“ഇതിൽപ്പരം എന്തുവേണം!”
“ഇതിൽപ്പരം എന്തുവേണം!”
സ്‌പെയിനിൽനിന്നുള്ള ഒരു ഹൈസ്‌കൂൾ അധ്യാപകൻ എഴുതി: “നൂറിലേറെ വർഷമായി യഹോവയുടെ സാക്ഷികൾ യഥാർഥ ഐക്യദാർഢ്യവും തികഞ്ഞ സത്യസന്ധതയും സർവോപരി അടിയുറച്ച വിശ്വാസവും പ്രകടമാക്കിയിരിക്കുന്നു.” ഒരു നിരീശ്വരവാദിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ അധ്യാപകൻ ഇങ്ങനെയൊരു പ്രസ്‌താവന നടത്തിയത് എന്തുകൊണ്ടായിരിക്കാം?
എല്ലാറ്റിന്റെയും തുടക്കം നവോമി എന്ന ഹൈസ്‌കൂൾ വിദ്യാർഥിനിയിൽനിന്നാണ്. യഹോവയുടെ സാക്ഷിയായ അവൾക്ക് തന്റെ വർഷാവസാന പരീക്ഷയിൽ ഒരു ഉപന്യാസം എഴുതാനുണ്ടായിരുന്നു. അവൾ തിരഞ്ഞെടുത്ത വിഷയമോ, “പർപ്പിൾ ട്രയാംഗിളും നാസി ഭരണവും” എന്നതും.
എന്തുകൊണ്ടാണ് അവൾ ആ വിഷയം തിരഞ്ഞെടുത്തത്? നവോമി വിശദീകരിക്കുന്നു: “എന്തായാലും ഒരു അധ്യാപകൻ എന്റെ ഉപന്യാസം പരിശോധിക്കും, അതുകൊണ്ട് ഈ അവസരം മുതലെടുത്ത് ഒരു സാക്ഷ്യം നൽകാമെന്നു ഞാൻ കരുതി. നാസി ജർമനിയിൽ യഹോവയുടെ സാക്ഷികൾ വിശ്വാസത്തിനുവേണ്ടി സ്വീകരിച്ച ഉറച്ചനിലപാട് വളരെ ഹൃദയസ്‌പർശിയായി എനിക്കു തോന്നിയിരുന്നു. മറ്റുള്ളവരുടെ കാര്യത്തിലും അത് അങ്ങനെതന്നെ ആയിരിക്കുമെന്നു ഞാൻ കരുതി.”
നവോമിയുടെ ഉപന്യാസം അവൾ വിചാരിച്ചതിലും വളരെയേറെപ്പേരുടെമേൽ പ്രഭാവം ചെലുത്തി. 2002 ഒക്ടോബർ 5-ന് അവളുടെ ഉപന്യാസം ഒരു ദേശീയ മത്സരത്തിൽ സമ്മാനാർഹമായി. ശാസ്‌ത്രവും മാനവികവിഷയങ്ങളും എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ഒരു മത്സരമായിരുന്നു അത്. 20 പ്രമുഖ സ്‌പാനീഷ് സർവകലാശാലകളിൽനിന്നുള്ള പ്രൊഫസർമാരുടെ ഒരു വിധിനിർണയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.
സ്‌പാനീഷ് വിദ്യാഭ്യാസ മന്ത്രിയായ പീലെർ ദെൽ കാസ്റ്റീയോ ആയിരുന്നു അവാർഡ് ദാന ചടങ്ങ് നിർവഹിച്ചത്. കിട്ടിയ അവസരം പാഴാക്കാതെ നവോമി അദ്ദേഹത്തിന് യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോകാസെറ്റിന്റെ ഒരു കോപ്പി നൽകി. മന്ത്രി ആ സമ്മാനം സസന്തോഷം സ്വീകരിച്ചു.
നവോമിയുടെ നാട്ടിലെ ഒരു പത്രം അവളുടെ നേട്ടത്തെ വാനോളം പുകഴ്‌ത്തി. ഒപ്പം ആ ഉപന്യാസത്തിലെ ഉള്ളടക്കവും പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതിനിടെ, അവളുടെ ഹെഡ്‌മാസ്റ്റർ ഉപന്യാസത്തിന്റെ ഒരു കോപ്പി ആവശ്യപ്പെട്ടു; സ്‌കൂളിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കാനിരുന്ന ഒരു പരിപാടിയിൽ ഉൾപ്പെടുത്തുന്നതിനായിരുന്നു അത്.
“സ്‌കൂൾ ജീവിതത്തിനു തിരശ്ശീല വീഴുന്ന ഈ ധന്യവേളയിൽ ഇതിൽപ്പരം എന്തുവേണം!” നവോമി പറയുന്നു. എന്റെ അധ്യാപകനായ ശ്രീ. ഹോർഹേ റ്റോമാസ് കാലോട്ട് എന്റെ ഉപന്യാസത്തിന് എഴുതിയ ആമുഖ പ്രസ്‌താവനകൂടി കണ്ടപ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു:
“‘ഞാനൊരു നിരീശ്വരവാദിയാണ്, എന്നിരുന്നാലും തന്റെ ആരാധകരിൽ നിഷ്‌കപടമായ “അയൽ സ്‌നേഹം” ജനിപ്പിക്കുന്ന ഈ പരമോന്നതന്റെ അസ്‌തിത്വം ഒരു കാരണവശാലും എനിക്കു നിഷേധിക്കാനാവില്ല.’”