വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തുഷ്ടിക്കുള്ള ഉത്തമ വഴികാട്ടി

സന്തുഷ്ടിക്കുള്ള ഉത്തമ വഴികാട്ടി

സന്തുഷ്ടിക്കുള്ള ഉത്തമ വഴികാട്ടി

സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത്‌” ഓരോ മനുഷ്യന്റെയും അവകാശമാണ്‌. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനു രൂപംകൊടുത്തവരുടെ വീക്ഷണമായിരുന്നു അത്‌. എന്നാൽ ഒരു ലക്ഷ്യത്തിൽ എത്താൻ ശ്രമിക്കുന്നതും അതിൽ എത്തിച്ചേരുന്നതും രണ്ടും രണ്ടാണ്‌. അനേകം യുവജനങ്ങൾ കലാകായിക രംഗത്ത്‌ തിളങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ലക്ഷ്യത്തിൽ എത്തിച്ചേർന്ന എത്ര പേരുണ്ട്‌? സംഗീതലോകത്ത്‌ വ്യക്തിമുദ്ര പതിപ്പിക്കാൻ പാടുപെട്ട ഒരു പ്രശസ്‌ത ഗായകൻ പറയുന്നു: “നിങ്ങൾക്ക്‌ ഒരുപക്ഷേ അതിനു കഴിഞ്ഞെന്നുവരില്ല.”

സന്തുഷ്ടി കണ്ടെത്താൻ ശ്രമിച്ചാലും അതു ലഭിക്കില്ല എന്നാണ്‌ നിങ്ങൾ കരുതുന്നതെങ്കിൽ അതു ശരിയായ വീക്ഷണമല്ല. ശരിയായ വിധത്തിൽ ശ്രമിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ അതു നേടാനാകും. അത്‌ എങ്ങനെയാണ്‌? കഴിഞ്ഞ ലേഖനം സന്തുഷ്ടനായ അല്ലെങ്കിൽ “ധന്യനായ ദൈവമായ” യഹോവയെക്കുറിച്ചു പരാമർശിക്കുകയുണ്ടായി. (1 തിമൊഥെയൊസ്‌ 1:11) സന്തുഷ്ടി നേടുന്നതിനുള്ള മാർഗനിർദേശങ്ങൾ ദൈവം ബൈബിളിലൂടെ പ്രദാനം ചെയ്യുന്നു. അതിനാൽ സന്തുഷ്ടിക്കായുള്ള നിങ്ങളുടെ ശ്രമം നിരാശയ്‌ക്ക്‌ ഇടയാക്കിക്കൊണ്ട്‌ വഴിമുട്ടിനിൽക്കില്ല. പൊതുവേ അസന്തുഷ്ടിക്ക്‌ ഇടയാക്കുന്ന കാരണങ്ങൾ തരണം ചെയ്യാൻ യഹോവയ്‌ക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്‌ നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ യഹോവ നൽകുന്ന ആശ്വാസത്തെക്കുറിച്ചു ചിന്തിക്കുക.

പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ

മരണത്തെക്കുറിച്ച്‌ എന്തെങ്കിലും നല്ലതു പറയാൻ കഴിയുമോ? മരണം മക്കളിൽനിന്നു മാതാപിതാക്കളെയും മാതാപിതാക്കളിൽനിന്നു മക്കളെയും പറിച്ചെടുക്കുന്നു. അത്‌ ഉറ്റ സുഹൃത്തുക്കളെ വേർപിരിക്കുകയും ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്നവർക്കിടയിൽ അരക്ഷിതത്വം സൃഷ്ടിക്കുകയും ചെയ്യുന്നു. സന്തോഷത്തിൽ നീന്തിത്തുടിക്കുന്ന ഒരു കുടുംബത്തിൽനിന്ന്‌ മരണം ആരെയെങ്കിലും തട്ടിയെടുക്കുമ്പോൾ അവർ സങ്കടത്തിന്റെ ആഴക്കയത്തിൽ ആണ്ടുപോയേക്കാം.

