക്കും ഞാൻ ഹാജരാകുമായിരുന്നു. ആദ്യമായി യഹോവയോടുള്ള എന്റെ സ്‌നേഹം വളരുന്നതായി എനിക്കു തോന്നി. യഹോവയുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാൻ ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. ഏതാനും മാസത്തിനുശേഷം ഞാൻ മഥെയാക്കീസ്‌ സഹോദരനോട്‌ വയൽസേവനത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം പറഞ്ഞു. 1939-ൽ ആയിരുന്നു അത്‌.

കുറച്ചുനാൾ കഴിഞ്ഞ്‌ എല്ലാവരെയുമൊന്നു കാണാനായി ഞാൻ വീടുവരെ പോയി. എന്റെ പിതാവിനോടൊപ്പം ചെലവഴിച്ച ചുരുങ്ങിയ സമയംകൊണ്ട്‌ ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നെന്നും ജീവിതത്തിന്റെ അർഥം മനസ്സിലാക്കിയിരിക്കുന്നെന്നും ഉള്ള എന്റെ ബോധ്യം കൂടുതൽ ശക്തമായി. 1939 സെപ്‌റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. എന്റെ പ്രായത്തിലുള്ള പല യുവാക്കളും സൈനിക സേവനത്തിനു സന്നദ്ധരായി. എന്നാൽ ബൈബിൾ തത്ത്വത്തിനു ചേർച്ചയിൽ നിഷ്‌പക്ഷതപാലിക്കാൻ ഞാൻ തീരുമാനിച്ചു. (യെശയ്യാവു 2:4; യോഹന്നാൻ 15:19) അതേ വർഷം ഞാൻ യഹോവയ്‌ക്ക്‌ എന്നെത്തന്നെ സമർപ്പിക്കുകയും 1940-ൽ സ്‌നാപനമേൽക്കുകയും ചെയ്‌തു. മേലാൽ മനുഷ്യനെ ഭയപ്പെടേണ്ടതില്ലെന്ന തോന്നൽ ജീവിതത്തിൽ ആദ്യമായി എനിക്കുണ്ടായി!

1948-ൽ ഞാൻ എഫ്‌പ്രെപിയയെ വിവാഹം ചെയ്‌തു. ഞങ്ങൾക്കു നാലു കുട്ടികൾ ജനിച്ചു. അവരെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” വളർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന്‌ ഞങ്ങൾ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. (എഫെസ്യർ 6:​4, NW) മക്കളിൽ യഹോവയോടുള്ള അഗാധമായ സ്‌നേഹവും അവന്റെ നിയമങ്ങളോടും തത്ത്വങ്ങളോടും ഉള്ള ആദരവും ഉൾനടുന്നതിൽ പ്രാർഥനാപൂർവം ഞങ്ങളുടെ മുഴു ശ്രമവും കേന്ദ്രീകരിച്ചു.

ആരോഗ്യപ്രശ്‌നങ്ങൾ വെല്ലുവിളി ഉയർത്തുന്നു

1964-ൽ എനിക്ക്‌ 42 വയസ്സുള്ളപ്പോൾ എന്റെ വലത്തു കൈക്കും കാലിനും മരവിപ്പ്‌ അനുഭവപ്പെടാൻ തുടങ്ങി. ക്രമേണ അത്‌ ഇടത്തുവശത്തേക്കും വ്യാപിച്ചു. ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്തതും കാലക്രമത്തിൽ ശരീരത്തെ പൂർണമായി തളർത്തിക്കളയുന്നതുമായ പേശീക്ഷയമെന്ന രോഗമാണതെന്ന്‌ പരിശോധനയിൽ തെളിഞ്ഞു. അത്‌ എന്നെ മാനസികമായി വല്ലാതെ ഉലച്ചു. തികച്ചും ആകസ്‌മികവും അപ്രതീക്ഷിതവുമായിരുന്നു ആ സംഭവം! എന്റെ മനസ്സിൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഒരു വേലിയേറ്റംതന്നെ ഉണ്ടായി. ഇതെല്ലാം നിമിത്തം ഇങ്ങനെ ചിന്തിക്കാൻ ഞാൻ പ്രേരിതനായി: ‘എനിക്കിതു സംഭവിച്ചതെന്തുകൊണ്ടാണ്‌? അതിനുമാത്രം പോന്ന എന്തു തെറ്റാണ്‌ ഞാൻ ചെയ്‌തത്‌?’ രോഗവിവരം അറിഞ്ഞയുടനെ ഉണ്ടായ ആ ആഘാതവുമായി ഞാൻ ഒരുവിധം പൊരുത്തപ്പെട്ടു. എന്നിരുന്നാലും എനിക്ക്‌ വല്ലാത്ത ഉത്‌കണ്‌ഠയും അനിശ്ചിതത്വവും അനുഭവപ്പെട്ടു. അനേകം ചോദ്യങ്ങൾ എന്റെ മനസ്സിൽ മന്ത്രിച്ചുകൊണ്ടിരുന്നു. എന്റെ ശരീരം മൊത്തം തളർന്ന്‌ ഞാൻ പൂർണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമോ? ഞാൻ എങ്ങനെ അതിനെ നേരിടും? എന്റെ മക്കളെയും ഭാര്യയെയും എങ്ങനെ പോറ്റും? ഇത്തരം ചിന്തകൾ എന്നെ വല്ലാതെ അലട്ടി.

