വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ​—⁠“ആരംഭത്തിങ്കൽ തന്നേ അവസാനവും” പ്രസ്‌താവിക്കുന്നവൻ

യഹോവ​—⁠“ആരംഭത്തിങ്കൽ തന്നേ അവസാനവും” പ്രസ്‌താവിക്കുന്നവൻ

യഹോവ​—⁠“ആരംഭത്തിങ്കൽ തന്നേ അവസാനവും” പ്രസ്‌താവിക്കുന്നവൻ

“ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്‌താവിക്കുന്നു.”​—⁠യെശയ്യാവു 46:10.

1, 2. ബാബിലോണിന്റെ വീഴ്‌ചയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ശ്രദ്ധേയമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ഈ വസ്‌തുത യഹോവയെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

രാത്രിയുടെ മറവിൽ ശത്രുസൈന്യം ശക്തമായ ബാബിലോൺ നഗരം പിടിച്ചടക്കാൻ അതീവ ജാഗ്രതയോടെ യൂഫ്രട്ടീസ്‌ നദി കുറുകെ കടക്കുകയാണ്‌. നഗരകവാടത്തോട്‌ അടുക്കവേ അവർ ആശ്ചര്യകരമായ ആ കാഴ്‌ച കാണുന്നു. ബാബിലോണിനു ചുറ്റുമുള്ള മതിലിന്റെ കൂറ്റൻ ഇരട്ടപ്പാളി വാതിലുകൾ മലർക്കെ തുറന്നുകിടക്കുന്നു! ഉള്ളിലേക്ക്‌ ഇരച്ചുകയറിയ അവർ ക്ഷണത്തിൽ നഗരം പിടിച്ചടക്കുന്നു. പടനായകനായ കോരെശ്‌ ആ ദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പിന്നീട്‌, അവിടെ പ്രവാസികളായി കഴിഞ്ഞിരുന്ന ഇസ്രായേല്യരെ സ്വതന്ത്രരാക്കിക്കൊണ്ടുള്ള ഒരു വിളംബരം പുറപ്പെടുവിക്കുകയും ചെയ്യുന്നു. യെരൂശലേമിൽ യഹോവയുടെ ആരാധന പുനഃസ്ഥാപിക്കാൻ ആയിരക്കണക്കിനു പ്രവാസികൾ മാതൃദേശത്തേക്കു യാത്രതിരിക്കുന്നു.​—⁠2 ദിനവൃത്താന്തം 36:22, 23; എസ്രാ 1:1-4.

2 ഈ സംഭവങ്ങൾ പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 539 മുതൽ 537 വരെയുള്ള കാലഘട്ടത്തിൽ അരങ്ങേറിയതായി ഇന്നു ചരിത്രകാരന്മാർ സ്ഥിരീകരിക്കുന്നു. എന്നാൽ പ്രസ്‌തുത സംഭവങ്ങൾ അതിന്‌ ഏകദേശം 200 വർഷങ്ങൾക്കു മുമ്പുതന്നെ മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു എന്നതാണു ശ്രദ്ധേയമായ സംഗതി. ബാബിലോണിന്റെ വീഴ്‌ചയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്താൻ അത്രയും മുമ്പുതന്നെ യഹോവ തന്റെ പ്രവാചകനായ യെശയ്യാവിനെ നിശ്വസ്‌തനാക്കിയിരുന്നു. (യെശയ്യാവു 44:24-45:7) ബാബിലോണിന്റെ വീഴ്‌ചയുമായി ബന്ധപ്പെട്ട സ്ഥിതിവിശേഷം മാത്രമല്ല, നഗരം പിടിച്ചടക്കുന്ന ജേതാവിന്റെ പേരും യഹോവ വെളിപ്പെടുത്തിയിരുന്നു. * അന്നു തന്റെ സാക്ഷികളായി വർത്തിച്ചിരുന്ന ഇസ്രായേല്യരോട്‌ യഹോവ ഇങ്ങനെ പറഞ്ഞു: “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്‌താവിക്കുന്നു.” (യെശയ്യാവു 46:9, 10എ) ഭാവിയിൽ എന്തു സംഭവിക്കുമെന്നു കൃത്യമായി മുൻകൂട്ടി അറിയാൻ കഴിയുന്ന ഒരു ദൈവമാണ്‌ യഹോവ.