മരണം സൃഷ്ടിക്കുന്ന ഹൃദയവേദന ആരും പറയാതെതന്നെ നമുക്കറിയാം. എന്നാൽ ചിലർ ആ യാഥാർഥ്യം മറച്ചുപിടിച്ചിട്ട്‌ അതിന്‌ അനുഗ്രഹത്തിന്റേതായ ഒരു പരിവേഷം നൽകുന്നു. 2005 ആഗസ്റ്റിൽ കത്രീന ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ച മെക്‌സിക്കോ ഉൾക്കടൽത്തീരത്ത്‌ സംഭവിച്ചതെന്തെന്ന്‌ നോക്കുക. അതിനിരയായ ഒരു വ്യക്തിയുടെ ശവസംസ്‌കാരവേളയിൽ പുരോഹിതൻ ഇപ്രകാരം പറഞ്ഞു: “കത്രീന അദ്ദേഹത്തെ കൊന്നില്ല. മറിച്ച്‌ ദൈവം അദ്ദേഹത്തെ സ്വർഗത്തിലേക്കു കൊണ്ടുപോയതാണ്‌.” മറ്റൊരവസരത്തിൽ സദുദ്ദേശ്യത്തോടെ ഒരു ആശുപത്രി ജീവനക്കാരി, അമ്മ മരിച്ച ഒരു പെൺകുട്ടിയോട്‌ വിഷമിക്കേണ്ടതില്ലെന്നും അവളുടെ അമ്മയെ ദൈവം സ്വർഗത്തിലേക്ക്‌ എടുത്തിരിക്കുന്നെന്നും പറഞ്ഞു. ആ പെൺകുട്ടി വിതുമ്പിക്കൊണ്ട്‌ പറഞ്ഞു: “എന്തിനാണ്‌ ദൈവം എന്നോടിതു ചെയ്‌തത്‌?”

അത്തരം അബദ്ധധാരണകൾ മിക്കപ്പോഴും തീരാദുഃഖത്തിലായിരിക്കുന്നവർക്ക്‌ യാതൊരാശ്വാസവും പകരുന്നില്ല. എന്തുകൊണ്ട്‌? കാരണം അത്തരം ആശയങ്ങൾ മരിച്ചവരെ സംബന്ധിച്ചുള്ള സത്യത്തിനു വിരുദ്ധമാണ്‌. ഇനി അതിനെക്കാൾ സങ്കടകരം, ഭീതിദവും വേദനാകരവുമായ മാർഗങ്ങളിലൂടെ ബന്ധുമിത്രാദികളെ തട്ടിയെടുക്കുന്ന ഒരു വ്യക്തിയായി ദൈവം ചിത്രീകരിക്കപ്പെടുന്നു എന്നതാണ്‌. ഒരു ആശ്വാസദായകനായിട്ടല്ല പകരം മരണം എന്ന ദുരന്തകഥയിലെ വില്ലനായിട്ടാണ്‌ അവർ ദൈവത്തെ വരച്ചുകാട്ടുന്നത്‌. എന്നാൽ മരണത്തെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നു.

ബൈബിൾ മരണത്തെ ഒരു ശത്രുവെന്നു വിളിക്കുന്നു. മനുഷ്യരുടെമേൽ ഭരണം നടത്തിയിട്ടുള്ള ഒരു രാജാവിനോടും അതു മരണത്തെ ഉപമിക്കുന്നു. (റോമർ 5:17; 1 കൊരിന്ത്യർ 15:26) മരണത്തിന്റെ പിടിയിൽനിന്ന്‌ ആർക്കും രക്ഷപ്പെടാനാവില്ല, അതിന്റെ പിടിയിലമരുന്ന പ്രിയപ്പെട്ട ഓരോ വ്യക്തിയും മരണത്തിന്റെ അസംഖ്യം ഇരകളിൽ ഒന്നായിത്തീരുന്നു. ബൈബിൾ വെളിപ്പെടുത്തുന്ന ഈ വസ്‌തുത നിമിത്തമാണ്‌ പ്രിയപ്പെട്ടവർ മരിക്കുമ്പോൾ നമുക്ക്‌ ദുഃഖവും നിസ്സഹായതയും അനുഭവപ്പെടുന്നത്‌. അത്തരം വികാരങ്ങൾ സ്വാഭാവികമാണെന്നാണ്‌ ഇതു സ്ഥിരീകരിക്കുന്നത്‌. എന്നിരുന്നാലും നമ്മുടെ പ്രിയപ്പെട്ടവരെ സ്വർഗത്തിലേക്കു കൊണ്ടുപോകുന്നതിനു ദൈവം ശത്രുവായ മരണത്തെത്തന്നെ ഉപയോഗിക്കുമോ? ബൈബിൾ അതിനുള്ള മറുപടി പറയട്ടെ.

