വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിന്റെ ഓർമിപ്പിക്കലുകൾ എന്റെ പ്രമോദമാകുന്നു’

‘നിന്റെ ഓർമിപ്പിക്കലുകൾ എന്റെ പ്രമോദമാകുന്നു’

‘നിന്റെ ഓർമിപ്പിക്കലുകൾ എന്റെ പ്രമോദമാകുന്നു’

“മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, . . . എഴുതിയിരിക്കുന്നു.”​—⁠റോമർ 15:⁠4.

1. യഹോവ നമ്മെ ഓർമിപ്പിക്കുന്നത്‌ എങ്ങനെ, നമുക്ക്‌ അത്തരം ഓർമിപ്പിക്കലുകൾ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

പ്രശ്‌നപൂരിതമായ ഈ ലോകത്തിലെ സമ്മർദങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന മാർഗനിർദേശങ്ങൾ യഹോവ കൂടെക്കൂടെ തന്റെ ജനത്തിനു നൽകാറുണ്ട്‌. വ്യക്തിപരമായ ബൈബിൾ വായനയിലൂടെയോ ക്രിസ്‌തീയ യോഗങ്ങളിൽ അവതരിപ്പിക്കുന്ന വിവരങ്ങളിലൂടെയോ അഭിപ്രായങ്ങളിലൂടെയോ ആയിരിക്കാം ചിലപ്പോൾ ഇത്തരം ഓർമിപ്പിക്കലുകൾ ലഭിക്കുന്നത്‌. ഇങ്ങനെ നാം വായിക്കുകയോ കേൾക്കുകയോ ചെയ്യുന്ന വിവരങ്ങളിൽ അധികവും നമുക്ക്‌ അറിയാവുന്നവ തന്നെയായിരിക്കും. എന്നിരുന്നാലും നാം കാര്യങ്ങൾ മറന്നുപോകാൻ സാധ്യതയുള്ളതിനാൽ യഹോവയുടെ ഉദ്ദേശ്യങ്ങളോടും നിയമങ്ങളോടും നിർദേശങ്ങളോടുമുള്ള ബന്ധത്തിൽ നാം നമ്മുടെ ഓർമ പുതുക്കിക്കൊണ്ടേയിരിക്കണം. ദൈവത്തിന്റെ ഓർമിപ്പിക്കലുകളെ നാം വിലമതിക്കണം. അവ, ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള ഒരു ജീവിതഗതി തിരഞ്ഞെടുക്കുന്നതിന്‌ നമ്മെ പ്രചോദിപ്പിച്ച ഘടകങ്ങൾ മനസ്സിൽ അടുപ്പിച്ചുനിറുത്താൻ സഹായിച്ചുകൊണ്ട്‌ നമുക്കു പ്രോത്സാഹനമേകും. അതുകൊണ്ടാണ്‌ സങ്കീർത്തനക്കാരൻ യഹോവയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച്‌ ഇപ്രകാരം പാടിയത്‌: “നിന്റെ സാക്ഷ്യങ്ങൾ [“ഓർമിപ്പിക്കലുകൾ,” NW] എന്റെ പ്രമോദവും . . . ആകുന്നു.”​—⁠സങ്കീർത്തനം 119:⁠24.

2, 3. (എ) ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതകഥകൾ ബൈബിളിൽ രേഖപ്പെടുത്തിവെക്കാൻ യഹോവ ക്രമീകരിച്ചത്‌ എന്തുകൊണ്ട്‌? (ബി) ഈ ലേഖനത്തിൽ നാം ഏതു വിവരണങ്ങളാണു പരിചിന്തിക്കാൻ പോകുന്നത്‌?

2 നൂറ്റാണ്ടുകൾക്കുമുമ്പ്‌ എഴുതപ്പെട്ടതാണെങ്കിലും ദൈവവചനത്തിനു വലിയ ശക്തിയുണ്ട്‌. (എബ്രായർ 4:12) ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള സത്യസന്ധമായ വിവരണങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ആചാരമര്യാദകൾക്കും വീക്ഷണഗതികൾക്കും ഇന്നു വലിയ അളവിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും നാം നേരിടുന്ന മിക്ക പ്രശ്‌നങ്ങളും ബൈബിൾകാലങ്ങളിലെ ആളുകൾ അനുഭവിച്ചതിനോടു സമാനമാണ്‌. യഹോവയെ സ്‌നേഹിക്കുകയും പ്രയാസ സാഹചര്യങ്ങളിൽപ്പോലും അവനെ വിശ്വസ്‌തമായി സേവിക്കുകയും ചെയ്‌ത അനേകരുടെ ജീവിതകഥകൾ ഹൃദയസ്‌പർശിയായ ഒരു വിധത്തിൽ നമ്മുടെ പ്രയോജനത്തിനായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ മറ്റുചില വിവരണങ്ങൾ ദൈവം വെറുക്കുന്ന പെരുമാറ്റരീതികളിലേക്കു വിരൽചൂണ്ടുന്നവയാണ്‌. പ്രധാനപ്പെട്ട ചില പാഠങ്ങൾ നമ്മെ ഓർമിപ്പിക്കുന്നതിനായി നല്ലവരും ദുഷിച്ചവരുമായ ആളുകളെക്കുറിച്ചുള്ള ഈ വിവരണങ്ങൾ ബൈബിളിൽ രേഖപ്പെടുത്താൻ യഹോവ ക്രമീകരിച്ചു. ഇത്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞതുപോലെയാണ്‌: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.”​—⁠റോമർ 15:⁠4.

