വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ ഭാഗമായി ജനിച്ചവർ

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ ഭാഗമായി ജനിച്ചവർ

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ ഭാഗമായി ജനിച്ചവർ

“ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.”​—⁠ആവർത്തനപുസ്‌തകം 7:⁠6.

1, 2. യഹോവ തന്റെ ജനത്തിനുവേണ്ടി ശക്തമായ എന്തു നടപടികൾ സ്വീകരിച്ചു, ഇസ്രായേല്യർക്കും യഹോവയ്‌ക്കുമിടയിൽ എങ്ങനെയുള്ള ബന്ധം നിലവിൽവന്നു?

ഭൂമിയിലുള്ള തന്റെ ദാസന്മാരുമായി യഹോവ പൊതുയുഗത്തിനുമുമ്പ്‌ 1513-ൽ പുതിയ ഒരു ബന്ധം സ്ഥാപിച്ചു. ആ വർഷം അവൻ ഒരു ലോകശക്തിയെ തറപറ്റിച്ചുകൊണ്ട്‌ അവരുടെ അടിമത്തത്തിൽനിന്ന്‌ ഇസ്രായേല്യരെ മോചിപ്പിച്ചു. അങ്ങനെ അവൻ അവരുടെ രക്ഷകനും ഉടമയും ആയിത്തീർന്നു. തന്റെ ജനത്തെ മോചിപ്പിക്കുന്നതിനുമുമ്പ്‌ മോശെയോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും.”​—⁠പുറപ്പാടു 6:6, 7; 15:1-7, 11.

2 ഈജിപ്‌തിൽനിന്നു പുറപ്പെട്ട്‌ അധികം താമസിയാതെ ഇസ്രായേല്യർക്കും യഹോവയാം ദൈവത്തിനുമിടയിലുള്ള ഉടമ്പടിബന്ധം സ്ഥാപിതമായി. വ്യക്തികളോടും കുടുംബങ്ങളോടും ഗോത്രങ്ങളോടും ഇടപെടുന്നതിനു പകരം ഒരു സംഘടിത ജനതയോടായിരിക്കും ഇനിമുതൽ അവൻ ഇടപെടുക. (പുറപ്പാടു 19:5, 6; 24:​7, 8) സാമൂഹിക ജീവിതത്തോടും അതിലുപരിയായി ആരാധനയോടും ബന്ധപ്പെട്ട നിയമങ്ങൾ അവൻ തന്റെ ജനത്തിനു നൽകി. മോശെ അവരോടു പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്‌ഠജാതി ഏതുള്ളു? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്‌ഠജാതി ഏതുള്ളു?”​—⁠ആവർത്തനപുസ്‌തകം 4:7, 8.

സാക്ഷികളായ ഒരു ജനതയുടെ ഭാഗമായി ജനിച്ചവർ

3, 4. ഇസ്രായേല്യരെ ഒരു ജനതയെന്ന നിലയിൽ തുടരാൻ അനുവദിച്ചതിന്റെ ഒരു പ്രധാന കാരണം എന്തായിരുന്നു?

3 ഇസ്രായേല്യരെ ഒരു ജനതയെന്ന നിലയിൽ തുടരാൻ അനുവദിച്ചിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം ഓർമിപ്പിച്ചുകൊണ്ട്‌ പ്രവാചകനായ യെശയ്യാവിലൂടെ നൂറ്റാണ്ടുകൾക്കുശേഷം യഹോവ ഇങ്ങനെ പറഞ്ഞു: “യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ. നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; . . . ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക . . . നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു; . . . ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്‌തുതിയെ വിവരിക്കും.”​—⁠യെശയ്യാവു 43:1, 3, 6, 7, 10, 21.