സഭാപ്രസംഗി 9:5, 10 ഇപ്രകാരം പറയുന്നു: “മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . നീ ചെല്ലുന്ന പാതാളത്തിൽ” മൂലകൃതിയനുസരിച്ച്‌ ഷീയോളിൽ “പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” എന്താണ്‌ ഷീയോൾ? മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയാണത്‌. ആ ശവക്കുഴിയിൽപ്പോകുന്ന മരിച്ചവർ പൂർണമായി നിഷ്‌ക്രിയാവസ്ഥയിലാണ്‌. അവിടെ ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തിയോ വികാരമോ ചിന്തയോ ഇല്ല. ഒരു ഗാഢനിദ്രയോട്‌ ഉപമിക്കാവുന്ന ഒരു അവസ്ഥയിലാണ്‌ അവർ. * ദൈവം നമ്മുടെ പ്രിയപ്പെട്ടവരെ തന്നോടൊപ്പം ആയിരിക്കാൻ സ്വർഗത്തിലേക്ക്‌ എടുക്കുന്നില്ല എന്ന്‌ ബൈബിൾ ആ വിധത്തിൽ വ്യക്തമാക്കുന്നു. മരണമടഞ്ഞവർ ശവക്കുഴിയിൽ നിർജീവാവസ്ഥയിലാണ്‌.

യേശു തന്റെ സ്‌നേഹിതനായ ലാസർ മരിച്ചതിനുശേഷം ഈ വസ്‌തുത സ്ഥിരീകരിക്കുകയുണ്ടായി. അവൻ മരണത്തെ ഉറക്കത്തോട്‌ ഉപമിച്ചു. ലാസർ സ്വർഗത്തിൽ സർവശക്തനായ ദൈവത്തിന്റെ അടുത്ത്‌ പോയിരുന്നെങ്കിൽ ഒരിക്കൽക്കൂടി മരിക്കുന്നതിനായി യേശു അവനെ ഭൂമിയിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌ ഒരു ദയാപ്രവൃത്തി ആയിക്കുമായിരുന്നില്ല. യേശു കല്ലറയുടെ അടുത്തു ചെന്ന്‌ “ലാസരേ, പുറത്തുവരിക” എന്ന്‌ ഉറക്കെ വിളിച്ചു പറയുന്നതായി നിശ്വസ്‌ത രേഖയിൽ കാണാം. “മരിച്ച ലാസർ പുറത്തു വന്നു” എന്ന്‌ വിവരണം തുടർന്നു പറയുന്നു. അവൻ വീണ്ടും ജീവനുള്ളവനായിത്തീർന്നു. അവൻ ഭൂമിയിൽനിന്ന്‌ എങ്ങോട്ടും പോയിട്ടില്ലെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അവൻ ശവക്കുഴിയിൽ നിർജീവാവസ്ഥയിലായിരുന്നു.​—⁠യോഹന്നാൻ 11:11-14, 34, 38-44.

