വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കൂ, സംതൃപ്‌തി നേടൂ

ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കൂ, സംതൃപ്‌തി നേടൂ

ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കൂ, സംതൃപ്‌തി നേടൂ

കാലുകളൊക്കെ മടക്കിവെച്ച്‌ ചുരുണ്ടുകൂടി ‘കൂർക്കം’വലിച്ചുറങ്ങുന്ന ഒരു പൂച്ചയെ കാണാത്തവരായി ആരെങ്കിലും ഉണ്ടോ? എത്ര സംതൃപ്‌തമായ അവസ്ഥ, അല്ലേ? അതേപോലെ ചുരുണ്ടുകൂടി കിടന്ന്‌ അതേ സംതൃപ്‌തി ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അനേകരുടെയും കാര്യത്തിൽ സംതൃപ്‌തി കണ്ടെത്തുക പ്രയാസമാണ്‌, അഥവാ കണ്ടെത്തിയാൽത്തന്നെ അത്‌ ക്ഷണികവുമാണ്‌. എന്തായിരിക്കാം അതിനു കാരണം?

അപൂർണരെന്ന നിലയിൽ നാംതന്നെ പലപ്പോഴും തെറ്റുചെയ്യുന്നു, ഒപ്പം മറ്റുള്ളവരുടെ പരിമിതികളെയും നമുക്കു സഹിക്കേണ്ടതായി വരുന്നു. മാത്രമല്ല, ഇടപെടാൻ പ്രയാസമുള്ള “ദുർഘടസമയങ്ങൾ” നിറഞ്ഞ ‘അന്ത്യകാലത്താണു’ നാം ജീവിക്കുന്നതും. (2 തിമൊഥെയൊസ്‌ 3:1-5) കുട്ടിക്കാലത്തെ സംതൃപ്‌തിയുടേതായ ചില സുന്ദര സ്‌മരണകൾ നമുക്കുണ്ടായിരുന്നേക്കാമെങ്കിലും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ ഈ ‘ദുർഘടസമയ’ത്തിന്റെ മുഴു ഭാരവും പേറിയാണ്‌ നമ്മിൽ മിക്കവരും കഴിയുന്നത്‌. ഇക്കാലത്ത്‌ സംതൃപ്‌തി നേടുക സാധ്യമാണോ?

ഈ ദുർഘടസമയങ്ങളിൽ ജീവിക്കുക അസാധ്യമാണെന്നല്ല പകരം അവ ഇടപെടാൻ പ്രയാസമുള്ളവ ആയിരിക്കുമെന്നാണ്‌ തിരുവെഴുത്തുകൾ പറയുന്നത്‌ എന്നതു ശ്രദ്ധിക്കുക. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്‌ നമുക്കതു ചെയ്യാനാകും. നമുക്ക്‌ എല്ലായ്‌പോഴും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു പരിധിവരെയുള്ള സംതൃപ്‌തി നേടാനാകും. അതിനു നമ്മെ സഹായിക്കുന്ന മൂന്നു തത്ത്വങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം.

യാഥാർഥ്യബോധം ഉള്ളവരായിരിക്കുക

സംതൃപ്‌തി നേടുന്നതിനു നമ്മുടെതന്നെയും മറ്റുള്ളവരുടെയും പരിമിതികൾ സംബന്ധിച്ച്‌ നാം യാഥാർഥ്യബോധമുള്ളവരായിരിക്കണം. റോമർക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമർ 3:23) യഹോവയുടെ തേജസ്സിന്റെ പലവശങ്ങളും നമുക്ക്‌ ഗ്രഹിക്കാനാവുന്നതിലും അപ്പുറമാണ്‌. ഉല്‌പത്തി 1:​31-ൽ പ്രസ്‌താവിച്ചിരിക്കുന്ന വസ്‌തുതതന്നെ അതിനൊരു ഉദാഹരണമാണ്‌: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” യഹോവ താൻ ചെയ്‌തതിനെ എപ്പോൾ വിലയിരുത്തിയാലും “അതു എത്രയും നല്ലത്‌” എന്ന്‌ ഉറപ്പോടെ പറയാനാകും. എന്നാൽ മനുഷ്യരുടെ സ്ഥിതി അതല്ല. അതുകൊണ്ട്‌ സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ്‌ അംഗീകരിക്കുന്നതാണ്‌ സംതൃപ്‌തി നേടുന്നതിനുള്ള ആദ്യപടി. എന്നിരുന്നാലും അതുമാത്രം പോരാ. നാം യഹോവയുടെ വീക്ഷണം തിരിച്ചറിഞ്ഞ്‌ അത്‌ അംഗീകരിക്കണം.

