വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായമായവർക്കായി ദൈവം കരുതുന്നു

പ്രായമായവർക്കായി ദൈവം കരുതുന്നു

പ്രായമായവർക്കായി ദൈവം കരുതുന്നു

ജീവിത സായാഹ്നത്തിൽ അവഗണനയും ദ്രോഹവും സഹിക്കേണ്ടിവരുന്നവരുടെ എണ്ണം ഇന്ന്‌ വർധിച്ചുവരുന്നു എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ദൈവഭയമില്ലാത്ത ഈ ലോകത്തിന്റെ “അന്ത്യകാലത്ത്‌” ആളുകൾ “സ്വസ്‌നേഹികളും . . . വാത്സല്യമില്ലാത്തവരും” ആയിരിക്കുമെന്ന്‌ വളരെക്കാലംമുമ്പേ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (2 തിമൊഥെയൊസ്‌ 3:1-3) ഇവിടെ ‘വാത്സല്യം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം പലപ്പോഴും കുടുംബാംഗങ്ങൾക്കിടയിലെ സ്‌നേഹത്തെ കുറിക്കാൻ ഉപയോഗിക്കുന്നു. ബൈബിൾ പ്രവചിച്ചിരുന്നതുപോലെ, അത്തരം സ്‌നേഹം ഇന്ന്‌ നന്നേ കുറഞ്ഞിരിക്കുന്നു എന്നതു വളരെ വ്യക്തമാണ്‌.

പലരും പ്രായമായവരോടു മോശമായി പെരുമാറുമ്പോഴും യഹോവയാം ദൈവം അവരെ എത്ര വിലമതിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്നോ! ഇതു സംബന്ധിച്ച്‌ ബൈബിൾ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കൂ.

വിധവമാർക്കു ന്യായപാലക”ൻ

പ്രായമായവരുടെ കാര്യത്തിൽ യഹോവയാം ദൈവത്തിനുള്ള താത്‌പര്യത്തെക്കുറിച്ച്‌ എബ്രായ തിരുവെഴുത്തുകളിൽ വ്യക്തമായി പറയുന്നുണ്ട്‌. ഉദാഹരണത്തിന്‌, ദൈവം “വിധവമാർക്കു ന്യായപാലക”ൻ ആണെന്നു സങ്കീർത്തനം 68:​5-ൽ ദാവീദ്‌ പറയുന്നു; വിധവമാർ പലപ്പോഴും പ്രായമുള്ളവരായിരിക്കും. * “ന്യായപാലകൻ” എന്ന പദത്തിന്റെ സ്ഥാനത്ത്‌ മറ്റു ഭാഷാന്തരങ്ങൾ “രക്ഷകൻ,” “സംരക്ഷകൻ,” “പോരാടുന്നവൻ” എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. യഹോവ വിധവമാർക്കായി കരുതുന്നു എന്നതിനു സംശയമില്ല. എന്തിനധികം, അവരോടു മോശമായി പെരുമാറിയാൽ അവന്റെ കോപം ജ്വലിക്കുമെന്ന്‌ ബൈബിൾ പറയുന്നു. (പുറപ്പാടു 22:22-24) വിധവമാരെ ദൈവവും അവന്റെ ദാസന്മാരും അങ്ങേയറ്റം വിലമതിക്കുന്നു​—⁠വാസ്‌തവത്തിൽ, പ്രായമായ എല്ലാ വിശ്വസ്‌തരുടെയും കാര്യത്തിൽ ഇതുതന്നെ സത്യമാണ്‌. സദൃശവാക്യങ്ങൾ 16:31 യഹോവയുടെയും അവന്റെ ജനത്തിന്റെയും വീക്ഷണം വ്യക്തമായി വരച്ചുകാണിക്കുന്നു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.”

യഹോവ ഇസ്രായേലിനു കൊടുത്ത ന്യായപ്രമാണത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു പ്രായമായവരോടുള്ള ആദരവ്‌ എന്നതിൽ അതിശയിക്കാനില്ല. ദൈവം ഇസ്രായേല്യർക്ക്‌ ഈ കൽപ്പന നൽകി: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്‌ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.” (ലേവ്യപുസ്‌തകം 19:32) അതുകൊണ്ട്‌, ഇസ്രായേലിൽ യഹോവയാം ദൈവവുമായുള്ള ഒരുവന്റെ ബന്ധംതന്നെ പ്രായമായവരോടുള്ള പരിഗണനയെ ആശ്രയിച്ചാണിരുന്നത്‌. പ്രായമായവരോടു മോശമായി പെരുമാറുന്ന ഒരുവന്‌ താൻ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നു പറയാൻ കഴിയുമായിരുന്നില്ല.

