വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഹങ്കാരവും താഴ്‌മയും സംബന്ധിച്ച ഒരു പാഠം

അഹങ്കാരവും താഴ്‌മയും സംബന്ധിച്ച ഒരു പാഠം

അഹങ്കാരവും താഴ്‌മയും സംബന്ധിച്ച ഒരു പാഠം

ദാവീദ്‌ രാജാവിന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവം അഹങ്കാരവും താഴ്‌മയും തമ്മിലുള്ള അന്തരം വരച്ചുകാട്ടുന്നു. അവൻ യെരൂശലേം പിടിച്ചടക്കി അതിനെ രാജ്യത്തിന്റെ തലസ്ഥാനമാക്കി മാറ്റിയശേഷമായിരുന്നു സംഭവം. ഇസ്രായേലിന്റെ യഥാർഥ രാജാവ്‌ യഹോവയാണെന്ന്‌ അറിയാമായിരുന്ന ദാവീദ്‌ ദൈവിക സാന്നിധ്യത്തിന്റെ പ്രതീകമായിരുന്ന നിയമപെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരാൻ ക്രമീകരണം ചെയ്‌തു. ദാവീദ്‌ അത്യന്തം പ്രാധാന്യത്തോടെ വീക്ഷിച്ച ഒരു സംഭവമായിരുന്നു അത്‌. അതുകൊണ്ടുതന്നെ, പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരെ അനുഗമിച്ച അവൻ എല്ലാവർക്കും മുമ്പാകെ സന്തോഷംകൊണ്ട്‌ തുള്ളിച്ചാടുകയായിരുന്നു. തങ്ങളുടെ രാജാവ്‌ “പൂർണ്ണശക്തിയോടെ” “കുതിച്ചു നൃത്തം ചെയ്യുന്നതു” യെരൂശലേം നിവാസികൾ കണ്ടു.​—⁠1 ദിനവൃത്താന്തം 15:15, 16, 29; 2 ശമൂവേൽ 6:11-16.

എന്നാൽ, ഉത്സാഹഭരിതമായ ആ ഘോഷയാത്രയിൽ ദാവീദിന്റെ ഭാര്യ മീഖൾ പങ്കെടുത്തില്ല. ജനാലയിൽക്കൂടി നോക്കിയ അവൾ, അത്യാഹ്ലാദത്തോടെ നൃത്തം ചെയ്‌തുകൊണ്ട്‌ യഹോവയെ സ്‌തുതിക്കുന്ന ദാവീദിനെ പ്രശംസിക്കുന്നതിനു പകരം, “ഹൃദയത്തിൽ അവനെ നിന്ദിച്ചു.” (2 ശമൂവേൽ 6:16) എന്തുകൊണ്ടാണ്‌ അവൾ അങ്ങനെ ചെയ്‌തത്‌? ഇസ്രായേലിലെ ആദ്യത്തെ രാജാവായ ശൗലിന്റെ മകളും രണ്ടാമത്തെ രാജാവായ ദാവീദിന്റെ ഭാര്യയുമെന്ന നിലയിൽ അവൾ എന്തെന്നില്ലാതെ അഹങ്കരിച്ചിരുന്നു. ഒരു രാജാവായ തന്റെ ഭർത്താവ്‌ വെറും സാധാരണക്കാരുടെ നിലയിലേക്ക്‌ അധഃപതിച്ചുകൊണ്ട്‌ അവരോടൊപ്പം തുള്ളിച്ചാടുന്നത്‌ അദ്ദേഹത്തിന്റെ അന്തസ്സിനു ചേർന്നതല്ലെന്ന്‌ അവൾക്കു തോന്നിയിരിക്കാം. കൊട്ടാരത്തിൽ തിരിച്ചെത്തിയ ദാവീദിനെ അവൾ എതിരേറ്റവിധം, അവളുടെ ആ ധിക്കാരത്തിന്റെ പ്രതിഫലനമായിരുന്നു. പരിഹാസപൂർവം അവൾ ഇങ്ങനെ പറഞ്ഞു: “നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽ രാജാവു ഇന്നു എത്ര മഹത്വമുള്ളവൻ.”​—⁠2 ശമൂവേൽ 6:20.

