വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന [വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ] * മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല” എന്ന്‌ നിക്കോദേമൊസിനോടു യേശു പറഞ്ഞപ്പോൾ അവൻ എന്താണ്‌ അർഥമാക്കിയത്‌?​—⁠യോഹന്നാൻ 3:13.

ആ സമയത്ത്‌ യേശു ഭൂമിയിലായിരുന്നു, അവൻ അപ്പോഴും സ്വർഗത്തിലേക്കു കയറിപ്പോയിരുന്നില്ല, അതായത്‌ മടങ്ങിപ്പോയിരുന്നില്ല. എന്നിരുന്നാലും മേൽപ്പറഞ്ഞിരിക്കുന്ന വാക്യത്തിന്റെ അർഥം മനസ്സിലാക്കാൻ അതിന്റെ സന്ദർഭവും യേശുവിനെക്കുറിച്ചു നമുക്ക്‌ അറിയാവുന്ന കാര്യങ്ങളും നമ്മെ സഹായിക്കും.

പിതാവിനോടൊപ്പം യേശു സ്വർഗത്തിൽ മുമ്പു ജീവിച്ചിരുന്നു. എന്നാൽ തന്റെ നിയമിത സമയത്ത്‌ ദൈവം സ്വപുത്രന്റെ ജീവൻ മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റുകയും അങ്ങനെ യേശു ഒരു മനുഷ്യനായി ജനിക്കാൻ ഇടയാകുകയും ചെയ്‌തു. അതുകൊണ്ട്‌ യേശു “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന”വൻ ആയിരുന്നുവെന്നു പറയാനാകും. (ലൂക്കൊസ്‌ 1:30-35; ഗലാത്യർ 4:4; എബ്രായർ 2:9, 14, 17) മരണത്തിനുശേഷം, ഒരു ആത്മവ്യക്തിയായി പുനരുത്ഥാനം പ്രാപിച്ച്‌ അവൻ സ്വർഗത്തിൽ യഹോവയുടെ അടുക്കലേക്കു പോകുമായിരുന്നു. അതുകൊണ്ട്‌, തന്റെ മരണത്തിനു തൊട്ടുമുമ്പു നടത്തിയ പ്രാർഥനയിൽ യേശുവിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.”​—⁠യോഹന്നാൻ 17:5; റോമർ 6:4, 9; എബ്രായർ 9:24; 1 പത്രൊസ്‌ 3:18.

ഒരു ഗുരുവും പരീശനുമായ നിക്കോദേമൊസിനോടു സംസാരിക്കുന്ന സമയത്ത്‌ യേശു സ്വർഗത്തിലേക്കു മടങ്ങിപ്പോയിട്ടില്ലായിരുന്നു. അതിനുമുമ്പ്‌ മറ്റൊരു മനുഷ്യനും മരിച്ച്‌ സ്വർഗത്തിൽ പോയിട്ടുണ്ടായിരുന്നില്ലതാനും. യോഹന്നാൻ സ്‌നാപകൻ അതിശ്രേഷ്‌ഠനായ ഒരു പ്രവാചകനാണെന്നും എന്നാൽ “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” ആണെന്നും യേശു പ്രസ്‌താവിച്ചു. (മത്തായി 11:11) വിശ്വസ്‌ത രാജാവായ ദാവീദിനെക്കുറിച്ചു സംസാരിക്കവേ, മരണത്തിനുശേഷം അപ്പോഴും അവൻ ശവക്കുഴിയിൽത്തന്നെയാണെന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലൻ വ്യക്തമാക്കി. ദാവീദ്‌ സ്വർഗത്തിൽ പോയില്ല. (പ്രവൃത്തികൾ 2:29, 34) യേശു മരിക്കുന്നതിനുമുമ്പു മരിച്ചുപോയ ദാവീദും സ്‌നാപക യോഹന്നാനും വിശ്വസ്‌തരായ മറ്റു മനുഷ്യരും സ്വർഗത്തിൽ പോകാതിരുന്നതിന്‌ കാരണം ഉണ്ടായിരുന്നു: മനുഷ്യർ സ്വർഗീയ ജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെടുന്നതിനുള്ള വഴി യേശു തുറന്നുകൊടുക്കുന്നതിനുമുമ്പായിരുന്നു അവരെല്ലാം മരിച്ചത്‌. സ്വർഗത്തിലേക്കു പോയ ആദ്യവ്യക്തിയെന്ന നിലയിൽ യേശു സ്വർഗത്തിലേക്കുള്ള ‘ജീവനുള്ള പുതുവഴി പ്രതിഷ്‌ഠിച്ചിരിക്കുന്നു’ [“തുറന്നുതന്നിരിക്കുന്നു”, പി.ഒ.സി. ബൈബിൾ] എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി.​—⁠എബ്രായർ 6:19, 20; 9:24; 10:19, 20.