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സംഭവം മനുഷ്യരെ ഭൂമിയിൽനിന്നു സ്വർഗത്തിലേക്ക്‌ സ്ഥലംമാറ്റുന്നതിനുള്ള ദൈവത്തിന്റെ ഒരു ഉപാധിയല്ല മരണം എന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. അതുകൊണ്ട്‌ ദൈവമല്ല നമ്മുടെ ദുഃഖത്തിന്‌ ഉത്തരവാദി എന്ന തിരിച്ചറിവോടെ നമുക്ക്‌ അവനോട്‌ അടുത്തുചെല്ലാനാകും. കൂടാതെ മരണം വരുത്തുന്ന കഷ്ടനഷ്ടങ്ങൾ ദൈവത്തിനു പൂർണമായി മനസ്സിലാകുന്നുവെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌. മരിച്ചവരെ സംബന്ധിച്ചുള്ള ബൈബിൾ സത്യങ്ങൾ അവർ അഗ്നിനരകത്തിലോ ശുദ്ധീകരണസ്ഥലത്തോ ദണ്ഡിപ്പിക്കപ്പെടുന്നില്ല പകരം നിർജീവാവസ്ഥയിൽ പൊതു ശവക്കുഴിയിലാണെന്നു തെളിയിക്കുന്നു. ആ സ്ഥിതിക്ക്‌ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകൾ ദൈവത്തോടുള്ള വെറുപ്പിനാലോ മരിച്ചവർ എവിടെയാണെന്ന അജ്ഞതയാലുള്ള ഭയത്താലോ വികലമാകേണ്ടതില്ല. കൂടാതെ ബൈബിളിലൂടെ യഹോവയിൽനിന്നുള്ള കൂടുതലായ ആശ്വാസവും ലഭ്യമാണ്‌.

പ്രത്യാശ സന്തുഷ്ടിയിലേക്കു നയിക്കുന്നു

നാം പരിചിന്തിച്ച തിരുവെഴുത്തുകൾ കാണിക്കുന്നത്‌ സന്തുഷ്ടി നേടുന്നതിനുള്ള അവിഭാജ്യ ഘടകമാണ്‌ പ്രത്യാശ എന്നാണ്‌. ബൈബിളിൽ “പ്രത്യാശ” എന്ന വാക്ക്‌ നല്ലതിനുവേണ്ടി ഉറച്ച പ്രതീക്ഷ പുലർത്തുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. പ്രത്യാശ സന്തുഷ്ടിയിലേക്കു നയിക്കുന്നതെങ്ങനെ എന്നറിയാൻ നമുക്കിപ്പോൾ യേശു ലാസറിനെ ഉയിർപ്പിക്കുന്ന വിവരണത്തിലേക്കു മടങ്ങിപ്പോകാം.

കുറഞ്ഞത്‌ രണ്ടു കാരണങ്ങളാലാണ്‌ യേശു ആ അത്ഭുതം പ്രവർത്തിച്ചത്‌. മാർത്ത, മേരി, ദുഃഖാർത്തരായ സുഹൃത്തുക്കൾ എന്നിവരുടെ സങ്കടം അകറ്റുക എന്നതായിരുന്നു ഒരു കാരണം. ലാസറുമായി വീണ്ടും സഖിത്വം ആസ്വദിക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ മാർത്തയോടു സംസാരിക്കവേ രണ്ടാമത്തേതും അതിപ്രധാനവുമായ മറ്റൊരു കാരണം യേശു വ്യക്തമാക്കി: “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.” (യോഹന്നാൻ 11:40) ദ ന്യൂ ടെസ്റ്റമെന്റ്‌ ഇൻ ദ മോഡേൺ ഇംഗ്ലീഷ്‌, ജെ. ബി. ഫിലിപ്‌സിനാലുള്ള ഭാഷാന്തരത്തിൽ “ദൈവത്തിന്റെ മഹത്വം” എന്നത്‌ “ദൈവത്തിനു ചെയ്യാൻ കഴിയുന്ന അത്ഭുതം” എന്നാണ്‌ കൊടുത്തിരിക്കുന്നത്‌. യേശു ലാസറിനു ജീവൻ തിരികെ നൽകിക്കൊണ്ട്‌ യഹോവയ്‌ക്ക്‌ എന്തു ചെയ്യാൻ കഴിയുമെന്നും ഭാവിയിൽ എന്തു ചെയ്യാനിരിക്കുന്നുവെന്നും ഉള്ളതിന്റെ ഒരു പൂർവ വീക്ഷണം നൽകി. “ദൈവത്തിനു ചെയ്യാൻ കഴിയുന്ന അത്ഭുതത്തിന്റെ” കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