4 യഹോവയുടെ നാമത്തിൽ അറിയപ്പെടുന്ന ജനമെന്ന നിലയിൽ ഇസ്രായേല്യർ ജനതകളുടെയിടയിൽ അവന്റെ പരമാധികാരത്തിനു സാക്ഷ്യംവഹിക്കണമായിരുന്നു. അവർ ‘തന്റെ മഹത്ത്വത്തിന്നായി സൃഷ്ടിക്കപ്പെട്ട’ ഒരു ജനമായിരിക്കാൻ യഹോവ പ്രതീക്ഷിച്ചു. തങ്ങളുടെ വിമോചനത്തിനായി യഹോവ ചെയ്‌ത മഹത്‌കൃത്യങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടും ‘അവന്റെ സ്‌തുതി വിവരിച്ചുകൊണ്ടും’ അവർ അവന്റെ വിശുദ്ധ നാമം മഹത്ത്വപ്പെടുത്തണമായിരുന്നു. ചുരുക്കത്തിൽ, യഹോവയ്‌ക്കു സാക്ഷികളായി സേവിക്കുന്ന ഒരു ജനതയായിരിക്കേണ്ടിയിരുന്നു അവർ.

5. ഏതർഥത്തിലാണ്‌ ഇസ്രായേൽ ഒരു സമർപ്പിത ജനതയായിരുന്നത്‌?

5 ഇസ്രായേലിനെ യഹോവ ഒരു പ്രത്യേക ജനതയായി വേർതിരിച്ചിരുന്നുവെന്ന്‌ പൊ.യു.മു. 11-ാം നൂറ്റാണ്ടിൽ യഹോവയോടുള്ള പ്രാർഥനയിൽ ശലോമോൻ രാജാവ്‌ സൂചിപ്പിക്കുകയുണ്ടായി: “ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.” (1 രാജാക്കന്മാർ 8:53) വ്യക്തികളെന്ന നിലയിലും ഇസ്രായേല്യർ യഹോവയുമായി ഒരു പ്രത്യേക ബന്ധം ആസ്വദിച്ചിരുന്നു. മുമ്പു മോശെ അവരോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; . . . നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ.” (ആവർത്തനപുസ്‌തകം 14:1, 2) ദൈവത്തിന്റെ സമർപ്പിത ജനത്തിന്റെ ഭാഗമായി ജനിച്ചിരുന്നതിനാൽ ഇസ്രായേല്യരുടെ മക്കൾക്ക്‌ തങ്ങളുടെ ജീവിതം ദൈവത്തിനു സമർപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. (സങ്കീർത്തനം 79:13; 95:7) ഓരോ തലമുറയെയും യഹോവയുടെ നിയമങ്ങൾ പഠിപ്പിച്ചിരുന്നു, ഇസ്രായേലിനെ അവനുമായി ബന്ധിപ്പിച്ചിരുന്ന ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ആ നിയമങ്ങൾ പാലിക്കാൻ അവർ കടപ്പെട്ടവരുമായിരുന്നു.​—⁠ആവർത്തനപുസ്‌തകം 11:18, 19.

തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നവർ

6. ഇസ്രായേലിലെ ഓരോരുത്തരും ഏതു തിരഞ്ഞെടുപ്പു നടത്തണമായിരുന്നു?

6 ഒരു സമർപ്പിത ജനതയുടെ ഭാഗമായിട്ടാണ്‌ ഇസ്രായേല്യർ ജനിച്ചിരുന്നതെങ്കിലും ദൈവത്തെ സേവിക്കണമോയെന്ന്‌ അവർ ഓരോരുത്തരും വ്യക്തിപരമായി തീരുമാനിക്കേണ്ടിയിരുന്നു. വാഗ്‌ദത്തദേശത്തു പ്രവേശിക്കുന്നതിനുമുമ്പായി മോശെ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്‌ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്‌ത ദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്‌നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.” (ആവർത്തനപുസ്‌തകം 30:19, 20) അതുകൊണ്ട്‌ യഹോവയെ സ്‌നേഹിക്കുകയും അവന്റെ വാക്കു കേട്ടനുസരിക്കുകയും അവനോടു ചേർന്നിരിക്കുകയും ചെയ്യണമോയെന്ന്‌ ഇസ്രായേലിലെ ഓരോ വ്യക്തിയും തീരുമാനിക്കേണ്ടിയിരുന്നു. ഇച്ഛാസ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാൽ തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ പരിണതഫലങ്ങൾക്ക്‌ അവർതന്നെ ഉത്തരവാദികൾ ആയിരിക്കുമായിരുന്നു.​—⁠ആവർത്തനപുസ്‌തകം 30:16-18.