ജീവിതത്തിന്റെ ഈ നിർണായക ഘട്ടത്തിൽ പ്രാർഥനയിൽ യഹോവയെ സമീപിക്കേണ്ടതിന്റെയും എനിക്കുള്ള ചിന്തകളും ഉത്‌കണ്‌ഠകളും മുഴുവനായും അവനെ അറിയിക്കേണ്ടതിന്റെയും ആവശ്യം മുമ്പെന്നത്തേക്കാളും അധികമായി ഞാൻ തിരിച്ചറിഞ്ഞു. നിറകണ്ണുകളോടെ അഹോരാത്രം ഞാൻ യഹോവയോടു പ്രാർഥിച്ചു. എനിക്കു വലിയ ആശ്വാസം തോന്നി. ഫിലിപ്പിയർ 4:6, 7-ലെ ആശ്വാസ വചനങ്ങൾ എന്റെ കാര്യത്തിൽ സത്യമെന്നു തെളിഞ്ഞു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.”

പേശീക്ഷയവുമായി പൊരുത്തപ്പെട്ടു കഴിയുന്നു

എന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരുന്നു. അതിനനുസരിച്ച്‌ ഞാൻ പൊരുത്തപ്പെടുത്തലുകളും വരുത്തേണ്ടതുണ്ടായിരുന്നു. എനിക്കു മരപ്പണിയിൽ തുടരാനാകുമായിരുന്നില്ല. അതുകൊണ്ട്‌ എന്റെ സാഹചര്യവുമായി യോജിക്കുന്ന അധികം അധ്വാനം ആവശ്യമില്ലാത്തതും എന്നാൽ കഴിഞ്ഞുകൂടാനുള്ളത്‌ നേടാൻ സഹായിക്കുന്നതുമായ ജോലി കണ്ടെത്താൻ ഞാൻ തീരുമാനിച്ചു. തുടക്കത്തിൽ ഒരു ചെറിയ വാനിൽ ഐസ്‌ക്രീം വിറ്റു. ഒരു ചക്രക്കസേരയിൽ ആകുന്നതുവരെ ആറു വർഷത്തോളം ഞാൻ ആ ജോലി ചെയ്‌തു. അതിനുശേഷം എന്നെക്കൊണ്ടാകുന്ന അല്ലറചില്ലറ ജോലികളൊക്കെ ചെയ്‌ത്‌ കഴിഞ്ഞുകൂടി.

