“ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ”!
“ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ”!
വാഗ്‌ദത്തദേശം ഒറ്റുനോക്കുന്നതിനു പോയ 12 പേരും എല്ലാടവും ചുറ്റിസഞ്ചരിച്ച് സമഗ്രമായ നിരീക്ഷണം നടത്തി. ദേശത്തു പാർക്കുന്നവരെക്കുറിച്ചു പഠിക്കണമെന്നും അവിടത്തെ കാർഷികവിളകൾ എങ്ങനെയുള്ളതാണെന്ന് അറിയാൻ അവയിൽ കുറച്ച് കൂടെക്കൊണ്ടുവരണമെന്നും മോശെ അവരോടു കൽപ്പിച്ചിരുന്നു. ഹെബ്രോനടുത്തുതന്നെയുള്ള ഒരു മുന്തിരിത്തോട്ടം വിശേഷാൽ അവരുടെ ശ്രദ്ധയാകർഷിച്ചു. അവിടത്തെ മുന്തിരിങ്ങയ്‌ക്ക് അസാധാരണ വലുപ്പമുണ്ടായിരുന്നതിനാൽ മുറിച്ചെടുത്ത ഒരു കുല ചുമക്കാൻ അവരിൽ രണ്ടുപേർ വേണ്ടിവന്നു! ഫലഭൂയിഷ്‌ഠമായ ആ പ്രദേശത്തിന് അവർ “എസ്‌കോൽതാഴ്‌വര” അഥവാ “മുന്തിരിക്കുലയുടെ [താഴ്‌വര]” എന്നു പേരിട്ടു, കാരണം അത്രയ്‌ക്കു ശ്രദ്ധേയമായിരുന്നു അവിടത്തെ വിളവ്.—സംഖ്യാപുസ്‌തകം 13:21-24.
19-ാം നൂറ്റാണ്ടിൽ പലസ്‌തീൻ സന്ദർശിച്ച ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “എസ്‌കോൽ അഥവാ മുന്തിരി താഴ്‌വരയിൽ ഇന്നും മുന്തിരിച്ചെടികൾ ധാരാളമായുണ്ട്. പലസ്‌തീനിൽവെച്ച് ഏറ്റവും മികച്ചതും വലുപ്പമുള്ളതുമാണ് ഇവിടത്തെ മുന്തിരിങ്ങ.” എസ്‌കോലിലെ മുന്തിരി ഒന്നാന്തരമായിരുന്നെങ്കിലും ബൈബിൾ കാലങ്ങളിൽ പലസ്‌തീനിലെ മിക്ക പ്രദേശങ്ങളും ഗുണമേന്മയുള്ള മുന്തിരി ഉത്‌പാദിപ്പിച്ചിരുന്നു. ഫറവോന്മാർ പലസ്‌തീനിൽനിന്നു വീഞ്ഞ് ഇറക്കുമതി ചെയ്‌തിരുന്നതായി ഈജിപ്‌ഷ്യൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
“ചരലംശമുള്ള മണ്ണ്, നല്ല സൂര്യപ്രകാശം, വേനൽച്ചൂട്, . . . മഴവെള്ളം എളുപ്പത്തിൽ ഒലിച്ചുപോകുന്നതിനുള്ള സൗകര്യം ഇവയെല്ലാം പലസ്‌തീനിലെ . . . കുന്നിൻചെരിവുകളെ മുന്തിരിക്കൃഷിക്കു പറ്റിയ ഇടമാക്കിത്തീർക്കുന്നു” എന്ന് നാച്ച്വറൽ ഹിസ്റ്ററി ഓഫ് ദ ബൈബിൾ എന്ന പുസ്‌തകം പറയുന്നു. ഏറ്റവും നല്ല ചില മുന്തിരിത്തോപ്പുകളിൽ ആയിരത്തോളംവരെ മുന്തിരിച്ചെടികൾ ഉണ്ടായിരുന്നെന്ന് യെശയ്യാവ് സൂചിപ്പിക്കുന്നു.—യെശയ്യാവു 7:23.