7. യോശുവയുടെ തലമുറയ്‌ക്കുശേഷം എന്തു സംഭവിച്ചു?

7 വിശ്വസ്‌തതയുടെയും അവിശ്വസ്‌തതയുടെയും പരിണതഫലങ്ങൾ വ്യക്തമായി വരച്ചുകാട്ടുന്നതാണ്‌ ന്യായാധിപന്മാരുടെ കാലഘട്ടത്തിലെ സംഭവവികാസങ്ങൾ. ആ കാലയളവ്‌ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്‌ ഇസ്രായേല്യർ യോശുവയുടെ നല്ല മാതൃക പിന്തുടരുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്‌തിരുന്നു. “യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്‌ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.” എന്നാൽ യോശുവ മരിച്ചിട്ട്‌ കുറേക്കഴിഞ്ഞപ്പോഴേക്കും “യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്‌തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.” അവർ “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു.” (ന്യായാധിപന്മാർ 2:7, 10, 11) യഹോവയ്‌ക്കു സമർപ്പിക്കപ്പെട്ടിരുന്നതും കഴിഞ്ഞ കാലങ്ങളിൽ ശക്തമായ നടപടികളിലൂടെ അവൻ പിന്തുണച്ചിരുന്നതുമായ ഒരു ജനതയുടെ അംഗങ്ങളെന്ന നിലയിലുള്ള തങ്ങളുടെ സമ്പന്നമായ പൈതൃകം അനുഭവജ്ഞാനം ഇല്ലാത്ത ഇളമുറക്കാർ വേണ്ടവിധം വിലമതിച്ചില്ലെന്നതു വ്യക്തം.​—⁠സങ്കീർത്തനം 78:3-7, 10, 11.

സമർപ്പിത ജീവിതം അർഥമാക്കിയത്‌

8, 9. (എ) യഹോവയ്‌ക്കുള്ള സമർപ്പണത്തിനു ചേർച്ചയിലാണു ജീവിക്കുന്നതെന്നു പ്രകടിപ്പിക്കാൻ ഏതു ക്രമീകരണം ഇസ്രായേല്യർക്ക്‌ അവസരം നൽകി? (ബി) സ്വമേധാ യാഗങ്ങൾ അർപ്പിച്ചവർക്ക്‌ എന്തു പ്രതിഫലം ലഭിച്ചു?

8 സമർപ്പണത്തിനു ചേർച്ചയിലാണു തങ്ങൾ ജീവിക്കുന്നതെന്നു തെളിയിക്കാനുള്ള അവസരങ്ങൾ യഹോവ ഇസ്രായേല്യർക്കു നൽകി. ഉദാഹരണത്തിന്‌ ന്യായപ്രമാണത്തിലൂടെ അവൻ, നിർബന്ധമായി അർപ്പിക്കേണ്ടതും സ്വമേധയാ അർപ്പിക്കാവുന്നതുമായ ബലികളുടെ അഥവാ യാഗങ്ങളുടെ ഒരു വ്യവസ്ഥയ്‌ക്കു രൂപംകൊടുത്തു. (എബ്രായർ 8:3) ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളും സ്വമേധയാ അർപ്പിച്ചിരുന്നവയാണ്‌​—⁠യഹോവയുടെ പ്രീതി സമ്പാദിക്കുന്നതിനും അവനോടു നന്ദി പ്രകാശിപ്പിക്കുന്നതിനുമായി അർപ്പിക്കപ്പെട്ടിരുന്ന തിരുമുൽക്കാഴ്‌ചകളായിരുന്നു അവ. —ലേവ്യപുസ്‌തകം 7:11-13.

