വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷം കണ്ടെത്താൻ നിങ്ങൾക്കു കഴിയും

സന്തോഷം കണ്ടെത്താൻ നിങ്ങൾക്കു കഴിയും

സന്തോഷം കണ്ടെത്താൻ നിങ്ങൾക്കു കഴിയും

നിലനിൽക്കുന്ന യഥാർഥ സന്തുഷ്ടി. അതു കണ്ടെത്തുക ഇന്ന്‌ അത്ര എളുപ്പമല്ല. സന്തുഷ്ടിക്കായുള്ള അനന്തമായ അന്വേഷണത്തിൽ അനേകരും തെറ്റായ ഉറവിടങ്ങളിലേക്കു തിരിയുന്നുവെന്നതാണ്‌ അതിന്റെ ഒരു പ്രധാന കാരണം. ശരിയായ മാർഗനിർദേശം നൽകാൻ ആശ്രയയോഗ്യനും അനുഭവസമ്പന്നനുമായ ഒരു സ്‌നേഹിതൻ അവർക്കുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരിക്കുമായിരുന്നു!

അത്തരം മാർഗനിർദേശം പ്രദാനംചെയ്യുന്ന ഒരു ഗ്രന്ഥമാണ്‌ ബൈബിൾ. അതിൽ സങ്കീർത്തനപ്പുസ്‌തകം മാത്രമൊന്നു പരിശോധിച്ചുനോക്കൂ. യഹോവയാം ദൈവത്തിനുള്ള 150 ഗീതങ്ങളുടെ ഒരു സമാഹാരമാണ്‌ അത്‌. പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ്‌ ആണ്‌ അതിൽ പകുതിയോളവും രചിച്ചത്‌. എന്നിരുന്നാലും, എഴുത്തുകാർ ആരാണ്‌ എന്ന്‌ അറിയുന്നതിനെക്കാൾ പ്രധാനമാണ്‌ മനുഷ്യവർഗത്തിന്റെ ഏറ്റവും നല്ല സ്‌നേഹിതനായ യഹോവയുടെ പ്രചോദനത്താലാണ്‌ അവർ അത്‌ എഴുതിയത്‌ എന്നറിയുന്നത്‌. നമ്മുടെ നന്മയ്‌ക്കായുള്ള ദിവ്യ മാർഗനിർദേശം അതിൽ അടങ്ങിയിട്ടുണ്ടെന്നും സന്തുഷ്ടിയിലേക്കുള്ള വഴി അതു ചൂണ്ടിക്കാണിക്കുന്നുവെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

ദൈവവുമായുള്ള ഉറ്റബന്ധത്തിൽനിന്നു ലഭിക്കുന്ന ഒന്നാണ്‌ സന്തുഷ്ടിയെന്ന്‌ സങ്കീർത്തനങ്ങൾ എഴുതിയവർക്ക്‌ ഉറപ്പുണ്ടായിരുന്നു. “യഹോവയെ ഭയപ്പെട്ടു” ജീവിക്കുന്ന ഒരു വ്യക്തി സന്തുഷ്ടനാണെന്ന്‌ സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 112:1) മാനുഷ ബന്ധങ്ങളോ ഭൗതിക ആസ്‌തികളോ വ്യക്തിപരമായ നേട്ടങ്ങളോ ഒന്നും, “യഹോവ ദൈവമായിരിക്കുന്ന ജന”ത്തിന്റെ ഭാഗം ആയിരിക്കുന്നതിനെക്കാൾ സന്തുഷ്ടി നേടിത്തരുകയില്ല. (സങ്കീർത്തനം 144:15) നമ്മുടെ കാലത്തെ അനേകം ദൈവദാസന്മാരുടെ ജീവിതം അതു തെളിയിക്കുന്നു.

ഇപ്പോൾ 40-കളുടെ ആരംഭത്തിലുള്ള സൂസന്ന അതിനൊരു ഉദാഹരണമാണ്‌. * അവർ പറയുന്നു: “പൊതുവായ ലക്ഷ്യങ്ങൾ സാധിക്കാനോ പൊതുതാത്‌പര്യമുള്ള കാര്യങ്ങളിൽ ഏർപ്പെടാനോ വേണ്ടി ഇന്ന്‌ അനേകരും ചില ഗ്രൂപ്പുകളിൽ ചേരുന്നു. എന്നാൽ അതിലുള്ള എല്ലാ അംഗങ്ങളെയും വളരെ അപൂർവമായിട്ടേ അവർ സ്‌നേഹിതന്മാരായി വീക്ഷിക്കുന്നുള്ളൂ. യഹോവയുടെ ജനത്തിന്റെ കാര്യം പക്ഷേ വ്യത്യസ്‌തമാണ്‌. യഹോവയോടുള്ള സ്‌നേഹം പരസ്‌പരം സ്‌നേഹവാത്സല്യമുള്ളവരായിരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. എവിടെയായിരുന്നാലും, ദൈവജനവുമായുള്ള സഹവാസം നമുക്കു മനസ്സമാധാനവും സ്വസ്ഥതയും പ്രദാനംചെയ്യുന്നു. ഈ ഐക്യം നമ്മുടെ ജീവിതം ധന്യമാക്കുന്നു. തികച്ചും വ്യത്യസ്‌തമായ പശ്ചാത്തലങ്ങളിൽനിന്നും സാമൂഹികക്കൂട്ടങ്ങളിൽനിന്നും നാനാദേശങ്ങളിൽനിന്നുമുള്ള വ്യക്തികൾ സ്‌നേഹിതരായി ഉണ്ടെന്ന്‌ അവകാശപ്പെടാൻ ഇന്നു മറ്റാർക്കു കഴിയും? യഹോവയുടെ ജനത്തിന്റെ ഭാഗമായിരിക്കുന്നത്‌ സന്തുഷ്ടി കൈവരുത്തുന്നുവെന്ന്‌ പൂർണഹൃദയത്തോടെ എനിക്കു പറയാനാകും.”

സന്തുഷ്ടി കണ്ടെത്താൻ യഹോവയുമായുള്ള ഉറ്റബന്ധം സുപ്രധാനമാണെന്നു തിരിച്ചറിഞ്ഞ മറ്റൊരു വ്യക്തിയാണ്‌ സ്‌കോട്ട്‌ലൻഡിൽ ജനിച്ച മാരി. “ബൈബിൾ പഠിക്കുന്നതിനുമുമ്പ്‌, പേടിപ്പെടുത്തുന്ന സിനിമകൾ കാണുന്ന ശീലം എനിക്കുണ്ടായിരുന്നു. മിക്ക സിനിമകളിലും പ്രേതങ്ങളും രക്തരക്ഷസ്സുകളും സ്ഥിരംകഥാപാത്രങ്ങളായിരുന്നു. അവരിൽനിന്നുള്ള സംരക്ഷണാർഥം കയ്യിൽ ഒരു കുരിശും പിടിച്ചുകൊണ്ടേ എനിക്ക്‌ ഉറങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ബൈബിൾ പഠിക്കുകയും അത്തരം സിനിമകൾ കാണുന്നതു നിറുത്തുകയും ചെയ്‌തപ്പോൾ യഹോവയുമായുള്ള ബന്ധം, ഭയംകൂടാതെ കിടന്നുറങ്ങാൻ എന്നെ സഹായിച്ചു. ഭൂതങ്ങളെക്കാളും സാങ്കൽപ്പിക രക്തരക്ഷസ്സുകളെക്കാളുമൊക്കെ ശക്തനായ അവനെ ഞാനിന്ന്‌ സന്തോഷത്തോടെ സേവിക്കുന്നു.”

യഹോവയിലുള്ള ആശ്രയം സന്തുഷ്ടിയിലേക്കു നയിക്കുന്നു

സ്രഷ്ടാവ്‌ സർവശക്തനാണെന്നും അവന്‌ അപരിമേയ ജ്ഞാനമുണ്ടെന്നുമുള്ള വസ്‌തുത സംശയിക്കാൻ നമുക്ക്‌ ഒരു കാരണവുമില്ല. യഹോവയിൽ പൂർണമായി ആശ്രയിക്കാനും അഭയം പ്രാപിക്കാനും കഴിയുമെന്നു മനസ്സിലാക്കിക്കൊണ്ട്‌ ദാവീദ്‌ ഇങ്ങനെ എഴുതി: ‘യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുന്ന മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].’​—⁠സങ്കീർത്തനം 40:⁠4.

മാരിയാ ഇങ്ങനെ പറയുന്നു: “യഹോവയ്‌ക്കു പ്രസാദകരമല്ലാത്ത ഒരു വിധത്തിൽ പ്രവർത്തിക്കാൻ നാം ആഗ്രഹിച്ചേക്കാമെങ്കിലും സ്വന്തം തോന്നലുകളും വികാരങ്ങളും ഗണ്യമാക്കാതെ അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കുമ്പോൾ അതു നമുക്ക്‌ ഏറ്റവും ഗുണംചെയ്യുന്നുവെന്ന്‌ സ്‌പെയിനിലെയും മറ്റിടങ്ങളിലെയും ജീവിതാനുഭവം എനിക്കു കാണിച്ചുതന്നു. യഹോവയുടെ വഴി എല്ലായ്‌പോഴും അത്യുത്തമമായതിനാൽ അതു നമ്മുടെ സന്തുഷ്ടിയിൽ കലാശിക്കുന്നു.”

നമുക്ക്‌ യഹോവയിൽ ആശ്രയം വെക്കാൻ കഴിയുമെന്ന്‌ ഒരു ക്രിസ്‌തീയ മൂപ്പനായ ആൻഡ്രേയാസും സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നു. പല യൂറോപ്യൻ നാടുകളിൽ സേവിച്ചിട്ടുള്ള അദ്ദേഹം പറയുന്നു: “വ്യത്യസ്‌തമായ മതവിശ്വാസം പുലർത്തിയിരുന്ന ജ്യേഷ്‌ഠൻ ചെറുപ്പത്തിൽ എന്റെമേൽ ശക്തമായ സ്വാധീനം ചെലുത്തുകയും നല്ല വരുമാനമുള്ള ഒരു തൊഴിൽ കണ്ടെത്താൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. സുരക്ഷിതത്വം പ്രദാനംചെയ്യുന്നതായി അനേകരും വീക്ഷിക്കുന്ന പെൻഷൻ പദ്ധതികളിൽ ആശ്രയിക്കാതെ ഞാൻ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തപ്പോൾ അദ്ദേഹം അങ്ങേയറ്റം നിരാശനായിത്തീർന്നു. മുഴുസമയ ശുശ്രൂഷക്കാലത്ത്‌ ഒരിക്കൽപ്പോലും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ എനിക്കു ബുദ്ധിമുട്ടുണ്ടായിട്ടില്ല. തന്നെയുമല്ല, മറ്റുള്ളവർക്കു സ്വപ്‌നം കാണാൻമാത്രം കഴിയുന്ന നിരവധി അനുഗ്രഹങ്ങൾ ആസ്വദിക്കാനും എനിക്കു കഴിഞ്ഞിരിക്കുന്നു.”

1993-ൽ ഫെലിക്‌സിന്‌ ജർമനിയിലെ സെൽറ്റെഴ്‌സിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ കെട്ടിടത്തിന്റെ വിപുലീകരണ വേലയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. പണി പൂർത്തിയായപ്പോൾ ബെഥേൽ കുടുംബത്തിലെ ഒരു സ്ഥിരം അംഗമാകാനുള്ള അവസരം അദ്ദേഹത്തിനു വെച്ചുനീട്ടി. എന്തായിരുന്നു ഫെലിക്‌സിന്റെ പ്രതികരണം? “ക്ഷണം സ്വീകരിച്ചപ്പോൾ എനിക്കു ചില സംശയങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പത്തു വർഷത്തോളമായി ഞാൻ ഇവിടെ സേവിക്കുകയാണ്‌. യഹോവ എന്റെ പ്രാർഥനകൾക്ക്‌ ഉത്തരമരുളിയെന്ന്‌ എനിക്കു ബോധ്യമുണ്ട്‌. എന്റെ കാര്യത്തിൽ ഏറ്റവും നല്ലത്‌ എന്താണെന്ന്‌ അവന്‌ അറിയാം. യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ടും എന്നെ വഴിനടത്താൻ അവനെ അനുവദിച്ചുകൊണ്ടും ഞാൻ എന്തു ചെയ്യാനാണ്‌ അവൻ ആഗ്രഹിക്കുന്നതെന്ന്‌ എനിക്കു കാണിച്ചുതരാനുള്ള അവസരം ഞാൻ അവനു നൽകുന്നു.”

മുമ്പു പരാമർശിച്ച സൂസന്ന ഒരു മുഴുസമയ ശുശ്രൂഷകയായി (പയനിയർ) സേവിക്കാൻ ആഗ്രഹിച്ചെങ്കിലും അതിനായി ഒരു അംശകാല ജോലി കണ്ടെത്തുക അവർക്ക്‌ എളുപ്പമായിരുന്നില്ല. ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം സൂസന്ന യഹോവയിൽ ആശ്രയം വെച്ചുകൊണ്ട്‌ നിർണായക നടപടി സ്വീകരിച്ചു. അവർ പറയുന്നു: “ഞാൻ സാധാരണ പയനിയറിങ്ങിനുള്ള അപേക്ഷ പൂരിപ്പിച്ചയച്ചു. ഏകദേശം ഒരു മാസത്തെ അത്യാവശ്യ ചെലവുകൾക്കുള്ള തുക ഞാൻ സ്വരുക്കൂട്ടിയിട്ടുണ്ടായിരുന്നു. എത്ര ശ്രദ്ധേയമായ ഒരു മാസമായിരുന്നു അതെന്നോ! ശുശ്രൂഷയിലൂടെ വളരെ സന്തോഷം ആസ്വദിക്കാൻ എനിക്കു കഴിഞ്ഞു. അതേസമയം ജോലിക്കുള്ള ഇന്റർവ്യൂകളിലെല്ലാം ഞാൻ പരാജയപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ യഹോവ അവന്റെ വാഗ്‌ദാനം നിറവേറ്റി. അവൻ എന്നെ കൈവിട്ടില്ല. ആ മാസത്തിന്റെ അവസാന ദിവസം എനിക്കൊരു ജോലി കിട്ടി. യഹോവയിൽ പൂർണമായും ആശ്രയിക്കാനാകുമെന്ന്‌ എനിക്കു ബോധ്യമായി! മുഴുസമയ ശുശ്രൂഷയിലെ ഈ ആദ്യാനുഭവം പ്രതിഫലദായകവും സന്തുഷ്ടവുമായ ഒരു ജീവിതം നയിക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.”

ദിവ്യ ബുദ്ധിയുപദേശം സ്വീകരിക്കുന്നത്‌ സന്തുഷ്ടിക്കു സംഭാവനചെയ്യുന്നു

ഗുരുതരമായ തെറ്റുകൾ ചെയ്‌ത വ്യക്തിയായിരുന്നു ദാവീദ്‌ രാജാവ്‌. ചില സമയങ്ങളിൽ അവനു തിരുത്തൽ ആവശ്യമായിരുന്നു. ബുദ്ധിയുപദേശവും പ്രബോധനവും സ്വീകരിക്കുന്നതിൽ ദാവീദിനുണ്ടായിരുന്നതുപോലുള്ള മനസ്സൊരുക്കം നമുക്കുണ്ടോ?

താൻ ഗുരുതരമായ ഒരു തെറ്റു ചെയ്‌തതായി ഫ്രാൻസിലുള്ള എയ്‌ഡ ഒരിക്കൽ തിരിച്ചറിഞ്ഞു. അതേക്കുറിച്ച്‌ അവൾ ഇങ്ങനെ പറഞ്ഞു: “യഹോവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച്‌ ആയിരുന്നു എന്റെ മുഴു ചിന്തയും. മറ്റൊന്നും എനിക്കു പ്രശ്‌നമായിരുന്നില്ല.” സഹായത്തിനായി അവൾ ക്രിസ്‌തീയ മൂപ്പന്മാരെ സമീപിച്ചു. 14 വർഷത്തിലധികം മുഴുസമയ ശുശ്രൂഷകയായി സേവിച്ച എയ്‌ഡ പറയുന്നു: “യഹോവ എന്റെ അപരാധം ക്ഷമിച്ചുവെന്നറിയുന്നത്‌ എത്ര ആശ്വാസദായകമാണ്‌!”

ദിവ്യ ബുദ്ധിയുപദേശം സ്വീകരിക്കുന്നത്‌ തെറ്റുകൾ ചെയ്യുന്നത്‌ ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നു. യൂഡിറ്റ്‌ വിശദീകരിക്കുന്നു: “എനിക്ക്‌ 20 വയസ്സുള്ളപ്പോൾ, എന്റെ പ്രിയം പിടിച്ചുപറ്റാൻ കിണഞ്ഞു പരിശ്രമിച്ച ജർമൻകാരനായ ഒരു സഹപ്രവർത്തകനുമായി ഞാൻ പ്രേമത്തിലായി. ആദരണീയനും നല്ലൊരു ഉദ്യോഗമുള്ളവനും ആയിരുന്ന അദ്ദേഹം പക്ഷേ വിവാഹിതനായിരുന്നു! യഹോവയുടെ നിയമങ്ങൾ അനുസരിക്കണമോ അതോ അവന്‌ അപ്പാടെ പുറംതിരിഞ്ഞുകളയണമോ​—⁠ഞാൻ രണ്ടിലൊന്നു തീരുമാനിക്കേണ്ടിയിരുന്നു. വൈകാതെ മാതാപിതാക്കളോടു കാര്യം തുറന്നുപറഞ്ഞു. യഹോവ എന്നിൽനിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നതെന്ന്‌ വ്യക്തമായ ഭാഷയിൽ ഡാഡി എന്നെ ഓർമിപ്പിച്ചു. ഞാൻ അറിയേണ്ട കാര്യങ്ങളെല്ലാം അദ്ദേഹം എന്നോടു തുറന്നുസംസാരിച്ചു. അപ്പോഴും ഞാൻ ഒഴികഴിവുകൾ തേടുകയായിരുന്നു. ദൈവിക നിയമങ്ങൾ എത്ര ജീവത്‌പ്രധാനമാണെന്നു വിശദീകരിച്ചുകൊണ്ട്‌ അമ്മ വൈകുന്നേരങ്ങളിൽ എന്നോടു സംസാരിച്ചു, ആഴ്‌ചകളോളം. സാവകാശം, പൂർണഹൃദയത്തോടെ യഹോവയോട്‌ അടുത്തുചെല്ലാൻ കഴിഞ്ഞതിൽ ഞാൻ എത്ര നന്ദിയുള്ളവളാണ്‌!” യഹോവയുടെ ശിക്ഷണം ലഭിക്കാനും അവനാൽ പഠിപ്പിക്കപ്പെടാനും ഇടയായത്‌ എനിക്ക്‌ ഏറെ സന്തോഷം കൈവരുത്തി. വർഷങ്ങളോളം, പ്രതിഫലദായകമായ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാനും യഹോവയെയും എന്നെയും ആത്മാർഥമായി സ്‌നേഹിക്കുന്ന ഒരു ക്രിസ്‌ത്യാനിയുടെ ഭാര്യയായിത്തീരാനും എനിക്കു കഴിഞ്ഞു.

നിശ്ചയമായും ഇത്തരം അനുഭവങ്ങൾ ദാവീദിന്റെ പിൻവരുന്ന വാക്കുകൾ സത്യമെന്നു തെളിയിക്കുന്നു: “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW]. യഹോവ അകൃത്യം കണക്കിടാതെ . . . ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].”​—⁠സങ്കീർത്തനം 32:1, 2.

മറ്റുള്ളവരോടുള്ള പരിഗണന സന്തുഷ്ടി കൈവരുത്തുന്നു

ദാവീദ്‌ ഇങ്ങനെ എഴുതി: “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW]; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും. അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും [“സന്തുഷ്ടനായിരിക്കും,” NW].” (സങ്കീർത്തനം 41:1, 2) തന്റെ ആത്മമിത്രമായ യോനാഥാന്റെ പുത്രനും മുടന്തനുമായ മെഫീബോശെത്തിനോട്‌ ദാവീദ്‌ പ്രകടിപ്പിച്ച സ്‌നേഹനിർഭരമായ പരിഗണന, ഒരു വ്യക്തിക്ക്‌ എളിയവരോടുണ്ടായിരിക്കേണ്ട ശരിയായ മനോഭാവത്തിനു നല്ലൊരു ഉദാഹരണമാണ്‌.​—⁠2 ശമൂവേൽ 9:1-13.

47 വർഷമായി മിഷനറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന മാർലിസിന്‌, ആഫ്രിക്കയിലെയും ഏഷ്യയിലെയും പൂർവയൂറോപ്പിലെയും അപകടമേഖലകളിൽനിന്നു പലായനം ചെയ്‌ത കൂട്ടങ്ങളോടു പ്രസംഗിക്കാൻ അവസരം ലഭിക്കുകയുണ്ടായി. അവർ ഇങ്ങനെ പറഞ്ഞു: അവർക്കു നൂറുകൂട്ടം പ്രശ്‌നങ്ങളുണ്ട്‌. പരദേശികളെപ്പോലെ വീക്ഷിച്ചുകൊണ്ട്‌ മറ്റുള്ളവർ തങ്ങളോടു വിവേചനയോടെ പെരുമാറുന്നതായി മിക്കപ്പോഴും അവർക്കു തോന്നുന്നു. അത്തരം ആളുകളെ സഹായിക്കുന്നത്‌ തികച്ചും സന്തോഷകരമാണ്‌.”

ഇപ്പോൾ 40-കളുടെ ആരംഭത്തിലുള്ള മറീന ഇങ്ങനെ എഴുതി: “ഏതു സമയത്തും സഹായത്തിനായി ഓടിയെത്തുന്ന കൂട്ടുകാർ ഉണ്ടായിരിക്കുന്നത്‌ എന്തൊരു ആശ്വാസമാണെന്ന്‌ ഏകാകിയായ എനിക്കു നന്നായി അറിയാം. ഫോൺ ചെയ്‌തുകൊണ്ടും കത്തുകളെഴുതിക്കൊണ്ടും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഇത്‌ എന്നെ പ്രചോദിപ്പിക്കുന്നു. അതിനായി പലരും എന്നോടു നന്ദി പറഞ്ഞിട്ടുണ്ട്‌. മറ്റുള്ളവരെ സഹായിക്കുന്നത്‌ എനിക്കു സന്തോഷം കൈവരുത്തുന്നു.”

20-കളുടെ മധ്യത്തിലുള്ള ഡിമിറ്റാ പറയുന്നു: “അമ്മ ഒറ്റയ്‌ക്കാണ്‌ എന്നെ വളർത്തിക്കൊണ്ടുവന്നത്‌. ചെറുപ്പത്തിൽ, എനിക്കു പരിശീലനം നൽകാൻ സഭാ പുസ്‌തകാധ്യയന മേൽവിചാരകൻ ഓരോ ആഴ്‌ചയിലും എന്നെ വയൽസേവനത്തിനു കൂട്ടിക്കൊണ്ടുപോകുമായിരുന്നു. എങ്ങനെയും എനിക്കു പ്രോത്സാഹനം പകരാൻ സ്ഥിരോത്സാഹം കാണിച്ച അദ്ദേഹത്തോടു ഞാൻ ഇന്നും കൃതജ്ഞതയുള്ളവനാണ്‌.” അന്നു ലഭിച്ച സഹായം നന്ദിയോടെ സ്‌മരിച്ചുകൊണ്ട്‌ അദ്ദേഹം ഇപ്പോൾ മറ്റുള്ളവരെ സഹായിക്കുന്നു. “മാസത്തിൽ ഒരിക്കലെങ്കിലും, ചെറുപ്പക്കാരിൽ ഒരാളെയും പ്രായംചെന്ന ഒരു വ്യക്തിയെയും എന്നോടൊപ്പം വയൽശുശ്രൂഷയ്‌ക്കു കൊണ്ടുപോകാൻ ഞാൻ ശ്രമിക്കുന്നു.”

സന്തുഷ്ടിക്കു നിദാനമായ മറ്റു കാര്യങ്ങളെക്കുറിച്ചും സങ്കീർത്തനപ്പുസ്‌തകം പറയുന്നു. ഉദാഹരണത്തിന്‌, സ്വന്തം പ്രാപ്‌തിയിൽ ആശ്രയിക്കുന്നതിനു പകരം യഹോവയുടെ ശക്തിയിൽ ആശ്രയിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അത്‌ ഇങ്ങനെ പറയുന്നു: “ബലം നിന്നിൽ [യഹോവയിൽ] ഉള്ള മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].”​—⁠സങ്കീർത്തനം 84:⁠5.

ഇക്കാര്യം നന്നായി മനസ്സിലാക്കിയ ഒരു വ്യക്തിയാണ്‌ കൊറിന. ശുശ്രൂഷകരുടെ ആവശ്യം അധികമുള്ള ഒരു രാജ്യത്തേക്കു താമസംമാറ്റിയ അവൾ പറയുന്നു: “പുതിയ ഭാഷ, പുതിയ സംസ്‌കാരം, പുതിയ ചിന്താരീതി​—⁠ഇതൊക്കെയായിരുന്നു എന്നെ ഇവിടെ വരവേറ്റത്‌. ഞാൻ മറ്റൊരു ഗ്രഹത്തിലാണെന്ന്‌ എനിക്കു തോന്നിപ്പോയി. അപരിചിതമായ ഒരു ചുറ്റുപാടിൽ പ്രസംഗിക്കുന്നതു സംബന്ധിച്ച ചിന്തപോലും എന്നിൽ പരിഭ്രമം ഉളവാക്കി. ഞാൻ യഹോവയുടെ സഹായത്തിനായി അപേക്ഷിച്ചു. ഒറ്റപ്പെട്ട ഈ പ്രദേശത്ത്‌ പകൽ മുഴുവനും പ്രവർത്തിക്കാൻ എനിക്കു കഴിഞ്ഞത്‌ അവന്റെ സഹായം ഒന്നുകൊണ്ടുമാത്രമായിരുന്നു. കാലക്രമത്തിൽ, ഇവിടത്തെ സേവനം എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. ഇപ്പോൾ എനിക്ക്‌ അനേകം ബൈബിളധ്യയനങ്ങളുണ്ട്‌. ഇവിടത്തെ സേവനവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഇന്നും എനിക്കു പ്രയോജനം ചെയ്യുന്നു. മറികടക്കാനാവാത്തതെന്നു തോന്നിയേക്കാവുന്ന പ്രതിബന്ധങ്ങൾപോലും യഹോവയുടെ ശക്തിയാൽ തരണംചെയ്യാനാകുമെന്നു ഞാൻ മനസ്സിലാക്കി.”

ദൈവവും അവന്റെ ജനവുമായി സൗഹൃദം നട്ടുവളർത്തുന്നതും അവനിൽ പൂർണമായി ആശ്രയിക്കുന്നതും ദിവ്യ ബുദ്ധിയുപദേശം സ്വീകരിക്കുന്നതും മറ്റുള്ളവരോടു പരിഗണന ഉള്ളവരായിരിക്കുന്നതുമെല്ലാം നമ്മെ തീർച്ചയായും സന്തുഷ്ടരാക്കുന്നു. യഹോവയുടെ വഴികളിൽ നടന്നുകൊണ്ടും അവന്റെ നിയമങ്ങൾ പാലിച്ചുകൊണ്ടും നമുക്കേവർക്കും അവന്റെ പ്രീതിവാത്സല്യം അനുഭവിക്കാനും അങ്ങനെ സന്തുഷ്ടരായി നിലകൊള്ളാനും കഴിയും.​—⁠സങ്കീർത്തനം 89:15; 106:3; 112:1; 128:1, 2.

[അടിക്കുറിപ്പ്‌]

^ ഖ. 5 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[12-ാം പേജിലെ ചിത്രം]

മാരിയാ

[13-ാം പേജിലെ ചിത്രം]

മാരി

[13-ാം പേജിലെ ചിത്രം]

സൂസന്നയും ആൻഡ്രേയാസും

[15-ാം പേജിലെ ചിത്രം]

കൊറിന

[15-ാം പേജിലെ ചിത്രം]

ഡിമിറ്റാ