3 ബൈബിളിലെ മൂന്നു വിവരണങ്ങൾ നമുക്കിപ്പോൾ ശ്രദ്ധിക്കാം: ദാവീദ്‌ ശൗലിനോട്‌ ഇടപെട്ടതിനെക്കുറിച്ചുള്ള വിവരണം, അനന്യാസിനെയും സഫീരയെയും കുറിച്ചുള്ള വിവരണം, പോത്തീഫറിന്റെ ഭാര്യയും യോസേഫും ഉൾപ്പെട്ട സംഭവം. ഇവയോരോന്നും നമ്മെ ചില സുപ്രധാന പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്‌.

യഹോവയുടെ ക്രമീകരണങ്ങളോടുള്ള വിശ്വസ്‌തത

4, 5. (എ) ശൗൽ രാജാവിനും ദാവീദിനും ഇടയിൽ ഏതു സാഹചര്യം നിലനിന്നിരുന്നു? (ബി) ശൗലിന്റെ ശത്രുതയോടു ദാവീദ്‌ എങ്ങനെയാണു പ്രതികരിച്ചത്‌?

4 ശൗൽ രാജാവ്‌ യഹോവയോട്‌ അവിശ്വസ്‌തനായിത്തീർന്നു; അങ്ങനെ ദൈവജനത്തെ ഭരിക്കാൻ അവൻ അയോഗ്യനാണെന്നു തെളിഞ്ഞു. അതുകൊണ്ട്‌ ദൈവം അവനെ തള്ളിക്കളയുകയും ഇസ്രായേലിന്റെ ഭാവിരാജാവായി ദാവീദിനെ അഭിഷേകംചെയ്യാൻ ശമൂവേൽ പ്രവാചകനു നിർദേശം നൽകുകയും ചെയ്‌തു. യോദ്ധാവെന്ന നിലയിൽ അസാധാരണ പാടവം പ്രകടമാക്കിയ ദാവീദിനെ ആളുകൾ പുകഴ്‌ത്തിയപ്പോൾ ശൗൽ അവനെ ഒരു എതിരാളിയായി കാണാൻ തുടങ്ങി. ദാവീദിനെ കൊല്ലാൻ ശൗൽ തുടർച്ചയായി ശ്രമിച്ചു. എന്നാൽ ഓരോ തവണയും അവൻ രക്ഷപ്പെട്ടു, കാരണം യഹോവ അവനോടൊപ്പം ഉണ്ടായിരുന്നു.—⁠1 ശമൂവേൽ 18:​6-12, 25; 19:​10, 11.

5 വർഷങ്ങളോളം ദാവീദിന്‌ ഒരു അഭയാർഥിയായി ജീവിക്കേണ്ടിവന്നു. ശൗലിനെ കൊല്ലാൻ പറ്റിയ അവസരം ഒത്തുവന്നപ്പോൾ യഹോവ അവനെ ദാവീദിന്റെ കയ്യിൽ ഏൽപ്പിക്കുകയാണെന്നു പറഞ്ഞുകൊണ്ട്‌ ശൗലിനെ കൊല്ലാൻ ദാവീദിന്റെ കൂടെയുണ്ടായിരുന്നവർ അവനെ നിർബന്ധിച്ചു. പക്ഷേ ദാവീദ്‌ അതിനു തയ്യാറായില്ല. യഹോവയോടുള്ള വിശ്വസ്‌തതയും ദൈവജനത്തിന്റെ അഭിഷിക്ത രാജാവെന്ന ശൗലിന്റെ സ്ഥാനത്തോടുള്ള ആദരവുമാണ്‌ അത്തരമൊരു നിലപാടു സ്വീകരിക്കാൻ ദാവീദിനെ പ്രേരിപ്പിച്ചത്‌. ശൗലിനെ ഇസ്രായേലിന്റെ രാജാവായി നിയമിച്ചത്‌ യഹോവയായിരുന്നില്ലേ? തക്കസമയത്ത്‌ യഹോവതന്നെ അവനെ ആ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്യുമായിരുന്നു. അക്കാര്യത്തിൽ ഇടപെടാൻ തനിക്ക്‌ യാതൊരു അധികാരവുമില്ലെന്ന്‌ ദാവീദിന്‌ അറിയാമായിരുന്നു. ശൗലിന്‌ തന്നോടുള്ള ശത്രുത മയപ്പെടുത്താനായി തനിക്കു ചെയ്യാവുന്നതെല്ലാം ചെയ്‌തശേഷം ദാവീദ്‌ ഈ നിഗമനത്തിലെത്തി: “യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടെക്കു ചെന്നു നശിക്കും; ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെപ്പാൻ യഹോവ സംഗതി വരുത്തരുതേ.”​—⁠1 ശമൂവേൽ 24:3-15; 26:7-20.