ക്രിസ്‌ത്യാനികൾ ആ ന്യായപ്രമാണത്തിൻ കീഴിലല്ല എന്നതു ശരിതന്നെ. പക്ഷേ അവർ “ക്രിസ്‌തുവിന്റെ ന്യായപ്രമാണ”ത്തിൻ കീഴിലാണ്‌. മാതാപിതാക്കളോടും പ്രായമായവരോടും സ്‌നേഹവും പരിഗണനയും കാണിക്കുന്നത്‌ ഉൾപ്പെടെയുള്ള അവരുടെ മനോഭാവത്തിന്മേലും പെരുമാറ്റത്തിന്മേലും അത്‌ ശക്തമായ പ്രഭാവം ചെലുത്തുന്നു. (ഗലാത്യർ 6:2; എഫെസ്യർ 6:1-3; 1 തിമൊഥെയൊസ്‌ 5:1-3) ക്രിസ്‌ത്യാനികൾ സ്‌നേഹം പ്രകടമാക്കുന്നത്‌ കേവലം അങ്ങനെ ചെയ്യാൻ അവരോടു കൽപ്പിച്ചിരിക്കുന്നതുകൊണ്ടല്ല, പകരം അങ്ങനെ ചെയ്യാൻ ഉള്ളിന്റെ ഉള്ളിൽ അവർക്കു പ്രേരണ തോന്നുന്നതുകൊണ്ടാണ്‌. “ഹൃദയപൂർവ്വം അന്യോന്യം ഉറ്റു സ്‌നേഹിപ്പിൻ” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ നമ്മെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു.​—⁠1 പത്രൊസ്‌ 1:22.

പ്രായമായവരെ പരിപാലിക്കുന്നതിനുള്ള മറ്റൊരു കാരണം ശിഷ്യനായ യാക്കോബിന്റെ വാക്കുകളിൽ നാം കാണുന്നു. അവൻ ഇങ്ങനെ എഴുതി: “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.” (യാക്കോബ്‌ 1:27) യാക്കോബ്‌ ഇവിടെ ഹൃദയസ്‌പർശിയായ ഒരു ആശയം അവതരിപ്പിക്കുന്നു. ഈ പ്രിയപ്പെട്ടവർ യഹോവയ്‌ക്ക്‌ എത്ര പ്രാധാന്യമുള്ളവരാണ്‌ എന്ന വസ്‌തുത അവൻ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

അതുകൊണ്ട്‌, പ്രായമായവരോട്‌ മോശമായി പെരുമാറാതിരുന്നാൽ മാത്രം പോരാ. പകരം ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ട്‌ അവരുടെ കാര്യത്തിൽ നമുക്ക്‌ ആത്മാർഥമായ താത്‌പര്യമുണ്ടെന്നു പ്രകടമാക്കണം. (6-7 പേജുകളിലെ “സ്‌നേഹം പ്രവൃത്തിയിൽ” എന്ന ചതുരം കാണുക.) ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു’ എന്ന്‌ യാക്കോബ്‌ എഴുതി.​—⁠യാക്കോബ്‌ 2:26.

“അവരുടെ സങ്കടത്തിൽ” അവർക്കു സാന്ത്വനവുമായി . . .