യോഹന്നാൻ 5:28, 29-ൽ യേശു ഇപ്രകാരം പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ട്‌ . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” അതിനർഥം നമ്മുടെ പ്രിയപ്പെട്ടവർ ഉൾപ്പെടെ ഷീയോളിൽ അഥവാ പൊതുശവക്കുഴിയിലുള്ള എല്ലാവരും ജീവനിലേക്കു തിരിച്ചുവരും എന്നാണ്‌. പ്രവൃത്തികൾ 24:15 ഈ മഹാസംഭവത്തെക്കുറിച്ച്‌ കൂടുതൽ വെളിപ്പെടുത്തുന്നു. അവിടെ പറയുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” അതുകൊണ്ട്‌ ദൈവത്തെ അറിയുകയോ സേവിക്കുകയോ ചെയ്‌തിട്ടില്ലാത്ത അനേകം “നീതികെട്ടവർക്കും” ഭാവിയിൽ ദൈവാംഗീകാരം നേടുന്നതിനുള്ള ഒരു അവസരം ലഭിക്കും.

ഈ പുനരുത്ഥാനം എവിടെയായിരിക്കും നടക്കുക? സങ്കീർത്തനം 37:29 പറയുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” അതിന്റെ അർഥം എന്താണെന്ന്‌ ഒന്നു ചിന്തിച്ചു നോക്കൂ! മരണം വേർപിരിച്ച കുടുംബങ്ങളും സുഹൃത്തുക്കളും വീണ്ടും ഈ ഭൂമിയിൽ ഒന്നുചേരും. നമ്മുടെ പ്രിയപ്പെട്ടവരുമായി വീണ്ടും സഖിത്വം ആസ്വദിക്കാനാകുന്നതിനെക്കുറിച്ച്‌ ഓർക്കുമ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷഭരിതമാകുമെന്നതു തീർച്ചയാണ്‌.

നിങ്ങൾ സന്തുഷ്ടനായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു

പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിലും യഹോവയ്‌ക്ക്‌ നിങ്ങളുടെ സന്തോഷം വർധിപ്പിക്കാനാകുന്ന രണ്ട്‌ വിധങ്ങളാണു നാം കണ്ടുകഴിഞ്ഞത്‌. ഒന്നാമതായി, നമ്മുടെ പ്രശ്‌നങ്ങളെ വിജയകരമായി നേരിടുന്നതിന്‌ ആവശ്യമായ പരിജ്ഞാനവും മാർഗനിർദേശവും ബൈബിളിലൂടെ അവൻ പ്രദാനം ചെയ്യുന്നു. മരണം കൈവരുത്തുന്ന അഗാധമായ ദുഃഖത്തിൽനിന്നും കരകയറാൻ മാത്രമല്ല സാമ്പത്തികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളെ കൈകാര്യംചെയ്യാനും ബൈബിൾ നമ്മെ സഹായിക്കുന്നു. സാമൂഹിക അനീതിയും രാഷ്‌ട്രീയ അനിശ്ചിതത്വവും ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുന്നതിനുള്ള ശക്തിപകരാൻ അതിനു കഴിയും. കൂടാതെ അതിലെ മാർഗനിർദേശങ്ങൾ പിൻപറ്റുന്നെങ്കിൽ വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളെ നേരിടുന്നതിനും അത്‌ നിങ്ങളെ സഹായിക്കും.