“പാപം” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന മൂല ഗ്രീക്കുപദത്തിന്റെ അർഥം “ലക്ഷ്യം പിഴയ്‌ക്കൽ” എന്നാണ്‌. (റോമർ 3:9) ദൃഷ്ടാന്തത്തിന്‌, ലക്ഷ്യത്തിൽ അമ്പെയ്‌തു കൊള്ളിച്ച്‌ സമ്മാനം നേടാൻ ശ്രമിക്കുന്ന ഒരാളെക്കുറിച്ചു ചിന്തിക്കുക. അദ്ദേഹത്തിന്റെ കൈവശം മൂന്ന്‌ അമ്പ്‌ ഉണ്ട്‌. അദ്ദേഹം തന്റെ ആദ്യത്തെ അമ്പ്‌ തൊടുത്തുവിടുന്നു, എന്നാൽ ലക്ഷ്യത്തിൽനിന്നും ഒരു മീറ്റർ അകലെയാണ്‌ അതു പതിക്കുന്നത്‌. അൽപ്പംകൂടെ ശ്രദ്ധിച്ച്‌ രണ്ടാമത്തെ അമ്പ്‌ എയ്യുന്നു, പക്ഷേ ലക്ഷ്യത്തിൽ നിന്ന്‌ 30 സെന്റിമീറ്റർ മാറിയാണ്‌ അതും പതിക്കുന്നത്‌. പിന്നീട്‌ തന്റെ മുഴു ശ്രദ്ധയോടുംകൂടെ അവസാനത്തെ അമ്പെയ്യുന്നു, വെറും രണ്ട്‌ സെന്റിമീറ്ററിന്റെ വ്യത്യാസമേ വന്നുള്ളുവെങ്കിലും അതും ലക്ഷ്യത്തിൽനിന്ന്‌ മാറിപ്പോയി. ലക്ഷ്യത്തിന്‌ വളരെ അടുത്തായിരുന്നു എന്നതു ശരിതന്നെ, പക്ഷേ ലക്ഷ്യം പിഴച്ചതു പിഴച്ചു.

നാമെല്ലാം ആ നിരാശിതനായ അമ്പെയ്‌ത്തുകാരനെപ്പോലെയാണ്‌. ചിലപ്പോൾ നമുക്ക്‌ ഏറെ ‘ലക്ഷ്യം പിഴയ്‌ക്കുന്നു.’ മറ്റു ചിലപ്പോൾ നാം ലക്ഷ്യത്തിനു വളരെ അടുത്തായിരുന്നേക്കാം, എന്നാൽ അപ്പോഴും ലക്ഷ്യത്തിലല്ല. കിണഞ്ഞുപരിശ്രമിച്ചിട്ടും ലക്ഷ്യത്തിലെത്താൻ കഴിയാതെവരുമ്പോൾ നാം നിരാശിതരാകുന്നു. നമുക്കിപ്പോൾ വീണ്ടും ആ അമ്പെയ്‌ത്തുകാരന്റെ ഉദാഹരണം പരിചിന്തിക്കാം.