3. ഈ ലേഖനത്തിൽ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

3 ഭാവിയെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എത്രത്തോളം അറിയാം? നാം ഓരോരുത്തരും എന്തൊക്കെ ചെയ്യുമെന്ന്‌ അവനു മുൻകൂട്ടി അറിയാമോ? യഥാർഥത്തിൽ, നമ്മുടെ ഭാവി മുൻനിശ്ചയിക്കപ്പെട്ടിരിക്കുകയാണോ? പ്രസ്‌തുത ചോദ്യങ്ങൾക്കും ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്കുമുള്ള ബൈബിളിന്റെ ഉത്തരം ഈ ലേഖനത്തിലും അടുത്തതിലുമായി നാം പരിചിന്തിക്കുന്നതായിരിക്കും.

യഹോവ​—⁠കാര്യങ്ങൾ മുൻകൂട്ടി പ്രസ്‌താവിക്കുന്ന ഒരു ദൈവം

4. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രവചനങ്ങളുടെ ഉറവിടം ആരാണ്‌?

4 ഭാവി മുൻകൂട്ടിക്കാണാൻ കഴിവുള്ള ദൈവമായ യഹോവ, ബൈബിൾ കാലങ്ങളിൽ അനേകം പ്രവചനങ്ങൾ രേഖപ്പെടുത്താൻ തന്റെ ദാസന്മാരെ നിശ്വസ്‌തരാക്കി. അങ്ങനെ അവൻ ചെയ്യാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയാൻ നമുക്കു സാധിക്കുന്നു. “പണ്ടു പ്രസ്‌താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. (യെശയ്യാവു 42:9) ദൈവജനം എത്ര അനുഗൃഹീതരാണ്‌!

5. യഹോവ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു മുൻകൂട്ടി അറിയാൻ കഴിയുന്നത്‌ നമുക്ക്‌ എന്ത്‌ ഉത്തരവാദിത്വം കൈവരുത്തുന്നു?

5 പ്രവാചകനായ ആമോസ്‌ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്‌കയില്ല.” ഈ വിധത്തിൽ കാര്യങ്ങൾ മുൻകൂട്ടി അറിയുന്നത്‌ നമുക്കു ചില ഉത്തരവാദിത്വങ്ങൾ കൈവരുത്തുന്നു. ആമോസ്‌ തുടർന്നു നൽകുന്ന ദൃഷ്ടാന്തം ഏറെ ശ്രദ്ധേയമാണ്‌: “സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആർ ഭയപ്പെടാതിരിക്കും?” ഒരു സിംഹത്തിന്റെ ഗർജനം കേൾക്കുമ്പോൾ ചുറ്റുപാടുമുള്ള മനുഷ്യരും മൃഗങ്ങളും സത്വരം പ്രതികരിക്കുന്നതുപോലെ, യഹോവയുടെ വാക്കുകൾ കേട്ടമാത്രയിൽ ആമോസിനെപ്പോലുള്ള പ്രവാചകന്മാർ അത്‌ മറ്റുള്ളവരോടു പ്രഖ്യാപിക്കാൻ തുടങ്ങി. “യഹോവയായ കർത്താവു അരുളിച്ചെയ്‌തിരിക്കുന്നു; ആർ പ്രവചിക്കാതിരിക്കും?”​—⁠ആമോസ്‌ 3:7, 8.

യഹോവയുടെ “വചനം” നിശ്ചയമായും നിവൃത്തിയേറുന്നു

6. ബാബിലോണിന്റെ നാശം സംബന്ധിച്ചുള്ള യഹോവയുടെ “ആലോചന” ഏതു വിധത്തിൽ നിവൃത്തിയേറി?