6. ദാവീദും ശൗലും ഉൾപ്പെട്ട വിവരണം നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ഈ വിവരണത്തിൽ ഒരു സുപ്രധാന പാഠം അടങ്ങിയിട്ടുണ്ട്‌. ക്രിസ്‌തീയ സഭയിൽ ചിലപ്പോഴൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉദാഹരണത്തിന്‌, ഒരു വ്യക്തി ഉചിതമല്ലാത്ത വിധത്തിൽ പ്രവർത്തിച്ചെന്നുവരാം. അദ്ദേഹം ഗുരുതരമായ ഒരു തെറ്റ്‌ ചെയ്യുന്നില്ലായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം നിങ്ങളെ വിഷമിപ്പിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്‌? ആ വ്യക്തിയോടുള്ള ക്രിസ്‌തീയ താത്‌പര്യവും യഹോവയോടുള്ള വിശ്വസ്‌തതയും നിമിത്തം, പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തിൽ ദയാപൂർവം അദ്ദേഹത്തോടു സംസാരിക്കാൻ നിങ്ങൾ തീരുമാനമെടുത്തേക്കാം. എന്നാൽ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിലോ? നിങ്ങൾക്കു ന്യായമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്‌തശേഷം, പ്രശ്‌നം യഹോവയ്‌ക്കു വിടാൻ നിങ്ങൾ തീരുമാനിച്ചേക്കാം. ദാവീദ്‌ ചെയ്‌തത്‌ അതാണ്‌.

7. അനീതിക്കോ മുൻവിധിക്കോ ഇരയാകേണ്ടിവന്നാൽ ദാവീദിനെപ്പോലെ നാം എന്തു ചെയ്യണം?

7 അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ സമൂഹത്തിൽനിന്നുള്ള അനീതിയോ മതപരമായ മുൻവിധിയോ നേരിടുന്നുണ്ടായിരിക്കാം. സാധ്യതയനുസരിച്ച്‌ ഇക്കാര്യത്തിൽ നിങ്ങൾക്കു കാര്യമായൊന്നും അല്ലെങ്കിൽ ഒന്നുംതന്നെ ചെയ്യാൻ കഴിയുന്നില്ലായിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ സഹിച്ചുനിൽക്കുക വളരെ ബുദ്ധിമുട്ടായിരിക്കാം. എന്നാൽ അനീതിയോടു ദാവീദ്‌ പ്രതികരിച്ച വിധത്തിൽനിന്ന്‌ നമുക്കൊരു പാഠം പഠിക്കാൻ കഴിയും. ദാവീദ്‌ രചിച്ച ഹൃദയസ്‌പർശിയായ സങ്കീർത്തനങ്ങളിൽ ശൗലിന്റെ കൈകളിൽനിന്നു രക്ഷിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള ഹൃദയംഗമമായ പ്രാർഥനകൾ മാത്രമല്ല, യഹോവയോടുള്ള അവന്റെ വിശ്വസ്‌തതയും ദൈവനാമത്തിന്റെ മഹത്ത്വീകരണത്തിലുള്ള അവന്റെ താത്‌പര്യവും നാം കാണുന്നു. (സങ്കീർത്തനം 18:1-6, 25-27, 30-32, 48-50; 57:1-11) വർഷങ്ങളോളം ശൗൽ അനീതിയോടെ ദാവീദിനോട്‌ ഇടപെട്ടെങ്കിലും ദാവീദ്‌ യഹോവയോടു വിശ്വസ്‌തനായി നിലകൊണ്ടു. മറ്റുള്ളവർ എന്തുതന്നെ ചെയ്‌താലും, നാം അനീതിക്ക്‌ ഇരയായാലും, നമ്മളും ദാവീദിനെപ്പോലെ യഹോവയോടും അവന്റെ സംഘടനയോടും വിശ്വസ്‌തരായി നിലകൊള്ളണം. നമ്മുടെ സാഹചര്യത്തെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എല്ലാം അറിയാം എന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.​—⁠സങ്കീർത്തനം 86:⁠2.