സമ്മാനം കൈവിട്ടുപോയതിൽ നിരാശിതനായി അദ്ദേഹം പിൻവാങ്ങുന്നു. പെട്ടെന്ന്‌ അമ്പെയ്‌ത്തു മത്സരത്തിന്റെ ഭാരവാഹി അദ്ദേഹത്തെ വിളിച്ച്‌ ഒരു സമ്മാനം കൊടുത്തുകൊണ്ട്‌ പറയുന്നു: “ഇതു നിനക്കുള്ളതാണ്‌. കാരണം എനിക്കു നിന്നെ ഇഷ്ടമായി, നീ എത്ര നന്നായി ശ്രമിച്ചെന്ന്‌ എനിക്കറിയാം.” ആ അമ്പെയ്‌ത്തുകാരന്റെ ആഹ്ലാദം ഒന്നോർത്തു നോക്കൂ!

അദ്ദേഹം അത്യന്തം സന്തോഷവാനായി! ദൈവത്തിന്റെ “കൃപാവരം” അല്ലെങ്കിൽ സമ്മാനം ആയ പൂർണതയുള്ള നിത്യജീവൻ നേടുന്ന ഏവർക്കും ഉണ്ടാകുന്ന വികാരവും സമാനമായിരിക്കും. (റോമർ 6:23) അതു നേടിയതിനുശേഷം അവർ ചെയ്യുന്നതെല്ലാം നന്നായിരിക്കും, പിന്നീടൊരിക്കലും അവർക്കു ലക്ഷ്യം പിഴയ്‌ക്കില്ല. അവർ പൂർണ സംതൃപ്‌തി ആസ്വദിക്കും. ആ സമയംവരെ അത്തരമൊരു കാഴ്‌ചപ്പാടു വെച്ചുപുലർത്തുന്നെങ്കിൽ നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ഉള്ള നമ്മുടെ വിലമതിപ്പ്‌ വർധിക്കും.

എന്തിനും സമയം ആവശ്യമാണെന്ന വസ്‌തുത അംഗീകരിക്കുക

ഏതു കാര്യത്തിനും സമയം ആവശ്യമാണ്‌ എന്നത്‌ ഒരു വസ്‌തുതയാണ്‌. എങ്കിലും നാം ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കാൻ കൂടുതൽ സമയം എടുക്കുന്നതായോ, ജീവിതത്തിലെ കയ്‌പേറിയ ഒരു സാഹചര്യം പ്രതീക്ഷിച്ചതിനെക്കാൾ നീളുന്നതായോ തോന്നുന്നെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ സംതൃപ്‌തി നിലനിറുത്തുക പ്രയാസമായിരുന്നേക്കാം. എന്നാൽ അപ്പോൾപ്പോലും സംതൃപ്‌തരായിരിക്കാൻ ചിലർക്കു കഴിഞ്ഞിട്ടുണ്ട്‌. ഉദാഹരണത്തിന്‌ യേശുവിന്റെ കാര്യംതന്നെ നോക്കാം.

ഭൂമിയിൽ വരുന്നതിനുമുമ്പ്‌ യേശു സ്വർഗത്തിൽ അനുസരണത്തിന്റെ ഒരു വിശിഷ്ട മാതൃകയായിരുന്നു. എന്നിരുന്നാലും ഭൂമിയിൽവെച്ചാണ്‌ അവൻ “അനുസരണം പഠിച്ചത്‌.” എങ്ങനെ? “താൻ അനുഭവിച്ച കഷ്ടങ്ങളാൽ.” നേരത്തേ അവൻ ദുരിതങ്ങൾ നിരീക്ഷിച്ചിട്ടുണ്ടായിരുന്നെങ്കിലും നേരിട്ട്‌ അനുഭവിച്ചറിഞ്ഞിട്ടില്ലായിരുന്നു. ഭൂമിയിലായിരിക്കെ, വിശേഷിച്ച്‌ യോർദ്ദാനിലെ സ്‌നാപനംമുതൽ ഗൊല്‌ഗോഥായിലെ മരണംവരെ, അവൻ പ്രശ്‌നപൂരിതമായ നിരവധി സാഹചര്യങ്ങളിലൂടെ കടന്നുപോയി. യേശു എങ്ങനെ അനുസരണത്തിൽ “തികഞ്ഞവനായി” എന്നതിന്റെ എല്ലാ വിശദവിവരങ്ങളും നമുക്കറിയില്ല. എങ്കിലും ഒരുകാര്യം വ്യക്തമാണ്‌, അതിന്‌ കുറെ സമയം ആവശ്യമായിരുന്നു.​—⁠എബ്രായർ 5:8, 9.

