വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉഗാണ്ട—നാനാത്വത്തിലും വളർച്ചയുടെ പടവുകൾതാണ്ടി

ഉഗാണ്ട—നാനാത്വത്തിലും വളർച്ചയുടെ പടവുകൾതാണ്ടി

ഉഗാണ്ട—നാനാത്വത്തിലും വളർച്ചയുടെ പടവുകൾതാണ്ടി

പൂർവാഫ്രിക്കയുടെ മഹാഭ്രംശ താഴ്‌വരയുടെ രണ്ടു ശാഖകൾക്കു മധ്യേ ഭൂമധ്യരേഖയ്‌ക്ക്‌ ഇരുവശങ്ങളിലുമായാണ്‌ ഉഗാണ്ടയുടെ സ്ഥാനം. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു സുന്ദര ഭൂമിയാണത്‌. സസ്യലതാദികൾ തഴച്ചുവളരുന്ന, വിവിധയിനം മൃഗങ്ങൾ പരിലസിക്കുന്ന ഇവിടം വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ്‌. ആഫ്രിക്കയിലെ ഉയർന്ന പീഠഭൂമിയിൽ സ്ഥിതിചെയ്യുന്നതിനാൽ പൊതുവേ മിതമായ കാലാവസ്ഥയാണ്‌ ഇവിടെ. കൂടാതെ കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന വശ്യമനോഹരങ്ങളായ മലനിരകളും അതിനു സ്വന്തമാണ്‌.

താരതമ്യേന കൊച്ചു ഭൂപ്രദേശമാണ്‌ ഉഗാണ്ടയുടേത്‌ എങ്കിലും ഹിമാവൃതപ്രദേശവും ഉഷ്‌ണമേഖലാപ്രദേശവും കെട്ടിപ്പുണർന്നുകിടക്കുന്ന അപൂർവ ഭൂപ്രകൃതിയാണ്‌ അതിനുള്ളത്‌. പശ്ചിമഭാഗത്തെ ‘അമ്പിളിയുടെ ശൈലങ്ങൾ’ എന്നറിയപ്പെടുന്ന ഹിമത്തൊപ്പിയണിഞ്ഞ റൂവൻസോറി പർവതനിരകൾമുതൽ പൂർവഭാഗത്തെ പൊതുവേ വരണ്ടകാലാവസ്ഥയുള്ള പ്രദേശങ്ങൾവരെ അതു വ്യാപിച്ചുകിടക്കുന്നു. ആനകളും കന്നുകാലികളും സിംഹങ്ങളും അവിടെ സ്വൈരവിഹാരം നടത്തുന്നു. പർവതനിരകളും നിബിഡവനങ്ങളും, ഗൊറില്ലകളുടെയും ചിമ്പൻസികളുടെയും 1,000-ത്തിലേറെവരുന്ന പക്ഷിവർഗങ്ങളുടെയും ആവാസകേന്ദ്രമാണ്‌. ആഫ്രിക്കൻ വൻകരയുടെ ഭൂരിഭാഗവും വരൾച്ചയുടെയും പട്ടിണിയുടെയും പിടിയിലമർന്നിരിക്കുമ്പോൾ ഉഗാണ്ടയുടെ സ്ഥിതി അതല്ല, അത്‌ നദികളാലും തടാകങ്ങളാലും ധന്യമാണ്‌. ശുദ്ധജലതടാകങ്ങളിൽ വലുപ്പംകൊണ്ട്‌ രണ്ടാം സ്ഥാനമുള്ള വിക്ടോറിയ ഇവിടെയാണ്‌. തടാകത്തിലെ അധികജലം വടക്കുഭാഗത്തുള്ള ബഹിർഗമന മാർഗത്തിലൂടെ നൈൽനദിയിൽ പതിക്കുന്നു. വിൻസ്റ്റൺ ചർച്ചിൽ അതിനെ “ആഫ്രിക്കയുടെ മുത്ത്‌” എന്നു വിശേഷിപ്പിച്ചതിൽ അതിശയമില്ല.

ആ “മുത്ത്‌” തിളങ്ങുന്നു

എന്നിരുന്നാലും ഉഗാണ്ടയുടെ മുഖ്യാകർഷണം സൗഹൃദമനസ്‌കരും അതിഥിപ്രിയരും നാനാതരക്കാരുമായ ജനവർഗമാണ്‌. തങ്ങളുടെ തനതായ പാരമ്പര്യവും വേഷവിധാനങ്ങളും ഇന്നും നിലനിറുത്തിപ്പോരുന്ന എണ്ണമറ്റ വംശീയ കൂട്ടങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഒരു ഒത്തുചേരൽ ഈ “ക്രിസ്‌തീയ” രാജ്യത്ത്‌ കാണാവുന്നതാണ്‌.

അടുത്തകാലത്തായി, ശാശ്വത സമാധാനം ഭൂവ്യാപകമായിത്തീരുമെന്ന സുവാർത്തയോട്‌ അവിടെയുള്ള അനേകരും പ്രതികരിക്കുന്നു. (സങ്കീർത്തനം 37:11; വെളിപ്പാടു 21:​4, 5) ഗ്രേറ്റ്‌ ബ്രിട്ടനോളം വലുപ്പമുള്ള ആ ദേശത്ത്‌ എല്ലാവരുടെയും അടുത്ത്‌ സുവാർത്ത എത്തിക്കുക എന്നത്‌ ഒരു വെല്ലുവിളിയാണ്‌.

അവിടെ യഹോവയുടെ സാക്ഷികളുടെ ചരിത്രം ആരംഭിക്കുന്നത്‌ 1955-ലാണ്‌. ആ വർഷമാണ്‌ വിക്ടോറിയ തടാകത്തിൽ ഒരു തദ്ദേശവാസി യഹോവയുടെ ഒരു സമർപ്പിത സാക്ഷിയായി സ്‌നാപനമേറ്റത്‌. 1992 ആയപ്പോഴേക്കും ആ “കുറഞ്ഞവൻ” ആയിരമായിത്തീരുകതന്നെ ചെയ്‌തു. തുടർന്ന്‌ അവിടെ ഒരു അനസ്യൂത വളർച്ചയായിരുന്നു. ഇത്‌ “യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും” എന്ന ദൈവിക വാഗ്‌ദാനത്തിനു ചേർച്ചയിലാണ്‌.​—⁠യെശയ്യാവു 60:22.

ഭാഷാപ്രതിബന്ധങ്ങളെ തകർക്കുന്നു

അവിടത്തെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്‌. അതാണ്‌ പരക്കെ ഉപയോഗത്തിലുള്ളതും, പ്രത്യേകിച്ച്‌ വിദ്യാഭ്യാസ മേഖലയിൽ. എന്നിരുന്നാലും മിക്ക ഉഗാണ്ടക്കാരുടെയും മാതൃഭാഷ അതല്ല. ആയതിനാൽ ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നതിന്‌ അവിടെ പ്രചാരത്തിലുള്ള മറ്റു പ്രമുഖ ഭാഷകളും യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്നു. രാജ്യത്തെ 2.5 കോടിവരുന്ന ജനസംഖ്യയുടെ 80 ശതമാനത്തിലധികവും താമസിക്കുന്നത്‌ ഗ്രാമങ്ങളിലോ ചെറുപട്ടണങ്ങളിലോ ആണ്‌. അവർ തങ്ങളുടെ അനുദിന സംഭാഷണങ്ങൾ നടത്താൻ മാതൃഭാഷയെയാണ്‌ കൂടുതലായി ആശ്രയിക്കുന്നത്‌. ഈ ഭാഷാക്കൂട്ടങ്ങളുടെയടുക്കൽ എത്തിച്ചേർന്ന്‌ അവരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നത്‌ ഏറെ ശ്രമകരമായ ഒരു വേലയാണ്‌.

എന്നിരുന്നാലും ആളുകളോട്‌ അവരുടെ സ്വന്തം ഭാഷയിൽത്തന്നെ സാക്ഷീകരിച്ചുകൊണ്ടും വിവിധ ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടും യഹോവയുടെ സാക്ഷികൾ അത്തരം ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്‌. തലസ്ഥാനമായ കംപാലയിലുള്ള ബ്രാഞ്ച്‌ ഓഫീസിൽ അച്ചോളി, ലുക്കോൻസോ, ലുഗാണ്ട, റുന്യാൻകോര എന്നീ നാലു ഭാഷകളിലേക്കുള്ള പരിഭാഷാ നടക്കുന്നുണ്ട്‌. അതിനുപുറമേ രാജ്യമൊട്ടാകെ വ്യത്യസ്‌ത ഭാഷകളിലായി നടന്ന ക്രിസ്‌തീയ സമ്മേളനങ്ങളുടെ ഹാജർ ഗംഭീരമായിരുന്നു, സാക്ഷികളുടെ മൊത്തം എണ്ണത്തിന്റെ ഇരട്ടിയിലധികം. ദ്രുതഗതിയിലുള്ള ഈ വളർച്ച വ്യത്യസ്‌ത ഭാഷാക്കൂട്ടങ്ങൾക്ക്‌ പരിഗണന നൽകുന്നതിന്റെ ഫലമാണെന്നതു വ്യക്തമാണ്‌. എന്നാൽ ഈ വളർച്ചയ്‌ക്ക്‌ വേറെയും കാരണങ്ങൾ ഉണ്ട്‌.

പയനിയർമാർ വേലയ്‌ക്ക്‌ ചുക്കാൻ പിടിക്കുന്നു

ഒറ്റപ്പെട്ട പ്രദേശത്ത്‌ സാക്ഷീകരിക്കുന്നതിനായി വർഷംതോറും മൂന്നുമാസത്തെ ഒരു ക്രമീകരണം അവർ ചെയ്യാറുണ്ട്‌. സഭ ഒന്നടങ്കം അതിനെ സസന്തോഷം പിന്താങ്ങുന്നു. (പ്രവൃത്തികൾ 16:9) തീക്ഷ്‌ണരായ യുവപയനിയർമാരുടെ അഥവാ മുഴുസമയ സുവിശേഷകരുടെ വർധിച്ചുവരുന്ന ഒരു കൂട്ടം അതിനു നേതൃത്വം വഹിക്കുന്നു. സുവാർത്ത ഒരിക്കലും എത്തിച്ചേർന്നിട്ടില്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിൽപ്പോലും അവർ പ്രവർത്തിക്കുന്നു.

പശ്ചിമ ഉഗാണ്ടയിലെ ബുഷേൻയീ എന്ന ഒരു ചെറിയ പട്ടണത്തിൽ മൂന്നുമാസം പ്രത്യേക പയനിയർമാരായി പ്രവർത്തിക്കാൻ രണ്ടു സഹോദരിമാർക്കു നിയമനം ലഭിച്ചു. അവിടെ ഒരു സാക്ഷിയേ ഉണ്ടായിരുന്നുള്ളൂ. പയനിയർമാർ ആ സഹോദരിയോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെടുകയും ക്രിസ്‌തീയ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു. ഒരു മാസത്തിനകം അവർ 40 ആളുകളോടൊപ്പം ക്രമമായി ബൈബിൾ ചർച്ചകൾ നടത്താൻ തുടങ്ങി. അവരിൽ 17 പേർ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ടായിരുന്നു. ആ പയനിയർമാർ പറയുന്നു: “ദൈവം നമ്മിൽ നിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? * എന്ന ലഘുപത്രിക കൊടുത്തിരുന്ന ചിലർ കുറച്ചു ദിവസത്തിനുശേഷം ഞങ്ങളെ കാണാൻ വീട്ടിൽ വരുകയുണ്ടായി. ആ ലഘുപത്രികയിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം അവർ എഴുതി തയ്യാറാക്കിയിരുന്നു. നിരവധി പേജുകൾ വരുമായിരുന്ന അത്‌ ശരിയാണോ എന്നറിയാനാണ്‌ അവർ വന്നത്‌.” ഇപ്പോൾ അവിടെ ഒരു സഭയുണ്ട്‌, സ്വന്തമായി ഒരു രാജ്യഹാളും.

രണ്ടു പയനിയർ സഹോദരന്മാർ ഉഗാണ്ടയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക്‌ യാത്രതിരിച്ചു. മുമ്പൊരിക്കലും സുവാർത്ത പ്രസംഗിച്ചിട്ടില്ലാത്ത ഒരു പ്രദേശമായിരുന്നു അത്‌. അവർ എഴുതി: “ബൈബിൾ സത്യത്തിനായി ആളുകൾ ദാഹിച്ചിരിക്കുകയാണ്‌. ഇവിടെ ചെലവഴിച്ച മൂന്നു മാസംകൊണ്ട്‌ 86 പുതിയ ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.” അധികം താമസിയാതെ ആ പ്രദേശത്ത്‌ സാക്ഷികളുടെ ഒരു കൂട്ടം ഔദ്യോഗികമായി സ്ഥാപിതമായി.

വയലിലെ തീക്ഷ്‌ണരായ മറ്റു പ്രവർത്തകർ

തീക്ഷ്‌ണരായ പയനിയർമാരിൽ ചിലർ വർഷങ്ങളായി സേവിക്കുന്നവരാണ്‌. യഹോവയുടെ സാക്ഷിയായിത്തീരുന്നതിനു മുമ്പ്‌ പാട്രിക്‌ ഉഗാണ്ടയുടെ ഭരണാധികാരിയായ ഇദി അമീന്റെ വ്യോമ സേനയിലെ ക്ലാരിനറ്റ്‌ വായനക്കാരനായിരുന്നു. 1983-ൽ സ്‌നാപനമേറ്റ്‌ ആറുമാസത്തിനുശേഷം അദ്ദേഹം മുഴുസമയശുശ്രൂഷ ഏറ്റെടുത്തു. ഇപ്പോൾ ഒരു സഞ്ചാര മേൽവിചാരകനായി സേവിക്കുന്ന അദ്ദേഹം സഭകൾ സന്ദർശിച്ച്‌ ആവശ്യമായ പ്രോത്സാഹനം നൽകിവരുന്നു.

1962-ലാണ്‌ മാർഗരെറ്റ്‌ സ്‌നാപനമേറ്റത്‌. 80 വയസ്സോടടുത്ത്‌ പ്രായമുള്ള ആ സഹോദരിക്ക്‌ അരക്കൂടിന്റെ തകരാറുനിമിത്തം നടക്കാൻ ബുദ്ധിമുട്ടാണ്‌. എങ്കിലും മാസംതോറും ബൈബിളധിഷ്‌ഠിത പ്രത്യാശ സമീപവാസികളുമായി പങ്കുവെക്കാൻ അവർ ഏകദേശം 70 മണിക്കൂർ ചെലവഴിക്കുന്നു. ആ സഹോദരി വീടിനുവെളിയിലായി ഒരു ബെഞ്ചിൽ സാഹിത്യങ്ങൾ നിരത്തിവെക്കുകയും ശ്രദ്ധിക്കാൻ താത്‌പര്യമുള്ള വഴിപോക്കരുമായി സമാധാനപൂർണമായ പുതിയലോകത്തെക്കുറിച്ചുള്ള സുവാർത്ത പങ്കുവെക്കുകയും ചെയ്യുന്നു.

പൂർവ ഉഗാണ്ടയിലുള്ള കർഷകനായ സൈമൺ 16 വർഷമായി സത്യം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ 1995-ൽ അദ്ദേഹം യഹോവയുടെ സാക്ഷികളുടെ ചില പ്രസിദ്ധീകരണങ്ങൾ കാണാനിടയായി. അതു വായിച്ച അദ്ദേഹത്തിനു ദൈവരാജ്യത്തെക്കുറിച്ചും ഭൂമിയെ സംബന്ധിച്ച യഹോവയുടെ അത്ഭുതകരമായ ഉദ്ദേശ്യത്തെക്കുറിച്ചും കൂടുതൽ അറിയണമെന്നുതോന്നി. അദ്ദേഹം താമസിച്ചിരുന്ന കാമൂലിയിൽ സാക്ഷികളാരും ഇല്ലായിരുന്നു. അതിനാൽ ഏകദേശം 140 കിലോമീറ്റർ അകലെയുള്ള കംപാലയിൽ പോയി അദ്ദേഹം സാക്ഷികളെ കണ്ടുപിടിച്ചു. ഇന്ന്‌ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ഒരു സഭയുണ്ട്‌.

“ഞങ്ങൾ ഇവിടെത്തന്നെ കാണും”

ആഫ്രിക്കയിലെ മറ്റു പ്രദേശങ്ങളിലേതുപോലെതന്നെ ഇവിടെയും, ഒരു മതസമൂഹത്തിന്‌ ആരാധനയ്‌ക്കായി കൂടിവരാനുള്ള ഉചിതമായ ഒരു സ്ഥലം ഉണ്ടായിരിക്കാൻ ആളുകൾ പ്രതീക്ഷിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ചില സഭകളെ സംബന്ധിച്ചിടത്തോളം ഇത്‌ വലിയൊരു പ്രശ്‌നമായിരുന്നു. കാരണം നല്ല ഒരു രാജ്യഹാൾ നിർമിക്കുന്നതിനുള്ള സാമ്പത്തികസ്ഥിതി അവർക്കില്ലായിരുന്നു. എന്നാൽ 1999-ന്റെ അവസാനത്തോടെ രാജ്യഹാൾ നിർമാണത്തിനുള്ള ഒരു ഊർജിത പദ്ധതി ലോകവ്യാപകമായി നിലവിൽ വന്നു. അവിടെയുള്ള സഹോദരങ്ങൾ അത്‌ എത്രമാത്രം വിലമതിച്ചെന്നോ! അടുത്ത അഞ്ചുവർഷത്തിനകം ഉഗാണ്ടയിൽ 40 പുതിയ രാജ്യഹാളുകളുടെ നിർമാണം പൂർത്തിയായി. ഇപ്പോൾ മിക്കവാറും എല്ലാ സഭകൾക്കും ലളിതമെങ്കിലും മനോഹരമായ ഒരു രാജ്യഹാളുണ്ട്‌. നിർമാണപ്രവർത്തനങ്ങൾ കണ്ട തദ്ദേശവാസികൾക്ക്‌ “ഞങ്ങൾ ഇവിടെത്തന്നെ കാണും” എന്ന ധാരണ ലഭിച്ചു. ഇത്തരം നിർമാണ പ്രവർത്തനങ്ങൾ വർധനയ്‌ക്ക്‌ ഇടയാക്കിയിരിക്കുന്നു.

ഉത്തര ഉഗാണ്ടയിലുള്ള ഒരു ചെറിയ സഭ ഇലച്ചാർത്തുള്ള ഒരു മാവിൻ ചുവട്ടിലാണ്‌ യോഗങ്ങൾ നടത്തിയിരുന്നത്‌. രാജ്യഹാളിനുള്ള സ്ഥലം വാങ്ങിയതോടെ കാര്യങ്ങൾ ദ്രുതഗതിയിലായി. നിർമാണ പ്രവർത്തകരും പ്രാദേശിക സാക്ഷികളും ചേർന്ന്‌ രാജ്യഹാൾ നിർമാണം ആരംഭിച്ചു. മുമ്പ്‌ രാഷ്‌ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന അന്നാട്ടുകാരനായ ഒരാൾക്ക്‌ അതിൽ വലിയ മതിപ്പുതോന്നി. രാജ്യഹാൾ നിർമാണം പൂർത്തിയാകുന്നതുവരെ യോഗങ്ങൾ നടത്താൻ അദ്ദേഹം തന്റെ ഗരാജ്‌ വിട്ടുകൊടുത്തു. കൂടാതെ നിർമാണത്തിനെത്തിയ സ്വമേധയാ സേവകരിലൊരാളുമായി അദ്ദേഹം ഒരു ബൈബിളധ്യയനത്തിനും സമ്മതിച്ചു. ഇപ്പോൾ അദ്ദേഹം തീക്ഷ്‌ണതയുള്ള സ്‌നാപനമേറ്റ ഒരു പ്രസാധകനാണ്‌. മനോഹരമായ ആ പുതിയ രാജ്യഹാളിൽ യഹോവയെ സന്തോഷത്തോടെ ആരാധിക്കുകയും ചെയ്യുന്നു.

രാജ്യത്തിന്റെ ദക്ഷിണപൂർവ ഭാഗത്തു നടന്ന ഒരു നിർമാണ പ്രവർത്തനത്തിൽ പങ്കെടുത്ത സഹോദരങ്ങളുടെ സൗഹൃദഭാവം, സ്‌നേഹം, സഹകരണം എന്നിവ കണ്ട ഒരു പ്രാദേശിക മേസ്‌തിരി നിർമാണവേലയിൽ സഹായിക്കാൻ സ്വമേധയാ മുന്നോട്ടുവന്നു. സമർപ്പണത്തിന്റെ തലേന്നാകട്ടെ പണിപൂർത്തിയാക്കുന്നതിനുവേണ്ടി അദ്ദേഹം രാത്രിമുഴുവനും ജോലി ചെയ്‌തു. അദ്ദേഹം പറഞ്ഞു: “പരസ്‌പര സ്‌നേഹത്തെക്കുറിച്ച്‌ കേവലം പ്രസംഗിക്കാതെ അത്‌ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നത്‌ നിങ്ങൾ മാത്രമാണ്‌.”

പ്രശ്‌നങ്ങളിന്മധ്യേ വർധനയ്‌ക്കുള്ള സാധ്യതകൾ

ഉഗാണ്ടയിൽ പ്രസംഗവേല പുതിയപുതിയ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഫലമായി സാക്ഷികളുടെ എണ്ണത്തിലും സഭയോടൊത്ത്‌ പുതുതായി സഹവസിക്കുന്ന താത്‌പര്യക്കാരുടെ എണ്ണത്തിലും തുടർച്ചയായ വർധനയുണ്ട്‌. എന്നിരുന്നാലും അവിടെയുള്ള അഭയാർഥികളുടെ വലിയ കൂട്ടങ്ങളോട്‌ സാക്ഷീകരിക്കുക എന്നതാണ്‌ ഇപ്പോൾ അടിയന്തിര ശ്രദ്ധ ആവശ്യമാക്കിത്തീർക്കുന്ന സംഗതി. അയൽ രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങൾ യഹോവയുടെ ജനത്തെയും ബാധിച്ചിരിക്കുന്നു. അഭയാർഥി ക്യാമ്പുകളിലായിരിക്കെ സാക്ഷികൾ യഹോവയിൽ ആശ്രയം പ്രകടമാക്കുന്നതിൽ മികച്ച മാതൃകവെച്ചിട്ടുണ്ട്‌. സാക്ഷികളുടെ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നപ്പോൾ അവരെ പീഡിപ്പിച്ചിരുന്ന അയൽ രാജ്യത്തുനിന്നുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഒരിക്കൽ താൻ സുഖജീവിതം നയിച്ചിരുന്നതായി ഓർക്കുന്നു. ഒരു അഭയാർഥി ക്യാമ്പിൽവെച്ച്‌ ബൈബിൾ പഠിച്ച്‌ സാക്ഷിയായ അദ്ദേഹം പറയുന്നു: “സാമ്പത്തിക സുസ്ഥിരതയ്‌ക്കും ഈ ലോകത്തിലെ ഉയർന്ന പദവിക്കുമൊന്നും യഥാർഥത്തിൽ യാതൊരു മൂല്യവുമില്ല. ഇപ്പോൾ ഞാൻ ദരിദ്രനും രോഗിയും ആണെന്നുവരികിലും എന്റെ ജീവിതം മുമ്പെന്നത്തെക്കാൾ വളരെ മെച്ചമാണ്‌. എനിക്ക്‌ യഹോവയുമായി ഒരു ബന്ധമുണ്ട്‌, ഞാൻ പ്രാർഥന എന്ന പദവിയെ വിലമതിക്കുകയും ചെയ്യുന്നു. ഭാവി സംബന്ധിച്ച്‌ എനിക്ക്‌ ഈടുറ്റ ഒരു പ്രത്യാശ ഉണ്ടെന്നിരിക്കെ ഇപ്പോൾ പ്രശ്‌നങ്ങൾ സഹിക്കേണ്ടിവരുന്നതിന്റെ കാരണം എനിക്കറിയാം. അതിനാൽ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു മനസ്സമാധാനം എനിക്കിന്നുണ്ട്‌.”