9 അത്തരം സ്വമേധാ യാഗങ്ങൾ യഹോവയ്‌ക്കു പ്രസാദകരമായിരുന്നു. ഹോമയാഗവും ഭോജനയാഗവും “യഹോവെക്കു സൌരഭ്യവാസന”യായിരുന്നുവെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. (ലേവ്യപുസ്‌തകം 1:9; 2:2) സമാധാനയാഗത്തിൽ, ബലിമൃഗത്തിന്റെ രക്തവും മേദസ്സും യഹോവയ്‌ക്ക്‌ അർപ്പിച്ചശേഷം പുരോഹിതന്മാരും യാഗം അർപ്പിക്കുന്ന വ്യക്തിയും അതിന്റെ മാംസം ഭക്ഷിച്ചിരുന്നു. അങ്ങനെ, യഹോവയുമായുള്ള സമാധാനബന്ധത്തെ അടയാളപ്പെടുത്തിയ ഒരു പ്രതീകാത്മക ഭക്ഷണവേളയായിരുന്നു അത്‌. “യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം” എന്ന്‌ ന്യായപ്രമാണം പ്രസ്‌താവിക്കുന്നു. (ലേവ്യപുസ്‌തകം 19:5) എല്ലാ ഇസ്രായേല്യരും ജന്മനാ യഹോവയ്‌ക്കു സമർപ്പിക്കപ്പെട്ടവർ ആയിരുന്നെങ്കിലും, സ്വമേധാ യാഗങ്ങൾ അർപ്പിച്ചുകൊണ്ട്‌ ആ സമർപ്പണത്തിന്റെ ആഴം പ്രകടമാക്കിയവർ യഹോവയുടെ ‘പ്രസാദത്തിനു’ പാത്രമാകുകയും സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്‌തു.—മലാഖി 3:10.

10. യെശയ്യാവിന്റെയും മലാഖിയുടെയും നാളിൽ യഹോവ തന്റെ അനിഷ്ടം പ്രകടമാക്കിയത്‌ എങ്ങനെ?

10 എന്നിരുന്നാലും സമർപ്പിത ജനതയായ ഇസ്രായേൽ കൂടെക്കൂടെ യഹോവയോട്‌ അവിശ്വസ്‌തത കാണിച്ചു. പ്രവാചകനായ യെശയ്യാവിലൂടെ അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തീട്ടില്ല.” (യെശയ്യാവു 43:23) സന്മനസ്സോടെയും സ്‌നേഹത്തോടെയും അർപ്പിച്ചിരുന്ന യാഗങ്ങൾക്കുമാത്രമേ യഹോവ വിലകൽപ്പിച്ചിരുന്നുള്ളൂ. ഉദാഹരണത്തിന്‌, യെശയ്യാവിന്റെ നാളുകൾക്ക്‌ മൂന്നു നൂറ്റാണ്ടുകൾക്കുശേഷം മലാഖി പ്രവാചകന്റെ കാലത്ത്‌ ഇസ്രായേല്യർ ഊനമുള്ള മൃഗങ്ങളെ ബലിയർപ്പിക്കുകയുണ്ടായി. അതുകൊണ്ട്‌ മലാഖി അവരോടു പറഞ്ഞു: “എനിക്കു നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യിൽനിന്നു ഞാൻ വഴിപാടു കൈക്കൊൾകയുമില്ല. . . . കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്‌ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.”​—⁠മലാഖി 1:10, 13; ആമോസ്‌ 5:⁠22.

സമർപ്പിത ജനതയെന്ന പദവി കൈവിട്ടുപോകുന്നു

11. ഇസ്രായേല്യർക്ക്‌ എന്തിനുള്ള അവസരം നൽകിയിരുന്നു?