യേശുവിനു വിജയിക്കാൻ കഴിഞ്ഞു, കാരണം അവൻ “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷത്തെക്കുറിച്ച്‌” അതായത്‌ വിശ്വസ്‌തതയ്‌ക്കുള്ള പ്രതിഫലത്തെക്കുറിച്ച്‌ ധ്യാനിച്ചു. (എബ്രായർ 12:2) എന്നിരുന്നാലും ചില സമയങ്ങളിൽ അവൻ “ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും” കഴിച്ചു. (എബ്രായർ 5:7) ആ വിധത്തിൽ അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം നമുക്കും ഉണ്ടായേക്കാം. യഹോവ എങ്ങനെയാണ്‌ അതിനെ കാണുന്നത്‌? യേശുവിന്റെ കാര്യത്തിൽ അവൻ പ്രാർഥന കേട്ട്‌ ഉത്തരമരുളിയതായി അതേ വാക്യം പറയുന്നു. നമുക്കുവേണ്ടിയും അവൻ അതുതന്നെ ചെയ്യും. എന്തുകൊണ്ട്‌?

നമ്മുടെ പരിമിതികൾ അറിയാവുന്നതിനാൽ നമ്മെ സഹായിക്കാൻ യഹോവ സന്നദ്ധനാണ്‌. ഓരോരുത്തർക്കും സഹിക്കാവുന്നതിന്‌ ഒരു പരിധിയുണ്ട്‌. ആഫ്രിക്കയിലെ ബെനിനിൽ ആളുകൾ ഇങ്ങനെ പറയാറുണ്ട്‌: “വെള്ളം അധികമായാൽ ഒടുവിൽ തവളകൾപോലും മുങ്ങിച്ചാകും.” നമുക്ക്‌ എത്രത്തോളം സഹിക്കാനാകുമെന്ന്‌ നമ്മെക്കാൾ നന്നായി യഹോവയ്‌ക്കറിയാം. “കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ [“അനർഹദയ,” NW] പ്രാപിപ്പാനും” യഹോവ നമ്മെ സ്‌നേഹപൂർവം സഹായിക്കുന്നു. (എബ്രായർ 4:16) അവൻ യേശുവിനുവേണ്ടി അതു ചെയ്‌തു, അതുപോലെതന്നെ മറ്റനേകർക്കുവേണ്ടിയും. മോനിക്കയുടെ കാര്യത്തിൽ യഹോവ സഹായിച്ച വിധം പരിചിന്തിക്കുക.