‘മുന്തിരിവള്ളിയുടെ ദേശം’
ഇസ്രായേൽ ജനത “മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും” ഉള്ള ഒരു ദേശം കൈവശമാക്കുമെന്ന് മോശെ അവരോടു പറഞ്ഞിരുന്നു. (ആവർത്തനപുസ്‌തകം 8:8) “പുരാതന പലസ്‌തീനിൽ മുന്തിരി സർവസാധാരണമായിരുന്നു, ഉത്‌ഖനനം നടത്തിയ എല്ലാ സ്ഥലങ്ങളിലുംതന്നെ മുന്തിരിക്കുരു കാണാൻ കഴിഞ്ഞിട്ടുണ്ട്” എന്ന് ബേക്കർ എൻസൈക്ലോപീഡിയ ഓഫ് ബൈബിൾ പ്ലാന്റ്‌സ് പറയുന്നു. പൊതുയുഗത്തിനുമുമ്പ് 607-ൽ നെബൂഖദ്‌നേസറിന്റെ സൈന്യം യെഹൂദയെ നിലംപരിചാക്കിയപ്പോഴും അവിടെ ശേഷിച്ചിരുന്ന ജനം “വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു”കൊണ്ടിരുന്നു, അത്രയ്‌ക്കും ഉത്‌പാദനക്ഷമതയുള്ളതായിരുന്നു വാഗ്‌ദത്തദേശത്തെ മുന്തിരിച്ചെടികൾ.—യിരെമ്യാവു 40:12; 52:16.
വിളവു വർധിപ്പിക്കാൻ കർഷകർ മുന്തിരിച്ചെടികൾ നന്നായി പരിപാലിക്കേണ്ടിയിരുന്നു. ഒരു ഇസ്രായേല്യ കർഷകൻ, കുന്നിൻചെരിവിലുള്ള കൃഷിഭൂമി നന്നായി കിളച്ച് വലിയ കല്ലുകളെല്ലാം പെറുക്കിമാറ്റിയശേഷം അവിടെ “നല്ലവക മുന്തിരിവള്ളി” നടുന്നതിനെക്കുറിച്ച് യെശയ്യാവിന്റെ പുസ്‌തകം വിശദീകരിക്കുന്നു. ആ കല്ലുകൾ ഉപയോഗിച്ച് തോട്ടത്തിനുചുറ്റും ഒരു കന്മതിൽ തീർക്കുന്ന രീതിയും ഉണ്ടായിരുന്നു. കന്നുകാലികൾ കയറി തോട്ടം നശിപ്പിക്കാതിരിക്കാൻ അതു സഹായിച്ചിരുന്നു. കൂടാതെ കുറുക്കൻ, കാട്ടുപന്നി എന്നിവയിൽനിന്നും മോഷ്ടാക്കളിൽനിന്നും ഒരു പരിധിവരെയുള്ള സംരക്ഷണവുമായിരുന്നു അത്തരം വേലികൾ. കല്ലിൽനിന്നു മുന്തിരിച്ചക്ക് വെട്ടിയുണ്ടാക്കുന്നതും വിളവെടുപ്പുകാലത്ത് മുന്തിരിക്കു കാവലിരിക്കുമ്പോൾ തങ്ങുന്നതിനായി ചൂടിൽനിന്നു സംരക്ഷണം നൽകുന്ന ചെറിയ ഒരു ഗോപുരം നിർമിക്കുന്നതുമെല്ലാം സാധാരണമായിരുന്നു. ഇത്തരം പ്രാഥമിക പ്രവർത്തനങ്ങൾക്കെല്ലാംശേഷം കർഷകർ നല്ലൊരു വിളവെടുപ്പിനു കാത്തിരിക്കുകയായി.—യെശയ്യാവു 5:1, 2. *
മുന്തിരിച്ചെടികൾ സമൃദ്ധിയായി കായ്‌ക്കാൻ കർഷകൻ അതിന്റെ ശാഖകൾ ക്രമമായി കോതിയിരുന്നു. കൂടാതെ കളകളും മുൾച്ചെടികളും മറ്റും കയറി മൂടാതിരിക്കാൻ മണ്ണ് കിളച്ച് അവ വേരോടെ നീക്കംചെയ്‌തിരുന്നു. വസന്തകാലത്ത് മഴ ആവശ്യത്തിനു ലഭിക്കാത്തപക്ഷം വേനൽക്കാലത്ത് തോട്ടം നനയ്‌ക്കുന്ന പതിവും ഉണ്ടായിരുന്നു.—യെശയ്യാവു 5:6; 18:5; 27:2-4.
വേനൽക്കാലത്തിന്റെ അവസാനം നടക്കുന്ന വിളവെടുപ്പ് അത്യാഹ്ലാദത്തിന്റെ സമയമായിരുന്നു. (യെശയ്യാവു 16:10) മൂന്നു സങ്കീർത്തനങ്ങളുടെ മേലെഴുത്തിൽ “ഗഥ്യരാഗത്തിൽ” എന്നുണ്ട്. (സങ്കീർത്തനങ്ങൾ 8, 81, 84) സംഗീതവുമായി ബന്ധപ്പെട്ടുള്ളതും അർഥം സംബന്ധിച്ച് അനിശ്ചിതത്വം ഉള്ളതുമായ ഈ പദപ്രയോഗത്തെ “മുന്തിരിച്ചക്കുകൾ” എന്നാണ് സെപ്‌റ്റുവജിന്റ് ഭാഷാന്തരം വിവർത്തനം ചെയ്യുന്നത്. മുന്തിരി വിളവെടുപ്പു കാലത്ത് ഇസ്രായേല്യർ പ്രസ്‌തുത സങ്കീർത്തനങ്ങൾ പാടിയിരിക്കാമെന്ന് അതു സൂചിപ്പിക്കുന്നു. പ്രധാനമായും വീഞ്ഞുണ്ടാക്കാനാണ് മുന്തിരിങ്ങ ഉപയോഗിച്ചിരുന്നതെങ്കിലും ഇസ്രായേല്യർ അതു തിന്നുകയും ചെയ്‌തിരുന്നു. കൂടാതെ, മുന്തിരി ഉണക്കിയെടുത്ത് അതുകൊണ്ട് അടയും ഉണ്ടാക്കിയിരുന്നു.—2 ശമൂവേൽ 6:19; 1 ദിനവൃത്താന്തം 16:3.
ഇസ്രായേൽ മുന്തിരിയോട് ഉപമിക്കപ്പെടുന്നു
ബൈബിൾ പലപ്പോഴും ദൈവജനത്തെ ഒരു മുന്തിരിവള്ളിയായി വർണിക്കുന്നു. ഇസ്രായേല്യർക്കു മുന്തിരി എത്ര വിലപ്പെട്ടതായിരുന്നെന്ന് ഓർക്കുമ്പോൾ, തികച്ചും അനുയോജ്യമായ ഒരു രൂപകാലങ്കാരമാണ് ഇതെന്ന് നമുക്കു കാണാനാകും. 80-ാം സങ്കീർത്തനത്തിൽ ആസാഫ് ഇസ്രായേൽ ജനതയെ, യഹോവ കനാനിൽ നട്ട ഒരു മുന്തിരിയോട് ഉപമിച്ചു. ഇസ്രായേലാകുന്ന മുന്തിരിച്ചെടിക്ക് വേരുപിടിച്ചു വളർന്നുപന്തലിക്കേണ്ടതിന് അവൻ ആ ദേശം ഒരുക്കി. എന്നാൽ വർഷങ്ങൾ കടന്നുപോകവേ, അതിന്റെ സങ്കീർത്തനം 80:8-15.
സംരക്ഷണാത്മക മതിലുകൾ തകർന്നുവീണു. ആ ദേശത്തിന് യഹോവയിൽ തെല്ലും ആശ്രയം ഇല്ലാതായി. തത്‌ഫലമായി അവന്റെ സംരക്ഷണം അവർക്കു നഷ്ടപ്പെട്ടു. തോട്ടം തകർത്തു നശിപ്പിക്കുന്ന ഒരു കാട്ടുപന്നിയെപ്പോലെ ശത്രുദേശങ്ങൾ ഇസ്രായേലിന്റെ സമ്പത്തെല്ലാം കൊള്ളയടിച്ചു. മുമ്പുണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കാൻ തങ്ങളുടെ ദേശത്തെ സഹായിക്കണമേയെന്ന് ആസാഫ് യഹോവയോട് അപേക്ഷിച്ചു. “ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ” എന്ന് അവൻ യാചിച്ചു.—യെശയ്യാവ് ‘ഇസ്രായേൽ ഗൃഹത്തെ’ കാലക്രമത്തിൽ “കാട്ടുമുന്തിരിങ്ങ” ഉത്‌പാദിപ്പിച്ച ഒരു മുന്തിരിത്തോട്ടത്തോട് ഉപമിക്കുകയുണ്ടായി. (യെശയ്യാവു 5:2, 7) കൃഷിചെയ്‌ത് ഉണ്ടാക്കുന്ന മുന്തിരിങ്ങയെക്കാൾ വളരെ ചെറുതാണ് കാട്ടുമുന്തിരിങ്ങ. എന്നു മാത്രമല്ല, അതിന്റെ കുരുവിനു വലുപ്പം കൂടുതലായതിനാൽ മാംസളഭാഗം കുറവാണ്. തിന്നാനോ വീഞ്ഞുണ്ടാക്കാനോ കാട്ടുമുന്തിരിങ്ങ നന്നല്ല. ന്യായം പ്രവർത്തിക്കുന്നതിനു പകരം നീതികേടു പ്രവർത്തിച്ച വിശ്വാസത്യാഗിനിയായ ആ ദേശത്തിനു പറ്റിയ ഒരു വർണനതന്നെയായിരുന്നു അത്. മുന്തിരി നട്ടുപിടിപ്പിച്ച കൃഷിക്കാരന്റെ കുറ്റംകൊണ്ടായിരുന്നില്ല അത് കാട്ടുമുന്തിരിങ്ങ ഉത്‌പാദിപ്പിച്ചത്. ദേശം നല്ല ഫലം ഉത്‌പാദിപ്പിക്കേണ്ടതിന് ആവുന്നതെല്ലാം യഹോവ ചെയ്‌തിരുന്നു. “ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്‌തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‌വാനുള്ളു?” അവൻ ചോദിച്ചു.—യെശയ്യാവു 5:4.
നല്ല ഫലം ഉത്‌പാദിപ്പിക്കാത്ത ഒരു മുന്തിരി ആയിത്തീർന്നതിനാൽ ഇസ്രായേലിന്റെ സംരക്ഷണാർഥം താൻ അതിനു ചുറ്റും പണിതിരുന്ന മതിൽ തകർത്തുകളയുമെന്ന് യഹോവ ജനത്തിനു മുന്നറിയിപ്പു നൽകി. അവൻ തന്റെ ആലങ്കാരിക മുന്തിരിയുടെ വള്ളിത്തല അഥവാ ശാഖ മുറിക്കുകയോ കള നശിപ്പിക്കുകയോ ചെയ്യാതായി. നല്ല വിളവിന് അത്യാവശ്യമായിരുന്ന വസന്തകാല മഴ പെയ്യാതായി; മുള്ളും കളയും തോട്ടത്തിൽ തഴച്ചുവളർന്നു.—യെശയ്യാവു 5:5, 6.
ഇസ്രായേലിന്റെ വിശ്വാസത്യാഗത്തിന്റെ ഫലമായി അവരുടെ അക്ഷരാർഥത്തിലുള്ള മുന്തിരിത്തോട്ടങ്ങൾപോലും വാടിക്കരിഞ്ഞുപോകുമെന്ന് മോശെ പ്രവചിച്ചിരുന്നു. “നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴുതിന്നു കളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.” (ആവർത്തനപുസ്‌തകം 28:39) പുഴുക്കൾ മുന്തിരിയുടെ തായ്‌ത്തണ്ട് തുരന്ന് കാമ്പു തിന്നുന്നപക്ഷം ഒന്നുരണ്ടു ദിവസത്തിനുള്ളിൽ ചെടി കരിഞ്ഞുപോകും.—യെശയ്യാവു 24:7.
“സാക്ഷാൽ മുന്തിരിവള്ളി”
യഹോവ ഇസ്രായേലിനെ മുന്തിരിയോട് ഉപമിച്ചതുപോലെ യേശുവും സമാനമായ ഒരു രൂപകാലങ്കാരം ഉപയോഗിച്ചു. ഒടുവിലത്തെ അത്താഴം എന്ന് പൊതുവേ അറിയപ്പെടുന്ന ചടങ്ങിൽവെച്ച് യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.” (യോഹന്നാൻ 15:1) ശിഷ്യന്മാരെ യേശു മുന്തിരിയുടെ ശാഖകളോട് ഉപമിച്ചു. ഒരു മുന്തിരിച്ചെടിയുടെ ശാഖകൾ അതിന്റെ തായ്‌ത്തണ്ടിൽനിന്ന് പോഷണം ഉൾക്കൊള്ളുന്നതുപോലെ ക്രിസ്‌തുവിന്റെ ശിഷ്യന്മാർ ആത്മീയ കരുത്ത് ആർജിക്കാൻ അവനോടുള്ള ഐക്യത്തിൽ നിലകൊള്ളണം. “എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‌വാൻ കഴികയില്ല” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 15:5) മുന്തിരി കൃഷിചെയ്യുന്ന കർഷകൻ അതിൽനിന്നു ഫലം പ്രതീക്ഷിക്കുന്നതുപോലെ, തന്റെ ജനം ആത്മീയ ഫലം ഉത്‌പാദിപ്പിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. അത്തരം ഫലം, മുന്തിരി നട്ടുവളർത്തുന്ന ദൈവത്തിനു സംതൃപ്‌തിയും മഹത്ത്വവും കരേറ്റുന്നു.—യോഹന്നാൻ 15:8.
ഒരു മുന്തിരിച്ചെടിയുടെ ഉത്‌പാദനക്ഷമത, കൂടുതലുള്ള ശാഖകളും ആവശ്യമില്ലാത്ത മുളകളും നീക്കംചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ രണ്ടു സന്ദർഭങ്ങളെയുംകുറിച്ചു യേശു പറയുകയുണ്ടായി. പരമാവധി വിളവു
ലഭിക്കാൻ കൃഷിക്കാരൻ വർഷത്തിൽ രണ്ടു പ്രാവശ്യം ശാഖകൾ മുറിക്കാറുണ്ട്. ശീതകാലത്ത് ഏറെ ശാഖകൾ മുറിച്ചു മാറ്റാറുണ്ട്. മുൻവർഷം വളർന്നുവന്ന ശാഖകൾ മിക്കതുംതന്നെ അയാൾ നീക്കംചെയ്യുന്നു. സാധാരണഗതിയിൽ തായ്‌ത്തണ്ടിൽ മൂന്നോ നാലോ ശാഖകളും അവ ഓരോന്നിലും ഒന്നോ രണ്ടോ മുളകളും മാത്രമേ നിറുത്താറുള്ളൂ. അങ്ങനെ ഓരോ ചെടിയിലെയും മുളകളുടെ എണ്ണം മുൻവർഷത്തേതിനോട് ഏറെക്കുറെ തുല്യമായിരിക്കും. വേനൽ ആകുമ്പോഴേക്കും ഈ മുളകളെല്ലാം മുന്തിരിക്കുലകൾ നിറഞ്ഞ ശാഖകളായി മാറിയിരിക്കും. നീക്കംചെയ്യുന്ന ശാഖകൾ കത്തിച്ചു കളയുന്നു.ഇങ്ങനെ വളരെയധികം ശാഖകൾ മുറിച്ചുമാറ്റുന്ന രീതിയെക്കുറിച്ച് യേശു പറയുന്നു: “എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അതു വെന്തുപോകും.” (യോഹന്നാൻ 15:6) ഈ വിധത്തിൽ മുറിച്ചുമാറ്റുമ്പോൾ മുന്തിരിച്ചെടിയിൽ ഒറ്റ ശാഖപോലും ഇല്ലെന്നു തോന്നിയേക്കാം. എങ്കിലും തുടർന്നുവരുന്ന വസന്തമാകുമ്പോഴേക്കും അതിൽനിന്നു വീണ്ടും ചില ശാഖകൾ മുറിക്കേണ്ടതായിവരുന്നു.
“എന്നിൽ കായ്‌ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു,” യേശു പറഞ്ഞു. (യോഹന്നാൻ 15:2) മുളകൾ വളർന്ന് അവയിൽ കൊച്ചു മുന്തിരിക്കുലകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയശേഷം ഫലം കായ്‌ക്കാത്ത ശാഖകൾ മുറിച്ചുകളയേണ്ടിവരുന്ന സന്ദർഭത്തെയായിരിക്കാം യേശു ഇവിടെ പരാമർശിക്കുന്നത്. പുതിയതായി ഉണ്ടായ ഏതൊക്കെ ശാഖകളിലാണ് മുന്തിരിങ്ങ ഉള്ളത് എന്നു കണ്ടുപിടിക്കാൻ തോട്ടക്കാരൻ അവയോരോന്നും ശ്രദ്ധാപൂർവം പരിശോധിക്കുന്നു. ഫലം ഉത്‌പാദിപ്പിക്കാത്തവ മുറിക്കാതിരുന്നാൽ, അവ തായ്‌ത്തണ്ടിൽനിന്നു പോഷണവും ജലവും ആഗിരണം ചെയ്‌തുകൊണ്ടേയിരിക്കും. അതുകൊണ്ട് ഫലം ഉത്‌പാദിപ്പിക്കുന്ന ശാഖകൾക്കു കൂടുതൽ പോഷണം ലഭിക്കേണ്ടതിന് ഫലരഹിതമായവ വെട്ടിക്കളയുന്നു.
ഒരു വെടിപ്പാക്കൽ നടത്തുന്നതിനെക്കുറിച്ച് യേശു അവസാനമായി പ്രസ്‌താവിച്ചു: “കായ്‌ക്കുന്നതു ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.” (യോഹന്നാൻ 15:2) ഫലം കായ്‌ക്കാത്ത ശാഖകൾ നീക്കംചെയ്‌തു കഴിഞ്ഞാൽപ്പിന്നെ തോട്ടക്കാരൻ, ഫലം പുറപ്പെടുവിക്കുന്ന ഓരോ ശാഖയും സുസൂക്ഷ്‌മം പരിശോധിക്കുന്നു. അവയുടെ കടയ്‌ക്കൽ ചെറിയ മുളകൾ പൊട്ടിവളരുന്നതായി അദ്ദേഹത്തിനു മിക്കപ്പോഴും കാണാൻ കഴിയും. അവയും നീക്കംചെയ്യപ്പെടേണ്ടതുണ്ട്. അല്ലാഞ്ഞാൽ, മുന്തിരിങ്ങയ്‌ക്ക് ആവശ്യമായ ജലാംശമെല്ലാം അവ ചെടിയിൽനിന്നു വലിച്ചെടുക്കും. ഇളംമുന്തിരിങ്ങകൾക്കു നല്ല സൂര്യപ്രകാശം ലഭിക്കാൻ വളരെ വലുപ്പമുള്ള ചില ഇലകളും പറിച്ചുകളയാറുണ്ട്. ഫലം ഉത്‌പാദിപ്പിക്കുന്ന ശാഖകൾ സമൃദ്ധമായി ഫലം പുറപ്പെടുവിക്കാൻ ചെയ്യുന്ന സഹായകമായ ചില നടപടികളാണ് ഇവയെല്ലാം.
“വളരെ ഫലം കായ്‌ക്കുന്ന”തിൽ തുടരുക
“സാക്ഷാൽ മുന്തിരിവള്ളി”യുടെ ശാഖകൾ അഭിഷിക്ത ക്രിസ്‌ത്യാനികളെയാണു പ്രതിനിധാനം ചെയ്യുന്നത്. എന്നാൽ ‘വേറെ ആടുകളും’ ക്രിസ്‌തുവിന്റെ ഫലോത്‌പാദകരായ ശിഷ്യന്മാർ ആയിരിക്കേണ്ടതുണ്ട്. (യോഹന്നാൻ 10:16) അവർക്കും “വളരെ ഫലം” കായ്‌ക്കാനും സ്വർഗീയ പിതാവിനു മഹത്ത്വം കരേറ്റാനും കഴിയും. (യോഹന്നാൻ 15:5, 8) നമ്മുടെ രക്ഷ ക്രിസ്‌തുവിനോടുള്ള ഐക്യത്തിൽ നിലകൊള്ളുകയും നല്ല ആത്മീയ ഫലം ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് സാക്ഷാൽ മുന്തിരിവള്ളിയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നമ്മെ ഓർമിപ്പിക്കുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പിതാവിന്റെ കല്‌പനകൾ പ്രമാണിച്ചു അവന്റെ സ്‌നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്‌പനകൾ പ്രമാണിച്ചാൽ എന്റെ സ്‌നേഹത്തിൽ വസിക്കും.”—യോഹന്നാൻ 15:10.
ദേശം ഒരിക്കൽക്കൂടി ആസ്വദിക്കാനിരുന്ന സമൃദ്ധിയെക്കുറിച്ച് സെഖര്യാവിന്റെ നാളിലുണ്ടായിരുന്ന, ഇസ്രായേല്യരുടെ വിശ്വസ്‌ത ശേഷിപ്പിന് യഹോവ പിൻവരുന്ന വാഗ്‌ദാനം നൽകി: “വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലംകായ്‌ക്കും; ഭൂമി അനുഭവം നല്‌കും.” (സെഖര്യാവു 8:12) ക്രിസ്‌തുവിന്റെ ആയിരവർഷ വാഴ്‌ചക്കാലത്തു ദൈവജനം ആസ്വദിക്കാനിരിക്കുന്ന സമാധാനത്തെ വർണിക്കാനും മുന്തിരിവള്ളി ഉപയോഗിക്കപ്പെട്ടരിക്കുന്നു. “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്‌തിരിക്കുന്നു” എന്ന് മീഖാ പ്രവചിച്ചു.—മീഖാ 4:4.
[അടിക്കുറിപ്പ്]
^ ഖ. 7 എൻസൈക്ലോപീഡിയ ജൂഡായിക്ക പറയുന്നതനുസരിച്ച് സോരേക് എന്നറിയപ്പെടുന്ന, മാന്തളിർവർണത്തിലുള്ള മുന്തിരിങ്ങ ഉത്‌പാദിപ്പിക്കുന്ന മുന്തിരി കൃഷിചെയ്യാനായിരുന്നു ഇസ്രായേല്യ കർഷകർക്കു പ്രിയം. യെശയ്യാവു 5:2-ൽ പരാമർശിച്ചിരിക്കുന്ന “നല്ലവക” മുന്തിരിവള്ളി അതായിരിക്കാൻ സാധ്യതയുണ്ട്. അത്തരം മുന്തിരിങ്ങയിൽനിന്നു ലഭിക്കുന്ന വീഞ്ഞ് മധുരമുള്ളതും ചുവന്നതും ആയിരുന്നു.
[18-ാം പേജിലെ ചിത്രം]
അടുത്തകാലത്ത് ഉണങ്ങിപ്പോയ ഒരു മുന്തിരിച്ചെടി
[18-ാം പേജിലെ ചിത്രം]
ശീതകാലത്ത് ശാഖകൾ മുറിച്ചുമാറ്റിയ ഒരു ചെടി
[18-ാം പേജിലെ ചിത്രം]
വെട്ടിക്കളഞ്ഞ ശാഖകൾ കത്തിക്കുന്നു