ആ സ്ഥിതിക്ക്‌ മരിച്ചു പുനരുത്ഥാനം പ്രാപിക്കുന്നതിനുമുമ്പുതന്നെ, “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന . . . മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല” എന്നു നിക്കോദേമൊസിനോടു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌? (യോഹന്നാൻ 3:13) നിക്കോദേമൊസുമായി യേശു ചർച്ചചെയ്‌തുകൊണ്ടിരുന്ന വിഷയം പരിചിന്തിക്കുക.

രാത്രിയുടെ മറവിൽ ആ യഹൂദ പ്രമാണി തന്നെ സമീപിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “പുതുതായി [“വീണ്ടും,” പി.ഒ.സി.] ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല.” (യോഹന്നാൻ 3:3) ദൈവരാജ്യത്തിൽ ആയിരിക്കുന്നതിനെക്കുറിച്ചുള്ള ഈ പ്രബോധനം നിക്കോദേമോസിന്‌ ഉൾക്കൊള്ളാനായില്ല. അവൻ ചോദിച്ചു: ‘അതെങ്ങനെ സാധിക്കും, വീണ്ടും ജനിക്കാൻ ഒരു മനുഷ്യന്‌ എങ്ങനെ കഴിയും?’ ഈ ആശയം മനസ്സിലാക്കാൻ അവന്‌ എന്തെങ്കിലും മാർഗമുണ്ടായിരുന്നോ? മനുഷ്യർക്ക്‌ അപ്പോഴുള്ള അറിവുവെച്ചുകൊണ്ട്‌ അതു മനസ്സിലാക്കുക സാധ്യമായിരുന്നില്ല. സ്വർഗത്തിൽ ജീവിച്ചിരുന്നിട്ടുള്ളവനോ, അങ്ങനെ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതു സംബന്ധിച്ച്‌ എന്തെങ്കിലും വിശദീകരണം നൽകാൻ പ്രാപ്‌തിയുള്ളവനോ ആയ മറ്റൊരു മനുഷ്യനും ഇല്ലായിരുന്നു. അതിനാൽ യേശു ഒഴികെ മറ്റാർക്കും അക്കാര്യം അവനു വ്യക്തമാക്കിക്കൊടുക്കാൻ കഴിയുമായിരുന്നില്ല. സ്വർഗത്തിൽനിന്ന്‌ ഇറങ്ങിവന്നവനെന്ന നിലയിൽ അത്തരം കാര്യങ്ങൾ വിശദീകരിക്കാൻ യോഗ്യതയുള്ള യേശുവിന്‌ നിക്കോദേമൊസിനെയും മറ്റുള്ളവരെയും പഠിപ്പിക്കാൻ കഴിയുമായിരുന്നു.

അങ്ങനെ ഈ വാക്യം സംബന്ധിച്ച ചോദ്യം, ദൈവവചനത്തിന്റെ പഠനവുമായി ബന്ധപ്പെട്ട്‌ അമൂല്യമായ ഒരു ആശയം പ്രദീപ്‌തമാക്കുന്നു. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി കാണപ്പെടുന്നു എന്നതുകൊണ്ടുമാത്രം ഒരു തിരുവെഴുത്തുഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്നതിൽ അർഥമില്ല. ബൈബിളിന്റെ ഒരു പ്രസ്‌താവന മറ്റു ബൈബിൾ ഭാഗങ്ങളുടെ സഹായത്തോടെ വേണം മനസ്സിലാക്കാൻ, അത്‌ മറ്റു ബൈബിൾ ഭാഗങ്ങളുമായി പൊരുത്തത്തിലായിരിക്കുകയും വേണം. കൂടാതെ, ഒരു പ്രഹേളികപോലെ കാണപ്പെടുന്ന ഒരു തിരുവെഴുത്തു ഭാഗത്തിന്റെ ന്യായയുക്തവും യുക്തിസഹവുമായ വിശദീകരണം കണ്ടെത്താൻ മിക്കപ്പോഴും അതിന്റെ സന്ദർഭം​—⁠ബന്ധപ്പെട്ട സാഹചര്യം അല്ലെങ്കിൽ ചർച്ചചെയ്യപ്പെടുന്ന വിഷയം​—⁠നമ്മെ സഹായിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 2 ചതുരവലയത്തിലുള്ള ഭാഗം ഏറ്റവും പുരാതനമായ ഗ്രീക്കു കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തതാണ്‌.