വലിയ അല്ലലൊന്നുമില്ലാതെ സന്തോഷത്തോടെയാണ്‌ മോനിക്ക ജീവിതം നയിച്ചിരുന്നത്‌. 1968-ൽ 20-ാം വയസ്സിൽ മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്‌ എന്ന നാഡീസംബന്ധമായ രോഗം തനിക്കു പിടിപെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന സത്യം അവർ അറിഞ്ഞു. ശരീരാവയവങ്ങളെ ഒന്നൊന്നായി തളർത്തിക്കളയുന്ന ഒരു രോഗമായിരുന്നു അത്‌. അവരുടെ ജീവിതത്തെ അത്‌ അപ്പാടെ മാറ്റിമറിച്ചു. ഒരു മുഴുസമയ ശുശ്രൂഷകയെന്നനിലയിൽ അവർക്ക്‌ പല പൊരുത്തപ്പെടുത്തലുകളും വരുത്തേണ്ടിവന്നു. തന്നെ ബാധിച്ചിരിക്കുന്നത്‌ ക്രമേണ പിടിമുറുക്കുന്ന ഒരു മാറാരോഗമാണെന്നു മോനിക്ക മനസ്സിലാക്കി. പതിനാറു വർഷത്തിനുശേഷം അവർ പറഞ്ഞു: “എന്റെ രോഗത്തിന്‌ ഇതുവരെ കുറവൊന്നും വന്നിട്ടില്ല. ഒരുപക്ഷേ അതൊട്ടു കുറയാനും പോകുന്നില്ല, ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ എല്ലാം പുതുക്കപ്പെടുന്നതുവരെ.” ഇതുമായി പൊരുത്തപ്പെട്ടു കഴിയുക എന്നത്‌ അത്ര എളുപ്പമായിരുന്നിട്ടില്ല. “ഇത്രയൊക്കെയായിട്ടും ഞാൻ ആ പ്രസന്നതയും സന്തോഷവും കൈവിടുന്നില്ലല്ലോ എന്ന്‌ എന്റെ കൂട്ടുകാർ പറയാറുണ്ടെങ്കിലും . . . എന്റെ ഉറ്റമിത്രങ്ങൾക്കറിയാം പലപ്പോഴും കണ്ണീരടക്കാൻ ഞാൻ എത്രമാത്രം പാടുപെടുന്നെന്ന്‌,” അവർ തുറന്നു സമ്മതിക്കുന്നു.

എന്നിരുന്നാലും അവർ പറയുന്നു: “ക്ഷമയുള്ളവളായിരിക്കാനും എന്റെ ആരോഗ്യം അൽപ്പമെങ്കിലും മെച്ചപ്പെടുമ്പോൾ അതിൽ സന്തോഷിക്കാനും ഞാൻ പഠിച്ചിരിക്കുന്നു. രോഗവുമായി മല്ലടിക്കുന്ന മനുഷ്യരുടെ നിസ്സഹായത കാണുന്നത്‌ യഹോവയുമായുള്ള എന്റെ ബന്ധം ശക്തിപ്പെടുത്തിയിരിക്കുന്നു. പൂർണ രോഗശാന്തി കൈവരുത്താൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ.” യഹോവയുടെ സഹായത്താൽ സംതൃപ്‌തിയോടെ ജീവിതം നയിക്കുന്നതിനും 40-ലേറെ വർഷം മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടുന്നതിനും മോനിക്കയ്‌ക്കു കഴിഞ്ഞിരിക്കുന്നു.

മോനിക്കയുടേതുപോലുള്ള ഒരു സാഹചര്യത്തിലായിരിക്കുന്നത്‌ അത്ര എളുപ്പമല്ല. എന്നാൽ ചില കാര്യങ്ങൾക്ക്‌ നമ്മൾ പ്രതീക്ഷിക്കുന്നതിനെക്കാൾ സമയം ആവശ്യമായിരുന്നേക്കം എന്ന വസ്‌തുത അംഗീകരിക്കുന്നെങ്കിൽ നാം ഏറെ സംതൃപ്‌തരായിരിക്കും. മോനിക്കയെപ്പോലെ നിങ്ങൾക്കും യഹോവ ‘തത്സമയത്തു സഹായിക്കുമെന്ന്‌’ ഉറപ്പുള്ളവരായിരിക്കാം.