8. യഹോവയോടുള്ള വിശ്വസ്‌തത പരിശോധിക്കപ്പെട്ടപ്പോൾ മൊസാമ്പിക്കിലെ സാക്ഷികൾ എന്തു ചെയ്‌തു?

8 പരിശോധനകൾക്കു മധ്യേയും യഹോവയോടു വിശ്വസ്‌തമായി പറ്റിനിന്നവരുടെ ഒരു ആധുനികകാല ദൃഷ്ടാന്തമാണ്‌ മൊസാമ്പിക്കിലെ ക്രിസ്‌ത്യാനികൾ. അവർ താമസിച്ചിരുന്ന ഗ്രാമങ്ങൾ 1984-ൽ ഒരു പ്രതിരോധ പ്രസ്ഥാനത്തിലെ സായുധാംഗങ്ങളുടെ കൂടെക്കൂടെയുള്ള ആക്രമണത്തിന്‌ ഇരയായി. കൊലയും കൊള്ളയും കൊള്ളിവെപ്പുമൊക്കെ സാധാരണ സംഭവങ്ങളായി. സത്യക്രിസ്‌ത്യാനികൾ നിസ്സഹായരായി കാണപ്പെട്ടു. ഒരു സൈനിക പ്രസ്ഥാനത്തിൽ ചേരാനോ മറ്റു വിധങ്ങളിൽ അതിനെ പിന്തുണയ്‌ക്കാനോ സ്ഥലവാസികളുടെമേൽ സമ്മർദം ചെലുത്തുകയുണ്ടായി. എന്നാൽ അതിനു വഴങ്ങുന്നതിനെ തങ്ങളുടെ ക്രിസ്‌തീയ നിഷ്‌പക്ഷതയിൽ വിട്ടുവീഴ്‌ച ചെയ്യുന്നതിനു തുല്യമായി യഹോവയുടെ സാക്ഷികൾ വീക്ഷിച്ചു. അങ്ങനെ അവർ ആ പ്രസ്ഥാനത്തിന്റെ ക്രോധത്തിനു പാത്രമായി. ആ പ്രക്ഷുബ്ധ കാലയളവിൽ 30 സാക്ഷികളാണു കൊല്ലപ്പെട്ടത്‌. എന്നാൽ മരണത്തിനു മുന്നിൽപ്പോലും ദൈവജനം അവരുടെ വിശ്വസ്‌തത കൈവിട്ടില്ല. * ദാവീദിനെപ്പോലെ അനീതിക്ക്‌ ഇരയായെങ്കിലും ഒടുവിൽ അവർ വിജയശ്രീലാളിതരായിത്തീർന്നു.

ഓർമിപ്പിക്കലായി വർത്തിക്കുന്ന ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം

9, 10. (എ) ചില തിരുവെഴുത്തു ദൃഷ്ടാന്തങ്ങളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോജനം നേടാം? (ബി) അനന്യാസും സഫീരയും എന്തു തെറ്റാണു ചെയ്‌തത്‌?

9 തെറ്റുകൾ ചെയ്യുകയും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുകയും ചെയ്‌ത പലരുടെയും, ദൈവദാസരുടെ പോലും, അനുഭവങ്ങൾ ബൈബിളിലുണ്ട്‌. ഒഴിവാക്കേണ്ട പെരുമാറ്റരീതികൾ സംബന്ധിച്ചു നമ്മെ ഓർമിപ്പിക്കുന്ന മുന്നറിയിപ്പുകളായി ഇവ ഉതകുന്നു. (1 കൊരിന്ത്യർ 10:11) ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അനന്യാസിനെയും സഫീരയെയും കുറിച്ചുള്ള വിവരണം ഇതിന്‌ ഒരു ഉദാഹരണമാണ്‌. ആ ദമ്പതികൾ യെരൂശലേമിലെ ക്രിസ്‌തീയ സഭയിലെ അംഗങ്ങളായിരുന്നു.