രണ്ടാമതായി, ബൈബിൾ പഠിക്കുന്നതിലൂടെ അതിശ്രേഷ്‌ഠമായ ഒരു പ്രത്യാശ നിങ്ങൾ നേടിയെടുക്കും, ഏതൊരു മനുഷ്യനും നൽകാൻ കഴിയുന്നതിനെക്കാൾ ശ്രേഷ്‌ഠമായ ഒന്നാണത്‌. നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പുനരുത്ഥാനം ബൈബിൾ വെച്ചുനീട്ടുന്ന ആ പ്രത്യാശയുടെ ഭാഗമാണ്‌. വെളിപ്പാടു 21:​3-5 അതിന്റെ വിശദാംശങ്ങൾ നൽകുന്നു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” അതിനർഥം നമ്മെ ദുഃഖത്തിലാഴ്‌ത്തുന്ന സകലതും താമസംവിനാ എന്നെന്നേക്കുമായി പൊയ്‌പോകുമെന്നാണ്‌. ബൈബിൾ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെല്ലാം നിറവേറും. നിങ്ങൾക്ക്‌ അതിന്റെ നിവൃത്തി അനുഭവിച്ചറിയാനാകും. ആ നല്ല കാലം വരാൻപോകുന്നുവെന്ന അറിവുതന്നെ നമുക്ക്‌ ആശ്വാസം പകരുന്നു. കൂടാതെ മരണാനന്തരം നിങ്ങൾ നിത്യദണ്ഡനം അനുഭവിക്കുന്നില്ല എന്നറിയുന്നതും സന്തോഷത്തിനുള്ള വക നൽകുന്നു.

ദൃഷ്ടാന്തത്തിന്‌, കുറച്ചു വർഷങ്ങൾക്കു മുമ്പ്‌ കാൻസർ ബാധിച്ച ഭർത്താവിന്റെ വേദനാകരമായ അന്ത്യം മരിയയ്‌ക്ക്‌ കാണേണ്ടിവന്നു. ആ ദുഃഖത്തിൽനിന്നും കരകയറുന്നതിനു മുമ്പേ സാമ്പത്തിക ബാധ്യതകൾ നിമിത്തം അവർക്ക്‌ മൂന്നു പെൺമക്കളെയും കൂട്ടി തറവാടുവിട്ടിറങ്ങേണ്ടിവന്നു. രണ്ടു വർഷം കഴിഞ്ഞ്‌ തനിക്കും കാൻസർ രോഗമുള്ളതായി മരിയ തിരിച്ചറിഞ്ഞു. രണ്ടുപ്രാവശ്യം ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയായ അവർ വേദന സഹിച്ച്‌ ദിവസങ്ങൾ തള്ളിനീക്കുന്നു. ഈ പ്രശ്‌നങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും ശുഭാപ്‌തിവിശ്വാസം കൈവിടാത്ത അവർ മറ്റുള്ളവർക്കു നല്ല പ്രോത്സാഹനമാണ്‌. അവർ എങ്ങനെയാണ്‌ തന്റെ സന്തോഷം നിലനിറുത്തുന്നത്‌?

മരിയ പറയുന്നു: “പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ അതേക്കുറിച്ച്‌ അതിരുകവിഞ്ഞു ചിന്തിക്കാറില്ല. എന്തുകൊണ്ട്‌ എനിക്കിതു സംഭവിച്ചു? ഞാൻ ഇതെല്ലാം അനുഭവിക്കേണ്ടിവരുന്നത്‌ എന്തുകൊണ്ട്‌? എനിക്ക്‌ ഈ രോഗം വന്നതെന്തുകൊണ്ടാണ്‌? ഇത്തരം ചോദ്യങ്ങൾ ഞാൻ ഒഴിവാക്കുന്നു. കാരണം നിഷേധാത്മക ചിന്തകൾ ഊർജം ചോർത്തിക്കളയുകയേയുള്ളൂ. എന്നാൽ ഞാൻ യഹോവയെ സേവിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുമായി എന്റെ ഊർജം ചെലവഴിക്കുന്നു. അത്‌ എനിക്കു സന്തോഷം പകരുന്നു.”