മറ്റുള്ളവരുമായുള്ള താരതമ്യം ഒഴിവാക്കി ന്യായമായ ലാക്കുകൾവെക്കുക

നിങ്ങൾക്കു തനതായ ഒരു വ്യക്തിത്വമുണ്ട്‌. നിങ്ങളെപ്പോലെതന്നെയുള്ള വേറൊരാളില്ല. ആഫ്രിക്കൻ ഗൺ ഭാഷയിലെ ഒരു പഴമൊഴി ഈ വസ്‌തുത ലളിതമായി ഇപ്രകാരം അവതരിപ്പിക്കുന്നു: “എല്ലാ വിരലുകൾക്കും തുല്യ നീളമല്ല.” ഏതെങ്കിലും വിരലിനെ മറ്റൊന്നുമായി താരതമ്യം ചെയ്യുന്നത്‌ എത്ര അബദ്ധമായിരിക്കും. യഹോവ നിങ്ങളെ മറ്റൊരാളുമായി താരതമ്യം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല, അവൻ ഒരിക്കലും അപ്രകാരം ചെയ്യുകയുമില്ല. എങ്കിലും, താരതമ്യം ചെയ്യാനുള്ള പ്രവണത ഇന്നു സർവസാധാരണമാണ്‌. അതിനു സംതൃപ്‌തിയെ ഹനിക്കാൻ കഴിയും. യേശു അക്കാര്യം മത്തായി 20:1-16-ൽ ശക്തമായി അവതരിപ്പിക്കുന്നത്‌ എങ്ങനെയെന്ന്‌ ശ്രദ്ധിക്കുക.

തന്റെ മുന്തിരിത്തോട്ടത്തിൽ വേലചെയ്യാൻ വേലക്കാരെ ആവശ്യമായിരുന്ന ഒരു “വീട്ടുടയവ”നെക്കുറിച്ച്‌ യേശു പറഞ്ഞു. അദ്ദേഹം തൊഴിൽരഹിതരായ ചിലരെ വിളിച്ച്‌ “പുലർച്ചെക്ക്‌” ഒരുപക്ഷേ രാവിലെ 6 മണിക്ക്‌ വേലയ്‌ക്കയച്ചു. 12 മണിക്കൂറിന്‌ ഒരു വെള്ളിക്കാശ്‌ എന്ന അന്നത്തെ സാധാരണ ദിവസക്കൂലിക്ക്‌ വേല ചെയ്യാൻ അവർ സമ്മതിച്ചു. ആ കൂലി ലഭിക്കുന്ന ഒരു വേല കിട്ടിയതിൽ അവർ തീർച്ചയായും സന്തോഷിച്ചിരിക്കാം. പിന്നീട്‌ വീട്ടുടയവൻ തൊഴിൽരഹിതരായിരുന്ന വേറെ ആളുകളെ വിളിച്ച്‌ പല സമയങ്ങളിലായി വേലയ്‌ക്കു നിയമിച്ചു. രാവിലെ 9 മണിക്കും ഉച്ചയ്‌ക്ക്‌ 12 മണിക്കും ഉച്ചകഴിഞ്ഞ്‌ 3 മണിക്കും എന്തിന്‌ 5 മണിക്കുപോലും വേല ആരംഭിച്ചവരുണ്ട്‌. ഇവരിലാർക്കും ഒരു മുഴുദിവസത്തെ വേല ചെയ്യേണ്ടിവരില്ല. “ന്യായമായ” കൂലി തരാമെന്ന്‌ വീട്ടുടയവൻ വാഗ്‌ദാനം ചെയ്‌തു, വേലക്കാർ അതിനു സമ്മതിക്കുകയും ചെയ്‌തു.

സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോട്‌ വേലക്കാരെ വിളിച്ച്‌ കൂലി കൊടുക്കാൻ ആവശ്യപ്പെട്ടു. അവസാനം വേലയ്‌ക്കു നിയമിച്ചവർക്ക്‌ ആദ്യം കൂലികൊടുക്കാൻ അദ്ദേഹം പറഞ്ഞു. അവർ കേവലം ഒരു മണിക്കൂറേ വേലചെയ്‌തുള്ളൂ, എങ്കിലും അവർക്ക്‌ മുഴുദിവസത്തെ കൂലി ലഭിച്ചു. അവിടെ നടന്ന ചൂടുപിടിച്ച ചർച്ച നമുക്ക്‌ ഊഹിക്കാൻ കഴിയും. ദിവസം മുഴുവൻ, അതായത്‌ 12 മണിക്കൂർ വേല ചെയ്‌തവർ തങ്ങൾക്ക്‌ അധികം കിട്ടും എന്നു വിചാരിച്ചു. എങ്കിലും അവർക്കും അതേ കൂലിതന്നെയാണ്‌ കിട്ടിയത്‌.