6 പ്രവാചകനായ യെശയ്യാവിലൂടെ യഹോവ പറയുന്നു: “എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്‌പര്യമൊക്കെയും അനുഷ്‌ഠിക്കും.” (യെശയ്യാവു 46:10ബി) ബാബിലോൺ കീഴടക്കാനും നിലംപരിചാക്കാനും പേർഷ്യക്കാരനായ കോരെശിനെ ഉപയോഗിക്കുകയെന്നത്‌ ആ നഗരത്തെക്കുറിച്ചുള്ള യഹോവയുടെ “ആലോചന”യിൽ, അഥവാ ഉദ്ദേശ്യത്തിൽ ഉൾപ്പെട്ടിരുന്നു. വളരെ മുമ്പുതന്നെ യഹോവ തന്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചിരുന്നു. നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ, പൊ.യു.മു. 539-ൽ ആ പ്രവചനം അക്ഷരംപ്രതി നിവൃത്തിയേറി.

7. യഹോവയുടെ “വചനം” എല്ലായ്‌പോഴും നിവൃത്തിയേറുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവർ ആയിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

7 കോരെശ്‌ ബാബിലോൺ പിടിച്ചടക്കുന്നതിന്‌ ഏകദേശം നാലു നൂറ്റാണ്ടുകൾക്കുമുമ്പ്‌ അമ്മോന്യരുടെയും മോവാബ്യരുടെയും സംയുക്ത സേന യെഹൂദായിലെ രാജാവായ യെഹോശാഫാത്തിനു നേരെ വന്നപ്പോൾ അവൻ പൂർണ ബോധ്യത്തോടെ ഇങ്ങനെ പ്രാർഥിച്ചു: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.” (2 ദിനവൃത്താന്തം 20:6) “സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; അതു ദുർബ്ബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?” എന്നു ചോദിച്ചുകൊണ്ട്‌ യെശയ്യാവും സമാനമായ ബോധ്യം പ്രകടിപ്പിച്ചു. (യെശയ്യാവു 14:27) പിന്നീട്‌, ബുദ്ധിഭ്രമത്തിന്റെ ഒരു കാലഘട്ടത്തിനുശേഷം സുബോധം വീണ്ടുകിട്ടിയപ്പോൾ ബാബിലോൺ രാജാവായ നെബൂഖദ്‌നേസർ താഴ്‌മയോടെ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “അവന്റെ [ദൈവത്തിന്റെ] കൈതടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനോടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീയേൽ 4:35) “എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” എന്ന്‌ യഹോവ തന്റെ ജനത്തിന്‌ ഉറപ്പുകൊടുക്കുന്നു. (യെശയ്യാവു 55:11) യഹോവയുടെ “വചനം” എല്ലായ്‌പോഴും നിവൃത്തിയേറുന്നുവെന്ന്‌ നമുക്കു പൂർണ ബോധ്യമുള്ളവർ ആയിരിക്കാൻ കഴിയും. അവന്റെ ഉദ്ദേശ്യങ്ങൾ ഒരിക്കലും പരാജയപ്പെടുകയില്ല.

ദൈവത്തിന്റെ ‘അനാദിനിർണയം’

8. ദൈവത്തിന്റെ ‘അനാദിനിർണയം’ എന്ത്‌?

8 എഫെസ്യ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ ദൈവത്തിന്‌ ഒരു ‘അനാദിനിർണയം’ അഥവാ ‘നിത്യനിർണയം’ (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഉള്ളതായി എഴുതി. (എഫെസ്യർ 3:11) മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ചുള്ള തന്റെ ആദിമ ഉദ്ദേശ്യം നടപ്പാക്കാനുള്ള അവന്റെ നിർണയത്തെ അതായത്‌ നിശ്ചയദാർഢ്യത്തെയാണ്‌ അതു കുറിക്കുന്നത്‌. (ഉല്‌പത്തി 1:28) ദൈവോദ്ദേശ്യങ്ങൾ ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന വസ്‌തുത മെച്ചമായി മനസ്സിലാക്കാൻ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ പ്രവചനം പരിചിന്തിക്കുക.