1990 മുതൽ യാതൊരുവിധ ജോലിയും ചെയ്യാൻ പറ്റാത്ത വിധം എന്റെ ആരോഗ്യം ക്ഷയിച്ചു. ഇപ്പോൾ ഞാൻ ദൈനംദിന കൃത്യങ്ങൾക്കുപോലും മറ്റുള്ളവരെ ആശ്രയിക്കുന്നു. കിടക്കുന്നതിനും കുളിക്കുന്നതിനും വസ്‌ത്രം ധരിക്കുന്നതിനും എനിക്കു പരസഹായം വേണം. ചക്രക്കസേരയിൽ ഉന്തിക്കൊണ്ടുപോയി കാറിൽ എടുത്തുകയറ്റിയാണ്‌ എന്നെ രാജ്യഹാളിലേക്കു കൊണ്ടുപോകുന്നത്‌. അവിടെ എത്തിയാൽ കാറിൽനിന്നും എടുത്തിറക്കി ചക്രക്കസേരയിൽ ഇരുത്തി ഹാളിനകത്തേക്ക്‌ കൊണ്ടുപോകും. യോഗസമയത്ത്‌ കാലുകൾക്കു ചൂടു കിട്ടാൻ ഇലക്‌ട്രിക്‌ ഹീറ്റർ ഉപയോഗിക്കും.

എന്നിരുന്നാലും ഞാൻ മിക്കവാറും എല്ലാ യോഗങ്ങൾക്കും ഏതാണ്ട്‌ ക്രമമായിത്തന്നെ ഹാജരാകുന്നു. യഹോവ നമ്മെ പഠിപ്പിക്കുന്നത്‌ അവിടെയാണെന്ന ബോധ്യം എനിക്കുണ്ട്‌. കൂടാതെ ആത്മീയ സഹോദരങ്ങളോടൊപ്പം ആയിരിക്കുന്നത്‌ യഥാർഥ സംരക്ഷണമാണെന്നും പിന്തുണയ്‌ക്കും പ്രോത്സാഹനത്തിനുമുള്ള ഉറവിടമാണെന്നും ഞാൻ മനസ്സിലാക്കുന്നു. (എബ്രായർ 10:24, 25) ആത്മീയ പക്വതയുള്ള വിശ്വാസികളുടെ ക്രമമായ സന്ദർശനം എനിക്കു വളരെ സഹായമായിരുന്നിട്ടുണ്ട്‌. എനിക്കും ദാവീദിന്റെ അതേ വികാരങ്ങളാണ്‌: “എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.”​—⁠സങ്കീർത്തനം 23:⁠5.

എന്റെ പ്രിയതമ ഈ സമയങ്ങളിലെല്ലാം എനിക്ക്‌ ഒരു ഉത്തമ സഹായി ആയിരുന്നിട്ടുണ്ട്‌. മക്കളും എനിക്കു നല്ല പിന്തുണ നൽകുന്നു. അനേക വർഷങ്ങളായി അവർ എന്റെ ദൈനംദിനാവശ്യങ്ങളിൽ സഹായിക്കുന്നു. അതത്ര എളുപ്പമല്ല, വർഷങ്ങൾ കഴിയുന്തോറും അത്‌ ഏറെ ദുഷ്‌കരമാകുകയുമാണ്‌. ക്ഷമ പ്രകടമാക്കുന്നതിലും തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നതിലും അവർ ഉത്തമ മാതൃകകളാണ്‌. യഹോവ തുടർന്നും അവരെ അനുഗ്രഹിക്കട്ടെ എന്നാണ്‌ എന്റെ പ്രാർഥന.

യഹോവ തന്റെ ദാസരെ ശക്തരാക്കുന്നതിനായി പ്രദാനംചെയ്‌തിരിക്കുന്ന മറ്റൊരു സഹായം പ്രാർഥനയാണ്‌. (സങ്കീർത്തനം 65:2) ഹൃദയംഗമമായ പ്രാർഥനയുടെ ഫലമായി ഈ നാളുകളിലെല്ലാം വിശ്വാസത്തിൽ തുടരുന്നതിനുള്ള ശക്തി എനിക്കു ലഭിച്ചിരിക്കുന്നു. പ്രത്യേകിച്ച്‌ നിരുത്സാഹം തോന്നുമ്പോൾ പ്രാർഥന ആശ്വാസം പകരുകയും സന്തോഷം നിലനിറുത്താൻ സഹായിക്കുകയും ചെയ്യുന്നു. യഹോവയെ നിരന്തരം പ്രാർഥനയിൽ സമീപിക്കുന്നത്‌ നവോന്മേഷം പകരുകയും അവന്റെ സേവനത്തിൽ തുടരാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. യഹോവ തന്റെ ദാസന്മാരുടെ യാചന കേട്ട്‌ ആവശ്യമായ മനസ്സമാധാനം നൽകുന്നുവെന്ന പൂർണബോധ്യം എനിക്കുണ്ട്‌.​—⁠സങ്കീർത്തനം 51:17; 1 പത്രൊസ്‌ 5:⁠7.