10 പൊതുയുഗം 33-ലെ പെന്തെക്കൊസ്‌തിനുശേഷം, അപ്പൊസ്‌തലന്മാരുമായുള്ള സഹവാസത്തിൽനിന്ന്‌ പ്രയോജനം നേടുന്നതിനായി യെരൂശലേമിൽ തങ്ങിയ പുതിയ വിശ്വാസികൾക്ക്‌ ഭൗതിക സഹായം നൽകേണ്ടത്‌ ആവശ്യമായിവന്നു. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്താൻ സഭയിലെ ചില അംഗങ്ങൾ തങ്ങളുടെ നിലങ്ങളോ വസ്‌തുവകകളോ വിറ്റു. (പ്രവൃത്തികൾ 2:​41-45) അനന്യാസും സഫീരയും അവരുടെ നിലം വിറ്റു കിട്ടിയ മുഴുവൻ തുകയും ഏൽപ്പിക്കുന്നു എന്ന ഭാവത്തിൽ പണത്തിൽ ഒരു ഭാഗം മാത്രം അപ്പൊസ്‌തലന്മാരുടെ അടുക്കൽ കൊണ്ടുവന്നു. തങ്ങൾക്ക്‌ ഇഷ്ടമുള്ളത്‌​—⁠അത്‌ എത്രതന്നെയായിരുന്നാലും​—⁠കൊടുക്കാനുള്ള അവകാശം അവർക്ക്‌ ഉണ്ടായിരുന്നു എന്നതു ശരിതന്നെ. പക്ഷേ അവരുടെ ആന്തരം മോശമായിരുന്നു, പ്രവൃത്തികൾ സത്യസന്ധവുമല്ലായിരുന്നു. തങ്ങൾ ചെയ്‌തത്‌ പെരുപ്പിച്ചു കാണിച്ചുകൊണ്ട്‌ മറ്റുള്ളവരുടെ മുമ്പിൽ തങ്ങൾക്ക്‌ നല്ലൊരു പേരുണ്ടാക്കാനാണ്‌ അവർ ശ്രമിച്ചത്‌. എന്നാൽ അപ്പൊസ്‌തലനായ പത്രൊസ്‌ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അവരുടെ സത്യസന്ധതയില്ലായ്‌മയും കാപട്യവും തുറന്നുകാണിച്ചു. യഹോവ അവരെ കൊന്നുകളഞ്ഞു!​—⁠പ്രവൃത്തികൾ 5:​1-10.

11, 12. (എ) സത്യസന്ധതയെക്കുറിച്ച്‌ നമ്മെ ഓർമിപ്പിക്കുന്ന ചില തിരുവെഴുത്ത്‌ ഉദ്‌ബോധനങ്ങൾ ഏവ? (ബി) സത്യസന്ധരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?

11 ആളുകളുടെ മുമ്പിൽ നല്ല പേര്‌ ഉണ്ടാക്കുന്നതിനോ മുഖം രക്ഷിക്കുന്നതിനോ വേണ്ടി സത്യത്തെ വളച്ചൊടിക്കുന്നതിനുള്ള പ്രലോഭനം നമുക്ക്‌ ഉണ്ടാകുന്നപക്ഷം അനന്യാസിനെയും സഫീരയെയും കുറിച്ചുള്ള വിവരണം ശക്തമായ ഒരു ഓർമിപ്പിക്കലായിരിക്കട്ടെ. മനുഷ്യരെ കബളിപ്പിക്കാൻ ഒരുപക്ഷേ കഴിഞ്ഞെന്നിരിക്കും, എന്നാൽ യഹോവയെ വിഡ്‌ഢിയാക്കാൻ നമുക്കാകില്ല. (എബ്രായർ 4:13) സഹമനുഷ്യരോടുള്ള ഇടപെടലുകളിൽ സത്യസന്ധരായിരിക്കാൻ തിരുവെഴുത്തുകൾ നമ്മെ കൂടെക്കൂടെ ഉദ്‌ബോധിപ്പിക്കുന്നു; കാരണം അനീതിയുടെ കണിക പോലുമില്ലാത്ത പുതിയ ഭൂമിയിൽ, നുണ പറയുന്ന ആർക്കും ഇടമുണ്ടായിരിക്കുകയില്ല. (സദൃശവാക്യങ്ങൾ 14:2; വെളിപ്പാടു 21:8; 22:15) അതിന്റെ കാരണം വ്യക്തമാണ്‌, സകല അസത്യങ്ങളെയും ഊട്ടിവളർത്തുന്നത്‌ പിശാചായ സാത്താനല്ലാതെ മറ്റാരുമല്ല.​—⁠യോഹന്നാൻ 8:⁠44.

12 സത്യസന്ധരായി ജീവിക്കുന്നതുകൊണ്ട്‌ നിരവധി പ്രയോജനങ്ങളുണ്ട്‌. ഒരു ശുദ്ധ മനസ്സാക്ഷിയും മറ്റുള്ളവർ നമ്മെ വിശ്വാസയോഗ്യരായി കണക്കാക്കുന്നതിൽനിന്നു ലഭിക്കുന്ന സംതൃപ്‌തിയും അവയിൽ ചിലതുമാത്രം. സത്യസന്ധരായിരുന്നതിന്റെ പേരിൽ പലപ്പോഴും ക്രിസ്‌ത്യാനികൾക്ക്‌ ജോലി ലഭിക്കുകയോ ഉള്ള ജോലി നഷ്ടപ്പെടാതിരിക്കുകയോ ചെയ്‌തിട്ടുണ്ട്‌. എന്നാൽ അത്‌, സർവശക്തനായ ദൈവത്തിന്റെ സൗഹൃദം നേടിത്തരുന്നു എന്നതാണ്‌ ഏറ്റവും വലിയ പ്രയോജനം.​—⁠സങ്കീർത്തനം 15:​1, 2.