9. ഉല്‌പത്തി 3:15 ദൈവോദ്ദേശ്യത്തോടു ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

9 ഉല്‌പത്തി 3:​15-ലെ വാഗ്‌ദാനം സൂചിപ്പിക്കുന്നതുപോലെ, ആദാമും ഹവ്വായും പാപം ചെയ്‌ത ഉടൻതന്നെ തന്റെ ആലങ്കാരിക സ്‌ത്രീയിലൂടെ ഒരു സന്തതിയെ ഉളവാക്കണമെന്ന്‌ യഹോവ നിശ്ചയിച്ചു. സ്‌ത്രീക്കും സാത്താനും ഇടയിലും അതുപോലെതന്നെ അവരുടെ സന്തതികൾക്കിടയിലും ഉള്ള ശത്രുത്വത്തിന്റെ അനന്തര ഫലം എന്തായിരിക്കുമെന്നും യഹോവ മുൻകൂട്ടിക്കണ്ടു. സ്‌ത്രീയുടെ സന്തതിയുടെ കുതികാൽ തകർക്കപ്പെടാൻ യഹോവ അനുവദിക്കുമായിരുന്നെങ്കിലും ദൈവത്തിന്റെ തക്ക സമയത്ത്‌ ആ സന്തതി പാമ്പിന്റെ​—⁠പിശാചായ സാത്താന്റെ​—⁠തല തകർക്കും. യഹോവയുടെ ഈ ഉദ്ദേശ്യം നിവൃത്തിയുടെ പാതയിൽ മുന്നേറവേ വാഗ്‌ദത്ത മിശിഹാ എന്ന നിലയിൽ യേശു, ദൈവം തിരഞ്ഞെടുത്ത വംശാവലിയിൽ കൃത്യസമയത്തുതന്നെ പ്രത്യക്ഷപ്പെട്ടു.​—⁠ലൂക്കൊസ്‌ 3:15, 23-38; ഗലാത്യർ 4:⁠4.

യഹോവ മുൻനിർണയിക്കുന്ന കാര്യങ്ങൾ

10. ആദാമും ഹവ്വായും പാപം ചെയ്യുമെന്ന്‌ യഹോവ ആരംഭത്തിൽത്തന്നെ നിർണയിച്ചിരുന്നോ? വിശദീകരിക്കുക.

10 ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള പങ്കിനെക്കുറിച്ചു സംസാരിക്കവേ, പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “അവൻ [യേശു] ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും . . . നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1 പത്രൊസ്‌ 1:20) ആദാമും ഹവ്വായും പാപം ചെയ്യുമെന്നും അങ്ങനെ യേശുക്രിസ്‌തുവിന്റെ മറുവിലയാഗം ആവശ്യമായിവരുമെന്നും യഹോവ ആദ്യംതന്നെ മുൻകൂട്ടി നിശ്ചയിച്ചിരുന്നോ? ഇല്ല. “ലോകസ്ഥാപന”മെന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം “വിത്തു വിതയ്‌ക്കൽ” എന്നാണ്‌. ആദാമും ഹവ്വായും പാപം ചെയ്‌തതിനുമുമ്പ്‌ ഹവ്വാ ഗർഭം ധരിച്ചിരുന്നില്ല അഥവാ “വിത്തു വിതയ്‌ക്ക”പ്പെട്ടിരുന്നില്ല. അവരുടെ അനുസരണക്കേടിനു ശേഷമാണ്‌ ആദാമും ഹവ്വായും സന്തതികളെ ജനിപ്പിച്ചത്‌. (ഉല്‌പത്തി 4:1) അതുകൊണ്ട്‌, ഏദെനിലെ മത്സരത്തിനുശേഷവും, എന്നാൽ ഹവ്വാ ആദ്യ സന്തതിയെ ഗർഭം ധരിക്കുന്നതിനുമുമ്പും ആണ്‌ യഹോവ തന്റെ സ്‌ത്രീയുടെ “സന്തതി”യുടെ ആഗമനം മുൻനിർണയിച്ചത്‌. യേശുവിന്റെ മരണവും പുനരുത്ഥാനവും മറുവിലയെന്ന സ്‌നേഹമസൃണമായ ക്രമീകരണം സാധ്യമാക്കിത്തീർത്തു; മനുഷ്യൻ അവകാശപ്പെടുത്തിയിരിക്കുന്ന പാപാവസ്ഥയ്‌ക്കും സാത്താന്റെ സകല സംരംഭങ്ങൾക്കും അത്‌ അന്തംവരുത്തും.​—⁠മത്തായി 20:28; എബ്രായർ 2:14; 1 യോഹന്നാൻ 3:⁠8.