എല്ലാറ്റിലുമുപരി യേശുക്രിസ്‌തുവിന്റെ രാജ്യഭരണത്തിൻകീഴിലെ പറുദീസാഭൂമിയിൽ ജീവിക്കുന്നവർ എല്ലാവിധ രോഗങ്ങളിൽനിന്നും വിമുക്തരാകും എന്ന ബോധ്യം എന്നെ ഉത്സാഹഭരിതനാക്കുന്നു. ആ മഹത്തായ പ്രത്യാശയെക്കുറിച്ച്‌ ഓർക്കുമ്പോൾ പലപ്പോഴും സന്തോഷംകൊണ്ട്‌ എന്റെ കണ്ണുനിറയാറുണ്ട്‌.​—⁠സങ്കീർത്തനം 37:11, 29; ലൂക്കൊസ്‌ 23:43; വെളിപ്പാടു 21:​3-5.

ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുന്നു

1991 ആയപ്പോഴേക്കും, സാഹചര്യം വിലയിരുത്തി നോക്കിയപ്പോൾ ആത്മനിന്ദ ഒഴിവാക്കാൻ പറ്റിയ മാർഗം സുവാർത്ത പ്രസംഗിക്കുന്നതിൽ തിരക്കോടെ ഏർപ്പെടുന്നതാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ആ വർഷം ഞാൻ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു.

രോഗിയായിരുന്ന ഞാൻ കത്തിലൂടെയാണ്‌ സാക്ഷീകരണത്തിൽ അധികവും നടത്തിയിരുന്നത്‌. എന്നിരുന്നാലും കത്തെഴുതുക എന്നത്‌ അത്ര എളുപ്പമായിരുന്നില്ല. വളരെ ശ്രമകരമായ ഒരു ഉദ്യമമായിരുന്നു അത്‌. പേശീശോഷണം നിമിത്തം പേന പിടിക്കാൻപോലും എനിക്കു ബുദ്ധിമുട്ടായിരുന്നു. എങ്കിലും സ്ഥിരോത്സാഹത്താലും പ്രാർഥനയാലും കഴിഞ്ഞ 15 വർഷത്തിലധികമായി ഞാൻ കത്തിലൂടെ സാക്ഷീകരണം നടത്തിവരുന്നു. ടെലിഫോണിലൂടെയും ഞാൻ സാക്ഷീകരിക്കാറുണ്ട്‌. എന്നെ സന്ദർശിക്കാനെത്തുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ എന്നിവരോടു പുതിയ ലോകത്തെയും പറുദീസ ഭൂമിയെയും സംബന്ധിച്ചു പറയാൻ ലഭിക്കുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല.

അതിന്റെ ഫലമായി പ്രോത്സാഹജനകമായ അനേകം അനുഭവങ്ങൾ എനിക്ക്‌ ആസ്വദിക്കാനായി. ഏകദേശം 12 വർഷംമുമ്പ്‌ എന്നോടൊത്ത്‌ ബൈബിൾ പഠിച്ച എന്റെ കൊച്ചുമക്കളിൽ ഒരാൾ ആത്മീയമായി പുരോഗമിക്കുന്നതും ബൈബിൾ സത്യത്തോടു വിലമതിപ്പു പ്രകടിപ്പിക്കുന്നതും എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. ബൈബിൾ പരിശീലിത മനഃസാക്ഷി നിമിത്തം അവൻ ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പ്രശ്‌നത്തിൽ വിശ്വസ്‌തനും അചഞ്ചലനുമായി നിലകൊള്ളുകയുണ്ടായി.