ധാർമികശുദ്ധി കാത്തുസൂക്ഷിക്കൽ

13. യോസേഫ്‌ ഏതു സാഹചര്യത്തെ അഭിമുഖീകരിച്ചു, അവൻ എന്തു ചെയ്‌തു?

13 ഗോത്രപിതാവായ യാക്കോബിന്റെ മകനായ യോസേഫിന്‌ 17 വയസ്സുള്ളപ്പോൾ അവന്റെ സഹോദരന്മാർ അവനെ ഒരു അടിമയായി വിറ്റു. ഒടുവിൽ അവൻ ഈജിപ്‌തിലെ കൊട്ടാര ഉദ്യോഗസ്ഥനായ പോത്തീഫറിന്റെ വീട്ടിലെത്തി. കാഴ്‌ചയ്‌ക്ക്‌ സുമുഖനായിരുന്ന യോസേഫിനോട്‌ ആകർഷണം തോന്നിയ, പോത്തീഫറിന്റെ ഭാര്യ അവനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആഗ്രഹിച്ചു. “എന്നോടുകൂടെ ശയിക്ക” എന്ന്‌ ദിനംപ്രതി അവൾ അവനോടു പറഞ്ഞുകൊണ്ടിരുന്നു. വീട്ടിൽനിന്നു വളരെ അകലെ, പരിചയക്കാർ ആരുമില്ലാത്ത ഒരു നാട്ടിൽ എത്തിച്ചേർന്ന യോസേഫിന്‌ മറ്റാരും അറിയാതെ യജമാനന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിയുമായിരുന്നു. എന്നിട്ടും, പോത്തീഫറിന്റെ ഭാര്യ അവനെ കടന്നു പിടിച്ചപ്പോൾ അവൻ ഓടിപ്പോയി.​—⁠ഉല്‌പത്തി 37:2, 18-28; 39:1-12.

14, 15. (എ) യോസേഫിനെക്കുറിച്ചുള്ള വിവരണം നമുക്ക്‌ താത്‌പര്യജനകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ദൈവത്തിന്റെ ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ കൊടുത്തതിൽ ഒരു ക്രിസ്‌തീയ സ്‌ത്രീ നന്ദിയുള്ളവളായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 ദൈവഭയമുള്ള ഒരു കുടുംബത്തിലാണ്‌ യോസേഫ്‌ വളർന്നുവന്നത്‌. ഭാര്യാഭർത്താക്കന്മാരല്ലാത്ത രണ്ടുപേർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു തെറ്റാണെന്ന്‌ അവൻ മനസ്സിലാക്കിയിരുന്നു. “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ” എന്ന്‌ അവൻ ചോദിച്ചു. എങ്ങനെയായിരിക്കാം അവൻ അത്തരമൊരു നിഗമനത്തിലെത്തിയത്‌? ഏദെനിൽവെച്ച്‌ മനുഷ്യനോടുള്ള ബന്ധത്തിൽ ദൈവം വെളിപ്പെടുത്തിയ, ഒരു ഇണ മാത്രമേ പാടുള്ളുവെന്ന ദിവ്യനിലവാരത്തെക്കുറിച്ച്‌ യോസേഫിനുണ്ടായിരുന്ന അറിവായിരിക്കണം അവനെ സഹായിച്ചത്‌. (ഉല്‌പത്തി 2:24) അത്തരമൊരു സാഹചര്യത്തിൽ യോസേഫ്‌ സ്വീകരിച്ച നിലപാടിനെക്കുറിച്ചു പരിചിന്തിക്കുന്നതിൽനിന്ന്‌ ഇന്ന്‌ ദൈവജനത്തിനു പ്രയോജനം നേടാനാകും. ലൈംഗികതയോടുള്ള ബന്ധത്തിൽ എന്തുമാകാം എന്ന മനോഭാവം ചില സ്ഥലങ്ങളിൽ പ്രബലമാണ്‌. ഇക്കാരണത്താൽ, അധാർമികതയിൽ ഏർപ്പെടാൻ വിസമ്മതിക്കുന്ന യുവജനങ്ങൾ കൂട്ടുകാരുടെ പരിഹാസത്തിനു പാത്രമാകുന്നു. മുതിർന്നവർക്കിടയിലാണെങ്കിൽ, വിവാഹത്തിനു പുറത്തുള്ള ബന്ധങ്ങൾ സാധാരണമാണ്‌. അതുകൊണ്ടുതന്നെ, യോസേഫിന്റെ വിവരണം നമുക്ക്‌ തക്കസമയത്തെ ഒരു ഓർമിപ്പിക്കലായി ഉതകുന്നു. പരസംഗവും വ്യഭിചാരവും പാപമാണെന്ന ദൈവത്തിന്റെ നിലവാരത്തിന്‌ മാറ്റമൊന്നും വന്നിട്ടില്ല. (എബ്രായർ 13:4) അധാർമിക ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മർദത്തിനു വഴങ്ങിയിട്ടുള്ള അനേകരും അങ്ങനെ ചെയ്യാതിരിക്കുന്നതിന്‌ തക്കതായ കാരണങ്ങൾ ഉണ്ടെന്നു സമ്മതിക്കുന്നു. വിലകെട്ടവരാണെന്ന തോന്നൽ, കുറ്റബോധം, അസൂയ, ഗർഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയായിരിക്കാം ഭവിഷ്യത്തുകളിൽ ചിലത്‌. തിരുവെഴുത്തുകൾ നമ്മെ ഓർമിപ്പിക്കുന്നതുപോലെ, പരസംഗത്തിലേർപ്പെടുന്ന വ്യക്തി “സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യു”കയാണ്‌.​—⁠1 കൊരിന്ത്യർ 5:9-12; 6:18; സദൃശവാക്യങ്ങൾ 6:23-29, 32.