11. തന്റെ ഉദ്ദേശ്യത്തിന്റെ സാക്ഷാത്‌കാരത്തോടുള്ള ബന്ധത്തിൽ ദൈവം ഏതു സംഭവഗതി മുൻകൂട്ടി നിർണയിച്ചു?

11 തന്റെ ഉദ്ദേശ്യത്തിന്റെ സാക്ഷാത്‌കാരത്തോടുള്ള ബന്ധത്തിൽ ദൈവം മറ്റൊരു സംഭവഗതിയും മുൻകൂട്ടി നിർണയിച്ചു. എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ ഇക്കാര്യം സൂചിപ്പിച്ചു; “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം [ദൈവം] പിന്നെയും ക്രിസ്‌തുവിൽ ഒന്നായി”ച്ചേർക്കുമെന്ന്‌ അവൻ എഴുതി. തുടർന്ന്‌, “സ്വർഗത്തിലു”ള്ളത്‌ അഥവാ ക്രിസ്‌തുവിനോടൊപ്പം ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ “തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്ക”പ്പെട്ടിരിക്കുന്നതായി പൗലൊസ്‌ വിശദീകരിച്ചു. (എഫെസ്യർ 1:10, 11) അതേ, ഒരു പരിമിത എണ്ണം മനുഷ്യർ സ്‌ത്രീയുടെ സന്തതിയുടെ ഉപഭാഗമായിത്തീർന്നുകൊണ്ട്‌ മറുവിലയുടെ പ്രയോജനം മനുഷ്യർക്കു ലഭ്യമാക്കാൻ യേശുവിനോടൊപ്പം സേവിക്കുമെന്ന്‌ യഹോവ കാലേകൂട്ടി നിർണയിച്ചു. (റോമർ 8:28-30) പത്രൊസ്‌ അപ്പൊസ്‌തലൻ അവരെ “വിശുദ്ധവംശ”മെന്നു വിളിച്ചു. (1 പത്രൊസ്‌ 2:9) യോഹന്നാനാകട്ടെ, ക്രിസ്‌തുവിന്റെ സഹഭരണാധിപന്മാരായിത്തീരുന്നവരുടെ എണ്ണം 1,44,000 ആണെന്നു വെളിപ്പെടുത്തുന്ന ഒരു ദർശനം കാണാനുള്ള അനുപമമായ അവസരം ലഭിക്കുകയും ചെയ്‌തു. (വെളിപ്പാടു 7:4-8; 14:1, 3) അവർ ദൈവ“മഹത്വത്തിന്റെ പുകഴ്‌ചെക്കായിട്ടു” രാജാവാം ക്രിസ്‌തുവിനോടൊപ്പം ഐക്യത്തിൽ സേവിക്കുന്നു.​—⁠എഫെസ്യർ 1:12-14.

12. നൂറ്റിനാൽപ്പത്തിനാലായിരത്തിലെ അംഗങ്ങളെ മുൻനിശ്ചയിച്ചിട്ടില്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

12 ഈ വിധത്തിൽ, 1,44,000-ത്തെ മുൻനിർണയിച്ചു എന്നു പറയുമ്പോൾ തന്നെ വിശ്വസ്‌തമായി സേവിക്കാൻ ചില പ്രത്യേക വ്യക്തികളെ ദൈവം മുൻകൂട്ടി നിശ്ചയിച്ചുവെന്ന്‌ അത്‌ അർഥമാക്കുന്നില്ല. യഥാർഥത്തിൽ, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉദ്‌ബോധനങ്ങളുടെയെല്ലാം പ്രധാന ലക്ഷ്യംതന്നെ, നിർമലത കാക്കാനും സ്വർഗീയ വിളിക്കു യോഗ്യരായി നിലകൊള്ളാനും അഭിഷിക്ത ക്രിസ്‌ത്യാനികളെ വഴിനയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. (ഫിലിപ്പിയർ 2:12; 2 തെസ്സലൊനീക്യർ 1:5, 11; 2 പത്രൊസ്‌ 1:10, 11) തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ 1,44,000 വ്യക്തികൾ യോഗ്യത പ്രാപിക്കുമെന്ന്‌ യഹോവ മുൻകൂട്ടി അറിഞ്ഞിരുന്നു. എന്നാൽ അവർ ആരെല്ലാമായിരിക്കുമെന്നത്‌ ക്ഷണിക്കപ്പെട്ടവർ ഓരോരുത്തരും അന്ത്യത്തോളം എങ്ങനെ ജീവിതം നയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു, അവർ വ്യക്തിപരമായി കൈക്കൊള്ളേണ്ട ഒരു തീരുമാനമാണ്‌ അത്‌.​—⁠മത്തായി 24:13.

യഹോവ മുൻകൂട്ടി അറിയുന്ന കാര്യങ്ങൾ

13, 14. യഹോവ തന്റെ മുന്നറിവ്‌ ഉപയോഗപ്പെടുത്തുന്ന വിധം എന്തിനോടു പൊരുത്തത്തിലാണ്‌, എന്തുകൊണ്ട്‌?

13 കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന, ഉദ്ദേശ്യങ്ങളുള്ള ഒരു ദൈവമായിരിക്കേ, എങ്ങനെയാണ്‌ യഹോവ തന്റെ മുന്നറിവ്‌ ഉപയോഗപ്പെടുത്തുന്നത്‌? ഒന്നാമതായി, ദൈവത്തിന്റെ വഴികൾ സത്യത്തിലും നീതിയിലും സ്‌നേഹത്തിലും അധിഷ്‌ഠിതമാണെന്ന്‌ നമുക്ക്‌ ഉറപ്പു ലഭിച്ചിട്ടുണ്ട്‌. പൊതുയുഗം ഒന്നാം നൂറ്റാണ്ടിലെ എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ, “മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്‌കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങ”ളാണ്‌ ദൈവത്തിന്റെ ആണയും ആലോചനയും എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ സ്ഥിരീകരിച്ചുപറഞ്ഞു. (എബ്രായർ 6:17, 18) തീത്തോസിനുള്ള തന്റെ ലേഖനത്തിലും പൗലൊസ്‌ ഇക്കാര്യം എടുത്തുപറഞ്ഞു. ദൈവം “ഭോഷ്‌കില്ലാത്ത”വനാണെന്ന്‌ അവൻ എഴുതി.​—⁠തീത്തൊസ്‌ 1:⁠2.

14 കൂടാതെ, അപരിമിത ശക്തിയുണ്ടെങ്കിലും യഹോവ ഒരിക്കലും നീതികേടു പ്രവർത്തിക്കുന്നില്ല. “അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ” എന്നു മോശെ എഴുതി. (ആവർത്തനപുസ്‌തകം 32:4) യഹോവയുടെ പ്രവർത്തനങ്ങളെല്ലാം അവന്റെ അത്യുത്തമ വ്യക്തിത്വത്തിനു ചേർച്ചയിലാണ്‌. അവന്റെ പ്രമുഖ ഗുണങ്ങളായ സ്‌നേഹം, ജ്ഞാനം, നീതി, ശക്തി എന്നിവ ഒന്നിനോടൊന്ന്‌ പൂർണമായി പൊരുത്തപ്പെട്ടിരിക്കുന്നുവെന്ന്‌ അവ പ്രകടമാക്കുന്നു.

15, 16. ഏദെൻ തോട്ടത്തിൽവെച്ച്‌ എന്തു തിരഞ്ഞെടുക്കാനുള്ള അവസരം യഹോവ ആദാമിനു നൽകി?

15 ദൈവത്തിന്റെ ഈ ഗുണങ്ങൾ ഏദെൻ തോട്ടത്തിലെ സംഭവങ്ങളോടുള്ള ബന്ധത്തിൽ പ്രകടമായത്‌ എങ്ങനെയെന്നു നോക്കുക. സ്‌നേഹവാനായ ഒരു പിതാവെന്ന നിലയിൽ, മനുഷ്യർക്ക്‌ ആവശ്യമായ എല്ലാം യഹോവ പ്രദാനം ചെയ്‌തു. ചിന്തിക്കാനും കാര്യങ്ങൾ വിലയിരുത്താനും ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരാനുമുള്ള പ്രാപ്‌തി അവൻ ആദാമിനു നൽകി. സഹജവാസനയാൽ നയിക്കപ്പെടുന്ന മൃഗങ്ങളിൽനിന്നു വ്യത്യസ്‌തമായി തിരഞ്ഞെടുപ്പുകൾ നടത്താൻ ആദാമിനു കഴിയുമായിരുന്നു. ആദാമിനെ സൃഷ്ടിച്ചതിനുശേഷം, തന്റെ സ്വർഗീയ സിംഹാസനത്തിൽനിന്നു ‘താൻ ഉണ്ടാക്കിയതിനെ ഒക്കെയും നോക്കിയ’ ദൈവം “അതു എത്രയും നല്ലതു എന്നു കണ്ടു.”​—⁠ഉല്‌പത്തി 1:26-31; 2 പത്രൊസ്‌ 2:12.

16 “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം” തിന്നരുതെന്ന്‌ ആദാമിനോടു കൽപ്പിച്ചപ്പോൾ എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ അവനെ സഹായിക്കുന്ന നിർദേശങ്ങളും യഹോവ പ്രദാനംചെയ്‌തു. ഒരു വൃക്ഷത്തിന്റെ ഫലം ഒഴികെ “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം” തിന്നാൻ അവൻ ആദാമിനെ അനുവദിക്കുകയും ആ വിലക്കപ്പെട്ട ഫലം തിന്നാലുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തിനെക്കുറിച്ച്‌ അവനു മുന്നറിയിപ്പു നൽകുകയും ചെയ്‌തു. (ഉല്‌പത്തി 2:16, 17) ആദാമിന്റെ പ്രവർത്തനങ്ങളുടെ ഫലം എന്തായിരിക്കുമെന്ന്‌ ദൈവം അവനു വിശദീകരിച്ചുകൊടുത്തു. ആദാം എന്തു ചെയ്യുമായിരുന്നു?

17. യഹോവ സകലവും മുൻകൂട്ടി അറിയാൻ ആഗ്രഹിക്കുന്നില്ലെന്ന്‌ നമുക്കു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

17 സകലവും മുൻകൂട്ടി അറിയാൻ യഹോവയ്‌ക്കു കഴിയുമെങ്കിലും പ്രത്യക്ഷത്തിൽ, ആദാമും അതുപോലെതന്നെ ഹവ്വായും എന്തു ചെയ്യുമെന്നു മുൻകൂട്ടിക്കാണാൻ അവൻ ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ അവനു ഭാവി മുൻകൂട്ടിക്കാണാൻ കഴിയുമോ എന്നുള്ളതല്ല മറിച്ച്‌ അങ്ങനെ ചെയ്യാൻ അവൻ ആഗ്രഹിക്കുന്നുവോ എന്നതാണു ചോദ്യം. തന്നെയുമല്ല സ്‌നേഹവാനായ ദൈവമായിരിക്കേ, പരിതാപകരമായ അനന്തരഫലങ്ങളോടു കൂടിയ അത്തരമൊരു മത്സരത്തിൽ ആദാമും ഹവ്വായും ഏർപ്പെടണമെന്ന്‌ കരുതിക്കൂട്ടിയും ദയാരഹിതമായും യഹോവ മുൻനിശ്ചയിക്കുകയില്ലെന്ന്‌ നമുക്കു ന്യായമായും ചിന്തിക്കാൻ കഴിയും. (മത്തായി 7:11; 1 യോഹന്നാൻ 4:8) അതുകൊണ്ട്‌ കാര്യങ്ങൾ മുൻകൂട്ടി അറിയാനുള്ള പ്രാപ്‌തി, താൻ യഥാർഥത്തിൽ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളോടുള്ള ബന്ധത്തിൽ മാത്രമാണ്‌ യഹോവ ഉപയോഗിക്കുന്നത്‌.