ഈ വിമർശനത്തോട്‌ ദാവീദ്‌ എങ്ങനെയാണു പ്രതികരിച്ചത്‌? യഹോവ അവളുടെ പിതാവായ ശൗലിനെ തള്ളിക്കളയുകയും പകരം തന്നെ രാജാവായി തിരഞ്ഞെടുക്കുകയും ചെയ്‌ത കാര്യം ഓർമിപ്പിച്ചുകൊണ്ട്‌ അവൻ അവളെ ശാസിച്ചു. തുടർന്ന്‌, “ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്‌ചെക്കു എളിയവനും ആയിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാകും” എന്ന്‌ അവൻ കൂട്ടിച്ചേർത്തു.​—⁠2 ശമൂവേൽ 6:21, 22.

യഹോവയെ താഴ്‌മയോടെ സേവിക്കുന്നതിൽ തുടരാൻ ദാവീദ്‌ ദൃഢനിശ്ചയമുള്ളവനായിരുന്നു. യഹോവ അവനെ “എനിക്കു ബോധിച്ച [“എന്റെ ഹൃദയത്തിനിണങ്ങിയ,” പി.ഒ.സി. ബൈബിൾ] പുരുഷൻ” എന്നു വിളിച്ചത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ദാവീദിന്റെ ഈ മനോഭാവം നമ്മെ സഹായിക്കുന്നു. (പ്രവൃത്തികൾ 13:​22; 1 ശമൂവേൽ 13:14) യഥാർഥത്തിൽ ദാവീദ്‌, താഴ്‌മയുടെ മകുടോദാഹരണമായ യഹോവയുടെതന്നെ താഴ്‌മ അനുകരിക്കുകയാണു ചെയ്‌തത്‌. ‘ഞാൻ എളിയവൻ ആയിരിക്കും’ എന്നു മീഖളിനോടു പറഞ്ഞപ്പോൾ, മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം പ്രകടിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന അതേ മൂല എബ്രായ ക്രിയാരൂപമാണ്‌ അവൻ ഉപയോഗിച്ചത്‌. അഖിലാണ്ഡത്തിലെ പരമോന്നത വ്യക്തിയായിരുന്നിട്ടും യഹോവ, “ആകാശത്തിലും ഭൂമിയിലും ഉള്ളവ . . . കുനിഞ്ഞു [എളിയ ആരോടെങ്കിലും ഇടപെടാനായി ഒരു അത്യുന്നത സ്ഥാനത്തുനിന്നു സ്വയം ഇറങ്ങിവരുന്നതിനെ കുറിക്കുന്നു] നോക്കുന്നു. അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്‌പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും” ചെയ്യുന്നു എന്ന്‌ സങ്കീർത്തനം 113:6, 7 പ്രസ്‌താവിക്കുന്നു.

താഴ്‌മയുള്ളവൻ ആയതിനാൽ യഹോവ “ഗർവ്വമുള്ള കണ്ണു”കളെ വെറുക്കുന്നുവെന്നതിൽ അത്ഭുതപ്പെടാനില്ല. (സദൃശവാക്യങ്ങൾ 6:16, 17) നികൃഷ്ടമായ ആ ഗുണം പ്രകടിപ്പിക്കുകയും ദൈവം രാജാവായി തിരഞ്ഞെടുത്തവനെ നിന്ദിക്കുകയും ചെയ്‌തതിനാൽ, ദാവീദിന്റെ ഒരു കുട്ടിയെ ഗർഭംധരിക്കാനുള്ള ഭാഗ്യം മീഖളിന്‌ ഇല്ലാതെപോയി. അവൾ മക്കളില്ലാതെ മരിച്ചു. എത്ര പ്രധാനപ്പെട്ട ഒരു പാഠം! ദൈവത്തിന്റെ പ്രീതി ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും പിൻവരുന്ന വാക്കുകൾ പിൻപറ്റേണ്ടതാണ്‌: “എല്ലാവരും തമ്മിൽ തമ്മിൽ . . . താഴ്‌മ ധരിച്ചുകൊൾവിൻ[.] ദൈവം നിഗളികളോടു എതിർത്തുനില്‌ക്കുന്നു; താഴ്‌മയുള്ളവർക്കോ കൃപ നല്‌കുന്നു.”​—⁠1 പത്രൊസ്‌ 5:⁠5.