യാക്കോബിന്റെ വാക്കുകളിൽ നമുക്കു പഠിക്കാൻ കഴിയുന്ന മറ്റൊരു ആശയമുണ്ട്‌. വിധവമാരെ “അവരുടെ സങ്കടത്തിൽ” ചെന്നുകാണാൻ യാക്കോബ്‌ ക്രിസ്‌ത്യാനികളോടു പറഞ്ഞുവെന്നതു ശ്രദ്ധിക്കുക. ‘സങ്കടം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം അടിസ്ഥാനപരമായി അർഥമാക്കുന്നത്‌ സാഹചര്യങ്ങളുടെ സമ്മർദഫലമായി ഉണ്ടാകുന്ന ദുരിതത്തെ അല്ലെങ്കിൽ കഷ്ടപ്പാടിനെയാണ്‌. പ്രായമായവരിൽ അനേകരും ഈ രീതിയിൽ ദുരിതം അനുഭവിക്കുന്നു എന്നതിനു സംശയമില്ല. ഏകാന്തതയുടെ വേദന അനുഭവിക്കുന്നവരാണു ചിലർ. പ്രായത്തിന്റെ പരിമിതികളിൽ മനംനൊന്തു കഴിയുന്നവരാണ്‌ വേറെ ചിലർ. ദൈവസേവനത്തിൽ സജീവമായി പങ്കുപറ്റുന്നവർക്കുപോലും നിരാശ തോന്നിയേക്കാം. ജോണിന്റെ * കാര്യംതന്നെ നോക്കുക. അദ്ദേഹം ദൈവരാജ്യത്തിന്റെ ഒരു വിശ്വസ്‌ത പ്രഘോഷകനായി സേവിക്കാൻ തുടങ്ങിയിട്ട്‌ 40-ലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ 30 വർഷമായി ഒരു പ്രത്യേക മുഴുസമയ ശുശ്രൂഷകനാണ്‌. ഇപ്പോൾ 80-ലധികം വയസ്സുള്ള അദ്ദേഹം തനിക്ക്‌ ചിലപ്പോഴൊക്കെ എന്തെന്നില്ലാത്ത നിരാശ തോന്നാറുണ്ട്‌ എന്നു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “പലപ്പോഴും പിന്തിരിഞ്ഞു നോക്കുമ്പോൾ ഞാൻ എന്റെ തെറ്റുകളെക്കുറിച്ചോർക്കും; എനിക്ക്‌ ഒരുപാടു തെറ്റുകൾ പറ്റിയിട്ടുണ്ട്‌. കാര്യങ്ങൾ ചെയ്‌തവിധം അത്ര ശരിയായില്ല എന്ന തോന്നലാണ്‌ എനിക്കെപ്പോഴും.”

യഹോവ പൂർണനാണെങ്കിലും നമ്മിൽനിന്ന്‌ പൂർണത പ്രതീക്ഷിക്കുന്നില്ല എന്നറിയുന്നത്‌ ജോണിനെപ്പോലുള്ളവർക്ക്‌ ആശ്വാസം പകരും. നാം തെറ്റുചെയ്യുമ്പോൾ അവന്‌ അതറിയാം, എങ്കിലും ബൈബിൾ അവനെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും?” (സങ്കീർത്തനം 130:3) അതേ, യഹോവ തെറ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നില്ല; നമ്മുടെ ഹൃദയത്തിൽ എന്താണുള്ളതെന്ന്‌ അവൻ മനസ്സിലാക്കുന്നു. നമുക്ക്‌ അത്‌ എങ്ങനെ അറിയാം?

അനേകം തെറ്റുകൾ ചെയ്‌തിട്ടുള്ള അപൂർണനായിരുന്ന ദാവീദ്‌ രാജാവ്‌ പിൻവരുന്ന വാക്കുകൾ രേഖപ്പെടുത്താൻ നിശ്വസ്‌തനാക്കപ്പെട്ടു. സങ്കീർത്തനം 139:​1-3-ൽ ഇങ്ങനെ വായിക്കുന്നു: “യഹോവേ, നീ എന്നെ ശോധന ചെയ്‌തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്‌ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.” ഇവിടെ, “ശോധന ചെയ്യുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന്റെ അക്ഷരാർഥം “പാറ്റുക” എന്നാണ്‌, അതായത്‌ ധാന്യം വേർതിരിച്ചെടുക്കുന്നതിനായി ഒരു കൃഷിക്കാരൻ ഉമിയും മറ്റും പാറ്റിക്കളയുന്നതുപോലെ. നമ്മുടെ തെറ്റുകളിൽനിന്ന്‌ നമ്മുടെ നന്മ വേർതിരിച്ചെടുക്കാൻ യഹോവയ്‌ക്കു കഴിയുമെന്ന്‌ ദാവീദ്‌ നമുക്ക്‌ ഉറപ്പുതരുന്നു; ഈ ഉറപ്പുനൽകാൻ അവനെ നിശ്വസ്‌തനാക്കിയത്‌ യഹോവതന്നെയാണ്‌.

കരുണാമയനായ നമ്മുടെ സ്വർഗീയ പിതാവ്‌ നമ്മുടെ സത്‌പ്രവൃത്തികൾ ഓർക്കുന്നു, അവൻ അതിനെ അങ്ങേയറ്റം വിലമതിക്കുന്നു​—⁠നാം അവനോടു വിശ്വസ്‌തരായിരിക്കുന്നിടത്തോളം കാലം. വാസ്‌തവത്തിൽ, നമ്മുടെ പ്രവൃത്തിയും അവന്റെ നാമത്തോടു നാം കാണിച്ച സ്‌നേഹവും മറന്നുകളയുന്നതിനെ നീതിക്കു നിരക്കാത്ത ഒന്നായി അവൻ കാണുന്നുവെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു.​—⁠എബ്രായർ 6:⁠10.