എന്റെ കത്തു ലഭിക്കുന്നവർ ബൈബിളിനെക്കുറിച്ചു കൂടുതലറിയാൻ താത്‌പര്യം പ്രകടിപ്പിക്കുമ്പോൾ എനിക്കു വിശേഷാൽ സന്തോഷം തോന്നുന്നു. ചിലർ കൂടുതൽ ബൈബിൾ സാഹിത്യങ്ങൾ ആവശ്യപ്പെടാറുണ്ട്‌. ഉദാഹരണത്തിന്‌ ഒരു സ്‌ത്രീ ഫോൺ വിളിച്ച്‌ അവരുടെ ഭർത്താവിനു ഞാൻ അയച്ച പ്രോത്സാഹജനകമായ കത്തിനു നന്ദി പറഞ്ഞു. അതിൽ എഴുതിയിരുന്ന ആശയങ്ങൾ അവർക്ക്‌ ഇഷ്ടപ്പെട്ടു. തുടർന്ന്‌ അവരും ഭർത്താവും എന്റെ വീട്ടിൽ വരികയും ഞങ്ങൾ ബൈബിൾ ചർച്ചകൾ നടത്തുകയും ചെയ്‌തു.

ഒരു ഭാസുരഭാവി

കഴിഞ്ഞ വർഷങ്ങളിൽ ഈ പ്രദേശത്ത്‌ രാജ്യഘോഷകരുടെ എണ്ണത്തിലുണ്ടായ വർധനയ്‌ക്ക്‌ ദൃക്‌സാക്ഷിയാകാൻ എനിക്കു കഴിഞ്ഞു. എന്റെ ജ്യേഷ്‌ഠൻ ജോർജിന്റെ വീടിനോടു ചേർന്നുണ്ടായിരുന്ന ചെറിയ രാജ്യഹാൾ പലതവണ വിപുലീകരിക്കുകയും പുതുക്കിപ്പണിയുകയും ചെയ്‌തു. ഇപ്പോൾ അത്‌ മനോഹരമായ ഒരു ആരാധനാലയമാണ്‌. യഹോവയുടെ സാക്ഷികളുടെ രണ്ടു സഭകളാണ്‌ അവിടെ കൂടിവരുന്നത്‌.

1943-ൽ എന്റെ പിതാവ്‌ മരിച്ചു, 52-ാം വയസ്സിൽ. എന്നാൽ എത്ര വിലയേറിയ ആത്മീയ പൈതൃകമാണ്‌ അദ്ദേഹം ഞങ്ങൾക്കു നൽകിയത്‌! അദ്ദേഹത്തിന്റെ എട്ടുമക്കൾ സസന്തോഷം സത്യം സ്വീകരിച്ച്‌ ഇപ്പോഴും യഹോവയെ സേവിക്കുന്നു. എന്റെ പിതാവ്‌ ജനിച്ച സീലോഫാഗൂ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലുമായി മൂന്നു സഭകൾ ഉണ്ട്‌, മൊത്തം 230 രാജ്യ പ്രസാധകരും!

അത്തരം നല്ല ഫലങ്ങൾ എനിക്ക്‌ അതിയായ സന്തോഷം പകരുന്നു. ഇപ്പോൾ എന്റെ 83-ാം വയസ്സിൽ സങ്കീർത്തനക്കാരന്റെ വാക്കുകൾ ഞാൻ ആത്മധൈര്യത്തോടെ ഏറ്റുപറയുന്നു: “ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.” (സങ്കീർത്തനം 34:10) യെശയ്യാവു 35:​6-ലെ പ്രവചനം നിവൃത്തിയാകുന്ന സമയത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു: “അന്നു മുടന്തൻ മാനിനെപ്പോലെ ചാടും.” അതുവരെ, എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും പ്രസന്നത കൈവെടിയാതെ യഹോവയെ സേവിക്കുന്നതിൽ ഞാൻ തുടരുകതന്നെ ചെയ്യും.

[17-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

തുർക്കി

സൈപ്രസ്‌

സിറിയ

നിക്കോസ്യ

സീലോഫാഗൂ

ലെബനോൻ

മധ്യധരണ്യാഴി

[17-ാം പേജിലെ ചിത്രം]

സീലോഫാഗൂവിലെ ആദ്യത്തെ ഈ രാജ്യഹാൾ ഇപ്പോഴും ഉപയോഗത്തിൽ

[18-ാം പേജിലെ ചിത്രങ്ങൾ]

എഫ്‌പ്രെപിയയോടൊപ്പം 1946-ലും ഇന്നും

[20-ാം പേജിലെ ചിത്രം]

ഫോണിലൂടെയും കത്തിലൂടെയുമുള്ള സാക്ഷീകരണത്തിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു