വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ എത്രമാത്രം സന്തുഷ്ടനാണ്‌?

നിങ്ങൾ എത്രമാത്രം സന്തുഷ്ടനാണ്‌?

നിങ്ങൾ എത്രമാത്രം സന്തുഷ്ടനാണ്‌?

‘ഞാൻ എത്രമാത്രം സന്തുഷ്ടനാണ്‌’ എന്ന്‌ നിങ്ങൾ പലപ്പോഴും നിങ്ങളോടുതന്നെ ചോദിച്ചിട്ടില്ലേ? ഇതിന്‌ നിങ്ങളോ മറ്റുള്ളവരോ എങ്ങനെ മറുപടി പറയുമെന്നറിയാൻ സാമൂഹിക ശാസ്‌ത്രജ്ഞന്മാർ വളരെയധികം ശ്രമിക്കുന്നു. എന്നാൽ അതൊരു നിസ്സാര കാര്യമല്ല. ഒരാളുടെ സന്തുഷ്ടി അളക്കുന്നതിനെ, ഒരു വ്യക്തിക്കു തന്റെ ഭാര്യയോടുള്ള സ്‌നേഹത്തെയോ ഒരാൾ മരിക്കുമ്പോൾ അയാളുടെ കുടുംബാംഗങ്ങൾക്കുണ്ടാകുന്ന ദുഃഖത്തെയോ അളക്കാൻ ശ്രമിക്കുന്നതിനോട്‌ ഉപമിക്കാവുന്നതാണ്‌. വികാരങ്ങളെ അളന്നു തിട്ടപ്പെടുത്താനാവില്ല. എന്നിരുന്നാലും സന്തുഷ്ടരായിരിക്കാനുള്ള നൈസർഗിക പ്രാപ്‌തി എല്ലാവർക്കുമുണ്ട്‌ എന്ന അടിസ്ഥാന സത്യം ശാസ്‌ത്രജ്ഞന്മാർ തിരിച്ചറിയുന്നു.

സന്തുഷ്ടരായിരിക്കാനുള്ള ഈ പ്രാപ്‌തി ഉണ്ടെങ്കിൽപ്പോലും ആളുകൾ പൊതുവേ അസന്തുഷ്ടരാണ്‌. കാരണമോ? ഗുരുതരമായ പ്രശ്‌നങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ടിരിക്കുകയാണ്‌ അവർ. ഉദാഹരണത്തിന്‌, ചിലയിടങ്ങളിൽ എയ്‌ഡ്‌സ്‌ കൊന്നൊടുക്കിയവരെ സംസ്‌കരിക്കാൻ സെമിത്തേരികളിൽ ഇടമില്ലാത്ത സ്ഥിതിയാണ്‌. അവരെ അടക്കാനായി അധികാരികൾ പഴയ ശവക്കല്ലറകൾ തുറന്നു കൊടുക്കേണ്ടിവരുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ശവപ്പെട്ടിനിർമാണം നിരവധിപേരുടെ വരുമാനമാർഗമാണ്‌. നിങ്ങൾ താമസിക്കുന്നത്‌ എവിടെയായിരുന്നാലും മാരകരോഗങ്ങൾക്ക്‌ അടിമയായിരിക്കുന്നവരും ബന്ധുമിത്രാദികളെ മരണത്തിൽ നഷ്ടപ്പെട്ടവരും സാധാരണഗതിയിൽ ശോകസാന്ദ്രമായ അന്തരീക്ഷത്തിലാണെന്ന്‌ നിങ്ങൾ കണ്ടിരിക്കും.

സമ്പന്ന രാഷ്‌ട്രങ്ങളുടെ കാര്യമോ? സാമ്പത്തികമായി സുരക്ഷിതരായിരിക്കുന്നവർക്ക്‌ എല്ലാം നഷ്ടമാകുന്നത്‌ ഞൊടിയിടയിലായിരിക്കാം. അമേരിക്കയിൽ പെൻഷൻ ആനുകൂല്യങ്ങൾ നഷ്ടമായതിനാൽ ജോലിയിൽനിന്നും വിരമിച്ച അനേകർക്ക്‌ വീണ്ടും ജോലിക്കുപോകേണ്ടിവന്നു. ഒരു കുടുംബത്തിന്റെ മുഴു സമ്പാദ്യവും പലപ്പോഴും ചികിത്സയ്‌ക്കു ചെലവഴിക്കേണ്ടതായിവരുന്നു. ഒരു നിയമോപദേഷ്ടാവ്‌ പറയുന്നു: “ആളുകളുടെ സാമ്പത്തിക പ്രാരാബ്ധങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെ കാണേണ്ടിവരുന്നത്‌ ഹൃദയഭേദകമാണ്‌.” “അതിൽനിന്നൊക്കെ കരകയറാൻ ‘നിങ്ങൾക്കു കിടപ്പാടം വിൽക്കേണ്ടിവരും’ എന്നു പലപ്പോഴും അവരോടു പറയാൻ ഞങ്ങൾ നിർബന്ധിതരാകുന്നു.” സാമ്പത്തിക ഉത്‌കണ്‌ഠകളൊന്നും ഇല്ലാത്തവരുടെ കാര്യമോ? അവരും അസന്തുഷ്ടി അനുഭവിക്കേണ്ടിവരുന്നുണ്ടോ?

ചിലർ സംഗീത രചയിതാവായ റിച്ചാർഡ്‌ റോഡ്‌ജേഴ്‌സിനെപ്പോലെയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ ഇപ്രകാരം പറയുന്നു: “ഇത്രയധികംപേർക്ക്‌ ഇത്രയേറെ സന്തോഷം പകർന്നിട്ടുള്ളവർ നന്നേ ചുരുക്കമാണ്‌.” അദ്ദേഹത്തിന്റെ ഗാനങ്ങൾ അനേകർക്ക്‌ സന്തോഷം പകർന്നിട്ടുണ്ടെങ്കിലും അദ്ദേഹം വിഷാദരോഗത്തിന്‌ അടിമയായിരുന്നു. അനേകരും അഭിലഷിക്കുന്ന ഇരട്ടലക്ഷ്യങ്ങൾ​—⁠പണവും പ്രശസ്‌തിയും​—⁠നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ സന്തോഷമോ? ഒരു ജീവശാസ്‌ത്രജ്ഞൻ പറയുന്നു: “[റോഡ്‌ജേഴ്‌സ്‌] തന്റെ തൊഴിലിൽ വെന്നിക്കൊടി പാറിച്ചു. കൂടാതെ അദ്ദേഹം ഒരു കുലീന ജീവിതം നയിക്കുകയും രണ്ടു തവണ പുലിറ്റ്‌സർ പുരസ്‌കാരത്തിന്‌ അർഹനാകുകയും ചെയ്‌തു.” എന്നിരുന്നാലും അദ്ദേഹം ഒട്ടുമിക്കപ്പോഴും അസന്തുഷ്ടനും വിഷാദമഗ്നനും ആയിരുന്നു.

സന്തുഷ്ടിക്കുവേണ്ടി പണത്തിൽ ആശ്രയിക്കുന്നതിൽ മിക്കപ്പോഴും യാതൊരു കഥയുമില്ലെന്നല്ലേ ഇതെല്ലാം കാണിക്കുന്നത്‌? കാനഡയിലെ ടൊറന്റോയിലുള്ള ദിനപത്രമായ ദ ഗ്ലോബ്‌ ആന്റ്‌ മെയിലിന്റെ റിപ്പോർട്ടർ സമ്പന്നരായ പലരും നേരിടുന്ന “ഒറ്റപ്പെടലിനെയും ഉദ്ദേശ്യരാഹിത്യത്തെയും” കുറിച്ച്‌ പറയുകയുണ്ടായി. ഒരു നിയമോപദേഷ്ടാവിന്റെ അഭിപ്രായത്തിൽ കാശുകാരായ മാതാപിതാക്കൾ മക്കൾക്കു പണവും മറ്റു വസ്‌തുക്കളും വാരിക്കോരിക്കൊടുക്കുന്നതിലൂടെ പലപ്പോഴും മക്കളുടെ ഭാവിദുരിതത്തിനു വിത്തുപാകുകയാണു ചെയ്യുന്നത്‌.

സന്തുഷ്ടിക്കുള്ള ഈടുറ്റ അടിസ്ഥാനം എന്താണ്‌?

ഒരു പൂച്ചെടി തഴച്ചു വളരുന്നതിനു നല്ല മണ്ണും ജലവും ശരിയായ കാലാവസ്ഥയും ആവശ്യമാണ്‌. സമാനമായി സന്തുഷ്ടിക്ക്‌ സംഭാവന ചെയ്യുന്ന ചില ഘടകങ്ങൾ ഉള്ളതായി ഗവേഷകർ മനസ്സിലാക്കിയിരിക്കുന്നു. ശാരീരിക ആരോഗ്യം, അർഥവത്തായ ജോലി, ആവശ്യമായ ആഹാരം, പാർപ്പിടം, വസ്‌ത്രം, ആഗ്രഹസാഫല്യം, ഉത്തമ സുഹൃത്തുക്കൾ എന്നിവ അവയിൽ ചിലതാണ്‌.

ഇവയെല്ലാം ഒരു പരിധിവരെ സന്തുഷ്ടിക്കു സംഭാവന ചെയ്യുന്ന ഘടകങ്ങളാണെന്നതിൽ തർക്കമില്ല. എന്നാൽ ഇതിനെക്കാളൊക്കെ സുപ്രധാനമായ ഒരു ഘടകമുണ്ട്‌. അത്‌ “ധന്യനായ” അല്ലെങ്കിൽ സന്തുഷ്ടനായ “ദൈവമായ” യഹോവയെക്കുറിച്ചുള്ള പരിജ്ഞാനമാണ്‌. (1 തിമൊഥെയൊസ്‌ 1:11) ആ പരിജ്ഞാനം നമ്മെ സഹായിക്കുന്നത്‌ എങ്ങനെയാണ്‌? യഹോവ നമ്മുടെ സ്രഷ്ടാവാണ്‌, സന്തുഷ്ടരായിരിക്കാനുള്ള പ്രാപ്‌തികൾ അവൻ നമുക്കു നൽകിയിരിക്കുന്നു. ആ സ്ഥിതിക്ക്‌ നമ്മെ സന്തുഷ്ടരാക്കുന്നതെന്തെന്ന്‌ യഹോവയ്‌ക്ക്‌ തീർച്ചയായും അറിയാം. ആളുകൾ ഏതു സ്ഥലത്തോ സാഹചര്യത്തിലോ ആയിരുന്നാലും യഹോവ അവരെ നിത്യസന്തുഷ്ടിയിലേക്ക്‌ എങ്ങനെ നയിക്കുമെന്ന്‌ അടുത്ത ലേഖനത്തിൽ വായിക്കുക.

[4-ാം പേജിലെ ചിത്രം]

ഒരു പൂച്ചെടി തഴച്ചുവളരാൻ ശരിയായ ചുറ്റുപാടുകൾ വേണം, സന്തുഷ്ടിയുടെ കാര്യത്തിലും അങ്ങനെതന്നെ

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

© Gideon Mendel/​CORBIS