ഒന്നാമത്തേതു കഴിഞ്ഞുപോയി”

വാർധക്യവും അതിനോടു ബന്ധപ്പെട്ട പ്രശ്‌നങ്ങളും ദൈവം ഉദ്ദേശിച്ചതല്ല എന്നു ബൈബിൾ വ്യക്തമാക്കുന്നു. നമ്മുടെ ആദ്യമാതാപിതാക്കൾ, അതായത്‌ ആദ്യത്തെ പുരുഷനും സ്‌ത്രീയും, സ്രഷ്ടാവിനെതിരെ മത്സരിച്ചതിനുശേഷം മാത്രമാണ്‌ വാർധക്യത്തിന്റെ കെടുതികൾ മനുഷ്യജീവിതത്തിന്റെ ഭാഗമായിത്തീർന്നത്‌. (ഉല്‌പത്തി 3:​17-19; റോമർ 5:12) പക്ഷേ ഇതിന്‌ ഒരവസാനം വരും.

നാം കണ്ടു കഴിഞ്ഞതുപോലെ, പ്രായമായവരോടുള്ള ദുഷ്‌പെരുമാറ്റം ഉൾപ്പെടെ ഇന്നു നാം നേരിടുന്ന പല മോശമായ സാഹചര്യങ്ങളും തെളിയിക്കുന്നത്‌ നാം ജീവിക്കുന്നത്‌ ഈ വ്യവസ്ഥിതിയുടെ “അന്ത്യകാല”ത്താണ്‌ എന്നാണ്‌. (2 തിമൊഥെയൊസ്‌ 3:1) വാർധക്യത്തിന്റെ കെടുതികളും മരണവും ഉൾപ്പെടെ പാപത്തിന്റെ ഫലങ്ങൾ ഇല്ലാതാക്കാനാണ്‌ ദൈവം ഉദ്ദേശിക്കുന്നത്‌. ബൈബിൾ പറയുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”​—⁠വെളിപ്പാടു 21:​4, 5.

ദൈവം കൊണ്ടുവരാൻ പോകുന്ന പുതിയലോകത്തിൽ വാർധക്യത്തിന്റെ വേദനകളും നൊമ്പരങ്ങളും ഉണ്ടായിരിക്കുകയില്ല; അവയൊക്കെ ഭൂതകാലത്തിന്റെ ഏടുകളിൽ മാത്രമായി ഒതുങ്ങിപ്പോയിരിക്കും. പ്രായമായവരോടുള്ള ദുഷ്‌പെരുമാറ്റത്തിന്റെ കാര്യവും അങ്ങനെതന്നെ. (മീഖാ 4:4) ദൈവത്തിന്റെ സ്‌മരണയിലുള്ള മരിച്ചവർപോലും ഉയിർത്തെഴുന്നേൽക്കും. അങ്ങനെ അവർക്കും ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം ലഭിക്കും. (യോഹന്നാൻ 5:​28, 29) യഹോവയാം ദൈവം പ്രായമായവരെക്കുറിച്ചു മാത്രമല്ല, തന്നെ അനുസരിക്കുന്ന എല്ലാവരെക്കുറിച്ചും കരുതലുള്ളവനാണ്‌ എന്ന വസ്‌തുത അന്നു തെളിയിക്കപ്പെടും​—⁠മുമ്പെന്നത്തെക്കാളും വ്യക്തമായി.

[അടിക്കുറിപ്പുകൾ]

^ ഖ. 5 എല്ലാ വിധവമാരും പ്രായമായവരല്ല എന്നതു ശരിതന്നെ. ചെറുപ്പക്കാരായ വിധവമാർക്കുവേണ്ടിയും ദൈവം കരുതുന്നു എന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു; ഒരു ഉദാഹരണമാണ്‌ ലേവ്യപുസ്‌തകം 22:​13-ൽ കാണുന്നത്‌.

^ ഖ. 11 യഥാർഥ പേരല്ല.