18. കാര്യങ്ങൾ മുൻകൂട്ടി അറിയാനുള്ള പ്രാപ്‌തി എല്ലാ കാര്യങ്ങളിലും യഹോവ ഉപയോഗിക്കുന്നില്ലെന്ന വസ്‌തുത അവൻ അപൂർണനാണെന്ന്‌ അർഥമാക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

18 കാര്യങ്ങൾ മുൻകൂട്ടി അറിയാനുള്ള പ്രാപ്‌തി എല്ലാ കാര്യങ്ങളിലും യഹോവ ഉപയോഗിക്കുന്നില്ലെന്ന വസ്‌തുത അവൻ ഏതെങ്കിലും വിധത്തിൽ കുറവുള്ളവനോ അപൂർണനോ ആണെന്നു പ്രകടമാക്കുന്നുണ്ടോ? ഇല്ല. യഹോവയെ “പാറ”യെന്നു വിശേഷിപ്പിച്ചുകൊണ്ട്‌ മോശെ ഇങ്ങനെ പറഞ്ഞു: “അവന്റെ പ്രവൃത്തി അത്യുത്തമം.” മനുഷ്യന്റെ പാപത്തിന്റെ പരിണത ഫലങ്ങൾക്ക്‌ ദൈവത്തെ കുറ്റപ്പെടുത്താൻ കഴിയുമായിരുന്നില്ല. ആദാമിന്റെ അനുസരണക്കേടാണ്‌ ഇന്നു നാം ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്ന വിനാശകമായ ദുഷ്‌ഫലങ്ങൾക്കെല്ലാം മൂലഹേതു. “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ വ്യക്തമായി ന്യായവാദം ചെയ്‌തു.​—⁠ആവർത്തനപുസ്‌തകം 32:4, 5; റോമർ 5:12; യിരെമ്യാവു 10:23.

19. അടുത്ത ലേഖനത്തിൽ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

19 ഇതുവരെയുള്ള നമ്മുടെ ചർച്ചയിൽനിന്ന്‌, യഹോവ അനീതിയുള്ളവനല്ലെന്നു നാം മനസ്സിലാക്കി. (സങ്കീർത്തനം 33:5) യഹോവയുടെ പ്രാപ്‌തികളും ധാർമിക ഗുണങ്ങളും അവന്റെ ഉദ്ദേശ്യവുമായി എപ്പോഴും ചേർന്നുപോകുന്നു, അവന്റെ നിലവാരങ്ങളും അങ്ങനെതന്നെ. (റോമർ 8:28) കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നവനെന്ന നിലയിൽ അവൻ “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും” പ്രസ്‌താവിക്കുന്നു. (യെശയ്യാവു 46:9, 10) മുൻകൂട്ടി അറിയാനുള്ള പ്രാപ്‌തി യഹോവ എല്ലാ കാര്യങ്ങളിലും ഉപയോഗിക്കുന്നില്ലെന്നും നാം കണ്ടു. ഇതെല്ലാം നമ്മെ എങ്ങനെ ബാധിക്കുന്നു? നമ്മുടെ തീരുമാനങ്ങൾ ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിലാണെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പുവരുത്താൻ കഴിയും? അപ്രകാരം ചെയ്യുന്നത്‌ നമുക്ക്‌ എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും? അടുത്ത ലേഖനത്തിൽ നാം ഈ ചോദ്യങ്ങൾ പരിചിന്തിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 2 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ 28-ാം പേജ്‌ കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ദൈവത്തിന്റെ “വചനം” എല്ലായ്‌പോഴും കൃത്യമായി നിവൃത്തിയേറുന്നുവെന്ന്‌ ഏതു പുരാതന ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു?

• തന്റെ “അനാദിനിർണ്ണയ”ത്തോടുള്ള ബന്ധത്തിൽ യഹോവ എന്തു മുൻനിർണയിച്ചിരിക്കുന്നു?

• യഹോവ തന്റെ മുന്നറിവ്‌ ഏതു വിധത്തിൽ ഉപയോഗപ്പെടുത്തുന്നു?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചിത്രം]

യെഹോശാഫാത്ത്‌ യഹോവയിൽ പൂർണമായി ആശ്രയിച്ചു

[23-ാം പേജിലെ ചിത്രം]

ദൈവം യേശുവിന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടി അറിയിച്ചു

[24-ാം പേജിലെ ചിത്രം]

ആദാമും ഹവ്വായും എന്തു ചെയ്യുമെന്ന്‌ ദൈവം മുൻകൂട്ടി നിർണയിച്ചിരുന്നോ?