11 സമർപ്പിത ജനതയായിത്തീർന്ന സന്ദർഭത്തിൽ ഇസ്രായേല്യർക്ക്‌ യഹോവ ഈ വാഗ്‌ദാനം നൽകിയിരുന്നു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്‌താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” (പുറപ്പാടു 19:5, 6) വാഗ്‌ദത്ത മിശിഹാ അവരിൽനിന്ന്‌ ഉത്ഭവിക്കുകയും ദൈവരാജ്യ ഗവണ്മെന്റിന്റെ അംഗങ്ങളാകാനുള്ള ആദ്യാവസരം അവർക്കു നൽകുകയും ചെയ്യുമായിരുന്നു. (ഉല്‌പത്തി 22:17, 18; 49:10; 2 ശമൂവേൽ 7:12, 16; ലൂക്കൊസ്‌ 1:31-33; റോമർ 9:4, 5) എന്നാൽ ബഹുഭൂരിപക്ഷം ഇസ്രായേല്യരും തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിച്ചില്ല. (മത്തായി 22:14) മിശിഹായെ തള്ളിക്കളഞ്ഞ അവർ ഒടുവിൽ അവനെ കൊന്നുകളഞ്ഞു.​—⁠പ്രവൃത്തികൾ 7:51-53.

12. സമർപ്പിത ജനതയെന്ന സ്ഥാനത്തുനിന്ന്‌ യഹോവ ഇസ്രായേല്യരെതള്ളിക്കളഞ്ഞുവെന്ന്‌ യേശുവിന്റെ ഏതു പ്രസ്‌താവനകൾ പ്രകടമാക്കുന്നു?

12 മരണത്തിന്‌ ഏതാനും ദിവസംമുമ്പ്‌ യേശു യഹൂദ മതനേതാക്കന്മാരോട്‌ ഇങ്ങനെ പറഞ്ഞു: ‘“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.’ (മത്തായി 21:42, 43) യഹോവയ്‌ക്കു സമർപ്പിക്കപ്പെട്ട ഒരു ജനതയെന്ന സ്ഥാനത്തുനിന്ന്‌ അവൻ അവരെ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നു പ്രകടമാക്കിക്കൊണ്ട്‌ യേശു പറഞ്ഞു: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്‌തീരും.”​—⁠മത്തായി 23:37, 38.

ഒരു പുതിയ സമർപ്പിത ജനത

13. യിരെമ്യാവിന്റെ നാളിൽ യഹോവ എന്തു മുൻകൂട്ടിപ്പറഞ്ഞു?

13 യിരെമ്യാ പ്രവാചകന്റെ കാലത്ത്‌ യഹോവ തന്റെ ജനത്തോടുള്ള ബന്ധത്തിൽ ഒരു പുതിയ കാര്യം മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്ന്‌ യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്‌ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്ന്‌ യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.”​—⁠യിരെമ്യാവു 31:31-33.

14. യഹോവയുടെ പുതിയ സമർപ്പിത ജനത എപ്പോൾ നിലവിൽവന്നു, എന്തിന്റെ അടിസ്ഥാനത്തിൽ, ഏതാണ്‌ ആ ജനത?