പ്രത്യാശ എങ്ങനെയാണ്‌ മരിയയെ സഹായിക്കുന്നത്‌? യഹോവ രോഗങ്ങളും മറ്റു പ്രശ്‌നങ്ങളും തുടച്ചുനീക്കുന്ന സമയത്തിനായി അവർ പ്രത്യാശയോടെ കാത്തിരിക്കുന്നു. ചികിത്സയ്‌ക്കായി ആശുപത്രിയിൽ പോകുമ്പോൾ നിരാശയിൽ കഴിയുന്ന മറ്റു കാൻസർ രോഗികളുമായി തന്റെ പ്രത്യാശ പങ്കുവെക്കാനും ശ്രമിക്കുന്നു. ആ പ്രത്യാശ മരിയയ്‌ക്ക്‌ എത്ര പ്രധാനമാണ്‌? അവർ പറയുന്നു: “എബ്രായർ 6:​19-ലെ പൗലൊസിന്റെ വാക്കുകൾ ഞാൻ എല്ലായ്‌പോഴും ഓർക്കാറുണ്ട്‌. അവിടെ അവൻ പ്രത്യാശയെ ആത്മാവിന്റെ ഒരു നങ്കൂരം എന്നു വിശേഷിപ്പിക്കുന്നു. ആ നങ്കൂരമില്ലെങ്കിൽ നിങ്ങൾ കൊടുങ്കാറ്റിൽപ്പെട്ട്‌ ഒഴുകി നടക്കുന്ന ഒരു ബോട്ടു പോലെയായിരിക്കും. എന്നാൽ ആ നങ്കൂരം ഉണ്ടെങ്കിലോ കൊടുങ്കാറ്റുസമാന പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നാലും നിങ്ങൾ സുരക്ഷിതരായിത്തന്നെ തുടരും.” “ഭോഷ്‌കില്ലാത്ത ദൈവം വാഗ്‌ദത്തം ചെയ്‌ത നിത്യജീവന്റെ” ആ പ്രത്യാശ സന്തോഷം നിലനിറുത്താൻ മരിയയെ സഹായിക്കുന്നു. നിങ്ങളുടെ കാര്യത്തിലും പ്രത്യാശയ്‌ക്ക്‌ അതുതന്നെ ചെയ്യാനാകും.​—⁠തീത്തൊസ്‌ 1:⁠2.

പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിലും ബൈബിൾപഠനം നിങ്ങൾക്ക്‌ സന്തുഷ്ടി നേടിത്തരും. എന്നാൽ അതത്ര പ്രായോഗികമാണോയെന്ന്‌ നിങ്ങൾ സംശയിക്കുന്നുണ്ടായിരിക്കാം. യഥാർഥത്തിൽ സന്തുഷ്ടരായിരിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട തിരുവെഴുത്തു തത്ത്വങ്ങൾ നിങ്ങൾക്കു കാണിച്ചുതരുന്നതിന്‌ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌. യഹോവ നൽകുന്ന പ്രത്യാശയുടെ നിവൃത്തിക്കായി കാത്തിരിക്കവേ നിങ്ങൾക്ക്‌ പിൻവരുന്നവരുടെ കൂട്ടത്തിലായിരിക്കാൻ കഴിയും: “അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.”​—⁠യെശയ്യാവു 35:10.

[അടിക്കുറിപ്പ്‌]

^ ഖ. 9 എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (2003) പറയുന്നതനുസരിച്ച്‌ ഷീയോൾ “വേദനയോ സന്തോഷമോ, ശിക്ഷയോ പ്രതിഫലമോ ലഭിക്കുന്ന ഒരു സ്ഥലമല്ല.”

[5-ാം പേജിലെ ചിത്രം]

ബൈബിൾ സത്യത്തിനു മാത്രമേ സാന്ത്വനമേകാൻ കഴിയൂ

[7-ാം പേജിലെ ചിത്രം]

ബൈബിൾ വെച്ചുനീട്ടുന്ന പുനരുത്ഥാന പ്രത്യാശ സന്തുഷ്ടിയേകുന്നു