15 അവിവാഹിതയായ ഒരു സാക്ഷിയാണു ജെന്നി. * യഹോവയുടെ ഓർമിപ്പിക്കലുകളെ വിലമതിക്കാൻ അവൾക്കു നല്ല കാരണമുണ്ട്‌. ജോലിസ്ഥലത്ത്‌ സുമുഖനായ ഒരു സഹപ്രവർത്തകൻ അവളോട്‌ പ്രേമപൂർവകമായ ഒരു വിധത്തിൽ പെരുമാറാൻ തുടങ്ങി. എന്നാൽ ജെന്നിയുടെ ഭാഗത്തുനിന്ന്‌ പ്രതികരണമൊന്നുമില്ലെന്നു കണ്ടപ്പോൾ അയാൾ തന്റെ ശ്രമത്തിന്‌ ആക്കംകൂട്ടി. “ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കാൻ എനിക്കു വളരെ പണിപ്പെടേണ്ടിവന്നു,” അവൾ സമ്മതിക്കുന്നു. “കാരണം എതിർലിംഗവർഗത്തിൽപ്പെട്ട ഒരാൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്‌ എന്നറിയുമ്പോൾ നിങ്ങൾ മതിമറന്നുപോയേക്കാം.” എന്നാൽ അയാളുടെ ലൈംഗിക പങ്കാളികളുടെ നിരയിലേക്ക്‌ തന്നെക്കൂടി കൂട്ടാനുള്ള ശ്രമം മാത്രമാണ്‌ അതെന്ന്‌ അവൾക്കു മനസ്സിലായി. ചെറുത്തുനിൽക്കാനുള്ള കരുത്തു ചോർന്നുപോകുന്നുവെന്നു തോന്നിയപ്പോൾ വിശ്വസ്‌തത പാലിക്കാനുള്ള സഹായത്തിനായി അവൾ യഹോവയോടു കേണപേക്ഷിച്ചു. ബൈബിളും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും ഗവേഷണം ചെയ്‌തപ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾ ജാഗ്രത പാലിക്കാൻ പ്രചോദനമേകിയ ഓർമിപ്പിക്കലുകൾ പോലെയായിരുന്നു എന്ന്‌ ജെന്നി കണ്ടെത്തി. ആ ഓർമിപ്പിക്കലുകളിലൊന്ന്‌ യോസേഫും പോത്തീഫറിന്റെ ഭാര്യയും ഉൾപ്പെട്ട സംഭവമായിരുന്നു. “ഞാൻ യഹോവയെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്‌ സ്വയം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നിടത്തോളം, ഈ മഹാദോഷം പ്രവർത്തിച്ച്‌ ദൈവത്തോടു പാപം ചെയ്യുമെന്ന്‌ ഞാൻ പേടിക്കേണ്ടതില്ല,” അവൾ പറയുന്നു.

ദൈവത്തിന്റെ ഓർമിപ്പിക്കലുകൾക്കു ചെവികൊടുക്കുക!

16. ബൈബിളിൽ പറഞ്ഞിരിക്കുന്ന വ്യക്തികളുടെ ജീവിതത്തെക്കുറിച്ചു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക്‌ എങ്ങനെ പ്രയോജനം നേടാനാകും?