14 പൊതുയുഗം 33-ൽ യേശു മരിക്കുകയും തുടർന്ന്‌ തന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം യഹോവയ്‌ക്കു സമർപ്പിക്കുകയും ചെയ്‌തപ്പോൾ ആ പുതിയ നിയമത്തിന്‌ അല്ലെങ്കിൽ ഉടമ്പടിക്ക്‌ അടിസ്ഥാനം ഇടപ്പെട്ടു. (ലൂക്കൊസ്‌ 22:20; എബ്രായർ 9:15, 24-26) എന്നാൽ, പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവു ലഭിക്കുകയും പുതിയ ജനതയായ ‘ദൈവത്തിന്റെ ഇസ്രായേൽ’ രൂപംകൊള്ളുകയും ചെയ്‌തപ്പോഴാണ്‌ പ്രസ്‌തുത ഉടമ്പടി പ്രാബല്യത്തിൽവന്നത്‌. (ഗലാത്യർ 6:16; റോമർ 2:28, 29; 9:​6, 7; 11:25, 26) അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം.” (1 പത്രൊസ്‌ 2:9, 10) യഹോവയും ജഡിക ഇസ്രായേലും തമ്മിലുണ്ടായിരുന്ന പ്രത്യേക ബന്ധം അവസാനിച്ചിരുന്നു. പകരം പൊ.യു. 33-ൽ, മിശിഹൈക രാജ്യത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയെന്ന നിലയിൽ ക്രിസ്‌തീയ സഭയാകുന്ന ആത്മീയ ഇസ്രായേൽ അവന്റെ പ്രീതിക്കു പാത്രമായിത്തീർന്നു.​—⁠മത്തായി 21:43.

വ്യക്തിപരമായ സമർപ്പണം

15. ഏതു സ്‌നാപനം കൈക്കൊള്ളാനാണ്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ പത്രൊസ്‌ തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചത്‌?

15 പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനുശേഷം ദൈവജനത്തിന്റെ ഭാഗമായിത്തീരുന്ന ഓരോ അംഗവും​—⁠യഹൂദരും അല്ലാത്തവരും​—⁠വ്യക്തിപരമായി തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാപനമേൽക്കുകയും ചെയ്യണമായിരുന്നു. * (മത്തായി 28:19) പെന്തെക്കൊസ്‌തുനാളിൽ, ശരിയായ മനോനിലയുള്ള യഹൂദന്മാരോടും മതപരിവർത്തിതരോടും പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാനം ഏല്‌പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃത്തികൾ 2:38) അവരുടെ സ്‌നാപനം, ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചിരിക്കുന്നുവെന്നതിന്റെ മാത്രമല്ല, പാപങ്ങളുടെ മോചനത്തിന്‌ യഹോവ ചെയ്‌തിരിക്കുന്ന കരുതലെന്ന നിലയിൽ യേശുവിനെ അംഗീകരിക്കുന്നു എന്നതിന്റെയും പ്രകടനമായിരുന്നു. യഹോവയുടെ മഹാപുരോഹിതനായും ക്രിസ്‌തീയ സഭയുടെ ശിരസ്സെന്ന നിലയിൽ തങ്ങളുടെ നായകനായും അവർ അവനെ വീക്ഷിക്കേണ്ടിയിരുന്നു.​—⁠കൊലൊസ്സ്യർ 1:13, 14, 18.

16. പൗലൊസിന്റെ നാളിൽ ശരിയായ മനോനിലയുണ്ടായിരുന്ന യഹൂദരും യഹൂദേതരരും ആത്മീയ ഇസ്രായേലിന്റെ ഭാഗമായിത്തീർന്നത്‌ എങ്ങനെ?

16 വർഷങ്ങൾക്കുശേഷം പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ദമസ്‌കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു [ഞാൻ] പ്രസംഗിച്ചു.” (പ്രവൃത്തികൾ 26:20) യേശുവാണ്‌ മിശിഹായെന്ന്‌ യഹൂദരെയും യഹൂദേതരരെയും ബോധ്യപ്പെടുത്തിയശേഷം, സമർപ്പിച്ചു സ്‌നാപനമേൽക്കാൻ പൗലൊസ്‌ അവരെ സഹായിച്ചു. (പ്രവൃത്തികൾ 16:14, 15, 31-33; 17:3, 4; 18:8) ദൈവത്തിലേക്കു തിരിയുകവഴി ആ പുതിയ ശിഷ്യന്മാർ ആത്മീയ ഇസ്രായേലിന്റെ അംഗങ്ങളായിത്തീർന്നു.