അവരുടെ പ്രതികരണമോ? “അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു: ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്‌തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.”

എന്നാൽ വീട്ടുടയവൻ കാര്യങ്ങളെ വീക്ഷിച്ചത്‌ വ്യത്യസ്‌തമായിട്ടായിരുന്നു. പറഞ്ഞൊത്ത കൂലിതന്നെ അവർക്കു നൽകി, അതിൽ ഒട്ടും കുറവു വരുത്തിയിട്ടില്ല എന്ന്‌ അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവരുടെ കാര്യത്തിലും ഒരു മുഴുദിവസത്തെയും കൂലി കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അവർ പ്രതീക്ഷിച്ചതിനെക്കാൾ തീർച്ചയായും അധികംതന്നെ. വാസ്‌തവത്തിൽ പറഞ്ഞൊത്ത കൂലിയിൽ ആർക്കും ഒരുകുറവും വന്നില്ല, പലർക്കും പ്രതീക്ഷിച്ചതിനെക്കാൾ അധികം ലഭിക്കുകയാണുണ്ടായത്‌. അവസാനം വീട്ടുടയവൻ ഇപ്രകാരം ചോദിച്ചു: “എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ?”

വിചാരകൻ ആദ്യം വന്നവർക്ക്‌ ആദ്യം കൂലി കൊടുത്ത്‌ ഉടനെ മടക്കി അയച്ചിരുന്നെങ്കിലോ? അവർ സംതൃപ്‌തരായിരുന്നേനെ. മറ്റുള്ളവർ കുറഞ്ഞ സമയം ജോലി ചെയ്‌തിട്ട്‌ അതേ കൂലി വാങ്ങിയതു കണ്ടപ്പോഴാണ്‌ അവർ അസംതൃപ്‌തരായത്‌. തങ്ങളെ വേലയ്‌ക്കു നിയമിച്ചതിൽ വളരെ നന്ദിയുള്ളവരായിരിക്കുമായിരുന്ന അവർ ദേഷ്യത്തോടെ വീട്ടുടയവനെതിരെ പിറുപിറുക്കുന്നതിനുപോലും അത്‌ ഇടയാക്കി.

നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്‌താൽ എന്താണ്‌ സംഭവിക്കുകയെന്ന്‌ ഇതു നന്നായി ചിത്രീകരിക്കുന്നു. യഹോവയുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചു ധ്യാനിക്കുകയും അവൻ ചൊരിയുന്ന അനുഗ്രഹങ്ങളെ വിലമതിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ സംതൃപ്‌തരായിരിക്കും. നിങ്ങളുടെ സാഹചര്യത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യരുത്‌. മറ്റുള്ളവർക്കുവേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യാൻ യഹോവ തീരുമാനിച്ചിരിക്കുന്നുവെന്നു തോന്നുന്നപക്ഷം അവരെപ്രതി സന്തോഷിക്കുക, അവരോടൊത്തു സന്തോഷിക്കുക.

എന്നിരുന്നാലും യഹോവ നിങ്ങളിൽനിന്ന്‌ ചിലതു പ്രതീക്ഷിക്കുന്നു. അതെന്താണ്‌? ഗലാത്യർ 6:4 (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV) പറയുന്നു: “ഓരോരുത്തനും താന്താന്റെ പ്രവൃത്തി വിലയിരുത്തട്ടെ; അപ്പോൾ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽതന്നെ അഭിമാനിക്കാം.” മറ്റു വാക്കുകളിൽ പറഞ്ഞാൽ നിങ്ങൾക്കുവേണ്ടി ന്യായമായ ലാക്കുകൾവെക്കുക. ‘കൊക്കിലൊതുങ്ങുന്ന’ പദ്ധതികളുമായി മാത്രം മുന്നേറുക. ന്യായമായ ലാക്കുകൾമാത്രം വെക്കുകയും നിങ്ങൾ അതിൽ എത്തിച്ചേരുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്കു ‘നിങ്ങളിൽത്തന്നേ അഭിമാനിക്കുന്നതിനു’ കഴിയും. നിങ്ങൾ സംതൃപ്‌തി ആസ്വദിക്കും.