[6, 7 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

സ്‌നേഹം പ്രവൃത്തിയിൽ

യഹോവയുടെ സാക്ഷികൾക്കിടയിൽ സഭയിലെ മൂപ്പന്മാർ പ്രായമായവർക്കുവേണ്ടി കരുതുന്നതിൽ മുൻനിരയിൽ നിൽക്കുന്നു. “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ” എന്ന അപ്പൊസ്‌തലനായ പത്രൊസിന്റെ ഉദ്‌ബോധനം അവർ ഗൗരവമായെടുക്കുന്നു. (1 പത്രൊസ്‌ 5:2) പ്രായമായവർക്ക്‌ ആവശ്യമായ സഹായം നൽകുന്നത്‌ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിന്റെ ഭാഗമാണ്‌. അങ്ങനെയെങ്കിൽ ഇതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

പ്രായമായവരുടെ ആവശ്യങ്ങൾ നന്നായി മനസ്സിലാക്കുന്നതിന്‌ ക്ഷമ ആവശ്യമാണ്‌. പലതവണ അവരെ സന്ദർശിക്കുകയും സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടതുണ്ടായിരിക്കാം. ഷോപ്പിങ്‌, ശുചീകരണം, ക്രിസ്‌തീയ യോഗങ്ങൾക്കു പോകൽ, ബൈബിളും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും വായിക്കൽ എന്നിങ്ങനെ അനേകം കാര്യങ്ങളിൽ അവർക്ക്‌ സഹായം ആവശ്യമായി വന്നേക്കാം. സാധ്യമായിരിക്കുമ്പോഴെല്ലാം, ആശ്രയിക്കാൻ പറ്റിയതും പ്രായോഗികവുമായ ക്രമീകരണങ്ങൾ ചെയ്യുകയും അവ നടപ്പിലാക്കുകയും ചെയ്യുക. *

എന്നാൽ പ്രായമായ ഒരു സഹോദരനോ സഹോദരിയോ ഒരു അടിയന്തിര സാഹചര്യത്തിൽപ്പെട്ട്‌ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നെങ്കിലോ? ആദ്യംതന്നെ, മക്കളോ സഹായിക്കാൻ കഴിയുന്ന മറ്റു ബന്ധുക്കളോ ഉണ്ടോയെന്ന്‌ അന്വേഷിക്കുക. ഇത്‌ 1 തിമൊഥെയൊസ്‌ 5:​4-ൽ പറഞ്ഞിരിക്കുന്നതിനു ചേർച്ചയിലാണ്‌. “വല്ല വിധവെക്കും പുത്രപൌത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.”

ഗവൺമെന്റ്‌ പ്രായമായവർക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, അതിന്‌ തനിക്ക്‌ അർഹതയുണ്ടോ എന്നു നിർണയിക്കുന്നതിന്‌ പ്രായമായവർക്ക്‌ സഹായം ആവശ്യമായിരിക്കാം. ഒരുപക്ഷേ സഭയിലെ ആർക്കെങ്കിലും ഇക്കാര്യത്തിൽ അവരെ സഹായിക്കാനാകും. മേൽപ്പറഞ്ഞ രീതിയിലുള്ള സഹായങ്ങളൊന്നും ലഭ്യമല്ലാത്ത ഒരു സാഹചര്യത്തിൽ, പ്രായമായ വ്യക്തി സഭയിൽനിന്നുള്ള സാമ്പത്തിക പിന്തുണ അർഹിക്കുന്നുണ്ടോയെന്ന്‌ മൂപ്പന്മാർക്കു തീരുമാനിക്കാനാകും. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭ ചിലർക്ക്‌ ഇത്തരത്തിലുള്ള സഹായം നൽകിയിരുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ സഹശുശ്രൂഷകനായിരുന്ന തിമൊഥെയൊസിന്‌ ഇപ്രകാരം എഴുതി: “സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ മക്കളെ വളർത്തുകയോ അതിഥികളെ സല്‌ക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്‌തു പോരുകയോ ചെയ്‌തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.”​—⁠1 തിമൊഥെയൊസ്‌ 5:9, 10.

[അടിക്കുറിപ്പ്‌]

^ ഖ. 25 കൂടുതൽ വിവരങ്ങൾക്കായി 1994 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിലെ “പ്രായംചെന്നവരോടു ക്രിസ്‌തീയ സ്‌നേഹം പ്രകടമാക്കൽ” എന്ന ലേഖനത്തിന്റെ 27-30 പേജുകൾ വായിക്കുക.

[5-ാം പേജിലെ ചിത്രം]

തബീഥാ സഹായം ആവശ്യമുണ്ടായിരുന്ന വിധവമാരോടു കരുണ കാണിച്ചു.​—⁠പ്രവൃത്തികൾ 9:​36-39