17. ഏതു മുദ്രയിടൽ വേല അവസാനത്തോട്‌ അടുക്കുന്നു, മറ്റെന്തു പ്രവർത്തനം ദ്രുതഗതിയിൽ മുന്നേറുന്നു?

17 ആത്മീയ ഇസ്രായേലിൽ ശേഷിക്കുന്നവരുടെ അന്തിമ മുദ്രയിടീൽ അവസാനത്തോട്‌ അടുക്കുകയാണ്‌. അതു പൂർത്തിയായിക്കഴിയുമ്പോൾ, “മഹാകഷ്ട”ത്തിന്റെ കൊടുങ്കാറ്റുകൾ പിടിച്ചുനിറുത്തിയിരിക്കുന്ന ‘നാലു ദൂതന്മാർക്കും’ അത്‌ അഴിച്ചുവിടാൻ അനുമതി ലഭിക്കും. അതിനിടെ, ഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്ന “മഹാപുരുഷാര”ത്തിന്റെ കൂട്ടിച്ചേർക്കൽ ദ്രുതഗതിയിൽ മുന്നേറുകയാണ്‌. ഈ “വേറെ ആടുകൾ,” “കുഞ്ഞാടിന്റെ രക്തത്തിൽ” വിശ്വാസം പ്രകടമാക്കുകയും ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച്‌ അതിന്റെ അടയാളമായി സ്‌നാപനമേൽക്കുകയും ചെയ്യുന്നു. (വെളിപ്പാടു 7:1-4, 9-15; 22:17; യോഹന്നാൻ 10:16; മത്തായി 28:19, 20) അവരുടെയിടയിൽ, ക്രിസ്‌തീയ മാതാപിതാക്കളാൽ വളർത്തപ്പെടുന്ന അനേകം ചെറുപ്പക്കാരുണ്ട്‌. അങ്ങനെയുള്ള എല്ലാവർക്കും അടുത്ത ലേഖനം വിശേഷാൽ താത്‌പര്യജനകമായിരിക്കും.

[അടിക്കുറിപ്പ്‌]

പുനരവലോകനം

• ഇസ്രായേലിലെ ഇളമുറക്കാർ യഹോവയ്‌ക്കു വ്യക്തിപരമായ സമർപ്പണം നടത്തേണ്ടതിന്റെ ആവശ്യം ഇല്ലാതിരുന്നത്‌ എന്തുകൊണ്ട്‌?

• സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നുവെന്ന്‌ ഇസ്രായേല്യർക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയുമായിരുന്നു?

• സമർപ്പിത ജനതയെന്ന സ്ഥാനത്തുനിന്ന്‌ ഇസ്രായേലിനെ യഹോവ തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ട്‌, അതിനു പകരം എന്തു നിലവിൽവന്നു?

• പൊ.യു. 33-ലെ പെന്തെക്കൊസ്‌തുമുതൽ, ആത്മീയ ഇസ്രായേലിന്റെ ഭാഗമായിത്തീരാൻ യഹൂദരും യഹൂദേതരരും എന്തു ചെയ്യണമായിരുന്നു?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ അംഗങ്ങളായി ജനിച്ചവരായിരുന്നു ഇസ്രായേലിലെ കുട്ടികൾ

[23-ാം പേജിലെ ചിത്രം]

ദൈവത്തെ സേവിക്കണമോയെന്ന്‌ ഓരോ ഇസ്രായേല്യനും വ്യക്തിപരമായി തീരുമാനിക്കേണ്ടിയിരുന്നു

[23-ാം പേജിലെ ചിത്രം]

സ്വമേധാ യാഗങ്ങൾ യഹോവയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ ഇസ്രായേല്യർക്ക്‌ അവസരം പ്രദാനംചെയ്‌തു

[25-ാം പേജിലെ ചിത്രം]

പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനുശേഷം, ക്രിസ്‌ത്യാനികൾ തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിച്ചു സ്‌നാപനമേൽക്കേണ്ടിയിരുന്നു