പ്രതീക്ഷിക്കാവുന്ന പ്രതിഫലം

ഇപ്പോൾ പരിചിന്തിച്ച മൂന്നു തത്ത്വങ്ങൾ എന്താണു കാണിക്കുന്നത്‌? ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതിലൂടെ ഈ അന്ത്യനാളുകളിൽപ്പോലും അതും അപൂർണരായിരിക്കെത്തന്നെ സംതൃപ്‌തി ആസ്വദിക്കാനാകുമെന്നാണ്‌. നിങ്ങൾ അനുദിനം ബൈബിൾ വായിക്കുമ്പോൾ അതിലെ വിവരണങ്ങളിലും ദൃഷ്ടാന്തങ്ങളിലും മറ്റും ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന അത്തരം തത്ത്വങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.

നിങ്ങളുടെ സംതൃപ്‌തിക്കു മങ്ങലേൽക്കുന്നതായി തോന്നുന്നെങ്കിൽ അതിന്റെ യഥാർഥ കാരണം തിരിച്ചറിയാൻ ശ്രമിക്കുക. ആ സാഹചര്യത്തെ നേരിടാൻ സഹായിക്കുന്ന തത്ത്വങ്ങൾ കണ്ടുപിടിക്കുക. ഉദാഹരണത്തിന്‌ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവും ആകുന്നു” * എന്ന പുസ്‌തകത്തിന്റെ 110-11 വരെയുള്ള പേജുകൾ ഒരുപക്ഷേ നിങ്ങൾക്കു പരിശോധിക്കാവുന്നതാണ്‌. സദൃശവാക്യങ്ങൾ എന്ന പുസ്‌തകത്തെക്കുറിച്ചു വിവരിച്ചിരിക്കുന്ന അവിടെ, 12 ശീർഷകങ്ങളിലായി തത്ത്വങ്ങളുടെയും ബുദ്ധിയുപദേശങ്ങളുടെയും ഒരു വലിയ പട്ടികതന്നെ കാണാം. വീക്ഷാഗോപുര വിഷയ സൂചിക*, സിഡി-റോമിലുള്ള വാച്ച്‌ടവർ ലൈബ്രറി* എന്നിവ വിവരങ്ങൾക്കുള്ള ഉത്തമ ഉറവിടങ്ങളാണ്‌. ഇവയെല്ലാം തുടർച്ചയായി ഉപയോഗിക്കുന്നെങ്കിൽ പ്രായോഗിക തത്ത്വങ്ങൾ കണ്ടെത്തുന്നതിൽ നിങ്ങൾ നിപുണരായിത്തീരും.

യോഗ്യരായവർക്ക്‌ യഹോവ പറുദീസാഭൂമിയിൽ പൂർണതയുള്ള അവസ്ഥയിൽ നിത്യജീവൻ നൽകുന്നതിനുള്ള സമയം അടുത്തിരിക്കുകയാണ്‌. അവർ പൂർണ സംതൃപ്‌തി ആസ്വദിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 30 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[12-ാം പേജിലെ ആകർഷക വാക്യം]

“എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.”​—⁠റോമർ 3:23

[13-ാം പേജിലെ ആകർഷക വാക്യം]

യേശു താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു.​—⁠എബ്രായർ 5:8, 9

[15-ാം പേജിലെ ആകർഷക വാക്യം]

“ഓരോരുത്തനും താന്താന്റെ പ്രവൃത്തി വിലയിരുത്തട്ടെ; അപ്പോൾ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽതന്നെ അഭിമാനിക്കാം.”​—⁠ഗലാത്യർ 6:​4, NIBV