‘വൈകുന്നേരം ഒരു കമ്പ്‌ നാട്ടിയാൽ രാവിലെ അതിനു വേരു പിടിച്ചിരിക്കും’ എന്ന്‌ ഉഗാണ്ടയിൽ പൊതുവേ പറയാറുണ്ട്‌, അത്ര ഫലഭൂയിഷ്‌ഠമാണ്‌ അവിടത്തെ മണ്ണ്‌. സമാനമായി ആത്മീയ മണ്ണും നല്ല വളക്കൂറുള്ളതാണെന്നാണ്‌ അവിടത്തെ ആത്മീയ വളർച്ച വിളിച്ചോതുന്നത്‌. ഉഗാണ്ടയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങളിൽനിന്ന്‌ ഇനിയും അനേകർ യഹോവയുടെ രാജ്യത്തെക്കുറിച്ചു പഠിക്കാൻ സമയം അനുവദിക്കുന്നതിനു നമുക്ക്‌ യഹോവയാം ദൈവത്തിനു നന്ദികരേറ്റാം. യേശു ദൈവരാജ്യത്തിന്റെ മൂല്യത്തെ ‘വിലയേറിയ ഒരു മുത്തിനോട്‌’ ഉപമിച്ചു. ആ മൂല്യം തിരിച്ചറിയുന്നവരുടെ എണ്ണം ഉഗാണ്ടയിൽ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്‌.​—⁠മത്തായി 13:45, 46.

[അടിക്കുറിപ്പ്‌]

^ ഖ. 13 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[8-ാം പേജിലെ ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സുഡാൻ

ഉഗാണ്ട

നൈൽ നദി

കാമൂലി

ടൊറോറോ

കംപാല

റുവാണ്ട

വിക്ടോറിയ തടാകം

കെനിയ

ടാൻസാനിയ

ബുഷേൻയീ

[9-ാം പേജിലെ ചിത്രം]

തീക്ഷ്‌ണരായ നിരവധി പയനിയർ ശുശ്രൂഷകരിൽ മൂന്നുപേർ

[10-ാം പേജിലെ ചിത്രം]

പാട്രിക്‌

[10-ാം പേജിലെ ചിത്രം]

മാർഗരെറ്റ്‌

[10-ാം പേജിലെ ചിത്രം]

സൈമൺ

[10-ാം പേജിലെ ചിത്രം]

ടൊറോറോ കൺവെൻഷൻ

[8-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

പശ്ചാത്തലം: © Uganda Tourist Board