16 യഹോവ നമുക്കായി ചില സംഭവങ്ങൾ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിവെച്ചത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നതിലൂടെ നമുക്ക്‌ ഏവർക്കും അവന്റെ നിലവാരങ്ങളോടുള്ള വിലമതിപ്പു വർധിപ്പിക്കാനാകും. അവ എന്താണു പഠിപ്പിക്കുന്നത്‌? ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിഴലിച്ചുകാണുന്ന ഏതു ഗുണങ്ങളും പ്രവണതകളുമാണ്‌ നാം അനുകരിക്കേണ്ടത്‌, എന്തൊക്കെയാണു നാം ഒഴിവാക്കേണ്ടത്‌? വാസ്‌തവത്തിൽ നൂറുകണക്കിനു കഥാപാത്രങ്ങൾ ബൈബിളിന്റെ താളുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ദിവ്യ പ്രബോധനം പ്രിയപ്പെടുന്ന ഏവർക്കും, യഹോവ ബൈബിളിൽ ശ്രദ്ധാപൂർവം രേഖപ്പെടുത്തിവെച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങളിലെ പാഠങ്ങൾ ഉൾപ്പെടെയുള്ള ജീവദായകമായ ജ്ഞാനത്തിനുവേണ്ടി ദാഹം വളർത്തിയെടുക്കുന്നതിൽനിന്നു പ്രയോജനം നേടാൻ കഴിയും. നമുക്ക്‌ എന്തെങ്കിലും പാഠം ഉൾക്കൊള്ളാൻ കഴിയുന്ന ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഈ മാസികയിൽ കൂടെക്കൂടെ പ്രത്യക്ഷപ്പെടാറുണ്ട്‌. അതു പരിശോധിക്കുന്നതിനായി സമയം മാറ്റിവെച്ചുകൂടേ?

17. യഹോവയുടെ ഓർമിപ്പിക്കലുകളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു, എന്തുകൊണ്ട്‌?

17 തന്റെ ഇഷ്ടം ചെയ്യാൻ പരിശ്രമിക്കുന്നവരോടു ദൈവം കാണിക്കുന്ന സ്‌നേഹപൂർവകമായ താത്‌പര്യത്തെപ്രതി നമുക്ക്‌ എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സ്‌ത്രീപുരുഷന്മാരെപ്പോലെതന്നെ നമ്മളും പൂർണരല്ല. എന്നിരുന്നാലും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖ നമുക്ക്‌ വിലതീരാത്ത പാഠങ്ങളുടെ ഒരു കലവറയാണ്‌. യഹോവയുടെ ഓർമിപ്പിക്കലുകൾക്ക്‌ ചെവികൊടുക്കുന്നതിലൂടെ നമുക്ക്‌ ഗുരുതരമായ തെറ്റുകൾ ഒഴിവാക്കാനാകും, നീതിനിഷ്‌ഠമായ ജീവിതം നയിച്ച നല്ല വ്യക്തികളുടെ മാതൃക അനുകരിക്കാനും കഴിയും. അങ്ങനെ ചെയ്‌താൽ പിൻവരുന്നപ്രകാരം പാടിയ സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പറയാനാകും: “അവന്റെ സാക്ഷ്യങ്ങളെ [“ഓർമിപ്പിക്കലുകളെ,” NW] പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ [“ഓർമിപ്പിക്കലുകളെ,” NW] പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.”​—⁠സങ്കീർത്തനം 119:2, 167.

[അടിക്കുറിപ്പുകൾ]

^ ഖ. 8 യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്‌തകം 1996 (ഇംഗ്ലീഷ്‌) പേജ്‌ 160-2 കാണുക.

^ ഖ. 15 യഥാർഥ പേരല്ല.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ശൗലിനോടുള്ള ദാവീദിന്റെ മനോഭാവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

• അനന്യാസിനെയും സഫീരയെയും കുറിച്ചുള്ള വിവരണം നമ്മെ എന്തു പഠിപ്പിക്കുന്നു?

• യോസേഫിന്റെ ജീവിതകഥ ഇന്ന്‌ നമ്മെ സംബന്ധിച്ചിടത്തോളം വിശേഷാൽ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

ശൗലിനെ കൊല്ലാൻ ദാവീദ്‌ അനുവദിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

[27-ാം പേജിലെ ചിത്രം]

അനന്യാസും സഫീരയും ഉൾപ്പെട്ട സംഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

[28-ാം പേജിലെ ചിത്രം]

അധാർമിക മുന്നേറ്റത്തെ ചെറുക്കാൻ യോസേഫിനെ സഹായിച്ചത്‌ എന്താണ്‌?